Kerala

വീണ്ടും കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. ഇടുക്കി മുള്ളരിങ്ങാട് അമേൽത്തൊട്ടിയിലാണ് കാട്ടാനയുടെ ആക്രമണം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. മേയാൻ വിട്ട പശുവിനെ തിരികെ കൊണ്ടുവരാൻ തേക്കിൻ കൂപ്പിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഇന്ന് മൂന്നു മണിയോടെ ആയിരുന്നു ആക്രമണം.

വനത്തിന്റെ അതിർത്തിയോട് ചേർന്നാണ് യുവാവിന്റെ വീട് സ്ഥിതി ചെയ്യുന്നത്. പശുവിനെ തിരികെ കൊണ്ടുവരാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ മുൻപിൽപ്പെട്ടത്. യുവാവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപ്പെട്ടു.

കഴിഞ്ഞ നാലു വർഷമായി പ്രദേശത്ത് കാട്ടാനയുടെ ശല്യം അതിരൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. കാട്ടാന ആക്രമണം തടയുന്നതിനുള്ള ഫെൻസിങ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടായിരുനെന്ന് പഞ്ചായത്ത് അധികൃതർ പ്രതികരിച്ചു.

മുനമ്പം വിഷയത്തില്‍ തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച്ച നടത്തി മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. തലശേരി ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്ന് മാര്‍ ജോസഫ് പാംപ്ലാനി പ്രതികരിച്ചു.

ഇന്നത്തെ സാഹചര്യത്തില്‍ തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ടെന്നും ഇത്തരം കൂടിക്കാഴ്ചകള്‍ ആവശ്യമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുനമ്പം വിഷയത്തില്‍ സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ച ഉണ്ടാവരുതെന്നും പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഊര്‍ജിതമായി രംഗത്ത് വരണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മെല്ലപ്പോക്ക് അവസാനിപ്പിക്കണം. സമൂഹങ്ങളെ അടുപ്പിക്കാന്‍ ആവശ്യമായതൊക്കെ ചെയ്യണം. സമുദായങ്ങള്‍ തമ്മില്‍ അകലുന്ന സാഹചര്യമുണ്ടാവരുത്. ബന്ധങ്ങള്‍ നിലനിര്‍ത്തുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് വന്നത്.

മാര്‍ ജോസഫ് പാംപ്ലാനിയുടെ പല പ്രസ്താവനകളും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണ്. അദേഹം അഭിപ്രായങ്ങള്‍ തുറന്നു പറയുന്നത് ആത്മധൈര്യം തരുന്നതാണന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. ഷാഫി പറമ്പില്‍ എംപിയും അദേഹത്തോടൊപ്പമുണ്ടായിരുന്നു.

തിരുവല്ലയിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മാന്നാർ ചെന്നിത്തല സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. തിരുവല്ല കായംകുളം സംസ്ഥാന പാതയില്‍ പൊടിയാടി ജങ്ഷന് സമീപമുള്ള കൊടും വളവിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.

തിരുവല്ലയിൽ നിന്ന് പൊടിയാടിയിലേക്ക് മണ്ണ് കയറ്റിപ്പോയ ടിപ്പർലോറിയാണ് അപകടത്തിന് ഇടയാക്കിയത്. ലോറിയുടെ പിൻചക്രം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന സുരേന്ദ്രന്റെ ശരീരത്തിൽ തട്ടി. തുടർന്ന്, റോഡിലേക്ക് തെറിച്ചുവീണ സുരേന്ദ്രന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ ​ഗതാ​ഗതതടസ്സമുണ്ടായി. തിരുവല്ലയിൽ നിന്ന് അ​ഗ്നിരക്ഷാസേന എത്തി റോഡ് കഴുകി വൃത്തിയാക്കിയതിന് ശേഷമാണ് ​ഗതാ​ഗതം പുനഃസ്ഥാപിച്ചത്. സുരേന്ദ്രന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

യുകെയില്‍ നഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി വണ്ടന്‍മേട് കുപ്പക്കല്‍മേട് കല്ലട വാഴപ്പറമ്പില്‍ വീട്ടില്‍ ജോമോന്‍ ജോണിനെയാണ് (42) പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് കരിങ്കുറ്റി സ്വദേശിയായ യുവതിയില്‍ നിന്നാണ് 50,000 രൂപ വാങ്ങിയത്. യുവതിയുടെ പേരില്‍ ഗോവിന്ദപുരം പഞ്ചാബ് നാഷനല്‍ ബാങ്കിലുള്ള അക്കൗണ്ടില്‍ നിന്ന് കേസിലെ രണ്ടാം പ്രതി മനു മോഹന്‍ മുഖേന പണം കൈമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റാന്നി വലിയപാലത്തിനു സമീപം ജോമോന്‍ നടത്തുന്ന സ്ഥാപനത്തിന്റെ ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്.

