ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് നവംബര്‍ 19-ന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വയനാട് ഉരുള്‍പൊട്ടലിനെ അതിതീവ്രദുരന്തമായി പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതരോടുള്ള അവഗണനയിലും പ്രതിഷേധിച്ചാണ്ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ടി. സിദ്ദിഖ് എം.എല്‍.എ. വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇനിയും കയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി. സിദ്ധിഖ് വ്യക്തമാക്കി. പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോ ഷൂട്ടിനായിരുന്നോ എന്നും എം.എല്‍.എ. ചോദിച്ചു. കടകള്‍ അടച്ചും വാഹനം നിരത്തിലിറക്കാതെയും ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ യു.ഡി.എഫ്. ആവശ്യപ്പെട്ടു. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്നും യു.ഡി.എഫ്.നേതാക്കള്‍ പറഞ്ഞു. 19 ന് മൂന്ന് നിയോജക മണ്ഡലങ്ങളിലും പോസ്റ്റ് ഓഫീസ് മാര്‍ച്ചും നടത്തും.
ഉരുള്‍പൊട്ടലില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വഞ്ചനയ്ക്കും അനീതിയ്ക്കുമെതിരേയാണ് ചൊവ്വാഴ്ച വയനാട്ടില്‍ ഹര്‍ത്താല്‍ ആചരിക്കുന്നതെന്ന് എല്‍.ഡി.എഫ്. അറിയിച്ചു. ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നുള്ള കേരളത്തിന്റെ ആവശ്യം തള്ളുകയും പ്രത്യേകസഹായം നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍ അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ഉത്പാദന ചെലവായ 200 രൂപപോലും കിട്ടാത്ത സാഹചര്യത്തില്‍ ചരിത്രത്തില്‍ ആദ്യമായി റബ്ബര്‍ വില്‍പ്പന നിര്‍ത്തിവെക്കല്‍ സമരവുമായി കര്‍ഷകര്‍. റബ്ബര്‍ വില 200 രൂപ കടക്കുന്നതുവരെ വില്‍പ്പന നിര്‍ത്തിവെക്കാന്‍ ഉത്പാദകസംഘങ്ങളുടെ ദേശീയക്കൂട്ടായ്മ കര്‍ഷകരെ ആഹ്വാനം ചെയ്യും.
കൂടിയവിലയ്ക്ക് അന്താരാഷ്ട്ര ചരക്ക് വാങ്ങിയുണ്ടായ നഷ്ടം നികത്താന്‍ ടയര്‍ കമ്പനികള്‍ തദ്ദേശീയ റബ്ബറിന്റെ വില ഇടിക്കുകയാണെന്ന് എന്‍.സി.ആര്‍.പി.എസ്. ദേശീയ പ്രസിഡന്റ് വി.വി. ആന്റണി, ജനറല്‍ സെക്രട്ടറി ബാബു ജോസഫ് എന്നിവര്‍ പറഞ്ഞു.
വന്‍തോതില്‍ റബ്ബര്‍ ഇറക്കുമതി ചെയ്ത് കമ്പനികള്‍ ഗോഡൗണുകള്‍ നിറച്ചിരിക്കുകയാണ്. കര്‍ഷകരില്‍നിന്ന് റബ്ബര്‍ സംഭരിച്ച് വിപണിയില്‍ ഇടപെടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. അടിയന്തരമായി റബ്ബര്‍ സംഭരണം പുനരാരംഭിക്കണം. ഇതിന് സന്നദ്ധമല്ലെങ്കില്‍ ഉത്തേജക പാക്കേജിലെ അടിസ്ഥാനവില 250 രൂപയായി ഉയര്‍ത്തണം.
ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് 5-10 ശതമാനം വരെയുള്ള ഇറക്കുമതിത്തീരുവയില്‍ കോമ്പൗണ്ട് റബ്ബര്‍ ഇറക്കി ടയര്‍ കമ്പനികള്‍ സര്‍ക്കാരിനെയും കര്‍ഷകരെയും ഒരുപോലെ വഞ്ചിക്കുകയാണെന്നും എന്‍.സി.ആര്‍.പി.എസ്. ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
സമരത്തിന്റെ പ്രചാരണാര്‍ത് സംസ്ഥാനത്ത് നവംബറില്‍ റബ്ബര്‍ ബോര്‍ഡ് റീജണുകളുടെ കിഴിലുള്ള ഉത്പാദകസംഘങ്ങളെ പങ്കെടുപ്പിച്ച് കണ്‍വെന്‍ഷനുകള്‍, വാഹനജാഥ എന്നിവ നടത്തും. ഡിസംബറില്‍ എറണാകുളം കാക്കനാട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഓഫീസിനു മുന്‍പില്‍ ധര്‍ണ നടത്തും.
