ചോറ്റാനിക്കരയിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ചോറ്റാനിക്കര സ്വദേശി ഫിലിപ്പ് മംഗലശേരിയുടെ വീട്ടിൽ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. തലയോട്ടിയും അസ്ഥി കഷ്ണങ്ങളും വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിൽ നിന്നാണ് കണ്ടെത്തിയത്.
30 വർഷത്തിലേറെയായി വീട്ടിൽ ആൾതാമസമില്ലെന്നാണ് വിവരം. ഫ്രിഡ്ജില്‍ വിവിധ കവറുകളിലാക്കിയ നിലയിലായിരുന്നു അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ. വീടിന് അകത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്. സമൂഹവിരുദ്ധരുടെ വിഹാര കേന്ദ്രത്തെക്കുറിച്ച് നാട്ടുകാർ പരാതി പറഞ്ഞതോടെയാണ് അന്വേഷിക്കാൻ പൊലീസെത്തിയത്.
ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയത്. ഇതിന്റെ കാലപ്പഴക്കവും ലിംഗനിർണയവുമടക്കം നടത്തേണ്ടതുണ്ട്. മനുഷ്യൻ്റേതാണോ മൃഗത്തിന്റേതാണോ എന്ന സ്ഥരീകരണവും വരേണ്ടതുണ്ട്.
കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വീണ് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഉമ തോമസിന് പരിക്കേറ്റ ശേഷവും പരിപാടി കുറച്ച് നേരത്തേക്ക് എങ്കിലും എന്തുകൊണ്ട് നിര്‍ത്തിവെച്ചില്ലെന്നും മനുഷ്യത്വം എന്നൊന്നില്ലേയെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചു.
നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത സാമ്പത്തിക വഞ്ചനാക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. എംഎല്‍എയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാധ്യത സംഘാടകര്‍ക്കുണ്ടായിരുന്നില്ലേ. എംഎല്‍എയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണ മനുഷ്യരുടെ ഗതിയെന്താണ്.
അരമണിക്കൂര്‍ പരിപാടി നിര്‍ത്തിവെച്ചെന്ന് കരുതി എന്ത് സംഭവിക്കുമായിരുന്നു. മനുഷ്യത്വം എന്നൊന്നില്ലേയെന്നും കോടതി ചോദിച്ചു. ഒരാള്‍ വീണ് തലയ്ക്ക് പരിക്കേറ്റു കിടക്കുമ്പോഴും പരിപാടി തുടര്‍ന്നു. ഉമ തോമസിനെ ആശുപത്രിയില്‍ എത്തിക്കുന്നത് വരെ എങ്കിലും കാത്തിരിക്കാമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു.
വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എ.യ്ക്ക് ജാമ്യം. തിങ്കളാഴ്ചയാണ് നിലമ്പൂര്‍ കോടതി അന്‍വറിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത എം.എല്‍.എ.യെ റിമാന്‍ഡ് ചെയ്തിരുന്നു. എം.എല്‍.എ.യെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യവും കോടതി തള്ളി.
50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലും പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപ കെട്ടിവെയ്ക്കണമെന്നു ഉപാധിയിലുമാണ് അന്‍വറിന് കോടതി ജാമ്യം അനുവദിച്ചത്. ഒന്നിടവിട്ട ബുധനാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
പി.വി. അന്‍വറിന് അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ ജാമ്യം ലഭിച്ചത് സര്‍ക്കാരിനുള്ള തിരിച്ചടിയാണെന്ന് ഡി.എം.കെ. നേതാക്കള്‍ പ്രതികരിച്ചു. കോടതി ഉത്തരവ് ജയിലിലെത്തിയാലുടന്‍ അന്‍വറിന് പുറത്തിറങ്ങാനാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും മാധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് അന്‍വറിനെ പോലീസ് സംഘം വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. നാടകീയരംഗങ്ങള്‍ക്കൊടുവിലാണ് വന്‍ പോലീസ് സംഘം എം.എല്‍.എ.യുടെ വീട്ടിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തന്റെ അറസ്റ്റ് ഭരണകൂട ഭീകരതയാണെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. പിന്നാലെ അന്‍വറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.
കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിനിടെ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചെന്നാണ് കേസ്.