ജോലി ലഭിക്കാതെ വന്നപ്പോള്‍ യുവതി കഴിഞ്ഞ രണ്ടിന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ജോമോന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. സമാനമായ ഒരു കേസ് കൂടി ജോമോന്റെ പേരില്‍ റാന്നി പോലീസ് എടുത്തിട്ടുണ്ട്. ഇയാളുടെ ബാങ്ക് രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

യുകെ, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ ജില്ലാ പൊലീസ് മേധാവിക്കു ലഭിക്കുന്നുണ്ട്. സമാന പരാതിയില്‍ കഴിഞ്ഞ മാസം ഇയാള്‍ അറസ്റ്റിലായിരുന്നു.

ഡിവൈ.എസ്.പി ആര്‍.ജയരാജിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍, എഎസ്‌ഐ അജു കെ.അലി, എസ് സിപിഒമാരായ അജാസ് ചാരിവേലി, ഗോകുല്‍ എന്നിവരാണ് അന്വേഷണം നടത്തുന്നത്.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നതടക്കമുള്ള ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി.

പരേഡ് ഗ്രൗണ്ടിന് പുറമേ വെളി മൈതാനത്തു കൂടി പപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തടഞ്ഞ പൊലീസിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ പുതുവത്സര ദിനത്തില്‍ കൊച്ചിയില്‍ രണ്ട് പാപ്പാഞ്ഞികളെ കത്തിക്കും.

സംഘാടകരായ ഗാല ഡി ഫോര്‍ട്ട് കൊച്ചി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. പാപ്പാഞ്ഞിക്ക് ചുറ്റും 72 അടിയില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മിക്കണം. 40 അടി ഉയരമുള്ള വലിയ പാപ്പാഞ്ഞിയെ കത്തിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ കൂടി നില്‍ക്കുന്നവരുടെ ദേഹത്ത് വീഴുന്നത് ഒഴിവാകുക ലക്ഷ്യമിട്ടാണ് നിര്‍ദേശം.

ഫോര്‍ട്ട് കൊച്ചിയിലെ വെളി മൈതാനത്ത് ഗാലാ ഡി ഫോര്‍ട്ട് കൊച്ചി നിര്‍മ്മിക്കുന്ന 40 അടി ഉയരമുള്ള പപ്പാഞ്ഞിയുടെ നിര്‍മാണം തടഞ്ഞു കൊണ്ടാണ് പൊലീസ് സംഘാടകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടി കാട്ടി പപ്പാഞ്ഞി പൊളിച്ചു മാറ്റാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കൊച്ചി കാര്‍ണിവലിന്റെ ഭാഗമായി സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.

പുതുവര്‍ഷത്തില്‍ ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കാന്‍ കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റിക്ക് മാത്രമാണ് അനുവാദം നല്‍കിയിരിക്കുന്നതെന്നും പൊലീസ് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിക്കാരുടെ പുതുവത്സര ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടതാണ് പാപ്പാഞ്ഞി കത്തിക്കല്‍.

16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 19കാരിയെ വള്ളികുന്നം പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയെയാണ് വള്ളികുന്നം സർക്കിൾ ഇൻസ്പെക്‌ടർ ടി.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌ത്‌. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്കു താമസിക്കുന്ന 16കാരനെയാണ് കഴിഞ്ഞ ഡിസംബർ ഒന്നിന് യുവതി വീട്ടിൽനിന്നു കൂട്ടികൊണ്ടു പോയത്. പല സ്‌ഥലങ്ങളിലായി താമസിപ്പിച്ചു പീഡിപ്പിച്ചെന്ന് ആൺകുട്ടി പൊലീസിനു മൊഴി നൽകി.

യുവതി നേരത്തേ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായുള്ള ബന്ധം അറിഞ്ഞ വീട്ടുകാർ പെൺകുട്ടിയെ ബന്ധു കൂടിയായ 16കാരന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെയാണ് പയ്യനുമായി പെൺകുട്ടി വീടുവിട്ടു പോയത്. ആൺകുട്ടിയുടെ മാതാവ് വള്ളികുന്നം പൊലീസിൽ പരാതി നൽകി.

