Kerala

സീരിയല്‍ രംഗത്ത് സെന്‍സറിങ് അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. ചില സീരിയലുകള്‍ സമൂഹത്തില്‍ നല്ല സന്ദേശങ്ങളല്ല നല്‍കുന്നത്. കുട്ടികളില്‍ അടക്കം തെറ്റായ സന്ദേശം കൊടുക്കാന്‍ ഇട വരുത്തുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളുമാണ് കാണുന്നത്.

അതുകൊണ്ടു തന്നെ സീരിയലുകള്‍ക്ക് സെന്‍സറിങ് അനിവാര്യമാണ്. അത് സമൂഹത്തിന് നല്ല സന്ദേശം നല്‍കും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വലിയ തോതില്‍ ചിത്രീകരിക്കുന്ന അവസ്ഥ സമൂഹത്തിന് ഗുണകരമാണോ എന്നതും പരിശോധിക്കണമെന്ന് സതീദേവി പറഞ്ഞു.

മെഗാ സീരിയല്‍ നിരോധിക്കണമെന്ന വനിതാ കമ്മീഷന്റ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല. 2017-18 കാലത്താണ് അത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. സീരിയലുകളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വനിതാ കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചതായും അവര്‍ പറഞ്ഞു.

മലയാള ടെലിവിഷന്‍ സീരിയല്‍ കഥകള്‍, എപ്പിസോഡുകള്‍ എന്നിവ സംപ്രേഷണം ചെയ്യും മുന്‍പ് സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധന ആവശ്യമാണെന്നായിരുന്നു വനിതാ കമ്മിഷന്‍ 2017-18 ല്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്.

മെഗാപരമ്പരകള്‍ നിരോധിച്ച്, എപ്പിസോഡുകള്‍ 20 മുതല്‍ 30 വരെയായി കുറയ്ക്കണമെന്നും ഒരുദിവസം ഒരു ചാനലില്‍ രണ്ട് സീരിയല്‍ മതിയെന്നും പുനസംപ്രേഷണം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

സീരിയലുകളുടെ സെന്‍സറിങ് നിലവിലെ സിനിമാ സെന്‍സര്‍ ബോര്‍ഡിനെ ഏല്‍പ്പിക്കുകയോ പ്രത്യേക ബോര്‍ഡ് രൂപവത്കരിക്കുകയോ വേണമെന്നും വനിതാ കമ്മിഷന്റെ പഠന റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ 13-19 പ്രായക്കാരായ 400 പേരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തിയാണ് കമ്മിഷന്‍ ഇതേക്കുറിച്ച് പഠിച്ചത്.

വര്‍ഷം തോറും മൂന്ന് പ്രധാന റിപ്പോര്‍ട്ടുകള്‍ വനിത കമ്മീഷന്‍ സര്‍ക്കാരിന് നല്‍കാറുണ്ട്. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് താന്‍ അധ്യക്ഷയായ കാലത്തുളളതല്ല. സീരിയലുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന നടിമാര്‍ ഉള്‍പ്പടെ നിരവധി പേരുടെ പരാതികള്‍ വനിത കമ്മീഷന് മുന്‍പില്‍ വന്നിട്ടുണ്ട്.

ഇത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒരു പബ്ലിക് ഹിയറിങ് വനിതാ കമ്മീഷന്‍ നടത്തിയിരുന്നു. തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ മേഖലയിലെ സുരക്ഷിതത്വം, സേവന വേതന വ്യവസ്ഥകള്‍ എല്ലാം അവിടെ ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൊടുത്തതായും സതീദേവി പറഞ്ഞു.

മുനമ്പത്തെ വഖഫ് ഭൂമി തർക്കത്തിൽ സമവായശ്രമവുമായി മുസ്ലിം ലീഗ് നേതാക്കൾ വരാപ്പുഴ അ‌തിരൂപത ആസ്ഥാനത്തെത്തി. ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയും ഉൾപ്പെടെയുള്ളവർ അ‌തിരൂപത അ‌ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കളത്തിപ്പറമ്പിലുമായി ചർച്ച നടത്തി. അ‌തിരൂപതയിലെ മറ്റ് ബിഷപ്പുമാരും മുനമ്പം സമരസമിതി അംഗങ്ങളും ചർച്ചയ്ക്കെത്തി.

