Kerala

കാട്ടുപന്നിയെ വെടി വെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ് നിയമം. പകരം വെളിച്ചെണ്ണയൊഴിച്ച് കറി വെക്കുകയാണ് വേണ്ടതെന്ന് സണ്ണി ജോസഫ് എംഎല്‍എ.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇതിന് നിയമം കൊണ്ടുവരണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. യുഡിഎഫിന്റെ മലയോര സമര യാത്രയുടെ ഭാഗമായി കൊട്ടിയൂരില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

‘കാട്ടുപന്നിയെ വെടിവെക്കാന്‍ ലൈസന്‍സുള്ള തോക്ക് വേണം. കൊട്ടിയൂര്‍ പഞ്ചായത്തില്‍ ആകെ ലൈസന്‍സ് ഉള്ള തോക്കുള്ളത് ഒരാള്‍ക്കാണ്. പിന്നെ എങ്ങനെ പന്നിയെ വെടിവെക്കും. ഇപ്പോള്‍ പന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണ ഒഴിച്ച് കുഴിച്ചിടണം. എന്റെ അഭിപ്രായത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് കറി വെക്കണം.

ഞാനീ യോഗത്തില്‍ പരസ്യമായിട്ട് തന്നെ പറയുകയാണ്. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും യുഡിഎഫ് കണ്‍വീനറുടെയും കക്ഷി നേതാക്കളുടെയും എഐസിസി സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ പറയുകയാണ്… യുഡിഎഫ് വന്നാല്‍ വെടി വെച്ചിടുന്ന കാട്ടുപന്നിയെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണം’- സണ്ണി ജോസഫ് പറഞ്ഞു.

വന്യജീവി ആക്രമണവും കാര്‍ഷിക മേഖലയുടെ വിലത്തകര്‍ച്ചയും ഉള്‍പ്പടെയുള്ള വിഷയങ്ങളുയര്‍ത്തിയാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് മലയോര സമരയാത്ര സംഘടിപ്പിക്കുന്നത്.

നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ ഫെബ്രുവരി 12 വരെ റിമാന്‍ഡ് ചെയ്തു. കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നും നൂറ് വര്‍ഷം ശിക്ഷിച്ചോളൂവെന്നും ഉടനെ ശിക്ഷ വിധിക്കണമെന്നും ചെന്താമര കോടതിയോട് പറഞ്ഞു. തന്റെ ജീവിതമാര്‍ഗ്ഗത്തെ തകര്‍ത്തു, അതുകൊണ്ടാണ് കൊലപാതകം ചെയ്തത്. മകളുടേയും മരുമകന്റേയും മുന്നില്‍ തലകാണിക്കാന്‍ വയ്യ, അതിനാല്‍ എത്രയും വേഗം ശിക്ഷ വിധിക്കണമെന്നും ചെന്താമര കോടതി മുന്‍പാകെ ആവശ്യപ്പെട്ടു.

പോലീസ് പിടികൂടിയതിന്റെയല്ലാതെ ഏതെങ്കിലും തരത്തിലുള്ള പരിക്കുകള്‍ പറ്റിയിട്ടുണ്ടോയെന്നാണ് ചെന്താമരയോട് കോടതി ആദ്യം ചോദിച്ചത്. എന്നാല്‍ തനിക്ക് ചിലകാര്യങ്ങള്‍ കോടതിയോട് പറയാനുണ്ടെന്ന് പറഞ്ഞാണ് ചെന്താമര സംസാരിക്കാന്‍ ആരംഭിച്ചത്. തനിക്ക് യാതൊരു പരാതിയുമില്ല, ഉദ്ദേശിച്ച കാര്യം ചെയ്തുകഴിഞ്ഞു എന്നായിരുന്നു ചെന്താമരയുടെ ഭാഷ്യം. മകള്‍ എന്‍ജിനീയറാണെന്നും മരുമകന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലാണെന്നും കോടതിയോട് പറഞ്ഞ പ്രതി അവരുടെ മുന്നില്‍ തല കാണിക്കാന്‍ വയ്യെന്നും കൂട്ടിച്ചേര്‍ത്തു.

വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് ഇയാളെ ആലത്തൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കനത്ത പോലീസ് സുരക്ഷയിലാണ് ചെന്താമരയെ പോലീസ് സ്‌റ്റേഷനില്‍നിന്ന് കോടതിയിലെത്തിച്ചത്. കോടതിയില്‍ വലിയ ആള്‍ക്കൂട്ടമാണുണ്ടായിരുന്നത്. റിമാന്‍ഡ് ചെയ്തശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി ചെന്താമരയെ ആലത്തൂര്‍ സബ്ജയിലിലേക്ക് മാറ്റും.

പ്രതി മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നും തന്റെ പദ്ധതി നടപ്പാക്കിയതിന്റെ സന്തോഷം പ്രതിക്കുണ്ടായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആസൂത്രിതമായാണ് ചെന്താമര കൊലപാതകം നടത്തിയത്. ഇതിനായി ദിവസങ്ങള്‍ക്കുമുന്‍പ് കൊടുവാള്‍ വാങ്ങി. പോലീസിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പോത്തുണ്ടി സ്വദേശിയായ സുധാകരനേയും അമ്മ മീനാക്ഷിയേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ചെന്താമരയെ 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനുശേഷമാണ് പോലീസ് പിടികൂടിയത്. പോത്തുണ്ടി മാട്ടായില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈല്‍ ഫോണിലെ സിം ഓണായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് കൂമ്പാറയിലെ ക്വാറിയിലും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഇയാള്‍ ബെംഗളൂരുവിലേക്ക് കടന്നതായുള്ള അഭ്യൂഹവും പ്രചരിച്ചിരുന്നു. അതിനിടെയാണ് ചൊവ്വാഴ്ച പത്തുമണിയോടെ ഇയാളെ പോലീസ് പിടികൂടിയത്.

നെന്‍മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പോലീസ് പിടികൂടിയത് സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ. ഒന്നര ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതി വിശന്നുവലഞ്ഞ് ഭക്ഷണം തേടി വീട്ടിലേക്ക് വരുന്നതിനിടെയാണ് പോലീസിന്റെ വലയിലായത്. സ്റ്റേഷനിലെത്തിച്ച പ്രതി ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണമായിരുന്നു. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം പോലീസ് ഭക്ഷണം എത്തിച്ചുനല്‍കി. തുടര്‍ന്നായിരുന്നു വിശദമായ ചോദ്യംചെയ്യല്‍.

ചെന്താമരയ്ക്ക് വിശപ്പ് കൂടുതലാണെന്നും പോകാന്‍ മറ്റിടങ്ങളില്ലെന്നും തന്റെ വീട്ടിലേക്ക് വരുമെന്നും സഹോദരന്‍ പറഞ്ഞതിനെത്തുടര്‍ന്ന് പോലീസ് പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ചെന്താമരയുടെ വീട്ടില്‍നിന്ന് 200 മീറ്റര്‍ മാറിയുള്ള സഹോദരന്റെ വീട്ടില്‍ മുഴുവന്‍സമയവും കാവലും നിന്നു. 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയശേഷം ചെന്താമര ആദ്യം വന്നത് രാധാകൃഷ്ണന്റെ വീട്ടിലേക്കായിരുന്നു. ഭക്ഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു വന്നത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പോലീസ് ഇയാളെ പിടികൂടിയത്. എന്നാല്‍ ഇത്തവണ സഹോദരന്റെ വീട്ടിലേക്ക് പോകാതെ സ്വന്തം വീടായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടത്. പോകുന്ന വഴിയില്‍ കൃത്യമായി പോലീസ് വിരിച്ച വലയില്‍ വീഴുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രി ഒന്‍പതേമുക്കാലോടെത്തന്നെ ചെന്താമരയെ വയല്‍വരമ്പില്‍നിന്ന് പിടികൂടിയതായാണ് പോലീസ് നല്‍കുന്ന സൂചന. തുടര്‍ന്ന്, ആളുകളുടെ ശ്രദ്ധ തിരിക്കുന്നതിനായാണ് കുറച്ചുനേരത്തിനുശേഷം തിരച്ചില്‍ അവസാനിപ്പിക്കുന്നതായി അറിയിച്ചത്. തുടര്‍ന്നാണ് സ്വകാര്യവാഹനത്തില്‍ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. അറസ്റ്റിലായ ചെന്താമരയെ ബുധനാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. രണ്ടുദിവസത്തിനുശേഷം കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അനുമതിതേടുമെന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി. എന്‍. മുരളീധരന്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു നെന്മാറയിലെ ഇരട്ടക്കൊലകപാതകം. 2019-ല്‍ സജിതയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞുവെന്നും തുടര്‍ന്ന് സജിതയെ സംശയിക്കുകയായിരുന്നുവെന്നും കരുതപ്പെടുന്നു. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.

