Kerala

മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടക വസ്തു കണ്ടെത്തിയ കാറിന്റെ ഉടമസ്ഥനെന്ന് കരുതുന്ന മൻസൂഖ് ഹിരൺ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവങ്ങൾ പുനരാവിഷ്കരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ, ട്രെയിൻ യാത്രയിൽ ഹിരണിനെ ഒപ്പം കൂട്ടിയതിനു ശേഷം കൊലയാളികൾക്കു കൈമാറിയെന്നാണു നിഗമനം.

വാസെ ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ പിറ്റേന്നാണു ഹിരണിന്റെ മൃതദേഹം കടലിടുക്കിൽ കണ്ടെത്തിയത്. വാസെയെ ഇതേ ട്രെയിനിൽ കയറ്റിയാണു സംഭവങ്ങൾ പുനരാവിഷ്കരിച്ചത്. കേസിൽ മീന ജോർജ് എന്ന യുവതിയെ ചോദ്യം ചെയ്യുന്നതു തുടരുന്ന എൻഐഎ, ഇവരുടെ പേരിലുള്ള ആഡംബര ബൈക്ക് പിടിച്ചെടുത്തു. ഇവർ മലയാളിയാണെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല.

കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുമായി മീനയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ഇരുവരും ചേർന്നു കള്ളപ്പണ ഇടപാടുകൾ നടത്തിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. വാസെയുടെ കാറിലുണ്ടായിരുന്ന നോട്ടെണ്ണൽ യന്ത്രം യുവതിയുടേതാണെന്നാണു വിവരം. അംബാനിയുടെ വസതിക്കു മുന്നിൽ സ്ഫോടക വസ്തുക്കളടങ്ങിയ കാർ ഉപേക്ഷിക്കുന്നതിനു മുൻപു വാസെ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ മീന എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.

ടൈംസ് നൗ നടത്തിയ സ്റ്റിംഗ് ഓപറേഷനെതിരെ രൂക്ഷ വിമർശനവുമായി രാജ് മോഹൻ ഉണ്ണിത്താൻ രം​ഗത്ത്.

ഞങ്ങടെ കൊല്ലത്തൊക്കെ ഒരു ചൊല്ലുണ്ട്, തന്തക്ക് പിറക്കാത്ത പണിയുണ്ടേൽ തലേന്നേ പറയണമെന്ന്. അതാണ് പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം പറഞ്ഞു.

മീഡിയ വൺ ചാനലിനോടായിരുന്നു കാസർഗോഡ് എംപിയുടെ പ്രതികരണം. കേരളത്തിൽ കോൺഗ്രസ് വളരെ ദുർബലമാണ്. സംസ്ഥാനത്ത് കോൺഗ്രസിന് ഭാവിയില്ല. രണ്ടു ഗ്രൂപ്പുകളാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നിങ്ങനെയുള്ള രാജ്മോഹൻ ഉണ്ണിത്തന്റെ ഒളിക്യാമറ വീഡിയോ ആണ് വിവാദമായത്.

ടൈംസ് നൗവിലെ പെൺകുട്ടി അറിയപ്പെടുന്ന ഒരു ഫ്രോഡാണെന്നും ഉണ്ണിത്താൻ തുറന്നടിച്ചു. അപ്പോൾ എന്നോട് ചില കാര്യങ്ങൾ ചോദിച്ച് വന്നു, ഓഫ് ദ റെക്കോർഡ്. അതാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിൽ ഒരിക്കലും മാധ്യമധർമ്മത്തിന് ചേരാത്ത ചെറ്റത്തരമാണ് ആ പെൺകുട്ടി കാണിച്ചത്. അവൾ ബോധപൂർവ്വം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അപമാനിക്കാൻ, അവഹേളിക്കുവാൻ കച്ചക്കെട്ടിയിറങ്ങിയിരിക്കുകയാണ്. അവരുടെ വാക്കുകൾ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുവാൻ പോകുന്നില്ലെന്നും ഉണ്ണിത്താൻ കൂട്ടിചേർത്തു.

കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകൻ വെട്ടേറ്റു മരിച്ചു. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍(22) ആണ് മരിച്ചത്. വോട്ടെടുപ്പിന് പിന്നാലെയാണ് കൊലപാതകം. ആക്രമണത്തിൽ മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഎം-ലീഗ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂര്‍ പാനൂരിന് അടുത്ത് കടവത്തൂര്‍ മുക്കില്‍പീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടര്‍ത്തിയശേഷം സഹോദരന്മാരായ മുഹ്‌സിനെയും മന്‍സൂറിനെയും വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു.

ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മന്‍സൂര്‍ മരിക്കുകയായിരുന്നു. മന്‍സൂറിനെ ഇന്നലെ രാത്രിതന്നെ കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. 149-150 എന്നീ രണ്ടുബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്‌നം. വീട്ടിലേക്ക് മടങ്ങവേ ഒരു സംഘം ആളുകൾ ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്.

വോട്ടെടുപ്പിന് ശേഷമുണ്ടായ സംഘര്‍ഷത്തില്‍ കായംകുളത്തും രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടറ്റിട്ടുണ്ട്. സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായ കായംകുളത്ത് അഫ്‌സല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും വെട്ടേറ്റിട്ടുണ്ട്. ഇവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.

പരാജയ ഭീതിയിൽ ഇടതു മുന്നണി സംസ്ഥാനത്ത് പലേ ഭാഗത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയാണെന്ന് ചെന്നിത്തല പ്രതികരിച്ചു. ഇടതു മുന്നണി എന്തു പ്രകോപനമുണ്ടാക്കിയാലും യുഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം കൈവിടരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

പത്തനംതിട്ട കുമ്പഴയില്‍ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ അഞ്ചു വയസ്സുകാരി ലൈംഗിക പീഡനത്തിനും ഇരയായതായി റിപ്പോര്‍ട്ട്. കൂടാതെ കുട്ടിയുടെ ശരീരത്തില്‍ ചെറുതും വലുതുമായി 60ഓളം മുറിവുകളുമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ ശരീരത്തില്‍ കത്തികൊണ്ടും സ്പൂണ്‍ വെച്ചുമാണ് മുറിവുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.

മുറിവുകളില്‍ ചിലത് ആഴത്തിലുള്ളതാണ്. അതേസമയം, മരണ കാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കുഞ്ഞിന്റെ പുറത്തും തലയിലും കഴുത്തിലും കൈകാലുകളിലുമെല്ലാം മുറിവുകളുണ്ട്. മരണ ദിവസവും തലേ ദിവസങ്ങളിലുമായി ക്രൂരപീഡനം നടന്നതായി ചില മുറിവുകള്‍ സൂചിപ്പിക്കുന്നുണ്ട്.

കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍തന്നെ ഡോക്ടര്‍മാര്‍ ലൈഗിക പീഢനം സംശയിച്ചിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ കാണപ്പെട്ട നീര്‍വീക്കമായിരുന്നു സംശത്തിന് വഴിവെച്ചത്. തമിഴ്നാട് സ്വദേശികളുടെ കുടുംബത്തിലെ കുഞ്ഞ് തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് രണ്ടാനച്ഛന്‍ അലക്സ് പിടിയിലായിരുന്നു. മുറിയില്‍ കിടന്നുറങ്ങിയ ഇയാള്‍ക്കടുത്ത് മരിച്ചു കിടക്കുന്ന നിലയിലാണ് കുഞ്ഞിനെ കാണപ്പെട്ടത്.

മറ്റൊരു വീട്ടില്‍ ജോലിയ്ക്ക് പോയി മടങ്ങിയെത്തിയ കുഞ്ഞിന്റെ അമ്മയാണ് മൃതദേഹം കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിട്ട് ഏറെ നേരം കഴിഞ്ഞിരുന്നു. കഴിഞ്ഞ കുറെ നാളുകളായി, കുഞ്ഞിനെ പീഡിപ്പിച്ചിരുന്നതായി അല്കസ് പോലീസിനോട് സമ്മതിച്ചു. ലൈംഗിക പീഡനം എത്രനാളായി നടക്കുന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

ആലപ്പുഴയിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് കയർത്ത് ഫഹദ് ഫാസിൽ. മൈക്കുമായി അടുത്ത മാധ്യമപ്രവര്‍ത്തകരോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു നടൻ . ഇതെന്താണിത് ഇത് റൈറ്റ് അല്ല മാറിനില്‍ക്കൂ എന്നാണ് ഫഹദ് പറഞ്ഞത്.

ഇതെന്താണിത്? ഇതൊന്നും ശരിയല്ല. എല്ലാ പൗരന്റെയും അവകാശമാണല്ലോ വോട്ട് ചെയ്യുക എന്നത്. അതുകൊണ്ടാണ് വന്നത്.’ – മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഫഹദ് മറുപടി നൽകി.

തുടര്‍ഭരണം ഉണ്ടാവുമോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ലെന്നായിരുന്നു സംവിധായകൻ ഫാസിൽ നൽകിയ മറുപടി.

