Kerala

നെടുമങ്ങാട് കരകുളത്തെ പി.എ അസീസ് എന്‍ജിനീയറിങ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കോളജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിലെ ഹാളില്‍ ഇന്ന് രാവിലെയാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അദേഹത്തിന്റെ കാറും മൊബൈല്‍ ഫോണുമെല്ലാം സമീപത്തുണ്ട്.

മുഹമ്മദ് അബ്ദുള്‍ അസീസിന് കടബാധ്യതയുണ്ടായിരുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇദേഹം പണം നല്‍കാനുള്ളവര്‍ കഴിഞ്ഞ ദിവസം വന്ന് ബഹളമുണ്ടാക്കിയതായി നാട്ടുകാര്‍ പറഞ്ഞു. അബ്ദുള്‍ അസീസ് ഇന്നലെ കോളജിനടുത്തുണ്ടായിരുന്നതായും നാട്ടുകാര്‍ വ്യക്തമാക്കി.

കൊല്ലം ഇരവിപുരം സ്വദേശിയാണ്. നിലവില്‍ പേയാട് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. രാവിലെ ഹാളില്‍ തീ കത്തുന്നത് കണ്ടിട്ടാണ് കോളജ് സ്റ്റാഫ് മൃതദേഹം കിടന്ന സ്ഥലത്തേയ്‌ക്കെത്തുന്നത്. ഉടന്‍ തന്നെ ഇവര്‍ നെടുമങ്ങാട് പോലീസിനെ വിവരം അറിയിച്ചു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസ്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

സ്റ്റേജില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എക്ക് പരിക്കേറ്റ സംഭവത്തില്‍ ‘മൃദംഗനാഥം’ പരിപാടിയുടെ ഇവന്റ് മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓസ്‌കാര്‍ ഇവന്റ്സിന്റെ മാനേജര്‍ കൃഷ്ണ കുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

അപകടമായ രീതിയിലാണ് ഓസ്‌കാര്‍ ഇവന്റ്സ് നൃത്ത പരിപാടിയ്ക്കുള്ള സ്റ്റേജ് നിര്‍മ്മിച്ചതെന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു. കൃഷ്ണ കുമാര്‍ തന്നെയാണ് ഉമാ തോമസ് എംഎല്‍എയെ പരിപാടിയിലേയ്ക്ക് ക്ഷണിച്ച് കൊണ്ടുവന്നതും.

ഒരു സുരക്ഷാ വേലിയുമില്ലാതെയും കസേരിയിട്ടിരിക്കുന്ന മുന്‍വശത്ത് ഒരാള്‍ക്ക് നടന്നുപോകുവാന്‍ പോലും സ്ഥലമില്ലാത്ത രീതിയിലുമാണ് സ്റ്റേജ് ക്രമീകരിച്ചിരുന്നത്. അതാണ് അപകടത്തിന് കാരണമായത്. അതില്‍ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം സംഘാടകര്‍ക്ക് തന്നെയാണ് എന്നാണ് വിലയിരുത്തല്‍.

കൃഷ്ണ കുമാറുമായി പോലീസ് കലൂര്‍ സ്റ്റേഡിയത്തില്‍ തെളിവെടുപ്പ് നടത്തി. പിഡബ്ലൂഡിയെക്കൊണ്ട് പരിശോധിപ്പിച്ച് ശാസ്ത്രീയ വശങ്ങളും മനസിലാക്കിയാണ് പോലീസിന്റെ അന്വേഷണം.

കൊച്ചി റിനൈ മെഡിസിറ്റിയിൽ ചികിത്സയിലുള്ള ഉമ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി നിലവിൽ ആശങ്കാജനകമല്ലെന്ന് ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് എം.എൽ.എ യുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച പുലർച്ചെ 1. 45 ഓടെ മെഡിക്കൽ റിപ്പോർട്ട് പുറത്തിറക്കിയത്. നിലവിലുള്ള ചികിത്സ തൃപ്തികരമെന്നും സംഘം വിലയിരുത്തി. തുടർ ചികിത്സകളും നിർദ്ദേശിച്ചിട്ടുണ്ട്.

