നടൻ കാളിദാസ് ജയറാമിന്‍റെയും തരിണിയുടെ വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഞായറാഴ്ച രാവിലെ നടന്ന വിവാഹത്തില്‍ പങ്കെടുത്തതത്.
മലയാളികൾക്ക് കുട്ടിക്കാലം മുതലേ ഏറെ സുപരിചിതമായ മുഖമാണ് നടൻ കാളിദാസിന്റേത്. ജയറാം- പാർവതി താരദമ്പതികളുടെ മൂത്തപുത്രനായ കാളിദാസ്, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്‍റെ വീട് അപ്പൂന്‍റേയും തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായാണ് മലയാളികൾക്ക് മുന്നിലെത്തിയത്. ഇന്ന് മലയാളത്തിനൊപ്പം ഇതരഭാഷാ സിനിമകളിലും അഭിനേതാവായി കാളിദാസ് എത്തുന്നുണ്ട്.
വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീ വെഡ്ഡിംഗ് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കാളിദാസ് ജയറാം വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്ന നിലയിൽ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയ ആളാണ് തരിണി കലിംഗരായർ. തങ്ങൾ പ്രണയത്തിലാണെന്ന് കാളിദാസ് അറിയിച്ചതിന് പിന്നാലെ ഇവരെ ചുറ്റിപ്പറ്റിയുള്ള വാർത്തകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ചെന്നൈയിലെ പ്രമുഖ കലിംഗരായർ കുടുംബത്തിൽ നിന്നുമുള്ള തരിണി മോഡലിങ് രംഗത്തെ താരമാണ്. ജമീന്ദാര്‍ കുടുംബമാണ് ഇവരുടേത്. പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം പ്രതിസന്ധികളും കഷ്ടപ്പാടുകളും നിറഞ്ഞ കുട്ടിക്കാലം ആയിരുന്നു തരിണിയുടേത്. അമ്മയായിരുന്നു എല്ലാത്തിനും ഒപ്പം നിന്നത്.
ചെന്നൈയിലുള്ള ഭവന്‍സ് രാജാജി വിദ്യാശ്രമം സ്കൂളിൽ ആയിരുന്നു തരിണിയുടെ ആദ്യ വിദ്യാഭ്യാസം. പിന്നീട് എംഒപി വൈഷ്ണവ് കോളേജ് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി. പഠിക്കുന്നതിനിടെ തന്നെ തരിണിയ്ക്ക് മോഡലിങ്ങിനോട് താല്പര്യം ഉണ്ടായിരുന്നു. അങ്ങനെ പതിനാറാമത്തെ വയസിൽ അവർ മോഡലിങ് ചെയ്തു. ഈ അവസരത്തിൽ തന്നെ സിനിമാ നിർമാണവും തരിണി പഠിച്ചു.
പാലോട് ഇളവട്ടത്ത് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മരിച്ച ഇന്ദുജയുടെ ഭർത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ദുജ മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് അജാസ് ഇവരെ മർദിച്ചെന്ന് അഭിജിത്ത് മൊഴിനൽകി. എന്നാൽ ഈ ആരോപണം അജാസ് നിഷേധിച്ചു. അതേസമയം ഇന്ദുജയും അഭിജിത്തുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണത്താൽ അഭിജിത്തിന്റെ കുടുംബത്തേയും പോലീസ് ചോദ്യംചെയ്യും.
ഇടിഞ്ഞാർ കോളച്ചൽ കൊന്നമൂട് കിഴക്കുംകര വീട്ടിൽ ശശിധരൻ കാണിയുടെ മകൾ ഇന്ദുജയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഭിജിത്തിന്റെ ഇളവട്ടത്തുള്ള വീട്ടിലെ രണ്ടാമത്തെ നിലയിലെ കിടപ്പുമുറിയിൽ ജനാലയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇവിടെ ശനിയാഴ്ച ഫൊറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല.
ഭർത്താവും വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതായി ഇന്ദുജ കഴിഞ്ഞ ആഴ്ചയിൽ അച്ഛനേയും സഹോദരനേയും ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ശശിധരൻകാണി പാലോട് പോലീസിൽ പരാതി നൽകി. തുടർന്ന് ഇൻക്വസ്റ്റ് നടക്കുന്ന വേളയിൽ ഇന്ദുജയുടെ ശരീരത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രം പഴക്കമുള്ള മുറിവുകൾ കണ്ടെത്തി. ഇതിനെത്തുടർന്നാണ് ഭർത്താവ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യുമ്പോഴാണ് ഇന്ദുജയുടേയും അഭിജിത്തിന്റെയും സുഹൃത്തായ അജാസിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്.
അജാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ വിവരങ്ങൾ ഇയാളിൽനിന്ന് ലഭിച്ചില്ല. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അഭിജിത്തുമായുള്ള ചാറ്റ് പൂർണമായും നശിപ്പിച്ചതായി കണ്ടെത്തി. കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സ്‌കൂട്ടറില്‍ ക്രെയിനിടിച്ച് മൂന്നാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. പെരിന്തല്‍മണ്ണ പാണമ്പിയില്‍ പുളിക്കല്‍ നജീബിന്റെയും ഫജീലയുടെയും മകള്‍ നേഹ(21)യാണ് ക്രെയിനിനടിയില്‍പ്പെട്ടു മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പെരിന്തല്‍മണ്ണ- കോഴിക്കോട് റോഡില്‍ ജൂബിലി റോഡ് ജങ്ഷനിലാണ് അപകടം.
മലപ്പുറം, പൂക്കോട്ടൂര്‍ പാറഞ്ചേരിവീട്ടില്‍ അഷര്‍ ഫൈസലുമായി ഞായറാഴ്ചയായിരുന്നു നേഹയുടെ നിക്കാഹ്. അല്‍ഷിഫ നഴ്‌സിങ് കോളജില്‍ ബി.എസ്സി. നഴ്‌സിങ് അഞ്ചാംസെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് നേഹ.
കോളേജില്‍നിന്ന് ഉച്ചഭക്ഷണത്തിനുള്ള ഇടവേളയ്ക്ക് ഭര്‍ത്താവിനൊപ്പം വെട്ടത്തൂര്‍ കാപ്പിലെ ബന്ധുവീട്ടില്‍പ്പോയി സത്കാരം കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. വാഹനം മറുഭാഗത്തേക്കു കടക്കുന്നതിനിടില്‍ യു ടേണില്‍ തിരിക്കാനിരിക്കെ വേഗതയിലെത്തിയ ക്രെയിന്‍ സ്‌കൂട്ടറിനു പിന്നില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കുവീണ നേഹ ക്രെയിനിന്റെ പിന്‍ചക്രത്തില്‍ കുടുങ്ങി. തലയ്ക്ക് സാരമായി പരിക്കേറ്റ നേഹയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയ, സിയ എന്നിവരാണു സഹോദരങ്ങള്‍. മൃതദേഹം മൗലാന ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് കൂട്ടിയത്. ബിപിഎലുകാര്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. 37 പൈസയുടെ വര്‍ധനവാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനവ് ബാധിക്കില്ലെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ 16 പൈസയും 2025-26 വര്‍ഷത്തില്‍ 12 പൈസയും വര്‍ധിപ്പിക്കുമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്നുമാണ് റിപ്പോര്‍ട്ട്. വൈദ്യുതി ബില്ലിലെ ഫിക്സഡ് ചാര്‍ജില്‍ കഴിഞ്ഞ വര്‍ഷം വര്‍ധനവ് വരുത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതില്‍ മാറ്റം വരുത്തുന്നില്ലെന്നാണ് വിവരം. ഇതിന് പുറമെ ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ യൂണിറ്റിന് 10 പൈസ നിരക്കില്‍ സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചില്ല.
കൃഷിയാവശ്യത്തിനുള്ള വൈദ്യുതി ഉപയോഗത്തിന് യൂണിറ്റിന് അഞ്ച് പൈസയുടെ വര്‍ധനവും വരുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം ആളുകളെയാണ് ഈ നിരക്ക് വര്‍ധന ബാധിക്കുകയെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ജൂണില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യ വൈദ്യുതിയായിരുന്നു നല്‍കി പോന്നിരുന്നത്. 51 മുതല്‍ മുകളിലേക്ക് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 പൈസയാണ് യൂണിറ്റിന് കൂടിയത്. 101 യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെയുള്ള ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 15 പൈസ കൂട്ടിയിരുന്നു. 151 മുതല്‍ 200 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 20 പൈസയും കൂട്ടി. നിലവില്‍ 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഏഴ് രൂപ അറുപത് പൈസയാണ് യൂണിറ്റ് ഒന്നിന് നിരക്ക് ഈടാക്കുന്നത്. അതിനിടെ നവംബറില്‍ ഉപയോക്താക്കള്‍ക്ക് നല്‍കിപ്പോന്ന സബ്സിഡിയും നിര്‍ത്തലാക്കിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടി നീക്കിയ സുപ്രധാന ഭാഗങ്ങള്‍ പുറത്തേക്ക്. റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെ പേജുകളിലെ വിവരങ്ങളാണിത്. ഇത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശനിയാഴ്ച കൈമാറിയേക്കും. വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ട് ചില മാധ്യമ പ്രവര്‍ത്തകര്‍ അപേക്ഷ നല്‍കിയിരുന്നു. ഇവര്‍ക്കാണ് ഈ ഭാഗങ്ങള്‍ കൈമാറുക. വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചതിന് പുറമേയുള്ള ചില ഭാഗങ്ങള്‍ റിപ്പോര്‍ട്ടില്‍ നിന്ന് സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഒഴിവാക്കിയിരുന്നു.
