പടപ്പറമ്പില്‍ കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എയര്‍ബാഗ് മുഖത്തമര്‍ന്നതിനെത്തുടര്‍ന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് പടപ്പറമ്പ് പുളിവെട്ടിയില്‍ കുഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മാതാവിന്റെ മടിയിലിയിരുന്ന കുട്ടി എയര്‍ ബാഗ് മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
കുട്ടിയുടെ പിതാവ് രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.
സഹോദരങ്ങള്‍: റൈഹാന്‍, അമീന്‍. കൊളത്തൂര്‍ പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. കുട്ടിയുടെ മൃതദേഹം പടപ്പറമ്പ് ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിക്കും. പതിനൊന്നുമണിക്ക് പറങ്കിമൂച്ചിക്കല്‍ മസ്ജിദ് കബറിസ്താനില്‍ കബറടക്കും.
കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ (54) അന്തരിച്ചു. സി.പി.എം. അണികൾക്കിടയിൽ ജീവിക്കുന്ന രക്തസാക്ഷിയെന്ന് അറിയപ്പെട്ടിരുന്ന പുഷ്പൻ, കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
1994 -ൽ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന് വെടിയേൽക്കുന്നത്. 1994 നവംബര്‍ 25-ന് തലശ്ശേരിക്കടുത്ത് കൂത്തുപറമ്പില്‍ മന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തുകയായിരുന്നു. കൂത്തുപറമ്പിലെ അര്‍ബന്‍ സഹകരണബാങ്കിന്റെ സായാഹ്നശാഖയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.
വെടിവെപ്പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ.കെ. രാജീവന്‍, മധു, ഷിബുലാല്‍, ബാബു, റോഷന്‍ എന്നിവര്‍ കൊല്ലപ്പെട്ടു. പുഷ്പന്‍ അടക്കം ആറോളം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കൂത്തുപറമ്പില്‍ വെടിയേറ്റുവീണ പുഷ്പന്‍ പിന്നീടൊരിക്കലും എഴുന്നേറ്റില്ല. സിപിഎം അണികള്‍ക്ക് പുഷ്പന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായിരുന്നു. പ്രവർത്തകരുടെ ആവേശവും വികാരവുമായിരുന്നു. അപൂര്‍വ്വം അവസരങ്ങളില്‍ തിരഞ്ഞെടുപ്പ് പരിപാടികളിലും പാര്‍ട്ടിവേദികളിലും പ്രവര്‍ത്തകര്‍ക്ക് ആവേശമായി പുഷ്പന്‍ എത്തിയിരുന്നു.
എഴുപതാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ ജേതാവായി. കാരിച്ചാലിനിത് പതിനാറാമത്തെ വിജയമാണിത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയം കൂടിയാണിത്.
ഫൈനലില്‍ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വിയപുരം, നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍, കുമരകം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ എന്നീ വള്ളങ്ങളെ മറികടന്നാണ് കാരിച്ചാലിന്റെ വിജയം.
ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാല്‍ ചുണ്ടന്‍ കപ്പില്‍ മുത്തമിട്ടത്. ഉച്ചയ്ക്ക് 2.15 ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെയാണ് നെഹ്‌റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായത്.
ഹീറ്റ്‌സ് മത്സരങ്ങളില്‍ റെക്കോഡ് സമയം കുറിച്ചാണ് കാരിച്ചാല്‍ ചുണ്ടന്‍ ഒന്നാമതെത്തിയത്. നെഹ്‌റു ട്രോഫി വള്ളം കളിയുടെ ചരിത്രത്തിലെ മികച്ച സമയമാണ് ഹീറ്റ്‌സില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഫൈനല്‍ യോഗ്യത ഉറപ്പിച്ചത്. 4.14.35 മിനിറ്റിലായിരുന്നു ഫിനിഷിങ്.
അഞ്ച് ഹീറ്റ്‌സ് മത്സരങ്ങളിലായി 19 ചുണ്ടന്‍ വള്ളങ്ങളാണ് പങ്കെടുത്തത്. ഒന്നാം ഹീറ്റ്‌സ് മത്സരത്തില്‍ കൊല്ലം ജീസസ് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടന്‍ ജേതാക്കളായി.