ആലപ്പുഴക്കാരുടെ സ്വൈര്യ ജീവിതം തകർത്ത് മോഷണ സംഘം. പുന്നപ്രയിയിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിൻ്റെയും സ്വർണമാല കവർന്നു. പറവൂർ തൂക്കുകുളം കിഴക്ക് മനോഹരന്റെ വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മകൾ നീതുവിന്റെ കഴുത്തിൽ കിടന്ന ഒന്നരപവന്റെ സ്വർണ്ണമാലയും 9 മാസം പ്രായമുള്ള കുഞ്ഞിന്റെ അര പവന്റെ മാലയുമാണ് അപഹരിച്ചത്.
അടുക്കളവാതിലിന്റെ കൊളുത്ത് പൊളിച്ചാണ് കള്ളൻ അകത്തുകയറിയത്. പാന്റ് മടക്കിവച്ച് ഷർട്ടിടാതെ മുഖം മറച്ച ഒരാളാണ് മോഷണം നടത്തിയത്. മുറിക്കകത്തെ വെളിച്ചത്തിൽ കണ്ടുവെന്നും കുഞ്ഞുള്ളതുകൊണ്ട് രാത്രി ലൈറ്റിട്ടാണ് കിടക്കുന്നതെന്നും മാല നഷ്ടപ്പെട്ട നീതു പോലീസിനു നൽകിയത്.
മോഷണ രീതിയിലെ സമാനതകളിൽ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘമാണ് പുന്നപ്രയിലും മോഷണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കുറുവ സംഘത്തിനായി പോലീസിന്റെ ശക്തമായ അന്വേഷണം നടക്കുന്നിതിടയിലാണ് വീണ്ടും മോഷണം.
കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന പത്തോളം മോഷണങ്ങളാണ് ജില്ലയിൽ അടുത്തിടെ ഉണ്ടായത്. കോമളപുരത്തും മണ്ണഞ്ചേരിയിലും ചേർത്തലയിലും കായംകുളത്തുമാണ് കുറുവാ സംഘത്തിന്റെ സാന്നിധ്യം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. അടുക്കള വാതിൽ പൊളിച്ച് അകത്തു കടക്കൽ, വസ്ത്രധാരണം, സ്ത്രീകളുടെ മാത്രം മാല പൊട്ടിക്കൽ തുടങ്ങിയ മോഷണ രീതികളിൽ നിന്നാണ് കുറുവാ സംഘം എന്ന് പോലീസ് സംശയിക്കുന്നത്.
സാമ്പത്തിക വ്യത്യാസമില്ലാതെ കേരളത്തിലെ സ്ത്രീകൾ സ്വർണാഭരണങ്ങൾ ധരിക്കുന്നതു കൊണ്ടാണെന്നാണ് കുറുവാ സംഘം മോഷണം നടത്താനായി കേരളം തിരഞ്ഞെടുക്കുന്നതെന്ന് പോലീസ് പറയുന്നത്. നിലവിൽ ആലപ്പുഴ ഡിവൈഎസ്പി എംആർ മധുബാബുവിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് മോഷ്ടാക്കൾക്കായി അന്വേഷണം നടത്തുന്നത്.
ബംഗാള്‍ സ്വദേശികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് കഞ്ചാവ് ചെടി പിടികൂടി പൊലീസ്. നഗരമധ്യത്തില്‍ സക്കറിയ ബസാര്‍ ജംഗ്ഷന് സമീപത്തെ വീട്ടില്‍ നിന്നാണ് കഞ്ചാവ് ചെടി പിടികൂടിയത്. ഇതിന് ആറടിയ്ക്ക് മുകളില്‍ ഉയരമുണ്ട്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സൗത്ത് പൊലീസും ചേര്‍ന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
കടപ്പുറം വനിതാ ശിശു ആശുപത്രി റോഡിന് സമീപം മതിലിനോട് ചേര്‍ന്നാണ് കഞ്ചാവ് ചെടി വളര്‍ന്ന് നിന്നത്. ചെടി വളര്‍ത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. കുറച്ചു ദിവസമായി വാടകയ്ക്ക് താമസിക്കുന്നവര്‍ സ്ഥലത്തില്ല. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കഞ്ചാവ് ചെടി വളര്‍ത്തിയത് സംബന്ധിച്ച വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
വീടിന്റെ ഉടമയോടും വീട് വാടകയ്ക്ക് കൈമാറിയവരോടും പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സൗത്ത് പൊലീസ് സംഘവും ചേര്‍ന്നാണ് കഞ്ചാവ് ചെടി പിടിച്ചെടുത്തത്.