നെന്മാറ ഇരട്ട കൊലപാതക കേസിൽ എസ്.എച്ച്.ഒയ്ക്ക് വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോർട്ട്. ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിച്ചില്ലെന്നും ഇയാൾ ഒരു മാസം നെന്മാറയിൽ താമസിച്ചുവെന്നും പാലക്കാട് എസ്പി അജിത്കുമാറിന്റെ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. എഡിജിപി മനോജ് എബ്രഹാമിന് റിപ്പോർട്ട് കൈമാറിയെന്നാണ് വിവരം.

ജാമ്യ ഉത്തരവിന്റെ പകർപ്പ് സ്റ്റേഷനിലുണ്ടായിരുന്നില്ലെന്ന എസ്.എച്ച്.ഒയുടെ വിശദീകരണം തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് എസ്പിയുടെതെന്നാണ് വിവരം. നെന്മാറ പോലീസ് പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര പോത്തുണ്ടിയിലെ വീട്ടിലെത്തിയ വിവരമറിയിച്ചിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു.

എന്തുകൊണ്ടാണ് ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയെ പ്രദേശത്ത് തുടരാൻ അനുവദിച്ചത്. ഇയാളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാഞ്ഞത് എന്തുകൊണ്ട് എന്നതു സംബന്ധിച്ചുള്ള വിശദീകരണം ഉന്നതതലത്തിൽ നിന്നും ആവശ്യപ്പെട്ടിരുന്നു. സുധാകരന്റെയും മകളുടെയും പരാതി അവഗണിച്ചത് പൊലീസിന്റെ ഭാഗത്തു നിന്നു സംഭവിച്ച ഗുരുതര വീഴചയാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം കൊലയ്ക്കു ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. നാലു സംഘങ്ങളായി തിരിഞ്ഞാണ് ചെന്താമരയെ പൊലീസ് അന്വേഷിക്കുന്നത്. നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി ജയിലിൽപോയ ചെന്താമര ജാമ്യത്തിലിറങ്ങി സുധാകരനെയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 30-നാണ് സജിത കൊല്ലപ്പെട്ടത്. ചെന്താമരയുടെ ഭാര്യ അയാളുമായി പിരിയാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസിൽ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കേയാണു പ്രതി ചെന്താമര വിയ്യൂർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയത്.

പാലക്കാട്ടെ എലപ്പുള്ളിയില്‍ മദ്യനിർമാണശാല വേണ്ടെന്ന് സിപിഐ. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. മദ്യനിർമാണശാലയുമായി ബന്ധപ്പെട്ട് വിവാദം കനക്കുകയും പാലക്കാട്ടെ സിപിഐ ജില്ലാ നേതൃത്വം പദ്ധതിക്കെതിരേ വലിയ വിമർശനം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എക്സിക്യൂട്ടീവ് ചേർന്നത്. വിഷയത്തിൽ സിപിഐയുടെ ആശങ്ക എൽ.ഡി.എഫ് നേതൃത്വത്തെ അറിയിക്കും.

എലപ്പുള്ളിയിൽ മദ്യക്കമ്പനി തുടങ്ങാന്‍ സംസ്ഥാന സർക്കാർ അനുമതി നൽകിയതിനുപിന്നാലെ സിപിഐയ്ക്കുള്ളിൽ എതിർപ്പ് ശക്തമായിരുന്നു. മദ്യക്കമ്പനിയുമായി ബന്ധപ്പെട്ട വിഷയം മുന്നണിയിൽ ചർച്ച ചെയ്തില്ലെന്ന് സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പടെയുള്ള സിപിഐ നേതാക്കൾ വിമർശിച്ചിരുന്നു.

