സിനിമാരംഗത്ത് കാസ്റ്റിങ് കൗച്ച് ചിലർക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അമ്മ വൈസ് പ്രസിഡന്റ് നടൻ ജഗദീഷ്. ഹേമ കമ്മിറ്റിക്കുമുന്നിൽ വനിതകൾ നൽകിയ മൊഴികൾ അപ്രസക്തമാണെന്നു താൻ പറയില്ല. ആരോപണവിധേയർ അഗ്നിശുദ്ധി തെളിയിക്കട്ടെ. അവരുടെ പേരിൽ കോടതി കേസെടുക്കാൻ നിർദേശിച്ചാൽ അമ്മ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ജഗദീഷ് പറഞ്ഞു.
ഇരയായവരുടെ പേര് റിപ്പോർട്ടിൽനിന്ന് ഒഴിവാക്കാം. എന്നാൽ, വേട്ടക്കാരുടെ പേര് ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കാസ്റ്റിങ് കൗച്ച് നേരിടേണ്ടിവന്നവർ അക്കാര്യം പറയുമ്പോൾ അന്ന് പറയാത്തതെന്താ എന്ന് ചോദിക്കാനാകില്ല. എത്ര കൊല്ലം മുൻപ് നടന്നതായാലും ലൈംഗികചൂഷണവും ലൈംഗികാതിക്രമങ്ങളും ഒരിക്കലും സ്വാഗതം ചെയ്യാനാകില്ല.
അതേസമയം, റിപ്പോർട്ടിലെ വിലയിരുത്തലുകളെ സാമാന്യവത്കരിക്കരുത്. വിജയിച്ച നടിയോ നടനോ വഴിവിട്ട പാതയിലൂടെ വന്നവരാണെന്ന് ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല.
അമ്മയ്‌ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ചേംബറിനോ ഈ വിഷയങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. റിപ്പോർട്ടിന്റെ പൂർണരൂപത്തിൽ കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കണം. പേരുകൾ പുറത്തുവിടാൻ കോടതി അനുവദിക്കുമെങ്കിൽ അതു നടക്കട്ടെ. കോടതി എന്തു തീരുമാനമെടുത്താലും പൂർണ്ണമായും സഹകരിക്കും.
റിപ്പോർട്ട് അന്നുതന്നെ പുറത്തുവിട്ടിരുന്നെങ്കിൽ ഇക്കാലത്തിനിടെ പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടായേനെയെന്നും ജഗദീഷ് പറഞ്ഞു.
മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതികളില്‍ ഒരാളെ വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ വിളക്കോട് സ്വദേശി സഫീര്‍ ആണ് അറസ്റ്റിലായത്. തലശ്ശേരിയില്‍ നിന്നാണ് ഇയാളെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്.
കേസിലെ മുഖ്യപ്രതി അശമന്നൂര്‍ സവാദിന് മട്ടന്നൂരില്‍ ഒളിത്താവളം ഒരുക്കിയത് സഫീറാണെന്നാണ് എന്‍.ഐ.എ കണ്ടെത്തിതിന് പിന്നാലെ അയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സഫീറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ ഈ മാസം 29 ന് കോടതി പരിഗണിക്കും.
2010 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ചോദ്യ പേപ്പറില്‍ മതനിന്ദ ആരോപിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫസര്‍ ടി.ജെ.ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു.
കേസിലെ ഒന്നാം പ്രതി അശമന്നൂര്‍ സവാദിനെ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്‍ഐഎ സംഘം പിടികൂടിയത്. കണ്ണൂരില്‍ നിന്നാണ് ഇയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും വിളിച്ചുവരുത്തി പരിശോധിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനം റിപ്പോർട്ടിൽ അന്വേഷണം എന്ന നിർണായകമായ തീരുമാനത്തിലേക്കുള്ള ആദ്യചുവടുവെപ്പാകുമോയെന്നത് ചർച്ചയാകുന്നു. അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി വ്യാഴാഴ്ച പരിഗണിക്കവേ മൊഴിനൽകിയവർക്ക് പോലീസിനെ സമീപിക്കാമല്ലോ എന്നായിരുന്നു കോടതിയുടെ ആദ്യപ്രതികരണം. അതല്ലെങ്കിൽ മജിസ്ട്രേറ്റ് കോടതിയിലും പരാതിനൽകാം -ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജിക്കാരനോട് പറഞ്ഞു.
