വെഞ്ഞാറമൂടിൽ കൊലപാതക പരമ്പര. ആറ് പേരെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ പോലീസിൽ കീഴടങ്ങുകയായിരുന്നു. പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി.
മൂന്ന് വീടുകളിലായി ആറ് പേരെ താൻ വെട്ടി എന്നാണ് യുവാവ് പറഞ്ഞത്. സഹോദരൻ, സഹോദരി, മാതാവ്, മുത്തശ്ശി, പെൺസുഹൃത്ത്, അമ്മാവൻ, ഭാര്യ എന്നിവരാണ് ഇരകൾ. ഇതിൽ അഞ്ചു പേരുടെ മരണം പോലീസ് അനൗദ്യോഗികമായി സ്ഥിരീകരിച്ചു. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ ലഭ്യമായിട്ടില്ല
ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശക്കേസില്‍ ജാമ്യാപേക്ഷ തള്ളിയ ബിജെപി നേതാവ് പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വൈദ്യ പരിശോധനയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്നാണ് പാല സബ് ജയിലിലേക്കയക്കാതെ ജോര്‍ജിനെ മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇവിടെ വിദഗ്ധ പരിശോധനയ്ക്ക് ശേഷമാകും ജോര്‍ജിനെ പ്രിസണ്‍ സെല്ലിലേക്ക് മാറ്റമോ അതോ ജയിലിലേക്കെത്തിക്കണോ എന്ന കാര്യത്തില്‍ തീരുമാനിക്കുകയുള്ളു.
പൊലീസിന് പിടികൊടുക്കാതെ കോടതിയില്‍ കീഴടങ്ങിയ ജോര്‍ജിന്റെ ജാമ്യാപേക്ഷ ഈരാറ്റു പേട്ട മജിസ്‌ട്രേറ്റ് കോടതി തള്ളിയതോടെയാണ് മാര്‍ച്ച് 10 വരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍ വിട്ടത്. വൈകീട്ട് ആറുമണിവരെ പി സി ജോര്‍ജ് പൊലീസ് കസ്റ്റഡിയിലായിരുന്നു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.
കോടതിയില്‍ നിന്ന് വൈദ്യ പതിശോധനയ്ക്ക് ഇറങ്ങിയ പിസി ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷുഭിതാനായി. പാല ജനറല്‍ ആശുപത്രിയില്‍ നടന്ന വൈദ്യ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടത്തിയിരുന്നു. തുടര്‍ന്നാണ് വിദഗ്ധ പരിശോധനയ്ക്കായി കോട്ടയം കോളജില്‍ എത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തടവുകാര്‍ക്കായി പ്രത്യേക സെല്ലുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടതോടെ ജോര്‍ജിനെ രാത്രി ഇവിടെ പാര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നേരത്തെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനിടെയാണ് അദ്ദേഹം ബിജെപി നേതാക്കള്‍ക്കൊപ്പം കോടതിയിലെത്തി നാടകീയമായി കീഴടങ്ങിയത്. ഇരു ഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് കോടതിയുടെ നടപടി. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ നാലുമണിക്കൂര്‍ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
മതവിദ്വേഷ പരാമര്‍ശക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ പൊലീസിനെ കബളിപ്പിച്ച് ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് പിസി ജോര്‍ജ് കീഴടങ്ങിയത്.
ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ പൊലീസ് പിസി ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാമെന്നാണ് ജോര്‍ജ് അറിയിച്ചിരുന്നത്. ജോര്‍ജ് എത്താതായതോടെ പൊലീസ് സംഘം പത്തുമണിയോടെ വീട്ടിലെത്തി. എന്നാല്‍ ജോര്‍ജ് സ്ഥലത്ത് ഇല്ലെന്നാണ് വീട്ടുകാര്‍ അറിയിച്ചത്.
ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പിസി ജോര്‍ജ് മതവിദേഷ്വ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസ്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു.
നടൻ ബാലയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ പങ്കാളിയായ ഡോ. എലിസബത്ത് ഉദയൻ. താൻ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായും പീഡനത്തിനുശേഷമാണ് മാനസികമായി തകർതന്നതെന്നും എലിസബത്ത് പറയുന്നു. ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയയിലും എലിസബത്ത് സംശയം പ്രകടിപ്പിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ വന്ന മോശം കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് എലിസബത്ത് വീണ്ടും ആരോപണവുമായി രംഗത്തെത്തിയത്.
കിടപ്പുമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ബാല തന്നെ ഭീഷണിപ്പെടുത്തിയതായി നേരത്തെ എലിസബത്ത് ആരോപിച്ചിരുന്നു. ബാല തന്നെ ബലാത്സംഗം ചെയ്തുവെന്നും ജാതകപ്രശ്‌നം പറഞ്ഞ് വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെന്നും എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതികരണം.