യുവതിയും 16 കാരനും മൈസൂർ, മായി, പാലക്കാട്, പളനി, മലപ്പുറം തുടങ്ങി നിരവധി സ്‌ഥലങ്ങളിൽ ഒളിവിൽ താമസിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണം നടന്നു വരവെയാണ് പത്തനംതിട്ട ബസ് സ്‌റ്റാൻഡിൽനിന്ന് ഇരുവരെയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്‌തു.

ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവില്‍പ്പന.

ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടത്. ഈ വര്‍ഷം ഡിസംബര്‍ 24,25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.

ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24.50 ശതമാനത്തിന്‍റെ (29.92 കോടി) വര്‍ധനവാണ് ഉണ്ടായത്. ഈ വര്‍ഷം ഡിസംബര്‍ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ഔട്ട്ലെറ്റുകളിലൂടെ 51.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഡിസംബര്‍ 25ലെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.84ശതമാനത്തിന്‍റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്.

ഈ വര്‍ഷം ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.

2023 ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71 കോടിയുടെ മദ്യമാണ് വിറ്റഴിച്ചിരുന്നത്. ഡിസംബര്‍ 24ലെ വില്‍പ്പനയില്‍ 37.21 ശതമാനത്തിന്‍റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്.

നക്ഷത്രങ്ങള്‍ ചിരിതൂകി നിന്ന ക്രിസ്മസ് രാവില്‍ മലയാളികളുടെ കണ്ണുകളെ ഈറനണിയിച്ച് മിഴിയടച്ച അക്ഷര നക്ഷത്രത്തിന് വള്ളുവനാടിന്റെ ചരിത്രമുറങ്ങുന്ന മണ്ണില്‍ നിത്യനിദ്ര.

മലയാള സാഹിത്യത്തില്‍ ഔന്ന്യത്യത്തിന്റെ പൊന്‍ തൂവല്‍ പൊഴിച്ച ഇന്ദ്ര ധനുസ്… അക്ഷരങ്ങളില്‍ വീരഗാഥകള്‍ തീര്‍ത്ത ഇതിഹാസം… കണ്ണാന്തളി പൂക്കളെ പ്രണയിച്ച എഴുത്തുകാരന്‍… എം.ടി വാസുദേവന്‍ നായര്‍ എന്ന സാഹിത്യ വിസ്മയം നിത്യതയുടെ ആകാശ തീരങ്ങളില്‍ അലിഞ്ഞു ചേര്‍ന്നു.

തന്റെ കഥാപാത്രങ്ങളിലൂടെ സമസ്ത വികാരങ്ങളേയും മനുഷ്യ മനസുകളിലേക്ക് സന്നിവേശിപ്പിച്ച, ആര്‍ദ്രമായ പ്രണയവും നൊമ്പരങ്ങളും അടങ്ങാത്ത ആനന്ദവും മലയാളികളുടെ ഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്‍കിയ പ്രിയ കഥാകാരന്‍ ഇനിയില്ല. ഏഴ് പതിറ്റാണ്ട് എഴുത്തിന്റെ സുകൃതമായി നിറഞ്ഞു നിന്ന അതുല്യ പ്രതിഭയാണ് മലയാളത്തോട് വിടപറഞ്ഞു പോയത്.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മാവൂര്‍ റോഡിലെ ശ്മശാനമായ സ്മൃതിപഥത്തിലായിരുന്നു സംസ്‌കാരം. എം.ടിയുടെ സഹോദര പുത്രന്‍ ടി. സതീശനാണ് അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിച്ചത്.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തിനാണ് തൊണ്ണൂറ്റൊന്നുകാരനായ എം.ടി തന്റെ കര്‍മ ഭൂമികയോട് വിട പറഞ്ഞത്.

കോഴിക്കോട് കൊട്ടാരം റോഡിലുള്ള സിതാര എന്ന അദേഹത്തിന്റെ ഭവനത്തില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതിക ദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കലാ-സാസ്‌കാരിക-സാഹിത്യ- രാഷ്ട്രീയ രംഗത്തുള്ള ആയിരങ്ങളാണ് എത്തിയത്.

