കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി. രാജ്യത്തെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയനാണ് കര്‍ദിനാളെന്ന് പറഞ്ഞ കോടതി കര്‍ദിനാള്‍ രാജാവല്ലെന്നും വ്യക്തമാക്കി. രൂപതയ്ക്ക് വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധി മാത്രമാണ് കര്‍ദിനാള്‍. സ്വത്തുക്കള്‍ രൂപതയുടേതാണ്. കര്‍ദിനാളിന്റെയോ വൈദികരുടേയോ അല്ല. സഭയുടെ സര്‍വ്വാധിപനാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന എന്ന വാദം അംഗീകരിക്കാനാകില്ല.
കാനോന്‍ നിയമത്തില്‍ പോലും കര്‍ദിനാള്‍ സര്‍വാധികാരിയല്ല. കര്‍ദിനാള്‍ പരമാധികാരിയാണെങ്കില്‍ കൂടിയാലോചന വേണ്ടല്ലോ. മറ്റ് സമിതികളുമായി കൂടിയാലോചന നടത്തിയെന്ന് ബോധിപ്പിച്ചിട്ടുണ്ട്. സ്വന്തം താത്പര്യപ്രകാരം സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ കര്‍ദിനാളിന് കഴിയില്ല. നിയമം എല്ലാവര്‍ക്കും മുകളിലാണ്, അതിന് മുന്നില്‍ എല്ലാവരും തുല്യരാണ്. സഭയുടെ സ്വത്തുക്കളുടെ വെറും കൈകാര്യക്കാര്‍ മാത്രമാണ് വൈദികരും കര്‍ദിനാളുമൊക്കെ.
പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ല. സ്വത്തുക്കള്‍ വിറ്റഴിക്കാന്‍ കൂരിയയുടെ അനുമതി വേണം. രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ കാനോന്‍ നിയമത്തിന് പ്രസക്തിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഭൂമിയിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ ഈ പരാമര്‍ശങ്ങള്‍. ഹര്‍ജിയില്‍ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും.
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി സന്ദേശം. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഫോണിലേക്കാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന കോള്‍ വന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മെബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോള്‍ വിളിച്ചയാള തിരിച്ചറിഞ്ഞിട്ടുണ്ട്.
ഭീഷണി കോള്‍ ചെയ്ത കണ്ണൂര്‍ പഴയങ്ങാടി സ്വദേശി വിജേഷ് കുമാറിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യുമെന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് അറിയിച്ചു. ഇയാള്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഭീഷണി സന്ദേശം ലഭിച്ചയുടന്‍ പി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനെയും അറിയിച്ചിരുന്നു. ഈ സമയം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രിയുടെ സുരക്ഷ പോലീസ് ശക്തമാക്കിയിട്ടുണ്ട്.
കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതി വിജേഷ് കുമാര്‍ എത്രയും പെട്ടന്ന് അറസ്റ്റിലായേക്കുമെന്ന് സൂചനകള്‍. വിജേഷ് കുമാറിനെ അന്വേഷിച്ച് ഇന്നലെ പോലീസ് ഇയാളുടെ വസതിയിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
തിരുവനന്തപുരം: കേരളം ചുട്ടു പൊള്ളുന്ന. സമീപകാലത്തെ ഏറ്റവും കൂടിയ താപനിലയാണ് വേനലിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല പ്രദേശങ്ങളിലും 40 ഡിഗ്രിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന താപനില. വര്‍ദ്ധിക്കുന്ന താപനില കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ സൂര്യതാപമേല്‍ക്കാനുള്ള സാധ്യതകളേറെയാണ്. പകല്‍ സമയങ്ങളില്‍ പുറം ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കേരളത്തിലെ താപനിലയേക്കാളും 2ഡിഗ്രി വരെ കൂടുതല്‍ ചൂട് ഇക്കുറിയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ ഉഷ്ണ തരംഗത്തിനും സംസ്ഥാനം സാക്ഷ്യം വഹിച്ചേക്കാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വടക്കന്‍ ജില്ലകളിലും പ്രധാന നഗരങ്ങളിലും കൂടിയ താപനിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉഷ്ണ തരംഗം ഉണ്ടാകുന്നതു വഴി സൂര്യതാപമേല്‍ക്കാനും ജീവഹാനി വരെ സംഭവിക്കാനും സാധ്യതകളുണ്ട്.
