നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമിയെ മക്കൾ സമാധി ഇരുത്തിയ കല്ലറ തുറന്നു പരിശോധിക്കാനുള്ള ആർ.ഡി.ഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വീട്ടുകാരുടെ ആവശ്യം ഹൈക്കോടതി നിരസിച്ചതോടെ സമാധിസ്ഥലം ഇന്ന് പൊളിക്കും.
ഭൗതികദേഹം പുറത്തെടുത്ത് കനത്ത പൊലീസ് അകമ്പടിയോടെ പോസ്റ്റുമോർട്ടം നടത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയയ്ക്കും.തുടർന്ന് ഭൗതിക ദേഹം എന്തുചെയ്യണമെന്ന് തീരുമാനിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് മക്കൾ സമാധിയിരുത്തിയത്.ഇന്ന് എട്ടുദിവസമാവും.
സമാധി പൊളിക്കാനുള്ള ഉത്തരവ് ജില്ലാ കളക്ടർ അനുകുമാരി ഇന്ന് രാവിലെ പൊലീസിന് കൈമാറും. ഉടൻ പൊളിക്കൽ ആരംഭിക്കും. പ്രദേശത്ത് പൊലീസിനെ വിന്യസിക്കാൻ ഇന്നലെ കളക്ടർ നിർദ്ദേശം നൽകിയതിനെ തുടർന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്.ഷാജിയുടെ നേതൃത്വത്തിൽ ഡിവിഷൻ പരിധിയിലെ എസ്.എച്ച്.ഒമാരുടെ യോഗം ചേർന്നു. 200 മീറ്റർ പരിധിയിൽ ആളുകളെ പൂർണമായും മാറ്റി വടം കെട്ടിയും ബാരിക്കേഡ് സ്ഥാപിച്ചും സ്ഥലം പൊലീസ് നിയന്ത്രണത്തിലാക്കി.
ആവശ്യമെങ്കിൽ ഭാര്യയെയും മക്കളെയും കരുതൽ തടങ്കലിലാക്കും. ഇതിനുള്ള നിർദ്ദേശവും കളക്ടർ നൽകി. ഇന്നലെ രാത്രി തന്നെ നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസ് സംഘം സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തു. പൂവാർ, കാഞ്ഞിരംകുളം, പൊഴിയൂർ, നെയ്യാറ്റിൻകര സ്റ്റേഷനുകളിലെ പൊലീസുകാർക്ക് പുറമേ കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിക്കും. വിവിധ സംഘടനകളുടെ പ്രതിഷേധമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണിത്. പ്രതിഷേധം കാരണംകല്ലറ പൊളിക്കാനുള്ള ആദ്യശ്രമത്തിൽ നിന്ന് പിൻമാറേണ്ടിവന്നിരുന്നു.
ഇൻക്വസ്റ്റ് സ്ഥലം ടാർപൊളിൻ കെട്ടി പൊലീസ് തിരിച്ചിട്ടുണ്ട്. സബ് കളക്ടർ ആൽഫ്രഡ്, നെയ്യാറ്റിൻകര തഹസീൽദാർ നന്ദകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും. ഉച്ചയ്ക്ക് മുമ്പ് നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.
ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആകെ 60 പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ്. ഇനി ഒമ്പത് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്നും രണ്ട് പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെന്നും ഡി.വൈ.എസ്.പി. നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചെന്നൈയില്‍ നിന്നും കല്ലമ്പലത്തുനിന്നും രണ്ട് പ്രതികളെക്കൂടി അറസ്റ്റുചെയ്തതായും പോലീസ് വ്യക്തമാക്കി. അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ടെന്നും അധികം വൈകാതെ ബാക്കി പ്രതികളെക്കൂടി കസ്റ്റഡിയിലെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് നിലവില്‍ 49 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരില്‍ അഞ്ചുപ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവവുമായി ബന്ധപ്പെട്ട് 31 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിലവില്‍ പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മലയാലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ചെന്നൈയിലായിരുന്നു. അയാളെ അവിടെനിന്നും അറസ്റ്റുചെയ്ത് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. കല്ലമ്പലത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത കേസിലെ പ്രതിയും അറസ്റ്റിലായിട്ടുള്ളതായി പോലീസ് അറിയിച്ചു.