സര്‍ക്കാര്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ്, ബിനോയ് വിശ്വത്തിന് നേരത്തേ കത്തുനല്‍കുകയും ചെയ്തു. എലപ്പുള്ളി പഞ്ചായത്തില്‍ മദ്യക്കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത് പാലക്കാട്ടെ കുടിവെള്ളപ്രശ്‌നം രൂക്ഷമാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. നിലവിലുള്ള തണ്ണീര്‍ത്തട നിയമങ്ങളെയും മാലിന്യസംസ്‌കരണ നിയമങ്ങളെയും അട്ടിമറിച്ചുകൊണ്ടാവും കമ്പനി പ്രവര്‍ത്തിക്കുകയെന്നായിരുന്നു യോഗം വിലയിരുത്തിയത്.

അമിതമായ ജലചൂഷണത്തിനെതിരേ ലോകശ്രദ്ധ ആകര്‍ഷിച്ച പാലക്കാട്ടെ പ്ലാച്ചിമടയും പുതുശ്ശേരിയും എല്‍.ഡി.എഫ്. മറക്കരുതെന്ന പരാമർശവും സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവിലുണ്ടായി. കൊക്കോകോളയുടെ ജലചൂഷണത്തിനും പരിസ്ഥിതി മലിനീകരണത്തിനുമെതിരേ പ്ലാച്ചിമടയിലും പെപ്‌സിയുടെ ജലചൂഷണത്തിനെതിരേ പുതുശ്ശേരിയിലും വര്‍ഷങ്ങള്‍ നീണ്ടുനിന്ന ജനകീയസമരവും നിയമപോരാട്ടവും നടത്തിയിരുന്ന കാര്യം നിര്‍വാഹകസമിതി യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു.

നടി മഞ്ജു വാര്യരെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സനല്‍കുമാര്‍ ശശിധരന്‍. മഞ്ജുവിന് തന്നെ ഇഷ്ടമാണ് എന്നും ആ ഇഷ്ടം തുറന്നു പറയാൻ സാധിക്കാത്ത അവരുടെ ജീവന് ഭീഷണി ഉള്ളതിനാല്‍ ആണെന്നും പറയുകയാണ് സനല്‍കുമാര്‍.

”സമൂഹം ഒരു തമാശയാണ്. അങ്ങനെ ഒന്ന് നിലനില്‍ക്കുന്നു തന്നെയില്ല എന്ന് തോന്നും ചിലപ്പോള്‍. എന്റെയോ നിന്റെയോ എന്നുള്ളത് മാറ്റിവെച്ചാലും ഞാൻ പുറത്തുവിട്ട സംഭാഷണത്തില്‍ രണ്ടു മനുഷ്യരാണല്ലോ ഉള്ളത്. അതാരായിക്കോട്ടെ, ഒരു സ്ത്രീയെ അവള്‍ക്ക് ഇഷ്ടമുള്ളയാളോട് സംസാരിക്കാൻ അനുവദിക്കുന്നില്ല എന്നും അതിനു ശ്രമിച്ചാല്‍ ആ സ്ത്രീയുടെയും മകളുടെയും ജീവന് ഭീഷണിയാകും എന്നുമാണല്ലോ പ്രധാനമായും അതിലുള്ളത്.

അതാരാണെന്ന് ബോധമുള്ള സമൂഹം ചോദിക്കണ്ടേ? അതില്‍ സത്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടേ? ഞാൻ പൊതുസമൂഹത്തെ പറ്റിക്കുകയാണ് എന്ന് വാദിച്ചാല്‍ പോലും അതിന്റെ സത്യാവസ്ഥ തിരക്കി പോകാൻ ഒരു സമൂഹം തയാറാവേണ്ടതില്ലേ? നീ പറഞ്ഞത് ശരിതന്നെയാണ്. ഇതൊരു പാഴ് സമൂഹമാണ്. ഞാൻ തോല്‍വി സമ്മതിച്ചു. മുൻപ്, നിന്റെ മൗനം എന്നില്‍ ഉണർത്തിയിരുന്ന വികാരം കോപമായിരുന്നു.

