ഓണം വിൽപ്പന ലക്ഷ്യമിട്ട് തയ്യാറാക്കി വച്ചിരുന്ന 200 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളും പിടികൂടി പെരുവന്താനം പോലീസ്. കുപ്പക്കയം സ്വദേശി കാപ്പ് കുളങ്ങര ജയചന്ദ്രൻ ആണ് പിടിയിലായത്. പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ട്രാവൻകൂർ റബ്ബർ ആൻഡ് ടി എസ്റ്റേറ്റിൽ കുപ്പക്കയത്ത് ആണ് ഇയാൾ വൻ തോതിൽ ചാരായ നിർമ്മാണം നടത്തി വന്നത്.
പെരുവന്താനം പോലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.എച്ച്.ഒ ത്രദീപ് ചന്ദ്രൻ, എസ്.ഐ അജേഷ്, എ.എസ്.ഐ ബിജു, ജിനേഷ്, മഞ്ഞുകുട്ടൻ, ജയലാൽ എന്നീ പോലീസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരന്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്. അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ് മരിച്ചത്. വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായതെന്നാണ് വിവരം.
സഹോദരന് പാല്‍ വാങ്ങാനായാണ് കുട്ടി പുറത്തേക്ക് പോയതാണെന്നാണ് വിവരം. ഏറെ നേരമായിട്ടും കാണാതായതോടെ പിതാവ് അന്വേഷിച്ച് പോകുകയായിരുന്നു. തുടര്‍ന്ന് കുട്ടി പാലിനായി കൊണ്ടുപോയ പാത്രം കണ്ടെത്തുകയും പിന്നീട് നാട്ടുകാരെ കൂട്ടി തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു.
തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹഭാഗങ്ങള്‍ ഭക്ഷിച്ച നിലയിലായിരുന്നു. പുലിയോ കരടിയോ ആണ് ആക്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാവുകയുള്ളു.
വാല്‍പ്പാറയില്‍ ഒരു മാസം മുമ്പ് മറ്റൊരു കുട്ടിയെ പുലി കടിച്ച് കൊലപ്പെടുത്തിയിരുന്നു. നാലു വയസ്സുകാരിയെ ആണ് അന്ന് പുലി കൊലപ്പെടുത്തിയത്.
ഓണ്‍ലൈൻ മദ്യവില്പനയില്‍ ബെവ്കോ എംഡിയെ തള്ളി മന്ത്രി എം.ബി. രാജേഷ്. സർക്കാർ നയം എക്സൈസ് മന്ത്രിയായ താൻ പറഞ്ഞു കഴിഞ്ഞു. അതിനുമുകളില്‍ മറ്റൊരു ഉദ്യോഗസ്ഥൻ ഇല്ലെന്നും സർക്കാർ പ്രവർത്തിക്കുന്നത് മന്ത്രിസഭ അംഗീകരിച്ച മദ്യനയം അനുസരിച്ചാണെന്നും മന്ത്രി വ്യക്തമാക്കി.
‘സർക്കാരിന്റെ നിലപാട് വ്യക്തമാക്കുക മന്ത്രിയാണ്. മലയാളത്തില്‍ പലതവണ ആ കാര്യം പറഞ്ഞു കഴിഞ്ഞതാണ്.
സർക്കാർ പ്രവർത്തിക്കുന്നത് മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ്. ആ മദ്യനയത്തില്‍ ഇങ്ങനെ ഒരു നിർദ്ദേശം ഇല്ല.’ മന്ത്രി പറഞ്ഞു.