അന്വേഷണം എന്ന ആവശ്യം റിപ്പോർട്ടിൽ ഇല്ലാത്തത് സർക്കാരും ചൂണ്ടിക്കാട്ടി. സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് ശുപാർശകളടങ്ങിയ റിപ്പോർട്ട് നൽകാനാണ് ഹേമ കമ്മിറ്റിയെ നിയമിച്ചതെന്നും വാദിച്ചു. ഈ വാദം തള്ളിക്കൊണ്ടാണ് റിപ്പോർട്ട് പൂർണമായും പരിശോധിക്കാൻ കോടതി തീരുമാനിച്ചത്.
സ്ത്രീകൾക്കെതിരേ ലൈംഗികാതിക്രമവും ചൂഷണവും നടന്നുവെന്ന് റിപ്പോർട്ടിലുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോഴും അന്വേഷണം എന്ന ആവശ്യം ഹൈക്കോടതി മുൻ ജഡ്ജികൂടിയായ കെ. ഹേമ റിപ്പോർട്ടിൽ ഉന്നയിച്ചിട്ടില്ലെന്നതായിരുന്നു അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടിയത്. ഇതിനായി റിപ്പോർട്ടിലെ ചില പേജുകളും പ്രത്യേകം പരാമർശിച്ചു. അന്വേഷണമടക്കമുള്ള ആവശ്യം ഇല്ലാത്തതിനാലാണ് ജുഡീഷ്യൽ കമ്മിഷനുപകരം കമ്മിറ്റിയെ നിയോഗിച്ചത് എന്നും വിശദീകരിച്ചു.
290 പേജുകൾ അടങ്ങിയതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇതിൽ 233 പേജുകളാണ് വിവരാവകാശ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പുറത്തുവിട്ടത്. പുറത്തുവിടാത്ത 57 പേജുകളിൽ വ്യക്തികളുടെ സ്വകാര്യതയിലേക്ക് വിരൽചൂണ്ടുന്ന ഭാഗങ്ങളുണ്ടെന്ന പേരിലാണ് നൽകാതിരുന്നത്. ഇതടക്കം മുദ്രവെച്ച കവറിൽ ഹാജരാക്കാനാണ് കോടതി നിർദേശം.
അപ്പോഴും റിപ്പോർട്ടിന്റെ അനുബന്ധമായ വാട്സാപ്പ് ചാറ്റുകളും ഒാഡിയോ, വീഡിയോ ദൃശ്യങ്ങളും ഒന്നും കോടതിയിൽ എത്തില്ല. കമ്മിറ്റി അവ സർക്കാരിന് കൈമാറിയിട്ടില്ല എന്നാണ് എ.ജി. കോടതിയിൽ പറഞ്ഞത്. റിപ്പോർട്ട്് പരിശോധിച്ചശേഷം കോടതി ഇവയും വിളിച്ചുവരുത്തി പരിശോധിക്കുമോ എന്നൊന്നും ഇപ്പോൾ വ്യക്തമല്ല.