വനംവകുപ്പ് ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പി.വി. അന്‍വര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുകള്‍പ്രകാരം പോലീസ് കേസെടുത്തത്. പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്. കേസെടുത്തതിന് പിന്നാലെയാണ് പോലീസ് സംഘം എം.എല്‍.എ.യെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.
ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തുവെന്ന കേസിൽ പി.വി. അൻവർ എം.എൽ.എയ്ക്ക് ജാമ്യമില്ല. കേസിൽ അറസ്റ്റിലായ പി.വി. അൻവർ എം.എൽ.എയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ നൽകാത്തതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉണ്ടായില്ല. തവനൂർ സബ് ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. പോരാട്ടം തുടരുമെന്ന് പി.വി. അൻവർ റിമാൻഡിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു.
അന്‍വറിന്റെ ഒതായിയിലെ വീട്ടിന് പുറത്ത് വന്‍ സന്നാഹമൊരുക്കിയ ശേഷമാണ് പോലീസ് അദ്ദേഹത്തെ കസ്റ്റിഡിയില്‍ എടുത്തത്. നിലമ്പൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പിന്നാലെ അന്‍വറിന് പിന്തുണയുമായി അനുയായികളും ഡി.എം.കെ. പ്രവര്‍ത്തകരും തടിച്ചുകൂടി. അൻവറിനെ പോലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡി.എം.കെ. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാര്‍ അടച്ചിട്ട നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചു. ജില്ലാ ആശുപത്രിയിലെത്തിയും പ്രതിഷേധിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് തുടര്‍ന്നാണ് പോലീസിന്റെ നടപടി.
നടി ഹണി റോസിനെതിരെ വീണ്ടും സൈബർ ആക്രമണം. നേരിട്ടും മാധ്യമങ്ങൾ വഴിയും നിരന്തരം അപമാനിക്കുന്ന ഒരാൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കൊണ്ടായിരുന്നു നടി രാവിലെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ഇതിൻ്റെ കമൻ്റുകളിലൂടെയും മറ്റും അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ ആണ് ഇപ്പോഴത്തെ പരാതി. ഇത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന നിഗമനത്തിലാണ് പരാതി നൽകാനുള്ള തീരുമാനത്തിലേക്ക് താരം എത്തിയത്.
ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോൾ പ്രതികരിക്കാത്തത്, അത് ആസ്വദിക്കുന്നത് കൊണ്ടാണോയെന്ന് അടുപ്പക്കാർ പോലും ചോദിക്കുന്നുവെന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. “പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമായി ഞാൻ പോകുന്ന മറ്റ് പരിപാടികളിൽ എത്തി അവിടെയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറുന്നു”. ഇതായിരുന്നു ഹണി റോസിന്റെ പോസ്റ്റ്.
പേര് പറഞ്ഞില്ലെങ്കിലും ഹണി റോസിനെ മുൻപ് തൻ്റെ സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിന് എത്തിച്ച്, ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി അത് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയ ബോബി ചെമ്മണ്ണൂരാണ് പ്രതിസ്ഥാനത്തെന്ന് സൂചനയുണ്ടായിരുന്നു. മുന്നറിയിപ്പ് ഫലിച്ചില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കുമെന്ന് ഹണി റോസ്. ഇതിനിടെയാണ് പുതിയ കേസ്.
കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ നീക്കം. രമേശ് ചെന്നിത്തലയും മുസ്ലിം ലീഗുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതു സംബന്ധിച്ച് ലീഗ് നേതൃത്വം കേരള കോണ്‍ഗ്രസ് എം നേതാക്കളുമായി അനൗപചാരിക ചര്‍ച്ച നടത്തി.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വൈകാതെ കേരള കോണ്‍ഗ്രസ് എം നേതാക്കളെ കാണും. ജോസ് കെ. മാണിയുമായി രമേശ് ചെന്നിത്തല ആശയ വിനിമയം നടത്തും.
കേരള കോണ്‍ഗ്രസ് എമ്മിന് കോഴിക്കോട് തിരുവമ്പാടി സീറ്റ് വാഗ്ദാനം ചെയ്തതായാണ് സൂചന. ജോസ് കെ. മാണിയെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കാമെന്ന നിര്‍ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. മുസ്ലിം ലീഗ് മത്സരിച്ച് വരുന്ന തിരുവമ്പാടിയില്‍ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും സിപിഎമ്മാണ് വിജയിച്ചത്.
