ബ്രിട്ടനിൽ മക്കൾക്ക് വിഷാംശമുളള രാസവസ്തു നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സായ മലയാളി യുവതി പിടിയിൽ. പതിമൂന്നും എട്ടും വയസുളള മക്കൾക്ക് വിഷം നൽകിയ ശേഷമാണ് ജിലുമോൾ ജോർജ് (38) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടികളുടെ ശരീരത്തിൽ യുവതി വിഷാംശമുള്ള രാസവസ്തു കുത്തിവയ്ക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ജിലുവിന്റെ ഭർത്താവ് നാട്ടിലാണ്.
ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയെ അറസ്റ്റുചെയ്ത് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോടതിയിൽ ഹാജരാക്കി. യുവതി ഇപ്പോൾ റിമാൻഡിലാണ്. ഇംഗ്ലിഷ് മാദ്ധ്യമങ്ങളിൽ ഈ സംഭവം വെള്ളിയാഴ്ച തന്നെ റിപ്പോർട്ട് ചെയ്തെങ്കിലും ഇത് മലയാളി കുടുംബത്തിലാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ജിലുവിനെതിരെ കൊലപാതകശ്രമത്തിനും ആത്മഹത്യാശ്രമത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ബ്രൈറ്റൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതിയെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. മാർച്ച് എട്ടിന് വീണ്ടും കോടതിയിൽ ഹാജരാക്കും. സസെക്സ് പൊലീസ് ചീഫ് ഇൻസ്പെക്ടർ മാർക്ക് ഇവാൻസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ ഒരു ജീവന്‍രക്ഷിച്ചു. ചേര്‍ത്തല എക്സ്-റേ കവലയ്ക്കു സമീപമുള്ള കൂട്ടുകാരന്റെ വീട്ടിലെത്തി ആത്മഹത്യക്കു ശ്രമിച്ച യുവതിയെയാണ് പോലീസ് വാതില്‍പൊളിച്ചു രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം.
ചേര്‍ത്തല പതിനൊന്നാം മൈല്‍ സ്വദേശിനിയായ 40 വയസ്സുള്ള യുവതിയെയാണ് രക്ഷപ്പെടുത്തിയത്. കൂട്ടുകാരനാണ് വിവരം പോലീസിനെ അറിയിച്ചത്.പോലീസെത്തി വീടിന്റെ വാതില്‍ പൊളിച്ചകത്തുകടക്കുമ്പോള്‍ ഇവര്‍ തൂങ്ങിനില്‍ക്കുകയായിരുന്നു. ഇതില്‍നിന്നാണു രക്ഷിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്നാണ് വിവരം.
ഭര്‍ത്താവുമരിച്ച യുവതി ഇയാളുമായി സൗഹൃദത്തിലായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലെത്തിയതത്രേ. എസ്.ഐ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജീഷ്, സാബു എന്നിവരെത്തിയാണ് രക്ഷിച്ചത്. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തരമായി നൽകാൻ തീരുമാനം. അജീഷിന്റെ ഭാര്യക്ക് സ്ഥിരം ജോലി നൽകാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സബ്കളക്ടറുടെ ഓഫീസില്‍ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി.
നഷ്ടപപരിഹാര തുകയായ പത്ത് ലക്ഷം രൂപ തിങ്കളാഴ്ച അജീഷിന്റെ കുടുംബത്തിന് കെെമാറും. കുടുംബത്തിന് 50 ലക്ഷം രൂപ നൽകണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ബാക്കി 40 ലക്ഷം രൂപ കെെമാറുന്നതുമായി ബന്ധപ്പെട്ട് സർക്കാറിലേക്ക് ശുപാർശ നൽകാനാണ് തീരുമാനം. പണം ലഭിക്കുന്നതിനായി പ്രദേശത്തെ ജനപ്രതിനിധികൾ പ്രയത്നിക്കുമെന്നും യോഗത്തിൽ ധാരണയായതായി തഹസിൽദാർ (ലാൻഡ് ട്രിബ്യൂണൽ) എം.ജെ. അഗസ്റ്റിൻ അറിയിച്ചു.