രാത്രി 11 മണി യോടെയാണ് ഡോ. ജയകുമാറിെന്റ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തിയത്. രണ്ടു മണിക്കൂറോളം അവർ എം.എൽ.എയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. മെഡിക്കൽ റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷം റിനൈയിലെ ഡോക്ടർമാരുടെ സംഘവുമായി ചർച്ച നടത്തുകയും ചെയ്തു.

കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണാണ് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് ഗുരുതര പരിക്ക് പറ്റിയത് . സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അടക്കമുള്ളവര്‍ ഗ്യാലറിയില്‍ ഇരിക്കുമ്പോഴാണ് സംഭവം. ഗ്യാലറിയിലേക്ക് കയറുന്നതിനിടെ കൈവരിയില്‍ നിന്ന് ഉമാ തോമസ് താഴെ വീഴുകയായിരുന്നു.

വീഴ്ചയില്‍ ഗ്യാലറിയുടെ സുരക്ഷയ്ക്കായി കെട്ടിയ കമ്പി ഉമാ തോമസിന്റെ തലയില്‍ പതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ എംഎല്‍എയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

കലൂര്‍ സ്റ്റേഡിയത്തില്‍ 12,000 ഭരതനാട്യ നര്‍ത്തകര്‍ പങ്കെടുക്കുന്ന മൃദംഗനാദം നൃത്ത സന്ധ്യയായിരുന്നു പരിപാടി. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണിത്.

വീണ്ടും കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. ഇടുക്കി മുള്ളരിങ്ങാട് അമേൽത്തൊട്ടിയിലാണ് കാട്ടാനയുടെ ആക്രമണം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. മേയാൻ വിട്ട പശുവിനെ തിരികെ കൊണ്ടുവരാൻ തേക്കിൻ കൂപ്പിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഇന്ന് മൂന്നു മണിയോടെ ആയിരുന്നു ആക്രമണം.

വനത്തിന്റെ അതിർത്തിയോട് ചേർന്നാണ് യുവാവിന്റെ വീട് സ്ഥിതി ചെയ്യുന്നത്. പശുവിനെ തിരികെ കൊണ്ടുവരാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ മുൻപിൽപ്പെട്ടത്. യുവാവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപ്പെട്ടു.

കഴിഞ്ഞ നാലു വർഷമായി പ്രദേശത്ത് കാട്ടാനയുടെ ശല്യം അതിരൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. കാട്ടാന ആക്രമണം തടയുന്നതിനുള്ള ഫെൻസിങ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടായിരുനെന്ന് പഞ്ചായത്ത് അധികൃതർ പ്രതികരിച്ചു.

മുനമ്പം വിഷയത്തില്‍ തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച്ച നടത്തി മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. തലശേരി ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്ന് മാര്‍ ജോസഫ് പാംപ്ലാനി പ്രതികരിച്ചു.

ഇന്നത്തെ സാഹചര്യത്തില്‍ തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ടെന്നും ഇത്തരം കൂടിക്കാഴ്ചകള്‍ ആവശ്യമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുനമ്പം വിഷയത്തില്‍ സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ച ഉണ്ടാവരുതെന്നും പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഊര്‍ജിതമായി രംഗത്ത് വരണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മെല്ലപ്പോക്ക് അവസാനിപ്പിക്കണം. സമൂഹങ്ങളെ അടുപ്പിക്കാന്‍ ആവശ്യമായതൊക്കെ ചെയ്യണം. സമുദായങ്ങള്‍ തമ്മില്‍ അകലുന്ന സാഹചര്യമുണ്ടാവരുത്. ബന്ധങ്ങള്‍ നിലനിര്‍ത്തുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് വന്നത്.