പാലക്കാട് ഉപതിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് ലീഗിന്റെ പുതിയ നീക്കം. മുനമ്പം ഭൂമി വിഷയത്തിൽ സർക്കാർ പരിഹാരം കാണാൻ മുന്നോട്ടുവന്നില്ലെങ്കിൽ മുസ്ലിം ലീഗ് അ‌ത്തരം ചർച്ചകളിലേക്ക് കടക്കുമെന്ന് പാർട്ടി നേതാക്കൾ നേരത്തേ പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് ലീഗ് നേതാക്കൾ വരാപ്പുഴ അ‌തിരൂപത ആസ്ഥാനത്ത് നേരിട്ടെത്തിയത്. അ‌തിരൂപതയുടെ കീഴിലാണ് മുനമ്പം പ്രദേശം. മുനമ്പത്തെ പള്ളിയങ്കണത്തിലാണ് സമരപ്പന്തലും.

അ‌തേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പിനു ശേഷം 22നാണ് സംസ്ഥാന സർക്കാർ മുനമ്പം വിഷയം ചർച്ചചെയ്യുന്നതിനുള്ള ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. വിഷയത്തിലെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും സർക്കാർ പ്രായോഗിക പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പി.രാജീവ് ഇന്ന് കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

സൗഹൃദ അന്തരീക്ഷത്തിലുള്ള ചര്‍ച്ചയാണ് നടന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാനുഷിക പ്രശ്‌നമാണ്. മതമൈത്രി സംരക്ഷിച്ച് മുന്നോട്ട് പോകണം. മുനമ്പം പ്രശ്‌നം വളരെ വേഗം പരിഹരിക്കാന്‍ കഴിയും. ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അതിനാലാണ്, സര്‍ക്കാര്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്നത്. രമ്യമായി വിഷയം പരിഹരിക്കാന്‍ ഫാറൂഖ് കോളേജും ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ കാര്യങ്ങള്‍ സര്‍ക്കാരുമായി സംസാരിക്കും. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമൊക്കെ ഇക്കാര്യത്തില്‍ യോജിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

മെത്രാന്‍ സമിതിയിലെ 16 മെത്രാന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തതായി ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ അറിയിച്ചു. സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനമ്പം പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനുവേണ്ടി സര്‍ക്കാരിന്റെയടുത്ത് കാര്യങ്ങള്‍ പറയാമെന്ന് ഇവര്‍ വ്യക്തമാക്കി. ഇക്കാര്യം പരിഹരിക്കാമെന്ന് ഇരുവര്‍ക്കും വിശ്വാസമുണ്ട്. ഇരുവരും വന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. മതമൈത്രിയാണ് ഇവിടെ നിലനിര്‍ത്തിപോകേണ്ടത്. 600-ലധികം കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളരെ അപകടകാരികളാണ് കുറുവ സംഘം! കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നത് കുറുവ മോഷണ സംഘമാണ്.ആലപ്പുഴയിലെ മോഷണകേസില്‍ പ്രതികളായ കുറുവ സംഘത്തെ തേടി എറണാകുളത്തെത്തിയ പൊലീസിനെ കുറുവ സംഘം ആക്രമിക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. കൈവിലങ്ങോടെ നഗ്‌നനായി കുറ്റികാട്ടിലൊളിച്ച കുറുവ സംഘാംഗത്തെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തിയത്.

ഈ സാഹചര്യത്തില്‍ എല്ലാവരും തിരയുന്ന ഒരു ചോദ്യമുണ്ട്. ആരാണ് കുറുവ…. ആയുധധാരികളായ മോഷ്ടാക്കളുടെ സംഘമെന്ന അര്‍ഥത്തില്‍ തമിഴ്‌നാട് ഇന്റലിജന്‍സ് ആണ് കുറുവ സംഘമെന്ന പേരിട്ടത്.തമിഴ്‌നാട് തിരുച്ചിറപ്പള്ളിക്കടുത്ത റാംജി നഗറാണ് പണ്ട് തിരുട്ടുഗ്രാമമായി അറിയപ്പെട്ടിരുന്നത്. ഈ ഗ്രാമവാസികളെ കുറുവ സംഘമെന്ന് വിളിച്ചു. എന്നാല്‍ ഇപ്പോഴത്തെ കുറുവ സംഘത്തിലുള്ളവര്‍ ഒരേ ഗ്രാമക്കാരല്ല. തമിഴ്‌നാട്ടില്‍ തന്നെ ഒട്ടേറെ കുപ്രസിദ്ധ തിരുട്ടുഗ്രാമങ്ങള്‍ ഉണ്ട്. അവിടെ നിന്നുള്ളവരെല്ലാം ഈ സംഘത്തിലുണ്ട്.

