Kerala

നെയ്യാറ്റിന്‍കരയില്‍ യുവാവിന്റെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമാണെന്ന് സംശയം. പ്രാഥമിക പരിശോധനാഫലത്തിൽ തലച്ചോറിലെ അണുബാധ മൂലമാണ് മരണമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ജൂലായ് 23 നാണ് നെല്ലിമൂട് സ്വദേശി അഖില്‍ മരിച്ചത്.

രണ്ട് ദിവസം മുമ്പ് സമാനലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അനീഷെന്ന യുവാവിന്റെ നില ​ഗുരുതരമാണ്. അനീഷിന്റെ സാമ്പിൾ തിങ്കളാഴ്ച പരിശോധനയ്ക്ക് പരിശോധനക്കയയ്ക്കുമെന്നാണ് അധികൃതരിൽനിന്ന് ലഭിക്കുന്ന വിവരം.

കഠിനമായ പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ജൂലായ് 21-ന് അഖിലിനെ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ അഖിലിനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സമാന രോഗലക്ഷണങ്ങളുമായി അഞ്ചുപേര്‍ കൂടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.

നെല്ലിമൂട് കാവിന്‍കുളത്തില്‍ കുളിച്ചവരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉളളത്. മരിച്ചയാള്‍ ഉള്‍പ്പെടെ കുളിച്ച കുളം താല്‍ക്കാലിക സംവിധാനത്തിലൂടെ ആരോഗ്യവകുപ്പ് അടച്ചു. കുളത്തിലെ സാമ്പിളെടുത്ത് പരിശോധനയ്ക്കയച്ചു. ദിനംപ്രതി ഈ കുളത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാൽപതിലധികം പേര്‍ കുളിക്കാനെത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മണ്ണിന്റെ പ്രഹരത്തിൽ മരണത്തിലേക്ക് വീണുപാേയി തിരിച്ചറിയാൻ കഴിയാതായവർക്ക് ഒരേ മണ്ണിൽ അന്ത്യനിദ്ര. ഉള്ളം നുറുങ്ങിയ വേദനയോടെ അവരിൽ എട്ട് പേർക്ക് വയനാട് യാത്രാമൊഴിയേകി. മുണ്ടക്കെെൽ ഉരുൾപൊട്ടൽ ജീവനെടുത്തവരിൽ തിരിച്ചറിയാത്ത എട്ട് പേരുടെ മൃതദേഹങ്ങളാണ് പുത്തുമലയിലെ ഹാരിസൺ മലയാളത്തിന്റെ ഭൂമിയിൽ സംസ്കരിച്ചത്.

മതത്തിന്റെയും ആചാരങ്ങളുടെയും വേലിക്കെട്ടില്ലാതെ അടുത്തടുത്തായി ഒരുക്കിയ കുഴിമാടങ്ങളിൽ സർവമത പ്രാർത്ഥനയോടെയാണ് സംസ്കാരം നടന്നത്. കുഴിമാടത്തിന് അരികിൽ നിൽക്കുമ്പോഴും അവരിൽ ആരാണ് തന്റെ ബന്ധുവെന്നോ അയൽവാസിയെന്നോ അറിയാതെ നാട്ടുകാർ വിതുമ്പി.

തിരിച്ചറിയാത്ത മൃതദേഹങ്ങൾക്കായി 39 കുഴിമാടങ്ങളൊരുക്കിയെങ്കിലും എട്ടെണ്ണമാണ് അടക്കം ചെയ്തത്. അഴുകിത്തുടങ്ങിയവയായിരുന്നു അവ. ഉറ്റവർക്ക് തിരിച്ചറിയാൻവേണ്ടി മറ്റു മൃതദേഹങ്ങളുടെ സംസ്കാരം അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു.