49 മുതല്‍ 53 വരെയുള്ള പേജുകളായിരുന്നു സര്‍ക്കാര്‍ സ്വന്തം നിലയില്‍ വെട്ടി മാറ്റിയത്. ഈ ഭാഗങ്ങളായിരിക്കും നാളെ കൈാറുക. വിവരാവകാശ കമ്മീഷണറുടേതാണ് നിര്‍ണായക തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് നാളെ പുറത്തു വരും. ഈ ഭാഗങ്ങള്‍ പുറത്ത് വിടുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. പേജുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ പോലും ആശയ കുഴപ്പം ഉണ്ടായിരുന്നുവെന്നതാണ് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ച പ്രധാന കാര്യം. വ്യക്തിപരമായ വിവരങ്ങള്‍ ഉള്ളതിനാലാണ് ഈ പേജുകള്‍ പുറത്ത് വിടാത്തതെന്നും പട്ടിക തയാറാക്കിയതില്‍ പിഴവുണ്ടായിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.
നീക്കം ചെയ്ത പേജുകള്‍ പുറത്തു വരേണ്ടതുണ്ടെന്നായിരുന്നു ഇതു സംബന്ധിച്ച് നടന്ന ഹിയറിങില്‍ മാധ്യമ പ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ പ്രധാനം. ഇക്കാര്യത്തിലാണ് ശനിയാഴ്ച വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പുറത്തിറങ്ങുന്നത്. ഇതിനൊപ്പം അപേക്ഷ നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നീക്കം ചെയ്ത പേജിലെ വിവരങ്ങള്‍ നല്‍കിയേക്കുമെന്നുമാണ് സൂചന.
കളര്‍കോട് കാര്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഇടിച്ച് കയറി ആറു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കാറിന്റെ ഉടമ ഷാമില്‍ ഖാനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വാഹനം നിയമവിരുദ്ധമായി വാടകയ്ക്ക് നല്‍കിയെന്ന് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. മോട്ടോര്‍ വാഹനവകുപ്പ് സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ നടപടികള്‍ക്കായി കോടതിയില്‍ സമര്‍പ്പിക്കും.
ഒന്നിച്ചു പായസം കുടിച്ച പരിചയത്തിലാണ് കാര്‍ കൊടുത്തതെന്നായിരുന്നു അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ അപകടശേഷം വാഹനഉടമ ആദ്യം പറഞ്ഞത്. എന്നാല്‍ ഇയാളുടെ വിശദീകരണം അവിശ്വസനീയമെന്ന് പറഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ് തളളിക്കളഞ്ഞിരുന്നു. ആര്‍.സി ബുക്ക് റദ്ദാക്കുകയും വകുപ്പിന്റെ പ്രാഥമിക നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യും. നടപടിക്രമങ്ങള്‍ അമ്പലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
ഷാമില്‍ ഖാന്റെ കാര്‍ വാടകയ്‌ക്കെടുത്ത് സിനിമ കാണാന്‍ പോകുമ്പോളായിരുന്നു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് , എടത്വ പള്ളിച്ചിറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് എന്നിവരാണ് മരിച്ചത്.
കരാർവ്യവസ്ഥ പാലിക്കാതെ കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽനിന്ന് ടീകോം ഒഴിയുമ്പോഴും സർക്കാർ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത് കരാറിന് വിരുദ്ധം. കരാർലംഘനമുണ്ടായാൽ ടീകോമിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ വ്യവസ്ഥയുണ്ടായിരിക്കെ, അതിന് വിരുദ്ധമായ തീരുമാനത്തിനെതിരേ പ്രതിപക്ഷവും രംഗത്തെത്തി. സർക്കാർഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ മാത്രമേ ടീകോമിന് നഷ്ടപരിഹാരം നൽകേണ്ടതുള്ളൂ.