ഏത് ഇരുട്ടിലും ഒളിച്ചിരിക്കും,വീടുകളില്‍ കയറി സ്വര്‍ണവും പണവും മോഷ്ടിക്കും. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കും. ചിലപ്പോള്‍ ജീവനെടുക്കും. വെറും മോഷ്ടാക്കളല്ല, അക്രമകാരികളായ മോഷ്ടാക്കളാണ് കുറുവ സംഘം. അര്‍ധനഗ്‌നരായി, മുഖം മറച്ച്, ശരീരമാസകലം എണ്ണ തേച്ചെത്തുന്ന സംഘം മലയാളിക്ക് എന്നും പേടിസ്വപ്നമാണ്.

ഒന്നോ രണ്ടോ പേരല്ല, നൂറോളം പേരുള്ള കവര്‍ച്ചക്കാരുടെ വലിയ കൂട്ടമാണിത്. പക്ഷേ ഒരു സ്ഥലത്ത് മോഷ്ടിക്കാന്‍ പോകുന്നത് പലപ്പോഴും മൂന്ന് പേര്‍ ഒരുമിച്ചായിരിക്കും.പതിനെട്ടുവയസുമുതല്‍ 60 വയസ് വരെയുള്ളവര്‍ ഈ സംഘത്തിലുണ്ട്. ഇവര്‍ക്ക് മോഷണം കുലത്തൊഴിലാണ്. അവര്‍ക്കത് ഒരു തെറ്റല്ല. മോഷണത്തില്‍ നിന്നവരെ പിന്തിരിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീടുകള്‍ ഉള്‍പ്പെടെ കൊടുത്തിട്ടും കാര്യമുണ്ടായില്ല.പാരമ്പര്യമായി കൈമാറി കിട്ടിയ മോഷണ തന്ത്രങ്ങളും മെയ്ക്കരുത്തും ആധുനിക സാങ്കേതിക വിദ്യയുടെ സൂക്ഷ്മമായ ഉപയോഗവുമെല്ലാമാണ് ഇവരെ ശക്തരാക്കുന്നത്.

പകല്‍ ആക്രിപെറുക്കല്‍, തുണി വില്‍ക്കല്‍ പോലെ ചെറിയ ജോലിയൊക്കെ ചെയ്ത് നടക്കും. അപ്പോഴാണ് മോഷ്ടിക്കേണ്ട വീടുകള്‍ നിരീക്ഷിച്ച് കണ്ടെത്തുന്നത്. രാത്രിയാണ് മോഷണം. ഏത് ഇരുട്ടും ഇവര്‍ക്ക് പ്രശ്‌നമല്ല. മോഷ്ടിക്കാന്‍ പോകുന്നതിനും ചില രീതികളുണ്ട്.കണ്ണുകള്‍ മാത്രം പുറത്ത് കാണുന്ന രീതിയില്‍ തോര്‍ത്തുകൊണ്ട് മുഖം മറയ്ക്കും.ഷര്‍ട്ടും ലുങ്കിയും അരയില്‍ ചുരുട്ടിവച്ച് ഒരു നിക്കറിടും. പിടികൂടിയാല്‍ വഴുതി രക്ഷപ്പെടാനായി ശരീരം മുഴുവന്‍ എണ്ണയും പിന്നെ കരിയും തേയ്ക്കും.ഇതിനെല്ലാം പുറമെ കമ്പും വടിയും വാളും അടക്കമുള്ള ആയുധങ്ങളും കരുതിയിട്ടുണ്ടാവും.മോഷണശ്രമത്തിനിടെ പിടിക്കപ്പെടുമെന്നുറപ്പായാല്‍ ആക്രമണം ഉറപ്പാണ്. മോഷ്ടിക്കാനായി കൊല്ലാന്‍ പോലും മടിക്കില്ല. തമിഴ്‌നാടന്‍ തിരുട്ടു ഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടമാണിതെന്നാണ് പോലീസ് പറയുന്നത്.