അജീഷിന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. കുടുംബത്തിന്റെ കടബാധ്യതകള്‍ എഴുതിത്തള്ളുന്ന ആവശ്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ അനുകൂല പരിഗണന നല്‍കും. കാട്ടാനയെ മയക്കുവെടിവച്ച് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റാനും യോഗത്തിൽ തീരുമാനമായി.
മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്നുതന്നെ തുടങ്ങുമെന്ന് വനംമന്ത്രി അറിയിച്ചു. മുൻ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത പുലർത്തും. ആളുകൾ ഇപ്പോൾ വൈകാരികമായ അന്തരീഷത്തിലാണ്. മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചർച്ചനടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവറായ അജീഷ് (47) കൊല്ലപ്പെട്ടത്. ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയാണ് ആക്രമിച്ചത്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. മൈസൂരു കാഡ്ബഗരുവില്‍ താമസിക്കുന്ന ചാവക്കാട് സ്വദേശി ഷാജഹാനെ (36) മീനാക്ഷിപുരത്തുനിന്നാണ് കോതമംഗലം പോലീസ് പിടികൂടിയത്. പ്രതിയില്‍നിന്ന് കര്‍ണാടക, തമിഴ്നാട്, കേരള വിലാസത്തിലുള്ള മൂന്ന് വോട്ടര്‍ ഐഡിയും മൂന്ന് പാസ്പോര്‍ട്ടുകളും പിടിച്ചെടുത്തു.
കോതമംഗലം ചേലാട് വാടകയ്ക്ക് താമസിക്കുന്ന സഹോദരങ്ങള്‍ക്ക് യു.കെ.യില്‍ തൊഴില്‍ വിസ നല്‍കാമെന്നു പറഞ്ഞ് 6,14,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റിലായത്. കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട്, നെയ്യാറ്റിന്‍കര, കൊല്ലം, കാഞ്ഞിരപ്പള്ളി തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ പത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി സമാനമായ മുപ്പതിലേറെ കേസുകള്‍ പ്രതിയുടെ പേരിലുണ്ട്.
ഏതാനും മാസം കുവൈത്തില്‍ ജോലി ചെയ്തിരുന്ന ഷാജഹാന്‍ അവിടെ നിന്ന് വന്ന ശേഷമാണ് തട്ടിപ്പ് തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു.കമ്മിഷന്‍ വ്യവസ്ഥയില്‍ സുഹൃത്തുക്കളാണ് വിദേശത്ത് പോകാന്‍ താത്പര്യമുള്ളവരെ സമീപിച്ച് തൊഴില്‍ വിസയുണ്ടെന്നു പറഞ്ഞ് ഇയാള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. യു.കെ. സിം ഉള്‍പ്പെടെ നാല് സിമ്മുകളാണ് ഇയാള്‍ക്കുള്ളത്. ഉദ്യോഗാര്‍ഥികളെ നേരിട്ട് സമീപിക്കാതെ വീഡിയോ കോള്‍ വഴി ബന്ധപ്പെട്ട് പണം അക്കൗണ്ടില്‍ സ്വീകരിക്കും. ഷാജഹാന്റെ രണ്ട് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ഒരു കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് ലഭിച്ച വിവരം.
മീനാക്ഷിപുരത്ത് ഒളിച്ചു കഴിയുകയായിരുന്ന ഷാജഹാനെ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം സാഹസികമായാണ് പിടികൂടിയത്. പോലീസിനെ ആക്രമിച്ച് വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഏറെ ദൂരം പിന്തുടര്‍ന്നാണ് പിടികൂടിയത്.
വാഹനത്തില്‍നിന്ന് വ്യാജ പാസ്പോര്‍ട്ട്, ഉദ്യോഗാര്‍ഥികളുടെ പാസ്പോര്‍ട്ട്, ചെക്ക് ബുക്കുകള്‍, പ്രോമിസറി നോട്ട് എന്നിവ കണ്ടെടുത്തു. ഇന്‍സ്പെക്ടര്‍ പി.ടി. ബിജോയി, എസ്.ഐ.മാരായ അല്‍ബിന്‍ സണ്ണി, കെ.ആര്‍. ദേവസി, സീനിയര്‍ സി.പി.ഒ.മാരായ ടി.ആര്‍. ശ്രീജിത്ത്, നിയാസ് മീരാന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. മലപ്പുറം നിലമ്പൂര്‍ കരുളായി നെടുങ്കയത്താണ് സംഭവം. നെടുങ്കയത്തെ കരിമ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ മുര്‍ഷിന, ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷ റുദ എന്നിവരാണ് മരിച്ചത്.
