എസ് എന്‍ ഡി പി യോഗം ഭാരവാഹിയായിരുന്ന കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ആലപ്പുഴ ഫസ്റ്റ്ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. മഹേശന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. എസ് എന്‍ ഡി പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്നു കെ കെ മഹേശന്‍. വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രതിപ്പട്ടികയിലുണ്ട്.
വെള്ളാപ്പള്ളിക്കും മകനുമെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടുളള പ്രശ്‌നങ്ങളിലാണ് കെ കെ മഹേശന്‍ ആത്മഹത്യ ചെയ്തത് എന്നാണ് കുടുബം പറയുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് എഴുതി വച്ച കത്തില്‍ വെള്ളാപ്പള്ളിക്കെതിരെയും തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയും കടുത്ത ആരോപണങ്ങളാണ് കെ കെ മഹേശന്‍ ഉയര്‍ത്തിയിരുന്നത്.
2020 ജൂലൈ 24 നാണ് കണിച്ചുകുളങ്ങരയിലെ എസ് എന്‍ ഡി പി ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയില്‍ മഹേശനെ കണ്ടെത്തിയത്. വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും മാനസികമായി പീഡിപ്പിച്ചത് കൊണ്ടാണ് മഹേശന്‍ ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന നിരവധി ക്രമക്കേടുകളില്‍ വെള്ളാപ്പള്ളി നടേശന് പങ്കാളിത്തമുണ്ടന്നും, അതെല്ലാം തന്റെ തലയില്‍ കെട്ടിവയ്കാന്‍ വെളളാപ്പള്ളി കുടുബം ശ്രമിക്കുകയാണെന്നും മരിച്ച മഹേശന്‍ തന്റെ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നാണ് അവര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
അമ്മയെയും കുഞ്ഞിനെയും 11 വർഷങ്ങൾക്ക് മുൻപ് കാണാതായ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. ഊരുട്ടമ്പലം സ്വദേശി വിദ്യയും (ദിവ്യ) മകൾ ഗൗരിയുമാണു കൊല്ലപ്പെട്ടത്. വിദ്യയുടെ പങ്കാളി മാഹിൻ കണ്ണ് കുറ്റസമ്മതം നടത്തി. കടലിൽ തള്ളിയിട്ടാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നു മാഹിൻ കണ്ണ് പൊലീസിനോടു സമ്മതിച്ചു. മാഹിൻ കണ്ണിന്റെ ഭാര്യയ്ക്കും സംഭവത്തെക്കുറിച്ച് അറിയാമായിരുന്നെന്നു പൊലീസ് പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
2011 ഓഗസ്റ്റ് 18നാണ് വിദ്യയെയും മകൾ ഗൗരിയെയും കാണാതാകുന്നത്. പൂവാർ സ്വദേശിയായ മാഹിൻ കണ്ണ് മത്സ്യവ്യാപാരിയായിരുന്നു. 2008ലാണ് ചന്തയിൽ കച്ചവടത്തിന് എത്തിയ മാഹിൻകണ്ണ് വിദ്യയുമായി ഇഷ്ടത്തിലാകുന്നത്. ഒരുമിച്ചു താമസിക്കുന്നതിനിടെ വിദ്യ ഗർഭിണിയായി. കല്യാണം കഴിക്കാൻ വിദ്യയും കുടുംബവും തുടക്കം മുതൽ നിർബന്ധിച്ചെങ്കിലും മാഹിൻകണ്ണ് തയാറായിരുന്നില്ല. ഗർഭിണിയായതോടെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യ സമ്മർദം ശക്തമാക്കി. ഇതിനിടെ മാഹീൻ കണ്ണ് വിദേശത്തേക്കു പോയി. നിർമാണ തൊഴിലാളിയായ വിദ്യയുടെ അച്ഛൻ കൂലിപ്പണി ചെയ്താണു കുടുംബം നോക്കിയിരുന്നത്. കുഞ്ഞിന് ഒരു വയസായപ്പോൾ മാഹിൻകണ്ണ് നാട്ടിലേക്കു തിരിച്ചു വന്നു. ഒരു സുഹൃത്ത് പറഞ്ഞാണ് മാഹിൻകണ്ണ് നാട്ടിലെത്തിയവിവരം വിദ്യ അറിയുന്നത്. മാഹിൻകണ്ണിനെ വിദ്യ നിർബന്ധിച്ച് വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു.
