താമരശ്ശേരി ചുരത്തില്‍ മൂത്രമൊഴിക്കാനായി ഇറങ്ങി റോഡരികിലേക്ക് നിന്ന വിനോദയാത്രാ സംഘത്തിലെ യുവാവ് കാല്‍ തെന്നി കൊക്കയിലേക്ക് വീണ് മരിച്ചു. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശിയായ അമല്‍ജിത്ത് (23) ആണ് മരിച്ചത്. താമരശ്ശേരി ഒന്‍പതാം വളവിന് താഴെ കുപ്പിക്കഴുത്തിന് സമീപമുള്ള മിനി വ്യൂ പോയിന്റില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം.
കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുന്ന അമല്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകവേയായിരുന്നു അപകടം. അറുപതടിയോളം താഴ്ചയിലേക്ക് പതിച്ച അമല്‍ജിത്തിനെയും രക്ഷപ്പെടുത്താന്‍ ഇറങ്ങിയ അമല്‍ ദാസ്, പ്രസാദ് എന്നിവരെയും കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷപ്പെടുത്തി മുകളിലേക്കെത്തിച്ചത്.
അടിവാരം ഔട്ട് പോസ്റ്റ് പോലീസും താമരശ്ശേരി ഹൈവേ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.തലയ്ക്ക് ഉള്‍പ്പെടെ ക്ഷതമേറ്റ ഇദ്ദേഹത്തെ ആംബുലന്‍സില്‍ കയറ്റി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. താമരശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പിന്നീട് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി
യു കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് വെച്ചാണ് കൽപ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിനെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
2023 ഓഗസ്റ്റ് മുതൽ 2024 മെയ് വരെയുള്ള കാലയളവിലാണ് 4471675 ലക്ഷം രൂപ സേവ്യറും ഭാര്യയും കൂടെ തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി തട്ടിയെടുത്തത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്.
ഓട്ടിസം ബാധിച്ച കുട്ടിക്ക് യു കെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
സംസ്ഥാനത്ത് വേറെയും ആളുകൾ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡി വൈ എസ് പി ഷൈജു പി എല്ലിന്‍റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ബിജു ആന്‍റണി, എസ് ഐ രാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരിജ, അരുൺ രാജ്, സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ്, ലിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ അന്ന ഗ്രേസ് ഓസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കൊല്ലം കുണ്ടറയില്‍ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്.
പ്രതികൾ മുമ്പും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പൊലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിയാണ് ഒരാളെന്നും പൊലീസ് പറഞ്ഞു. അട്ടിമറി സാധ്യത ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ കൂടുതൽ പ്രതികളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അട്ടിമറി സാധ്യതയടക്കം ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. പാലരുവി എക്സ്പ്രസിനെ അപായപ്പെടുത്താനായിരുന്നു നീക്കമെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു. പ്രതികളെ പിടികൂടുന്നതിൽ സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമായി. രണ്ട് യുവാക്കള്‍ റോഡരികില്‍ കിടന്ന ടെലിഫോണ്‍ പോസ്റ്റ് എടുക്കുന്ന സിസിടിവി ദൃശ്യവും പൊലീസ് ശേഖരിച്ചിരുന്നു.
സംഭവം നടന്നശേഷമുള്ള അന്വേഷണത്തിൽ സമീപത്ത് നിന്ന് പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് കുണ്ടറയില്‍ ഓള്‍ഡ് ഫയര്‍ ഫോഴ്സ് ജങ്ഷന് സമീപത്തെ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കിടക്കുന്നത് പ്രദേശവാസിയായ യുവാവിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്.
ഉടന്‍ തന്നെ റെയില്‍വേ ജീവനക്കാരെയും എഴുകോണ്‍ പൊലീസിനെയും വിവരം അറിയിച്ചു. അധികൃതരെത്തി പോസ്റ്റ് നീക്കം ചെയ്തു. രണ്ട് തവണ പാളത്തിന് കുറുകെ പോസ്റ്റ് വെച്ചെന്ന സംശയത്തിലാണ് കുണ്ടറ പൊലീസ്. സമീപത്തായി റോഡരികില്‍ കിടന്ന പഴയ പോസ്റ്റാണ് പാളത്തില്‍ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. പാലരുവി എക്സ്പ്രസിനെ ലക്ഷ്യമിട്ട് നടന്ന അട്ടിമറി നീക്കമാണെന്ന് സ്ഥലം എംഎല്‍എ പി.സി വിഷ്ണുനാഥ് ആരോപിച്ചു. പൊലീസിനൊപ്പം റെയില്‍വെയും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
പി.സി ജോർജ് മാപ്പ് പറഞ്ഞിട്ടും അറസ്റ്റിലൂടെ വിഷയം സജീവമാക്കി നിറുത്തി കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന ആരോപണവുമായി മകൻ ഷോണ്‍ ജോർജ്. ഈരാറ്റുപേട്ട സിഐയുടെ ഓഫീസ് പി.സി ജോർജ് ഉണ്ടാക്കിയതാണ്.
ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി പി.സി ജോർജ് ഉണ്ടാക്കിയതാണ്. മുനിസിപ്പാലിറ്റി അടക്കം ഈരാറ്റുപേട്ടയില്‍ ഇന്ന് കാണുന്നതെല്ലാം പി.സി ജോർജ് ഉണ്ടാക്കിയതാണെന്ന് ഷോണ്‍ അവകാശപ്പെട്ടു. അദ്ദേഹം ഒത്തിരി സ്നേഹിച്ച ഒരു സമൂഹം വഴിതെറ്റിപോകുന്ന സാഹചര്യമുണ്ടായി. അവരില്‍ എല്ലാവരും തീവ്രവാദികളാണെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല.
തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ ഈരാറ്റുപേട്ടയില്‍ ഉണ്ടെന്ന് പറയാനും, ഈ നാടിന് ആപത്തുണ്ടാകുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാൻ മുപ്പതില്‍ അധികം വർഷം ജനപ്രതിനിധി ആയിരുന്ന ഒരാള്‍ക്ക് സ്വാതന്ത്ര്യം ഇല്ലായെങ്കില്‍ ആ സ്വാതന്ത്ര്യം നേടിയെടുത്തേ പറ്റൂവെന്ന് ഷോണ്‍ ജോർജ് പറഞ്ഞു.
നിയമത്തെ നിയമം കൊണ്ടുതന്നെ നേരിടും. തീവ്രവാദ സംഘടനകള്‍ക്കെതിരെ പി.സി ജോർജിന്റെ പോരാട്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പോരാട്ടം അദ്ദേഹം തുടരും. തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഹാജരാകുമെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്. അവർ മറുപടി തന്നിട്ടില്ല. ഓടിച്ചിട്ട് അറസ്‌റ്റ് ചെയ്യാനാണെങ്കില്‍ അറസ്‌റ്റ് ചെയ്യട്ടെയെന്നും ഷോണ്‍ ജോർജ് പ്രതികരിച്ചു.
ഭാര്യക്ക് പകരം ഡോക്ടറായ ജോലി ചെയ്യുന്നത് ഭർത്താവ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ സഫീല്‍ ആണ് ആൾമാറാട്ടം നടത്തി ജോലി ചെയ്യുന്നത്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോ. സഹീദക്കെതിരെയാണ് പരാതി. ഡോ. സഹീദയുടെ രാത്രി ഡ്യൂട്ടി ഭർത്താവ് സഫീല്‍ ആണ് ചെയ്യുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡണ്ട് യുഎ റസാഖ് ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസർക്കും പരാതി നല്‍കിയിട്ടുണ്ട്.
ഡോ. സഹീദ രാത്രി കുഞ്ഞിന് മുലയൂട്ടാൻ പോകുമ്പോള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഭർത്താവ് സഫീല്‍ രോഗികളെ ചികിത്സിച്ചതെന്നാണ് തിരൂരങ്ങാടി താലൂക്ക് ആശുപതി സൂപ്രണ്ടിൻ്റെ വിശദീകരണം.
ഭർത്താവ് സഫീല്‍ ഗവണ്‍മെൻ്റ് ഡോക്ടർ തന്നെയാണെന്നും സൂപ്രണ്ട് പറയുന്നു. അതേസമയം, പരാതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിഎംഒ പ്രതികരിച്ചു.
ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. പന്നിയാർകുട്ടി സ്വദേശി ബോസ്, ഭാര്യ റീന, ബന്ധുവായ എബ്രഹാം എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.
മരിച്ചവരുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വികരിച്ചു. ഒളിമ്പ്യൻ കെ.എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന.
