Kerala

കെനിയയിലെ നെഹ്‌റൂറുവിലുണ്ടായ ബസപകടത്തിൽ മരിച്ച അഞ്ച് കേരളീയരുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ 8.45-ന് ഖത്തർ എയർവേയ്‌സ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന(29), മകൾ റൂഹി മെഹ്‌റിൻ(ഒന്നര), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീതാ ഷോജി ഐസക്ക്(58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ(41), മകൾ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുന്നത്.

കെനിയയിൽനിന്നു കൊണ്ടുവരുന്ന മൃതദേഹങ്ങൾക്കും ഒപ്പമുള്ള ബന്ധുക്കൾക്കും ഇന്ത്യയിൽ പ്രവേശിക്കാൻ യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ കേന്ദ്രസർക്കാർ ഇളവനുവദിച്ചു. കെനിയയിൽനിന്ന്‌ ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് മണിക്കൂറുകൾക്കു മുൻപ് മാത്രമാണ് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് ട്രാവൽ ഏജൻസി വ്യക്തമാക്കിയത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പും കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് ഇളവുനേടുകയായിരുന്നു.

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് നോർക്ക റൂട്ട്‌സ് അധികൃതർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. വിമാനത്താവളത്തിൽനിന്ന് മൃതദേഹങ്ങൾ വീടുകളിലേക്കു കൊണ്ടുപോകും.

ജൂൺ ഒൻപതിന് ഇന്ത്യൻ സമയം വൈകീട്ട് ഏഴോടെയാണ് വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യൻസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടത്. ഖത്തറിൽനിന്ന്‌ വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവർ. നെയ്‌റോബിയിൽനിന്ന്‌ 150 കിലോമീറ്റർ അകലെ നെഹ്‌റൂറുവിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു.

കാട്ടിനുള്ളില്‍ മീന്മുട്ടിയില്‍ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ലെന്ന് പോലീസ്. പീരുമേട് തോട്ടാപ്പുര സ്വദേശി സീത (42) ആണ് മരിച്ചത്. സീതയുടെ ശരീരത്തില്‍ മല്‍പിടിത്തത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നതായും തല പലതവണ പരുക്കന്‍ പ്രതലത്തില്‍ ഇടിപ്പിച്ചതായും പോസ്റ്റുമോര്‍ട്ടത്തിനു ശേഷമുള്ള പ്രാഥമിക റിപ്പോർട്ടിലും വ്യക്തമായി.

സീതയുടെ ഭര്‍ത്താവ് ബിനു (48) പോലീസിന്റെ നിരീക്ഷണത്തിലാണ്. സീതയുടെ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞാലുടൻ ബിനുവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുമെന്നാണ് വിവരം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സീതയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതായി വിവരം ലഭിച്ചത്. വനം വകുപ്പിന്റെ താത്കാലിക ജീവനക്കാരനാണ് ബിനു. ഭാര്യ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബിനു തന്നെയാണ് വനപാലകരെ അറിയിച്ചത്. കാട്ടുപത്രി, പുളി, തേന്‍ തുടങ്ങിയ വനവിഭവങ്ങള്‍ ശേഖരിക്കാനാണ് ഭാര്യ സീതയും മക്കളായ സജുമോന്‍, അജിമോന്‍ എന്നിവരും ഒന്നിച്ച് കാടിനുള്ളിലേക്ക് പോയതെന്നും അവിടെവെച്ചാണ് ആനയുടെ ആക്രമണം ഉണ്ടായതെന്നുമാണ് ബിനു പറഞ്ഞത്.

വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ നാലുപേരും വാസസ്ഥലമായ തോട്ടാപ്പുരയില്‍നിന്ന് പോയിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ കുട്ടികളാണ് ഫോണ്‍ വിളിച്ച് അപകടവിവരം ആദ്യം ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കളും വനപാലകരും കാടിനുള്ളില്‍ പോയാണ് പരിക്കേറ്റ ഇരുവരെയും പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് സീത മരിച്ചത്.

ബിനുവിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെവെച്ച് ആനയുടെ ആക്രമണത്തെപ്പറ്റിയെല്ലാം ബിനു മാധ്യമങ്ങളോട് വിവരിച്ചിരുന്നു. കാട്ടാനയാക്രമണത്തിലാണ് സീത കൊല്ലപ്പെട്ടത് എന്ന് ധരിച്ചിരുന്ന നാട്ടുകാര്‍ ഇന്നലെ പീരുമേട്ടില്‍ വലിയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതോടെയാണ് പോലീസിന് സംശയങ്ങള്‍ ബലപ്പെട്ടത്.

തുടര്‍ന്ന് സീതയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് അയക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍, സ്ഥലത്തുണ്ടായിരുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ സമ്മര്‍ദം മൂലം പോസ്റ്റുമോര്‍ട്ടം പീരുമേട്ടില്‍തന്നെ നടത്തുകയായിരുന്നു. പീരുമേട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് പോലീസിന്റെ സംശയം സത്യമാണെന്ന് തെളിക്കുന്ന തരത്തിലുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

മൃഗീയമായ മര്‍ദനമേറ്റാണ് സീത കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സീതയുടെ തല പലതവണ പരുക്കനായ പ്രതലത്തില്‍ ഇടിച്ചതായി വ്യക്തമായി. ഇടതുവശത്തെ വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം ശ്വാസകോശത്തിലേക്ക് തുളച്ചുകയറിയിട്ടുണ്ട്. ഉയരമുള്ള സ്ഥലത്തുനിന്നും താഴേക്ക് വീണതിന് സമാനമായ പരിക്കുകളും സീതയുടെ ശരീരത്തിലുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴുത്തിലും കൈകളിലുമെല്ലാം മല്‍പിടിത്തം നടന്നതിന്റെ പാടുകളുണ്ട്. സീതയെ ബിനു കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നു എന്ന് സംശയിക്കാവുന്ന കാര്യങ്ങളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് പോലീസ് പറയുന്നു. കാട്ടാനയാക്രമണത്തിലാണ് സീത മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാനുള്ള മനപ്പൂര്‍വമായ ശ്രമം ബിനു നടത്തിയെന്നും പോലീസ് വ്യക്തമാക്കുന്നു.

പ്രവാസിയെ ഹണി ട്രാപ്പില്‍ കുടുക്കി ഥാര്‍ കാറും ഒരുലക്ഷത്തിലേറെ രൂപയും കവര്‍ന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. തലശ്ശേരി ധര്‍മ്മടം ചിറക്കാനി സ്വദേശി നടുവിലോനി അജിനാസ്(35), പള്ളൂര്‍ പാറാല്‍ സ്വദേശിനി പുതിയ വീട്ടില്‍ തെരേസ നൊവീന റാണി(37) എന്നിവരെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം ചാലപ്പുറം സ്വദേശി ഒതയോത്ത് സിറാജിന്റെ പരാതിയിലാണ് നടപടി. സംഘത്തിലെ പ്രധാനിയായ മുക്കാളി റെയില്‍വേ അടിപ്പാതക്ക് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശിനി റുബൈദ(38)യെയും സംഘത്തെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ഫോണിലൂടെയാണ് റുബൈദ സിറാജുമായി സൗഹൃദം സ്ഥാപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഇവര്‍ സിറാജിനോട് വാടക വീട്ടില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഇവിടെയെത്തിയ സിറാജിനെ വാടക വീട്ടിലുണ്ടായിരുന്ന സംഘം ആക്രമിക്കുകയും ബലം പ്രയോഗിച്ച് വസ്ത്രങ്ങള്‍ അഴിപ്പിച്ച് യുവതിയോടൊപ്പം നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. തന്നെ സംഘം ഉപദ്രവിച്ചതായും 1,06,500 രൂപ കൈക്കലാക്കി ഥാര്‍ കാറുമായി കടന്നുകളയുകയായിരുന്നുവെന്നും സിറാജ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പൊലീസ് നടത്തിയ പരിശോധനയില്‍ സിറാജിന്റെ കാര്‍ അജിനാസില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രവാസി ബിസിനസുകാരനായ സിറാജ് റുബൈദക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വലിയ തോതില്‍ ഇയാളില്‍ നിന്നും പണം തട്ടിയെടുക്കാന്‍ യുവതിയും സംഘവും ഒരുക്കിയ കെണിയില്‍ ഇയാള്‍ കുടുങ്ങിപ്പോവുകയായിരുന്നുവെന്നും മറ്റ് പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഹമ്മദാബാദിലെ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരെ അപമാനിച്ച്‌ ഫേസ്ബുക്കില്‍ കമന്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി.