സ്റ്റാർ തൂക്കുന്നതിനിടെ മരത്തിൽ നിന്നും നിലത്ത് വീണ് തലക്ക് പരിക്കേറ്റ യുവാവിനോട് സ്വകാര്യ ആശുപത്രി കാണിച്ചത് കടുത്ത അനാസ്ഥയെന്ന് പരാതി. കിളിമാനൂർ സ്വദേശി അജിനാണ് ക്രിസ്മസ് ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കിടെ മരത്തിൽ നിന്നും വീണ് തലക്ക് പരിക്കേറ്റത്.

ചെവിക്ക് പിന്നിലായി പരിക്കേറ്റ അജിനെ സ്കാനിംഗിനോ തുടർ ചികിത്സക്കോ നിർദ്ദേശിക്കാതെ ഗുളികള്‍ നൽകി മടക്കി അയക്കുകയായിരുന്നു ആശുപത്രി. എന്നാൽ വീട്ടിലെത്തി ഉറങ്ങാൻ കിടന്ന അജിൻ രാവിലെ മരണപ്പെടുകയായിരുന്നു.

ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് ആശുപത്രിയുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമായത്. ആശുപത്രി അനാസ്ഥക്കെതിരെ ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ മൃതദേഹവമായെത്തി പ്രതിഷേധിച്ചു.

കിളിമാനൂർ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി മഞ്ചുലാൽ പറഞ്ഞു.

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പത്തിനായിരുന്നു അന്ത്യം. ഇന്ന് വ്യാഴാഴ്ച വൈകിട്ട് നാല് വരെ അന്തിമോപചാരം അര്‍പ്പിച്ച ശേഷം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.

നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, ചെറുകഥാകാരന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി വാസുദേവന്‍ നായര്‍. മലയാള സാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച എം.ടി പത്രാധിപരായും ശോഭിച്ചു. ജ്ഞാനപീഠ ജേതാവായ അദേഹത്തെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ.സി ഡാനിയല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം എന്നിവയും കേരള നിയമസഭ പുരസ്‌കാവും ലഭിച്ചു.

ആദ്യമായി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച നാലുകെട്ട് 1958) എന്ന ആദ്യ നോവലിന് തന്നെ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചിരുന്നു. പില്‍ക്കാലത്ത് സ്വര്‍ഗം തുറക്കുന്ന സമയം, ഗോപുരനടയില്‍ എന്നി കൃതികള്‍ക്കും കേരള സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസില്‍ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സഞജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്‍. അധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായര്‍ ആദ്യഭാര്യ. സംസ്‌കാരം വ്യാഴാഴ്ച കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം. പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കള്‍. നാല് ആണ്‍മക്കളില്‍ ഇളയ മകന്‍. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. കുറച്ചുകാലം അധ്യാപകന്‍. തുടര്‍ന്ന് 1956-ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായി ദീര്‍ഘകാലത്തെ ഔദ്യോഗിക സേവനത്തിനു തുടക്കം.

സ്‌കൂള്‍ കാലംമുതല്‍ എഴുത്തില്‍ തല്‍പരനായിരുന്നു എം.ടി. ആദ്യകഥ വിക്ടോറിയ പഠനകാലത്ത് പ്രസിദ്ധീകരിച്ച ‘രക്തം പുരണ്ട മണ്‍തരികള്‍’. 1953-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥ ഒന്നാം സ്ഥാനം നേടിയതോടെ എഴുത്തുകാരന്‍ എന്നനിലയില്‍ ശ്രദ്ധിക്കപ്പെട്ടു. ഇക്കാലത്ത് ‘പാതിരാവും പകല്‍വെളിച്ചവും’ എന്ന ആദ്യനോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഖണ്ഡഃശയായി പുറത്തുവന്നു. 1958-ല്‍ പ്രസിദ്ധീകരിച്ച ‘നാലുകെട്ട്’ ആണ് ആദ്യം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. തകരുന്ന നായര്‍ തറവാടുകളെയും അതിലെ മനുഷ്യരുടെ അന്തഃക്ഷോഭങ്ങളെയും ആവിഷ്‌കരിച്ച ഈ കൃതി 1959-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. അറുപതുകളോടെ എം.ടി. മലയാളത്തിലെ പ്രമുഖനായ എഴുത്തുകാരനായി അംഗീകരിക്കപ്പെട്ടു.

