Kerala

‘നക്ഷത്രങ്ങള്‍ക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ല. തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമുള്ള ദുരൂഹതകളുടെ ആകാശം വാസ്തവത്തില്‍ അങ്ങനെയല്ലെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കാണുന്നതെല്ലാം വിശ്വസിക്കരുത്. ഉപ്പു പോലും കാഴ്ചയ്ക്ക് പഞ്ചസാര പോലെയാണ്’… മലയാള സിനിമയില്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആമുഖ പരാമര്‍ശമാണിത്.

മലയാള സിനിമയില്‍ സ്വന്തമായി ആരാധകരുള്ളവരും പണമിറക്കി ആരാധക വൃന്ദങ്ങളെ സൃഷ്ടിച്ച് കീ ജയ് വിളിപ്പിക്കുന്നവരുമായ പല നടന്‍മാരുടെയും ചീഞ്ഞളിഞ്ഞ പൊയ്മുഖം ചിതറി വീഴുന്നതായി മാറി ഇന്ന് പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. സ്വകാര്യത മാനിച്ച് റിപ്പോര്‍ട്ടിലെ ‘സെന്‍സിറ്റീവായ’ വിവരങ്ങള്‍ അടങ്ങിയ പേജുകള്‍ ഒഴിവാക്കിയാണ് നിലവില്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുള്ളത്. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പൂര്‍ണമായി പുറം ലോകമറിഞ്ഞാല്‍ ആരാധകരുടെ ‘മാതൃകാ പുരുഷന്‍മാരായ’ പല മാന്യന്‍മാര്‍ക്കും തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും.

‘അഡ്ജസ്റ്റ്‌മെന്റ്’, ‘കോംപ്രമൈസ്’ എന്നീ രണ്ട് പദങ്ങളാണ് മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് സുപരിചിതം എന്ന് ചില പുതുമുഖ നടിമാര്‍ വെളിപ്പെടുത്തിയതായി ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഡ്ജസ്റ്റ്‌മെന്റിനും കോംപ്രമൈസിനും തയ്യാറാകാത്ത നടിമാര്‍ക്ക് ഷൂട്ടിങ് സെറ്റില്‍ നല്ല ഭക്ഷണം നല്‍കാറില്ല, ശുചിമുറി സൗകര്യങ്ങള്‍ പോലും നിഷേധിക്കുന്നു എന്നതെല്ലാം ഈ മാംസ കൊതിയന്‍മാരുടെ ക്രൂരമുഖം വെളിപ്പെടുത്തുന്നു. പ്രമുഖ നടന്‍മാര്‍ ഉള്‍പ്പെടെ 15 പേരടങ്ങുന്ന ‘പവര്‍ ഗ്രൂപ്പ്’ ആണ് സിനിമ മേഖലയെ നിയന്ത്രിക്കുന്നതെന്ന് ഹേമ കമ്മീഷന്‍ വ്യക്തമാക്കുമ്പോള്‍ ആ 15 പേരില്‍ ആരൊക്കെയുണ്ടെന്ന് സാമാന്യ ബോധമുള്ളവര്‍ക്കൊക്കെ മനസിലാകും.

മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേ ദിവസം ഉപദ്രവിച്ച അതേ നടന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായതായി കമ്മീഷന് മുമ്പാകെ ഒരു നടി മൊഴി നല്‍കി. തലേ ദിവസത്തെ മോശം അനുഭവം മാനസികമായി തകര്‍ത്തതിനാല്‍ ഒരു ഷോട്ട് എടുക്കുന്നതിന് 17 റീ ടേക്കുകള്‍ എടുക്കേണ്ടി വന്നു. ആ സാഹചര്യത്തില്‍ സംവിധായകന്റെ ചീത്തവിളി കേള്‍ക്കേണ്ടി വന്നതായും നടി നല്‍കിയ മൊഴിയില്‍ പറയുന്നു.