കൂട്ട സംസ്‌കാരത്തിന് കൊണ്ടുവരുംമുമ്പ് മുഹ്‌സില എന്ന യുവതിയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങി. അതുമായി ബന്ധപ്പെട്ട നടപടികൾ കാരണമാണ് സംസ്‌കാര ചടങ്ങുകൾ വൈകിയത്. പുത്തുമലയിൽ കഴിഞ്ഞ തവണ ഉരുൾപൊട്ടൽ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിൽ റവന്യു ഉദ്യോഗസ്ഥർ സർവേ നടത്തി 64 സെന്റ് സ്ഥലം ഇതിനായി വേർതിരിക്കുകയായിരുന്നു.

മൃതശരീരങ്ങൾക്കു പുറമേ, ഓരോ ശരീര ഭാഗവും ഓരോ മൃതദേഹമായി കണക്കാക്കിയാണ് അടക്കം ചെയ്യുന്നത്. ഡി.എൻ.എ പരിശോധനയിലൂടെ ആരെയെങ്കിലും തിരിച്ചറിഞ്ഞാൽ തുടർ നടപടികളും ചടങ്ങുകളും നടത്തുന്നതിനാണ് വെവ്വേറെ കുഴിമാടങ്ങൾ സജ്ജമാക്കിയത്.

ബക്കറ്റിലെ വെള്ളത്തില്‍ വീണ് 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തലവണിക്കര സ്വദേശികളായ രാജേഷിന്റെയും അമൃതയുടെയും മകള്‍ നീലാദ്രിനാഥാണ് മരിച്ചത്.

ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ ബക്കറ്റില്‍ വീണു കിടക്കുന്ന രീതിയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികില്‍സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികില്‍സക്കിടെ ഞായറാഴ്ച രാവിലെയായിരുന്നു മരണം സംഭവിച്ചത്.

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്‌കരിക്കും. പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടു നല്‍കിയ 64 സെന്റ് സ്ഥലത്താണ് കുഴിമാടങ്ങള്‍ ഒരുക്കുന്നത്.

2019 ല്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം കൂടിയാണിവിടം. തിരിച്ചറിയാത്ത മൊത്തം 67 മൃതദേഹങ്ങളാണ് മേപ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഈ മൃതദേഹങ്ങളാണ് ഇവിടെ എത്തിച്ച് സംസ്‌കരിക്കുന്നത്.

സര്‍വമത പ്രാര്‍ഥനയ്ക്ക് ശേഷമാണ് സംസ്‌കാരം. ക്രൈസ്തവ, ഹൈന്ദവ, മുസ്ലീം മതപുരോഹിതര്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. പ്രാര്‍ഥനക്കായി പ്രത്യേകം പന്തലും ഒരുക്കിയിട്ടുണ്ട്.

യുകെ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ നിരവധി പേരാണ് വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ കേരളത്തിന് കൈത്താങ്ങാകാൻ ഒത്തു ചേരുന്നത്. ദുരന്തബാധിത ചൂരല്‍മലയില്‍ നഷ്ടമായ വീടുകള്‍ക്ക് പകരമായി പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ധാരാളം പേര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു. വി.ഡി സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ലൈബ്രറി കൗണ്‍സിലിന്റെ ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനവും സംസ്ഥാന, ജില്ല, താലൂക്ക് കൗണ്‍സില്‍ ഭാരവാഹികളുടെ ഓണറേറിയവും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസും ലൈബ്രേറിയന്‍മാരുടെ അലവന്‍സില്‍ നിന്നുള്ള വിഹിതവും ഗ്രന്ഥശാലകളുടെ ഗ്രാന്റില്‍ നിന്നുള്ള വിഹിതവും ചേര്‍ത്തുള്ള തുകയായ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനും സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍എസ്എസ്) ദുരിത ബാധിത കുടുംബങ്ങള്‍ക്കായി 150 ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയോ അല്ലെങ്കില്‍ അതിന്റെ തുക സര്‍ക്കാര്‍ നല്‍കുന്നതിനോ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകള്‍ നിര്‍മിച്ചു നല്‍കും. ഫ്രൂട്ട്‌സ് വാലി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി 10 ഏക്കര്‍ ഭൂമിയേറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതല്‍ 15 വരെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ചു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ദുരിത ബാധിതര്‍ക്ക് വീടുകള്‍ വെച്ചുനല്‍കാന്‍ സന്നദ്ധത അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തീരുന്ന മുറക്ക് മതിയായ ഭൂമി ലഭ്യമാകുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. കോട്ടക്കല്‍ ആര്യവൈദ്യശാല 10 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചു – മുഖ്യമന്ത്രി പറഞ്ഞു.