വയനാട് ഉരുള്‍പ്പൊട്ടല്‍ സംബന്ധിച്ച് ഭൗമശാസ്ത്ര വിദഗ്ധന്‍ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പുനരധിവാസത്തിനായുള്ള സ്ഥലങ്ങളും ദുരന്ത മേഖലയിലെ അപകട സാധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങളും സംബന്ധിച്ച് രണ്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കിയത്. ജോണ്‍ മത്തായി നല്‍കിയ റിപ്പോര്‍ട്ട് വിലയിരുത്തുന്ന അഞ്ചംഗ ഉന്നതാധികാര സമിതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ സന്ദര്‍ശനം നടത്തിയാണ് ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദ്ഗ്ധ സംഘം ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. മൂന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കേണ്ടതില്‍ പുനരധിവാസം സംബന്ധിച്ചും അപകട മേഖലകള്‍ സംബന്ധിച്ചുള്ളതുമാണ് സമര്‍പ്പിച്ചത്. പുനരധിവാസത്തിന് 24 സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നതില്‍ 12 ഇടത്ത് വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി. ഇതില്‍ അഞ്ച് സ്ഥലങ്ങള്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പുഞ്ചിരിമട്ടം താമസ യോഗ്യമല്ലെന്ന് കണ്ടെത്തിയ സംഘം പുഞ്ചിരിമട്ടം, മുണ്ടക്കൈ, പടവെട്ടിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ അപകട മേഖലകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാമത്തെ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
പുഴയില്‍ നിന്നുള്ള ദൂരം, ഭൂമിയുടെ ചെരിവ്, നീര്‍ച്ചാല്‍ ഒഴുക്ക് തുടങ്ങിയവ പരിഗണിച്ചാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളിലെ അപകട മേഖലകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ചിലയിടങ്ങളില്‍ പുഴയില്‍ നിന്ന് 350 മീറ്റര്‍ വരെ അപകട മേഖലയായി തരം തിരിച്ചിട്ടുണ്ട്. അന്‍പത് മീറ്റര്‍ ഉണ്ടായിരുന്ന പുഴ ഉരുള്‍പ്പൊട്ടലോടെ നൂറോ നൂറ്റമ്പതോ മീറ്ററായി പരിണമിച്ചിട്ടുണ്ട്.
പുഴയുടെ പുതിയ വക്ക് കണ്ടെത്തി തിരിച്ചറിഞ്ഞ സംഘം അവിടെ നിന്നാണ് അപകട മേഖല കണക്കാക്കിയിരിക്കുന്നത്. ഇതിന് പുറമെയുള്ളതെല്ലാം സുരക്ഷിത സ്ഥലമായും കണക്കാക്കും. എങ്ങനെ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായെന്നുള്ള റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇനിയും നല്‍കിയിട്ടില്ല. ഇത് പ്രഭവകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമേ തയ്യാറാക്കൂ.
ഡോ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് അതിന് മുകളിലുള്ള ഉന്നതാധികാര സമിതി ഇനി പഠിക്കും. അവര്‍ ഈ ആഴ്ച അവസാനത്തോടെ ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ സന്ദര്‍ശനം നടത്തി ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് നല്‍കുകയാകും ചെയ്യുക.
എന്നാല്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നിലവില്‍ തുടരുകയാണ്. 119 പേരെയാണ് നിലവില്‍ കണ്ടെത്താനുള്ളത്. തിരച്ചില്‍ സംഘത്തില്‍ ആളുകളെ വെട്ടിക്കുറച്ചത് വിമര്‍ശനത്തിന് വഴി വച്ചിരുന്നു. വയനാട്ടില്‍ ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ ജാഗ്രത തുടരുന്നുണ്ട്. അതേസമയം ക്യാമ്പുകളില്‍ 97 കുടുംബങ്ങള്‍ തുടരുകയാണ്. ഇതുവരെ 630 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
മുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. ഇതേത്തുടർന്ന് എയർഇന്ത്യ 657 വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി.
മുംബൈയിൽനിന്ന് വ്യാഴാഴ്ച പുലർച്ചെ 5.45-ന് പുറപ്പെട്ടവിമാനം 8.10-നായിരുന്നു തിരുവനന്തപുരത്ത് ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഭീഷണിയെ തുടർന്ന് എട്ടുമണിയോടെ അടിയന്തരമായി നിലത്തിറക്കുകയായിരുന്നു.
135 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കി പരിശോധന നടത്തി വരികയാണ്. യാത്രക്കാരുടെ ലഗേജ് അടക്കം പരിശോധിക്കും.
യാത്രക്കാർ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. രാവിലെ 7.30-ഓടെയാണ് ഭീഷണി സന്ദേശത്തെ കുറിച്ച് പൈലറ്റ് അറിയിച്ചതെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. എവിടെ നിന്നാണ് ഭീഷണി ലഭിച്ചതെന്നത് ഉൾപ്പടെയുള്ള മറ്റുവിവരങ്ങൾ ലഭ്യമായിട്ടില്ല.