റവന്യു മന്ത്രി കെ രാജന്റെ നിർദേശ പ്രകാരം ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനാണ് വിവാദമായ കമ്മന്റ് പങ്കുവച്ചത്ത്.

അതെസമയം സംഭവം കൈവിട്ടതോടെ ഉദ്യോഗസ്ഥൻ തന്നെ കമ്മന്റ് പിൻവലിച്ചിരുന്നു.
ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് സസ്പെൻഡ് ചെയ്ത് കൊണ്ട് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു.

മുൻപ് റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ചതിന് പവിത്രനെ നേരത്തെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കേരള സർക്കാർ ജോലിയില്‍ നിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് അപകടത്തില്‍ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചൊരു പോസ്റ്റില്‍ അദ്ദേഹം കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. രഞ്ജിതയുടെ പടത്തിന് ആദരാഞ്ജലികള്‍ എന്നെഴുതി പങ്കുവച്ച മറ്റൊരു പോസ്റ്റില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്നും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.

നിലമ്പൂരിൽ ഉപതെര‍ഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക്. ഇന്ന് മുതൽ എം സ്വരാജിനെതിരെ പ്രചാരണത്തിന് ആശ വർക്ക‍ർമാരും രം​ഗത്തുണ്ട്.‌ രാവിലെ പത്തിന് ചന്തക്കുന്നിൽ നിന്ന് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലേക്ക് പ്രകടനം നടത്തും. ഗൃഹ സന്ദർശനം നടത്തി പ്രചാരണം തുടങ്ങും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് കരുളായി പഞ്ചായത്തിലും മരുതയിലും പ്രചാരണത്തിനിറങ്ങും. കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ മണ്ഡലത്തിലുണ്ട്.

നഗരസഭ പരിധിയിലാണ് ഇടത് സ്ഥാനാർത്ഥി എം സ്വരാജിൻ്റെ പ്രചാരണം. വൈകീട്ട് മൂന്നിന് നിലമ്പൂർ ടൗണിൽ മഹാ വിദ്യാർത്ഥി റാലി സംഘടിപ്പിക്കും. ഏഴ് മന്ത്രിമാർ മണ്ഡലത്തിലുണ്ട്. എടക്കര, വഴിക്കടവ് പഞ്ചായത്തുകളിലാണ് എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജിൻ്റെ പര്യടനം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിലുണ്ട്. പതിവു പോലെ പ്രധാന നേതാക്കളെയും വോട്ടർമാരെയും നേരിൽ കണ്ടാണ് പിവി അൻവറിൻ്റെ നീക്കങ്ങൾ.

കൊച്ചി തീരത്തിനടുത്ത് മുങ്ങിയ എൽസ-3 കപ്പലിന്റെ ഉടമസ്ഥരായ എംഎസ്‌സിയുടെ പേരിൽ കേസെടുക്കേണ്ടതില്ലെന്ന നിലപാടിൽനിന്ന് സർക്കാർ മലക്കംമറിഞ്ഞത് രാഷ്ട്രീയ തിരിച്ചടി ഭയന്ന്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളെ പിണക്കുന്നതിലെ അപകടം സിപിഎം തിരിച്ചറിഞ്ഞു.