ഉപദ്രവിച്ചവരെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പെണ്‍കുട്ടി ആദ്യ മൊഴിയില്‍ തന്നെ നല്‍കിയിരുന്നു. പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍, സാമൂഹികമാധ്യമ അക്കൗണ്ട് സംബന്ധിച്ച വിവരം എന്നിങ്ങനെ പ്രതിയെ തിരിച്ചറിയാന്‍ ഉതകുന്ന ഏതെങ്കിലും ഒരുവിവരം എങ്കിലും പെണ്‍കുട്ടി പോലീസിന് നല്‍കിയിരുന്നു. ഈ വിവരങ്ങള്‍ കേസ് അന്വേഷണത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആറുദിവസത്തിനുള്ളില്‍ ഇത്രയും പ്രതികളെ അറസ്റ്റുചെയ്യുന്നതിലേക്ക് അന്വേഷണം പുരോഗമിക്കാന്‍ സഹായകമായതും പെണ്‍കുട്ടി നല്‍കിയ ഈ വിവരങ്ങളാണ്.
ആദ്യഘട്ടത്തില്‍ ഇലവുംതിട്ട, പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മാത്രമായിരുന്നു അന്വേഷണം നടന്നിരുന്നത്. അന്വേഷണം പുരോഗമിക്കവെയാണ് കേസ് അഞ്ച് പോലീസ് സ്‌റ്റേഷനുകളിലേക്കും കൂടി വ്യാപിപ്പിച്ചത്. ഏറ്റവും ഒടുവില്‍ പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസ് തിരുവനന്തപുരം കല്ലമ്പലത്തെ പോലീസ് സ്‌റ്റേഷനിലേക്കും ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ആ പ്രതിയേയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ ഒരു വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്.
പിന്നീട് കല്ലമ്പലത്തെ ഒരു ബന്ധുവിന്റെ വീട്ടിലെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പെണ്‍കുട്ടിയെ അവിടെയെത്തി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ലൈംഗികമായി പീഡിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അമ്പലപ്പുഴയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ പത്തനംതിട്ടയില്‍ നിന്നും പോയ പോലീസ് സംഘമാണ് ചെന്നൈയില്‍ നിന്നും അറസ്റ്റുചെയ്തത്. ഇയാളെ രാത്രിയോടെ പത്തനംതിട്ടയില്‍ എത്തിക്കും.
അതേസമയം, ബുധനാഴ്ച ഉച്ചയോടെ കേസിലെ ഒരു പ്രതി മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധനയക്ക് ശേഷം ബുധനാഴ്ച രാത്രിയോടുകൂടി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. കേസില്‍ 58 പ്രതികളാണ് ഉള്ളതെന്നാണ് കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവി പറഞ്ഞത്. എന്നാല്‍ ബുധനാഴ്ചയോടെ അന്വേഷണസംഘത്തിന് ഇതുസംബന്ധിച്ച കൃത്യമായ ധാരണ കൈവന്നിട്ടുള്ളതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്.
നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ ദുരൂഹസമാധിയുമായി ബന്ധപ്പെട്ട് കല്ലറ തുറന്ന് പരിശോധന നടത്താമെന്ന് ഹൈക്കോടതി. ‘സമാധിപീഠം’ പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപന്‍സ്വാമിയുടെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സുപ്രധാന നിലപാട് സ്വീകരിച്ചത്. ഇതു സംബന്ധിച്ച് ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഗോപന്‍സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ ഭാഗം കേള്‍ക്കാമെന്നും അല്ലെങ്കില്‍ ഇതൊരു അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
ഒരാളെ കാണാതായാല്‍ അന്വേഷണം നടത്തണം. അന്വേഷണത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. സമാധിപീഠം പൊളിച്ച് പരിശോധന നടത്തുന്നതില്‍ ജില്ലാ കളക്ടര്‍ക്ക് നോട്ടീസ് നല്‍കാനും ഹൈക്കോടതി തീരുമാനമെടുത്തു.
ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ ജയില്‍ മോചിതനായി. ബുധനാഴ്ച രാവിലെയോടെ ജാമ്യ ഉത്തരവ് ജയിലില്‍ എത്തിച്ചതിന് പിന്നാലെ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ബോബി ജയിലില്‍നിന്ന് പുറത്തിറങ്ങി. ട്രാഫിക് ബ്ലോക് കാരണമാണ് ചൊവ്വാഴ്ച ഉത്തരവ് ജയിലില്‍ എത്തിക്കാന്‍ കഴിയാതിരുന്നതെന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇത് സത്യവാങ്മൂലമായി ജയില്‍ അധികൃതര്‍ക്ക് എഴുതി നല്‍കി.
വിവിധ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്നവരില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാത്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി കഴിഞ്ഞ ദിവസം ജയില്‍മോചിതനാകാന്‍ തയ്യാറായിരുന്നില്ല. ജയിലിന് പുറത്തെത്തിയ ബോബി ഇക്കാര്യം ആവര്‍ത്തിച്ചു. അത് കോടതി അലക്ഷ്യമല്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ബോബി തയ്യാറായില്ല. ബോബിയെ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് അനുവദിക്കാതെ അഭിഭാഷകര്‍ കൂട്ടിക്കൊണ്ടുപോയി.
കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്. രാത്രി ഏഴരവരെയാണ് ജയിലിൽനിന്ന് പുറത്തിറങ്ങാനുള്ള സമയം അനുവദിച്ചത്. ബോബി ജയില്‍മോചിതനാകുമെന്ന പ്രതീക്ഷയില്‍ നൂറുകണക്കിനാളുകള്‍ ജയില്‍ക്കവാടത്തിന് മുന്നില്‍ എത്തിയിരുന്നു. ഇവര്‍ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡ് ഉയര്‍ത്തുകയും ചെയ്തു.
പ്രതിഭാഗത്തിന്റെ ഈ നടപടികളില്‍ ഹൈക്കോടതിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് കേസ് വീണ്ടും പരിഗണനയ്‌ക്കെടുത്തു. ബുധനാഴ്ച രാവിലെ 10.15-ഓടെ ബോബിയുടെ അഭിഭാഷകരോട് ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോബിയെ തിരക്കിട്ട് ജയിലിന് പുറത്തെത്തിച്ചത്.
കുടുംബക്കാർ സമാധിയിരുത്തിയെന്ന് അവകാശപ്പെടുന്ന ഗോപൻസ്വാമിയുടെ സമാധിപീഠം തുറക്കാനായുള്ള കളക്ടറുടെ ഉത്തരവ് ബുധനാഴ്ച ഉണ്ടായേക്കും. സമാധിപീഠം തുറക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ ബുധനാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കും. തിങ്കളാഴ്ച സമാധിസ്ഥലം തുറക്കാനുള്ള ശ്രമം സംഘർഷാവസ്ഥയെത്തുടർന്ന് പോലീസ് ഉപേക്ഷിക്കുകയായിരുന്നു. കളക്ടറുടെ ഉത്തരവുണ്ടായാൽ ബുധനാഴ്ച ശക്തമായ പോലീസ് സുരക്ഷയിൽ സമാധി തുറക്കാനാണ് ശ്രമം.