മാര്‍ ജോസഫ് പാംപ്ലാനിയുടെ പല പ്രസ്താവനകളും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണ്. അദേഹം അഭിപ്രായങ്ങള്‍ തുറന്നു പറയുന്നത് ആത്മധൈര്യം തരുന്നതാണന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. ഷാഫി പറമ്പില്‍ എംപിയും അദേഹത്തോടൊപ്പമുണ്ടായിരുന്നു.

തിരുവല്ലയിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മാന്നാർ ചെന്നിത്തല സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. തിരുവല്ല കായംകുളം സംസ്ഥാന പാതയില്‍ പൊടിയാടി ജങ്ഷന് സമീപമുള്ള കൊടും വളവിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.

തിരുവല്ലയിൽ നിന്ന് പൊടിയാടിയിലേക്ക് മണ്ണ് കയറ്റിപ്പോയ ടിപ്പർലോറിയാണ് അപകടത്തിന് ഇടയാക്കിയത്. ലോറിയുടെ പിൻചക്രം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന സുരേന്ദ്രന്റെ ശരീരത്തിൽ തട്ടി. തുടർന്ന്, റോഡിലേക്ക് തെറിച്ചുവീണ സുരേന്ദ്രന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ ​ഗതാ​ഗതതടസ്സമുണ്ടായി. തിരുവല്ലയിൽ നിന്ന് അ​ഗ്നിരക്ഷാസേന എത്തി റോഡ് കഴുകി വൃത്തിയാക്കിയതിന് ശേഷമാണ് ​ഗതാ​ഗതം പുനഃസ്ഥാപിച്ചത്. സുരേന്ദ്രന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

യുകെയില്‍ നഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി വണ്ടന്‍മേട് കുപ്പക്കല്‍മേട് കല്ലട വാഴപ്പറമ്പില്‍ വീട്ടില്‍ ജോമോന്‍ ജോണിനെയാണ് (42) പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് കരിങ്കുറ്റി സ്വദേശിയായ യുവതിയില്‍ നിന്നാണ് 50,000 രൂപ വാങ്ങിയത്. യുവതിയുടെ പേരില്‍ ഗോവിന്ദപുരം പഞ്ചാബ് നാഷനല്‍ ബാങ്കിലുള്ള അക്കൗണ്ടില്‍ നിന്ന് കേസിലെ രണ്ടാം പ്രതി മനു മോഹന്‍ മുഖേന പണം കൈമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റാന്നി വലിയപാലത്തിനു സമീപം ജോമോന്‍ നടത്തുന്ന സ്ഥാപനത്തിന്റെ ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്.

ജോലി ലഭിക്കാതെ വന്നപ്പോള്‍ യുവതി കഴിഞ്ഞ രണ്ടിന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ജോമോന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. സമാനമായ ഒരു കേസ് കൂടി ജോമോന്റെ പേരില്‍ റാന്നി പോലീസ് എടുത്തിട്ടുണ്ട്. ഇയാളുടെ ബാങ്ക് രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

യുകെ, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ ജില്ലാ പൊലീസ് മേധാവിക്കു ലഭിക്കുന്നുണ്ട്. സമാന പരാതിയില്‍ കഴിഞ്ഞ മാസം ഇയാള്‍ അറസ്റ്റിലായിരുന്നു.

ഡിവൈ.എസ്.പി ആര്‍.ജയരാജിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍, എഎസ്‌ഐ അജു കെ.അലി, എസ് സിപിഒമാരായ അജാസ് ചാരിവേലി, ഗോകുല്‍ എന്നിവരാണ് അന്വേഷണം നടത്തുന്നത്.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നതടക്കമുള്ള ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി.

പരേഡ് ഗ്രൗണ്ടിന് പുറമേ വെളി മൈതാനത്തു കൂടി പപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തടഞ്ഞ പൊലീസിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ പുതുവത്സര ദിനത്തില്‍ കൊച്ചിയില്‍ രണ്ട് പാപ്പാഞ്ഞികളെ കത്തിക്കും.