ഒരു രാത്രി മുഴുവന്‍ വനത്തില്‍ കുടുങ്ങിയ രക്ഷാപ്രവര്‍ത്തകരെ ഹെലികോപ്ടര്‍ എത്തി എയര്‍ലിഫ്റ്റിങ്ങിലൂടെ സാഹസികമായി രക്ഷപ്പെടുത്തി. മലപ്പുറം സ്വദേശികളായ മൂന്നു പേരാണു ആര്‍ത്തലച്ച് ഒഴുകുന്ന പുഴയ്ക്കും പാറക്കെട്ടിനുമിടയില്‍ ഒരു രാത്രി മുഴുവന്‍ കാട്ടില്‍ കുടുങ്ങിയത്. അതില്‍ രണ്ടു പേരെ എയര്‍ലിഫ്റ്റിലൂടെയും ഒരാളെ വാഹനത്തിലും രക്ഷപ്പെടുത്തി.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചാലിയാറില്‍ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ വനമേഖലകളിലുണ്ടാകുമെന്ന നിഗമനത്തില്‍ കാടുകയറിയവരാണ് അവശരായതിനെ തുടര്‍ന്ന് കാട്ടില്‍ കുടുങ്ങിയത്. നിലമ്പൂര്‍ മുണ്ടേരി തമ്പുരാട്ടിക്കല്ല് സ്വദേശികളായ കെ.പി.സാലിം, റഈസ്, അരീക്കോട് സ്വദേശി മുഹ്സിന്‍ എന്നിവരാണ് മലകയറിയത്. ഒട്ടേറെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ച ഇവര്‍ കാട്ടിലാകെ അലഞ്ഞ് സൂചിപ്പാറയുടെ അടിഭാഗത്ത് എത്തി. ഒരു ഭാഗത്ത് പുഴ ശക്തമായി ഒഴുകുന്നു. ഇതിനിടെ റഈസിന് രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടാകുകയും യാത്ര തുടരാന്‍ കഴിയാതാകുകയും ചെയ്തു.

പുഴ ശക്തമായി ഒഴുകുന്നതിനാല്‍ മറുകര കടക്കാനായില്ല. ഇതോടെ വന്യമൃഗങ്ങളുള്ള കാട്ടില്‍ ഒരു രാത്രി മുഴുവന്‍ ഇരുട്ടില്‍ കഴിഞ്ഞു. രാവിലെ അതുവഴി തിരച്ചിലിനിറങ്ങിയ മറ്റൊരു സംഘമാണു മൂവരെയും കണ്ടത്, പിന്നാലെ അധികൃതരെ വിവരമറിയിച്ചു. അഗ്‌നിരക്ഷാ സേനയും പൊലീസും വനം വകുപ്പും ചേര്‍ന്നു സംഘത്തെ പുറത്തേക്കു കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെയാണ് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റിനുള്ള ശ്രമം നടത്തിയത്.

ആദ്യഘട്ട പരിശോധനയില്‍ വനമേഖല കൃത്യമായി കണ്ടെത്താനാകാത്തതിനാല്‍ വനംവകുപ്പിന്റെ സഹായം തേടി. പരുക്കുകളുണ്ടായിരുന്ന മുഹ്‌സിനെയും സാലിമിനെയും സാഹസികമായ രക്ഷാദൗത്യത്തിനൊടുവില്‍ ഹെലികോപ്റ്ററില്‍ കയറ്റി. ചൂരല്‍മലയില്‍ എത്തിച്ച ഇവരെ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകാൻ പ്രത്യേക സംവിധാനം. സംഭാവനകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധനവകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കികൊണ്ടുള്ള സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ദുരുപയോഗം തടയാനായി ക്യു.ആര്‍ കോഡ് സംവിധാനം പിന്‍വലിക്കും.