കണ്ടെയ്‌നർ അവശിഷ്ടങ്ങളും വീപ്പകളും തട്ടി വള്ളവും വലയും നശിക്കുമ്പോഴും സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നത് വിമർശനത്തിനിടയാക്കി. നഷ്ടപരിഹാരത്തിനുള്ള നടപടികൾ പുരോഗമിക്കുമ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത നടപടികൂടി വേണമെന്ന ആവശ്യവുമുയർന്നു. മറ്റൊരു കപ്പലപകടംകൂടി ഉണ്ടായതും ഇരുകേസുകളിലും വ്യത്യസ്തനിലപാടുകൾ സ്വീകരിക്കുന്നതിലെ അപകടവും മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു.

ഇതിനിടെ പരാതിലഭിച്ചാൽ കേസെടുക്കാൻ കഴിയുമെന്ന നിയമോപദേശം അഡ്വക്കേറ്റ് ജനറലിൽനിന്ന് ലഭിച്ചു. സിപിഎം ഏരിയാസെക്രട്ടറിയും ഇടത് മത്സ്യത്തൊഴിലാളി സംഘടനാഭാരവാഹിയുമായ സി. ഷാംജി ബുധനാഴ്ച ഇ-മെയിൽ പരാതി അയച്ചതോടെയാണ് കേസെടുക്കാൻ വഴിതെളിഞ്ഞത്. എഫ്‌ഐആറിന്റെ പകർപ്പ് മുഖ്യമന്ത്രി സാമൂഹികമാധ്യത്തിൽ പങ്കുവെക്കുകയും ചെയ്തു.

നഷ്ടപരിഹാരം ഈടാക്കാൻ സിവിൽ കേസെടുക്കാനാണ് ആദ്യം എജി നിയമോപദേശം നൽകിയത്. ഇതിലെ പരിമിതികൾ കണക്കിലെടുത്താണ് കപ്പലപകടം ബാധിച്ചിട്ടുള്ളവർ ആരെങ്കിലും പരാതിനൽകിയാൽ ക്രിമിനൽ കേസെടുക്കാമെന്ന് തീരുമാനിച്ചത്. അദാനിയുമായി കപ്പൽ കമ്പനിക്ക് ബന്ധമുണ്ടെന്ന തരത്തിലും ആരോപണവും വിവാദമായിരുന്നു.

സംസ്ഥാനത്ത് അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ 14–16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 14 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് ശക്തമാകാനും സാധ്യത.

12ന് കണ്ണൂർ, കാസർകോട്. 13ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. 14ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. 14ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണെങ്കിലും റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.

 

മങ്കരയിൽ പോലീസുദ്യോഗസ്ഥനെ തീവണ്ടിയിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ വിയ്യൂർ പാടുകാട് സ്വദേശിയും പാലക്കാട് മുട്ടിക്കുളങ്ങര കെഎപി സെക്കൻഡ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറുമായ കെ.ആർ. അഭിജിത്താണ് (30) മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ മങ്കര റെയിൽവേ സ്റ്റേഷനുസമീപമാണ് സംഭവം. മംഗലാപുരം-ചെന്നൈ എക്സ്പ്രസാണ് ഇടിച്ചതെന്നാണ് വിവരം.