അതേസമയം ഇത്തവണ ശക്തമായ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത തെക്കന്‍ ജില്ലകളിലാണ്. കഴിഞ്ഞ തവണത്തെ മഴയെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളില്‍ കുറഞ്ഞ അളവില്‍ മഴ ലഭിക്കാനാണ് സാധ്യത. കനത്ത വേനല്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം ഉണ്ടാകും. ഉള്‍പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികള്‍ വഴി വെള്ളമെത്തിക്കാനുള്ള ശ്രമങ്ങള്‍ പ്രദേശിക ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൂണ്ടയില്‍ കുടുങ്ങിയ മീനിനെ പിടിക്കാന്‍ നദിയിലേയ്ക്കു ചാടിയ പ്രവാസി യുവാവ് മരിച്ചു. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷംവീട് കോളനിയില്‍ പ്രജീഷ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയ്ക്ക് നീരേറ്റുപുറം പമ്പ ബോട്ട് റെയ്‌സ് സ്റ്റേഡിയത്തിനു സമീപം വരമ്പിനകത്തുമാലി തുരുത്തേല്‍ കടവിലായിരുന്നു സംഭവം. ചൂണ്ടിയില്‍ കുരുങ്ങി വലിച്ചുകൊണ്ടുപോയ മീനിന്റെ പുറകേ പ്രജീഷും ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
മീനിനൊപ്പം എതിര്‍ക്കര വരെ പ്രജീഷ് നീന്തി എന്നു ദൃക്സാക്ഷികള്‍ പറയുന്നു. കരയ്ക്ക് ഒന്നര കീലോമീറ്റര്‍ മുന്നില്‍ എത്തിയപ്പോള്‍ കിതച്ചു കിതച്ച് ഈ യുവാവ് വെള്ളത്തില്‍ താഴുകയായിരുന്നു. അന്ധിശമനസേന തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നു പ്രദേശവാസികള്‍ മുങ്ങിത്തപ്പിയപ്പോള്‍ ആദ്യം ചൂണ്ടയില്‍ കുടുങ്ങിയ മീനിനെ കണ്ടെടുക്കുകയായിരുന്നു. 13 കിലോ ഉള്ള കട്ട് ല ചൂണ്ടയില്‍ കുരുങ്ങിയത്. സമീപത്തു നിന്നും പ്രജീഷിന്റെ മൃതദേഹവും കണ്ടെത്തി.
ദുബായില്‍ ജോലിയുള്ള പ്രജീഷ് മൂന്നാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. പനച്ചുമൂടു പെരുമറ്റത്തെ ലക്ഷംവീടു കോളനിയില്‍ പ്രസന്നന്റെയും ജിജിയുടെയും മകനാണ്. സഹോദരന്‍ പ്രജിത്.
കൊല്ലപ്പെട്ട സേവ്യര്‍ തേലക്കാട്ട് അച്ചന്റെ അമ്മയും കുടുബാംഗങ്ങളും കപ്യാര്‍ ജോണിയുടെ വീട്ടില്‍ എത്തി ജോണിയുടെ ഭാര്യയെയും മക്കളെയും സന്ദര്‍ശിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ എത്തിയ വൈകിട്ട് അച്ചന്റെ അമ്മ ത്രേസ്യാമ്മയും കുടുബാംഗങ്ങളും ജോണിയുടെ വീട്ടില്‍ എത്തിയ പാടെ ജോണിയുടെ ഭാര്യ ആനിയും രണ്ടു മക്കളും ആ അമ്മയുടെ കാലില്‍ വീണു. പിന്നെ ഒരു കൂട്ടകരച്ചില്‍ ആയിരുന്നു. ആനിയെ എഴുന്നേല്‍പ്പിച്ച ത്രേസ്യാമ്മ എല്ലാം ദൈവത്തിനായി സമര്‍പ്പിക്കുന്നുവെന്നും, ജോണിയോട് ‘ദൈവത്തോടൊപ്പം ഞാനും ക്ഷമിച്ചിരിക്കുന്നു’ എന്നും നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. ശേഷം ത്രേസ്യാമ്മ ആനിയുടെ നെറുകയിൽ ചുംബിച്ചു. ജോണി ജയില്‍ മോചിതനാകുമ്പോള്‍ വീണ്ടും കാണാം എന്ന് പറഞ്ഞാണ് അച്ചന്റെ അമ്മയും കുടുംബവും മടങ്ങിയത്. 
