പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ സംഭവത്തിൽ വഴിത്തിരിവ്. വിദ്യാർത്ഥിക്ക് വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ച് നൽകിയെന്ന് അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മ സമ്മതിച്ചു. തിരുപുറം സ്വദേശിയാണ് ഗ്രീഷ്മ. നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തിലാണ് വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കിയത്.
നീറ്റിന് അപേക്ഷിക്കാൻ കുട്ടിയുടെ കുടുംബം ഏൽപ്പിച്ചത് മറന്നുപോയത് കൊണ്ടാണ് വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ച് നൽകിയതെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്ത ശേഷം പൊലിസ് അക്ഷയ സെന്‍ററിലെത്തിച്ച് തെളിവെടുത്തു.
പാറശാല സ്വദേശിയായ വിദ്യാർത്ഥിയാണ് വ്യാജ ഹാൾ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിൽ എത്തിയത്. തൈക്കാവ് വിഎച്ച്എസ്എസിലാണ് വിദ്യാർത്ഥി പരീക്ഷയ്‌ക്ക് എത്തിയത്. തിരുവനന്തപുരത്തുള്ള മറ്റൊരു വിദ്യാര്‍ത്ഥിയുടെ പേരിലുള്ള ഹാള്‍ ടിക്കറ്റായിരുന്നു ഈ കുട്ടിയുടെ കയ്യിലുണ്ടായിരുന്നത്. ഹാൾ ടിക്കറ്റിന്റെ ആദ്യ ഭാഗത്ത് കസ്റ്റഡിയിലുള്ള വിദ്യാർത്ഥിയുടെ പേരും ഡിക്ലറേഷൻ ഭാഗത്ത് മറ്റൊരു വിദ്യാർത്ഥിയുടെ പേരുമാണ് എഴുതിയിരുന്നത്.
ഹാൾ ടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടുപിടിച്ച എക്സാം സെന്റർ അധികൃതർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പത്തനംതിട്ട പൊലീസ് എത്തി വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിക്ക് എങ്ങനെയാണ് വ്യാജ ഹാൾ ടിക്കറ്റ് ലഭിച്ചതെന്നുള്ള അന്വേഷണമാണ് അക്ഷയ സെന്റർ ജീവനക്കാരിയിൽ എത്തിയത്. ഗ്രീഷ്മയാണ് ഹാൾ ടിക്കറ്റ് നല്‍കിയതെന്ന് വിശദമായ ചോദ്യം ചെയ്യലിൽ വിദ്യാർത്ഥി പൊലിസിന് മൊഴി നൽകുകയായിരുന്നു.
സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ കേസിൽ ഛായാഗ്രാഹകനും സംവിധായനുമായ സമീർ താഹിർ അറസ്റ്റിൽ.ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ സമീർ താഹിറിനെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
കച്ചേരിപ്പടിയിലെ എക്സൈസ് ഓഫീസിലാണ് സമീർ താഹിർ ഹാജരായത്. സമീർ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ നിന്നായിരുന്നു സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. ഇതിന് പിന്നാലെ സമീർ താഹിറിന് എക്സൈസ് സംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നൽകുകയായിരുന്നു.
ഹൈബ്രിഡ് കഞ്ചാവുമായാണ് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരുൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അർധരാത്രി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് 1.6 ഗ്രാം ഹൈബ്രിഡ് പിടികൂടിയത്.
ഇരുവരും ലഹരി ഉപയോഗിക്കാറുണ്ടെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
പത്തനംതിട്ട സ്വദേശിനിയുടെ തൊഴില്‍തട്ടിപ്പിനിരയായവരില്‍ ഏറെയും സ്ത്രീകള്‍. പത്തനംതിട്ട സ്വദേശിനിയും കൊച്ചി പുല്ലേപ്പടിക്ക് സമീപത്തെ ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി’ ഉടമയുമായ കാര്‍ത്തിക പ്രദീപാണ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ സ്ത്രീകളെ കബളിപ്പിച്ചത്. ഇവരില്‍നിന്ന് ലക്ഷക്കണക്കിന് രൂപയും യുവതി തട്ടിയെടുത്തതായും പോലീസ് പറഞ്ഞു.