തമിഴ്നാട്ടിലെ ട്രിച്ചിയില്‍ പറങ്കിമാവിന്‍ തോട്ടത്തില്‍ ‘തൂങ്ങി മരിച്ച’ പിടികിട്ടാപ്പുളളി പാണ്ടി ചന്ദ്രനെ കായംകുളം കനകക്കുന്ന് ബോട്ട് ഞെട്ടിയില്‍ നിന്ന് ജീവനോടെ പൊക്കി പത്തനംതിട്ട പോലീസ്. മലയാലപ്പുഴ വഞ്ചിക്കുഴിയില്‍ പടി സുധീഷ് ഭവനത്തില്‍ പാണ്ടി ചന്ദ്രന്‍ എന്ന് വിളിപ്പേരുള്ള ചന്ദ്രനെ (52) യാണ് പോലീസ് സാഹസികമായി പിടികൂടിയത്.
പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ചോളം മോഷണക്കേസുകളില്‍ ലോങ്പെന്‍ഡിങ് വാറണ്ടും വിവിധ ജില്ലകളില്‍ മറ്റ് മോഷണക്കേസുകളും പാണ്ടി ചന്ദ്രന്റെ പേരിലുണ്ട്. പത്തനംതിട്ടയില്‍ മലയാലപ്പുഴ താവളം ആക്കിയാണ് ചന്ദ്രന്‍ വിവിധ ഭാഗങ്ങളില്‍ മോഷണങ്ങള്‍ നടത്തിയിരുന്നത്. വളരെ വേഗത്തില്‍ വേഷപ്രച്ഛന്നന്‍ ആകാന്‍ കഴിവുള്ള ശരീര പ്രകൃതമാണ് പാണ്ടിയുടേത്. പകല്‍ ഹോട്ടലില്‍ ജോലി ചെയ്യും. രാത്രികാലങ്ങളില്‍ മോഷണ കലയിലെ വിശ്വരൂപം പുറത്തെടുക്കും. പത്തനംതിട്ട പോലീസിന് എന്നും തലവേദനയായിരുന്നു പാണ്ടിചന്ദ്രന്‍ എന്ന പിടികിട്ടാപ്പുള്ളി.
15 വര്‍ഷം മുന്‍പ് മലയാലപ്പുഴയില്‍ നിന്നും വീടും വസ്തുവും വിറ്റ് തമിഴ്നാട്ടിലേക്ക് നാടുവിട്ടു . ഇയാളെ പിന്നീട് ആരും കണ്ടതായി അറിവില്ല. ജില്ലാ പോലീസ് മേധാവിയായി വി.ജി. വിനോദ് കുമാര്‍ ചുമതലയേറ്റ ശേഷം പിടികിട്ടാപ്പുള്ളികളായ പ്രതികളുടെ ലിസ്റ്റ് തയ്യാറാക്കുകയും ഓരോ സ്റ്റേഷനിലും എസ്.എച്ച്.ഓയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്തു. ഈ സംഘമാണ് പാണ്ടി ചന്ദ്രനെ പറ്റി കൂടുതല്‍ അന്വേഷണം നടത്തിയത്.