നടന്‍മാരുടെയും സംവിധായകന്റെയും നിര്‍മാതാവിന്റെയുമെല്ലാം ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതിരുന്നാല്‍ ചില ചുംബന രംഗങ്ങള്‍ നിരവധി തവണ ആവര്‍ത്തിച്ച് എടുപ്പിക്കുന്നതും സ്ഥിരം കലാപരിപാടിയാണ്. മാത്രമല്ല സിനിമ ചിത്രീകരണത്തിന്റെ തുടക്കത്തില്‍ പറഞ്ഞുറപ്പിക്കുന്ന കാര്യങ്ങളല്ല പല നടിമാരും പിന്നീട് ചെയ്യേണ്ടി വരുന്നത്. കരാറിലില്ലാത്ത തരത്തില്‍ ശരീര പ്രദര്‍ശനവും ലിപ് ലോക്ക് സീനുകളും ചെയ്യേണ്ടി വന്നതായി പല നടിമാരും കമ്മിഷന് മൊഴി നല്‍കിയിട്ടുണ്ട്.

ഇക്കാര്യങ്ങളിലെല്ലാം എ.എം.എം.എ എന്ന സിനിമ നടീനടന്‍മാരുടെ സംഘടന സ്വീകരിക്കുന്ന വിചിത്ര നിലപാടാണ് ഏറെ പരിഹാസ്യമാകുന്നത്. സ്ത്രീ വിരുദ്ധ നിലപാടാണ് സംഘടന സ്വീകരിക്കുന്നതെന്ന ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. സഹകരിക്കാത്ത സ്ത്രീകളെ എങ്ങനെ സഹകരിപ്പിക്കാമെന്നാണ് സംഘടന പഠിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചുരുക്കി പറഞ്ഞാല്‍ വെറും കൂട്ടിക്കൊടുപ്പുകാരന്റെ പണി. എന്നിട്ടാണ് ആ സംഘടനയ്ക്ക് ലോകത്തിലെ ഏറ്റവും മഹത്വമേറിയതും ആദരവര്‍ഹിക്കുന്നതും അനിര്‍വചനീയവും മലയാള ഭാഷയിലെ ഏറ്റവും നല്ല നേരറിവുമായ അമ്മ എന്ന് പേരിട്ടിരിക്കുന്നത്.

എന്തായാലും ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള പ്രത്യേക നിയമ നിര്‍മാണം, ട്രൈബ്യൂണല്‍ രൂപീകരണം തുടങ്ങിയ കാര്യങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുകയാണ് ഇനി ചെയ്യേണ്ടത്. എന്നാല്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ നാല് വര്‍ഷത്തോളം അടയിരുന്ന സര്‍ക്കാരില്‍ നിന്ന് അത്തരമൊരു നടപടി പ്രതീക്ഷിക്കേണ്ടതുണ്ടോ എന്ന ചോദ്യം ബാക്കിയാവുന്നു.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിം​ഗിൾ ‍‍ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളിയതോടെ റിപ്പോർട്ട് പുറത്തുവരുന്നതിലുള്ള തടസങ്ങളെല്ലാം നീങ്ങുകയായിരുന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയിൽ സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ചൊവ്വാഴ്ച അവധിയായതിനാൽകൂടിയാണ് റിപ്പോർട്ട് തിങ്കളാഴ്ചതന്നെ പുറത്തുവിട്ടത്. ലൈംഗിക ചൂഷണകഥകള്‍ കേട്ട് ഞെട്ടിയെന്ന് കമ്മിറ്റി പറയുന്നു