രണ്ടാം ഹീറ്റ്‌സില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടനും മൂന്നാം ഹീറ്റ്‌സില്‍ യുബിസി കൈനകരിയുടെ തലവടി ചുണ്ടനും ജേതാക്കളായി. നാലാം ഹീറ്റ്‌സില്‍ വിബിസി കൈനകരിയുടെ വിയപുരം ചുണ്ടന്‍ ഒന്നാമതെത്തി. ഹീറ്റ്‌സ് അഞ്ചില്‍ കാരിച്ചാല്‍ ചുണ്ടനും ഒന്നാമതെത്തി.
ലൂസേഴ്‌സ് ഫൈനലില്‍ തലവടി ചുണ്ടന്‍ വിജയി ആയി. രണ്ടാം ലൂസേഴ്‌സ് ഫൈനലില്‍ വലിയ ദിവാന്‍ജിയും മൂന്നാം ലൂസേഴ്‌സ് ഫൈനലില്‍ ആയാപറമ്പ് പാണ്ടി ചുണ്ടനും ജേതാക്കളായി.
നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍ അവന്തിക എന്ന പാപ്പു ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബാല പങ്കുവച്ച വീഡിയോയും വാര്‍ത്തയായി മാറി.
ഈ വിവാദം ഇപ്പോള്‍ കത്തി നില്‍ക്കുമ്പോള്‍ ബാലയുടെയും അമൃതയുടെയും ഡ്രൈവറായിരുന്ന ഇര്‍ഷാദ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
14 വർഷത്തെ നിശബ്ദതയ്ക്ക് അവസാനം കുറിച്ചതിനു ഒരുപാട് നന്ദി അനിയാ, എന്ന ക്യാപ്ഷനോടെ അമൃതയാണ് ഇര്‍ഷാദിന്‍റെ ഇന്‍സ്റ്റഗ്രാം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അമൃതയെ അന്ന് ബാല ഉപദ്രവിക്കാറുണ്ടെന്നാണ് ഇര്‍ഷാദ് വീഡിയോയില്‍ പറയുന്നു.
അമൃത നടത്തിയ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലാണ് ഇര്‍ഷാദിന്‍റെ വെളിപ്പെടുത്തല്‍. ബാല അമൃത വിവാഹം കഴിഞ്ഞത് മുതല്‍ അവര്‍ പിരിയും വരെ അവരുടെ ഡ്രൈവറായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. പല കാര്യങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്.
പിരിഞ്ഞ ശേഷം ഞാന്‍ ചേച്ചിക്കൊപ്പമാണ് പോയത്. അമൃത ചേച്ചിയെ പുള്ളിക്കാരന്‍ പലപ്പോഴും മര്‍ദ്ദിക്കുന്നത് കണ്ടിട്ടുണ്ട്. അന്ന് 18 വയസുള്ള എന്നെ ബാല മര്‍ദ്ദിച്ചിട്ടുണ്ട്. മൂക്കില്‍ നിന്നും വായയില്‍ നിന്നും ചോര വന്നിട്ടുണ്ട്. അന്ന് ചെറുതായിരുന്നു തിരിച്ച് പ്രതികരിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല.
ചേച്ചി എന്നെ ഒരു അനിയനെപ്പോലെയാണ് കണ്ടത്. അതാണ് ചേച്ചിക്കൊപ്പം പോയത്. ഇപ്പോള്‍ വീഡിയോ ഇടാനുള്ള കാരണം. ഇന്നലെ പാപ്പുവിന്‍റെ വീഡിയോ കണ്ടു അതിന്‍റെ അടിയില്‍ പാപ്പുവിനെകൊണ്ട് പറഞ്ഞ് ചെയ്യിച്ചതാണെന്ന കമന്‍റ് പലയിടത്തും കണ്ടു ഒരിക്കലും ചേച്ചിയോ, അമ്മയോ, അഭിയോ അങ്ങനെ ചെയ്യില്ല. അങ്ങനെ പറഞ്ഞ് ചെയ്യിപ്പിക്കാനാണെങ്കില്‍ പണ്ടെ ചെയ്യിപ്പിക്കാമായിരുന്നു.
പതിനാല് കൊല്ലമായി ഇതിനെല്ലാം സാക്ഷിയായ എന്നോട് ഇതൊക്കെ തുറന്നു പറഞ്ഞുടെയെന്ന് ചേച്ചിയോ കുടുംബമോ എന്നോട് പറഞ്ഞിട്ടില്ല.