സംഭാവന ചെയ്യുന്നതിനായി donation.cmdrf.kerala.gov.in എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്. പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേയ്‌മെന്റ് സംവിധാനംവഴി വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പര്‍ വഴി നേരിട്ടോ സംഭാവന നല്‍കാം. ഇതിലൂടെ നല്‍കുന്ന സംഭാവനയ്ക്ക് ഉടന്‍ തന്നെ റെസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് 48 മണിക്കൂറിനുശേഷമേ റസീപ്റ്റ് ലഭിക്കൂ.

ദുരിതാശ്വാസ നിധിയുടെ പോര്‍ട്ടലിലും സോഷ്യല്‍ മീഡിയ വഴിയും വിവിധ അക്കൗണ്ടുകളുടെ യുപിഐ ക്യുആര്‍ കോഡ് നല്‍കിയിരുന്നു. അത് ദുരുപയോഗപ്പെടുത്താനുള്ള സാധ്യത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ക്യുആര്‍ കോഡ് സംവിധാനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി ഗൂഗിള്‍ പേയിലൂടെ സംഭാവന നല്‍കാം.

സി.എം.ഡി.ആര്‍.എഫിലേക്കുള്ള പണം അല്ലാതെ വിവിധ സഹായവാഗ്ദാനങ്ങൾ കോ-ഓര്‍ഡിനേറ്റ് ചെയ്യാന്‍ മുന്‍ വയനാട് കളക്ടര്‍ കൂടിയായ ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ. ഗീതയുടെ ചുമതലയില്‍ ഹെല്‍പ്പ് ഫോര്‍ വയനാട് സെല്‍ രൂപീകരിക്കും. ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി ഇത്തരം സഹായങ്ങള്‍ നല്‍കാന്‍ തയ്യാറുള്ള ദാതാക്കളുമായി ആശയവിനിമയം നടത്തുന്നതിന് മാത്രമായി letushelpwayanad @ gmail .com എന്ന ഇ-മെയില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കോളുകള്‍ സ്വീകരിക്കുന്നതിനും മറുപടി നല്‍കുന്നതിനുമായി ഒരു കോള്‍ സെന്ററും സ്ഥാപിക്കും. 9188940013, 9188940014, 9188940015 എന്നീ നമ്പറുകളില്‍ കോള്‍ സെന്ററുകളില്‍ ബന്ധപ്പെടാം. ലാന്‍ഡ് റവന്യു കമീഷണറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കോള്‍ സെന്റര്‍ കൈകാര്യംചെയ്യും.

പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ. 2022 ജൂലൈ 6-ന് പുറപ്പെടുവിച്ചതും ഈ വർഷം ജൂണിൽ കാലഹരണപ്പെട്ടതുമായ കരട് വിജ്ഞാപനത്തിന് സമാനമാണ് പുതിയ വിജ്ഞാപനവും. ആറ് സംസ്ഥാനങ്ങളിലെ 56,800 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനാണ് നീക്കം.കേരളത്തിലെ 131 വില്ലേജുകൾ ഇതിൻ്റെ പരിധിയിൽ വരും. വയനാട്ടിൽ നിന്ന് 13 വില്ലേജുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ മുണ്ടക്കൈയിൽ 300ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഉരുൾപൊട്ടലിന് പിന്നാലെയാണ് കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കിയത്. ഇത് അഞ്ചാം തവണയാണ് കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കുന്നത്. പലതവണ ചർച്ചകൾ നടന്നെങ്കിലും അന്തിമ വിജ്ഞാപനം പുറത്തിറക്കാൻ കഴിഞ്ഞിരുന്നില്ല. 2023ൽ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടിയിരുന്നു. ഈ കാലാവധി ജൂണിൽ അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ വിജ്ഞാപനം ഇറക്കിയത്.