സംഘാടകരായ ഗാല ഡി ഫോര്‍ട്ട് കൊച്ചി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. പാപ്പാഞ്ഞിക്ക് ചുറ്റും 72 അടിയില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മിക്കണം. 40 അടി ഉയരമുള്ള വലിയ പാപ്പാഞ്ഞിയെ കത്തിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ കൂടി നില്‍ക്കുന്നവരുടെ ദേഹത്ത് വീഴുന്നത് ഒഴിവാകുക ലക്ഷ്യമിട്ടാണ് നിര്‍ദേശം.

ഫോര്‍ട്ട് കൊച്ചിയിലെ വെളി മൈതാനത്ത് ഗാലാ ഡി ഫോര്‍ട്ട് കൊച്ചി നിര്‍മ്മിക്കുന്ന 40 അടി ഉയരമുള്ള പപ്പാഞ്ഞിയുടെ നിര്‍മാണം തടഞ്ഞു കൊണ്ടാണ് പൊലീസ് സംഘാടകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടി കാട്ടി പപ്പാഞ്ഞി പൊളിച്ചു മാറ്റാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കൊച്ചി കാര്‍ണിവലിന്റെ ഭാഗമായി സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.

പുതുവര്‍ഷത്തില്‍ ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കാന്‍ കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റിക്ക് മാത്രമാണ് അനുവാദം നല്‍കിയിരിക്കുന്നതെന്നും പൊലീസ് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിക്കാരുടെ പുതുവത്സര ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടതാണ് പാപ്പാഞ്ഞി കത്തിക്കല്‍.

16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 19കാരിയെ വള്ളികുന്നം പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയെയാണ് വള്ളികുന്നം സർക്കിൾ ഇൻസ്പെക്‌ടർ ടി.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌ത്‌. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്കു താമസിക്കുന്ന 16കാരനെയാണ് കഴിഞ്ഞ ഡിസംബർ ഒന്നിന് യുവതി വീട്ടിൽനിന്നു കൂട്ടികൊണ്ടു പോയത്. പല സ്‌ഥലങ്ങളിലായി താമസിപ്പിച്ചു പീഡിപ്പിച്ചെന്ന് ആൺകുട്ടി പൊലീസിനു മൊഴി നൽകി.

യുവതി നേരത്തേ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായുള്ള ബന്ധം അറിഞ്ഞ വീട്ടുകാർ പെൺകുട്ടിയെ ബന്ധു കൂടിയായ 16കാരന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെയാണ് പയ്യനുമായി പെൺകുട്ടി വീടുവിട്ടു പോയത്. ആൺകുട്ടിയുടെ മാതാവ് വള്ളികുന്നം പൊലീസിൽ പരാതി നൽകി.

യുവതിയും 16 കാരനും മൈസൂർ, മായി, പാലക്കാട്, പളനി, മലപ്പുറം തുടങ്ങി നിരവധി സ്‌ഥലങ്ങളിൽ ഒളിവിൽ താമസിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണം നടന്നു വരവെയാണ് പത്തനംതിട്ട ബസ് സ്‌റ്റാൻഡിൽനിന്ന് ഇരുവരെയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്‌തു.

ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവില്‍പ്പന.

ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടത്. ഈ വര്‍ഷം ഡിസംബര്‍ 24,25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.

ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24.50 ശതമാനത്തിന്‍റെ (29.92 കോടി) വര്‍ധനവാണ് ഉണ്ടായത്. ഈ വര്‍ഷം ഡിസംബര്‍ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ഔട്ട്ലെറ്റുകളിലൂടെ 51.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഡിസംബര്‍ 25ലെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.84ശതമാനത്തിന്‍റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്.

ഈ വര്‍ഷം ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.

2023 ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71 കോടിയുടെ മദ്യമാണ് വിറ്റഴിച്ചിരുന്നത്. ഡിസംബര്‍ 24ലെ വില്‍പ്പനയില്‍ 37.21 ശതമാനത്തിന്‍റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്.

RECENT POSTS
Copyright © . All rights reserved