സര്‍ക്കാരിന്റെ വനനിയമ ഭേദഗതി സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ഈ അതൃപ്തി കൂടി മുതലെടുത്ത് കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാനാണ് നീക്കം. വനനിയമ ഭേദഗതി സംബന്ധിച്ച് മലയോരത്തെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഉള്ള ആശങ്ക കേരള കോണ്‍ഗ്രസ് എമ്മിന് അവഗണിക്കാന്‍ കഴിയുന്നതല്ല.
വനനിയമ ഭേദഗതി സംബന്ധിച്ച് ക്രൈസ്തവ സഭകളും ആശങ്ക പ്രകടിപ്പിച്ചത് കേരള കോണ്‍ഗ്രസ് എം ഗൗരവമായാണ് എടുത്തിരിക്കുന്നത്. വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട അതൃപ്തി കേരള കോണ്‍ഗ്രസ് എം ഇടതു മുന്നണി നേതൃത്വത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്.
ആലുവ ചാലാക്ക ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു.
മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ കണ്ണൂര്‍ സ്വദേശിനി കെ. ഫാത്തിമത് ഷഹാന(21) ആണ് മരിച്ചത്. കാല്‍ തെന്നി താഴേക്ക് വീണതാകാം അല്ലെങ്കില്‍ പിറകിലേക്ക് മറിഞ്ഞു വീണതാകാം എന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ രാത്രിയാണ് സംഭവം. ഏഴാം നിലയുടെ കോറിഡോറിന്റെ ഭാഗത്ത് നിന്നാണ് താഴേക്ക് വീണത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു.
ഹോസ്റ്റലില്‍ അഞ്ചാം നിലയിലാണ് ഫാത്തിമത് താമസിക്കുന്നത്. ഏഴാം നിലയില്‍ ഉള്ള സുഹൃത്തുക്കളെ കാണാനെത്തിയതാണ്. സുഹൃത്തുക്കള്‍ക്കൊപ്പം നടക്കുമ്പോഴാണ് സംഭവം. ഒച്ച കേട്ട് സൃഹുത്ത് തിരിഞ്ഞു നോക്കുമ്പോഴാണ് ഫാത്തിമത് ഷഹാന അപകടത്തില്‍പ്പെട്ടത് അറിയുന്നത്.
വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരി ഷഹന ഷെറിനെ കണ്ടെത്തി. ഗോവ മഡ്‌ഗോണില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. നിലമ്പൂരില്‍ നിന്നുള്ള അധ്യാപകരുടെ യാത്രാ സംഘമാണ് ഗോവയില്‍ വെച്ച് കുട്ടിയെ കണ്ടതോടെ സംശയത്തെ തുടര്‍ന്ന് ഗോവ മഡ്‌ഗോണ്‍ പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് മഡ്‌ഗോണ്‍ പൊലീസ് പട്ടാമ്പി പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.
കുട്ടിയെ കൊണ്ടുവരാനായി പട്ടാമ്പി പൊലീസും ബന്ധുക്കളും ഗോവയിലേക്ക് തിരിച്ചു. കുട്ടിയുടെ പിതാവ് കുട്ടിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. മഡ്‌ഗോണ്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്ത് വെച്ചാണ് കുട്ടിയെ കണ്ടത്.
ഡിസംബര്‍ 30 തിങ്കളാഴ്ച കാലത്ത് പതിവുപോലെ ട്യൂഷന്‍ സെന്ററില്‍ പോയതാണ് ഷഹന ഷെറിന്‍. ട്യൂഷന്‍ കഴിഞ്ഞ് സ്‌കൂളില്‍ എത്തേണ്ട സമയമായിട്ടും കാണാതായതോടെ അധ്യാപകര്‍ അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്‍ കുട്ടിയെ കാണാതായ വിവരം അറിയുന്നത്. ഉടനെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
18 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സൈനികരായ ദിബില്‍ കുമാറും രാജേഷുമായിരുന്നില്ല അവര്‍. കൊല്ലത്തെ അഞ്ചലില്‍നിന്ന് അഞ്ഞൂറോളം കിലോമീറ്ററുകള്‍ക്കപ്പുറമുള്ള പുതുച്ചേരിയില്‍ രൂപത്തിലും പേരിലും മാറ്റങ്ങള്‍ വരുത്തി ‘പുതിയ’ മനുഷ്യരായി ജീവിക്കുകയായിരുന്നു ദിബിലും രാജേഷും. ദിബില്‍ കാര്‍പെന്റര്‍ ഇന്റീരിയര്‍ സ്ഥാപനം നടത്തുന്ന വിഷ്ണുവായി മാറി. അധ്യാപികയെ വിവാഹം ചെയ്തു. രാജേഷും ഒരു അധ്യാപികയെ വിവാഹം ചെയ്ത് കുടുംബസ്ഥനായി മാറിയിരുന്നു. രഞ്ജിനിയേയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയതെല്ലാം അവരുടെ ഓര്‍മയില്‍നിന്ന് മാഞ്ഞുപോകാന്‍ തുടങ്ങിയിരുന്നു.