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തൃശ്ശൂര്‍ സ്വദേശിനിയില്‍നിന്ന് 5.23 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കാര്‍ത്തിക പ്രദീപിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍വര്‍ക്കര്‍ ജോലി ശരിയാക്കിനല്‍കാമെന്നായിരുന്നു കാര്‍ത്തികയുടെ വാഗ്ദാനം. ഇതിനായി പലതവണകളായി 5.23 ലക്ഷം രൂപ യുവതിയില്‍നിന്ന് കൈപ്പറ്റി. ബാങ്ക് അക്കൗണ്ട് വഴിയും ഓണ്‍ലൈന്‍ യുപിഐ ഇടപാടുകളിലൂടെയുമാണ് പണം കൈമാറിയത്. എന്നാല്‍, ജോലി ലഭിക്കാതിരിക്കുകയും സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെയുമാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
ഡോക്ടറാണെന്ന് അവകാശപ്പെട്ടാണ് കാര്‍ത്തിക പ്രദീപ് പരിചയം സ്ഥാപിച്ചിരുന്നത്. പുല്ലേപ്പടിക്ക് സമീപത്തായിരുന്നു കാര്‍ത്തികയുടെ ‘ടേക്ക് ഓഫ് ഓവര്‍സീസ്’ എന്ന റിക്രൂട്ടിങ് ഏജന്‍സി പ്രവര്‍ത്തിച്ചിരുന്നത്. ഓസ്‌ട്രേലിയ, ജര്‍മനി, യുകെ, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജോലികള്‍ തരപ്പെടുത്തിനല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇത്തരം ജോലിവാഗ്ദാനങ്ങളുമായി സാമൂഹികമാധ്യമങ്ങളിലൂടെയും പാതയോരങ്ങളില്‍ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചും പരസ്യംചെയ്തിരുന്നു.
വിദേശരാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തൊഴിലവസരമുണ്ടെന്നായിരുന്നു കാര്‍ത്തികയുടെ സ്ഥാപനത്തിന്റെ പ്രധാന വാഗ്ദാനം. സോഷ്യല്‍വര്‍ക്കര്‍ ഉള്‍പ്പെടെയുള്ള ജോലികളും വാഗ്ദാനം ചെയ്തിരുന്നു. ഉദ്യോഗാര്‍ഥികളില്‍നിന്ന് മൂന്നുമുതല്‍ എട്ടുലക്ഷം രൂപ വരെയാണ് പ്രതി കൈക്കലാക്കിയിരുന്നത്. ഇവരുടെ കെണിയില്‍വീണവരില്‍ ഏറെയും സ്ത്രീകളായിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് പ്രതി ചെയ്തതെന്നും ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
കാര്‍ത്തിക വിദേശത്ത് എംബിബിഎസ് പഠനം പൂര്‍ത്തീകരിച്ചതായി പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ചില ആശുപത്രികളിലും യുവതി ജോലിചെയ്തിരുന്നു. സാമ്പത്തികതട്ടിപ്പില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ കാര്‍ത്തികയെ കഴിഞ്ഞദിവസം രാത്രി കോഴിക്കോട്ടുനിന്നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന് പുറമേ കോഴിക്കോട്, വടകര, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ പോലീസ് സ്‌റ്റേഷനുകളിലും യുവതിക്കെതിരേ കേസുകളുണ്ട്. സംഭവത്തില്‍ പോലീസിന്റെ വിശദമായ അന്വേഷണം തുടരുകയാണ്.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെ സുധാകരനെ മാറ്റേണ്ടതില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഒരു മാറ്റത്തിന്റെ ആവശ്യം ഇപ്പോഴില്ല. അഥവാ എക്‌സ് മാറി വൈ വരികയാണെങ്കില്‍, എക്‌സിന്റെ അത്രയെങ്കിലും മെച്ചം ഉണ്ടാകണ്ടേ. എപ്പോഴും കരുത്തന്മാര് വേണ്ടേ പാര്‍ട്ടിയെ നയിക്കാന്‍. കെ സുധാകരന് കരുത്തിനൊന്നും ഒരു ചോര്‍ച്ചയും ഉണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. കെ മുരളീധരന്‍ വ്യക്തമാക്കി.