1968-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981-ല്‍ ആ സ്ഥാനം രാജിവെച്ചു. 1989-ല്‍ പീരിയോഡിക്കല്‍സ് എഡിറ്റര്‍ എന്ന പദവിയില്‍ തിരികെ മാതൃഭൂമിയിലെത്തി. 1999-ല്‍ മാതൃഭൂമിയില്‍നിന്ന് വിരമിച്ചശേഷം കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. നിലവില്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷനാണ്.

ഫ്യൂഡല്‍ സാമൂഹികവ്യവസ്ഥയുടെ ശൈഥില്യത്തോടെ തകര്‍ച്ചയിലേക്കുനീങ്ങിയ മരുമക്കത്തായ വ്യവസ്ഥയും നായര്‍ തറവാടുകളും അവിടത്തെ നിസ്സഹായരായ മനുഷ്യരുമാണ് എം.ടിയുടെ ആദ്യകാല രചനകളുടെ പശ്ചാത്തലം. എക്കാലത്തെയും മനുഷ്യന്റെ ഒറ്റപ്പെടലും പ്രതിഷേധവും അന്തഃക്ഷോഭങ്ങളും വികാരങ്ങളുമെല്ലാമായി ആ ഭാഷാതീക്ഷ്ണത പിന്നീട് മലയാളത്തില്‍ ആളിപ്പടര്‍ന്നു. ‘കാലം’, ‘അസുരവിത്ത്, ‘വിലാപയാത്ര’, ‘മഞ്ഞ്, എന്‍.പി. മുഹമ്മദുമായി ചേര്‍ന്നെഴുതിയ ‘അറബിപ്പൊന്ന്, ‘രണ്ടാമൂഴം’, ‘വാരാണസി’ തുടങ്ങിയ നോവലുകള്‍. കൂടാതെ ഒട്ടനവധി ചെറുകഥകളും നോവലെറ്റുകളും. എം.ടിയുടെ കരസ്പര്‍ശമേറ്റതെല്ലാം മലയാളികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. 1984-ലാണ് ‘രണ്ടാമൂഴം’ പുറത്തുവരുന്നത്. ഭീമനെ കേന്ദ്രകഥാപാത്രമാക്കി, മഹാഭാരതത്തെ ഭീമന്റെ വീക്ഷണത്തില്‍ കാണുന്ന ‘രണ്ടാമൂഴം’ എം.ടിയുടെ മാസ്റ്റര്‍പീസായി വിലയിരുത്തപ്പെടുന്നു.

സാഹിത്യജീവിതത്തിന്റെ സ്വാഭാവിക പരിണാമമായിരുന്നു എം.ടിക്ക് സിനിമയും. സ്വന്തം കൃതിയായ ‘മുറപ്പെണ്ണി’ന് തിരക്കഥയെഴുതിയാണ് ചലച്ചിത്രലോകത്ത് പ്രവേശിക്കുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അന്‍പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ അദ്ദേഹമുണ്ടായിരുന്നു. നിര്‍മ്മാല്യം(1973), ബന്ധനം(1978), മഞ്ഞ്(1982), വാരിക്കുഴി(1982), കടവ് (1991), ഒരു ചെറുപുഞ്ചിരി(2000) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ചെറുകഥകള്‍ പോലെതന്നെ ചെത്തിയൊതുക്കിയ, സമഗ്രതയാര്‍ന്ന തിരക്കഥകളായിരുന്നു എം.ടിയുടേത്. സംവിധായകനെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ച് മലയാള സിനിമയെ നവീകരിച്ചു. എം.ടി. രൂപപ്പെടുത്തിയ കഥാപാത്രങ്ങള്‍ മലയാളത്തിലെ മഹാരഥന്മാരായ നടന്മാരുടെ പ്രതിഭയ്ക്ക് ഉരകല്ലായി.

2005-ല്‍ രാജ്യം എം.ടിയെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. സാഹിത്യരംഗത്ത് ഭാരതത്തില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995-ല്‍ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചു. മലയാളസാഹിത്യത്തിന് നല്‍കിയ അമൂല്യസംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വകലാശാലയും മഹാത്മ ഗാന്ധി സര്‍വകലാശാലയും ഡി.ലിറ്റ്. നല്‍കി ആദരിച്ചു. എം.ടി. ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ‘നിര്‍മ്മാല്യം’ 1973-ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിനുപുറമേ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

മലയാളത്തിന്റെ മഹാനായ എഴുത്തുകാരന് മലയാളം യുകെ ന്യൂസിന്റെ പ്രണാമം

Copyright © . All rights reserved