പത്തനംതിട്ട മുക്കൂട്ടുതറയിലെ ജെസ്ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പറയാനുള്ളത് എല്ലാം സിബിഐയോട് പറഞ്ഞിട്ടുണ്ടെന്ന് മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരി.
ലോഡ്ജ് ഉടമയുമായുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്താനുള്ള കാരണമെന്നും വെളിപ്പെടുത്തല്‍ നടത്താന്‍ വൈകിയതില്‍ കുറ്റബോധമുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടര മണിക്കൂര്‍ സമയമെടുത്താണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്.
തിരുവനന്തപുരത്തു നിന്നുള്ള അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. ജെസ്‌നയെ ലോഡ്ജില്‍ കണ്ടതായി ഇവര്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ലോഡ്ജ് ഉടമ ബിജു സേവ്യറിന്റെ മൊഴി സിബിഐ ഉദ്യോഗസ്ഥര്‍ ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
മുണ്ടക്കയത്തുള്ള ലോഡ്ജില്‍ ജെസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ യുവാവിനൊപ്പം കണ്ടെന്നായിരുന്നു മുന്‍ ജീവനക്കാരി പറഞ്ഞത്. യുവാവിനൊപ്പം 102-ാം നമ്പര്‍ മുറിയില്‍ താമസിച്ചിരുന്നു. ക്രൈം ബ്രാഞ്ചിനോട് വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും തനിക്ക് ഭീഷണിയുണ്ടെന്നും ജീവനക്കാരി പറഞ്ഞിരുന്നു.
എന്നാല്‍ ജീവനക്കാരിയുടെ വാദം തള്ളി ലോഡ്ജ് ഉടമ രംഗത്ത് വന്നിരുന്നു. ആരോപണമുയര്‍ത്തിയ സ്ത്രീ ലോഡ്ജില്‍ ലൈംഗിക തൊഴില്‍ നടത്തിയിരുന്നു. ഇത് എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ ആരോപണത്തിനുള്ള കാരണമെന്നും ഉടമ ബിജു പറഞ്ഞു. 2018 മാര്‍ച്ച് 22 നാണ് പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് ജെസ്‌നയെ കാണാതായത്.
കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിത് തംസുമിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണായക വിവരം പൊലീസിന് വിവരം ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ പൊലീസിന് വിവരം ലഭിച്ചത്. ഇത്രേ ട്രെയിനിൽ കുട്ടിയുടെ എതിർവശത്തുള്ള സീറ്റിൽ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരിയാണ് പൊലീസിന് നിർണായക വിവരം കൈമാറിയത്.
തിരുവനന്തപുരത്തു നിന്ന് കുട്ടി ട്രെയിൻ കയറിയെന്നാണ് സഹയാത്രിക പൊലീസിനെ അറിയിച്ചത്. ട്രെയിനിൽ ഇരുന്ന് കുട്ടി കരയുന്നതു കണ്ട യാത്രക്കാരി കുട്ടിയുടെ ഫോട്ടോ എടുത്തു. ഈ ഫോട്ടോയാണ് പൊലീസിന് ലഭിച്ചത്. കുട്ടിയുടെ കൈയിൽ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോട്ടോ എടുത്ത ബബിത എന്ന യാത്രക്കാരി പൊലീസിനെ അറിയിച്ചു. കുട്ടി 50 രൂപയുമായാണ് വീട്ടിൽ നിന്ന് പോയതെന്ന് മാതാപിതാക്കളും പൊലീസിനോട് പറഞ്ഞിരുന്നു.
ലഭിച്ച ചിത്രത്തിൽ നിന്ന് കുട്ടിയെ തിരിച്ചറിഞ്ഞ പൊലീസ് ഫോട്ടോ കുട്ടിയുടെ വീട്ടുകാരെയും കാണിച്ചു. പെൺകുട്ടിയുടെ അച്ഛൻ ഇത് തന്റെ മകൾ തന്നെയെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കന്യാകുമാരി പൊലീസിന് ഇതിനോടകം തന്നെ കേരള പൊലീസ് വിവരം കൈമാറിയിട്ടുണ്ട്.