മലയാറ്റൂര്‍ കുരിശുമുടിയില്‍ ജോണിയുടെ കുത്തേറ്റു മരിച്ച ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ സംസ്‌കാരം ശനിയാഴ്ചയാണ് നടന്നത്. കൊല ചെയ്യപ്പെട്ട മകന്റെ മൃതസംസ്‌കാരം നടന്നതിന്റെ പിറ്റേ ദിവസം തന്നെ കൊലപ്പെടുത്തിയ ആളിന്റെ വീട്ടില്‍ എത്തിയ ഈ അമ്മ, കര്‍ത്താവിന്റെ അമ്മ പരി. മറിയത്തിന്റെ പുനരവതാരമായിത്തീരുകയായിരുന്നു. ചങ്ക് തകര്‍ന്നിരിക്കുന്ന ഈ സമയത്തും അതിനു കാരണക്കാരായ ആളുടെ കുടുംബത്തുവന്നു അവരെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞ ഈ അമ്മ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ യഥാര്‍ത്ഥ മാതൃകയാണ് കണ്ണ് നിറയുന്ന രംഗങ്ങളിലൂടെ ആധുനികലോകത്തിനു പകരുന്നത്. ആ അമ്മ അവരോട് ക്ഷമിച്ചിരിക്കുന്നു. വലിയ മാനസിക വിഷമത്തില്‍ കഴിഞ്ഞ കുടുബങ്ങള്‍… അവര്‍ ദൈവസ്‌നേഹത്താല്‍ നിറഞ്ഞു. ക്രിസ്തീയ സ്‌നേഹത്തിന്റെ വിജയമാണിത്. യേശുവിന്റെ യഥാര്‍ത്ഥ ശിഷ്യയുടെ മാതൃക കാട്ടിയ ഈ അമ്മ ക്രിസ്ത്യാനികളായ എല്ലാവര്‍ക്കും അഭിമാനവും പ്രചോദനവും ആയിത്തീര്‍ന്നിരിക്കുന്നു. കപ്യാർ ജോണിയുടെ ഭാര്യ കാല് പിടിച്ച് പറഞ്ഞതുപോലെ മലയാറ്റൂർകാർ അമ്മയോട് യാചിക്കുന്നു – ഞങ്ങളുടെ നാട്ടിനെ ശപിക്കരുത് – മാപ്പാക്കണം.
സംസ്‌കാര ശുശ്രൂഷകളുടെ ഭാഗമായുള്ള സമൂഹബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഏറെ ദുഃഖത്തോടെ നടത്തിയ അനുശോചന പ്രസംഗത്തില്‍ ‘നാം ഒരിയ്ക്കലും മരണത്തിന് കാരണക്കാരനായ സഹോദരനോട് വിദ്വേഷത്തിന്റെയോ പ്രതികാരത്തിന്റെയോ മനോഭാവം പുലര്‍ത്തരുത് എന്നും, ആ സഹോദരനോട് സഭയും താനും സഹമെത്രാന്മാരും ക്ഷമിച്ചിരിക്കുന്നു എന്നും’ പറഞ്ഞിരുന്നു. മലയാറ്റൂര്‍ പള്ളി വികാരി റവ.ഡോ. ജോണ്‍ തേയ്ക്കാനത്ത്, ഫാ. സേവ്യര്‍ തേലക്കാറ്റിന്റെ സഹോദരന്‍ സെബാസ്റ്റ്യന്‍ പോള്‍, സഹോദരി മോളി ബാബു, തലശേരി രൂപതയിലെ ഉരുപ്പുംകുറ്റി ഇടവക വികാരിയും ബന്ധുവുമായ ഫാ.ബിജു തേലക്കാട്ട്, അടുത്ത ബന്ധുക്കള്‍ എന്നിവരോടൊപ്പമാണു ത്രേസ്യാമ്മ ജോണിയുടെ വീട്ടിലെത്തിയത്. കുറവുകളെ നിറവുകളാക്കുന്ന അനശ്വരനായ നല്ല ദൈവം സേവ്യര്‍ തേലക്കാട്ട് അച്ചന്റേയും ജോണിയുടെയും കുടുംബങ്ങളെ കാത്തുസംരക്ഷിക്കട്ടെയെന്നു നമുക്കു പ്രത്യാശിക്കാം. എറണാകുളംഅങ്കമാലി അതിരൂപതയിലെ പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ ഇടവകാംഗമാണു ഫാ. സേവ്യര്‍ തേലക്കാട്ട്. 1966 ഒക്ടോബര്‍ 12നാണു ജനനം. സഹോദരങ്ങള്‍: മോളി, ലിസി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെല്‍ന.
1993 ഡിസംബര്‍ 27നു ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. അങ്കമാലി, എറണാകുളം ബസിലിക്ക പള്ളികളില്‍ സഹവികാരി, തുണ്ടത്തുകടവ്, വരാപ്പുഴ, നായത്തോട്, ഉല്ലല, പഴങ്ങനാട് പള്ളികളില്‍ വികാരി, സിഎല്‍സി അതിരൂപത പ്രമോട്ടര്‍, പിഡിഡിപി വൈസ് ചെയര്‍മാന്‍, എറണാകുളം അമൂല്യ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഐടിസി ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2011 മുതല്‍ കുരിശുമുടി റെക്ടറാണ്. 2016ല്‍ എറണാകുളം ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി ബിരുദം നേടിയിട്ടുണ്ട്. 