ടിടിസി വിദ്യാര്‍ഥിനി സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ കാമുകനായ റമീസ് അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരേ ചുമത്തിയിരിക്കുന്നത്. ഇയാളുടെ കുടുംബാംഗങ്ങളെയും കേസില്‍ പ്രതി ചേര്‍ത്തേക്കുമെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ സോനയുടെ ആത്മഹത്യയ്ക്ക് കാരണം ലൗ ജിഹാദ് ആണെന്നാരോപിച്ച് ബിജെപി രംഗത്ത് വന്നു. കേരളത്തില്‍ പലയിടത്തും സമാനമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ നീതിയുക്തമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
അതേസമയം വിദ്യാര്‍ഥിനിയുടെ മരണത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് പൊലീസ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോനയെ റമീസ് മര്‍ദിച്ചതിന്റെ തെളിവുകളും പൊാലീസ് കണ്ടെടുത്തു. ആത്മഹത്യ ചെയ്യുമെന്ന് സോന പറഞ്ഞപ്പോള്‍, ആത്മഹത്യ ചെയ്തോളാന്‍ റമീസ് പറഞ്ഞതിന്റെ തെളിവുകളും വാട്സാപ്പ് ചാറ്റുകളില്‍ നിന്ന് പൊലീസിന് ലഭിച്ചു. റമീസിനെതിരെ ആത്മഹത്യാപ്രേരണ കുറ്റവും സോനയെ ഉപദ്രവിച്ചതിനുള്ള വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് ടിടിസി വിദ്യാര്‍ഥിനിയായ സോനയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. റമീസും ഇയാളുടെ കുടുംബവും മതംമാറാന്‍ നിര്‍ബന്ധിച്ചും വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.
വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്നായിരുന്നു റമീസിന്റെയും കുടുംബത്തിന്റെയും നിര്‍ബന്ധം. ഇതിനിടെ രജിസ്റ്റര്‍ വിവാഹം നടത്താമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയാണുണ്ടായതെന്നും ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാനാകില്ലെന്നും സോനയുടെ കുറിപ്പില്‍ പറയുന്നു.
‘വിമാനം പറന്നുയർന്ന് ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോഴാണ് പൈലറ്റിന്റെ അറിയിപ്പുകേട്ടത്. സാങ്കേതികത്തകരാറുണ്ട് എന്ന് കേട്ടപ്പോൾ ഞെട്ടി’ ഡൽഹി യാത്രയ്ക്കിടെ അടിയന്തര ലാൻഡിങ് നടത്തി. -വിമാനത്തിലുണ്ടായിരുന്ന കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. എന്നിട്ടും ലാൻഡിങ്ങിന് ഒരുമണിക്കൂറിലേറെ എടുത്തപ്പോൾ ശ്വാസമടക്കിപ്പിടിച്ചാണിരുന്നത്. നാല് എംപിമാർ മാത്രമല്ലല്ലോ, ഇത്രയും യാത്രക്കാരുടെ ജീവനല്ലേ -അദ്ദേഹം പറഞ്ഞു.
‘ചെന്നൈ വിമാനത്താവളത്തിനുമുകളിൽ പറന്ന് ഇന്ധനം തീരാറായപ്പോഴാണ് ലാൻഡിങ്ങിന് ശ്രമിച്ചത്. ലാൻഡിങ്ങിനായി ഇറങ്ങുമ്പോൾ റൺവേയിൽ മറ്റൊരുവിമാനമുണ്ടെന്ന അറിയിപ്പുവന്നു. ഞങ്ങളുടെ വിമാനം വീണ്ടും മുകളിലേക്കുപറന്നു. ഇതോടെ സാങ്കേതികത്തകരാറിനപ്പുറം ആശയവിനിമയത്തിലും പ്രശ്നമുണ്ടെന്നറിഞ്ഞു. പൈലറ്റിന്റെ മനഃസാന്നിധ്യമാണ് ഞങ്ങൾക്ക് തുണയായത്’. ചെന്നൈയിൽ ഇറങ്ങിയ ഉടൻ അധികൃതരെ വിളിച്ച് ശക്തമായഭാഷയിൽ പ്രതിഷേധമറിയിച്ചതായും ഔദ്യോഗികമായി അന്വേഷണമാവശ്യപ്പെട്ട് പരാതിനൽകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
7.30-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ 2455 വിമാനം ഒരുമണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടതെന്ന് വിമാനത്തിലുണ്ടായിരുന്ന അടൂർ പ്രകാശ് എംപി പറഞ്ഞു. ചെന്നൈയിൽ അടിയന്തരമായി ലാൻഡ് ചെയ്യുന്നെന്ന് അറിയിച്ചിട്ട് വീണ്ടും ഒരുമണിക്കൂറോളം ആകാശത്ത് പറന്നത് കൂടുതൽ ഭീതിയുണ്ടാക്കിയെന്നും അടൂർ പ്രകാശ് പറഞ്ഞു.