കോട്ടക്കല്‍ എം എസ് എം എച്ച് എസ് എസ് കല്ലിങ്കപ്പറമ്പിലെ വിദ്യാര്‍ഥികളാണ് മരിച്ച കുട്ടികള്‍. ഇന്ന് വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. നെടുങ്കയത്ത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പിന് എത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.
കരിമ്പുഴയില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ കയത്തില്‍ മുങ്ങി പോകുകയായിരുന്നു. ഇവരെ നാട്ടുകാര്‍ പുറത്തെടുത്ത് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇരുവരുടെയും മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
പിഎസ‌്സി പരീക്ഷയ്ക്കിടെ ആൾമാറാട്ടശ്രമം നടത്തിയ കേസിൽ വൻ വഴിത്തിരിവ്. മുഖ്യപ്രതിയായ അമൽജിത്തിന് വേണ്ടി ആൾമാറാട്ടം നടത്തിയത് സഹോദരൻ അഖിൽ ജിത്താണെന്നാണ് പൊലീസിന്റെ സംശയം. നേമം സ്വദേശികളായ രണ്ടുപേരും ഒളിവിലാണ്. അമൽജിത്ത് തന്നെയാണ് പരീക്ഷയെഴുതാനെത്തിയതെന്നും വയറു വേദനയായതിനാലാണ് പരീക്ഷാഹാളിൽ നിന്ന് പുറത്തു പോയതെന്നുമാണ് വീട്ടുകാർ പൊലീസിനോട് പറയുന്നത്.
ഇവർ തമിഴ്നാട്ടിലേക്ക് കടന്നെന്ന നിഗമനത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്. പൂജപ്പുര സി ഐയുടെ നേതൃത്വത്തിൽ ഷാഡോ ടീം ഉൾപ്പടെ അന്വേഷണത്തിനുണ്ട്. അമൽജിത്തിന്റെയും സുഹൃത്തുക്കളുടെയും മൊബൈൽഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം.ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്.അന്നത്തെ ദിവസത്തെ പരീക്ഷ കേന്ദ്രത്തിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം സൈബർ വിഭാഗവും ചേർന്ന് നടത്തും.
പരീക്ഷയെഴുതാനായി ആൾമാറാട്ടം നടത്തിയ ആൾ രക്ഷപ്പെട്ട ബൈക്കിനെ പിന്തുടർന്നും അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ ബൈക്കിൽ രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ വ്യക്തമല്ല. പൂജപ്പുരയിൽ നിന്ന് തിരുമല ഭാഗത്തേയ്ക്കാണ് രക്ഷപ്പെട്ടത്. അമൽജിത്താണ് ബൈക്കിൽ കാത്തുനിന്നതെന്നാണ് പൊലീസ് കരുതുന്നത്. ഈ ഭാഗത്തെ കൂടുതൽ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്. പാങ്ങോട് സൈനികകേന്ദ്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പരീക്ഷയ്‌ക്കെത്തിയ ആളുകളുടെ വാഹന നമ്പറുകൾ ശേഖരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
ബുധനാഴ്ചയാണ് പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂളിൽ പി.എസ്.സി. പരീക്ഷയ്ക്കിടെ ആൾമാറാട്ടശ്രമം നടന്നത്. രാവിലെ 7.45 മുതൽ ആരംഭിച്ച യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് പരീക്ഷയ്ക്കിടെയാണ് ഉദ്യോഗാർത്ഥി പരീക്ഷാ ഹാളിൽ നിന്ന് ഓടിപ്പോയത്.