എന്നാല്‍ അജ്ഞാതനായ ഒരു ‘മൂന്നാമനി’ല്‍ നിന്ന് സിബിഐ ചെന്നൈ യൂണിറ്റിലെ അംഗങ്ങള്‍ക്ക് ലഭിച്ച രഹസ്യവിവരം അവര്‍ ചെയ്ത കൊലപാതകത്തിന്റെ കുഴി തോണ്ടി പുറത്തെടുക്കുന്നതായിരുന്നു. . ഇരുവരുടേയും യഥാര്‍ഥ വ്യക്തിത്വത്തെ കുറിച്ച് അറിയാവുന്ന ഒരാള്‍, വിഷ്ണുവെന്ന പേരില്‍ ദിബില്‍ ഒളിച്ചുകഴിയുന്നത് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിബിഐ സംഘം നിരീക്ഷണം ആരംഭിക്കുകയും ‘വിഷ്ണു’വിനെ ചോദ്യം ചെയ്യുകയും ചെയ്തു. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് യഥാര്‍ഥ പേരും വിലാസവും ദിബില്‍ പോലീസിന് കൈമാറി.
ഇതിന് കേരള പോലീസിന്റെ സഹായവും സിബിഐക്ക് ലഭിച്ചു. ദിബില്‍ കുമാറിന്റെ മേല്‍വിലാസം ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയത് സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചാണ്. ദിബില്‍ കുമാറിന്റെ 18 വര്‍ഷം മുമ്പുള്ള ചിത്രം രൂപമാറ്റം വരുത്തി ടെക്‌നിക്കല്‍ ഇന്റലിജന്‍സ് പരിശോധിച്ചു. ദിബില്‍ കുമാറിന്റെ ഫെയ്‌സ്ബുക്കിലെ വിവാഹ ഫോട്ടോയുമായി ഇതില്‍ ഒരു ചിത്രത്തിന് സാദൃശ്യം തോന്നി. ഇതോടെയാണ് വിഷ്ണു തന്നെയാണ് ദിബില്‍ കുമാര്‍ എന്ന നിഗമനത്തിലെത്തിയത്. ഈ വിവരം സിബിഐയ്ക്ക് കൈമാറി.
പഞ്ചാബില്‍ സൈന്യത്തില്‍ ജോലി ചെയ്യവേയാണ് ദിബില്‍ കുമാറും രാജേഷും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും സുഹൃത്തുക്കളായി. തന്റെ പ്രശ്‌നങ്ങളെല്ലാം ദിബില്‍ രാജേഷുമായി പങ്കുവെച്ചിരുന്നു. രാജേഷ് നാട്ടില്‍ അവധിക്ക് എത്തിയപ്പോള്‍ ദിബില്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പോയി കാണുകയും ചെയ്തു. പ്രസവത്തിനായി ആശുപത്രിയിലെത്തിയ രഞ്ജിനിയേയും അമ്മയേയും രാജേഷ് സന്ദര്‍ശിക്കുകയും കൊല്ലം സ്വദേശി അനില്‍ കുമാറാണ് എന്ന പേരില്‍ പരിചയപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും രഞ്ജിനിയേയും ഇരട്ടക്കുട്ടികളേയും കൊല ചെയ്യാനുള്ള പദ്ധതികള്‍ തയ്യാറാക്കി. ഇതിനായി ഇരുവരും നേരത്തെ തന്നെ അവധിയെടുത്തിരുന്നു. 