റിപ്പോർട്ടിലെ പ്രസക്തഭാ​ഗങ്ങൾ

പുറത്തുകാണുന്ന ഗ്ലാമര്‍ സിനിമയ്ക്കില്ല
കാണുന്നതൊന്നും വിശ്വസിക്കാനാകില്ല
സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ അറിയപ്പെടുന്നത് കോഡുകളില്‍
വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ നിര്‍ബന്ധിക്കുന്നു
വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കും
ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം.
സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം.
ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്.
വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നൽകണം
വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമാതാക്കളും സംവിധായകരും നിർബന്ധിക്കും
വിട്ടുവീഴ്ച ചെയ്യാന്‍ സമ്മര്‍ദ്ദം
സിനിമ മേഖലയിൽ വ്യാപക ചൂഷണം
അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം
പോലീസിനെ സമീപിക്കാത്തത് ജീവഭയം കൊണ്ട്‌
അതിക്രമം കാട്ടിയത് സിനിമയിലെ ഉന്നതര്‍
സംവിധായകര്‍ക്കെതിരേയും മൊഴി
ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദ്ദം
വിസമ്മതിച്ചാല്‍ ഭീഷണി
നഗ്നതാപ്രദര്‍ശനവും വേണം
മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയാ സംഘം
ചൂഷണം ചെയ്യുന്നവരില്‍ പ്രധാനനടന്‍മാരും
എതിര്‍ക്കുന്നവര്‍ക്ക് സൈബര്‍ ആക്രമണമുള്‍പ്പെടെയുള്ള ഭീഷണികള്‍
വഴങ്ങാത്തവരെ പ്രശ്‌നക്കാരായി മുദ്രകുത്തും
പ്രൊഡക്ഷന്‍ കണ്ടട്രോളര്‍ വരെ ചൂഷകരാകുന്നു
രാത്രികാലങ്ങളില്‍ വന്ന് മുറികളില്‍ മുട്ടിവിളിക്കും
വാതില്‍ തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കും
സെറ്റില്‍ ശുചിമുറിയുള്‍പ്പെടെയുള്ള സൗകര്യമില്ലാത്തതിനാല്‍ വെള്ളം പോലും കുടിക്കാതെ പിടിച്ചു നില്‍ക്കും.
പരാതി പറഞ്ഞാല്‍ കുടുംബത്തെ വരെ ഇല്ലാതാക്കുമെന്ന് ഭീഷണി
സിനിമയിൽ കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കിൽ റിപ്പീറ്റ് ഷോട്ടുകൾ നൽകും. 17 തവണ വരെ ഇത്തരത്തിൽ റിപ്പീറ്റ് ഷോട്ടുകൾ എടുത്ത് ബുദ്ധിമുട്ടിച്ചു
ചൂഷണത്തിന് ശ്രമിച്ചയാളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്നു
മലയാളസിനിമയിൽ തമ്പ്രാൻവാഴ്ച നടക്കുന്നു
സ്ത്രീകളോട് പ്രാകൃത സമീപനം
ചൂഷണത്തിനായി ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നു
അവസരത്തിനായി ശരീരം ചോദിക്കുന്നു
പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്നു
തുറന്ന് പറയുന്നവര്‍ക്ക് അവസരം ഇല്ലാതാക്കി
സിനിമാ സെറ്റില്‍ ഒറ്റയ്ക്ക് പോകാന്‍ ഭയം
ഫോണ്‍ വഴിയും മോശം പെരുമാറ്റം
അല്‍പ്പ വസ്ത്രംധരിച്ചാല്‍ അവസരം, ഇറുകിയ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നു

മലയാള സിനിമയിലെ പുരുഷന്‍മാരായ എല്ലാ സിനിമാപ്രവര്‍ത്തകരും ചൂഷകരല്ല എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നു. സ്ത്രീകളോട് മാന്യമായും മര്യാദയോടും പെരുമാറുന്ന ഒരുപാട് സിനിമാപ്രവര്‍ത്തകരുണ്ട്. അവര്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ സ്ത്രീകള്‍ വലിയ സുരക്ഷിതത്വമാണ് അനുഭവിക്കുന്നത്. അവര്‍ നല്‍കിയ മൊഴിയില്‍ ഛായാഗ്രാഹകരും സംവിധായകരുമെല്ലാം ഉള്‍പ്പെടുന്നുന്നു.

തന്റെ സിനിമയില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും സുരക്ഷാ ഉത്തരവാദിത്തത്തോടെ നോക്കി കാണുന്ന ഒരു ഛായാഗ്രാഹകനെക്കുറിച്ചും സംവിധായകനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. അവരുടെ സെറ്റുകളില്‍ എല്ലാവരും അച്ചടക്കത്തോടെയാണ് പെരുമാറുന്നത്. ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കേണ്ട അവസരങ്ങളില്‍ അത്യാവശ്യമുള്ളവരെ മാത്രമേ സെറ്റില്‍ നില്‍ക്കാന്‍ അനുവദിക്കൂ. മാത്രവുമല്ല മറ്റുള്ളവര്‍ കാണാതെ സെറ്റ് കവര്‍ ചെയ്യും. അത് അഭിനയിക്കുന്നവരില്‍ കൂടതല്‍ സുരക്ഷിതത്വം തോന്നിപ്പിക്കും. സിനിമയിലെ വ്യത്യസ്ത ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം പുരുഷന്‍മാര്‍ സൗഹാര്‍ദ്ദത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറുന്നത്. അങ്ങനെ ഒരുപാട് നല്ല സിനിമാപ്രവര്‍ത്തകര്‍ എല്ലാ കാലത്തും സിനിമയിലുണ്ടായിട്ടുണ്ട്.