തിരുവനന്തപുരം ആറ്റിങ്ങലിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യക്ക് പിന്നില്‍ അധ്യാപികയുടെയും സഹപാഠികളുടെയും മാനസിക പീഡനമെന്ന് ആരോപണം. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചതിനാല്‍ ജീവനൊടുക്കുന്നൂവെന്ന് എഴുതിയ ആത്മഹത്യാ കുറുപ്പ് പൊലീസ് കണ്ടെടുത്തു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വര്‍ക്കല എസ്. എന്‍ നഴ്സിങ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയും ആറ്റിങ്ങല്‍ കാട്ടുചന്തവിഷ്ണു ഭവനില്‍ പരേതനായ മുരളീധരന്‍റെയും അഘിലകുമാരിയുടെയും മകളുമായ ശിവപ്രിയയെയാണ് അടുക്കളയില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവപ്രിയയുടേതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പില്‍ ജീവനൊടുക്കാന്‍ കാരണമായി പറയുന്നത് അധ്യാപികയുടെയും ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെയും മാനസിക പീഡനമാണ്. വാലന്റൈന്‍സ് ദിനത്തില്‍ ശിവപ്രിയയും കൂട്ടുകാരികളും ചേര്‍ന്ന് റാഗ് ചെയ്തെന്ന് ആരോപിച്ച് ഏതാനും വിദ്യാര്‍ഥികള്‍ കോളജില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ അധ്യാപകര്‍ മെമ്മോ നല്‍കുകയും ചെയ്തു. ചെയ്യാത്തകുറ്റത്തിന് മനപ്പൂര്‍വം ശിക്ഷിച്ചതിനാല്‍ ആത്മഹത്യ ചെയ്യുന്നൂവെന്നാണ് കത്തില്‍ പറയുന്നത്.
ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്ത ശേഷം അമ്മയും സഹോദരനും തിരികെയെത്തിയപ്പോളാണ് ശിവപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാനസിക പീഡനമെന്ന ആരോപണം സ്ഥിരീകരിക്കാനായി അധ്യാപകരടക്കം കൂടുതല്‍പേരുടെ മൊഴിയെടുക്കാന്‍ ആറ്റിങ്ങല്‍ പൊലീസ് തീരുമാനിച്ചു.
ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ ബിജെപി സംസ്ഥാന കമ്മറ്റി പിരിച്ചുവിടുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ദേശീയ നേതൃത്വത്തിന്റെ പുതിയ നിലപാട് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. നിലവില്‍ ചെങ്ങന്നൂരില്‍ ബിജെപിക്ക് അമിത പ്രതീക്ഷയ്ക്ക് വകയുള്ള മണ്ഡലമല്ല. എന്നാല്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മുന്നേറ്റം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു.
അതേസമയം ചെങ്ങന്നൂരില്‍ അതീവ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാന കമ്മറ്റിയില്‍ നിലവില്‍ തുടരുന്ന എല്ലാ നേതാക്കളെയും തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്ന് അമിത് ഷാ മുന്നറിയിപ്പ് നല്‍കുന്നു. അവസാനം കഴിഞ്ഞ ബിജെപി കമ്മറ്റി യോഗത്തില്‍ അമിത് ഷായുടെ ഭീഷണി വലിയ ചര്‍ച്ചയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വം പ്രതികരിച്ചിട്ടില്ല.
പി ശ്രീധരന്‍ പിള്ളയാണ് ചെങ്ങന്നൂരില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി. നേരത്തെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെചൊല്ലി തര്‍ക്കം നിലനിന്നിരുന്നെങ്കിലും അവസാന നറുക്ക് പി ശ്രീധരന്‍ പിള്ളയ്ക്ക് ലഭിക്കുകയായിരുന്നു. തോറ്റാല്‍ കേരളത്തില്‍ കേന്ദ്ര നേതാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് തീരൂമാനം.
രാമപുരം മാനത്തൂരില്‍ വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിവന്ന സംഘത്തെ പോലീസ് പിടികൂടി. അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരന്‍ ഈരാറ്റുപേട്ട സ്വദേശി ആസിഫ് ഹാഷിം(47), ഇടപാടുകാരായ കോഴിക്കോട് സ്വദേശി മിഥുന്‍ കൃഷ്ണന്‍(30), കാഞ്ഞിരപ്പള്ളി സ്വദേശി റിജോ(29), ബംഗളൂരു സ്വദേശിനികളായ ശ്വേതാ ശിവാനന്ദ്(38), ഫര്‍സാനവ ഷേയ്ഖ്(35) എന്നിവരാണ് പിടിയിലായത്.