മാഹിൻകണ്ണ് വീട്ടിലുള്ളപ്പോഴാണ് ഭാര്യയായ റുഖിയയുടെ ഫോൺ വരുന്നത്. മാഹിൻകണ്ണ് വിവാഹിതനാണെന്ന കാര്യം വിദ്യ മനസിലാക്കിയത് അപ്പോഴാണ്. ഇതേച്ചൊല്ലി ഇരുവരും നിരന്തരം വഴക്കിലായി. കാണാതാകുന്ന ദിവസം വിദ്യയും മകളും വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന സഹോദരി ശരണ്യയുമാണു വീട്ടിലുണ്ടായിരുന്നത്. വിദ്യയുടെ അമ്മ രാധ, ഭർത്താവിന്റെ ചിറയിൻകീഴിലെ ജോലി സ്ഥലത്ത് പണം വാങ്ങാൻ പോയിരിക്കുകയായിരുന്നു. വിദ്യ ഫോണിൽ വിളിച്ചു രണ്ടര വയസ്സുകാരിയായ മകൾക്കും മാഹിൻകണ്ണിനോടൊപ്പം വൈകിട്ട് പുറത്തേക്കു പോകുകയാണെന്ന് അറിയിച്ചു. വിദ്യ തിരിച്ചെത്താത്തതിനെതുടർന്ന് കുടുംബം പൂവാർ സ്റ്റേഷനിൽ പരാതി നൽകി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലുള്ള സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണു മാഹിന്‍കണ്ണ് പൊലീസിനോട് പറഞ്ഞത്. ഇരുവരെയും കൂട്ടിക്കൊണ്ട് വരാമെന്നു പറഞ്ഞതോടെ മാഹിൻകണ്ണിനെ പൂവാർ പൊലീസ് വിട്ടയച്ചു. പീന്നീട് പൊലീസ് കേസ് അന്വേഷിച്ചില്ല.
വിദേശത്തേക്കു പോയ മാഹിൻ കണ്ണ് പിന്നീട് നാട്ടിൽ തിരിച്ചെത്തി പൂവാറിൽ സ്ഥിരതാമസമാക്കി. മകളെ കാണാതായ വിഷമത്തിൽ പിതാവ് ജയചന്ദ്രൻ ആത്മഹത്യ ചെയ്തു. 2019ൽ കാണാതായവരുടെ കേസുകൾ പ്രത്യേകം അന്വേഷിക്കാൻ തീരുമാനിച്ചപ്പോൾ കേസ് പ്രത്യേക സംഘം ഏറ്റെടുത്തു. വിദ്യയെ അറിയില്ലെന്നായിരുന്നു അദ്യം മാഹിൻകണ്ണ് പൊലീസിനോട് പറഞ്ഞത്. പിന്നീട് തെളിവുകൾ നിരത്തിയപ്പോൾ വിദ്യയെ അറിയാമെന്നും ഓട്ടോയിൽ തമിഴ്നാട്ടിൽ ആക്കിയെന്നും പറഞ്ഞു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണു കുറ്റസമ്മതം നടത്തിയത്. വിദ്യയെയും മകളെയും കാണാതായി രണ്ടു ദിവസത്തിനുശേഷം ഇരുവരുടെയും മൃതദേഹം തമിഴ്നാട്ടിലെ കുളച്ചൽ ഭാഗത്ത് തീരത്തടിഞ്ഞിരുന്നു. എന്നാൽ, ആദ്യത്തെ അന്വേഷണ സംഘം ഇക്കാര്യങ്ങളൊന്നും പരിശോധിച്ചില്ല. ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനു ഗുരുതരമായ വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചിരുന്നു. പരാതി നൽകുമ്പോൾ പൂവാർ സ്റ്റേഷനിലുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടിരുന്നതായി കുടുംബം പറയുന്നു.