ബയോമെട്രിക് പരിശോധനാ യന്ത്രവുമായി ഉദ്യോഗസ്ഥൻ ക്ലാസുകളിലെത്തിയപ്പോൾ ആറാം നമ്പർ മുറിയിലിരുന്ന ഉദ്യോഗാർഥി ഹാൾടിക്കറ്റുമായി പുറത്തേയ്ക്ക് ഓടുകയായിരുന്നു. പ്രാഥമിക പരീക്ഷയിൽ 55.44 മാർക്കിനു മുകളിൽ നേടിയവർക്കാണ് രണ്ടാംഘട്ട പരീക്ഷയ്ക്ക് അവസരം ലഭിച്ചത്. ഇത്രയും മാർക്ക് വാങ്ങിയ അമൽജിത്ത് മെയിൻ പരീക്ഷയ്ക്ക് മറ്റൊരാളെ എത്തിച്ച് പരീക്ഷയെഴുതേണ്ട കാര്യമില്ലെന്നാണ് നിഗമനം.പ്രാഥമിക പരീക്ഷയിലും ഇയാൾ ആൾമാറാട്ടത്തിലൂടെയാണോ വിജയിച്ചതെന്നാണ് അന്വേഷിക്കുന്നത്.
കടലിന്റെ അടിത്തട്ടില്‍നിന്നും അജ്ഞാത കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കലയ്ക്ക് സമീപം അഞ്ചുതെങ്ങിനും വര്‍ക്കലയ്ക്കും ഇടയിലുള്ള നെടുങ്കണ്ടയില്‍നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പുതിയ ഡൈവിങ് സ്ഥലം കണ്ടെത്താനുള്ള തിരച്ചിലിനിടെ സ്‌കൂബാ ഡൈവിങ് സംഘമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
കടലിനടിയില്‍ 30 മീറ്റര്‍ ആഴത്തില്‍ എത്തിയപ്പോഴേക്കും അവശിഷ്ടങ്ങള്‍ സ്‌കൂബാ ഡൈവിംഗ് ടീമിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. രണ്ടാം ലോക യുദ്ധകാലത്ത് തകര്‍ന്ന ബ്രിട്ടീഷ് കപ്പലോ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കടലിന്റെ ആഴങ്ങളില്‍ പെട്ടുപോയ ഡച്ച് കപ്പലിന്റെ അവശിഷ്ടങ്ങളോ ആകാമെന്നാണ് നിഗമനം.
ചരിത്ര പ്രാധാന്യമുള്ള അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധിച്ചാല്‍ മാത്രമേ കപ്പലിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
കൊടകരയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. നാലുപേരെ ഗുരുതര പരിക്കുകളോടെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേളാങ്കണ്ണി – ചങ്ങനാശ്ശേരി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ പാതയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. ലോറിക്ക് പിന്നിലിടിച്ച കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ മറ്റൊരു ലോറിയിടിച്ചു. പരിക്കേറ്റ എട്ട് പേരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ ബസ്സിലെ കണ്ടക്ടര്‍ ഈ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.കണ്ടക്ടറിൻെറ നില സീരിയസ്സ് ആണന്ന് പറയുന്നു. ഐസിയു വിൽ പ്രവേശിപ്പിക്കാൻ അങ്കമാലി അപ്പോളോ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്..
മുന്നേ പോയ ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ബസ്സ് ട്രക്കിൻ്റെ പിന്നിൽ തട്ടുകയും പിന്നാലെ വന്ന ട്രക്ക് ബസ്സിൻ്റെ പിന്നിൽ തട്ടുകയും ചെയ്തതായിയാണ് അറിയാൻ സാധിച്ചത്.
ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ എൽഎസ്ഡി സ്റ്റാമ്പ് കേസിൽ കുടുക്കാനുള്ള ഇന്റർനെറ്റ് ഫോൺകോളിന്റെ ഉറവിടം ബ്രിട്ടനാണെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇന്റർനെറ്റ് കോളിനു പിന്നിൽ ഷീലയുടെ അടുത്ത ബന്ധുവായ യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ സ്വദേശിയും ബംഗളൂരുവിൽ താമസക്കാരനുമായ നാരായണദാസാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ കേസിന്റെ ഏറ്റവും പുതിയ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് ഷീല സണ്ണി.