ഇപ്പോള്‍ ഭയവും ആധിയുമാണ്. നിന്നെയോർക്കുമ്ബോള്‍ ഉള്ളിലാളുന്ന തീ കാരണം എഴുതാതിരിക്കാൻ കഴിയുന്നില്ല. കടലാസ് വഞ്ചി പുഴയില്‍ ഒഴുക്കിവിടുമ്ബോലെ നിന്നിലേക്ക് എത്തുമായിരിക്കും എന്ന പ്രതീക്ഷയില്‍ എന്തൊക്കെയോ കുറിക്കുന്നു. നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തില്‍ വിളിച്ചുപറയേണ്ടിവരുന്നതില്‍ എനിക്ക് സങ്കടമുണ്ട്. പക്ഷെ മറ്റെന്താണ് വഴി? എന്താണ് ഈ ലോകം ഇത്ര ക്രൂരമായി പോകുന്നതിന്റെ കാരണം…” സനല്‍കുമാര്‍ കുറിച്ചു. കയറ്റം എന്ന സിനിമയിലെ മഞ്ജുവിന്റെ ചിത്രവും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മഞ്ജുവാര്യർക്ക് തന്നോട് പ്രണയമാണെന്ന് കുറിച്ച്‌, താരം തന്നോട് സംസാരിച്ച കോള്‍ റെക്കോർഡുകള്‍ പങ്കുവെക്കുകയാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് ഒരു ഓഡിയോ ക്ലിപ്പ് കഴിഞ്ഞദിവസം സനല്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ മഞ്ജു വാര്യർ ഇതുവരെയും ഈ കാര്യത്തില്‍ യാതൊരു പ്രതികരണങ്ങളും അറിയിച്ചിട്ടില്ല ഇതിന് മുൻപ് സനല്‍കുമാറിനെതിരെ പരാതി കൊടുക്കാൻ മഞ്ജു നേരിട്ട് രംഗത്ത് വന്നിരുന്നു.

ഈയൊരു വിഷയത്തില്‍ ഏറ്റവും കൂടുതല്‍ വിമർശനം ഏല്‍ക്കേണ്ടി വന്നത് സനല്‍കുമാറിനാണ്. അത്തരത്തില്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള വിമർശനം തന്നെയാണ് താരത്തിനെതിരെ ഉയർന്നു വന്നുകൊണ്ടിരിക്കുന്നത് പലരും സന്തോഷ് വർക്കിയോടാണ് സനല്‍കുമാറിനെ ഉപമിക്കുന്നത്.

നെന്മാറ പോത്തുണ്ടിയിൽ ഇരട്ടക്കൊലപാതകം. അമ്മയെയും മകനെയും അയൽവാസി വെട്ടിക്കൊലപ്പെടുത്തി. പോത്തുണ്ടി സ്വദേശി സുധാകരൻ അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ചെന്താമരയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെയോടെയായിരുന്നു സംഭവം. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചെന്താമര. ഇതിൽ ജയിലിൽ കഴിയുകയായിരുന്ന ഇയാൾ അടുത്തിടെയാണ് ജയിൽ മോചിതനായത്.

2019 ൽ ആയിരുന്നു ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ ആണ് ഇവരുടെ താമസം. ദീർഘ കാലമായി ഇയാൾ ഭാര്യയിൽ നിന്നും മക്കളിൽ നിന്നും അകന്ന് കഴിയുകയായിരുന്നു. ഇതിന് കാരണം സുധാകരനും കുടുംബവും ആണെന്ന് ആയിരുന്നു ചെന്താരമ തെറ്റിദ്ധരിച്ചിരുന്നത്. ഇതിന്റെ വൈരാഗ്യത്തിൽ സജിതയെ കൊലപ്പെടുത്തുകയായിരുന്നു.

സുധാകരൻ തിരുപ്പൂരിൽ ജോലി സ്ഥലത്ത് ആയിരുന്നു. കുട്ടികൾ രാവിലെ സ്‌കൂളിലേക്കും പോയി. ഈ സമയം അവിടെ എത്തിയ ചെന്താമര. സജിതയെ കത്തികൊണ്ട് പിന്നിൽ നിന്നും കുത്തുകയായിരുന്നു. ഇതിന് ശേഷം ചെന്താമര സമീപത്തെ കാട്ടിലേക്ക് ഓടിപ്പോയി. തുടർന്ന് അതിസാഹസികമായി പിടികൂടുകയായിരുന്നു.

പഞ്ചാരക്കൊല്ലിയിലെ ആളെകൊല്ലി കടുവ ചത്ത നിലയില്‍. കടുവയെ കണ്ടെത്തിയത് പിലാക്കാട് ഭാഗത്ത് ജനവാസ മേഖലയിലാണ്. 80 അംഗ ആര്‍ആര്‍ടി സംഘം തിരിച്ചില്‍ തുടരവേയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ മരണത്തിന് ഇടയാക്കിയ സംഭവമെന്ന് വ്യക്തമായിട്ടില്ല. ഇന്നലെ തിരച്ചിലിനിടെ കടുവ ആര്‍ ആര്‍ടി സംഘത്തെയും ആക്രമിച്ചിരുന്നു. ഇന്നലെ കടുവയ്ക്ക് വെടികൊണ്ടുവെന്ന സംശയവും ഉടലെടുത്തിരുന്നു.