പുതിയ തലമുറയിലെയും പലതലമുറയിലെയും സ്ത്രീകളും പുരുഷന്‍മാരുമായ സിനിമാപ്രവര്‍ത്തകരുമായി ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി സംസാരിക്കുകയുണ്ടായി. സിനിമുടെ ആദ്യകാലം മുതല്‍ തന്നെ സ്ത്രീകള്‍ നിരവധിപ്രശ്‌നങ്ങള്‍ നേരിടുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടം മുതല്‍ തന്നെ. ഇത്തരം വിഷയങ്ങളില്‍ ഇടപെടാനും നിയന്ത്രണം ഏറ്റെടുക്കാനും പ്രത്യേക അധികാര കേന്ദമില്ലാത്തതും ഒരു പോരായ്മയാണ്.

233 പേജുള്ള റിപ്പോർട്ടിലെ ചില ഭാ​ഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് എത്തിയത്. ഇതിൽ ആളുകളുടെ സ്വകാര്യതയെ ‌ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. 49–ാം പേജിലെ 96–ാം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ വെളിപ്പെടുത്തിയിട്ടില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല.

മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിനു കൈമാറിയത്.

ഭാര്യയുമായി വഴക്കുണ്ടാക്കിയെന്നു പറഞ്ഞ് വഴിയാത്രക്കാരനും അവിവാഹിതനുമായ ആളെ പോലീസ് അടിച്ചെന്ന പരാതിയിൽ അന്വേഷണം തുടങ്ങി.കോട്ടയം ഗാന്ധിനഗർ പോലീസ്‌സ്റ്റേഷനിലെ എ.എസ്.ഐ. ആണ് തന്നെ അടിച്ചതെന്ന് പരാതിക്കാരനായ അമലഗിരി ഓട്ടക്കാഞ്ഞിരം കറുകശ്ശേരി കെ.എം.മാത്യു (48) പറഞ്ഞു.

ചൊവ്വാഴ്ച രാത്രി എട്ടിന് ഓട്ടക്കാഞ്ഞിരം കവലയിലാണ് സംഭവം. രോഗിയായ മാതാവും സഹോദരനുമുള്ള മാത്യു, ഇവർക്കുള്ള മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഈ സമയം പോലീസ് ജീപ്പ് അടുത്തുനിർത്തിയശേഷം പുറത്തിറങ്ങിയ എ.എസ്.ഐ. ലാത്തികൊണ്ട് അടിക്കുകയായിരുന്നെന്ന് മാത്യു ഉന്നത പോലീസ് അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു.

താൻ വിവാഹിതനല്ലെന്നും ഡിവൈ.എസ്‌.പി.യുടെ വീട്ടിലെ ജോലിക്കാരനാണെന്നും പറഞ്ഞപ്പോൾ പോലീസുകാർ കേൾക്കാൻകൂട്ടാക്കാതെ പരിഹസിച്ചു. പരിക്കേറ്റ മാത്യു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.

ഈ ഭാഗത്തുള്ള ഒരു വീട്ടിൽ കുടുംബകലഹം നടന്നതുസംബന്ധിച്ച് ഒരാൾ പോലീസിനോട് ഫോണിൽ പരാതിപ്പെട്ടിരുന്നു. ഇത് അന്വേഷിക്കാനെത്തിയ പോലീസ് ആളുമാറിയാണ് മാത്യുവിനെ അടിച്ചതെന്ന് സംശയിക്കുന്നു.

അതേസമയം, പരാതി നൽകിയ വ്യക്തിയുടെ സമീപം മാത്യുവിനെ കണ്ടപ്പോൾ ശാസിച്ച് പറഞ്ഞുവിട്ടതേയുള്ളൂവെന്നും അടിച്ചിട്ടില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം.