നടന്‍മാരായ പൃഥ്വിരാജും ആസിഫ് അലിയുമെല്ലാം രാവിലേ തന്നെ വോട്ട് രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പിൽ ഭരണമാറ്റം വരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയിൽ വൈകിയ വേളയിലുള്ളതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണം മാറണമെന്ന സുകുമാരന്‍ നായരുടെ പ്രതികരണം വൈകിപ്പോയെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഭരണമാറ്റം വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സുകുമാരന്‍ നായരുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വെള്ളാപ്പള്ളിപറഞ്ഞു.

“സുകുമാരന്‍ നായരുടേത് അസമയത്തെ പ്രതികരണമായിപ്പോയി. ഇപ്പോൾ പറയുന്നതിന് പകരം വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പേ പറയാമായിരുന്നു. അപ്പോള്‍ അതിന് വേണ്ട ഫലം ലഭിക്കുമായിരുന്നു,” വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തില്‍ ശക്തമായ ത്രികോണ മത്സരമെന്ന് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുടര്‍ഭരണത്തിന് സാധ്യതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പറഞ്ഞ എസ്എൻഡിപി ജനറൽ സെക്രട്ടറി ഇത്തവണ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെച്ചെന്നും അവർ സീറ്റ് നേടുമോ എന്ന കാര്യം പറയാനാവില്ലെന്നും പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നതായാണ് തനിക്ക് തോന്നുന്നതെന്നായിരുന്നു ജി സുകുമാരൻ നായർ പറഞ്ഞത്. “സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായുണ്ട്. അതിപ്പോഴും ഉണ്ട്,” സുകുമാരൻ നായർ പറഞ്ഞു.

എൻഎസ്എസ് തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കുന്ന സമദൂര നിലപാടിൽ നിന്ന് വ്യത്യസ്‌തമായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.

നടന്‍ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെ ചോദ്യംചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ രംഗത്ത്. തൃക്കാക്കര പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് ബിജെപി സ്ഥാനാര്‍ഥി എസ്. സജിയുടെ ഭാര്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.

നേരത്തെ സജി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ പോളിങ് ഉദ്യോഗസ്ഥര്‍ തടഞ്ഞെന്നും എന്നാല്‍ മമ്മൂട്ടി വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇവര്‍ ആരോപിക്കുന്നു.

സജിയുടെ ഭാര്യയ്ക്ക് ബിജെപി പ്രവര്‍ത്തകരും പിന്തുണയുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരെ തടയാനും ശ്രമിച്ചു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ, നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തു മടങ്ങുകയും ചെയ്തു. കൊവിഡ് ആയതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് പറഞ്ഞാണ് മമ്മൂട്ടി പോളിങ് ബൂത്തില്‍നിന്ന് മടങ്ങിയത്.

പോലീസ് ബിജെപി ഏജന്റിനെ പോലെയാണ് പെരുമാറുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാട്ടായികോണത്തെ സംഘര്‍ഷത്തിലാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ഇടതുപക്ഷക്കാരെ പോലീസ് തെരഞ്ഞെ് പിടിച്ച് അറസ്റ്റ് ചെയ്തുവെന്നും കടകംപള്ളി പറഞ്ഞു.

പോളിങ് തടസപ്പെടുത്താനാണ് ബി.ജെ.പി ശ്രമം ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇവിടെ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തേക്ക് കൂടുതല്‍ പോലീസുകാര്‍ എത്തി പ്രദേശത്തെ വാര്‍ഡ് മെമ്പറിന്റെ അടക്കം വീട്ടിലെത്തി ബന്ധുക്കളെ കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ സിപിഐഎം പ്രവര്‍ത്തകും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയായിരുന്നു.

കായംകുളം നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെ പരിഹസിച്ച് എ.എം.ആരിഫ് എംപി. പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓർക്കണമെന്നായിരുന്നു ആരിഫിന്റെ പരാമർശം. കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി പ്രതിഭ ഹരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആരിഫ് എംപി.

സ്ഥാനാര്‍ഥിയുടെ പ്രാരാബ്‌ധമാണ് യുഡിഎഫ് കായംകുളത്ത് പ്രചാരണ വിഷയമാക്കിയത്. പ്രാരാബ്‌ധം ചര്‍ച്ച ചെയ്യാനാണോ കേരളത്തിലെ തിരഞ്ഞെടുപ്പെന്നും ആരിഫ് ചോദിച്ചിരുന്നു.

ആരിഫ് എംപിയുടെ പ്രതികരണം രാഷ്ട്രീയ പോരിനുള്ള ആയുധമാക്കിയിരിക്കുകയാണ് യുഡിഎഫ്. എംപിയുടെ പരാമർശം ഏറെ വേദനിപ്പിച്ചെന്ന് അരിത ബാബു പറഞ്ഞു. തന്നെ മാത്രമല്ല ആലപ്പുഴയിലെ തൊഴിലാളി സമൂഹത്തെ മുഴുവനായാണ് ആരിഫ് എംപി പരിഹസിച്ചതെന്നും അരിത പറഞ്ഞു.

ആരിഫ് മാപ്പ് പറയണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. എംപിയുടെ പരാമര്‍ശം വിലകുറഞ്ഞതും അരിതയെ അധിക്ഷേപിക്കുന്നതുമാണെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന്റെ അധഃപതനം ആണ് ആരിഫിന്റെ പ്രസ്‌താവനയിലൂടെ വ്യക്തമാകുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, പ്രസ്‌താവന പിൻവലിക്കില്ലെന്നും വിവാദമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ആരിഫ് പറയുന്നു.

ആലപ്പുഴയിൽ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് കായംകുളം. എൽഡിഎഫിന്റെ സിറ്റിങ് സീറ്റിൽ അരിതയെ സ്ഥാനാർഥിയാക്കി മണ്ഡലം പിടിച്ചെടുക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ക്ഷീര കർഷകയാണ് അരിത ബാബു. വളരെ പാവപ്പെട്ട വീട്ടിൽ നിന്നുള്ള കുട്ടിയാണ് അരിതയെന്ന് സ്ഥാനാർഥി പ്രഖ്യാപന വേളയിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.

തൃത്താലയിലെ പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്ക് എന്ന സ്ഥലത്ത് കുടിവെള്ളമില്ല എന്ന് വ്യക്തമാക്കി എം.ബി രാജേഷിന്‍റെ വിഡിയോ. പിന്നാലെ ഈ വിഡിയോ വ്യാജമാണെന്ന വാദവുമായി മറുവിഡിയോ ചെയ്ത് തൃത്താല എംഎൽഎ വി.ടി ബൽറാം. കുടിവെള്ള പ്രതിസന്ധിയിലാണ് നാട് എന്ന് വ്യക്തമാക്കാൻ ഒരു വീടിന് മുന്നിലെ പൈപ്പ് തുറന്ന് അതിൽ നിന്നും വായുമാത്രമാണ് വരുന്നത് എന്നായിരുന്നു എം.ബി.രാജേഷിന്റെ വിഡിയോ. ഈ വിഡിയോ എൽഡിഎഫ് കേന്ദ്രങ്ങൾ ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയ്തു.

ഇതു ശ്രദ്ധയിൽപെട്ട ബൽറാം ഇതേ സ്ഥലത്തെത്തി. അവിടെ താമസിക്കുന്ന പ്രദേശവാസിയായ പാത്തുമ്മ എന്ന വയോധികയെ കൊണ്ട് തന്നെ പൈപ്പ് തുറപ്പിച്ചു. അതിൽ നിന്നുള്ള വെള്ളം കൈകളിൽ കോരിയെടുത്താണ് വ്യാജപ്രചാരണമെന്ന് ബൽറാം പറയുന്നത്. കുടിവെള്ള പ്രതിസന്ധിയുള്ള സ്ഥലത്ത് പൈപ്പ് ലൈൻ സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചെന്നും ഇവിടെ 250 മീറ്റർ ദൂരം കൂടി പൈപ്പിടാനുള്ള ഫണ്ടും അനുവദിച്ചിട്ടുണ്ടെന്നും ബൽറാം വിഡിയോയിൽ പറയുന്നു.

യുഡിഎഫ് കേന്ദ്രങ്ങള്‍ മറുവിഡിയോയും പ്രചരിപ്പിക്കുന്നതോടെ കുടിവെള്ളപ്പോര് മണ്ഡലത്തില്‍ രൂക്ഷമായി. ഇതോടെ പല ഭാഷ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക്. ഏതായാലും സത്യമറിയാന്‍ താരമായ പൈപ്പ് തേടി ആളുകളെത്തുന്നുമുണ്ട്.
കഴി‍ഞ്ഞ തിര‍ഞ്ഞെടുപ്പ് കാലത്ത് അഴീക്കോട് മണ്ഡലത്തിലും സമാനമായ വിവാദം തലപൊക്കിയിരുന്നു. കിണറില്‍ ഇറങ്ങി കുടിവെള്ളം പരിശോധിച്ചതായിരുന്നു അന്നത്തെ ചര്‍ച്ച.

ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുത് എന്ന് രാജേഷിനെ ഉപദേശിച്ചാണ് ബൽറാം വിഡിയോ അവസാനിപ്പിക്കുന്നത്. െതാട്ടുപിന്നാലെ വിഷയം ചൂണ്ടിക്കാട്ടി ഒരു ട്രോളും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

 

Posted by VT Balram on Monday, 5 April 2021

RECENT POSTS
Copyright © . All rights reserved