ഒടുവില്‍ ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ സ്വദേശി മോഹനന്‍ നായരെ കണ്ടെത്തി. അയാളോട് അന്വേഷിച്ചപ്പോള്‍ പാണ്ടി ചന്ദ്രന് വേണ്ടി ജാമ്യം നിന്നതില്‍ മോഹനന്‍ നായര്‍ക്ക് വാറണ്ടായി. കോടതിയില്‍ 10000 രൂപ കെട്ടിവയ്ക്കേണ്ടി വരികയും ചെയ്തു. തുടര്‍ന്ന് മോഹനന്‍ നായര്‍ തമിഴ്നാട്ടിലെ പാണ്ടിചന്ദ്രന്റെ ജന്മസ്ഥലമായ തൃച്ചിയില്‍ ഇയാളെപ്പറ്റി അന്വേഷിച്ചു. 10 വര്‍ഷം മുന്‍പ് ഇയാള്‍ പറങ്കിമാവിന്‍ തോട്ടത്തില്‍ കെട്ടിത്തൂങ്ങി മരിച്ചുവെന്ന വിവരമാണ് ബന്ധുക്കളില്‍ നിന്ന് കിട്ടിയത്. ഈ മറുപടിയില്‍ പൂര്‍ണമായും വിശ്വാസം വരാത്ത പത്തനംതിട്ട സ്റ്റേഷനിലെ കോടതി ഡ്യൂട്ടിക്കാരന്‍ സി.പി.ഓ രജിത്. കെ. നായര്‍ തമിഴ്നാട്ടുകാരായ പലരോടും പാണ്ടി ചന്ദ്രനെ അന്വേഷിച്ചു.
ശബരിമല കേന്ദ്രീകരിച്ച് ഹോട്ടല്‍ ജോലി ചെയ്യുന്ന ചന്ദ്രന്‍ എന്നയാളെ പറ്റി അറിഞ്ഞു. അയാള്‍ക്ക് മോഷണക്കേസുകള്‍ ഉണ്ടെന്നും വിവരം ലഭിച്ചു. അയാളുടെ മക്കള്‍ കായംകുളം മുതുകുളം ഭാഗത്ത് താമസിക്കുന്നു എന്നുള്ള വിവരവും കിട്ടി. മുതുകുളം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ മലയാലപ്പുഴ ഭാഗത്ത് നിന്നും വന്ന താമസിക്കുന്ന ചന്ദ്രന്‍ എന്ന ആളിന്റെ മകനെ തിരിച്ചറിഞ്ഞു. പാണ്ടി ചന്ദ്രന്റെ മകനാണ് ഇതെന്ന് സ്ഥിരീകരിച്ചു.
അയല്‍വാസികളോട് ചന്ദ്രന്‍ എപ്പോള്‍ വീട്ടില്‍ വന്നാലും വിവരം അറിയിക്കണമെന്ന് രഹസ്യം നിര്‍ദ്ദേശം നല്‍കി പോലീസുകാരന്‍ മടങ്ങി. ഒടുവില്‍ അഞ്ചു മാസത്തോളം പോലീസ് കാത്തിരുന്ന വിളി 13 ന് പുലര്‍ച്ചെ 1.30 ന് എത്തി. പാണ്ടി ചന്ദ്രന്‍ മകന്റെ വീട്ടില്‍ എത്തിയിട്ടുണ്ട് എന്ന വിവരമായിരുന്നു അത്. പോലീസുകാരന്‍ രജിത്ത് ഉടന്‍ തന്നെ എസ്.ഐ ജിനുവിനെ വിവരം അറിയിച്ചു.
എന്നാല്‍, മുതുകുളം ഭാഗത്ത് എത്തിയ പോലീസിന് മകന്റെ വീട്ടില്‍ പാണ്ടി ചന്ദ്രനെ കാണാന്‍ സാധിച്ചില്ല. പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലില്‍ കനകക്കുന്ന് ബോട്ട് ജെട്ടിക്ക് സമീപം വച്ച് പുലര്‍ച്ചെ മൂന്നരയ്ക്ക് ഇയാളെ കണ്ടെത്തി. തന്ത്രപരവും സാഹസികവുമായ നീക്കത്തിലൂടെ ചന്ദ്രനെ കീഴ്പ്പെടുത്തി പത്തനംതിട്ട സ്റ്റേഷനില്‍ എത്തിക്കുകയും കോടതിയില്‍ ഹാജരാക്കി റിാന്‍ഡ് ചെയ്യുകയും ചെയ്തു. എസ്.ഐ ഷിജു. പി. സാം, എസ്.സി.പി.ഓ വിജീഷ്, സി.പി.ഓമാരായ രജിത്ത്, രാജേഷ്, സൈദലി, രഞ്ജിത്ത് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
താനെഴുതാത്ത, തന്നോട് സമ്മതം ചോദിക്കാത്ത ആത്മകഥ താനറിയാതെ പ്രകാശനം ചെയ്യുമെന്ന് പറയുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് സി.പി.എം. നേതാവും ഇടതു മുന്നണി മുന്‍ കണ്‍വീനറുമായ ഇ.പി. ജയരാജന്‍. താന്‍ ആതമകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ലെന്നും ഇ.പി. ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു.