തേങ്ങാപ്പട്ടണത്തുനിന്നാണ് വിദ്യയുടെ മൃതദേഹം കിട്ടിയത്. കുളച്ചൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണു മകളുടെ മൃതദേഹം കിട്ടിയത്. പുതുക്കട പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയാൽ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറും. ആദ്യം കേസ് അന്വേഷിച്ച പൂവാർ പൊലീസ് ഇത്തരം വിവരങ്ങൾക്കു പുറകെ പോയില്ല. ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തശേഷം മാഹിൻകണ്ണിനെ ചോദ്യം ചെയ്തു.
വിദ്യയെയും മകളെയും തമിഴ്നാട്ടിലാക്കിയെന്നും ആത്മഹത്യ ചെയ്തോ എന്നറിയില്ലെന്നും മാഹിൻകണ്ണ് പൊലീസിനോട് പറഞ്ഞു. പൊലീസ് ഫോൺ രേഖ ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയതോടെ മാഹിൻകണ്ണ് കുറ്റം സമ്മതിച്ചു. മാഹിൻകണ്ണിന്റെ ഭാര്യ റുഖിയയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്നു പൊലീസ് പറയുന്നു. കൂടുതൽ പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്നു മനസിലാക്കാൻ അന്വേഷണം പുരോഗമിക്കുകയാണ്.
ബസ് യാത്രയ്ക്കിടെ അപസ്മാരബാധയുണ്ടായ മൂന്നു വയസ്സുകാരന് അടിയന്തര ചികിത്സ ഉറപ്പാക്കി മാതൃകയായി 2 വിദ്യാർത്ഥികൾ. തൃക്കണ്ണമംഗൽ എസ്‌കെവി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ വിനായകും ശ്രീഹരിയുമാണു രക്ഷകർ.
അമ്മയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകിയ ശേഷം, കുട്ടിയുടെ പിതാവ് വരുന്നത് വരെ തുണയായി ഇരുന്നാണ് ഇരുവരും മികച്ച മാതൃകയായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കൊട്ടാരക്കര ബസ് സ്റ്റാൻഡിലായിരുന്നു സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞു ബസിൽ മടങ്ങുകയായിരുന്നു വിദ്യാർഥികൾ.
ചെപ്ര സ്വദേശിനി മകനുമായി ബസിലെത്തി. കുട്ടി വിറയ്ക്കുന്നതും കുഴഞ്ഞുവീഴുന്നതും കണ്ട് അമ്മ നിലവിളിച്ചു. ബസിൽ നിന്നു ചാടിയിറങ്ങിയ വിദ്യാർഥികൾ പോലീസുകാരന്റെ സഹായത്തോടെ ഓട്ടോറിക്ഷ വിളിച്ചു. കുഞ്ഞിനെയും അമ്മയെയും കയറ്റി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്വന്തം സ്‌കൂൾ ബാഗ് പോലും ബസിൽ ഉപേക്ഷിച്ചാണു കുട്ടികൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കുട്ടിയുടെ അച്ഛൻ എത്തുംവരെ ഇരുവരും ആശുപത്രിയിൽ തങ്ങി. വിദ്യാർഥികളെ സ്‌കൂളും അനുമോദിച്ചു.
സ്‌കൂളില്‍ രണ്ടുദിവസമായി വിദ്യാര്‍ത്ഥികളുടെ ആഘോഷവും സന്തോഷവും കളിയാടുകയായിരുന്നു. എന്നാല്‍ എല്ലാ സന്തോഷങ്ങളേയും തല്ലി കെടുത്തി രണ്ട് വിദ്യാര്‍ത്ഥികളുടെ മരണ വാര്‍ത്തയാണ ്‌തേടിയെത്തിയത്.
ശാസ്ത്ര സാങ്കേതിക മേളയുടെ ഭാഗമായി നല്‍കിയ അവധി ദിനം ആഘോഷമാക്കാന്‍ പോയ രണ്ട് വിദ്യാര്‍ത്ഥികളാണ് കല്ലടയാറ്റിലെ കയങ്ങളില്‍ മുങ്ങി മരിച്ചത്. സാം ഉമ്മന്‍ മെമ്മോറിയല്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളായ റൂബൈന്‍ പി ബിജുവും മുഹമ്മദ് റോഷനുമാണ് മരണപ്പെട്ടത്.
മേളയുടെ സമാപനത്തെ തുടര്‍ന്ന് ഇന്നലെ ശുചീകരണത്തിനായി ഹൈസ്‌കൂളിന് അവധി നല്‍കിയിരുന്നു. ഈ അവധിയാണ് വിദ്യാര്‍ത്ഥികള്‍ ആഘോഷമാക്കാന്‍ ഇറങ്ങിയത്. കല്ലടയാറ്റില്‍ കുളിക്കാനായി പോയ എട്ടംഗ വിദ്യാര്‍ത്ഥികളുടെ സംഘത്തിലായിരുന്നു റൂബൈനും മുഹമ്മദ് റോഷനും ഉണ്ടായിരുന്നത്.
കുളിക്കാന്‍ ഇറങ്ങിയ 4 പേരും കയത്തില്‍പ്പെടുന്നതു കണ്ട് എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി ഒപ്പുമുള്ളവര്‍ നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ അപകടമറിഞ്ഞത്.
ആറ്റിലേക്കു ചാടി 2 പേരെ കരയ്‌ക്കെത്തിച്ചെങ്കിലും റൂബൈനും റോഷനും കയങ്ങളില്‍ പെട്ട് മുങ്ങിപ്പോവുകയായിരുന്നു. കല്ലടയാറ്റിലെ കയങ്ങള്‍ പരിചിതര്‍ക്കു പോലും പിടികൊടുക്കാറില്ല. പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും കയങ്ങള്‍ പലതും മണ്ണടിഞ്ഞു നികന്നിരുന്നെങ്കിലും ആഴമില്ലെന്നു തോന്നുന്ന പലയിടവും കയങ്ങളായി അപകടക്കെണി ഒരുക്കുകയണ്.
പ്രവാസിയായ ഭര്‍ത്താവ് ശബരിമലയില്‍ പോകാനായി നാട്ടിലെത്തിയപ്പോള്‍ ഭാര്യ കാമുകനോടൊപ്പം നാടുവിട്ടു. നാവായിക്കുളം മുട്ടിയറ നിന്ന് മേനാപ്പാറ താമസമാക്കിയ വൃദ്ധ ദമ്പതികളുടെ 29 വയസുള്ള മകളാണ് 23 കാരനായ യുവാവിനൊപ്പം ഒളിച്ചോടിയത്.
ഭര്‍ത്താവിനെയും 9 വയസായ മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ പോലീസ് കാമുകനോടൊപ്പം വിട്ടയച്ചു. യുവതിയുടെ ഭര്‍ത്താവ് 5 ദിവസം മുന്‍പ് വിദേശത്ത് നിന്ന് ശബരിമലയില്‍ പോകാനായി നാട്ടിലെത്തിയിരുന്നു.
ഭര്‍ത്താവിന്റെയും യുവതിയുടെ പിതാവിന്റെയും പരാതിയില്‍ കേസെടുത്ത കല്ലമ്പലം പോലീസ് യുവതിയുടെ താത്പര്യ പ്രകാരം കാമുകനൊപ്പം വിട്ടയയ്ക്കുകയായിരുന്നു. പണവും സ്വര്‍ണ്ണാഭരണങ്ങളുമടക്കം വന്‍ സാമ്പത്തിക തട്ടിപ്പ് കാമുകനുമായി ചേര്‍ന്ന് യുവതി നടത്തിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.
പത്തനംതിട്ടയിൽ മകളെ പീഢിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയാണ് 107 വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴയും വിധിച്ചത്.
കുമ്പഴ സ്വദേശിയായ 45 വയസുകാരനായ പിതാവിനാണ് ശിക്ഷ ലഭിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി പിതാവിനോടൊപ്പം സ്വഭവനത്തിൽ താമസിച്ചുവരവേയാണ് കുറ്റകൃത്യം നടന്നത്. പിതാവിന്റെ അക്രമങ്ങളെ തുടർന്ന് കുട്ടിയുടെ മാതാവ് നേരത്തെ തന്നെ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിനുശേഷമാണ് ഇയ്യാൾ കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയത്. ക്രൂരമായ പീഢനമായിരുന്നു പിതാവ് കുട്ടിക്കെതിരെ നടത്തിയിരുന്നത്.
സ്കൂളിലെത്തി അധ്യാപകരോട് കുട്ടി വിവരം പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിനെ അറിയിക്കുകയും പോക്സോ കേസ് ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്യുകമായിരുന്നു. അതിക്രൂരമായ പീഢനമാണ് കുട്ടിക്കെതിരെ നടന്നതെന്നും അതിനാൽ പ്രതി പരോൾ പോലും അർഹിക്കുന്നില്ലെന്നും കോടതി വിധി പ്രസ്താവനത്തിനിടയിൽ പറഞ്ഞു.
മക്കളുടെയും മരുമക്കളുടെയും പരിപൂർണ്ണ സമ്മതത്തോടെ 78-ാം വയസിൽ വീണ്ടുമൊരു വിവാഹം ചെയ്ത് തിരുവനന്തപുരം ചിറയിൻകീഴ് കീഴ്വിലം പെരുമാമഠം വീട്ടിൽ കെ. സോമൻനായർ. തലവടി തുടങ്ങിയിൽ 59കാരിയായ ബിനാകുമാരിയാണ് സോമൻനായർക്ക് വധുവായത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ ഇരുവരുടെയും മക്കളും കൊച്ചുമക്കളും സന്നിഹിതരായി.
റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ് സോമൻനായർ. പിന്നീട് സംസ്ഥാനത്തെ എൻസിസി വിഭാഗത്തിൽ ജോലി നോക്കിയിരുന്നു. ഒരു വർഷം മുൻപാണ് സോമൻനായരുടെ ഭാര്യ മരിച്ചത്. മൂന്ന് മക്കളാണുള്ളത്. ബീനാകുമാരിയുടെ ഭർത്താവ് 10 വർഷം മുൻപാണ് ലോകത്തോട് വിടപറഞ്ഞത്. ബിനാകുമാരിയുടെ വിവാഹത്തിനായി മുൻകൈ എടുത്തത് സഹോദരൻ ടിഡി പ്രവീണും.
ഒരു മകൾ മാത്രമാണ് ഉള്ളത്. വിഡോ ഗ്രൂപ്പ് വഴിയാണ് വിവാഹ ആലോചന എത്തിയത്. പ്രവീൺ സോമൻനായരുടെ മക്കളുമായി സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. മൂന്ന് മക്കളും സമ്മതം മൂളിയ ശേഷമാണ് ഇരുവരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത്. വിവാഹത്തിന് സോമൻ നായരുടെ മൂത്തമകളും മരുമകനും കൊച്ചുമക്കളും ഉൾപ്പെടെയുള്ളവർ സാക്ഷിയായി. എയർഫോഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം ചാപ്റ്ററിന്റെ എക്‌സിക്യൂട്ടീവ് അംഗമാണ് സോമൻ നായർ.
സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിരാജും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും. പൃഥ്വിരാജ് ലിസ്റ്റിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്നേക്കാള്‍ കൂടുതല്‍ വട്ടുള്ള ഒരാളെ താന്‍ കാണുന്നത് ലിസ്റ്റിന്‍ സ്റ്റീഫനെ പരിചയപ്പെട്ടപ്പോഴാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്.
‘കടുവ’ സിനിമയുടെ സക്‌സസ് സെലിബ്രേഷനിലാണ് പൃഥ്വിരാജ് സംസാരിച്ചത്. ”ഒരുപാട് പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്ത് വന്ന പ്രോജക്ട് ആണ് ‘കടുവ’. ഒരാളെപ്പറ്റി ഇക്കാര്യത്തില്‍ എടുത്തുപറയണം, ലിസ്റ്റിന്‍ സ്റ്റീഫന്‍. കഴിഞ്ഞ ഒന്നൊന്നര വര്‍ഷക്കാലം എന്റെ എല്ലാ സംരംഭത്തിലും ലിസ്റ്റിന്‍ ഒപ്പമുണ്ടായിരുന്നു.”
”കെജിഎഫ് 2, ചാര്‍ലി 777, കാന്താര എന്നീ 3 സിനിമകള്‍ വിതരണത്തിനെടുത്തപ്പോഴും പങ്കാളിയായി ലിസ്റ്റിന്‍ ഉണ്ടായിരുന്നു. ഞാന്‍ വലിയ സ്വപ്നങ്ങള്‍ കാണുന്ന കൂട്ടത്തിലാണ്. കുറച്ച് വട്ടുള്ള കൂട്ടത്തിലെന്ന് പറയാം. അങ്ങനെ നോക്കുമ്പോള്‍ എന്നേക്കാള്‍ വട്ടുള്ള വട്ടനെ കാണുന്നത് ലിസ്റ്റിനെ പരിചയപ്പെട്ടപ്പോഴാണ്.”
”അങ്ങനെ കൂടെ കൂട്ടാന്‍ പറ്റിയ ആളാണെന്ന് തോന്നി. ലിസ്റ്റിന്‍ ഇല്ലായിരുന്നുവെങ്കില്‍ പല പ്രോജക്ടുകളും നടക്കില്ലായിരുന്നു. മാജിക് ഫ്രെയിംസും ലിസ്റ്റിന്‍ സ്റ്റീഫനും ഇല്ലായിരുന്നുവെങ്കില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഇത്രയും ലാഭമുള്ള നിര്‍മ്മാണക്കമ്പനി ആകില്ലായിരുന്നു” എന്നാണ് പൃഥ്വിരാജ് പറയുന്നത്.
അതേസമയം, കടുവ സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നതിനെ കുറിച്ചും പൃഥ്വിരാജ് സംസാരിക്കുന്നുണ്ട്. ”കടുവാക്കുന്നേല്‍ കോരുത് മാപ്പിളയായി മമ്മൂക്കയോ ലാലേട്ടനോ സുരേഷേട്ടനോ അഭിനയിക്കണമെന്നതാണ് എന്റെയും ജിനുവിന്റെയും ആഗ്രഹം. ഇനി അവരാരും സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ തന്നെ നരയിട്ട് ഇറങ്ങും” എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍:
ഒരു ചിത്രത്തിന്റെ സക്സസ് സെലിബ്രേഷന്‍ കഴിഞ്ഞ് പോകുമ്പോള്‍ എന്നെ പൊലീസ് പിടിച്ചു. വണ്ടിയുടെ ബുക്കും പേപ്പറും ചോദിച്ചു. ആ സമയത്ത് ഡ്രൈവര്‍ കൂടെയില്ലാത്തതു കൊണ്ട് വണ്ടിയുടെ ബുക്കും പേപ്പറും നോക്കിയിട്ട് കണ്ടില്ല. അങ്ങനെയാണെങ്കില്‍ സ്റ്റേഷനിലേക്ക് പോരാന്‍ പറഞ്ഞു. എന്റെ വീട് ഇവിടെ തൊട്ടടുത്താണെന്ന് ഞാന്‍ പറഞ്ഞു. ‘പറ്റില്ല നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടെന്നു സംശയമുണ്ട്’ എന്ന് അദ്ദേഹം പറഞ്ഞു.
മദ്യപിച്ചിട്ടില്ലെന്നും ബുക്കും പേപ്പറും കയ്യില്‍ ഇല്ലെന്നും വെറുതെ വിടണമെന്നും ഞാന്‍ പറഞ്ഞു. പേര് എന്താണെന്ന് ചോദിച്ച പൊലീസുകാരനോട് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന് പറഞ്ഞപ്പോള്‍, ‘നിങ്ങള്‍ പൃഥ്വിരാജിന്റെ പാര്‍ട്ണര്‍ ആയ പ്രൊഡ്യൂസര്‍ അല്ലേ, ഗോള്‍ഡ് എന്നാണ് റിലീസ് ചെയ്യുന്നത്’ എന്ന് ചോദിച്ചു. നിങ്ങള്‍ എന്നെ ഇവിടെ നിന്നു റിലീസ് ചെയ്തിട്ട് വേണം ഗോള്‍ഡ് റിലീസ് ചെയ്യാനെന്നു ഞാനും പറഞ്ഞു.