വീടിന്റെ അടുക്കളഭാഗം കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണത്തിനു നീക്കം നടത്തുന്നത്. താരതമ്യേന ഉറപ്പുകുറഞ്ഞ വാതിലുകളാവും അടുക്കള ഭാഗത്ത് സ്ഥാപിച്ചിട്ടുള്ളത്.അതുകൊണ്ട് ഇതു തകര്‍ക്കാന്‍ എളുപ്പത്തില്‍ കഴിയുന്നതിനാലാണ് ഈ ഭാഗം തിരഞ്ഞെടുക്കുന്നതെന്നാണ് പോലീസ് പറയുന്നത്. മറ്റൊരു വഴി കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കിയോ ടാപ്പ് തുറന്നുവിട്ടോ വീട്ടുകാരെ പുറത്തേക്കിറക്കുന്നതാണ്. അങ്ങനെ പുറത്തിറങ്ങുന്നവരെ ആക്രമിച്ച് വീടിനകത്തേക്ക് കയറി മോഷണം നടത്തും. ചിലപ്പോള്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയും സ്വര്‍ണവും പണവും ഇവര്‍ കൈക്കലാക്കാറുണ്ട്.സ്ത്രീകളുടെ ശരീരത്തിലെ ആഭരണം മുറിച്ചെടുക്കാന്‍ പ്രത്യേക കത്രികയും ഇവര്‍ക്കുണ്ട്.

കുറുവാ സംഘത്തില്‍പ്പെട്ട മൂന്നുപേരെ 2021ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2010ല് മലപ്പുറത്തുനിന്നും മൂന്നുപേരടങ്ങുന്ന സംഘത്തെയും 2008 ല്‍ പാലക്കാട് നിന്നും 10 അംഗ സംഘത്തെയും അറസ്റ്റ് ചെയ്തു. പക്ഷേ ജാമ്യത്തില്‍വിട്ട ഇവരെ പിന്നീട് പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. കവര്‍ച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലെ തിരുട്ട്ഗ്രാമങ്ങളില്‍ താമസിക്കുന്നതാണ് ഇവരുടെ രീതി.

ആലപ്പുഴയുടെ വടക്കന്‍ മേഖലകളില്‍ രണ്ടാഴ്ചയോളമായി മുഖംമൂടി സംഘം വിലസുകയാണ്. പത്തിലേറെ വീടുകളില്‍ കള്ളന്‍ കയറി. രണ്ടാഴ്ച്ചക്കിടെ മണ്ണഞ്ചേരിയിലെ നാല് വീടുകളിലാണ് മോഷണം നടന്നത്. കായംകുളത്തും കരിയിലകുളങ്ങരയിലും കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.ചൊവ്വാഴ്ച മാത്രം കയറിയത് മൂന്ന് വീടുകളിലാണ്. കോമളപുരം നായ്ക്കാംവെളി അജയകുമാറിന്റെ അയല്‍വാസി മരിച്ചതിനെ തുടര്‍ന്ന് ഈ ഭാഗത്ത് രാത്രി നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും മോഷ്ടാക്കള്‍ കയറി.

മണ്ണഞ്ചേരിയില്‍ രണ്ടു വീടുകളില്‍ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം ഉറങ്ങുകയായിരുന്ന വീട്ടമ്മമാരുടെ താലിമാലകള്‍ കവര്‍ന്നു. ഒരാളുടെ മൂന്നരപ്പവന്‍ സ്വര്‍ണം നഷ്ടമായി. ഒരാളുടെ മാല മുക്കുപണ്ടമായിരുന്നതിനാല്‍ വലിയ നഷ്ടം ഒഴിവായി. രണ്ടു വീടുകളില്‍ മോഷണശ്രമവും നടന്നു.ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അടുത്തടുത്ത പ്രദേശങ്ങളിലായിരുന്നു മോഷ്ടാക്കളുടെ വിളയാട്ടം.

പൊലീസും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരുമെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. മോഷ്ടാക്കളുടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. നിലവില്‍ ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധുബാബുവിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് സംഭവം അന്വേഷിക്കുന്നത്. തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെയും സംഘടനകളുടെയുമെല്ലാം സഹായത്തോടെ പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കി.