2006 മാര്‍ച്ച് 14 വരെയായിരുന്നു ദിബില്‍ അവധി നല്‍കിയിരുന്നത്. എന്നാല്‍ ഫെബ്രുവരിയില്‍ കൊലപാതകത്തിനുശേഷം ഇയാള്‍ അവധി റദ്ദ് ചെയ്ത് ജോലിയില്‍ പ്രവേശിച്ചു. പിന്നീട് വീട്ടിലേക്കെന്ന് പറഞ്ഞ് സൈനിക ക്യാമ്പ് വിട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് വീട്ടുകാരെ പോലീസ് ചോദ്യം ചെയ്യുന്നുവെന്നും തന്റെ നിരപരാധിത്വം തെളിയിക്കണം എന്നും ആവശ്യപ്പെട്ടാണ് രണ്ടാം തവണ അവധി എടുത്തത്. പിന്നീട് തിരിച്ചുപോയതുമില്ല. ശബരിമലയ്ക്ക് പോകാനെന്ന് പറഞ്ഞ് രാജേഷ് താടി നീട്ടിവളര്‍ത്താനുള്ള അനുമതി മേലുദ്യോഗസ്ഥരില്‍നിന്ന് വാങ്ങിയിരുന്നു. എന്നാല്‍ ഇയാള്‍ ശബരിമലയ്ക്ക് പോയിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. ആള്‍മാറാട്ടം നടത്തി രക്ഷപ്പെടാനാണ് താടി നീട്ടിവളര്‍ത്തിയതെന്നും മനസിലായി.
കൊലപാതകത്തിനുശേഷം ദിബില്‍ കുമാര്‍ തിരുവനന്തപുരത്ത് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നു. അത് രാജേഷിന്റെ അക്കൗണ്ടാണെന്ന് പിന്നീട് മനസിലായി. സുഹൃത്തിന്റെ കാര്‍ഡ് ഉപയോഗിച്ച് ദിബില്‍ പണം പിന്‍വലിച്ചതായിരിക്കുമെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ കൊലപാതകത്തിന് മൂന്നുദിവസം മുമ്പ് ആയൂരില്‍ നിന്നും കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസം തളിപ്പറമ്പില്‍ നിന്നും ഇതേ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി കണ്ടെത്തി. രാജേഷ് അവധിയിലാണെന്ന് സൈനിക ക്യാമ്പില്‍നിന്ന് വിവരം കിട്ടി. ഒപ്പം അവര്‍ ഫോട്ടോയും കൈമാറി. ഈ ഫോട്ടോ രഞ്ജിനിയുടെ അമ്മ ശാന്തമ്മയും, രാജേഷും ദിബിലും ബൈക്ക് വാങ്ങിയ തിരുവനന്തപുരത്തെ സ്ഥാപനത്തിലെ ജീവനക്കാരും തിരിച്ചറിഞ്ഞു. ഇതോടെ രാജേഷിനും കൊലപാതകത്തിലുള്ള പങ്ക് വ്യക്തമായി.
പിന്നീട് ഇരുവരും മഹാരാഷ്ട്രയിലെ നാസിക്കിലേക്കാണ് പോയത്. ഫെബ്രുവരി 19-ന് അവിടുത്തെ എടിഎമ്മും ഉപയോഗിച്ചു. അവിടെ 25 വരെ താമസിച്ച് അവര്‍ അവിടെനിന്നും നാഗ്പുരിലേക്ക് പോയി. ഹിന്ദി നന്നായി കൈകാര്യം ചെയ്തതിനാല്‍ ഉത്തരേന്ത്യയില്‍ എളുപ്പത്തില്‍ തങ്ങാന്‍ പറ്റി. വീട്ടുകാരുമായുള്ള ബന്ധവും അവസാനിപ്പിച്ചു. ഇതോടെ അന്വേഷണം വഴിമുട്ടിയെങ്കിലും പോലീസ് ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ 18 വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ പോലീസിന്റെ വലയിലുമായി.