നേരത്തെ കടുവസാന്നിധ്യമുള്ള പ്രദേശങ്ങളായ പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ്, മൂന്നു റോഡ് ഭാഗം, മണിയം കുന്ന് ഭാഗങ്ങളില്‍ 48 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യപിച്ച് പരിശോധന നടത്തിവരികയായിരുന്നു. 80 അംഗ ആര്‍ആര്‍ടി 10 സംഘങ്ങളായി കടുവയെ പിടികൂടാന്‍ പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിരുന്നു.

വയനാട് പഞ്ചാരക്കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊന്ന കടുവയെ നരഭോജിയെന്ന് പ്രഖ്യാപിച്ച് ഉത്തരവിറക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. കടുവയെ വെടിവച്ച് കൊല്ലാനുള്ള എസ്ഒപിയുടെ ആദ്യപടിയാണ് നരഭോജിയായി പ്രഖ്യാപിച്ചുള്ള ഉത്തരവിറക്കല്‍. സംസ്ഥാനത്ത് ആദ്യമായാണ് അസാധാരണമായ ഈ പ്രഖ്യാപനം.

തുടര്‍ച്ചയായി ആക്രമണം വന്നതിനാലാണ് നരഭോജി കടുവ എന്ന പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീയെ കൊലപ്പെടുത്തിയ കടുവ തന്നെ ആണ് ആര്‍ആര്‍ടി ഉദ്യോഗസ്ഥനെയും ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു. ദൗത്യത്തിനിറങ്ങിയ ഞഞഠ അംഗത്തിന് നേരെ കടുവ ചാടിവീണത്. കടുവയുടെ നഖം കൊണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജയസൂര്യയുടെ വലത് കൈക്ക് പരിക്കേറ്റിരുന്നു. ഷീല്‍ഡ് കൊണ്ട് പ്രതിരോധിച്ചതോടെയാണ് കടുവ ഓടിമറഞ്ഞത്.

തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസല്‍ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെയാണ് അപകടം സംഭവച്ചിത്.

വിനോദയാത്രയ്ക്കായി ബീച്ചില്‍ എത്തിയ 24 അംഗ സംഘത്തില്‍പ്പെട്ട അഞ്ച് പേര്‍ തിരയില്‍പ്പെട്ടതായാണ് വിവരം. അഞ്ചാമത്തെയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നാല് പേരെ രക്ഷിക്കാനായില്ല. മരിച്ച നാല് പേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയ്ക്കായി തിരച്ചിൽ തുടരുന്നതിനിടെ ആർആർടി അംഗത്തിന് നേരെ കടുവയുടെ ആക്രമണം. ആർആർടി അംഗം ജയസൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ജയസൂര്യയുടെ വലത് കൈക്കാണ് പരിക്കേറ്റത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്തിലുള്ള സംഘം സ്ഥലത്തേക്ക് തിരിച്ചു.

രാവിലെ പത്ത് മണിയോടെയാണ് എട്ടുപേരടങ്ങുന്ന സംഘം തിരച്ചിലിനായി എത്തിയത്. 80 പേരെ പത്ത് സംഘങ്ങളായി തിരിച്ച് പഞ്ചാരക്കൊല്ലിയിലെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചായിരുന്നു തിരച്ചിൽ നടത്തിയത്. ഇതിൽ ഒരു സംഘത്തിലെ അംഗമാണ് പരിക്കേറ്റ ജയസൂര്യ.

അതേസമയം പ്രദേശത്ത് നിന്നും വെടിവെക്കുന്നതിൻ്റെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇത് കടുവയെ വെടിവെക്കാൻ ശ്രമിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. കടുവ വനം വകുപ്പിന്റെ റഡാർ പരിധിയിൽ എത്താഞ്ഞതോടെയാണ് 80 പേരടങ്ങുന്ന സംഘം തിരച്ചിലിനെത്തിയത്.

RECENT POSTS
Copyright © . All rights reserved