ജൂൺ രണ്ടിനാണ് അഭിജിത്ത് പരിശീലനത്തിൽ പ്രവേശിച്ചതെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച വൈകീട്ട് ആറിന് പിഎസ്‌സി കംപ്യൂട്ടർ ഓപ്പറേറ്റർ പരീക്ഷയെഴുതുന്നതിനായി മുട്ടിക്കുളങ്ങര ക്യാമ്പിൽനിന്ന് നാട്ടിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച പരീക്ഷകഴിഞ്ഞ് അഭിജിത്തിനെ അച്ഛൻ രാമചന്ദ്രൻ തൃശ്ശൂരിൽനിന്ന്‌ തിരികെ ബസ് കയറ്റിവിട്ടു. വൈകീട്ട് എട്ടുമണിക്ക് മുട്ടിക്കുളങ്ങര ക്യാമ്പിൽ തിരിച്ചെത്തേണ്ടതായിരുന്നെങ്കിലും അഭിജിത്ത് എത്താതായതോടെ ക്യാമ്പിൽനിന്ന്‌ പോലീസുകാർ വീട്ടിലേക്ക് വിളിച്ചന്വേഷിച്ചു. ഇതോടെയാണ് വീട്ടുകാരും അഭിജിത്ത് ക്യാമ്പിലെത്തിയിട്ടില്ലെന്ന് അറിയുന്നത്. തുടർന്ന്, വീട്ടുകാർ വിയ്യൂർ പോലീസ് സ്റ്റേഷനിലും പരാതിപ്പെട്ടു.

അന്വേഷണം നടത്തുന്നതിനിടെയാണ് തീവണ്ടിയിടിച്ചുള്ള അപകടത്തെപ്പറ്റിയറിയുന്നത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. ബാഗിലെ പേഴ്സിൽനിന്ന് കിട്ടിയ ആധാർകാർഡിൽനിന്നാണ് അഭിജിത്താണ് മരിച്ചതെന്ന് അറിഞ്ഞത്. സംഭവം ആത്മഹത്യയാണോയെന്ന്‌ സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് മങ്കര പോലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.

കേരള തീരത്ത് നിന്ന് 78 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരഷ്ട്ര കപ്പലില്‍ ചാലില്‍ തീപിടിച്ച വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിലെ രക്ഷാ ദൗത്യം പുരോഗമിക്കുന്നു.

കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും മൂന്ന് വിമാനങ്ങളുമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സാഷെ, അര്‍ണ്‍വേഷ്, സമുദ്രപ്രഹ്രി, അഭിനവ്, രാജ്ദൂത് എന്നിവയ്ക്ക് ഒപ്പം മൂന്ന് സി 144 വിമാനങ്ങളുമാണ് രക്ഷാ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. നാവിക സേനയുടെ ഐഎന്‍എസ് സൂറത്തും ഐഎന്‍എസ് ഗരുഡയും സഹായത്തിനുണ്ട്.

കൊളംബോയില്‍ നിന്നും നവി മുംബൈയിലേക്ക് പോയ കപ്പലില്‍ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ പരിക്കേറ്റ കപ്പല്‍ ജീവനക്കാരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കപ്പലില്‍ ഉണ്ടായിരുന്ന 22 പേരില്‍ 18 പേരെ ബോട്ടിലേക്ക് മാറ്റിയതായി കൊച്ചി ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു. രണ്ട് പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.

കപ്പലില്‍ അപകടകരമായ വസ്തുക്കളാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തനിയെ തീപിടിക്കുന്നത് ഉള്‍പ്പെടെ നാല് തരത്തിലുള്ള രാസവസ്തുക്കള്‍ കപ്പലിലുണ്ട്. അതിനാല്‍ കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ കേരള തീരത്ത് ഇരുപത് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറി ബേപ്പൂരിനും അഴീക്കലിനും ഇടയിലാണ് കപ്പല്‍ അപകടം സംഭവിച്ചത്. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്‍കാന്‍ ആവശ്യമായ തയ്യാറെടുപ്പ് നടത്താന്‍ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിര്‍ദേശിച്ചിട്ടുണ്ട്.

ദുരന്തകഥകൾ യുവാക്കളെ വിശ്വസിപ്പിച്ച് വിവാഹത്തട്ടിപ്പ് നടത്തുന്ന യുവതി ഒടുവിൽ കുടുങ്ങി. എറണാകുളം ഉദയംപേരൂർ മണക്കുന്നം ഇല്ലത്ത് പറമ്പിൽ കോരയത്ത് ഹൗസിൽ രേഷ്മ(30)യെയാണ് ആര്യനാട് പോലീസ് അറസ്റ്റുചെയ്തത്.