ഇപ്പോള്‍ നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ ഹൈക്കമാന്‍ഡാണ് പരമാധികാരി. പാര്‍ട്ടിയില്‍ ഹൈക്കമാന്‍ഡിനേക്കാള്‍ വലിയ കമാന്‍ഡില്ല. വേണമെങ്കില്‍ അഴിച്ചു പണി നടത്താം. അതിനര്‍ത്ഥം നേതൃമാറ്റമെന്നല്ല. നിലവിലുള്ള സംവിധാനത്തെ ഒന്നുകൂടി കാര്യക്ഷമമാക്കാം. നേതൃമാറ്റ ചര്‍ച്ച കോണ്‍ഗ്രസിനെ സംശയനിഴലിലാക്കുന്നു. ഇതില്‍ പൊതു ചര്‍ച്ചയുടെ ആവശ്യമില്ല. സിപിഎമ്മൊക്കെ അങ്ങനെയാണോ തീരുമാനിക്കുന്നത്.
എല്ലാ സമയത്തും നേതൃമാറ്റ ചര്‍ച്ച, നേതൃമാറ്റ ചര്‍ച്ച എന്നു പറയുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും. പിണറായി വിജയനെ താഴെയിറക്കുക എന്നതാണ് ഇപ്പോള്‍ യുഡിഎഫിന്റെ മുന്നിലുള്ള ലക്ഷ്യം. അതിനു പകരം ഇങ്ങനെയുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഒട്ടും ഗുണം ചെയ്യില്ലെന്ന് കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുകയാണെങ്കില്‍ അത് ചെയ്‌തോട്ടെ. ക്രൈസ്തവ സഭകളെന്നല്ല, ഒരു സഭകളും ഒന്നിലും ഇടപെട്ടിട്ടില്ല. അങ്ങനെ ഇടപെടുമെന്ന് പറയുന്നത് തന്നെ തെറ്റാണ്. അങ്ങനെ വരുമ്പോള്‍ മറ്റ് സമുദായങ്ങള്‍ ബഹളമുണ്ടാക്കില്ലേ.
അങ്ങനെ സമുദായങ്ങളൊന്നും ഇതില്‍ തലയിട്ടിട്ടില്ല. സമുദായങ്ങളെ ഒന്നും ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. അവരൊന്നും പാര്‍ട്ടിയിലെ ആഭ്യന്ത്ര കാര്യങ്ങളില്‍ ഇടപെടാറില്ല. കെ സുധാകരന് ആരോഗ്യപ്രശ്‌നമുണ്ടെന്ന വാദവും കെ മുരളീധരന്‍ തള്ളി. അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. പാര്‍ലമെന്റ് അംഗമായ ഒരാള്‍ക്ക് ആരോഗ്യമില്ല എന്ന് എങ്ങനെയാണ് പറയാനാകുക.
അദ്ദേഹത്തെ എംപിയായി അഞ്ചുവര്‍ഷത്തേക്കല്ലേ ജനങ്ങള്‍ തെരഞ്ഞെടുത്തത്. പുതിയ ടേമില്‍ ഒരു വര്‍ഷമല്ലേ കഴിഞ്ഞിട്ടുള്ളൂ. അപ്പോള്‍ നല്ല ആരോഗ്യമുണ്ട്. പിന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു മാത്രം ആരോഗ്യ പ്രശ്‌നമുണ്ടാകുന്നതെങ്ങനെയാണ്. എന്തെങ്കിലും ആരോഗ്യപ്രശ്‌നമുള്ളതായി അദ്ദേഹത്തിന് ഫീല്‍ ചെയ്തിട്ടില്ല. രാഷ്ട്രീയമാകുമ്പോള്‍ പല താല്‍പ്പര്യങ്ങളും കാണും. എന്നാല്‍ പാര്‍ട്ടിയുടെ താല്‍പ്പര്യം എന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതാണ്. അതില്‍ ജയിക്കാനായി പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമ്പോള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് നല്ലതല്ല. കെ മുരളീധരന്‍ പറഞ്ഞു.
നീറ്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടന്നതായി സംശയം. വിദ്യാർഥി വ്യാജ ഹാൾ ടിക്കറ്റുമായി എത്തിയെന്നാണ് സംശയം. പത്തനംതിട്ട തൈക്കാട് സ്കൂളിലെ പരീക്ഷാഹാളിലാണ് സംഭവം. പത്തനംതിട്ടയിൽ പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന ഡോ. മഹേഷ് ആണ് ഈ വിവരം പോലീസിൽ അറിയിക്കുന്നത്. സംഭവത്തിൽ, തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാർഥിയെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
ഹാൾ ടിക്കറ്റിന്റെ പ്രധാന ഭാഗത്ത് നിലവിൽ കസ്റ്റഡിയിലുള്ള വിദ്യാർഥിയുടെ പേര് തന്നെയായിരുന്നു. എന്നാൽ, ഇതിലെ ഡിക്ലറേഷന്റെ ഭാഗത്ത് തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരായിരുന്നു എന്നതാണ് സംശയത്തിലേക്ക് നയിച്ചത്. അച്ചടിപ്പിശശക് ആണെന്ന സംശയത്തിൽ വിദ്യാർഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നു. തുടർന്ന്, ഈ വിവരം മഹേഷ് തിരുവനന്തപുരം ഓഫീസിൽ അറിയിക്കുകയും ചെയ്തു.
എന്നാൽ, ഡിക്ലറേഷന്റെ ഭാഗത്ത് പരാമർശിക്കപ്പെട്ടിട്ടുള്ള പേരിൽ ഒരു വിദ്യാർഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് ആരോപണവിധേയനായ വിദ്യാർഥിയെ പരീക്ഷ എഴുതുന്നതിൽ നിന്ന് തടഞ്ഞത്. ഒരു മണിക്കൂറോളം പരീക്ഷ എഴുതിയതിന് ശേഷമാണ് വിദ്യാർഥിയെ വിലക്കിയത്.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. സുധാകരന്‍ മാറും. കഴിഞ്ഞദിവസം കോണ്‍ഗ്രസ് ദേശീയ നേതൃത്വം സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് നടത്തിയ കൂടിയാലോചനയില്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായാണ് വിവരം. മാറേണ്ട സാഹചര്യമില്ലെങ്കിലും ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് അദ്ദേഹം ശനിയാഴ്ച പറഞ്ഞത് സ്ഥാനചലനം ഉണ്ടാകുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്.
ഒമ്പതാം തീയതിക്കകം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. അതിനുമുന്‍പുതന്നെ പ്രസിഡന്റ് സ്ഥാനത്തും മാറ്റംവരണമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.
വെള്ളിയാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗം സുധാകരന്റെകൂടി സൗകര്യം കണക്കിലെടുത്താണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വ്യാഴാഴ്ചയാണ് അടിയന്തരമായി ഡല്‍ഹിയില്‍ എത്തണമെന്ന നിര്‍ദേശം അദ്ദേഹത്തിന് ലഭിച്ചത്. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തു.
ആരോഗ്യകാരണങ്ങള്‍ സംഘടനാ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നതിനാല്‍ മാറ്റം വേണമെന്ന താത്പര്യം നേതാക്കള്‍ സുധാകരനോട് വിശദീകരിച്ചു.
തന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും തിരഞ്ഞെടുപ്പ് വിജയങ്ങളും ചൂണ്ടിക്കാണിച്ചതല്ലാതെ സ്ഥാനമൊഴിയുന്നതില്‍ വലിയ എതിര്‍പ്പൊന്നും സുധാകരന്‍ പ്രകടിപ്പിച്ചില്ലെന്നാണ് സൂചന. കേരളത്തിന്റെ സംഘടനാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടിലും മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ടായതോടെ പ്രസിഡന്റിനെ മാറ്റാനുള്ള തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് പകരമുയരുന്ന പേരുകളില്‍ മുന്‍തൂക്കം ആന്റോ ആന്റണിക്ക്. ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് പ്രസിഡന്റ് വേണമെന്ന അഭിപ്രായത്തിനായിരുന്നു നേതാക്കളുമായി നടത്തിയ ആശയവിനിമയത്തില്‍ മേല്‍ക്കൈ. സണ്ണി ജോസഫ്, റോജി എം. ജോണ്‍ എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു.
എ.കെ. ആന്റണി സജീവ നേതൃത്വത്തില്‍നിന്ന് പിന്മാറുകയും ഉമ്മന്‍ ചാണ്ടി അന്തരിക്കുകയും ചെയ്തതിനുശേഷം ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് മുന്‍നിര നേതാക്കളില്ലെന്നത് പോരായ്മയാണെന്നാണ് വിലയിരുത്തല്‍. ക്രൈസ്തവ വോട്ടുകള്‍ നേരിയതെങ്കിലും ബിജെപിയിലേക്ക് ചായുന്നെന്ന ചിന്തയുമുണ്ട്.
സുധാകരനെ മാറ്റുമ്പോള്‍ ഈഴവ വിഭാഗത്തില്‍നിന്നുണ്ടാകാവുന്ന എതിര്‍പ്പും കണക്കിലെടുത്തു. എന്നാല്‍, വി.എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍ എന്നിങ്ങനെ തുടര്‍ച്ചയായി ഈ വിഭാഗത്തില്‍നിന്ന് വന്നതിനാല്‍ മറ്റു വിഭാഗങ്ങളെ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന് കണക്കാക്കി. ഈഴവ വിഭാഗത്തില്‍നിന്ന് പരിഗണിക്കപ്പെട്ട അടൂര്‍ പ്രകാശിന് സംഘടനാതലത്തില്‍ മറ്റു പ്രധാന ചുമതല നല്‍കിയേക്കും. പകുതിയോളം ഡിസിസി അധ്യക്ഷരെ മാറ്റും.
പട്ടത്ത് കാറും ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോയ്ക്ക് തീപ്പിടിച്ച് ഒരാൾ മരിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്ന സുനി (40) എന്നയാളാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ മൂന്നരയോടെ സെന്റ് മേരീസ് സ്കൂളിന് സമീപമായിരുന്നു അപകടം.
ശ്രീകാര്യം സ്വദേശി അയാൻ (19) ഓടിച്ചിരുന്ന കാറാണ് ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ചത്. രണ്ടുപേരായിരുന്നു സ്കൂട്ടറിൽ ഉണ്ടായിരുന്നത്. ഇവരേയും കാർ ഓടിച്ചിരുന്നയാളെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനങ്ങൾ കൂട്ടിയിടിച്ച് ഓട്ടോയ്ക്ക് തീപ്പിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ് ഓട്ടോയിൽ കുടുങ്ങിയ ആളാണ് തീപ്പിടിത്തത്തിൽ മരിച്ചത്.
ഒരേ ദിശയിൽനിന്ന് വന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട കാർ ഓട്ടോയിൽ ഇടിച്ചു. ഓട്ടോ സ്കൂട്ടറിൽ ഇടിച്ചു. ശേഷം വീണ്ടും കാർ ബൈക്കിൽ ചെന്നിടിച്ചുവെന്നാണ് രക്ഷാപ്രവർത്തനം നടത്തിയവർ നൽകുന്ന വിവരം.
‘ഓട്ടോയിൽ നിന്ന് ഒരാളെ വലിച്ച് പുറത്തെടുത്തു. ഡ്രൈവറെ പുറത്തെടുക്കാൻ പറ്റിയില്ല. സ്കൂട്ടറിൽ ഉണ്ടായിരുന്ന സ്ത്രീക്ക് നല്ല പരിക്കുണ്ട്. കാറിൽ ഒരാളാണ് ഉണ്ടായിരുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന് പിന്നാലെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മൂന്ന് പേരുടെയും മരണം പുക ശ്വസിച്ചുണ്ടായ ശ്വാസ തടസം മൂലമല്ലെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍, മേപ്പയ്യൂര്‍ സ്വദേശി ഗംഗാധരന്‍, വടകര സ്വദേശി സുരേന്ദ്രന്‍ എന്നിവരുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം പുക ശ്വസിച്ചുണ്ടായ ശ്വാസ തടസം മൂലമല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് അമിതമായി പുക ഉയര്‍ന്നത്.
അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമില്‍ നിന്നാണ് പുക ഉയര്‍ന്നത്. യുപിഎസ് റൂമില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു. 200ലധികം രോഗികളെയാണ് ഇന്നലെ മാത്രം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് മറ്റ് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയത്.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദഗ്ധരായ മെഡിക്കല്‍ സംഘത്തെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. അപകടം സംഭവിച്ചതിന് പിന്നാലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ 37 രോഗികളുടെ ചികിത്സാച്ചെലവിനെക്കുറിച്ച് വീണാ ജോര്‍ജ് കൂടുതല്‍ വ്യക്തത വരുത്തിയിട്ടില്ല.
യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് 5.23 ലക്ഷം രൂപ തട്ടിയ കേസിൽ റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമ അറസ്റ്റിൽ. പുല്ലേപ്പടിക്കു സമീപം ടേക്ക് ഓഫ് ഓവർസീസ് എജുക്കേഷണൽ കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തുന്ന കാർത്തികയെയാണ് സെൻട്രൽ പോലീസ് കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശിനിയായ ഇവർ തൃശ്ശൂരിലാണ് ഇപ്പോൾ താമസിക്കുന്നത്.
തൃശ്ശൂർ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. യുകെയിൽ സോഷ്യൽ വർക്കർ ജോലി നൽകാമെന്നു പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയതായാണ് കേസ്. 2024 ഓഗസ്റ്റ് 26 മുതൽ ഡിസംബർ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ ഇടപാടിലൂടെയും പരാതിക്കാരി പണം നൽകിയത്.
എറണാകുളത്തിനു പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരേ പരാതിയുണ്ട്. വിദേശത്തേക്ക് ആളുകളെ കൊണ്ടു പോകാൻ ആവശ്യമായ ലൈസൻസ് സ്ഥാപനത്തിനില്ലെന്ന് വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടർ ഓഫ് ഇമിഗ്രേഷൻസ് അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിലെ പുക പടർന്നതിൽ അടിയന്തര മെഡിക്കൽ യോഗം നടക്കും. രാവിലെ പത്ത് മണിയോടെയാകും യോഗം നടക്കുക. ആശുപത്രിയിൽ സാങ്കേതിക വിദഗ്ധരുടെ പരിശോധനയും രാവിലെ നടക്കും. മെഡിക്കൽ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ.
വിഭാഗത്തിൽ ഉണ്ടായിരുന്ന 14 ഓപ്പറേഷൻ യൂണിറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ പകരം സംവിധാനം ഉണ്ടാക്കി പ്രവർത്തനം ആരംഭിച്ചു. അപകടം ഉണ്ടായ ബ്ലോക്കിൽ ഉണ്ടായിരുന്ന രോഗികളെ പൂർണമായും വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇന്നലെ ഉണ്ടായ അഞ്ച് പേരുടെയും മരണത്തിൽ അസ്വഭാവിക മരണത്തിന് ബന്ധുക്കൾ പരാതി നൽകി.
കോഴിക്കോട് മെഡിക്കൽ കോളജിൽ പുക ഉയർന്നതിന് പിന്നാലെ രോഗികൾ മരിച്ചതിൽ ഔദ്യോഗിക വിശദീകരണവുമായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സജീത്ത് കുമാർ രംഗത്തെത്തി. പുക ഉയർന്നതിൻ്റെ ഭാഗമായി രോഗികൾ മരിച്ചിട്ടില്ലെന്നും മെഡിക്കൽ കോളജിൽ നാല് രോഗികൾ മരിച്ചുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മരിച്ച നാല് രോഗികളും നേരത്തെ ഗുരുതര അവസ്ഥയിൽ ആയിരുന്നു. അതിൽ രണ്ടുപേർ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. ഇവർ ക്യാൻസർ ബാധിതർ ആയിരുന്നുവെന്നും മറ്റൊരാൾ ലിവർ പേഷ്യൻ്റ് ആയിരുന്നുവെന്നും അധികൃതർ അറിയിച്ചു.