മാനത്തൂരില്‍ ഇരുനില വീട് വാടകയ്ക്ക് എടുത്ത് ഒരു മാസമായി ഇവര്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു. ബംഗളൂരുവില്‍ നിന്നും യുവതികളെ എത്തിച്ച് ഏജന്റുമാര്‍ മുഖേന ആവശ്യക്കാരെ കണ്ടെത്തിയാണ് ഇവര്‍ കേന്ദ്രം നടത്തിയിരുന്നത്.
കേന്ദ്രത്തില്‍ രഹസ്യ ക്യാമറകള്‍ വെച്ച് ഇടപാടുകാരുടെ രംഗങ്ങള്‍ ചിത്രീകരിച്ച് സിഡിയിലാക്കി ആസിഫ് ഹാഷിം വില്‍പ്പന നടത്തി വരുന്നതായും വിവരമുണ്ട്. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. നേരത്തെ എറണാകുളത്ത് നിന്നും ആസിഫ് ഹാഷിം പെണ്‍വാണിഭകേസില്‍ അറസ്റ്റിലായിട്ടുണ്ട്.
മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍
കേരള രാഷ്ട്രീയം തിളച്ചുമറിയുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളും കെ എം മാണിയുടെ ഇടതുമുന്നണി പ്രവേശനവുമാണ് ഇതിന് പ്രധാന കാരണങ്ങള്‍. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പുകള്‍ ശ്രദ്ധേയമായത്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിന്ന ഉപ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും ഒരു സീറ്റ് ലഭിച്ചിരുന്നു. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഈ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന രാഷ്ട്രീയത്തിന്റെ മൊത്തം ശ്രദ്ധ കേരളാകോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ മുത്തോലി പഞ്ചായത്തിലെ മത്സരത്തിലേയ്ക്കായിരുന്നു. കെ എം മാണിയുടെ നിയോജക മണ്ഡലത്തില്‍പെട്ട മുത്തോലി പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. ഇടതുമുന്നണിയിലേക്ക് ചേക്കാറാനുള്ള കെ എം മാണിയുടെ തീരുമാനത്തില്‍ അസംതൃപ്തരായ അണികള്‍ മാറിചിന്തിച്ചതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
യുഡിഎഫ് മുന്നണിയില്‍ നില്‍ക്കുമ്പോഴും കേരളാകോണ്‍ഗ്രസ് പാലായില്‍ എന്നും ഒറ്റയാന്‍ പോരാട്ടമായിരുന്നു നടത്തിയിരുന്നത്. കോണ്‍ഗ്രസുകാരുടെ പ്രത്യേകിച്ച് ഐ വിഭാഗത്തിന്റെ വോട്ട് കേരളാ കോണ്‍ഗ്രസ് മുന്നണിക്ക് ലഭിക്കാറില്ലായിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പായാലും നിയമസഭാ തെരഞ്ഞെടുപ്പായാലും സാഹചര്യങ്ങളില്‍ വ്യത്യാസമില്ലായിരുന്നു. കെ എം മാണി തന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ എം എം ജേക്കബിനെ പാലായില്‍ തോല്‍പിച്ചപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് കോണ്‍ഗ്രസുമായിട്ടുള്ള ഈ ശീതയുദ്ധം. ഈ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് കെ എം മാണിയും കേരളാ കോണ്‍ഗ്രസും എന്നും പാലായിലും പരിസര പ്രദേശത്തും വെന്നിക്കൊടി പാറിച്ചിരുന്നത്. ഇതിനുമുമ്പ് കേരളാകോണ്‍ഗ്രസ് ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് ജയിച്ച സ്ഥലത്താണ് ഇപ്പോള്‍ കനത്ത തിരിച്ചടി ലഭിച്ചത്. ഇതാണ് കെ എം മാണിയെയും കേരളാ കോണ്‍ഗ്രസിനെയും ഇരുത്തി ചിന്തിപ്പിക്കുന്നത്.