അടുക്കള വാതില്‍ പൊളിച്ച് അകത്തു കടക്കല്‍, വസ്ത്രധാരണം, സ്ത്രീകളുടെ മാത്രം മാല പൊട്ടിക്കല്‍ തുടങ്ങിയ മോഷണ രീതികളിലൂടെ ഇത് കുറുവാ സംഘമാണെന്ന് തോന്നുമെങ്കിലും ആലപ്പുഴയിലേത് കുറുവാ സംഘത്തെ അനുകരിക്കുന്ന പ്രാദേശിക കള്ളന്‍മാരാകാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. നാട്ടുകാര്‍ക്കുപോലും സംശയമുണ്ടാക്കുന്ന വഴികളുള്ള ഉള്‍പ്രദേശം കവര്‍ച്ചയ്ക്കു തിരഞ്ഞെടുത്തതാണ് സംശയത്തിനുള്ള പ്രധാന കാരണം. പുറത്തുനിന്നുവരുന്നവരാണെങ്കില്‍ പെട്ടെന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന ചോദ്യവും ഉയരുന്നുണ്ട്.

തമിഴ്‌നാടുകാരാണെങ്കിലും കേരള തമിഴ്‌നാട് അതിര്‍ത്തിയും കമ്പം, ബോഡിനായ്ക്കന്നൂര്‍, കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവയുമൊക്കെ ഇവരുടെ താവളങ്ങളാണ്.ആദ്യം പാലക്കാടും പിന്നെ കോഴിക്കോടുമായി കേരളത്തില്‍ പലയിടത്തും നേരത്തെയും ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. സാമ്പത്തിക വ്യത്യാസമില്ലാതെ സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നതുകൊണ്ടാണ് കേരളം ഇവര്‍ തിരഞ്ഞെടുക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഭയം വേണ്ട ജാഗ്രത മതിയെന്നാണ് പോലീസ് പറയുന്നത്. രാത്രിയില്‍ അടുക്കള വാതില്‍ അടച്ചെന്നും ഉറപ്പാക്കണം,അസമയത്ത് എന്തെങ്കിലും തരത്തിലുള്ള ശബ്ദം കേട്ടാല്‍ തനിച്ച് വാതില്‍ തുറന്ന്പുറത്തിറങ്ങരുത്,ഈ വിവരം പോലീസിനെ അറിയിക്കണം. വീടിന്റെ പരിസരങ്ങളില്‍ വേണ്ടത്ര വെളിച്ചം ഉണ്ടെന്നും ഉറപ്പാക്കണം എന്നിവയാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍. മാന്നാര്‍ കുട്ടംപേരൂര്‍ എസ്എന്‍ സദനം വീട്ടില്‍ എസ് സുരേഷ് കുമാറിനെ( 43)യാണ് പോക്‌സോ വകുപ്പ് പ്രകാരം മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. താല്‍ക്കാലിക കായിക അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.

കായിക പരിശീലനം നല്‍കുന്നതിനിടെ സ്‌കൂളില്‍ വെച്ച് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. വിദ്യാര്‍ത്ഥിനി സംഭവം വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കി. കേസെടുത്തതോടെ സുരേഷ് കുമാര്‍ ഒളിവില്‍ പോയി. ഒരാഴ്ചയായി പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞു. മാന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ അനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

മാന്നാര്‍ എസ് ഐ അഭിരാം സി എസ്, വനിത എഎസ്‌ഐ സ്വര്‍ണ്ണ രേഖ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജിത്ത് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരിപ്രസാദ്, വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് സുരേഷിനെ പിടികൂടിയത്. പ്രതി ഇത്തരത്തില്‍ മറ്റ് വിദ്യാര്‍ഥികളോടും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.

സുഹൃത്തിന്‍റെ വീട്ടിലേക്ക് പോയ യുവാവിനെ സദാചാര പോലീസ് ചമഞ്ഞ് മർദിച്ച സംഭവത്തില്‍ നാല് പേർ പിടിയില്‍.

ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ച 1.30 ഓടെ കളിപ്പാൻകുളം മല്ലിയിടത്തായിരുന്നു സംഭവം. വഴിയില്‍ തടഞ്ഞ് നിർത്തിയായിരുന്നു ആക്രമണം.

പരാതിയില്‍ കന്യാകുളങ്ങര സ്വദേശിയായ അമലിനെ (20) റോഡരികില്‍ മദ്യപിച്ചുകൊണ്ടിരുന്ന കളിപ്പാൻകുളം സൂര്യവിളാകത്ത് വീട്ടില്‍ സജീവ് കുമാർ (37), സഹോദരൻ ശരത്ത് (38), ശ്രീകാര്യം പാങ്ങപ്പാറ അഞ്ജലിഭവനില്‍ അഭിലാഷ് (34), നെടുങ്കാട് അഞ്ജുഭവനില്‍ രാജേഷ് (49) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി പുലർച്ചയുള്ള സഞ്ചാരത്തെ ചോദ്യം ചെയ്ത ശേഷം യുവാവിനെ സംഘം ക്രൂരമായി മർദിക്കുകയുമായിരുന്നു. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്തു.

ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നിന്ന സന്ദീപ് വാര്യരെ തങ്ങള്‍ക്കൊപ്പം എത്തിച്ചത് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് ക്യാമ്പ്. ഇന്ന് രാവിലെ മാത്രമാണ് മുന്‍ ബിജെപി വക്താവ് കോണ്‍ഗ്രസിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

സാധാരണഗതിയില്‍ കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഉള്ളില്‍ നിന്ന് തന്നെ ചോരാറുണ്ടെങ്കിലും സന്ദീപിന്റെ കാര്യത്തില്‍ അതുണ്ടായില്ല. എഐസിസി നേതൃത്വത്തിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിനൊടുവിലാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് ക്യാമ്പിലെത്തിയത്.

ബിജെപിയുമായി തെറ്റി നിന്ന സന്ദീപ് സിപിഎമ്മിലേക്ക് എന്നാണ് അഭ്യൂഹങ്ങളുണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളായ എ.കെ ബാലനും മന്ത്രി എംബി രാജേഷും ഉള്‍പ്പെടെയുള്ളവര്‍ സന്ദീപിനെ പ്രശംസിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. പിന്നീട് സന്ദീപ് വാര്യര്‍ എങ്ങോട്ട് എന്നതിനെ സംബന്ധിച്ച് ചര്‍ച്ചകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. സിപിഎമ്മിലേക്കുള്ള സന്ദീപിന്റെ പ്രവേശനം നടക്കില്ലെന്ന് മനസിലാക്കിയാണ് കോണ്‍ഗ്രസ് ഇത്തരമൊരു നീക്കം നടത്തിയത്.

ആദ്യ ഘട്ടം മുതല്‍ തന്നെ എഐസിസി നേതൃത്വത്തിന്റെ ഇടപെടലും ഈ വിഷയത്തില്‍ ഉണ്ടായിരുന്നു. പാലക്കാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറുമായി തെറ്റിയാണ് സന്ദീപ് പുറത്തേക്ക് പോയത്. പാര്‍ട്ടിക്കുള്ളില്‍ യുവാക്കളുടെ പിന്തുണയുണ്ടായിരുന്ന സന്ദീപിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി തയ്യാറാകാത്തത് ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

സംസ്ഥാനത്തെ ബിജെപി വക്താവിനെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ കഴിഞ്ഞത് ദേശീയതലത്തിലും ചര്‍ച്ചയാക്കാനാണ് എഐസിസി നീക്കം. സംസ്ഥാനത്തെ നേതാക്കള്‍ക്ക് പുറമെ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയേയും മറ്റൊരു നേതാവിനെയും സന്ദീപുമായി നേരിട്ട് സംസാരിക്കാന്‍ ചുമതലപ്പെടുത്തി. പാര്‍ട്ടിയിലെത്തിയ ശേഷമുള്ള പരിഗണനകളില്‍ എഐസിസി നേതൃത്വം തന്നെ നേരിട്ട് ഉറപ്പ് നല്‍കിയിരുന്നു.

സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് വന്നത് യാതൊരു ഉപാധികളും ഉറപ്പുകളും ഇല്ലാതെയാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. തൃത്താല സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് സന്ദീപ് വാര്യര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ഇതിന് കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയില്ല. ഇതോടെയാണ് ഒറ്റപ്പാലം സീറ്റും ഒപ്പം കെപിസിസി ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ സെക്രട്ടറി സ്ഥാനം എന്ന ഫോര്‍മുലയിലേക്ക് എത്തിയത്. കെപിസിസി ഭാരവാഹിത്വം സംബന്ധിച്ച് അടുത്ത പുനസംഘടനയില്‍ തന്നെ പരിഗണിക്കുമെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്.

പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയില്‍ ഇസ്രയേലി ദമ്പതികളെ അപമാനിച്ച് കടയില്‍ നിന്ന് ഇറക്കി വിട്ട കാശ്മീരി കടയുടമയുടെ കട അടപ്പിച്ചു. സ്ഥലത്തെ മറ്റ് വ്യാപാരികളുള്‍പ്പടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കശ്മീരി വ്യാപാരിയുടെ കട അടയ്ക്കുകയായിരുന്നു.