അതിയന്നൂർ, ആറാലുംമൂട്, കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപൻസ്വാമിയെ (69) കാണ്മാനില്ലെന്ന രണ്ടു നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് പോലീസ് തിങ്കളാഴ്ച സമാധി പൊളിക്കാൻ എത്തിയത്. വീട്ടുകാരുടെയും ചില ഹൈന്ദവ സംഘടനകളുടെയും എതിർപ്പിനെത്തുടർന്ന് ശ്രമം ഉപേക്ഷിച്ചെങ്കിലും ആളിനെ കണ്ടെത്താനായി സമാധി പൊളിച്ചേ തീരൂയെന്നാണ് പോലീസ് നിലപാട്.
വീട്ടുകാർ നൽകിയ മൊഴിപ്രകാരം ഗോപൻസ്വാമി സ്വയമേ നടന്ന് സമാധിപീഠത്തിലിരുന്നെന്നും തുടർന്ന് സമാധിയായെന്നുമാണ്. ജീവൽസമാധിയായതിനാലാണ് നാട്ടുകാരെയോ, ബന്ധുക്കളെയോ അറിയിക്കാത്തതെന്നുമാണ് പറഞ്ഞത്. എന്നാൽ മരണം സ്ഥിരീകരിക്കാനായി വീട്ടുകാർ ഡോക്ടറെക്കൊണ്ട് പരിശോധന നടത്തിയില്ല.
ഇതാണ് നാട്ടുകാരിൽ സംശയമുളവാക്കിയതും പോലീസിൽ പരാതി നൽകാനിടയാക്കിയതും. ഗോപൻസ്വാമിയുടെ തിരോധാനത്തിൽ കുറ്റകൃത്യം നടന്നെന്ന നിലപാടാണ് പോലീസിന്. അതുകൊണ്ട് സമാധി പൊളിക്കുന്നതിനു വീട്ടുകാർക്ക് നോട്ടീസ് നൽകേണ്ടതില്ലെന്ന് ഡിവൈ.എസ്.പി. എസ്.ഷാജി പറഞ്ഞു.
അച്ഛൻ സ്വമേധയ സമാധിയായതാണെന്നും ജീവൽ സമാധിയായതിനാൽ ഹൈന്ദവ ആചാരപ്രകാരം സമാധി തുറക്കാനാവില്ലെന്ന വാദമുയർത്തി ഗോപൻസ്വാമിയുടെ ഭാര്യയും മക്കളും ബുധനാഴ്ച ഹൈക്കോടതിയെ സമീപിക്കും. ബുധനാഴ്ച രാവിലെ റിട്ട് പെറ്റീഷൻ സമർപ്പിക്കുമെന്ന് വീട്ടുകാരുടെ അഭിഭാഷകനായ രഞ്ജിത്ചന്ദ്രൻ വ്യക്തമാക്കി.
തിങ്കളാഴ്ചയുണ്ടായ സംഭവവികാസങ്ങൾക്കിടെ സബ്കളക്ടറുടെയും ഡിവൈ.എസ്.പി.യുടെയും നേതൃത്വത്തിൽ വിളിച്ച യോഗത്തിൽ സമാധി പൊളിക്കുന്നതു സംബന്ധിച്ച് ആർ.ഡി.ഒ.യോ, കളക്ടറോ നോട്ടീസ് നൽകണമെന്നാണ് വീട്ടുകാർ ആവശ്യപ്പെട്ടത്. എന്നാൽ, ഇതുവരെ നോട്ടീസ് നൽകിയിട്ടില്ലെന്ന് മൂത്തമകൻ സനന്ദൻ വ്യക്തമാക്കി.
മലപ്പുറത്ത് നവവധുവിനെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി പറശീരി ബഷീറിന്റെയും ഷമീനയുടെയും മകള്‍ ഷഹാന മുംതാസ് എന്ന പത്തൊമ്പതുകാരിയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് 10 മണിയോടെ വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നതോടെയാണ് പെണ്‍കുട്ടിയുടെ മരണ വിവരം പുറത്തറിയുന്നത്.