നിങ്ങള്‍ വിചാരിക്കും ഇത്രയും നാള്‍ എവിടെയായിരുന്നുവെന്ന് ഇത്രയും നാള്‍ മിണ്ടാതിരുന്നതാണ്. ഇപ്പോള്‍ പാപ്പുവിന്‍റെയും ചേച്ചിയുടെയും വീഡിയോ കണ്ട് വിഷമമായതിനാലാണ് ഇങ്ങനെ വീഡിയോ ചെയ്യുന്നത്. ഈ വീഡിയോ ഇടുന്നത് പോലും അവര്‍ക്ക് അറിയില്ല.
അവര്‍ വീഡിയോയില്‍ പറഞ്ഞതെല്ലാം സത്യമാണ്. അവര്‍ മൂന്ന് സ്ത്രീകളും കുട്ടിയും അടങ്ങുന്ന ചെറിയ കുടുംബമാണ് അവരെ ദ്രോഹിക്കരുത്. ബാലയുടെ കൂടെയുള്ളവര്‍ വലിയ ദ്രോഹമാണ് അവരോട് ചെയ്യുന്നത്.
ഇത് തുടര്‍ന്നാല്‍ വീണ്ടും വീഡിയോകള്‍ ചെയ്യേണ്ടിവരും. സത്യസന്ധമായ കാര്യമാണ് ചേച്ചിയും പാപ്പുവും പറയുന്നത് – ഇര്‍ഷാദ് വീഡിയോയില്‍ പറയുന്നു.
അമൃതയുടെ മകളുടെ ജന്മദിനത്തില്‍ മകള്‍ ചെയ്ത വീഡിയോയാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. തുടര്‍ന്ന് ഇരുഭാഗത്ത് നിന്നും ആരോപണങ്ങളുമായി നിരന്തരം സോഷ്യല്‍ മീഡിയയില്‍ ഇത് വന്‍ വിവാദമായി മാറി.
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് സ്വദേശി അര്‍ജുന്റെ മൃതദേഹവുമായി ആംബുലന്‍സ് കേരളത്തിലെത്തി. തലപ്പാടി ചെക്ക്‌പോസ്റ്റിലും കാസര്‍കോടും നിരവധി പേരാണ് അര്‍ജുന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തു നിന്നത്. പുലര്‍ച്ചെ രണ്ടരയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു. കേരള, കര്‍ണാടക പൊലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടത്തും.
72 നാള്‍ നീണ്ട രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കിയ കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫും ഷിരൂരിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്. പുലര്‍ച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂര്‍ നഗരം പിന്നിട്ടു. പിന്നീട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എ.കെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.
പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയ്ക്കായി വീട്ടിലേക്കുള്ള മടക്കവും. വെള്ളിയാഴ്ച വൈകുന്നേരം ആറിന് കാര്‍വാര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് പുറപ്പെടുമ്പോള്‍ സഹോദരന്‍ അഭിജിത്തും സഹോദരീ ഭര്‍ത്താവ് ജിതിനുമാണ് ഒപ്പമുണ്ടായിരുന്നത്.
സി.പി.എം. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പി.വി. അന്‍വറിനെതിരെ ഭീഷണിമുദ്രാവാക്യം. മര്യാദയ്ക്ക് നടന്നില്ലെങ്കില്‍ കയ്യുംകാലും വെട്ടിമുറിക്കുമെന്നാണ് ഭീഷണി. നിലമ്പൂര്‍ ഏരിയ കമ്മിറ്റിയുടെ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം.
‘പി.വി. അന്‍വര്‍ എമ്പോക്കി, മര്യാദയ്ക്ക് നടന്നോളൂ. സി.പി.ഐ.എം. ഒന്നുപറഞ്ഞാല്‍, ഗോവിന്ദന്‍ മാസ്റ്റര്‍ ഒന്ന് ഞൊടിച്ചാല്‍, കയ്യുംകാലും വെട്ടിയരിഞ്ഞ് ചാലിയാര്‍ പുഴയില്‍ കൊണ്ടാക്കും’, എന്നാണ് മുദ്രാവാക്യം.
പ്രതിഷേധപ്രകടനത്തിനൊടുവില്‍ അന്‍വറിന്റെ കോലം കത്തിച്ചു. ചെങ്കൊടി തൊട്ടുകളിക്കണ്ട എന്ന ബാനറും അന്‍വറിന്റെ കോലവുമായിട്ടായിരുന്നു നിലമ്പൂര്‍ നഗരത്തിലൂടെ പ്രതിഷേധം. അന്‍വര്‍ സി.പി.എം. നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ നടത്തുന്ന ആക്ഷേപങ്ങള്‍ക്കെതിരെ സി.പി.എം. പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഏരിയാ തലത്തില്‍ പ്രതിഷേധത്തിന് സി.പി.എം. ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്തത്.