തേക്കടിയില്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ഇസ്രയേലി ദമ്പതികളെ അപമാനിച്ച് ഇറക്കിവിട്ടത്. ദമ്പതികള്‍ ഇസ്രയേലില്‍ നിന്നാണെന്നറിഞ്ഞതോടെ സാധനം തരാനാകില്ലെന്നും ഇറങ്ങിപ്പോകാനും കടയുടമ ദമ്പതികളോട് ആവശ്യപ്പെടുകയായിരുന്നു. കടയ്ക്ക് പുറത്തിറങ്ങിയ ഇസ്രയേലി ദമ്പതികള്‍ മറ്റ് കടക്കാരോട് കാര്യം പറയുകയും ഇതിനിടയില്‍ ദമ്പതികളെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ സംഭവത്തില്‍ ഇടപെടുകയും ചെയ്തു.

ഡ്രൈവറുടെയും മറ്റ് കടക്കാരുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് കടയുടമ മാപ്പ് പറഞ്ഞെങ്കിലും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അന്വേഷണത്തിന് പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും എത്തുകയും കേന്ദ്ര ഏജന്‍സികള്‍ വിവരം ആരായുകയും ചെയ്തു. തുടര്‍ന്ന് വ്യാപാരികളും കശ്മീരി കടയുടമയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കട അടച്ചു പൂട്ടുകയായിരുന്നു.

കാശ്മീരി കടയുടമ കടയിലെത്തുന്നവരുടെ രാജ്യവും പൗരത്വവുമെല്ലാം ചോദിച്ച് മുന്‍പും വിവാദത്തിലായ ആളാണെന്നും പറയുന്നു. ഇയാളുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കും. സംഭവം ഇസ്രയേല്‍ എംബസിയുടെയും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രാജ്യാന്തര മാധ്യമങ്ങളും സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിക്കുന്നു.

കേളകം മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ്‌ മറിഞ്ഞ്‌ രണ്ടുപേര്‍ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്‌ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ്‌ മരിച്ചത്‌. അപകടത്തില്‍ പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു.

രാത്രി നാടകം കഴിഞ്ഞ്‌ കടന്നപ്പള്ളിയില്‍നിന്നു ബത്തേരിയിലേക്കു പോകുന്ന വഴി പുലര്‍ച്ചെ നാലോടെ മലയാംപടി എസ്‌ വളവിലാണ്‌ കായംകുളം ദേവ കമ്യൂണിക്കേഷന്‍സിന്റെ ബസ്‌ മറിഞ്ഞത്‌. 14 പേരാണ്‌ ബസിലുണ്ടായിരുന്നത്‌. ഒമ്പതുപേരെ പരുക്കുകളോടെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്‌, സുരേഷ്‌, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാര്‍, ബിന്ദു, കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്‍, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കല്‍ സ്വദേശി സുഭാഷ്‌ എന്നിവരെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ എറണാകുളം സ്വദേശികളായ ഉമേഷ്‌ (39), ബിന്ദു (56) സുരേഷ്‌ ( 60 ), വിജയകുമാര്‍ (52), കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്‍ (43), കായം കുളം സ്വദേശികളായ ഉണ്ണി (51ഷിബു (48), കൊല്ലം സ്വദേശി ശ്യാം (38), അതിരുങ്കല്‍ സ്വദേശി സുഭാഷ്‌ (59) എന്നിവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട്ടിലേക്കുള്ള യാത്രയില്‍ നിടുംപോയില്‍ വഴി ചുരം കയറിയ വാഹനം റോഡ്‌ ബ്ലോക്കാണെന്ന്‌ മനസിലാക്കി ഏലപ്പീടിക മലയാംപടി റോഡ്‌ വഴി കേളകത്തേക്കു പോകവെയാണ്‌ അപകടം.