വെള്ളിയാഴ്ച ആര്യനാട്ടു വെച്ച് പത്താമത്തെ വിവാഹത്തിനു തൊട്ടുമുൻപാണ് ഇവർ അറസ്റ്റിലായത്. വിവാഹത്തിന് എത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ പഞ്ചായത്തംഗമായ പ്രതിശ്രുതവരനും സുഹൃത്തുക്കളും ചേർന്നാണ് തട്ടിപ്പുകാരിയെ കുടുക്കിയത്. രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മയായ രേഷ്മ, ആദ്യ വിവാഹമെന്നപേരിൽ ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. പരസ്യം കണ്ട് ബന്ധപ്പെടുന്ന പുരുഷന്മാരോടു താൻ അനാഥയാണെന്ന തരത്തിലുള്ള കഥകൾപറഞ്ഞ് വിശ്വസിപ്പിക്കും. തുടർന്ന് പുരുഷന്മാർതന്നെ മുൻകൈയെടുത്ത് വിവാഹം നടത്തും. വിവാഹത്തിനുപിന്നാലെ കൈയിൽകിട്ടുന്ന സ്വർണവും പണവുമായി മുങ്ങുകയായിരുന്നു പതിവ്. നാണക്കേടുകാരണം തട്ടിപ്പിനിരയായവർ ഇതുവരെ പരാതി നൽകിയിട്ടില്ല.

ആര്യനാട് ഗ്രാമപ്പഞ്ചായത്തംഗത്തിന് പെൺകുട്ടിയുടെ അമ്മയാണെന്ന് പറഞ്ഞാണ് ആദ്യം ഫോൺവന്നത്. തുടർന്ന് രേഷ്മയുടെ ഫോൺ നമ്പർ പഞ്ചായത്തംഗത്തിനു കൈമാറി. ഇവർ പരസ്പരം സംസാരിക്കുകയും എറണാകുളത്തെ ഷോപ്പിങ് മാളിൽ വെച്ച് കാണുകയും ചെയ്തു.

തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്കു താത്പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ പറഞ്ഞു വിശ്വസിപ്പിച്ചു. തന്നെ ഇവിടെനിന്നു രക്ഷിക്കണമെന്നും ഒപ്പംവരാൻ തയ്യാറാണെന്നും പറഞ്ഞതോടെ പഞ്ചായത്തംഗം വിവാഹത്തിനു സമ്മതിക്കുകയായിരുന്നു. വിവാഹം ജൂൺ ആറിന് ആര്യനാട്ടുെവച്ച് നടത്താമെന്ന് തീരുമാനിച്ചു.

ജൂൺ അഞ്ചിനു വൈകിട്ട് രേഷ്മയെ വെമ്പായത്തു കൊണ്ടാക്കിയത് അടുത്തതായി ഇവർ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ തിരുവനന്തപുരത്തു വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. ഇയാൾ ഒരു ബന്ധുവാണെന്നാണ് പ്രതിശ്രുതവരനായ പഞ്ചായത്തംഗത്തിനോടു പറഞ്ഞിരുന്നത്. ആര്യനാട്ടുള്ള ബന്ധുവീട്ടിൽ പോവുകയാണെന്നാണ് രേഷ്മ അവിടെ കൊണ്ടുചെന്നാക്കിയ തിരുവനന്തപുരം സ്വദേശിയോടു പറഞ്ഞിരുന്നത്. വെമ്പായത്ത് എത്തിയ യുവതിയെ പഞ്ചായത്തംഗം സുഹൃത്തായ ഉഴമലയ്ക്കൽ ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ആര്യനാട്ട് വിവാഹമണ്ഡപം ബുക്ക് ചെയ്യുകയും രേഷ്മയ്ക്കുള്ള ആഭരണങ്ങളും താലിമാലയും വാങ്ങുകയും ചെയ്തിരുന്നു.