പുസ്തക വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയെന്നും ജയരാജന്‍ അറിയിച്ചു. സമഗ്രമായ അന്വേഷണം നടത്തണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമനടപടികൾ സ്വീകരിക്കാൻ അഭിഭാഷകൻ മുഖേന നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഇപ്പോൾ പുറത്തുവന്നതെല്ലാം കൃത്രിമമായി സൃഷ്ടിച്ച് തന്റെ ആത്മകഥയുമായി കൂട്ടിക്കുഴച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്റെ പുസ്തകം ഞാനറിയാതെ എങ്ങനെ പ്രസിദ്ധീകരിക്കും. പുസ്തകം പ്രസിദ്ധീകരിച്ച കാര്യം മാധ്യമ വാര്‍ത്തകളിലാണ് അറിഞ്ഞത്. തികച്ചും തെറ്റായിട്ടുള്ള നിലപാടാണ് ഡിസി ബുക്‌സ് സ്വീകരിച്ചത്. ഞാനെഴുതിയ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടക്കുന്നുവെന്ന് ഞാനറിഞ്ഞത് മാധ്യമ വാര്‍ത്തകളിലാണെന്നും ഇ.പി. പറഞ്ഞു.
‘ഞാൻ എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. എന്നോട് ഡി.സി. ബുക്‌സ് ചോദിച്ചിരുന്നു. മാതൃഭൂമി ബുക്‌സ് ചോദിച്ചിരുന്നു. അങ്ങനെ നിൽക്കുകയാണ് ഇതിന്റെ പ്രസിദ്ധീകരണത്തിനു വേണ്ട നടപടിക്രമം. എല്ലാം പൂർത്തീകരിച്ച്, ആകെയൊന്നു വായിച്ചുനോക്കി അതിന്റെ അടിസ്ഥാനത്തിൽ പൂർത്തീകരിച്ച് അച്ചടിക്കായി കൊടുക്കാം എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്.
“ഇത് ആസൂത്രിതമായ ഗൂഢാലോചനയാണ്. പ്രത്യേകിച്ച് ഇന്ന് തിരഞ്ഞെടുപ്പ് ദിവസമാണ്. ഈ ദിവസം തന്നെ തിരഞ്ഞെടുത്ത് ആസൂത്രിതമായ പദ്ധതി തയ്യാറാക്കിയതാണ്. ഇതുപോലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, ഒന്നര വർഷം മുൻപ് നടന്ന സംഭവം വാർത്തയാക്കി. ഇത് തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന നടപടിയാണ്. അന്വേഷിച്ച് കണ്ടെത്തേണ്ട കുറേ കാര്യങ്ങളുണ്ട്. കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
“എഴുതിയതെല്ലാം എഡിറ്റ് ചെയ്ത് തയ്യാറാക്കാൻ, വിശ്വസ്തനായ ഒരു പത്രപ്രവർത്തകനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിൽനിന്ന് ഇത് പുറത്തുപോകാൻ സാധാരണഗതിയിൽ സാധ്യതയില്ല. എവിടെനിന്നാണ് ഇത് പുറത്തുപോയതെന്ന് പരിശോധിക്കണം’, അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇപ്പോൾ നടന്നത് വ്യക്തഹത്യയാണ്. അതുവഴി പാർട്ടിയെ തകർക്കുക, തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുക എന്നിവയൊക്കെയാണ് ലക്ഷ്യം.” ഇവ നടന്നിരിക്കുന്നത് പാർട്ടിക്കുള്ളിൽനിന്ന് തന്നെയാണോ എന്ന് കണ്ടെത്തിയാൽ ആല്ലേ പറയാൻ പറ്റൂവെന്നും ഇ.പി. പറഞ്ഞു.