വാർത്തയിലൂടെയാണ് നാരായണദാസിനെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതെന്ന് ഷീല സണ്ണി പറഞ്ഞു. ‘ഇയാളും ഞാനുമായി ഒരു ബന്ധവുമില്ല, മരുമകളുടെ അനിയത്തിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് കേട്ടത്. മറ്റൊരു ചാനലിലുള്ള ആൾക്കാരാണ് ഇതേ കുറിച്ച് തന്നോട് പറയുന്നതെന്ന് ഷീല സണ്ണി ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇവർ ഒരുമിച്ച് ബംഗളൂരുവിൽ താമസിക്കുകയാണെന്ന വിവരവും അറിഞ്ഞിട്ടുണ്ടെന്നും ഷീല സണ്ണി കൂട്ടിച്ചേർത്തു.
‘മരുമകളുടെ അനിയത്തി പറഞ്ഞിട്ട് നാരയണദാസ് ചെയ്തതായിരിക്കാം. അയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലല്ലോ. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കും. എന്നെ അറിയാത്ത വ്യക്തിക്ക് ഇങ്ങനെയൊരു കാര്യം എന്നോട് ചെയ്യേണ്ട കാര്യമില്ലല്ലോ. ഞങ്ങൾ തമ്മിൽ ഒരു വൈരാഗ്യവുമില്ല. അങ്ങനെ അറിയാത്ത ഒരു വ്യക്തി എന്നോട് ഈ ചതി ചെയ്യേണ്ട കാര്യമില്ലല്ലോ’- ഷീല ചോദിക്കുന്നു.
‘അറസ്റ്റ് ചെയ്ത അന്ന് മുതൽ ഇന്ന് വരെ മരുമകളും കുടുംബവും ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ജയിലിലായിരുന്ന സമയത്ത് മരുമകളോട് ഇതേ കുറിച്ച് സംശയം പറഞ്ഞിരുന്നു. എന്നാൽ അനിയത്തി അങ്ങനെ ഒന്നും ചെയ്യില്ലെന്നാണ് പറഞ്ഞത്. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം മകനും ഇതുവരെ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ആദ്യം ഞങ്ങൾ എല്ലാം ഒരുമിച്ചായിരുന്നു താമസിച്ചത്. എന്നാൽ പ്രശ്നങ്ങൾക്ക് ശേഷം വേറെ വേറെ വീടുകളിലാണ് താമസിക്കുന്നത്’.
‘ഈ സംഭവം നടക്കുമ്പോൾ ഒന്നര വർഷമായി മകന്റെ കല്യാണം കഴിഞ്ഞിട്ട്. ഒരു വൈരാഗ്യം വരേണ്ട സമയം അപ്പോൾ ആയിട്ടില്ല. മരുമകളുടെ അനിയത്തിയുമായി ഒരു കുഴപ്പമുണ്ടായിട്ടില്ല. തലേദിവസം കൂടി വീട്ടിൽ വന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. അവർക്ക് എന്താണ് എന്നോട് വൈരാഗ്യം, എന്തിനാണ് ഈ ചതി ചെയ്തത് എന്ന് എനിക്കറിയില്ല. ചിലപ്പോൾ എന്നെ വീട്ടിൽ നിന്ന് ഒഴിവാക്കാനായിരിക്കാം. നിസാര കാരണങ്ങൾ പറഞ്ഞ് ഞങ്ങളെ ഒഴിവാക്കാൻ സാധിക്കില്ല എന്നവർക്കറിയാം. അപ്പോൾ ഇങ്ങനെ ഒരു കാരണം ഉണ്ടാക്കി ഒഴിവാക്കാനായിരിക്കും. അല്ലെങ്കിൽ എന്റെ ഇറ്റലിയിലേക്കുള്ള യാത്ര മുടക്കാനായിരിക്കാം’- ഷീല പറഞ്ഞു.