ഇവരെക്കൂടാതെ കൊടിക്കുന്നിൽ സുരേഷ്, കെ. രാധാകൃഷ്ണൻ എന്നീ എംപിമാരും ഈ വിമാനത്തിലുണ്ടായിരുന്നു. തിങ്കളാഴ്ച ഡൽഹിയിൽനടക്കുന്ന പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധപരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു എംപിമാർ. ഇവരെക്കൂടാതെ തമിഴ്‌നാട് എംപി റോബർട്ട് ബ്രൂസും ഇതേവിമാനത്തിലുണ്ടായിരുന്നു.
അതേസമയം, മുൻകരുതലെന്നനിലയിലാണ് വിമാനം വഴിതിരിച്ചുവിട്ട് ചെന്നൈയിൽ ഇറക്കിയതെന്നും സുരക്ഷാപരിശോധനയ്ക്കുശേഷം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.
മലബാറുകാർക്ക് ഫുട്ബോൾ ജീവവായു പോലെയാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഫുട്ബോളും മെസ്സിയും മലബാറിന്റെ ചങ്കിൽനിന്നിറങ്ങി പോകില്ല. ഇതിന് തെളിവായിരുന്നു കഴിഞ്ഞ ദിവസം എടപ്പാൾ അണ്ണക്കംപാട് നടന്ന വിവാഹ ആഘോഷം. കല്യാണപ്പന്തലിൽ നിറഞ്ഞുനിന്നത് മെസ്സിയും സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോനയും.
അണ്ണക്കംപാട് സ്വദേശി സെയ്ഫുവിന്റെ മകൻ ഷിജാസും കോഴിക്കോട് പയ്യോളി സ്വദേശി നൗഷാദിന്റെ മകൾ ആയിഷ നിഹാലയും തമ്മിലുള്ള വിവാഹ ആഘോഷമായിരുന്നു വേദി. വിവാഹ സൽക്കാരത്തിൽ സുഹൃത്തുക്കളും ബന്ധുക്കളിലധികവും എത്തിയത് ബാർസിലോനയുടെ ജഴ്സി അണിഞ്ഞുകൊണ്ട്. കൂടാതെ വരനും വധുവിനും ജഴ്സി സമ്മാനമായി നൽകുകയും ചെയ്തു.
വരന്റെ സുഹൃത്തുക്കളുടെ സസ്പെൻസ്, വധുവായ ആയിഷ നിഹാലയ്ക്കും കുടുംബത്തിനും ഏറെ കൗതുകമായി മാറി. സ്പെയിനിൽ നിന്നടക്കം എത്തിയ ഷിജാസിന്റെ സുഹൃത്തുക്കൾക്കും ആഘോഷം വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ഷിജാസ് വിവാഹ കത്ത് ഒരുക്കിയതും ബാർസിലോന ജഴ്സിയുടെ കളറിലായിരുന്നു.
അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന ഹെറോയിനുമായി രണ്ട് പേർ പിടിയിൽ. പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ അസം സ്വദേശിയായ സ്ത്രീ അടക്കമാണ് പിടിയിലായത്. അസാം സ്വദേശികളായ നൂർ അമീൻ (29), ഹിബ്ജുൻ നഹർ (25) എന്നിവരാണ് പിടിയിലായത്. പോഞ്ഞാശ്ശേരി പട്ടിപ്പാറയിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവരുടെ ബാഗിനുള്ളിൽ 14 ബോക്സുകളിൽ ആയിട്ടാണ് 30 ലക്ഷം രൂപ വില വരുന്ന ഹെറോയിൻ സൂക്ഷിച്ചിരുന്നത്.
എ എസ് പി ഹർഥിക്ക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
150 ഗ്രാം ഹെറോയിൻ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ട്രെയിൻ മാർഗ്ഗം ആലുവയിൽ എത്തിയ പ്രതികൾ അവിടെ നിന്ന് ഓട്ടോറിക്ഷയിൽ പോഞ്ഞാശേരി ഭാഗത്ത് എത്തുകയായിരുന്നു.
അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ലഹരിവസ്തുക്കൾ കൊണ്ടുവരുന്നത്. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ കുറെ നാളുകളായി പെരുമ്പാവൂരിൽ പോലീസിന്റെ ഭാഗത്തുനിന്നും വലിയ പരിശോധനകളാണ് നടത്തിവരുന്നത്.
ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കാതെയും ദുരുദ്ദേശത്തോടെയും ഉള്ളതാണെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ വ്യക്തമാക്കി.
തങ്ങളുടെ ദേശീയ ടീം കേരളത്തില്‍ സൗഹൃദമത്സരത്തിന് വരില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എ.എഫ്.എ ) ഇതുവരെ അറിയിച്ചിട്ടില്ല. കരാര്‍ പ്രകാരം 2025 ഓക്ടോബറിലാണ് ടീം എത്തേണ്ടത്. സര്‍ക്കാര്‍ നിശ്ചയിച്ച സ്‌പോണ്‍സര്‍ റിസര്‍വ് ബാങ്ക് അനുമതിയോടെ മാച്ച് ഫീ എ.എഫ്.എയ്‌ക്ക് കൈമാറിയതായി അറിയിച്ചിട്ടുമുണ്ട്. സന്ദര്‍ശനം 2026 ലേക്ക് മാറ്റണമെന്ന പുതിയ ആവശ്യം എ.എഫ്.എമുന്നോട്ടുവെച്ചു. അതു സമ്മതമല്ലെന്ന് അവരെ അറിയിച്ചിട്ടുണ്ട്.
മെസിയെയും സംഘത്തെയും കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ ചിലവഴിക്കുന്നു എന്നതായിരുന്നു ആദ്യം ഉയര്‍ത്തിയ ആരോപണം. എന്നാല്‍, സര്‍ക്കാരിന്റെ ചെലവിലല്ല ടീം വരുന്നതെന്ന് വ്യക്തമായപ്പോള്‍ മന്ത്രി വിദേശത്തു പോകാന്‍ 13 ലക്ഷം രൂപ ചിലവഴിച്ചു എന്നായി പ്രചാരണം. കേന്ദ്ര കായിക, വിദേശ, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയാണ് അര്‍ജന്റീന ടീമിനെ കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയത്.
എ.എഫ്.എഭാരവാഹികളുമായി ഓണ്‍ലൈനായി നടന്ന ആശയവിനിമയങ്ങളെ തുടര്‍ന്നാണ് സ്‌പെയ്‌നിലെ മാഡ്രിഡില്‍ വെച്ച് അവരുമായി ചര്‍ച്ച നടത്തിയത്. ഈ സന്ദര്‍ശനത്തെ തുടര്‍ന്നാണ് എ.എഫ്.എയും സ്‌പോണ്‍സറും കരാറില്‍ ഏര്‍പ്പെട്ടത്. അര്‍ജന്റീന സോക്കര്‍ സ്‌കൂളുകള്‍ കേരളത്തില്‍ തുടങ്ങുക, കായികപരിശീലന അക്കാദമികള്‍ ആരംഭിക്കുക, നമ്മുടെ കോച്ചുമാര്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയുടെ ഭാഗമായി പരിഗണനയിലാണ്.
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ ക്ഷണിക്കാന്‍ മാത്രമായിരുന്നില്ല ഈ സന്ദര്‍ശനം. ലോക ക്ലബ് ഫുട്‌ബോളില്‍ ഒന്നാമതുള്ള സ്‌പെയ്‌നിലെ ലാ ലിഗ, സ്‌പെയ്ന്‍ ഹയര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവരുമായി സഹകരിക്കുന്നതിനും ഈ സന്ദര്‍ശനത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കായികവൈദഗ്ധ്യ വികസന പരിപാടികള്‍, സ്‌പോര്‍ട്‌സ് സയന്‍സ്, സ്‌പോര്‍ട്‌സ് റിസര്‍ച്ച്, കായികമേഖലയുടെ ഡിജിറ്റലൈസേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്‌പെയ്ന്‍ ഹയര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചര്‍ച്ച നടത്തി.
അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ സാങ്കേതിക സഹായം, സ്‌പോര്‍ട്‌സ് സ്‌കൂളുകളിലെ കരിക്കുലം പരിഷ്‌ക്കരണം, പാരാ ഫുട്‌ബോള്‍, കായിക രംഗത്ത് സാമ്പത്തിക സഹായം തുടങ്ങിയ വിഷയങ്ങളിലാണ് ലാ ലിഗ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.