പാലായിലെ മുത്തോലി പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 117 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജിസ്‌മോള്‍ ജോര്‍ജ് പരാജയപ്പെടുത്തിയത്. ജിസ്‌മോള്‍ 399 വോട്ടുകള്‍ നേടിയപ്പോള്‍ കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 282 വോട്ടുകള്‍ മാത്രമാണ്. മൂന്നാംസ്ഥാനത്ത് എത്തിയ ബിജെപി 40 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിക്കു പിന്നില്‍ 33 വോട്ടുകള്‍ മാത്രമാണ് സിപിഎം സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഈ വോട്ടിങ്ങ് നിലയില്‍ നിന്ന് വ്യക്തമാകുന്നത് ഇടതുപക്ഷത്തിന്റെ വോട്ട് മാണി വിഭാഗത്തിന് അനുകൂലമായി മറിഞ്ഞതാണ്. എന്നിട്ടും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതാണ് പാര്‍ട്ടി കേന്ദ്രങ്ങളെ അമ്പരിപ്പിച്ചത്. ഇതില്‍ നിന്ന് വ്യക്തമാകുന്നത് പരമ്പരാഗതമായി കേരളാ കോണ്‍ഗ്രസിനൊപ്പം നിന്ന ഒരു വിഭാഗം മാറി ചിന്തിക്കുന്നുണ്ടെന്നാണ്. എന്തായാലും കേരള രാഷ്ട്രീയത്തിലെ പല നിര്‍ണായ തീരുമാനങ്ങളിലും മുത്തോലി പഞ്ചായത്തിലെ ഇലക്ഷന്‍ ഫലം സ്വാധീനം ചെലുത്തും. ഈ തോൽവിയിൽ ജനാതിപത്യ കേരള കോൺഗ്രസ്സിനുള്ള സ്വാധീനം ഉണ്ടോ എന്നുള്ള സംശയങ്ങൾ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
പ്രണവ് രാജ്
ആലപ്പുഴ : ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയത്തെ അഗീകരിക്കാന്‍ മടികാട്ടിയിരുന്ന കേരള ജനത മാറി തുടങ്ങിയിരിക്കുന്നു എന്നതിന്റെ ലക്ഷണങ്ങളാണ് ഇന്നലെ ചെങ്ങന്നൂരില്‍ നടന്ന ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ സജീവ പ്രവര്‍ത്തകരുടെ സമ്മേളനം വ്യക്തമാക്കുന്നത് . യാതൊരു നാണക്കേടും കൂടാതെ ആം ആദ്മി പാര്‍ട്ടിയുടെ വെള്ളനിറമുള്ള തൊപ്പിയും അണിഞ്ഞ് , കൊടികളുമേന്തി , അഭിമാനപൂര്‍വം കെജരിവാളിന് സിന്ദാബാദും വിളിച്ചുകൊണ്ട് തികഞ്ഞ അച്ചടക്കത്തോടെ ആയിരങ്ങളാണ് രാത്രി വൈകുവോളം നടന്ന ഈ സമ്മേളനത്തില്‍ അണിനിരന്നത് . മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡെല്‍ഹിയില്‍ ഉദിച്ചുയര്‍ന്ന ആം ആദ്മി പാര്‍ട്ടി എന്ന നേരിന്റെ രാഷ്ട്രീയത്തെ കേരള ജനതയും നെഞ്ചിലേറ്റിയിരിക്കുന്നു എന്നാണ് ഇന്നലെ ചെങ്ങന്നൂരില്‍ നടന്ന ആം ആദ്മി സമ്മേളനവും , റാലിയും സൂചിപ്പിക്കുന്നത്. ചെങ്ങന്നൂരില്‍ നടന്ന സമ്മേളനം അക്ഷരാർത്ഥത്തിൽ കേരളത്തെ ഞെട്ടിച്ചു എന്ന് തന്നെ പറയേണ്ടി വരും.

ഡെല്‍ഹിയിലെ പോലെ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയത്തെ ആദ്യമൊക്കെ പരിഹസിച്ച് തള്ളിയ മലയാളിയും അവസാനം ഈ രാഷ്ട്രീയത്തെ ഇഷ്ടപ്പെട്ടു തുടങ്ങി എന്നാണ് ഈ സമ്മേളനം തെളിയിക്കുന്നത് . ദേശീയ രാഷ്ട്രീയത്തിലെ പോലെ കേരളത്തിലെ എല്ലാ മുന്നണികളെയും കേരള ജനതയും മടുത്തു കഴിഞ്ഞു എന്നതാണ് ഈ ജനക്കൂട്ടം നല്‍കുന്ന സന്ദേശം . അതുകൊണ്ടാണ് മൂന്ന് വര്‍ഷം മുന്‍പ് ഡെല്‍ഹിയില്‍ തുടങ്ങിയ ഒരു പാര്‍ട്ടിക്ക് വേണ്ടി കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്രയധികം ആളുകള്‍ സ്വന്തം കൈയ്യില്‍ നിന്ന് പണവും മുടക്കി , ചെങ്ങന്നൂര്‍ എന്ന ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി എല്ലാ ആവശ്യങ്ങളെയും മാറ്റിവച്ച് ഈ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത് . അതിനര്‍ത്ഥം അഴിമതിയും , കൊലപാതകവും , കാലഹരണപ്പെട്ട പ്രത്യേയ ശാസ്ത്രങ്ങളും , കുത്തഴിഞ്ഞ ജീവിത രീതികളും കൈമുതലാക്കിയ കേരളത്തിലെ കപട രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രതികരിക്കാന്‍ ജനം തീരുമാനമെടുത്തു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത് .