തൃശൂരില്‍ മൂന്നിടങ്ങളിലായി വന്‍ എടിഎം കൊള്ള. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളാണ് കൊള്ളയടിച്ചത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക വിവരം.
തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കാറില്‍ വന്ന നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു.
ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷ്ടാക്കളാണോ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി അനുകൂല ഫെയ്‌സ്ബുക്ക് കൂട്ടായ്മ പോരാളി ഷാജി. നേതാക്കളല്ല പാര്‍ട്ടിയെന്നും അണികള്‍ എതിരായാല്‍ നേതാക്കള്‍ക്ക് പുല്ലുവിലയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പോരാളി ഷാജി പറഞ്ഞു. തെറ്റുകള്‍ തിരുത്താനുള്ളതാണെന്നും മസില്‍ പിടിച്ച് നിന്നതുകൊണ്ട് കാര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബംഗാളിലേയും ത്രിപുരയിലേയും സി.പി.എമ്മിന്റെ ചരിത്രവും ജനപ്രതിനിധികളുടെ എണ്ണവും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഈ സംസ്ഥാനങ്ങളിലെ നേതാക്കള്‍ ഭൂരിഭാഗവും ഇപ്പോഴും സി.പി.എമ്മാണെന്നും എന്നിട്ടും എങ്ങനെയാണ് പാര്‍ട്ടിക്ക് വോട്ട് കുത്തനെ കുറഞ്ഞതെന്നും കൂട്ടായ്മ ചോദിച്ചു.
സി.പി.എമ്മിന് നഷ്ടപ്പെട്ട വടകര ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയാത്തതിനെ കുറിച്ചും രൂക്ഷമായ പരിഹാസം പോസ്റ്റിന്റെ കമന്റായി പോരാളി ഷാജി കുറിച്ചു. ഒരു വടകര പോയിട്ട് ഇത് വരെ കിട്ടിയിട്ടില്ല, എന്നിട്ടല്ലേ കേരളം എന്നായിരുന്നു കമന്റ്. നിരവധി പേര്‍ പോരാളി ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ച് ലൈക്കുകളും കമന്റുകളും ഷെയറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ ആഭ്യന്തര സെക്രട്ടറി വീണ്ടും അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി.
ഇന്നലെ രാത്രി തന്നെ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിന് ശുപാര്‍ശ നല്‍കിയതായാണ് വിവരം. ശുപാര്‍ശ തള്ളണോ സ്വീകരിക്കണോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കും.
നേരത്തെ എഡിജിപി അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായി വിശ്വാസത്തിലെടുക്കാതെ, കൂടുതല്‍ അന്വേഷണം വേണമെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള കവറിങ് ലെറ്റര്‍ സഹിതമായിട്ടായിരുന്നു പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ഈ റിപ്പോര്‍ട്ട് പരിശോധിക്കാനായി മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തില്‍ പൂരം കലക്കലില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചെന്നും അത് പരിശോധനയ്ക്കായി ആഭ്യന്തര സെക്രട്ടറിക്ക് അയച്ചുവെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്.
പൂരം കലക്കലില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു എഡിജിപി എം.ആര്‍ അജിത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് കമ്മീഷണര്‍ക്കാണ് വീഴ്ച സംഭവിച്ചത്. ഒപ്പം തിരുവമ്പാടി ദേവസ്വത്തേയും എഡിജിപി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.
പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഇടതു മുന്നണിയിലെ സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്. പൂരം നടന്ന ദിവസം എഡിജിപി അജിത് കുമാര്‍ തൃശൂരിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പരസ്യ പ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍ എംഎല്‍എ. നിലമ്പൂര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിവി അന്‍വര്‍ തുറന്നടിച്ചത്.
പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ പരസ്യ പ്രസ്താവനകള്‍ താല്‍കാലികമായി അവസാനിപ്പിച്ചതായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷമെ പ്രതികരിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നു. ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനയില്‍ പറഞ്ഞത്. എന്നാല്‍ കേസന്വേഷണം കൃത്യമായല്ല നടക്കുന്നത്.