എന്നാല്‍ ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയ്ക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി അവഹേളിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. മുംതാസിന് നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചെന്നാണ് ഷഹാനയുടെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്.
വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഷഹാനയെ നിര്‍ബന്ധിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെയാണ് പരാതി. 2024 മെയ് 27 ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ ശേഷം 20 ദിവസമാണ് ഇരുവരും ഒന്നിച്ച് കഴിഞ്ഞത്. പിന്നീട് ഭര്‍ത്താവ് ഗള്‍ഫിലേക്ക് തിരിച്ച് പോയി. അവിടെ പോയശേഷം നിരന്തരം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് വിവാഹ മോചനം ആവശ്യപ്പെട്ടിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിച്ചു.
നടി ഹണി റോസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയിലില്‍ നിന്നും പുറത്തു വരില്ല. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും വിവിധ സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ട് പുറത്തിറങ്ങാന്‍ കഴിയാത്ത മറ്റ് തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താന്‍ പുറത്തു വരുന്നില്ലെന്ന് അദേഹം അഭിഭാഷകരെ അറിയിക്കുകയായിരുന്നു. ഇത്തരം തടവുകാര്‍ പുറത്തിറങ്ങും വരെ താനും ജയിലില്‍ തന്നെ തുടരുമെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്.
അഭിഭാഷകര്‍ ഇല്ലാതെയും ബോണ്ട് തുക കെട്ടിവയ്ക്കാന്‍ കഴിയാതെയും നിരവധി പേര്‍ ജയിലില്‍ കഴിയുന്നുണ്ടെന്നും ഇവര്‍ പുറത്തിറങ്ങും വരെ താനും ജയിലില്‍ കിടക്കുമെന്നുമാണ് കാക്കനാട് ജയിലിലുള്ള ബോബി അഭിഭാഷകരെ അറിയിച്ചത്. ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂര്‍ നാളെ പുറത്തിറങ്ങുമോ എന്ന കാര്യം വ്യക്തമല്ല.
ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഉത്തരവ് ഇന്ന് വൈകുന്നേരം പുറത്തിറങ്ങിയിരുന്നു. പ്രഥമ ദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് വിലയിരുത്തിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബോബിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതേസമയം ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാന്‍ മെന്‍സ് അസോസിയേഷന്‍ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ജയില്‍ കവാടത്തില്‍ എത്തിയിരുന്നു.
നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ പ്രതിയായ ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ബോബി ചെമ്മണൂരിന്റെ ജാമ്യഹര്‍ജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച വൈകീട്ട് 3.30-ഓടെ ഹൈക്കോടതി ജാമ്യഉത്തരവ് പുറത്തിറക്കും. ഇതിനുപിന്നാലെ ബോബിക്ക് ജയില്‍മോചിതനാകാം.
ബോബിയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. ബോബി ചെമ്മണൂരിനെ എന്തിന് കസ്റ്റഡിയില്‍ വിടണമെന്ന ചോദ്യത്തിന്, പ്രതി നടിയെ തുടര്‍ച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമര്‍ശം നടത്തിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
എന്നാല്‍, പ്രതി റിമാന്‍ഡിലായപ്പോള്‍തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു കോടതിയുടെ മറുപടി. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള ഹാജരായി.
കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ ദൃശ്യങ്ങളടക്കം കോടതി പരിശോധിച്ചു. എന്തിനാണ് ഇയാള്‍ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്നായിരുന്നു ദൃശ്യങ്ങള്‍ കണ്ടശേഷം കോടതിയുടെ ചോദ്യം. അതിനിടെ, ആ സമയത്ത് നടിക്ക് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം പറഞ്ഞു. എന്നാല്‍, നടിയുടെ മാന്യത കൊണ്ടാണ് അവര്‍ ചടങ്ങില്‍വെച്ച് പ്രതികരിക്കാതിരുന്നതെന്ന് കോടതി പറഞ്ഞു.