ജസ്ന തിരോധാനക്കേസില്‍ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം നടത്താൻ സിബിഐ. ജസ്നയും യുവാവും താൻ ജോലി ചെയ്തിരുന്ന ലോഡ്ജില്‍ എത്തിയിരുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം യുവതിയുടെ വെളിപ്പെടുത്തല്‍. മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തലും ജസ്നയുടെ തിരോധാനവും തമ്മിലുള്ള ബന്ധമാണ് സിബിഐ അന്വേഷിക്കുന്നത്.

ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി സിബിഐ സംഘം ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുക്കും. ഇതിന് മുന്നോടിയായി തിരുവനന്തപുരത്തുളള സിബിഐ സംഘം കാഞ്ഞിരപ്പളളി ഡിവൈഎസ്പി ഓഫീസ് വഴി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. കാണാതാകുന്നതിന് മുൻപ് മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയത് ജസ്ന തന്നെയാണോ,ജസ്നയുടെ തിരോധാനത്തിന് ലോഡ്ജുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുക. ലോ‍ഡ്ജിനെപ്പറ്റി നേരത്തെ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.

ആറ് വർഷങ്ങള്‍ക്ക് മുൻപ് പത്തനംതിട്ടയില്‍ നിന്ന് അപ്രത്യക്ഷയായ ജസ്നയോട് സാമ്യമുളള പെണ്‍കുട്ടി മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയിരുന്നുവെന്നാണ് മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുൻപ് അജ്ഞാതനായ യുവാവിനൊപ്പം ഇവിടെവെച്ച്‌ കണ്ടെന്നാണ് ലോഡ്ജിലെ മുൻ ജീവനക്കാരി പറഞ്ഞ‍ത്. ജസ്നയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലായിരുന്നു.

‘പത്രത്തില്‍ പടം വന്നതു കൊണ്ടാണ് ജസ്നയെന്ന് തിരിച്ചറിഞ്ഞത്. പെണ്‍കൊച്ചിൻറെ രൂപം മെലിഞ്ഞതാണ്, വെളുത്തതാണ്. എന്നെക്കാള്‍ മുടിയുണ്ട്. ക്ലിപ്പാണോ എന്ന് ഉറപ്പില്ല, തലമുടിയില്‍ എന്തോ കെട്ടിയിട്ടുണ്ട്. റോസ് കളറുള്ള ചുരിദാറായിരുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്നോട് പറഞ്ഞു, എവിടെയോ ടെസ്റ്റ് എഴുതാൻ പോകുവാണെന്ന്. കൂട്ടുകാരൻ വരാനുണ്ട്. അതിനാണ് അവിടെ നില്‍ക്കുന്നതെന്ന് പറഞ്ഞു. രാവിലെ 11.30നാണ് കാണുന്നത്. പയ്യൻ വന്നു, മുറിയെടുത്തു. രണ്ട് പേരും 4 മണി കഴിഞ്ഞാണ് ഇറങ്ങി പോകുന്നത്. പയ്യനെ ഞാൻ കണ്ടു, വെളുത്ത് മെലിഞ്ഞ പയ്യനാ.102ആം നമ്പർ മുറിയാണെടുത്തത്. ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ.’

സംസ്ഥാനത്ത് നടക്കുന്ന വാഹനാപകടങ്ങളില്‍ അധികവും രാത്രിസമയത്ത്. ഇതില്‍ ഏറെയും വൈകുന്നേരം ആറിനും രാത്രി 10 നുമിടയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് നടക്കുന്ന അപകടങ്ങളുടെ 30 ശതമാനത്തോളം ഈ സമയത്താണെന്നാണു കേരള പോലീസിന്‍റെ വെബ്സെറ്റില്‍നിന്നുള്ള വിവരം.