ആം ആദ്മി പാർട്ടിയുടെ കേരളത്തിലെ സജീവ പ്രവര്‍ത്തകരുടെ ഈ സമ്മേളനം ഉത്ഘാടനം ചെയ്തത് രാജ്യസഭ എം പി യായ ശ്രീ. സഞ്ജയ് സിംഗ് ആയിരുന്നു . തന്റെ കന്നിപ്രസംഗത്തിലൂടെ തന്നെ രാജ്യസഭയെ വിറപ്പിച്ച ആം ആദ്മി പാർട്ടിയുടെ രാജ്യസഭ എം പിയായ സഞ്ജയ് സിംഗിനെ കാണുവാനും , പ്രസംഗം കേള്‍ക്കുവാനുമായി കുഞ്ഞ് കുട്ടികള്‍ മുതല്‍ പ്രായമായവരും , സ്ത്രീകളുമടക്കം ആയിരക്കണക്കിന് ആളുകളാണ് ചെങ്ങന്നൂരിലെ രാഹുൽ ബേബി നഗറില്‍ എത്തിച്ചേര്‍ന്നത് . കോണ്ഗ്രസ്സിന്റെയും , ബിജെപിയുടെയും , കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെയും അഴിമതിയെയും , കുടുംബ രാഷ്ട്രീയത്തെയും വിമര്‍ശിച്ച സഞ്ജയ് സിംഗ് സി പി എം പിന്തുടരുന്ന കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു എന്നും പറഞ്ഞു . ബി ജെ പിയെ ഇല്ലാതാക്കാന്‍ വടിവാളെടുക്കുന്ന കമ്മൂണിസ്റ്റുകാരന്‍ അതിനുപകരം ആം ആദ്മി പാര്‍ട്ടിയുടെ വെള്ള തൊപ്പി ധരിച്ചാല്‍ മതിയെന്നും , ഈ വെള്ള തൊപ്പിയിലൂടെയാണ് ഞങ്ങള്‍ ഡെല്‍ഹിയിലെ ബി ജെ പി യെ ഇല്ലാതാക്കിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു .

സഞ്ജയ് സിംഗിന്റെ വരവ് കേരളത്തിലെ ആം ആദ്മി അണികളില്‍ വന്‍ ആവേശമാണ് ഉണ്ടാക്കിയിരുന്നത് . കൊടിതോരണങ്ങള്‍ കൊണ്ടും , ഫ്ലെക്സ് ബോര്‍ഡുകള്‍ കൊണ്ടും ചെങ്ങന്നൂര്‍ നഗരത്തെ മോടിപിടിപ്പിച്ച ആം ആദ്മികള്‍ സഞ്ജയ് സിംഗിന് ഗംഭീര സ്വീകരിണമാണ് ഒരുക്കിയത് . ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഈ സമ്മേളനം വിജയിപ്പിക്കുവാന്‍ ദിവസങ്ങളായി പ്രവര്‍ത്തിച്ചത് . കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടിയുടെ അനേകം സജീവ പ്രവര്‍ത്തകരാണ് ഈ സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ക്കായി നേരത്തെ തന്നെ ചെങ്ങന്നൂരില്‍ എത്തിയിരുന്നത് .

കേരളത്തിലെ എല്ലാ തട്ടിലുമുള്ള ആളുകള്‍ പങ്കെടുത്ത പൊതുയോഗത്തില്‍ ഹിന്ദിയില്‍ പ്രസംഗിച്ച സഞ്ജയ് സിംഗിന്റെ പ്രസംഗത്തെ കൈയ്യടികളോടും , സിന്ദാബാദ് വിളികളോടുമാണ് ജനം എതിരേറ്റത് . തുടക്കത്തില്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി കേള്‍പ്പിച്ചുകൊണ്ടിരുന്ന സഞ്ജയ് സിംഗിന്റെ ഹിന്ദിയിലുള്ള പ്രസംഗം അവസാനമായപ്പോള്‍ യാതൊരു പരിഭാഷയുടെയും ആവശ്യമില്ലാതെ തന്നെ ജനം കൈയ്യടിച്ച് സ്വീകരിച്ചു കൊണ്ടിരുന്നു . കേരളത്തിലെ ഈ ദുഷിച്ച വ്യവസ്ഥകളെ മാറ്റി മറിക്കുവാന്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടി എന്ന നേരിന്റെ രാഷ്ട്രീയം ഇവിടെയും വളര്‍ന്നു വരണം എന്ന ആഗ്രഹം പങ്കെടുക്കാനെത്തിയ ഓരോ പ്രവര്‍ത്തകരിലും പ്രകടമായിരുന്നു . കഴിഞ്ഞ കാലങ്ങളില്‍ ഒന്നും കാണാത്ത വീറും വാശിയുമാണ് ഈ സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകരില്‍ പ്രകടമായത് .