സിനിമാതാരം ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്ന പേരിലുള്ള വീടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ പിഴവുകൾ വരുത്തിയ മൂന്ന് സ്ഥാപനങ്ങൾ ചേർന്ന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. 2014ലാണ് താരം എറണാകുളം ചെമ്പുമുക്കിൽ വീട് നിർമിച്ചത്. എറണാകുളത്തെ പി.കെ. ടൈൽസ് സെൻറർ, കേരള എ.ജി.എൽ വേൾഡ് എന്നീ സ്ഥാനങ്ങളാണ് നഷ്ട പരിഹാരം നൽകേണ്ടത്.

എറണാകുളം ചെമ്പുമുക്കിൽ 2014ലാണ് ഹരിശ്രീ അശോകൻ വീട് പണിതത്. മേല്പറഞ്ഞ സ്ഥാപനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഫ്ലോർ ടൈൽസ് അശോകൻ വാങ്ങുകയും തറയിൽ വിരിക്കുകയും ചെയ്തിരുന്നു. എൻ എസ് മാർബിൾ വർക്സിൻ്റെ ഉടമ കെ എ പയസിൻ്റെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന പണികൾ നടന്നത്.

വീടിൻ്റെ പണികൾ പൂർത്തിയായി നാല് വർഷം എത്തിയപ്പോൾ തറയോടുകളുടെ നിറം മങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ എത്താൻ തുടങ്ങുകയും ചെയ്തു. 2018 ഫെബ്രുവരിയിൽ നോട്ടീസ് അയച്ചത് അടക്കം എതിർകക്ഷികളെ പലവട്ടം സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് നടൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 300 കടന്നു.ഇന്ന് 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്.ഇതോടെ മരണസംഖ്യ 314 ആയി. തെരച്ചിൽ പുരോഗമിക്കുമ്പോൾ ഇനിയും 200 ലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം.വെള്ളാർലേ സ്‌കൂളിന് സമീപത്ത് വ്യാപക പരിശോധന നടക്കുകയാണ്. ഒറ്റപ്പെട്ടുപോയ നാലുപേരെ സൈന്യം തെരച്ചിലിൽ കണ്ടെത്തി.

ദുരന്തം 49 കുട്ടികളെ ബാധിച്ചതായി വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. 28 കുട്ടികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 206 പേരെക്കുറിച്ച് ഇപ്പോഴും ഒരു വിവരവും കിട്ടിയിട്ടില്ല. 130 ശരീരഭാഗങ്ങളുടെ ഡിഎൻഎ ടെസ്റ്റ് നടത്തും. കാണാതായവരെ മൊബൈൽ ലൊക്കേഷൻ നോക്കി കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. രണ്ടു സ്‌കൂളുകൾ തകർന്നു. ഇതിന്റെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച തീരുമാനം പിന്നീട് എടുക്കും.

നാലാം നാൾ ഒമ്പത് മൃതദേഹങ്ങളും അഞ്ച് ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. 116 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആറു സോണുകളായി തിരിഞ്ഞ് തെരച്ചിൽ നടക്കുകയാണ്. വെള്ളാർമല സ്‌കൂളിന്റെ പരിസരം കേന്ദ്രീകരിച്ചും ചാലിയാറിലും ഇരുവഴിഞ്ഞി പുഴയിലുമെല്ലാം തെരച്ചിൽ നടക്കുകയാണ്. രക്ഷാപ്രവർത്തനത്തിനിടയിലും കനത്തമഴ തുടരുകയാണ്.

തിരിച്ചറിയാൻ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചിട്ടുള്ളത്. മേപ്പാടി പ്രകൃതി ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ സാധിക്കാത്ത ഭൗതികശരീരങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളിൽ സംസ്‌കരിക്കും. കൽപ്പറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടർനാട്, എടവക, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. ശരീരഭാഗങ്ങളെയും മൃതദേഹമായിട്ടാണ് കണക്കെടുക്കുമ്പോൾ പരിഗണിക്കുന്നത്.

Copyright © . All rights reserved