നേരത്തെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ബോബിയുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തുടര്‍ന്നാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചത്. കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണൂര്‍ നിലവില്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. റിമാന്‍ഡിലായി ആറാംദിവസമാണ് ഹൈക്കോടതി ബോബിക്ക് ജാമ്യം അനുവദിക്കാമെന്ന് വ്യക്തമാക്കിയത്. ജാമ്യം ഉത്തരവ് പുറത്തിറങ്ങുന്നതോടെ ചൊവ്വാഴ്ചതന്നെ ബോബി ചെമ്മണൂര്‍ ജയില്‍മോചിതനായേക്കും.
ശബരിമലയില്‍ മകരവിളക്ക് ദര്‍ശനം ഇന്ന്. രാവിലെ 8.45ന് മകരസംക്രമ പൂജയും അഭിഷേകവും നടന്നു. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് സന്നിധാനത്ത് എത്തും. തുടന്ന് ദീപാരാധനയും ഇതിനുശേഷം പൊന്നമ്പല മേട്ടില്‍ മകരജ്യോതിയും ആകാശത്ത് മകരനക്ഷത്രവും തെളിയും.
സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ് അനുഭവപ്പെടുന്നത്. വെര്‍ച്വല്‍, സ്‌പോട്ട് ബുക്കിംഗിലൂടെ നാല്പത്തി ഒന്നായിരം തീര്‍ഥാടകരെയാണ് സന്നിധാനത്തെക്ക് ഇന്ന് പ്രതീക്ഷിക്കുന്നത്. നിലക്കലില്‍ നിന്ന് രാവിലെ 10 മണിക്കുശേഷവും പമ്പയില്‍ നിന്ന് 12 മണിക്ക് ശേഷവും തീര്‍ത്ഥാടകരെ കടത്തിവിടില്ല.
മകര വിളക്ക് കാണാവുന്ന സ്ഥലങ്ങള്‍
നിലക്കല്‍, അട്ടത്തോട്, അട്ടത്താട് പടിഞ്ഞാറെ കോളനി, ഇലവുങ്കല്‍, നെല്ലിമല, അയ്യന്‍മല,പമ്പ, ഹില്‍ടോപ്പ്, ഹില്‍ടോപ്പ് മധ്യഭാഗം,വലിയാനവട്ടം, സന്നിധാനം, പാണ്ടിത്താവളം, ദര്‍ശന കോപ്ലക്സിന്റെ പരിസരം, അന്നദാന മണ്ഡപത്തിന്റെ മുന്‍വശം, തിരുമുറ്റം തെക്കുഭാഗം, ആഴിയുടെ പരിസരം, കൊപ്രാക്കളം, ജ്യോതിനഗര്‍, ഫോറസ്റ്റ് ഓഫീസിന്റെ മുന്‍വശം, വാട്ടര്‍ അതോറിറ്റി ഓഫീസിന്റെ പരിസരം
ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് ഹൈക്കോടതിയില്‍ തിരിച്ചടി. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയത്. കൂടാതെ തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു.
അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രധാന വാദം. ഹണി റോസ് വിമര്‍ശനത്തിന് അതീതയല്ലെന്നും അതിനാലാണ് താന്‍ വിമര്‍ശിച്ചതെന്നും തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ രാഹുല്‍ ഹൈക്കോടതിയില്‍ വാദമുയര്‍ത്തി.
എന്നാല്‍ രാഹുല്‍ ഈശ്വറിന് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ ഹൈക്കോടതി തയ്യാറായില്ല. കേസ് ഈ മാസം 27-ലേക്ക് മാറ്റി. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് സംബന്ധിച്ച് ഹൈക്കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
അതേസമയം ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. എറണാകുളം സെന്‍ട്രല്‍ പോലീസിലാണ് ഹണി റോസ് രാഹുലിനെതിരെ പരാതി നല്‍കിയത്. പരാതി വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.