എന്തുകൊണ്ട് ചിന്ത ബുക്സിനെ പുസ്തകം പ്രസിദ്ധീകരിക്കാൻ ഏൽപ്പിച്ചില്ലാ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ചിന്ത ബുക്സ് വന്നാൽ അപ്പോൾ ആലോചിക്കാമെന്നായിരുന്നു ഇ.പിയുടെ മറുപടി. സിപിഎമ്മിൽ എല്ലാ കാലത്തും വിവാദമുണ്ടാകുമ്പോൾ അതിന്റെ ഒരറ്റത്ത് ഇ.പി ജയരാജന്റെ പേര് ഉണ്ടല്ലോ എന്ന ചോദ്യത്തിന്, മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ എന്നായിരുന്നു പ്രതികരണം.
ബുധനാഴ്ച രാവിലെ മുതലാണ് ഇടതുമുന്നണിയെ വെട്ടിലാക്കി ഇ.പി.യുടെ ആത്മകഥാ വിവാദം ചൂടുപിടിക്കുന്നത്. പാർട്ടി തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും ആത്മകഥയിൽ പറയുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി സരിനെതിരെയും വിമര്‍ശനമുള്ളതായും ആരോപണങ്ങൾ ഉയർന്നു.എന്നാൽ, ഈ ആരോപണങ്ങളെ പൂർണമായും തള്ളി ഇ.പി രംഗത്തെത്തി.
ഇ.പി. ജയരാജൻ എഴുതിയതെന്ന് ഡി.സി ബുക്സ് അവകാശപ്പെട്ട കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് നീട്ടിവെച്ചതായി പിന്നീട് പ്രസാധകര്‍ അറിയിച്ചു. നിർമിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലമാണ് തീരുമാനമെന്നാണ് വിശദീകരണം. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി.സി ബുക്സ് ഫെയ്സ്ബുക്കിൽ കുറിച്ചു.
വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിനുള്ള നിശ്ചിത സമയം അവസാനിച്ചു. രണ്ടിടങ്ങളിലും രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയതെങ്കിലും ചേലക്കരയില്‍ പല ബൂത്തുകളിലും ആറുമണിക്ക് ശേഷവും പോളിങ് തുടരുകയാണ്. വയനാട്ടില്‍ രാവിലെ മുതലുണ്ടായിരുന്ന പോളിങിലെ കുറവ് ഉച്ചയ്ക്ക് ശേഷവും തുടര്‍ന്നു.
വയനാട്ടില്‍ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. പോളിങ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളില്‍ കാര്യമായ തിരക്കുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്കനുസരിച്ച് വയനാട്ടില്‍ 64.53 ശതമാനമാണ് പോളിങ്.
കഴിഞ്ഞ തവണ 73 ശതമാനയായിരുന്നു ഇത്. പോളിങ് ശതമാനം കുറഞ്ഞത് വയനാട്ടിലെ യുഡിഎഫ് ക്യാമ്പുകളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫ് കേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞത് എന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതിലുള്ള ജനങ്ങളുടെ എതിര്‍പ്പാണ് പോളിങ് കുറയാന്‍ കാരണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി പറഞ്ഞു. എല്‍ഡിഎഫ് വോട്ടുകള്‍ എല്ലാം പോള്‍ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
ചേലക്കരയില്‍ 72.54 ശതമാനം വോട്ടാണ് ഇതുവരെ രേഖപ്പെടുത്തിയത്. അറുമണിക്ക് ശേഷവും ചില ബൂത്തുകളില്‍ നീണ്ട നിരയായിരുന്നു കാഴ്ച. 70 ശതമാനത്തിന് മുകളിലാണ് പല ബൂത്തുകളിലും പോളിങ്.പോളിങ് ഉയര്‍ന്നത് ഭരണവിരുദ്ധ വികാരമായി യുഡിഎഫ് കണക്കുക്കൂട്ടുന്നു. എന്നാല്‍ ചേലക്കര നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാംപ്.
സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയില്‍. വീഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിക്കും വിധം വാർത്ത ചെയ്യുകയും അശ്ലീല വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്. പാലാരിവട്ടത്തുള്ള ഓഫീസിലും വീട്ടിലും പോലീസ് റെയ്ഡ് നടത്തി.
പ്രമുഖ വ്യവസായിയായ ആർ പ്രേംകുമാറിനെതിരെ ആരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ടും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ കേസുണ്ട്. പോലീസ് പല തവണ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഹാജാരായില്ല.