വർഷംതോറും അപകടങ്ങളുടെ എണ്ണവും മരണസംഖ്യയും വർധിച്ചുവരികയാണ്. അപകടങ്ങളില്‍ ഏറെയും മദ്യപിച്ചുള്ള ഡ്രൈവിംഗ് മൂലമാണെന്ന് അന്വേഷണ റിപ്പോർട്ടുകളില്‍നിന്നു വ്യക്തമാകുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ വർഷം നടന്ന അപകടങ്ങളില്‍ ജീവൻ പൊലിഞ്ഞത് 4010 പേർക്കായിരുന്നുവെങ്കില്‍ 2019ല്‍ 4440 പേരുടേയും 2022ല്‍ 4317 പേരുടേയും ജീവൻ പൊലിഞ്ഞു. ഇതില്‍ സർക്കാർ വാഹനങ്ങളും ഉള്‍പ്പെടുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 2020 ല്‍ ആണ് ഏറ്റവും കുറവ് അപകടമരണം. 2979 പേരാണ് ആ വർഷം അപകടത്തില്‍പെട്ടു മരിച്ചത്.

വൈകുന്നേരം ആറിനും രാത്രി പത്തിനും ഇടയില്‍ ജീവൻ നഷ്ടപ്പെട്ടവർ 2019ല്‍ 898, 2020ല്‍ 651, 2021ല്‍ 789,2022ല്‍ 923, 2023 ല്‍ 901 എന്നിങ്ങനെയാണ്. റോഡ് അപകടങ്ങള്‍ ഏറെയും നടന്നത് 2023ലാണ്. 48141 അപകടങ്ങള്‍. 2020 ല്‍ അപകടങ്ങള്‍ കുറയാൻകാരണം കോവിഡ് കാലമായതിനാല്‍ മദ്യലഭ്യത കുറഞ്ഞതാണെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്ത് വരുന്നത് അതിശക്തമായ മഴ. അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കി. വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം നാളെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട്. നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഓറഞ്ച് അലർട്ട് മൂന്ന് ജില്ലകളിലും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് മുന്നറിയിപ്പും പിൻവലിച്ചു.24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നത്. വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതും കോമറിൻ മേഖലയിൽ കേരളത്തിനും തമിഴ്നാടിനു മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതുമാണ് കേരളത്തിൽ അതിശക്ത മഴ തുടരാൻ കാരണം.

കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെയുള്ള മലബാറിലെ ജില്ലകളില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എലത്തൂര്‍ സ്വദേശി പൂക്കാട്ട് വീട്ടില്‍ നവനീത്(25), കാരപ്പറമ്പ് സ്വദേശി പട്ടോത്ത് വീട്ടില്‍ അക്ഷയ്(29) എന്നിവരെയാണ് വാക്കാട് വെച്ച് 12.64 ഗ്രാം എം.ഡി.എം.എയുമായി പോലീസ് പിടികൂടിയത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും തിരൂര്‍ പോലീസും ശനിയാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ മയക്കുമരുന്നുമായി വാക്കാട് ഭാഗത്ത് വെച്ച് മോട്ടോര്‍സൈക്കിളില്‍ പിടിയിലായത്. തിരൂര്‍ -താനൂര്‍ ഭാഗങ്ങളില്‍ വിതരണത്തിന് കൊണ്ടുവന്നതാണ് മയക്കു മരുന്നെന്ന് പ്രതികളില്‍ നിന്നും വിവരം ലഭിച്ചു. ഈ ഭാഗങ്ങളില്‍ നിന്നുള്ള പ്രതികളുടെ കൂട്ടാളികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

തിരൂര്‍ ഡി.വൈ.എസ്.പി കെ.എം ബിജു, ഇന്‍സ്‌പെക്ടര്‍ കെ.ജെ ജിനേഷ്, എസ്.ഐ സുജിത്ത് ആര്‍.പി, എ.എസ്.ഐ ദിനേശന്‍, സി.പി.ഓ മാരായ വിവേക്, അരുണ്‍, ധനീഷ് കുമാര്‍, നിതീഷ് എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കണ്ണൂർ കേളകത്ത് ബീവറേജ് ഔട്ട്ലെറ്റിൽ വൻ മോഷണം. ബീവറേജ് ഔട്ട്ലെറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ജനൽ ചില്ല് തകർത്ത് 23 മദ്യക്കുപ്പികളാണ് കള്ളൻ കൊണ്ടുപോയത്. മോഷ്ടാവിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. കേളകം പൊലീസിന്റെ പട്രോളിംങിനിടെയാണ് മോഷണ വിവരം ശ്രദ്ധയിൽപെട്ടത്. ബീവറേജ് ഔട്ട്ലെറ്റിന്റെ പുറകുവശത്തെ ജനൽചില്ല് തകർത്തായിരുന്നു മോഷണം. ജനലിന് സമീപത്തായി പെട്ടിയിൽ സൂക്ഷിച്ച അര ലിറ്ററിന്റെ 23 മദ്യക്കുപ്പികളാണ് നഷ്ടപ്പെട്ടത്.