എലിസബത്തിന്റെ വാക്കുകൾ: ‘‘നിങ്ങളുടെ പദ്ധതികൾ ഇതുവരെ അവസാനിപ്പിച്ചില്ലേ? ഞാന്‍ ഇത്രയും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എനിക്കെതിരെ പരാതി നല്‍കൂ. എനിക്ക് പിആര്‍ വര്‍ക്ക് ചെയ്യാനുള്ള പണമില്ല. എനിക്ക് നിങ്ങളെപ്പോലെ രാഷ്ട്രീയത്തിന്റേയോ സ്വാധീനത്തിന്റേയോ പിന്‍ബലമില്ല.
ഒരിക്കല്‍ നിങ്ങളുടെ ചെന്നൈയില്‍നിന്നുള്ള പൊലീസ് എന്നെ ഭീഷണിപ്പെടുത്തി. കേരളത്തിലെ പൊലീസ് ഓഫിസര്‍ എന്റെ മാതാപിതാക്കളെ വിളിച്ച് മകളെ തിരിച്ചുകൊണ്ടുപോകാന്‍ പറഞ്ഞു. പീഡനത്തിന് പിന്നാലെ ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഞാന്‍ നിങ്ങളുടെ ഭാര്യയല്ലെന്നല്ലേ നിങ്ങള്‍ പറയുന്നത്. അതിനാല്‍ എന്റെ സമ്മതമില്ലാതെ താങ്കള്‍ എന്ത് ചെയ്താലും അത് പീഡനമാണ്. പണംകൊടുത്തുള്ള കരള്‍ മാറ്റിവെക്കല്‍ നിയമത്തിനെതിരാണെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് അറിയില്ല. ഇപ്പോഴാണ് പ്രതികരിക്കുന്നത്. ആളുകള്‍ അങ്ങനെ പ്രതികരിക്കുന്നത് കൊണ്ടാണ് ഞാന്‍ സംശയിക്കുന്നത്. അതെനിക്ക് കുറ്റകൃത്യമായിട്ടാണ് തോന്നിയത്. എന്തെങ്കിലും നിയമോപദേശമോ തെറ്റോ ഉണ്ടെങ്കില്‍ കമന്റില്‍ എന്നെ തിരുത്തുക.
എന്റെ പോസ്റ്റ് ഗുരതരമായ കുറ്റകൃത്യമാണെങ്കില്‍ ഞാന്‍ ജയിലില്‍ പോവാന്‍ തയാറാണ്. ഞാന്‍ ശരിക്കും ഭയന്നിരുന്നു. ഇപ്പോള്‍ ഞാന്‍ നിയമപരമായി നീങ്ങിയാല്‍ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന് അവര്‍ ചോദിക്കും. ചെന്നൈയില്‍ പോലീസ് മൊഴിയെടുത്തുവെന്നാണ് എനിക്ക് തോന്നുന്നത്. എന്തുകൊണ്ടാണ് ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അവര്‍ ചോദിച്ചില്ല. എഴുത്തിലുള്ള മറ്റെന്തെങ്കിലും കാരണത്താല്‍ ഞാന്‍ ആത്മഹത്യാശ്രമം നടത്തിയതാണെങ്കില്‍ തന്നെ അതിന് തെളിവുകളില്ല. എന്നെ ആരും ചെന്നൈയില്‍ ചെന്നൈയില്‍ ആശുപത്രിയില്‍ കൊണ്ടുപോയില്ല. എനിക്ക് മാനസിക സ്ഥിരതയില്ലെന്നാണ് എല്ലാവരും പറയുന്നത്. അതിനാല്‍ ഈ എഴുത്ത് തെളിവായി സ്വീകരിക്കാന്‍ കഴിയുമോ?’’
കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റു വഴികളുണ്ടെന്ന് ശശി തരൂര്‍ എംപി. സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് നാല് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതെന്നും ശശി തരൂർ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രധാന നേതാവിന്റെ അഭാവമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. പാര്‍ട്ടി അടിത്തട്ടില്‍ നിന്ന് തന്നെ വോട്ടര്‍മാരെ ആകര്‍ഷിക്കണം. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് മൂന്നാം തവണയും കേരളത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും അദേഹം മുന്നറിയിപ്പ് നൽകി
കോൺഗ്രസിന് ദേശീയ തലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ട്. പല ഏജൻസികൾ നടത്തിയ സർവേകളിലും താൻ നേതൃപദവിക്ക് യോഗ്യനെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സോണി ഗാന്ധിയും മൻമോഹൻ സിങ്ങും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടത് കൊണ്ടാണ് പാർട്ടിയിലെത്തിയത്. തന്റെ കഴിവുകൾ പാർട്ടി വിനിയോഗിക്കണം. ഘടകക്ഷികൾ തൃപ്തരല്ലെന്നും തരൂർ പറഞ്ഞു.