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. 404 ഏക്കര്‍ ഭൂമിയാണ് മുനമ്പത്ത് വഖഫ് സ്വത്തായിട്ടുള്ളതെന്നും 1950 ലാണ് ഭൂമി വഖഫ് ആയതെന്നുമാണ് ഉമര്‍ ഫൈസിയുടെ അവകാശവാദം. എസ്‌കെഎസ്എസ്എഫ് കോഴിക്കോട് മുതലക്കുളം മൈതാനത്ത് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഫറൂഖ് കോളജ് നടത്തുന്നത് വഹാബികളാണ്. അവരാണ് മുനമ്പത്തെ വഖഫ് ഭൂമി വിറ്റത്. ഇവിടെ ഭൂമി വാങ്ങിയവര്‍ നിരപരാധികളാണ്. വഖഫ് സ്വത്ത് വില്‍ക്കാന്‍ പാടില്ല.

അതറിയാതെ സ്ഥലം വാങ്ങിയവര്‍ക്ക് ഫറൂഖ് കോളജിന്റെ നടത്തിപ്പുകാരായ വഹാബികളില്‍ നിന്ന് വില തിരികെ വാങ്ങിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഭൂമി വിറ്റ വഹാബികളില്‍ നിന്നും നഷ്ടപരിഹാരം വാങ്ങി അവരെ അനുയോജ്യമായ സ്ഥലത്ത് പാര്‍പ്പിക്കുകയാണ് വേണ്ടത്.

ആ ഭൂമി വഖഫ് ഭൂമിയാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അതിന് ആധാരമുണ്ട്. താന്‍ വ്യക്തിപരമായി പരിശോധിച്ച് ഉറപ്പാക്കിയതാണെന്നും ഉമര്‍ ഫൈസി പറഞ്ഞു. വഖഫ് സ്വത്ത് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല. അന്ത്യനാള്‍ വരെ അങ്ങനെ തന്നെ നില്‍ക്കണം. ആ സ്വത്താണ് വഹാബികള്‍ വിറ്റത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ മുനമ്പത്ത് താമസിക്കുന്ന ആളുകളുടെ പേരു പറഞ്ഞ് കണ്ണീര്‍ വാര്‍ക്കുകയാണ്. അവരുടേത് വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള കള്ളക്കണ്ണീരാണ്. സമരത്തിനായി ആളുകളെ ഇപ്പോള്‍ ഇറക്കി വിടുന്നതിനു പിന്നില്‍ അറുപതോളം റിസോര്‍ട്ട് മാഫിയകളാണെന്നും ഉമര്‍ ഫൈസി ആരോപിച്ചു.

വഖഫ് ഭൂമി സംരക്ഷിക്കപ്പെടേണ്ടതാണ്. വഖഫ് ഭൂമി പ്രശ്നം മറ്റു തരത്തില്‍ പരിഹരിക്കാനാകില്ലെന്ന് ജനങ്ങളെ മനസിലാക്കിക്കൊടുക്കണം. നിരപരാധികളായ പ്രദേശവാസികളെ സംരക്ഷിക്കണം. ആ ഭൂമിയിലെ താമസക്കാരെ മറ്റൊരിടത്തേക്ക് മാറ്റിപാര്‍പ്പിക്കുകയാണ് വേണ്ടത്.

അങ്ങനെയാണ് പ്രശ്നം പരിഹരിക്കേണ്ടത്. കോഴിക്കോട് ഫാറൂഖ് കോളജ് സ്ഥിതിചെയ്യുന്ന സ്ഥലവും വഖഫാണ്. താന്‍ പറയുന്നതും സമസ്തയുടെ നിലപാടും ഒന്നുതന്നെയാണെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

അതിനിടെ മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് അവകാശപ്പെട്ട് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ ലേഖനവും പ്രസിദ്ധീകരിച്ചു. വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകള്‍ക്ക് ഉള്ളതല്ലെന്ന് ലേഖനത്തില്‍ പറയുന്നു. എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടേതാണ് ലേഖനം.

താല്‍പര്യങ്ങളുടേയും അഡ്ജസ്റ്റുമെന്റുകളുടേയും പുറത്ത് പരിഹാരം കാണേണ്ടതല്ല വഖഫ് സ്വത്ത്. വിഷയത്തില്‍ മതപരമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. പണ്ഡിതന്മാര്‍ വിഷയത്തില്‍ ഇടപെടണം. സര്‍ക്കാരിന് തെറ്റ് പറ്റിയെങ്കില്‍ തിരുത്തുകയും വേണം. എന്നാല്‍ അത് വഖഫ് ഭൂമി ഏറ്റെടുത്ത് കൊണ്ടാകരുത് എന്നും ലേഖനത്തില്‍ പറയുന്നു.

Copyright © . All rights reserved