Kerala

മാമ്പുഴക്കരയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു. ഒറ്റയ്ക്ക് താമസിക്കുന്ന കൃഷ്ണമ്മ എന്ന 62കാരിയെയാണ് ബന്ദിയാക്കി കവർച്ച നടത്തിയത്. വീട്ടുസഹായത്തിനായി നിന്നിരുന്ന തിരുവനന്തപുരം സ്വദേശിനിയെ കാണാനില്ലെന്ന പരാതിയും ഇതിനുപിന്നാലെ ഉയർന്നിരിക്കുകയാണ്.

കുറച്ചധികം നാളുകളായി വീട്ടിൽ ഒറ്റയ്ക്കാണ് കൃഷ്ണമ്മ താമസിച്ചിരുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് ഇവരുടെ വീട്ടിൽ മോഷണം നടന്നത്. വീട്ടിലെത്തിയ നാലം​ഗസംഘം കൃഷ്ണമ്മയെ കെട്ടിയിട്ട് മർദിച്ചു. തുടർന്ന് വീട്ടിലുണ്ടായിരുന്ന മൂന്നര പവന്റെ സ്വർണവും 36,000 രൂപയും ഓട്ടുവിളക്കും പാത്രങ്ങളും എ.ടി.എം കാർഡും കവർന്നശേഷം രക്ഷപ്പെടുകയുംചെയ്തു.

ആദ്യത്തെ അടിയിൽത്തന്നെ ബോധം പോയതുകൊണ്ട് പിന്നീടെന്താണ് നടന്നതെന്ന് അറിയില്ലെന്ന് കൃഷ്ണമ്മ പറഞ്ഞു. രാവിലെ ഉണർന്നശേഷം ഇവർ ആശുപത്രിയിലെത്തി ചികിത്സ തേടുകയും പിന്നാലെ പോലീസിൽ പരാതി നൽകുകയും ചെയ്തു.

മോഷണത്തിനുപിന്നാലെ ഇവരുടെ വീട്ടിൽ സഹായത്തിന് നിന്നിരുന്ന യുവതിയെ കാണാതായിട്ടുണ്ട്. ഒരാഴ്ച മുൻപാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി ഇവരുടെ വീട്ടിലേക്ക് വന്നത്. നാലുമാസം മുൻപാണ് ഇരുവരും പരിചയപ്പെടുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

ഇന്നലെ വൈകിട്ട് എളമക്കരയില്‍ നിന്ന് കാണാതായ കുട്ടിയെ വല്ലാര്‍പാടത്ത് നിന്ന് കണ്ടെത്തി. കെവശമുണ്ടായിരുന്ന ഫോണ്‍ സ്‌കൂളില്‍ പിടിച്ചുവെച്ചത് കുട്ടിയെ മാനസിക വിഷമത്തിലാക്കി. ഇക്കാര്യം വീട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടി മാറി നിന്നത്. 7 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്.

അമ്മയുടെ ഫോണുമായിട്ടാണ് കുട്ടി സ്‌കൂളില്‍ പോയത്. ഇത് സ്‌കൂള്‍ അധികൃതര്‍ ചോദ്യം ചെയ്യുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി മാറിനിന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പൊലീസ് അന്വേഷണം നടത്തിയത്.

വല്ലാര്‍പാടം പള്ളിയുടെ സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടി നഗരത്തില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.

ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ ബസിനടിയിലേക്ക് തെറിച്ചു വീണ യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം വാണിയമ്പലം മങ്ങംപാടം പൂക്കോടൻ സിമി വർഷ (22) ആണ് മരിച്ചത്. ഭർത്താവ് വിജേഷിനെ (28) പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൈക്ക് എതിരെ വന്ന ബസിന്റെ ഒരു വശത്ത് തട്ടിയാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് തിരുവാലി പൂന്തോട്ടത്തിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിനിടെ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് വച്ച് തന്നെ യുവതി മരിച്ചു. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

കാര്യവട്ടം ഗവ. കോളേജില്‍ റാഗിങ് നടന്നതായി വിദ്യാര്‍ഥിയുടെ പരാതി. ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസാണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ആന്റി -റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴുപേര്‍ക്കെതിരെയാണ് പരാതി.

സി.സി.ടി.വി. ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് സമിതി റാഗിങ് നടന്നതായി കണ്ടെത്തിയത്. കഴിഞ്ഞ 11-ാം തീയതി സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. ബിന്‍സ് ജോസിന്റെ സുഹൃത്തായ അഭിഷേകിന് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഇരുകൂട്ടരുടെയും പരാതിയില്‍ അന്ന് കഴക്കൂട്ടം പോലീസ് കേസെടുക്കുകയും ചെയ്തു.

സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. പഴയന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വരാന്തയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടുകൂടിയാണ് സംഭവം. സ്‌കൂള്‍ വളപ്പില്‍ നിന്നും ലഭിച്ച സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ പന്തുപോലത്തെ വസ്തു വിദ്യാര്‍ത്ഥികള്‍ തട്ടിക്കളിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.

അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് കാലിന് ചെറിയതോതില്‍ പരിക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി.

കാട്ടുപന്നിയെ പിടികൂടുന്നതിനായി വെച്ച സ്‌ഫോടക വസ്തു തെരുവുനായ്ക്കളോ മറ്റോ കടിച്ചു കൊണ്ട് വന്ന് സ്‌കൂള്‍ വളപ്പിലിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പഴയന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അടുത്തിടെ അന്തരിച്ച നെയ്യാറ്റിൻകര ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവിന്‍റെ പരാക്രമം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്‍റെ പരാക്രമം അരങ്ങേറിയത്. പ്രദേശത്തെ വീടുകളിൽ ബഹളമുണ്ടാക്കുകയും മൂന്നു യുവാക്കളെ മർദ്ദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഇയാളെ നീക്കിയത്.

പൊലീസ് യുവാവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ ഇന്ന് പുലർച്ചെയോടെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയ ഇയാൾ ജീവനക്കാരോടടക്കം തട്ടിക്കയറിയെന്നും പൊലീസ് പറ‍ഞ്ഞു.

തുടര്‍ന്ന് പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിലും ഇയാൾ ബഹളമുണ്ടാക്കിയതോടെ കൈകാലുകൾ ബന്ധിച്ചാണ് പേരൂർക്കട ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഇയാൾ സമീപത്തെ ക്ഷേത്രത്തിലെ ജീവനക്കാരനാണെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. നെയ്യാറ്റിൻകരയിൽ അച്ഛൻ സമാധിയായെന്ന് പറഞ്ഞ് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്ത് സ്മാരകം സ്ഥാപിക്കുകയും ചെയ്തതോടെയാണ് ‘ഗോപൻ സ്വാമി’യെന്ന പേര് വൈറലായത്. കഴിഞ്ഞ മാസമാണ് അതിയന്നൂർ കാവുവിളാകത്ത് ഗോപൻസ്വാമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അയൽവാസികൾ രംഗത്ത് വന്നത്.

വീടിന് മുന്നിൽ സമാധി ഇരുത്തിയെന്ന് മകൻ അവകാശപ്പെടുന്ന കല്ലറ പൊളിച്ച് പരിശോധിച്ചെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കാര്യമായൊന്നുമുണ്ടായില്ല. നെയ്ത്തു ജോലിയും ചുമട്ട് തൊഴിലുമൊക്കെ ചെയ്തുപോന്നിരുന്ന ആളാണ് ‘ഗോപൻ സ്വാമി’ എന്നറിയപ്പെടുന്ന മണിയൻ. അതിയന്നൂർ കാവുവിളാകത്ത് പ്ലാവിളയിലായിരുന്നു ആദ്യം താമസിച്ചിരുന്നത്.

പിന്നീട് ചുമട്ടുതൊഴിലിലേക്ക് മാറി. ആത്മീയതയുടെ വഴിയിലേക്ക് മാറിയതോടെയാണ് ഗോപൻ സ്വാമിയെന്ന പേര് സ്വീകരിക്കുന്നതും ക്ഷേത്രം നിർമിച്ച് പൂജ തുടങ്ങിയതും. ഇരുപത് വർഷത്തിനു മുൻപാണ് കാവുവിളയിൽ സ്ഥലം വാങ്ങി വീടുവെക്കുന്നത്. പിന്നീട് വീടിനോടുചേർന്ന് കൈലാസനാഥൻ മഹാദേവർ ക്ഷേത്രം നിർമിച്ചു. ഇവിടെ പൂജകള്‍ ചെയ്തു പോന്നിരുന്നു. രക്ത സമ്മർദവും പ്രമേഹവും കാരണം പാറശാലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തേടിയരുന്ന ഗോപൻ മാസങ്ങളായി പുറത്തിറങ്ങാനാവാതെ കിടപ്പിലുമായിരുന്നു.

ജനുവരി ആദ്യവാരം ഗോപൻ സ്വാമി മരിച്ചു. ഗോപന്‍റെ മരണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ ജനുവരി 16ന് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി വീണ്ടും സംസ്‌കരിച്ചു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കാത്തിരിക്കുകയാണ് പൊലീസ്. ഇതിനിടെയാണ് സ്വാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്നാരോപിച്ച് യുവാവിന്‍റെ പരാക്രമം. മാനസിക പ്രശ്നമുള്ള യുവാവാണെന്ന് കണ്ടതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ച കേസില്‍ പൊലീസിനെ വട്ടം കറക്കിയ പ്രതി പിടിയില്‍. തൃശൂര്‍ ജില്ലയില്‍ നിന്ന് 36 മണിക്കൂറിന് ശേഷമാണ് പ്രതി പിടിയിലായത്. ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോ ആന്റണിയാണ് പിടിയിലായതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് ഇയാള്‍ ഉള്ളതെന്നാണ് സൂചന. പേരാമ്പ്രയിലെ ചെറുകുന്ന് പ്രദേശത്ത് ഇന്ന് പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. പ്രതിയില്‍ നിന്ന് പത്ത് ലക്ഷം രൂപ കണ്ടെടുത്തു. വീട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഫെബ്രുവരി 14 നാണ് പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ കവര്‍ച്ച നടന്നത്. ജാക്കറ്റും ഹെൽമറ്റും ധരിച്ച് ഇരുചക്രവാഹനത്തിയ പ്രതി ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.

ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപയാണ് പ്രതി മോഷ്‌ടിച്ചത്. മോഷണ സമയം മാനേജരും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കില്‍ ഉണ്ടായിരുന്നത്.

പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റ് കൊല്ലപ്പെട്ടു. പെരുന്നാട് മാമ്പാറ സ്വദേശി ജിതിൻ (36) ആണ് മരിച്ചത്. ഞായാറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് ജിതിനു കുത്തേറ്റത്.

മഠത്തുംമൂഴി പ്രദേശത്ത് യുവാക്കൾ തമ്മിൽ നേരത്തെ സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും സംഘർഷമുണ്ടായത്. ആക്രമണത്തിൽ ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിനു പിന്നിൽ രാഷ്ട്രീയ തർക്കം ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജിതിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് മദ്യം തേടിയെത്തുന്നവരുടെ എണ്ണം വർധിക്കുന്നു. കേരള- തമിഴ്നാട് അതിർത്തിയായ പാറശാലയുടെ സമീപങ്ങളിലെ ബിവറേജ് ഔട്ട് ലറ്റിലേക്ക് മദ്യം വാങ്ങാനായി ആൾക്കാർ വ്യാപകമായി എത്തുന്നത്.

തമിഴ്നാട്ടിൽ മദ്യവിൽപന ഇടിഞ്ഞതോടെ എക്സെെസ് സംഘം കേരള അതിർത്തിയിൽ പരിശോധനയ്ക്കെത്തിയിരുന്നു. തമിഴ്നാട്ടിൽ മദ്യം കിട്ടാൻ ഉച്ചയ്ക്ക് 12 മണിവരെ കാത്തിരിക്കണം. എന്നാൽ കേരളത്തിൽ 10 മണിമുതൽ മദ്യം ലഭിക്കും ഇതാണ് കേരളത്തിലേക്ക് എത്തി മദ്യം വാങ്ങാൻ കാരണമെന്ന് തമിഴ്നാട്ടുകാർ പറയുന്നു.

തമിഴ്നാട്ടിൽ മദ്യവിൽപ്പന കുത്തനെ ഇടിഞ്ഞതിന്റെ കാരണം തേടി ശനിയാഴ്ച രാവിലെ തമിഴ്നാട് എക്സൈസ് ഡിവൈ.എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പാറശാലയിലെ ഔട്ട്ലറ്റിൽ എത്തിയത്. കൂടുതൽ വിറ്റുപോകുന്ന മദ്യത്തിന്റെ ബ്രാൻഡും വിലയും മറ്റു വിവരങ്ങളും തമിഴ്നാട് എക്സൈസ് സംഘം ബെവ്കോ ജീവനക്കാരോടു ചോദിച്ചു.

എന്നാൽ, ഹെഡ് ഓഫീസിൽനിന്നുള്ള നിർദേശമുണ്ടെങ്കിൽ മാത്രമേ വിവരങ്ങൾ കൈമാറാൻ സാധിക്കൂവെന്ന് അവർ അറിയിച്ചു.

തുടർന്നാണ് മദ്യം വാങ്ങാൻ തമിഴ്നാട്ടിൽ നിന്നെത്തിയവരോടു വിവരങ്ങൾ തിരക്കിയത്. സമീപത്തെ പ്രീമിയം കൗണ്ടറും ഇവർ സന്ദർശിച്ചു.

കടയ്ക്കുമുന്നിലെ വിലനിലവാര ബോർഡുകളുടെ ഫോട്ടോയുമെടുത്താണ് ഉദ്യോഗസ്ഥർ മടങ്ങിയത്. അതേസമയം 3 ലിറ്ററിൽ അധികമായി ഒരാൾ വാങ്ങിക്കൊണ്ടുപോകുന്നതായി വിവരം ഇല്ലെന്നും ഓരോ കുപ്പിയൊക്കെ വാങ്ങി തമിഴ് നാട്ടിലേക്ക് കൊണ്ടുപോകുനത് തടയാൻ കഴിയില്ലെന്നും കേരള എക്സൈസും അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തെ ഉയർന്ന ചൂട്, പാലക്കാട്‌ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് രേഖപെടുത്തി.

ഈ സാഹചര്യത്തില്‍ സൂര്യാഘാതവും, സൂര്യതാപം മൂലമുള്ള പൊള്ളലുകള്‍ വരാനുള്ള സാധ്യതയുണ്ടെന്നും, ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.

താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്.

ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് മഴയില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

RECENT POSTS
Copyright © . All rights reserved