ഇതിനിടെ കോൺഗ്രസിലെ നേതൃത്വ തർക്കങ്ങൾ ഉടൻ പരിഹരിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്ത് വന്നിട്ടുണ്ട്. നേതൃ പദവിയിലേയ്ക്ക് മുസ്ലിംലീഗിന്റെ പരോക്ഷ പിന്തുണ ശശി തരൂരിനാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.
താമരശ്ശേരി ചുരത്തില്‍ മൂത്രമൊഴിക്കാനായി ഇറങ്ങി റോഡരികിലേക്ക് നിന്ന വിനോദയാത്രാ സംഘത്തിലെ യുവാവ് കാല്‍ തെന്നി കൊക്കയിലേക്ക് വീണ് മരിച്ചു. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശിയായ അമല്‍ജിത്ത് (23) ആണ് മരിച്ചത്. താമരശ്ശേരി ഒന്‍പതാം വളവിന് താഴെ കുപ്പിക്കഴുത്തിന് സമീപമുള്ള മിനി വ്യൂ പോയിന്റില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം.
കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുന്ന അമല്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകവേയായിരുന്നു അപകടം. അറുപതടിയോളം താഴ്ചയിലേക്ക് പതിച്ച അമല്‍ജിത്തിനെയും രക്ഷപ്പെടുത്താന്‍ ഇറങ്ങിയ അമല്‍ ദാസ്, പ്രസാദ് എന്നിവരെയും കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷപ്പെടുത്തി മുകളിലേക്കെത്തിച്ചത്.
അടിവാരം ഔട്ട് പോസ്റ്റ് പോലീസും താമരശ്ശേരി ഹൈവേ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.തലയ്ക്ക് ഉള്‍പ്പെടെ ക്ഷതമേറ്റ ഇദ്ദേഹത്തെ ആംബുലന്‍സില്‍ കയറ്റി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. താമരശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പിന്നീട് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി
യു കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് വെച്ചാണ് കൽപ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിനെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
2023 ഓഗസ്റ്റ് മുതൽ 2024 മെയ് വരെയുള്ള കാലയളവിലാണ് 4471675 ലക്ഷം രൂപ സേവ്യറും ഭാര്യയും കൂടെ തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി തട്ടിയെടുത്തത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്.
ഓട്ടിസം ബാധിച്ച കുട്ടിക്ക് യു കെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
സംസ്ഥാനത്ത് വേറെയും ആളുകൾ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡി വൈ എസ് പി ഷൈജു പി എല്ലിന്‍റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ബിജു ആന്‍റണി, എസ് ഐ രാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരിജ, അരുൺ രാജ്, സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ്, ലിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ അന്ന ഗ്രേസ് ഓസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കൊല്ലം കുണ്ടറയില്‍ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്.
പ്രതികൾ മുമ്പും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പൊലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിയാണ് ഒരാളെന്നും പൊലീസ് പറഞ്ഞു. അട്ടിമറി സാധ്യത ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ കൂടുതൽ പ്രതികളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അട്ടിമറി സാധ്യതയടക്കം ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. പാലരുവി എക്സ്പ്രസിനെ അപായപ്പെടുത്താനായിരുന്നു നീക്കമെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു. പ്രതികളെ പിടികൂടുന്നതിൽ സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമായി. രണ്ട് യുവാക്കള്‍ റോഡരികില്‍ കിടന്ന ടെലിഫോണ്‍ പോസ്റ്റ് എടുക്കുന്ന സിസിടിവി ദൃശ്യവും പൊലീസ് ശേഖരിച്ചിരുന്നു.
സംഭവം നടന്നശേഷമുള്ള അന്വേഷണത്തിൽ സമീപത്ത് നിന്ന് പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് കുണ്ടറയില്‍ ഓള്‍ഡ് ഫയര്‍ ഫോഴ്സ് ജങ്ഷന് സമീപത്തെ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കിടക്കുന്നത് പ്രദേശവാസിയായ യുവാവിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്.