ടീകോമുമായി കരാറുണ്ടാക്കി 13 വർഷം കഴിഞ്ഞിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതിയുണ്ടാകാത്തതിനാലാണ് സർക്കാരിന്റെ സമ്മർദത്തെത്തുടർന്ന് ടീകോം ഒഴിയുന്നത്. പത്തുവർഷത്തിനകം 90,000 തൊഴിലവസരങ്ങളും 8.8 ദശലക്ഷം ചതുരശ്രയടി ഐ.ടി/ ഐ.ടി. ഇതരസ്ഥലമെന്ന വ്യവസ്ഥയും പാലിക്കാത്തതിനാൽ ടീകോം വ്യവസ്ഥകൾ ലംഘിച്ചുവെന്നത് പ്രഥമദൃഷ്ട്യാ വ്യക്തമാണ്.
പ്രത്യേക സാമ്പത്തികമേഖലയുടെ വിജ്ഞാപനത്തിലോ സ്ഥലം ഏറ്റെടുത്തു നൽകുന്നതിലോ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിനൽകുന്നതിലോ വീഴ്ചവന്നെങ്കിൽ മാത്രമാണ് സർക്കാർ ടീകോമിന് നഷ്‌ടപരിഹാരം നൽകേണ്ടത്.
സ്വതന്ത്ര ഇവാല്യുവേറ്ററുടെ നിയമനത്തിനായുള്ള ശുപാർശ നൽകാൻ സർക്കാർ നിയോഗിച്ച സമിതിയിൽ ടീകോം മുൻ എം.ഡി. ബാജു ജോർജിനെയും ഉൾപ്പെടുത്തിയത് വിവാദമായിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം സർക്കാർ തുടക്കമിട്ട ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡിന്റെ എം.ഡി.യാണ്. ഐ.ടി. മിഷൻ ഡയറക്ടർ, കൊച്ചി ഇൻഫോപാർക്ക് സി.ഇ.ഒ. എന്നിവരാണ് മറ്റംഗങ്ങൾ.
സർക്കാർ വ്യവസ്ഥ ലംഘിച്ചാൽ
1. ടീകോമിന് സ്മാർട്ട്‌സിറ്റി പദ്ധതി ഉപേക്ഷിക്കാം. അങ്ങനെയെങ്കിൽ ടീകോമിന്റെയും അനുബന്ധസ്ഥാപനങ്ങളുടെയും ഓഹരി സർക്കാർ ഏറ്റെടുക്കണം.
2. സർക്കാരിന്റെ കൈവശമുള്ള മുഴുവൻ ഓഹരിയും ടീകോമിന് ഏറ്റെടുക്കാം. ഇതിന്റെ മൂല്യം നിശ്ചയിക്കുന്നത് സ്വതന്ത്ര വാല്യുവേറ്ററായിരിക്കും. തുടർന്ന് പദ്ധതിയുടെ പ്രത്യേകോദ്ദേശ്യ കമ്പനിയുടെ ആസ്തിയിൽ സർക്കാരിന് അവകാശമുണ്ടാകില്ല.
3. കമ്പനി അതുവരെ ചെലവഴിച്ച തുക സർക്കാരിൽനിന്ന് ഈടാക്കാം. ഇത് കണക്കാക്കുന്നത് ടീകോമും സർക്കാരുംചേർന്ന് നിയോഗിക്കുന്ന സ്വതന്ത്ര ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമാകും
ടീകോം വ്യവസ്ഥ ലംഘിച്ചാൽ
ആദ്യം നോട്ടീസ് നൽകും. ആറുമാസം കഴിഞ്ഞിട്ടും വീഴ്ച ആവർത്തിച്ചാൽ ടീകോമിനുള്ള പാട്ടം അവസാനിപ്പിച്ച് മുഴുവൻ ഓഹരിയും സർക്കാരിന് വാങ്ങാം. സർക്കാർ നൽകിയ ഭൂമിയുടെ മൂല്യം 91.52 കോടിയായി കണക്കാക്കും. ഈ സാഹചര്യത്തിൽ പ്രത്യേകോദ്ദേശ്യ കമ്പനിയുടെ (എസ്.പി.വി.) ആസ്തികൾക്കുമേൽ ടീകോമിന് അവകാശമുണ്ടാകില്ല.
സർക്കാർ ഇതിനായി ചെലവഴിച്ച തുക എത്രയെന്ന് കണക്കാക്കി ടീകോമിൽനിന്ന് ഈടാക്കാം. ടീകോമും സർക്കാരും സംയുക്തമായി നിയോഗിക്കുന്ന സ്വതന്ത്ര ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമാകും തുകയെത്രയെന്ന് തീരുമാനിക്കുക.
കളര്‍കോട് വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ഥി കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എടത്വ പള്ളിച്ചിറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് (20) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് ആല്‍വിന്‍.