ഇടുക്കി കട്ടപ്പന കരിമ്പാനിപ്പടിയിൽ വാഹന അപകടത്തിലും ഒരാൾ മരിച്ചു. വള്ളക്കടവ് തണ്ണിപ്പാറ റോബിൻ ജോസഫാണ് മരിച്ചത്. കാർ ക്രാഷ് ബാരിയറിൽ ഇടിച്ച് കയറിയാണ് അപകടം. ഇന്നലെ രാത്രിയിലായിരുന്നു അപകടം.
കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജി.എസ്.ടി അഡീഷണല്‍ കമ്മിഷണര്‍ മനീഷ് വിജയിയും കുടുംബവും ആരുമായും കാര്യമായി ബന്ധംപുലര്‍ത്തിയിരുന്നില്ലെന്ന് പ്രദേശവാസികള്‍. ഓഫീസിലും കാര്യമായ സൗഹൃദം പുലര്‍ത്താത്ത ഉദ്യോഗസ്ഥനായിരുന്നു ഇയാളെന്നും സഹപ്രവര്‍ത്തകരും വ്യക്തമാക്കുന്നു. ഝാര്‍ഖണ്ഡ് സ്വദേശിയാണ് മനീഷ് വിജയ്. മനീഷിനെയും സഹോദരിയേയും അമ്മയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. മൂന്ന് മുറികളിലായിട്ടായിരുന്നു മൂന്ന് മൃതദേഹങ്ങളും.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി മനീഷ് അവധിയിലായിരുന്നു. സഹോദരിയുമായി ബന്ധപ്പെട്ട വിഷയത്തിന് നാട്ടില്‍പോകുന്നുവെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അവധി അവസാനിച്ചിട്ടും ഓഫീസിലെത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വ്യാഴാഴ്ച അന്വേഷിച്ചെത്തിയപ്പോഴാണ് ഇവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടത്. ഇതിനിടെ സമീപത്തെ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കും പ്രദേശത്ത് നിന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പേ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. മൃഗങ്ങള്‍ വല്ലതും ചത്തുകിടക്കുന്നതായാണ് ആദ്യം കരുതിയിരുന്നതും. സഹപ്രവര്‍ത്തകരും മറ്റും എത്തിയതിന് പിന്നാലെ നാട്ടുകാരും മറ്റുള്ളവരുമെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് രണ്ടുമുറികളിലായി തുങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.
മനീഷിന്റെ മൃതദേഹം വീടിന്റെ മുന്‍ഭാഗത്തെ മുറിയിലും സഹോദരി ശാലിനിയുടെ മൃതദേഹം പിന്‍ഭാഗത്തെ മുറിയിലുമാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ജനലിലൂടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. പിന്നീട് രാത്രി പോലീസ് ഫോറന്‍സിക് വിദഗ്ധരുടെ അടക്കം സാന്നിധ്യത്തില്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അമ്മയുടെ മൃതദേഹം കട്ടിലില്‍ കണ്ടെത്തിയത്.
ഒന്നര വര്‍ഷത്തോളമായി ഈ ക്വാര്‍ട്ടേഴ്‌സില്‍ മനീഷ് താമസം തുടങ്ങിയിട്ട്. മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് സഹോദരിയേയും ഇവിടെ താമസം തുടങ്ങിയിട്ടുള്ളൂവെന്നാണ് വിവരം.
അഞ്ചു വര്‍ഷമായി നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്തതിൻ്റെ വിശമത്തിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്. മാര്‍ച്ച് 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
കോടഞ്ചേരി സെന്റ് ജോസഫ്‌സ് എല്‍. പി. സ്‌കൂള്‍ അധ്യാപിക അലീന (30 ) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നല്‍കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉത്തരവിട്ടു. 6 വർഷം ജോലി ചെയ്തിട്ടും നിയമനം നല്‍കിയില്ലെന്ന മനോവിഷമത്തിലാണ് ആത്മഹത്യ, എന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടല്‍. കോടഞ്ചേരി സെൻ്റ് ജോസഫ് എല്‍ പി സ്കൂള്‍ അധ്യാപികയായിരുന്നു അലീന ബെന്നി.