പാലക്കാട് തിരഞ്ഞെടുപ്പിനായി ഹോട്ടലില്‍ ഭരത് ലജന മള്‍ട്ടി-സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പണം എത്തിച്ചു, 20000 കോടിയുടെ അനധികൃത ഇടപാടുകള്‍ നടത്തി എന്നും സൂരജ് വീഡിയോയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഈ വീഡിയോകള്‍ യുടുബിലും ഫേസ്ബുക്കിലും പ്രചരിപ്പിച്ചതിനാണ് ഭരത് ലജന മള്‍ട്ടി-സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വക്കീല്‍ നോട്ടീസ് അയച്ചത്.
സ്ഥിരമായി അപവാദ പ്രചാരണം അടങ്ങുന്ന വീഡിയോകള്‍ ഇറക്കുകയും അസഭ്യ ഭാഷ ഉപയോഗിക്കുകയും ചെയ്യുന്ന സൂരജ് പാലാക്കാരനെതിരെ നിലവില്‍ നിരവധി കേസുകള്‍ ഉണ്ട്.
വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. ബുധനാഴ്ച രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറിന് അവസാനിക്കും. രാഹുൽ ഗാന്ധി ഒഴിഞ്ഞതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്ന വയനാട്ടിലെ മത്സരം കോൺഗ്രസ് സ്ഥാനാർഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നതോടെ ദേശീയശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
ഝാർഖണ്ഡ് നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പും പത്തു സംസ്ഥാനങ്ങളിലായി 31 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ബുധനാഴ്ച നടക്കും. ഈ ഉപതിരഞ്ഞെടുപ്പുകൾ സർക്കാരുകളെ ബാധിക്കില്ലെങ്കിലും ഈയിടെ നടന്ന ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട കോൺഗ്രസിനും ഇന്ത്യസഖ്യത്തിനും വലിയ പരീക്ഷണംതന്നെയാണ്. 23-നാണ് വോട്ടെണ്ണൽ.
16 സ്ഥാനാർഥികളാണ് വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. ഏഴുമണ്ഡലങ്ങളിലായി 14,71,742 വോട്ടർമാരാണുള്ളത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തിൽ ആകെ ആറ് സ്ഥാനാർഥികളാണുള്ളത്. ഉപതിരഞ്ഞെടുപ്പ് ബാലറ്റിൽ ഒന്നു മുതൽ മൂന്നു വരെയാണ് മുന്നണി സ്ഥാനാർഥികൾ. ഒന്ന് യു.ആർ. പ്രദീപ് (ചുറ്റിക അരിവാൾ നക്ഷത്രം), രണ്ട് കെ. ബാലകൃഷ്ണൻ (താമര), മൂന്ന് രമ്യാ ഹരിദാസ് (കൈ) എന്നിങ്ങനെയാണ് മുന്നണി സ്ഥാനാർഥികളുടെ ചിഹ്നം. തുടർന്ന് സ്വതന്ത്രസ്ഥാനാർഥികളാണ്. നാല്- ലിൻഡേഷ് കെ.ബി.(മോതിരം), അഞ്ച്-സുധീർ എൻ. കെ. (ഓട്ടോറിക്ഷ), ആറ്-ഹരിദാസൻ (കുടം).
നാളെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയിലും ഇന്ന് നിശബ്ദ പ്രചാരണം. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. ബൂത്ത് തലത്തിലുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.
പൗരപ്രമുഖരുമായിട്ടുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാര്‍ത്ഥികളുടെ പ്രധാന പരിപാടി. പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ട് മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ഉച്ചയോടെ വിതരണം പൂര്‍ത്തിയാകും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ വൈകുന്നേരത്തോടെ നിശ്ചിത പോളിങ് കേന്ദ്രങ്ങളിലെത്തും.
വയനാട്ടില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ കന്നിപ്പോരാട്ടമാണ്. സിപിഐയിലെ സത്യന്‍ മൊകേരിയും, ബിജെപിയിലെ നവ്യ ഹരിദാസുമാണ് പ്രധാന എതിരാളികള്‍. ചേലക്കരയില്‍ കോണ്‍ഗ്രസിലെ രമ്യ ഹരിദാസ്, സിപിഎമ്മിലെ യു.ആര്‍ പ്രദീപ്, ബിജെപിയിലെ ബാലകൃഷ്ണന്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം.