എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരന്‍ ടി.വി പ്രശാന്തനെതിരെ ആരോഗ്യ വകുപ്പിന്റെ അന്വേഷണം. പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ല, കരാര്‍ ജീവനക്കാരന്‍ മാത്രമാണ്.
എങ്കിലും ഇപ്പോഴുണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നാളെ കണ്ണൂരിലെത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ നിലവിലുണ്ടായിരുന്നവരെ അതേ ശമ്പളത്തോടെ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഡോക്ടര്‍മാരും നഴ്സുമാരും അടക്കം കുറച്ചുപേരെ മാത്രമാണ് സര്‍ക്കാര്‍ സര്‍വീസിലേക്ക് എടുത്തത്. ബാക്കിയുള്ളവരെ സര്‍വീസിലേക്ക് എടുക്കാനുള്ള പ്രക്രിയ നടന്നു കൊണ്ടിരിക്കുകയാണ്.
ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള ലിസ്റ്റില്‍ പ്രശാന്തനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇനി പ്രശാന്തന്‍ വകുപ്പില്‍ ജോലിക്കാരനായി തുടരാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
പ്രശാന്തനെ ടെര്‍മിനേറ്റ് ചെയ്യുന്നതിനായി സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. നിയമപരമായി ഒരു പഴുതും ഉണ്ടാകരുതെന്ന് ഉറപ്പിക്കാനാണ് നിയമോപദേശം തേടിയിട്ടുള്ളത്. പ്രശാന്തന്‍ ഇനി സര്‍വീസില്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. പരിയാരം മെഡിക്കല്‍ കോളജില്‍ ഇലക്ട്രീഷ്യനായിട്ടാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.
എന്നാല്‍ പമ്പു തുടങ്ങാന്‍ ഇയാളുടെ അപേക്ഷ കിട്ടിയിട്ടില്ല. മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രിന്‍സിപ്പലും അത്തരത്തിലൊരു തെളിവുമില്ലെന്നാണ് അറിയിച്ചത്. സംഭവത്തില്‍ കണ്ണൂരില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും മന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാല്‍ ഇതേപ്പറ്റി വിശദമായി അന്വേഷിക്കാനാണ് വകുപ്പിലെ ഏറ്റവും സീനിയര്‍ ഉദ്യോഗസ്ഥനായ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെയെ തന്നെ കണ്ണൂരിലേക്ക് അയക്കുന്നത്. കൂടാതെ മെഡിക്കല്‍ എജ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ വിശ്വനാഥനുമുണ്ടാകും.
നാളെ തന്നെ ഇരുവരും കണ്ണൂരിലേക്ക് പോകും. പ്രശാന്തന് സര്‍വീസ് ചട്ടം ബാധകമല്ലേ, ചട്ട ലംഘനമുണ്ടായിട്ടുണ്ടോ എന്നിവയെല്ലാം അഡീഷല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുമെന്നും വീണാ ജോര്‍ജ് അറിയിച്ചു.
നവീന്‍ ബാബുവിനെ തനിക്ക് നേരിട്ട് അറിയാവുന്നയാളാണ്. വിദ്യാര്‍ത്ഥി ജീവിത കാലം മുതല്‍ അറിയാം. ഒരു കള്ളം പോലും വാക്കാല്‍ പറയരുതെന്ന് ജീവിതത്തില്‍ ദൃഡനിശ്ചയം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു സ്റ്റുഡന്റായിരുന്ന കാലത്ത് പോലും നവീന്‍ ബാബു.
അതുകൊണ്ടു തന്നെ വിദ്യാര്‍ഥിയായിരിക്കുമ്പോഴും പോലും വ്യത്യസ്തനായിരുന്നു. പ്രളയകാലത്തും കോവിഡ് കാലത്തും തന്റെയൊപ്പം പ്രവര്‍ത്തിച്ച സത്യസന്ധനായ ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. ആ കുടുംബത്തിന്റെ വികാരം തനിക്ക് ഉള്‍ക്കൊള്ളാനാകും.
ഇതിന് പത്തനംതിട്ടക്കാരിയാകണമെന്നില്ല, മനുഷ്യനായാല്‍ മതി. അദേഹത്തോടും കുടുംബത്തോടും നീതി ചെയ്യണം എന്നതുകൊണ്ടാണ് പ്രശാന്തനെപ്പോലെ ഒരാളെ സര്‍വീസില്‍ വേണ്ടെന്ന് തീരുമാനിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആഗോള തലത്തില്‍ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം കൂടുന്നതായുള്ള വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. ആഗോള കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തില്‍ സീറോ മലബാര്‍ സഭ ഉക്രേനിയന്‍ സഭയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി.
നേരത്തെ രണ്ടാം സ്ഥാനത്ത് ആയിരുന്ന ഉക്രേനിയന്‍ സഭ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. ഉക്രേനിയന്‍ സഭയെക്കാള്‍ മൂന്നു ലക്ഷത്തിനടുത്ത് വിശ്വാസികളുടെ വര്‍ധനവാണ് സീറോ മലബാര്‍ സഭയ്ക്കുള്ളത്. 2023 ലെ കണക്ക് പ്രകാരമാണിത്. വത്തിക്കാനില്‍ നിന്നും ഇറങ്ങുന്ന പൊന്തിഫിക്കല്‍ ഇയര്‍ ബുക്ക് 2023 ലാണ് ഈ കണക്കുകളുള്ളത്.
ഇന്ത്യയില്‍ നിന്നു തന്നെയുള്ള മറ്റൊരു സുറിയാനി സഭയായ സീറോ മലങ്കര സഭ വിശ്വാസികളുടെ എണ്ണത്തില്‍ എട്ടാം സ്ഥാനത്തുണ്ട്. എല്ലാ ഭൂഖണ്ഡങ്ങളിലും സീറോ മലബാര്‍ സഭയ്ക്ക് വിശ്വാസികളുടെ സാന്നിധ്യമുണ്ട്.
വലിയ കുടുംബങ്ങള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്ന സീറോ മലബാര്‍ സഭ, ആഗോള കത്തോലിക്കാ സഭയില്‍ ലത്തീന്‍ സഭയിലേക്കും, ഭാരതത്തില്‍ സീറോ മലങ്കര സഭയിലേക്കും അനേകം വൈദികരെയും സന്യസ്ഥരെയും സംഭാവന ചെയ്തിട്ടുണ്ട്.
പൊന്തിഫിക്കല്‍ ഇയര്‍ ബുക്ക് 2023 ലെ കണക്കുകള്‍ പ്രകാരം വിവിധ സഭകളിലെ വിശ്വാസികളുടെ എണ്ണം:
ലത്തീന്‍: 100,05,11,567
സീറോ മലബാര്‍: 45,37,342
ഉക്രേനിയന്‍: 42,95,581
മറോണൈറ്റ്: 35,43,796
മെല്‍കൈറ്റ്: 15,45,990
അര്‍മേനിയന്‍: 7,53,945
കല്‍ദായന്‍: 6,46,581
സീറോ മലങ്കര: 4,87,247
റൊമാനിയന്‍: 4,73,710
റുഥേനിയന്‍: 3,65,883
എഫാര്‍ക്കി ഓഫ് മുകാഷെവോ: 3,14,560
ഹംഗേറിയന്‍: 2,96,830
കോപ്റ്റിക്: 2,53,100
സ്ലൊവാക്യന്‍: 2,10,061
എറിട്രിയന്‍: 1,73,251
സിറിയന്‍: 1,20,679
എത്യോപ്യന്‍: 80,568
മെട്രോപോളിസ് ഓഫ് പിറ്റ്‌സ്ബര്‍ഗ്: 34,323
പ്രാഗയുടെ എക്‌സാര്‍ക്കേറ്റ്: 17,000
ഏകീകൃത സിനഡുകളില്ലാത്ത സഭാ സ്ഥാപനങ്ങള്‍:
ബൈസന്റൈന്‍ കാത്തലിക് ചര്‍ച്ച് ഓഫ് ഇറ്റലി (ഇറ്റലോ-അല്‍ബേനിയന്‍): 55,909
ക്രൊയേഷ്യയിലെയും സെര്‍ബിയയിലെയും ബൈസന്റൈന്‍ കാത്തലിക് ചര്‍ച്ച് (44,300)
എഫാര്‍ക്കി ഓഫ് ലങ്‌ഗ്രോ: 32,500
പിയാന ഡെഗ്ലി അല്‍ബനേസിയുടെ എഫാര്‍ക്കി: 23,400
ക്രിസെവ്സി, ക്രൊയേഷ്യ (സ്ലോവേനിയ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന) എഫാര്‍ക്കി: 23,000
എഫാര്‍ക്കി ഓഫ് റസ്‌കി ക്രിസ്റ്റൂര്‍, സെര്‍ബിയ: 21,300
ബൈസന്റൈന്‍സ് കാത്തലിക് ചര്‍ച്ച് ഓഫ് മാസിഡോണിയ: 11,419
ബൈസന്റൈന്‍ കാത്തലിക് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസാക്കിസ്ഥാന്‍, മധ്യേഷ്യ: 10,400
ബള്‍ഗേറിയ സോഫിയയിലെ സെന്റ് ജോണ്‍ ഇരുപത്തിമൂന്നാമന്റെ എഫാര്‍ക്കി: 10,000
ഗ്രീസിലെ ബൈസന്റൈന്‍ കാത്തലിക് ചര്‍ച്ച്: 6,017
ഗ്രീസിലെ ഏഥന്‍സ് അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ്: 6,000
ബെലാറസിന്റെ ബൈസന്റൈന്‍ കാത്തലിക് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേഷന്‍: 5,000
ബൈസന്റൈന്‍ കാത്തലിക് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സതേണ്‍ അല്‍ബേനിയ: 1,921
മറ്റുള്ളവര്‍
കിഴക്കന്‍ യൂറോപ്പിലെ അര്‍മേനിയന്‍ ഓര്‍ഡിനേറിയറ്റ്: 6,18,000
സ്‌പെയിനിലെ ഈസ്റ്റേണ്‍ ഓര്‍ഡിനേറിയറ്റ്: 75,900
ഫ്രാന്‍സിലെ ഈസ്റ്റേണ്‍ ഓര്‍ഡിനേറിയറ്റ്: 25,300
ബ്രസീലിലെ ഈസ്റ്റേണ്‍ ഓര്‍ഡിനേറിയറ്റ്: 10,540
ഓസ്ട്രിയയിലെ ബൈസന്റൈന്‍ ഓര്‍ഡിനേറിയറ്റ്: 10,080
അര്‍ജന്റീനയിലെ ഈസ്റ്റേണ്‍ ഓര്‍ഡിനേറിയറ്റ്: 2,020
പോളണ്ടിലെ ഈസ്റ്റേണ്‍ ഓര്‍ഡിനേറിയറ്റ്: 682
ചരിത്രം നായകനായി വാഴ്ത്തുന്നതിന് മുമ്പ് നടൻ സിദ്ദിഖിന്റെ കള്ളി വെളിച്ചത് കൊണ്ട് വരേണ്ടത് ആവശ്യമാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. അല്ലെങ്കിൽ വരുംതലമുറ സിദ്ദിഖിനെ സർവ്വാദരണീയനായി വാഴ്ത്തുന്ന സാഹചര്യം ഉണ്ടാകും. സിദ്ദിഖിന്റെ യഥാർഥ സ്വഭാവം വെളിച്ചത്ത് കൊണ്ട് വരേണ്ടതാണെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ബലാത്സംഗ കേസിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോർട്ടിലാണ് സർക്കാർ ഈ ആവശ്യം ഉന്നയിച്ചത്.
ബലാത്സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷ്ണർ അജി ചന്ദ്രൻ നായരാണ് സുപ്രീം കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തത്. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച ശേഷം സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണം പ്രാഥമികഘട്ടത്തിലാണെങ്കിലും നിരവധി തെളിവുകൾ പ്രതിക്കെതിരെ ലഭിച്ചിട്ടുണ്ട്. സുപ്രീം കോടതി സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചാൽ പരാതിക്കാരി കേസിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ബലാത്സംഗത്തെ കുറിച്ച് പരാതി നൽകാൻ എട്ട് വർഷം വൈകിയത് എന്ത് കൊണ്ടാണ് എന്ന് നേരത്തെ കേസ് പരിഗണിച്ചിരുന്ന വേളയിൽ സുപ്രീം കോടതി ആരാഞ്ഞിരുന്നു. സംഭവം നടക്കുമ്പോൾ പരാതിക്കാരിക്ക് 21 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും, സിദ്ദിഖ് അക്കാലത്ത് സിനിമ മേഖലയിലെ ശക്തനായിരുന്നുവെന്നുമാണ് റിപ്പോർട്ടിൽ സർക്കാർ വിശദീകരിച്ചത്. മീ ടൂ വിവാദം ഉണ്ടായ കാലയളവിൽ തന്റെ അനുഭവത്തിന്റെ ഒരു ചെറിയ ഭാഗം സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയെന്നും എന്നാൽ സൈബർ ആക്രമണം കാരണം പിന്നീട് നിശബ്ദയായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ പരാതി നൽകാൻ വൈകിയത് അനുഭാവപൂർവ്വം പരിഗണിക്കണമെന്നും സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
കേസിന്റെ അന്വേഷണം പൂർത്തിയാകുന്നതുവരേയും സമൂഹമാധ്യമങ്ങളിൽ നിന്ന് തെളിവുകൾ ശേഖരിക്കുന്നത് വരേയും സിദ്ദിഖിനെ കസ്റ്റഡിയിൽ വേണമെന്നാണ് സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ പറയുന്നത്. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി 22-ന് പരിഗണിക്കും.
നഴ്‌സിങ് വിദ്യാര്‍ഥിനിയെ ബെംഗളൂരു ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കീരിത്തോട് കിഴക്കേപ്പോത്തിക്കല്‍ അനഘ ഹരിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബെംഗളൂരുവിലെ സ്വകാര്യ നഴ്‌സിങ് കോളേജില്‍ ബിഎസ്‌സി നഴ്‌സിങ്ങിന് പഠിക്കുകയായിരുന്നു അനഘ.
കോളേജ് ഹോസ്റ്റലില്‍ വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് ശേഷം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ബന്ധുക്കള്‍ ബെംഗളൂരുവിലേക്ക് തിരിച്ചു. മാതാവ് രാധ. അനന്തു, അതുല്‍ എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയ്‌ക്കെതിരേ പാര്‍ട്ടി നടപടി വേണ്ടെന്ന് തീരുമാനിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഭരണതലത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ തല്‍ക്കാലം സംഘടനാ നടപടി വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും പുറത്താക്കിയത് കൃത്യമായ നടപടിയാണെന്നും പാര്‍ട്ടി വിലയിരുത്തി.
എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.പി.ദിവ്യയെ പിന്തുണച്ച് ഡി.വൈ.എഫ്.ഐയും എതിര്‍ത്ത് സി.പി.എമ്മും പത്തനംതിട്ട ജില്ലാ കമ്മിറ്റിയും നേരത്തേ രംഗത്തെത്തിയിരുന്നു. ദിവ്യയെ അവിശ്വസിക്കേണ്ട ആവശ്യമില്ലെന്നാണ് ഡി.വൈ.എഫ്.ഐ. സ്വീകരിച്ച നിലപാട്. എന്നാല്‍, പാര്‍ട്ടിക്ക് ഒറ്റ നിലപാടേയുള്ളൂവെന്നാണ് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞത്. എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി എ.ഡി.എമ്മിന്റെ കുടുംബത്തിനൊപ്പമാണെന്നും കെ.പി. ഉദയഭാനു പറയുകയുണ്ടായി.
നവീന്റെ മരണത്തിനുപിന്നാലെ പി.പി ദിവ്യക്കെതിരേ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് നിലപാട് സ്വീകരിച്ചിരുന്നു. യാത്രയയപ്പ് ചടങ്ങില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയ ജില്ലാ സെക്രട്ടേറിയറ്റ് ദുഃഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം പങ്കുചേരുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ്. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ കഴിഞ്ഞ ചൊവ്വാഴ്ച കാലത്താണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരുന്നത്.
നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശിനി അമൃതയാണ് പൂർണ്ണ വളർച്ചയെത്താത്ത കുട്ടിയെ പ്രസവിച്ചശേഷം കുഴിച്ചിട്ടത്.
പോത്തൻകോട് വാവറ അമ്പലത്ത് കന്നുകാലികൾക്കായി വളർത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. പ്രസവശേഷം അമിത രക്തസ്രാവത്തെ തുടർന്ന് എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
എസ് എ ടി ആശുപത്രിയിലെ ഡോക്ടർമാരാണ് പോത്തൻകോട് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോത്തൻകോട് പോലീസും പോത്തൻകോട് പഞ്ചായത്ത് അധികൃതരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 35 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം പൂക്കോട്ടുംപാടം തോട്ടുങ്കൽ സ്വദേശി രാജൻ (50)നെയാണ് കോടതി ശിക്ഷിച്ചത്.
2023 ജനുവരിയിലാണ് കേസിന്നാസ്പദമായ സംഭവം. ഏഴ് വയസ്സുകാരിയെ രണ്ട് തവണ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു പ്രതി. കുട്ടി താമസിക്കുന്ന വീട്ടിൽ വെച്ചും തട്ടിക്കൊണ്ടുപോയുമാണ് ബലാത്സംഗം ചെയ്തത്.
കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് ഒരു വർഷം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റും വീസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സർക്കാർ. ഇത്തരം തട്ടിപ്പുകൾ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്സ് ഉദ്യോഗസ്ഥർ, എൻആർഐ സെൽ പോലീസ് സൂപ്രണ്ട് എന്നിവർ അംഗങ്ങളായി ടാസ്‌ക്ഫോഴ്സ് രൂപീകരിച്ച് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ഉത്തരവായി.റിക്രൂട്ട്മെന്റ് സംബന്ധിച്ച പരാതികളിൽ കർശനമായ നടപടികൾ സ്വീകരിക്കാൻ ലക്ഷ്യമിട്ടുള്ള നോർക്കയുടെ ഓപ്പറേഷൻ ശുഭയാത്രയുടെ ഭാഗമായാണ് ശക്തമായ ഈ നീക്കം. റിക്രൂട്ട്മെന്റിന് അംഗീകാരമുള്ളവരും ഇല്ലാത്തവരും വിവിധ തൊഴിലുകളുടെ പേരിൽ പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇത്തരം പരാതികളുടെ അന്വേഷണ പുരോഗതി ടാസ്‌ക്ഫോഴ്സ് എല്ലാ മാസവും യോഗം ചേർന്നു വിലയിരുത്തും.
കൂടാതെ എൻജിഒ ആയ പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ശുപാർശകൾ പ്രകാരം റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾ തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർഥിക്കും. എൻആർഐ സെല്ലിനെ ശക്തിപ്പെടുത്തുന്നതിനും എൻആർഐ സെല്ലിന് മാത്രമായി ഒരു സൈബർ സെൽ രൂപീകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും എൻആർഐ സെല്ലിലെ പോലീസ് സൂപ്രണ്ടിനും നിർദേശം നൽകി.വിദ്യാർഥികളുടെ കുടിയേറ്റത്തിൽ ഏർപ്പെട്ടിരിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജൻസികളെ നിയന്ത്രിക്കുന്നതിന് നിയമനിർമാണം / നിയമ ചട്ടക്കൂട് ഉണ്ടാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടു. റിക്രൂട്ട്‌മെന്റ് ഫീസുമായി ബന്ധപ്പെട്ട ഇടപാടുകൾ നിരീക്ഷിക്കുന്നതിന് ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് അസാധാരണമോ, സംശയാസ്പദമായതോ ആയ ഇടപാടുകൾ ബാങ്കുകൾക്ക് അധികൃതരെ അറിയിക്കാൻ കഴിയുമോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന് നിർദേശം നൽകി.
എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയില്‍ താന്‍ ക്ഷണിക്കാതെ കയറിച്ചെന്നതാണെന്ന വാദം തളളി പി.പി ദിവ്യ. കണ്ണൂര്‍ കളക്ടര്‍ മറ്റൊരു പരിപാടിയില്‍ വെച്ചാണ് യോഗ വിവരം പറഞ്ഞതെന്നും തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ പറഞ്ഞു. സംസാരം സദുദ്ദേശപരമായിരുന്നുവെന്നും അവര്‍ പറയുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യത്തിന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പി.പി ദിവ്യ അപേക്ഷ നല്‍കിയിട്ടുണ്ട്.
മുന്‍കൂട്ടി സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഡെപ്യൂട്ടി കളക്ടര്‍ ശ്രുതി ക്ഷണിച്ചപ്രകാരം ആണ് സംസാരിച്ചത്. ഉത്തരവാദിത്തപ്പെട്ട വ്യക്തികള്‍ ഇരിക്കുന്ന പരിപാടി എന്ന നിലയിലാണ് അഴിമതിക്കാര്യം സംസാരിച്ചതെന്നും ദിവ്യ പറഞ്ഞു.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നല്‍കിയ വിവരപ്രകാരം കണ്ണൂര്‍ ജില്ലാകളക്ടറും സംശയത്തിന്റെ നിഴലിലാണ്. ക്ഷണിക്കാതെ പോയതോ മറ്റ് ഉദ്ദേശങ്ങളോടെ പോയതോ അല്ല എന്ന് ദിവ്യ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ പരിപാടിയുമായി ബന്ധമില്ലാത്ത ഒരാളെ എന്തിന് ക്ഷണിച്ചു എന്ന കാര്യത്തില്‍ കളക്ടറും വിശദീകരണം നല്‍കേണ്ടി വരും.
യാത്രയയപ്പ് നല്‍കിയ ദിവസം രാവിലെ കളക്ടറേറ്റില്‍ നടന്ന പരിപാടിയിലാണ് ജില്ലാ കളക്ടര്‍ യാത്രയയപ്പ് വിവരം ദിവ്യയോട് പറഞ്ഞത്. അഴിമതിയുടെ കാര്യം കളക്ടറുമായി സംസാരിച്ചിരുന്നോ എന്ന കാര്യവും കളക്ടര്‍ ഇതോടെ വ്യക്തമാക്കേണ്ടി വരും.
എന്നാല്‍ ‘ഇതുവഴിയെ പോയപ്പോള്‍ ഇങ്ങനെ ഒരു പരിപാടി നടക്കുന്നു എന്ന് അറിഞ്ഞാണ് വന്നത്’ എന്നായിരുന്നു പ്രസംഗത്തിലെ വാക്കുകള്‍. ഇതിന് വിപരീതമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വാദം. ആത്മഹത്യയിലേക്ക് തള്ളി വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ നിന്നും ഒളിച്ചോടില്ലെന്നും ഗുരുതരമായ രോഗാവസ്ഥയുള്ള പിതാവ് ഉള്‍പ്പെടെ വീട്ടില്‍ ഉണ്ടെന്നും അറസ്റ്റ് തടയണം എന്നും പി.പി ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു.
നവീന്‍ ബാബുവിനെതിരെയും ജാമ്യാപേക്ഷയില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഫയലുകള്‍ വൈകിപ്പിച്ചെന്ന ആരോപണം നവീനെതിരെ നേരത്തെയും ഉണ്ടെന്നും ഗംഗാധരന്‍ എന്ന വ്യക്തിയും പരാതി പറഞ്ഞിരുന്നു എന്നും ദിവ്യ ആവര്‍ത്തിക്കുന്നു. ഫയല്‍ നീക്കം വേഗത്തിലാക്കണം എന്ന കാര്യമേ ഈ സംസാരം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ എന്നും ദിവ്യ പറഞ്ഞു. പ്രസംഗത്തിന്റെ മുഴുവന്‍ കോപ്പിയും ഹാജരാക്കിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും.
കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും സി.പി.എം നീക്കിയിരുന്നു.
ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സാഹചര്യത്തിലാണ് നീക്കം.
നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ദിവ്യയ്ക്കെതിരെ കേസെടുത്തത്. പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ദിവ്യയ്ക്കും പമ്പിന് അപേക്ഷിച്ച പ്രശാന്തനുമെതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് നവീന്റെ കുടുംബം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നലെ പൊലീസ് പത്തനംതിട്ടയിലെത്തി ഇവരുടെ മൊഴിയെടുത്തു.
കേസില്‍ ദിവ്യയെ ഇന്ന് പൊലീസ് ചോദ്യം ചെയ്തേക്കും. കൂടാതെ പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. പെട്രോള്‍ പമ്പ് കോഴ ആരോപണത്തെ സംബന്ധിച്ചുള്ള അന്വേഷണം വിജിലന്‍സ് ഇന്ന് ആരംഭിക്കും. മുസ്ലീംലീഗ് നേതാവിന്റെ അടക്കം രണ്ട് പരാതികളിലാണ് വിജിലന്‍സ് അന്വേഷണം.
ദിവ്യയെ ഇന്നലെ രാത്രിയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം നീക്കിയിരുന്നു. തുടര്‍ന്ന് അവര്‍ രാജി നല്‍കുകയായിരുന്നു. അഡ്വ. കെ.കെ രത്‌നകുമാരിയാണ് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയതിന് പിന്നാലെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്.