കന്യാകുമാരി വരെ മാത്രം പോകുന്ന ട്രെയിൻ ആയതിനാൽ അവിടെത്തന്നെ ഇറങ്ങിയിരിക്കാനുള്ള സാധ്യതയാണുള്ളത്. എന്നാൽ ഇടയ്ക്ക് മറ്റേതെങ്കിലും സ്റ്റേഷനിൽ ഇറങ്ങാനുള്ള സാധ്യതയുമുണ്ട്. കന്യാകുമാരി എത്തുന്നതിന് മുമ്പ് ഈ ട്രെയിനിന് അഞ്ച് സ്റ്റോപ്പുകളുമുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള പൊലീസ് സംഘം ഉടൻ തന്നെ കന്യാകുമാരിയിലേക്ക് പുറപ്പെടും.
മർദനമേറ്റ് ചികിത്സയിലിരിക്കെ വയോധികൻ മരിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പൂവത്തൂർ ചുടുകാട്ടിൻമുകൾ വിഷ്ണുഭവനിൽ മോഹനൻ ആശാരി (62) ആണ് മർദനമേറ്റ് തിങ്കളാഴ്ച മരിച്ചത്. നെടുമങ്ങാട് ചെല്ലാംങ്കോട് നടുവന്തല സ്വദേശി മോഹനൻ നായർ (67), ചെല്ലാംകോട് വേണു മന്ദിരത്തിൽ വേണു (63) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
മുക്കോല ജങ്ഷനിൽ വച്ചായിരുന്നു അക്രമം. ഇരട്ടപ്പേര് വിളിച്ചതിന്റെ പേരിലുള്ള തർക്കമാണ് സംഘട്ടനത്തിലെത്തിയത്. ഒന്നാം പ്രതിയായ മോഹനൻ, മോഹനൻ ആചാരിയെ പിടിച്ചുതള്ളി. വെയിറ്റിങ് ഷെഡ്ഡിന്റെ അരച്ചുമരിൽ വന്നു വീണ മോഹനൻ ആചാരിയുടെ കഴുത്തിന്റെയും തലയുടെയും പുറകു ഭാഗത്ത് ശക്തമായ ഇടികിട്ടി.
അബോധാവസ്ഥയിൽ മൂന്ന് മണിക്കൂറോളം മുക്കോലയിൽ മഴ നനഞ്ഞു കിടന്ന ഇയാളെ വിവരമറിഞ്ഞ ഭാര്യയും മകൻ വിഷ്ണുവും ആശുപത്രിയിലെത്തിച്ചു.മർദിച്ചവരുടെ വിവരങ്ങൾ മോഹനൻ ആശാരി പറഞ്ഞിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പുറകെയാണ് കേരളത്തിലെ എല്ലാ മാധ്യമങ്ങളും . ഇതിനിടെ പേരു പറയാതെ റിപ്പോർട്ടിൽ പരാമർശിക്കുന്നത് ആരെ കുറിച്ചാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങി. സമൂഹമാധ്യമങ്ങൾ വഴി പല നടന്മാരുടെയും പേരുകളാണ് കമന്റുകളും മറ്റും ആയി പ്രചരിക്കുന്നത്.
ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശുപാർശകൾ അതീവ പ്രാധാന്യം നൽകി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചത്. റിപ്പോർട്ടിൽ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങളുണ്ട്. അതിനാൽ, റിപ്പോർട്ട് പുറത്തുവിടാൻ പാടില്ലെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഒരു പൂഴ്ത്തലും ഉണ്ടായിട്ടില്ല. റിപ്പോർട്ടിൽ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇത് പുറത്തുവിടാൻ പാടില്ല എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഹേമ തന്നെ 2020 ഫെബ്രുവരി 19-ന് സർക്കാരിന് കത്ത് നൽകിയിരുന്നു. തങ്ങളുടെ കമ്മിറ്റി മുൻപാകെ സിനിമാ മേഖലയിലെ ചില വനിതകൾ നടത്തിയത് തികച്ചു രഹസ്യാത്മകമായ വെളിപ്പെടുത്തലുകളാണ്. ആയതിനാൽ യാതൊരു കാരണവശാലും താൻ അടങ്ങുന്ന കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവിടാൻ പാടില്ലെന്ന് ജസ്റ്റിസ് ഹേമ കത്തിൽ ആവർത്തിച്ചു പറഞ്ഞിരുന്നു.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 63 പേജുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാതെ മാറ്റിവച്ചിരുന്നു. സ്വകാര്യതയെ ഹനിക്കുന്നതാണെന്ന് പറഞ്ഞാണ് ഇത് മാറ്റിവച്ചത്. ലഭിച്ച മൊഴികളുടെയെല്ലാം അടിസ്ഥാനത്തില്‍ അവസാനഘട്ടത്തിലാണ് കേസ് എടുക്കുന്നത് സംബന്ധിച്ച ചില നിര്‍ദേശങ്ങള്‍ അടങ്ങിയിട്ടുള്ളത്. കേസെടുക്കാവുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുന്നതായിട്ടാണ് റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ സൂചിപ്പിക്കുന്നത്.
സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന വിധത്തില്‍ പെരുമാറിയാല്‍ ഐപിസി 354 പ്രകാരം അഞ്ച് വര്‍ഷം വരെ ശിക്ഷ കിട്ടാം. സിനിമയിലെ പവര്‍ മാഫിയയുമായി എന്തെങ്കിലും തരം അഭിപ്രായ ഭിന്നതയോ വിദ്വേഷമോ ഉണ്ടായാല്‍ അവര്‍ക്കെതിരെ ഫാന്‍സിന്റെ സൈബര്‍ ആക്രമണം പതിവാണ്. മോശം ചിത്രങ്ങളും ദൃശ്യങ്ങളുമിട്ട് അവരെ പൊതുസമൂഹത്തിന് മുന്നില്‍ നാണം കെടുത്തുന്നതും പതിവാണ്. ഇതില്‍ നടനും ഫാന്‍സും കുറ്റക്കാരാണ്. ഇതില്‍ കേസ് എടുക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു
22 വർഷം മെത്രാനായും, 17 വർഷം മെത്രാപ്പോലീത്തയായും ചങ്ങനാശ്ശേരി അതിരൂപതയെ സമൃദ്ധമായി നയിക്കുന്ന മാർ ജോസഫ് പെരുന്തോട്ടം പിതാവ് വിരമിക്കുന്നു. പുന്നത്തുറ കോങ്ങാണ്ടൂർ പെരുന്തോട്ടം ജോസഫ് – അന്നമ്മ ദമ്പതികളുടെ പുത്രനായി ബേബിച്ചൻ എന്ന് വിളിക്കുന്ന മകൻ ജനിച്ചത് 1948 ജൂലൈ 5 ന് ആയിരുന്നു. 1974 ൽ തിരുപ്പട്ടം സ്വീകരിച്ചു!2002 മെയ് മാസത്തിൽ ചങ്ങനാശ്ശേരി സഹായമെത്രാനായി 2007മാർച്ച് 19 മുതൽ ചങ്ങനാശ്ശേരി അതിരൂപതയിലെ മെത്രാപ്പോലീത്ത ആയി മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ പിൻഗാമിയായി ചങ്ങനാശേരി അതിരൂപതയെ സീറോ മലബാർ സഭയുടെ മാതൃക അതിരൂപത ആയി മുന്നോട്ട് നയിച്ചു വരുന്നു.
പാലാ, കാഞ്ഞിരപ്പള്ളി രൂപതകൾ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ ഉള്ള രൂപതകളായി മുന്നോട്ടു നയിക്കുമ്പോൾ അതിൽ മാർ ജോസഫ് പെരുന്തോട്ടം വഹിച്ച പങ്ക് സ്തുത്യർഹമാണ്. നാളെ തുടങ്ങുന്ന സിനഡിൽ അദ്ദേഹം വിരമിക്കുന്ന വിവരം പ്രഖ്യാപികുകയും പിൻഗാമി ആരെന്ന് പ്രഖ്യാപിക്കുകയും ചെയ്യും.