ഉടന്‍ തന്നെ റെയില്‍വേ ജീവനക്കാരെയും എഴുകോണ്‍ പൊലീസിനെയും വിവരം അറിയിച്ചു. അധികൃതരെത്തി പോസ്റ്റ് നീക്കം ചെയ്തു. രണ്ട് തവണ പാളത്തിന് കുറുകെ പോസ്റ്റ് വെച്ചെന്ന സംശയത്തിലാണ് കുണ്ടറ പൊലീസ്. സമീപത്തായി റോഡരികില്‍ കിടന്ന പഴയ പോസ്റ്റാണ് പാളത്തില്‍ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. പാലരുവി എക്സ്പ്രസിനെ ലക്ഷ്യമിട്ട് നടന്ന അട്ടിമറി നീക്കമാണെന്ന് സ്ഥലം എംഎല്‍എ പി.സി വിഷ്ണുനാഥ് ആരോപിച്ചു. പൊലീസിനൊപ്പം റെയില്‍വെയും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
പി.സി ജോർജ് മാപ്പ് പറഞ്ഞിട്ടും അറസ്റ്റിലൂടെ വിഷയം സജീവമാക്കി നിറുത്തി കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന ആരോപണവുമായി മകൻ ഷോണ്‍ ജോർജ്. ഈരാറ്റുപേട്ട സിഐയുടെ ഓഫീസ് പി.സി ജോർജ് ഉണ്ടാക്കിയതാണ്.
ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി പി.സി ജോർജ് ഉണ്ടാക്കിയതാണ്. മുനിസിപ്പാലിറ്റി അടക്കം ഈരാറ്റുപേട്ടയില്‍ ഇന്ന് കാണുന്നതെല്ലാം പി.സി ജോർജ് ഉണ്ടാക്കിയതാണെന്ന് ഷോണ്‍ അവകാശപ്പെട്ടു. അദ്ദേഹം ഒത്തിരി സ്നേഹിച്ച ഒരു സമൂഹം വഴിതെറ്റിപോകുന്ന സാഹചര്യമുണ്ടായി. അവരില്‍ എല്ലാവരും തീവ്രവാദികളാണെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല.
തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ ഈരാറ്റുപേട്ടയില്‍ ഉണ്ടെന്ന് പറയാനും, ഈ നാടിന് ആപത്തുണ്ടാകുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാൻ മുപ്പതില്‍ അധികം വർഷം ജനപ്രതിനിധി ആയിരുന്ന ഒരാള്‍ക്ക് സ്വാതന്ത്ര്യം ഇല്ലായെങ്കില്‍ ആ സ്വാതന്ത്ര്യം നേടിയെടുത്തേ പറ്റൂവെന്ന് ഷോണ്‍ ജോർജ് പറഞ്ഞു.
നിയമത്തെ നിയമം കൊണ്ടുതന്നെ നേരിടും. തീവ്രവാദ സംഘടനകള്‍ക്കെതിരെ പി.സി ജോർജിന്റെ പോരാട്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പോരാട്ടം അദ്ദേഹം തുടരും. തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഹാജരാകുമെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്. അവർ മറുപടി തന്നിട്ടില്ല. ഓടിച്ചിട്ട് അറസ്‌റ്റ് ചെയ്യാനാണെങ്കില്‍ അറസ്‌റ്റ് ചെയ്യട്ടെയെന്നും ഷോണ്‍ ജോർജ് പ്രതികരിച്ചു.
ഭാര്യക്ക് പകരം ഡോക്ടറായ ജോലി ചെയ്യുന്നത് ഭർത്താവ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ സഫീല്‍ ആണ് ആൾമാറാട്ടം നടത്തി ജോലി ചെയ്യുന്നത്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോ. സഹീദക്കെതിരെയാണ് പരാതി. ഡോ. സഹീദയുടെ രാത്രി ഡ്യൂട്ടി ഭർത്താവ് സഫീല്‍ ആണ് ചെയ്യുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡണ്ട് യുഎ റസാഖ് ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസർക്കും പരാതി നല്‍കിയിട്ടുണ്ട്.
ഡോ. സഹീദ രാത്രി കുഞ്ഞിന് മുലയൂട്ടാൻ പോകുമ്പോള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഭർത്താവ് സഫീല്‍ രോഗികളെ ചികിത്സിച്ചതെന്നാണ് തിരൂരങ്ങാടി താലൂക്ക് ആശുപതി സൂപ്രണ്ടിൻ്റെ വിശദീകരണം.
ഭർത്താവ് സഫീല്‍ ഗവണ്‍മെൻ്റ് ഡോക്ടർ തന്നെയാണെന്നും സൂപ്രണ്ട് പറയുന്നു. അതേസമയം, പരാതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിഎംഒ പ്രതികരിച്ചു.