മാമോദീസ ചടങ്ങില്‍ കേടായ ബീഫ് ബിരിയാണി വിളമ്പിയതിന് കേറ്ററിങ്ങ് ഉടമയ്‌ക്കെതിരെ കേസ്. മട്ടാഞ്ചേരി മുണ്ടംവേലി കുരിശുപറമ്പില്‍ സ്വദേശിയുടെ മകന്റെ മാമോദീസ ചടങ്ങിലാണ് സംഭവം.പരിപാടിയില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച ഏതാണ്ട് 30 ഓളം പേര്‍ക്ക് ചൊറിച്ചിലും ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടു. പലരും ചികിത്സ തേടി. മാമോദീസ ചടങ്ങിനെത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കാനായി മട്ടാഞ്ചേരി സ്വദേശി ഹാരിസിനായിരുന്നു കേറ്ററിങ് നല്‍കിയിരുന്നത്.
ഏതാണ്ട് നൂറ്റിമുപ്പത് പേര്‍ക്കുള്ള ബിരിയാണിക്കാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. ചടങ്ങിന് ആളുകളെത്തി തുടങ്ങിയപ്പോള്‍ കേറ്ററിങ്ങുകാര്‍ കൊണ്ട് വച്ച ചെമ്പ് തുറന്നു. അപ്പോള്‍ തന്നെ അസ്വാഭാവികമായ മണം പരന്നതായി സ്ഥലത്തുണ്ടായിരുന്നവര്‍ പരാതിപ്പെട്ടിരുന്നു.
പലരും പരാതിപ്പെട്ടപ്പോള്‍ അസ്വാഭാവികത തോന്നിയ വീട്ടുടമ കേറ്ററിങ്ങ് ഏറ്റെടുത്ത ഹാരിസിനെ വിളിച്ച് പരാതി പറഞ്ഞു. ഇതിനിടെ ഭക്ഷണം വിളമ്പിയിരുന്ന കേറ്ററിങ്ങ് തൊഴിലാളികള്‍ സ്ഥലം വിട്ടതോടെ സംശയം ഇരട്ടിച്ചു. എന്നാല്‍, ഈ സമയത്തിനുള്ളില്‍ മുപ്പതോളം പേര്‍ ഭക്ഷണം കഴിച്ചിരുന്നു. കഴിച്ചവരില്‍ പലരും ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതോടെ വീട്ടുടമ പോലീസില്‍ പരാതി നല്‍കി.
ഇതനുസരിച്ച് സ്ഥലത്തെത്തിയ തോപ്പുംപടി പോലീസ്, കേറ്ററിങ്ങ് ഉടമ ഹാരിസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളുടെ ഫോണ്‍ സ്വച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് ചടങ്ങിനെത്തിയ മറ്റുള്ളവര്‍ക്ക് വേറെ ഭക്ഷണം വരുത്തി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് അറിയിച്ചത് അനുസരിച്ച് ഫുഡ് സേഫ്റ്റി ഓഫീസര്‍ എം എന്‍ ഷംസിയയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് സ്ഥലത്തെത്തി ഭക്ഷണത്തിന്റെ സാമ്പിള്‍ ശേഖരിച്ചു. പ്രഥമിക പരിശോധനയില്‍ മോശമായ ഇറച്ചി ഉപയോഗിച്ചാണ് ബിരിയാണി പാചകം ചെയ്തതെന്ന് കണ്ടെത്തി.
ഇതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേറ്ററിങ്ങ് ഉടമ ഹാരിസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ എംഎന്‍ ഷംസിയ പറഞ്ഞു.