എല്ലാം തികഞ്ഞവര്‍ എന്ന് സ്വയം അഹംങ്കരിക്കുന്ന , സാക്ഷര കേരളത്തിലെ പ്രബുദ്ധ മലയാളി ജനതയും ആം ആദ്മി പാർട്ടിയെ അഗീകരിച്ചിരിക്കുന്നു എന്നാണ് ഈ ജനപങ്കാളിത്തത്തില്‍ നിന്ന് മനസ്സിലാകുന്നത് . ഇവിടെയും ഒരു വ്യക്തമായ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുന്നുവെന്നാണ് ഈ സമ്മേളനം നല്‍കുന്ന സൂചന . കേരളത്തിലെ 140 മണ്ഡലങ്ങളിൽ നിന്നായി പങ്കെടുത്ത ആം ആദ്മി പാര്‍ട്ടിയുടെ ഈ സജീവ പ്രവര്‍ത്തകര്‍ കേരളത്തില്‍ ഒരു പുതു രാഷ്ട്രീയ ചരിത്രം രചിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് മടങ്ങിയത് . സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ലോകം മുഴുവനിലുമുള്ള പ്രവാസികളായ പതിനായിരക്കണക്കിന് ആം ആദ്മി പ്രവര്‍ത്തകര്‍ ഓണ്‍ലൈനിലൂടെ ഈ സമ്മേളനം നേരില്‍ കാണുന്നുണ്ടായിരുന്നു .

കേരളത്തിൽ ആം ആദ്മി പാര്‍ട്ടിയുണ്ടോ , സംഘടനാ സംവിധാനമുണ്ടോ, നേതാവുണ്ടോ , പ്രവര്‍ത്തകരുണ്ടോ എന്ന് ഒക്കെയുള്ള പഴകിയ പരിഹാസ വാക്കുകൾക്ക് മറുപടി നല്‍കുന്ന തരം സമ്മേളനമായിരുന്നു ചെങ്ങന്നൂരിലെ സജീവ പ്രവര്‍ത്തകരുടെ ഈ ഒത്തുചേരല്‍ . എന്തായാലും ആം ആദ്മി പാര്‍ട്ടിയുടെ ഈ വളര്‍ച്ച വളരെയധികം ആശങ്കയോടാണ് കേരളത്തിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നതെന്ന് ഉറപ്പാണ് . വരാൻ പോകുന്ന ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പായിരിക്കും ആം ആദ്മി പാർട്ടിയുടെ കേരള നിയമസഭയിലേക്കുള്ള ആദ്യ മത്സരം.
ഇന്നത്തെ സാഹചര്യത്തില്‍ ചെങ്ങന്നൂരിനെ ഇളക്കി മറിച്ച് കൊണ്ട് ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ ഈ സജീവ പ്രവര്‍ത്തകര്‍ ഒത്തൊരുമയോടെ നിന്ന് ഒരു പ്രചരണം നടത്തിയാല്‍ അത് തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി മാറും എന്നതില്‍ ഒരു തര്‍ക്കവുമില്ല . ഇന്ത്യന്‍ തലസ്ഥാന നഗരിയെ പിടിച്ചുകുലുക്കിയ ആം ആദ്മി പാർട്ടിയുടെ ചൂൽ വിപ്ലവത്തിനായി കേരളവും കാത്തിരിക്കുന്നു എന്നാണ് ഈ സമ്മേളനം സൂചിപ്പിക്കുന്നത് .
ചെങ്ങന്നൂരില്‍ നടന്ന റാലിയുടെ ദൃശ്യങ്ങള്‍ കാണുക
ഡെല്‍ഹിയിലും പഞ്ചാബിലും വിജയിച്ച തന്ത്രമാണ് ആംആദ്മി പാർട്ടി കേരളത്തിലും പരീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ അവിടുത്തെ വോട്ടർമാരെ പങ്കെടുപ്പിച്ച് അഭിപ്രായ രൂപീകരണത്തിന് ആയിരിക്കും പ്രഥമ പരിഗണന നല്‍കുന്നത് . ആം ആദ്മി പാർട്ടി കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ ആദ്യമായി എത്തിയതും ആലപ്പുഴ ജില്ലയിൽ നിന്നായിരുന്നു. ആർത്തുങ്കൽ പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് ആദ്യമായി പാർട്ടി അക്കൗണ്ട് തുറന്നത്. അതേ ജില്ലയിലെ ചെങ്ങന്നൂരില്‍ നിന്ന് തന്നെ ഒരു ആം ആദ്മി എം എല്‍ എ യെ സംസ്ഥാന അസംബ്ലിയിലേക്ക് അയയ്ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ വളര്‍ച്ച വളരെ വേഗത്തിലാകും എന്നുറപ്പാണ് .