‘മരുമകളുടെ അനിയത്തിയുടെ ക്യാരക്ടർ വേറെയാണ്. ബംഗളൂരുവിലാണ് അവൾ പഠിക്കുന്നത്. എല്ലാ ആഴ്ചയും വിമാനത്തിലാണ് നാട്ടിലേക്ക് വന്ന് പോകുന്നത്. എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുമ്പോൾ ബംഗളൂരുവിൽ മോഡലാണെന്ന് പറയും. എന്നാൽ ഒരു ചിത്രങ്ങളും ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല. ആരോ അവളെ സ്‌പോൺസർ ചെയ്യുന്നുണ്ടെന്നാണ് പറഞ്ഞത്. അത് ആരാണെന്നും ഞങ്ങളോട് ഇതുവരെ പറഞ്ഞിട്ടില്ല, വീട്ടുകാർക്കും അറിയില്ല. അവൾ ബംഗളൂരുവിൽ എവിടെയാണ് താമസിക്കുന്നത് പോലും അറിയില്ല’- ഷീല സണ്ണി പറയുന്നു.
‘ഒരു ദിവസം വീട്ടിൽ വന്നപ്പോൾ മരുമകളും അനിയത്തിയും മകന്റെ മൊബൈൽ ഷോപ്പിലേക്ക് പോയിരുന്നു. എന്റെ വണ്ടി എടുത്താണ് അവർ പോയത്. അതിനുള്ള സ്വാതന്ത്ര്യം കൊടുത്തിരുന്നു. മക്കളെ പോലെയാണ് അവരെ കരുതിയത്. എനിക്കും ഒരു മകളുണ്ടല്ലോ. അവരാണ് എന്നെ ചതിച്ച് ജയിലലടച്ചത്. ഞാൻ ഒരു ക്രൂരത്തിയായ അമ്മായിയമ്മ ഒന്നുമല്ല, എനിക്ക് എല്ലാവരോടും സ്‌നേഹമായിരുന്നു’-ഷീല സണ്ണി പറഞ്ഞു.
ഓയൂര്‍ മരുതമണ്‍ പള്ളി കാറ്റാടിയില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ പിടിയിലായതിന്റെ 70-ാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. എം.എം.ജോസ് കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ടില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2023 നവംബര്‍ 27-ന് വൈകിട്ട് 4.20-നാണ് കാറിലെത്തിയ മൂന്നംഗ സംഘം ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. സഹോദരനോടൊപ്പം ട്യൂഷനായി പോവുകയായിരുന്ന കുട്ടിയെ റോഡില്‍ കാറില്‍ പിന്തുടര്‍ന്ന സംഘം കാറിനുള്ളിലേക്കു വലിച്ചുകയറ്റുകയായിരുന്നു. സഹോദരന്‍ ജോനാഥന്‍ ഇതിനെ ചെറുത്തെങ്കിലും അവനെ പുറത്തേക്കുതള്ളി പെണ്‍കുട്ടിയുമായി സംഘം കടന്നു. പോലീസും നാട്ടുകാരും നാടാകെ കുട്ടിക്കായി തിരയുമ്പോള്‍ രാത്രി ഏഴരയോടെ പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു ഫോണ്‍ വിളിയെത്തി. നാടകീയമായ മണിക്കൂറുകള്‍ക്കൊടുവില്‍ അടുത്ത ദിവസം ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഡിസംബര്‍ ഒന്നിന് തമിഴ്‌നാട്ടിലെ പുളിയറയില്‍ നിന്നാണ് പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാലയത്തില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരെ പോലീസ് പിടികൂടിയത്. കടബാധ്യത തീര്‍ക്കാന്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നാണ് കേസ്. ആയിരത്തോളം പേജുള്ള കുറ്റപത്രത്തില്‍ 160-ഓളം സാക്ഷികളും 150-ഓളം തൊണ്ടി മുതലുകളും ഉണ്ട്. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍വിളിയാണ് പ്രതികളിലേക്കെത്താന്‍ പോലീസിനു സഹായകമായത്.
പ്രതികളുടെ ശബ്ദ സാമ്പിള്‍, കൈയക്ഷരം പരിശോധന ഉള്‍പ്പടെയുള്ള ഫോറന്‍സിക് തെളിവുകളാണ് കേസില്‍ നിര്‍ണായകമായിട്ടുള്ളത്. അറസ്റ്റ് ചെയ്തവര്‍ അല്ലാതെ പുതിയ പ്രതികളൊന്നും കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെയും നിഗമനം. കേരളത്തെ രണ്ടു ദിവസം മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ റെക്കോഡ് വേഗത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.