പിന്നീടുള്ള തെരച്ചിലിലാണ് കെട്ടിടത്തിന് സമീപത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ 17 മദ്യക്കുപ്പികൾ കണ്ടെത്തിയത്. ബീവറേജ് ഔട്ട്ലെറ്റിന് സമീപത്തെ കടകളിലെയടക്കം സി സി ടി വി ക്യാമറകൾ കടലാസ് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. മോഷ്ടാക്കളെ കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം ചട്ടുകം ഉപയോഗിച്ച്‌ അടിച്ചു തകര്‍ത്ത് യുവതി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവമുണ്ടായത്. അനില്‍ സത്യനാരായണന്‍ എന്ന മുപ്പതുകാരനാണ് ആശുപത്രിയില്‍ ചികിത്സയിലുളളത്. വീടിന് സമീപത്ത് താമസിക്കുന്ന യുവതിയുടെ വീട്ടില്‍ കയറിയാ ഇയാള്‍ അതിക്രമത്തിന് ശ്രമിച്ചത്.

വീട്ടിനുള്ളില്‍ കടന്ന് യുവതിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയുമായിരുന്നു. യുവതി ഇതിനെ എതിര്‍ത്തതോടെ ബലമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഇവിടെ നിന്നും രക്ഷിപ്പെട്ട് ആടുക്കള ഭാഗത്തേക്ക് ഓടിയ യുവതിയെ പിന്‍തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചു. ഈ സമയത്താണ് കൈയ്യില്‍കിട്ടിയ ചട്ടുകം ഉപയോഗിച്ച്‌ യുവതി പ്രതിരോധിച്ചത്.

ജനനേന്ദ്രിയത്തില്‍ സാരമായി പരിക്കേറ്റ അനില്‍ സത്യനാരായണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനം.

കുണ്ടറ പടപ്പക്കരയില്‍ വീട്ടിനുള്ളില്‍ വീട്ടമ്മയെ മരിച്ചനിലയിലും ഇവരുടെ അച്ഛനെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റനിലയിലും കണ്ടെത്തി. സെന്റ് ജോസഫ് പള്ളിക്കുസമീപം പുഷ്പവിലാസത്തില്‍ പുഷ്പലതയാണ് മരിച്ചത്. പുഷ്പലതയുടെ അച്ഛന്‍ ആന്റണിയെ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പുഷ്പലതയുടെ മകന്‍ അഖിലിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

പുഷ്പലതയുടെ വീടിന് സമീപം താമസിക്കുന്ന ബന്ധുവാണ് ശനിയാഴ്ച രാവിലെ 11.30-ഓടെ വീട്ടിനുള്ളില്‍ ഇരുവരെയും പരിക്കേറ്റനിലയില്‍ കണ്ടെത്തിയത്. പുഷ്പലതയുടെ മകള്‍ അഖില കേരളത്തിന് പുറത്താണ് പഠിക്കുന്നത്. രാവിലെ അമ്മയെ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല. സംശയം തോന്നിയ മകള്‍ സമീപത്തെ വീട്ടില്‍ വിളിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് പുഷ്പലതയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കരുതുന്നു. തലയ്ക്ക് മുറിവേറ്റ് ചോരവാര്‍ന്ന നിലയിലായിരുന്ന ആന്റണി അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററിലാണ്.

പുഷ്പലതയുടെ മകൻ അഖിൽ ലഹരിക്കയ്‌യായിരുന്നുവെന്നും കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നാണ് വിവരം. മകന്റെ ആക്രമണത്തില്‍ സഹികെട്ട് ഇവര്‍ കുണ്ടറ പോലിസില്‍ പലതവണ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ചയും പുഷ്പലത പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതി നല്‍കി. പോലിസ് എത്തി അഖിലിനെ താക്കീത് ചെയ്ത് വിട്ടയച്ചെന്നും പറയുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

RECENT POSTS
Copyright © . All rights reserved