വിവാഹത്തിന്റെ മറ്റ് ഒരുക്കങ്ങളും ഭക്ഷണവും ഏർപ്പാടാക്കുകയും ചെയ്തു. പെട്ടെന്നുള്ള കല്യാണമായതിനാൽ കടംവാങ്ങിയും പലിശയ്‌ക്കെടുത്തുമാണ് പണം ചെലവഴിച്ചത്. ഏഴുലക്ഷത്തോളം രൂപ ചെലവായതായി പ്രതിശ്രുതവരനായ പഞ്ചായത്തംഗം പറയുന്നു.

രേഷ്മയുടെ പെരുമാറ്റത്തിൽ താമസിച്ച വീട്ടിലെ സ്ത്രീയ്ക്കു തോന്നിയ സംശയങ്ങളാണ് തട്ടിപ്പ് പിടികൂടാൻ സഹായിച്ചത്. വിവാഹദിവസം കുളിമുറിയിൽനിന്നു തിരിച്ചിറങ്ങിയ രേഷ്മ ബ്യൂട്ടിപാർലറിലേക്കു പോയി. എന്നാൽ, തൊട്ടുപിന്നാലെ കുളിമുറിയിൽ കയറിയ വീട്ടമ്മയ്ക്ക് രേഷ്മ കുളിച്ചില്ലെന്നു മനസ്സിലായി. തന്നോട് കള്ളം പറഞ്ഞതിലും രേഷ്മയുടെ മൊത്തം പെരുമാറ്റത്തിലും വീട്ടമ്മയ്ക്ക് അസ്വാഭാവികത തോന്നുകയായിരുന്നു.

തുടർന്ന് രേഷ്മ ബ്യൂട്ടിപാർലറിലായിരുന്ന സമയത്ത് ഗ്രാമപ്പഞ്ചായത്തംഗവും ഭാര്യയും പ്രതിശ്രുതവരനും ചേർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് 45 ദിവസം മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകളടക്കം കണ്ടെടുത്തത്. തട്ടിപ്പ് മനസ്സിലാക്കിയ പ്രതിശ്രുതവരൻ നൽകിയ പരാതിയിന്മേൽ കാട്ടാക്കട ഡിവൈഎസ്‌പി എൻ. ഷിബു, എസ്എച്ച്ഒ വി.എസ്. അജീഷ്, എസ്‌ഐ വേണു എന്നിവരുടെ നേതൃത്വത്തിൽ രേഷ്മയെ വിവാഹമണ്ഡപത്തിൽനിന്ന്‌ അറസ്റ്റ് ചെയ്യുകയായിരുന്നു.

45 ദിവസം മുൻപ് വിവാഹം കഴിച്ച പുതുപ്പള്ളി സ്വദേശിയെ കബളിപ്പിച്ചാണ് വിവാഹത്തിന് ആര്യനാട്ട് രേഷ്മ എത്തിയത്. വിവാഹ രജിസ്‌ട്രേഷൻ രേഖകളും കൊണ്ടുവന്നിരുന്നു. 2014ൽ ആയിരുന്നു രേഷ്മയുടെ ആദ്യ വിവാഹം. അതിനുശേഷം വൈക്കം, അങ്കമാലി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികളെയും വിവാഹം കഴിച്ചു. കുറച്ചു ദിവസമാണ് ഒാരോരുത്തരുടെയും കൂടെ താമസിച്ചത്. ഇതിനിടെ ഒരു ആൺകുഞ്ഞിനും ജന്മംനൽകി. സർട്ടിഫിക്കറ്റുകൾ എടുക്കാനുണ്ടെന്നു പറഞ്ഞാണ് രേഷ്മ ഓരോ വീടുകളിൽനിന്നു മുങ്ങിയിരുന്നത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ വാഹനത്തിൽനിന്നിറങ്ങി താലിമാലയും ആഭരണങ്ങളുമായി മുങ്ങിയിട്ടുമുണ്ട്.

Copyright © . All rights reserved