കാട്ടുകള്ളന്‍ പി. ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട ഒരു വിഷയം സിഎമ്മിനോട് ചര്‍ച്ച ചെയ്യുന്നില്ല. കേരളത്തില്‍ കത്തി ജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍. ആ സൂര്യന്‍ കെട്ടുപോയി എന്ന് ഞാന്‍ അദേഹത്തോട് നേരിട്ട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യമായി താഴ്ന്നു.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ 11 പേജ് അടങ്ങിയ പരാതിയാണ് കൊടുത്തത്. അത് വായിച്ച അദേഹം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചോദിച്ചു. ഉള്ളുതുറന്ന് കാര്യങ്ങള്‍ പറഞ്ഞു. അജിത് കുമാറും ശശിയുമെല്ലാം കള്ളന്മാരാണെന്നും സൂക്ഷിക്കണമെന്നും താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞുവെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
എഡിജിപി വാങ്ങിയ വസ്തുവിന്റെ രേഖകള്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സെക്രട്ടേറിയറ്റിന് ചുറ്റുമാണ് ഈ സ്ഥലങ്ങള്‍. മഹാനായ, സത്യസന്ധനായ, മാതൃകപരമായി പ്രവര്‍ത്തിക്കുന്ന എഡിജിപി എല്ലാം വാങ്ങിയത് പണം കൊടുത്താണ്. ഒരു രൂപയുടെ ചെക്കില്ല. പത്ത് ദിവസം കൊണ്ട് എല്ലാ പേപ്പറും കിട്ടുന്നു. അവനെ ഡിസ്മിസ് ചെയ്യണം. ഇവനെയാണ് മുഖ്യമന്ത്രി താലോലിച്ച് നടക്കുന്നത്. എങ്ങോട്ടാ ഈ പോക്കെന്ന് പാര്‍ട്ടി സഖാക്കള്‍ ആലോചിക്കട്ടെ.
പാവങ്ങളുടെ പാര്‍ട്ടി എന്ന് പറയുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ എല്ലാവരെയും ഭീഷണിപ്പെടുത്തി ആര്‍ക്കെതിരെയും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലാക്കി. എം.വി ഗോവിന്ദന്‍ എന്ന സഖാവിന്റെ ഗതി ഇങ്ങനെയെങ്കില്‍ ബാക്കിയുള്ളവരുെട ഗതി എന്താണ്. എല്ലാവരും ഇവരുടെ അടിമകളായി നില്‍ക്കണം എന്നതാണ് നില. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു.
മരം മുറിയുമായി ബന്ധപ്പെട്ട് പരാതി പൊലീസ് ശരിയായിട്ടല്ല അന്വേഷിക്കുന്നത്. മുറിച്ച മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദുമായി സംസാരിച്ചപ്പോള്‍ ഫോട്ടോയിലുള്ള മരത്തിന്റെ തടി കിട്ടിയെന്ന് പറയാനാകില്ലെന്നാണ് പറഞ്ഞത്. തന്നെ നേരിട്ട് കൊണ്ടുപോയാല്‍ മുറിച്ച മരം കാണിച്ചുതരാമെന്നാണ് അദേഹം പറഞ്ഞത്.
എന്നാല്‍ അതിന് ഇതുവരെ എസ്പിയുടെ ക്യാമ്പ് ഓഫീസില്‍ തന്നെ പ്രവേശിപ്പിച്ചിട്ടില്ല. 188 ഓളം സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ 188 കേസുകളില്‍ 28 പേരെയെങ്കിലും ബന്ധപ്പെട്ടാല്‍ സത്യാവസ്ഥ പുറത്തുവരും. സ്വര്‍ണം കടത്തലും പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷിച്ചാല്‍ കൃത്യമായി വിവരം കിട്ടുമെന്ന് പറഞ്ഞു. എന്നാല്‍ ഈ നിമിഷം വരെ അത്തരമൊരു അന്വേഷണം നടന്നിട്ടില്ല.
സ്വര്‍ണം പൊട്ടിക്കലുമായി ബന്ധപ്പെട്ടും മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറി ആരോപണത്തിലും എഡിജിപിക്കെതിരായ പരാതിയിലും കൃത്യമായ അന്വേഷണം നടക്കുന്നില്ല. സത്യസന്ധമായി അന്വേഷണം നടക്കുമെന്ന് തനിക്ക് പാര്‍ട്ടി നല്‍കിയ ഉറപ്പ് പാടെ ലംഘിച്ചു.തന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തെയും പി.വി അന്‍വര്‍ പരിഹസിച്ചു.