2006 ഫെബ്രുവരിയിലാണ് വെറും 17 ദിവസം മാത്രം പ്രായമായ ഇരട്ടപ്പെണ്‍കുഞ്ഞുങ്ങളും യുവതിയായ അമ്മയും വാടകവീട്ടില്‍ അതിക്രൂരമായി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. മക്കളുടെ പിതൃത്വം ഏറ്റെടുക്കണമെന്ന് അഞ്ചല്‍ അലയമണ്‍ രജനി വിലാസത്തില്‍ രഞ്ജിനി പ്രതി ദിബില്‍കുമാറിനോട് ആവശ്യപ്പെട്ടതാണ് അരുംകൊലയ്ക്ക് കാരണം. അഞ്ചല്‍ അലയമണ്‍ സ്വദേശി തന്നെയായ ദിബില്‍കുമാര്‍ കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെ യുവതി നിയമനടപടികളുമായി മുന്നോട്ടുനീങ്ങി. ആ നീക്കം ദിബിലിനെ പ്രകോപിപ്പിച്ചു. സുഹൃത്തും സൈനികനുമായ കണ്ണൂര്‍ സ്വദേശി രാജേഷും ദിബിലും ഒന്നിച്ചാണ് അവധിയ്ക്ക് നാട്ടിലെത്തുന്നത്. യുവതിയുടെ വീട്ടില്‍ ആളില്ലാത്ത നേരം നോക്കി അതിക്രമിച്ചുകയറിയ പ്രതികള്‍ യുവതിയെയും പിഞ്ചുകുഞ്ഞുങ്ങളെയും അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
പത്താംകോട്ട് റെജിമെന്റില്‍ സൈനികരായിരുന്നു ദിബിലും രാജേഷും. ദിബിലിനെതിരെ യുവതി നിയമപരമായി നീങ്ങിയതാണ് പ്രതികളെ പ്രകോപ്പിച്ചത്. യുവതിയുടെ അമ്മ പഞ്ചായത്ത് ഓഫീസില്‍ പോയ സമയത്തായിരുന്നു നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. രഞ്ജിനി നല്‍കിയ കേസിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ദിബില്‍കുമാറിനെതിരെ നീങ്ങിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. രഞ്ജിനിയുടെ അമ്മ ശാന്തമ്മ എസ്.ഐ.ടി ആശുപത്രിയില്‍ സര്‍ജറിക്ക് വിധേയമായപ്പോള്‍ ദിബിലിന്റെ സുഹൃത്താണെന്ന് പറഞ്ഞ് കണ്ണൂരുകാരനായ രാജേഷ് സമീപിക്കുകയും രഞ്ജിനിയെയും കുഞ്ഞുങ്ങളെയും ദിബില്‍ ഏറ്റെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും വാക്കു കൊടുത്തു. അതേ രാജേഷാണ് ഈ ക്രൂരകൊലപാതകങ്ങളിലെ കൂട്ടുപ്രതി. രഞ്ജിനിയുടെ വീട്ടുകാരുടെ വിശ്വാസ്യത നേടിയെടുത്ത് വീട്ടില്‍ വരാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു രാജേഷ്.
മകള്‍ക്കും പേരക്കുഞ്ഞുങ്ങള്‍ക്കും മരണാനന്തരമെങ്കിലും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിനിയുടെ അമ്മ കയറാത്ത ഓഫീസ് വരാന്തകളില്ല. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നത് അങ്ങനെയാണ്. ഇതേ കേസിന്റെ പശ്ചാത്തലത്തില്‍ പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യവും കേസ് ഫയല്‍ചെയ്തതോടെ സൈന്യവും നിയമനടപടികള്‍ ആരംഭിച്ചു.
തികച്ചും ആസൂത്രിതമായിരുന്ന കൊലപാതകങ്ങള്‍ക്കുശേഷം എന്തു ചെയ്യണമെന്നതിനെക്കുറിച്ച് പ്രതികള്‍ കൃത്യമായ പദ്ധതി തയ്യാറാക്കി. കൃത്യനിര്‍വഹണത്തിനുശേഷം നാടുവിട്ട പ്രതികള്‍ അധികം അകലെയൊന്നുമല്ല എത്തിപ്പെട്ടത്. പോണ്ടിച്ചേരിയില്‍ പോയി പേരും രൂപവും തന്നെ മാറ്റി. ഇത്രയധികം സാങ്കേതിക വിദ്യകള്‍ പുരോഗമിച്ച കാലത്ത് പതിനെട്ട് വര്‍ഷമാണ് പോണ്ടിച്ചേരിയില്‍ ആരാലും തിരിച്ചറിയപ്പെടാതെ സ്വൈര്യജീവിതം ഇവര്‍ നയിച്ചുവന്നത്.