ബുധനാഴ്ചയാണ് കോഴിക്കോട് കട്ടിപ്പാറ സ്വദേശിനിയായ അധ്യാപിക അലിന ബെന്നി ആത്മഹത്യ ചെയ്തത്. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിന് കീഴില്‍ വരുന്ന കോടഞ്ചേരി സെൻ്റ് ജോസഫ് എല്‍ പി സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണ് ആത്മഹത്യ. 6 വർഷമായിട്ടും അലിനക്ക് നിയമനം നല്‍കിയില്ലെന്നും അതില്‍ മനംനൊന്താണ് ആത്മഹത്യ എന്ന പരാതിയുമായി പിതാവ് രംഗത്തെത്തി. അതിന് പിന്നാലെയാണ് വിദ്യാഭ്യാസമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
കൈക്കൂലിക്കേസിൽ എറണാകുളം ആർ.ടി.ഒ വിജിലൻസിന്റെ പിടിയിലായി. ടി.എം.ജെയ്സൺ ആണ് പിടിയിലായത്. ഇയാൾക്കൊപ്പം രണ്ട് ഏജന്റുമാരേയും പിടികൂടി. ജെയ്സന്റെ വീട്ടിൽനിന്ന് 50-ലേറെ വിദേശമദ്യക്കുപ്പികളും കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് വിജിലൻസ് എസ്.പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ആർ.ടി.ഒയെ അറസ്റ്റ് ചെയ്തത്.
ഫോർട്ട്കൊച്ചി-ചെല്ലാനം റൂട്ടിലോടുന്ന പ്രൈവറ്റ് ബസിന്റെ താത്ക്കാലിക പെർമിറ്റ് പുതുക്കുന്നതിന് ജെയ്സൺ കൈക്കൂലി ചോദിച്ചെന്ന് വിജിലൻസിന് പരാതി കിട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജെയ്സണെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ചുകാലമായി ജെയ്സണും മറ്റുചില ഉദ്യോഗസ്ഥരും വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.
ജെയ്സന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത വിദേശമദ്യത്തിൽ ഏറെയും ഇറക്കുമതി ചെയ്തവയാണെന്നാണ് കരുതുന്നത്. ജെയ്സണേയും രണ്ട് ഏജന്റുമാരേയും വിജിലൻസ് ചോദ്യംചെയ്ത് വരികയാണ്.
റോഡിൽവെച്ച് പണവും മദ്യക്കുപ്പിയും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജെയ്സണെ വിജിലൻസ് സംഘം പിടികൂടിയതെന്ന് വിജിലൻസ് എസ്.പി പ്രതികരിച്ചു. രാമു, സജി എന്നീ കൺസൾട്ടന്റുമാരാണ് പിടിയിലായ മറ്റ് രണ്ടുപേർ. സജിയാണ് ജെയ്സന്റെ ഏറ്റവും അടുത്തയാൾ. വീടിനുപുറമേ ജെയ്സന്റെ ഓപീസിലും റെയ്ഡ് നടത്തി. റബ്ബർ ബാൻഡിട്ട് ചുരുട്ടി വെച്ച നിലയിൽ അറുപതിനായിരത്തോളം രൂപയും കിട്ടിയിട്ടുണ്ട്. 50 ലക്ഷത്തിനപ്പുറം പോകുന്ന നിക്ഷേപങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
കുറവിലങ്ങാട് വെമ്പള്ളിയിൽ ബാറിൽ വച്ച് മധ്യവയസ്കന്റെ നേരെ ചില്ലു ഗ്ലാസുകൾ വച്ച് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം സ്വദേശി ബിജു സി.രാജു (42) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് 8 മണിയോടുകൂടി വെമ്പള്ളിയിൽ പ്രവർത്തിക്കുന്ന ബാറിൽ എത്തിയ മധ്യവയസ്കനും സുഹൃത്തും മദ്യത്തിന്റെ അളവിനെ ചൊല്ലി ബിജുവുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇയാൾ ഇവരെ ചീത്ത വിളിക്കുകയും, അവിടെയിരുന്ന ചില്ലു ഗ്ലാസുകൾ എടുത്ത് മധ്യവയസ്കന്റെയും, സുഹൃത്തിന്റെയും നേരെ എറിയുകയുമായിരുന്നു. ആക്രമണത്തിൽ മധ്യവയസ്കന് സാരമായ പരിക്കേൽക്കുകയും ചെയ്തു.
പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഓ അജീബ് ഇ, എസ്.ഐ മാരായ ശരണ്യ എസ്. ദേവൻ, മഹേഷ് കൃഷ്ണൻ, ജെയ്സൺ അഗസ്ത്യൻ, എ.എസ്. ഐ ജോണി പി.കെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.