സംസ്ഥാനം കൊണ്ടുവന്ന പുതിയ കായികനയത്തിലെ പ്രധാന നിര്‍ദ്ദേശമാണ് കായിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക എന്നത്. 200 ദശലക്ഷം ഡോളര്‍ വരുന്ന നമ്മുടെ കായിക വിപണിയുടെ മൂല്യം അടുത്ത അഞ്ച് വര്‍ഷം കൊണ്ട് മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. അതിന്റെ ആദ്യപടിയായിരുന്നു അന്താരാഷ്ട്ര കായിക ഉച്ചകോടി.
2024 ജനുവരിയില്‍ നടന്ന ഉച്ചകോടിയില്‍ 8 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. കായിക സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് ഏറവും പ്രധാനമാണ് വിദേശ സഹകരണം. കേരള നിയമസഭ അംഗീകരിച്ച 2025-26 സംസ്ഥാന ബജറ്റിലെ പ്ലാന്‍ റെറ്റപ്പ് പ്രകാരം കായികവകുപ്പിന് അനുവദിച്ച കായികവികസന നിധി എന്ന ഹെഡ്ഡില്‍ വിദേശ സഹകരണത്തിന് ഉള്‍പ്പെടെ ചെലവഴിക്കാന്‍ 8.4 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ടീമുകളെ ക്ഷണിക്കുന്നതും മത്സരങ്ങളുടെ നടത്തിപ്പും ഉള്‍പ്പെടെ കായിക, മാനവവിഭവശേഷി വികസനത്തിന് അന്താരാഷ്ട്ര കായിക സഹകരണവും കൈമാറ്റങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന് കായികവികസന നിധിയുടെ ഹെഡ്ഡില്‍ വിശദീകരിക്കുന്നുണ്ട്. അതുപ്രകാരമാണ് കായിക വകുപ്പ് സെക്രട്ടറിക്കും കായിക ഡയറക്ടര്‍ക്കും ഒപ്പം സ്‌പെയ്ന്‍ സന്ദര്‍ശനം നടത്തിയത്.
കേരളം നിരവധി രാജ്യങ്ങളുമായി കായികരംഗത്ത് സഹകരിക്കുന്നുണ്ട്. യൂറോപ്പില്‍ മുന്‍നിരയിലുള്ള നെതര്‍ലന്റ്‌സ് ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ച് നമ്മുടെ പരിശീലകര്‍ക്ക് റിഫ്രഷര്‍ കോഴ്‌സ് നടത്തിയിരുന്നു. ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ സര്‍വകലാശാലയുമായി ചേര്‍ന്ന് പരിശീലന വികസന പദ്ധതികളും ഇറ്റലിയിലെ എ സി മിലാന്‍ ഫുട്‌ബോള്‍ ക്ലബുമായി ചേര്‍ന്ന് ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഫുട്‌ബോള്‍ അക്കാദമിയും നടക്കുന്നുണ്ട്.
ക്യൂബയുമായി സഹകരിച്ച് ചെ അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്റ് നടത്തിയിരുന്നു. ക്യൂബയില്‍ നിന്ന് കായിക പരിശീലകരെ കൊണ്ടുവരാനുള്ള ധാരണാപത്രത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
കേരളത്തെ ഒരു ആഗോള ഫുട്‌ബോള്‍ ഹബ്ബാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഫുട്‌ബോള്‍ രംഗത്ത് 5 ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കുന്നതിന് ഗോള്‍ പദ്ധതി ആരംഭിച്ചു. വനിതകള്‍ക്കായി 2 അക്കാദമികള്‍ ഉള്‍പ്പെടെ സര്‍ക്കാരിനു കീഴില്‍ 3 ഫുട്‌ബോള്‍ അക്കാദമികള്‍ ആരംഭിച്ചു. ഈ രംഗത്ത് കൂടുതല്‍ വികസനത്തിന് വിദേശ സഹകരണം ആവശ്യമാണ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പത്തോളം അക്കാദമികളില്‍ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്നുണ്ട്.
കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കുള്ള ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ സമ്മാനമായിരിക്കും മെസിയടങ്ങുന്ന അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനം. നമ്മുടെ ഫുട്‌ബോള്‍ മേഖലയ്ക്ക് വലിയ പ്രചോദനം നല്‍കാന്‍ മെസിയുടെയും സംഘടത്തിന്റെയും സാന്നിധ്യത്തിന് സാധിക്കും. കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും സാമ്പത്തികമേഖലയ്ക്ക് ഒന്നാകെയും വലിയ പ്രോത്സാഹനം നല്‍കാനും കഴിയും.
പെൺസുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് പ്ലസ് ടു വിദ്യാർഥിക്ക് സഹപാഠിയുടെ മർദ്ദനമേറ്റു. തിരുവനന്തപുരം കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ പുല്ലൂർമുക്ക് സ്വദേശിക്കാണ് കഴിഞ്ഞ ദിവസം ക്ലാസ് മുറിയിൽ വച്ച് സഹപാഠിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. സൈക്കിൾ ചെയിൻ ഉപയോഗിച്ചായിരുന്നു ആക്രമണം ഉണ്ടായതെന്ന് കല്ലമ്പലം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റു. തലയിൽ അടികിട്ടിയപ്പോൾ കൈകൊണ്ട് തടയാൻ ശ്രമിച്ചതാണ് കൈയ്യിലും പരിക്കേൽക്കാൻ കാരണം. കൈയുടെ അസ്ഥിക്ക് പൊട്ടലും തലയുടെ വിവിധ ഭാഗങ്ങളിലായി ചതവുകൾ ഉണ്ടെന്നും മാതാവ് പറയുന്നു.
ഉപദ്രവിക്കുന്ന കാര്യം ഫോണിൽ സന്ദേശമായി അയച്ചിരുന്നുവെന്നും കുട്ടി ആക്രമം നേരിട്ട സംഭവം സ്കൂൾ അധികൃതർ വീട്ടുകാരോട് പറയാൻ വൈകിപ്പിച്ചെന്നും ആരോപണം ഉണ്ട്. കേസെടുത്ത പൊലീസ് മർദിച്ച സഹപാഠിക്കെതിരെ ജൂവനൈൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചു.
വാടകവീട്ടിൽ രണ്ട് സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സഹോദരിമാരുടെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് വിവരം. ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ലോറിക്കൽ റോഡിലെ വാടകവീട്ടിലായിരുന്നു സംഭവം. ഇവരോടൊപ്പമുണ്ടായിരുന്ന സഹോദരൻ പ്രമോദിനെ കാണാനില്ല. കഴിഞ്ഞ മൂന്നു വർഷമായി ഇവർ അവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ പ്രമോദ് സഹോദരിമാർ മരിച്ച വിവരം ബന്ധുക്കളെയും സുഹൃത്തിനെയും വിളിച്ചറിയിച്ചിരുന്നു. ഇതനുസരിച്ച് ബന്ധുക്കൾ വീട്ടിലെത്തി നോക്കിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടത്. വെള്ള തുണി പുതപ്പിച്ച് തലമാത്രം പുറത്തു കാണുന്ന നിലയിൽ രണ്ടു മുറികളിലായിരുന്നു മൃതശരീരങ്ങൾ. പ്രമോദിനെ ഫോണിലും മറ്റും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ആദ്യം റിംഗ് ചെയ്തിരുന്നെങ്കിലും പിന്നീട് ഓഫാക്കിയിരിക്കുന്നതായുള്ള സന്ദേശമാണ് ഫോണിൽ വിളിച്ചപ്പോൾ ലഭിച്ചതെന്ന് അയൽവാസികൾ അറിയിച്ചു.
വാടക വീടിനടുത്തുളള ആശുപത്രിയിൽ ചില രോഗങ്ങൾക്കായി ചികിത്സ തേടി വന്ന സഹോദരിമാരാണ് ശ്രീജയയും പുഷ്പയുമെന്നാണ് അയൽവാസികൾ പറയുന്നത്. പ്രമോദിന്റെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് ഫോൺ ഓഫ് ചെയ്യുന്നതിനു മുൻപ് ഇയാൾ ഫറോക്ക് ഭാഗത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.