ഒരു ഇന്ത്യന്‍ പൗരന്റെ അടിസ്ഥാനരേഖയായി കരുതിപ്പോരുന്ന ആധാര്‍കാര്‍ഡിന്റെ ആധികാരികതയെപ്പോലും ചോദ്യം ചെയ്യുന്ന പ്രവര്‍ത്തിയാണ് ആദ്യം പ്രതികള്‍ നടത്തിയത്. പോണ്ടിച്ചേരിയില്‍ സ്വന്തമായി വിലാസമുണ്ടാക്കി, അവിടെനിന്നും ആധാര്‍കാര്‍ഡെടുത്തു. പോണ്ടിച്ചേരിയില്‍ ഒരു ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം തുടങ്ങി. കാര്‍പെന്റര്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് സ്ഥാപനം നല്ലരീതിയില്‍ നടത്തിപ്പോന്നു. പ്രതികളില്‍ ഒരാള്‍ വിഷ്ണു എന്ന പേരിലാണ് സ്ഥാപന ഉടമയായി ബിസിനസ് നടത്തിയത്.
ജീവിതത്തെക്കുറിച്ച് കൃത്യമായ ധാരണകള്‍ ഉണ്ടാക്കിയ പ്രതികള്‍ ഇത്രയും കാലം നാടുമായോ കുടുംബവുമായോ ബന്ധപ്പെട്ടില്ല എന്ന സംശയാസ്പദമായ കാര്യമാണ്. രണ്ടുപേരും വിവാഹം ചെയ്തു. പോണ്ടിച്ചേരിയില്‍ത്തന്നെ അധ്യാപികമാരായി ജോലി ചെയ്യുന്ന യുവതികളെയാണ് ഇവര്‍ വിവാഹം ചെയ്തത്. രണ്ടുപേര്‍ക്കും കുട്ടികളുമായി. പതിനെട്ട് വര്‍ഷക്കാലം നിയമത്തിന്റെ കണ്ണില്‍പ്പെടാതെ കഴിഞ്ഞെങ്കിലും ചെന്നൈ സി.ബി.ഐ ഓഫീസിലേക്ക് അജ്ഞാതമായൊരു സന്ദേശം ഇവരെക്കുറിച്ച് ലഭിച്ചതോടെയാണ് പ്രതികള്‍ നിരീക്ഷണത്തിലാവുന്നത്.
അഞ്ചല്‍ കൊലപാതകങ്ങളിലെ പ്രതികളെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ കേരള പോലീസ് പ്രതികളെ കണ്ടെത്തുന്നവര്‍ക്കായി 50000 രൂപ ഇനാം പ്രഖ്യാപിച്ചുവെങ്കിലും ഫലമുണ്ടായില്ല. പ്രതികള്‍ക്കായി രാജ്യവ്യാപകമായ തിരച്ചില്‍ നടത്തി. പിന്നീട് ഇനാം തുക 2 ലക്ഷമാക്കി ഉയര്‍ത്തി നോക്കി. ദിബിലും രാജേഷും നിയമസംവിധാനങ്ങളെ കബളിപ്പിച്ച് കാണാമറയത്തുതന്നെ. പിന്നീട് കേസ് സിബി.ഐയ്ക്ക് വിടുകയായിരുന്നു. 2006-ല്‍ സംഭവം നടക്കുമ്പോള്‍ കേരളത്തിലെ ക്രൈം കേസുകളുടെ ചുമതല സി.ബി.ഐ ചെന്നൈ യൂണിറ്റിനായിരുന്നു. അതുകൊണ്ടാണ് പ്രതികളെത്തിരഞ്ഞ് ചെന്നൈ യൂണിറ്റ് തന്നെ പോണ്ടിച്ചേരിയിലെത്തിയത്. വിഷ്ണു എന്ന പേരില്‍ ഒരാള്‍ പോണ്ടിച്ചേരിയില്‍ കാര്‍പെന്റര്‍ ഇന്റീരിയര്‍ സ്ഥാപനം നടത്തുന്നയാള്‍ കേരളത്തിലെ പ്രമാദമായ കൊലപാതകങ്ങളിലെ പ്രതിയാണ് എന്ന് ചെന്നൈ സി.ബി.ഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിലൊടുവില്‍ വ്യക്തമായ തെളിവുകളോടെയാണ് സി.ബി.ഐ പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുന്നത്.