തലച്ചോറ്, ശ്വാസകോശം, വൃക്ക, ഇടതു തുടയെല്ല്, മുട്ടെല്ല് തുടങ്ങിയ അവയവങ്ങളില്‍ ക്ഷതമേറ്റ ആല്‍വിന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോളിട്രോമാ കാറ്റഗറിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. അപകടം നടന്ന ദിവസംതന്നെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. നിലവില്‍ നാല് വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, കൊല്ലം പോരുവഴി ആനന്ദ് മനു, എറണാകുളം സ്വദേശി ഗൗരീശങ്കര്‍, കൊല്ലം ചവറ പന്മന സ്വദേശി മുഹസ്സിന്‍ മുഹമ്മദ് എന്നിവരാണ് ചികിത്സയിലുള്ളത്. ആനന്ദ് മനുവിന് തുടയെല്ലിനു പൊട്ടലും തലച്ചോറിനും തലയോട്ടിക്കും ക്ഷതവുമുണ്ട്. കൃഷ്ണദേവിന് തിങ്കളാഴ്ചരാത്രി തന്നെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. പുതുക്കുറിച്ചി സ്വദേശി ഷൈന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു.
കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്
ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന അമ്മ അറസ്റ്റിൽ. ചെങ്ങന്നൂർ ചെറിയനാട് സ്വദേശിനി രഞ്ജിത (27)യെയാണ് നൂറനാട് സി ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
താമരക്കുളം സ്വദേശിയായ യുവാവുമായി പ്രണയിച്ച് വിവാഹം കഴിച്ച രഞ്ജിത രണ്ടു വർഷം മുൻപ് ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. അതിൽ ഒരു കുഞ്ഞ് പ്രസവത്തോടെ മരിച്ചു പോയി. ഇരട്ടകളിൽ ഒരു കുഞ്ഞിന് ജന്മനാ ജനിതക വൈകല്യം മൂലമുള്ള രോഗങ്ങൾ കാരണം ചികിത്സയിലായിരുന്നു.
ഭർത്താവ് വിദേശത്ത് ആയതിനാൽ ഭർത്താവിന്റെ പിതാവിനോടും മാതാവിനോടും ഒപ്പമാണ് രഞ്ജിത താമസിച്ചിരുന്നത്. കുഞ്ഞിനെ കഴിഞ്ഞ 13 ന് രാത്രി എട്ടു മണിക്ക് ഭർത്താവിന്റെ വീട്ടിൽ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് ഇവർ പോവുകയായിരുന്നു.
മുലപ്പാൽ മാത്രം ഭക്ഷണമായി നൽകിയിരുന്നതിനാൽ കുഞ്ഞിനെ ഭർത്താവിന്റെ മാതാവും പിതാവുമാണ് സംരക്ഷിച്ചത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലും മറ്റും ചികിത്സയും നൽകി. ഇതിനിടെ മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ ആയതിനാൽ രഞ്ജിതയെ വിളിച്ചു വരുത്താൻ ശ്രമിച്ചെങ്കിൽ ഇവർ എത്തിയില്ല.തുടർന്നായിരുന്നു പോലീസിൽ പരാതി നൽകിയത്.
ബാലനീതി നിയമ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കുഞ്ഞിനെ സംരക്ഷിക്കണമെന്ന പൊലീസ് നിർദ്ദേശവും രഞ്ജിത തള്ളിയതോടെയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കളർകോട് അഞ്ചു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കാറോടിച്ച വിദ്യാർഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പോലീസ് കോടതിയിൽ റിപ്പോർട്ടു നൽകി. സി.സി.ടി.വി. ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. വാഹനമോടിച്ച വിദ്യാർഥിയുടെ വീഴ്ചയാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 (പഴയ ഐ.പി.സി. 304 എ) പ്രകാരമാണു കേസ്.
എഫ്.ഐ.ആർ. തയ്യാറാക്കിയപ്പോൾ കെ.എസ്.ആർ.ടി.സി. ഡ്രൈവറെ കുറ്റക്കാരനാക്കിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയില്ലെന്നു കണ്ടെത്തി. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടും എഫ്.ഐ.ആറിൽ ഡ്രൈവർ ഗുരുതരകുറ്റം ചെയ്തതായുള്ള പരാമർശത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴി രേഖപ്പെടുത്തിയാണ് വിദ്യാർഥിക്കെതിരേ കേസെടുത്തത്.
കാറോടിച്ച വിദ്യാർഥിയുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ആലപ്പുഴ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. അറിയിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ കണക്കിലെടുത്താണു നിലവിൽ നടപടിയെടുക്കാത്തത്.