Kerala

തൃശൂര്‍ എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. ആലപ്പുഴ സ്വദേശി ആനന്ദ്(38) ആണ് മരിച്ചത്. ചിറക്കല്‍ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്.

ഉത്സവത്തിന് കച്ചവടത്തിനായി എത്തിയ യുവാവാണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരാളുടെയും നില ഗുരുതരമാണ്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ആനയെ തളച്ച് ലോറിയില്‍ കയറ്റി.

യുവാവിന്റെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവമുണ്ടായത്. കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ കുത്തിയ ശേഷം ഒന്നര കിലോ മീറ്ററോളം ഓടി.

അവിടെ നിന്നിരുന്ന ആനന്ദിനെ കുത്തി വീഴ്ത്തി. അവിടെ നിന്നും നാലര കിലോ മീറ്ററോളം ആന പിന്നെയും ഓടി. പാപ്പാന്മാര്‍ പുറകേ എത്തിയെങ്കിലും ആനയെ തളയ്ക്കാനായില്ല. പിന്നീട് ഏറെ നേരം പണിപെട്ട ശേഷമാണ് ആനയെ തളച്ച് ലോറിയില്‍ കയറ്റിയത്.

പുളിക്കീഴ് ഉപദേശിക്കടവ് പാലത്തിന് സമീപം അച്ചന്‍കോവിലാറില്‍ ചങ്ങാടം മറിഞ്ഞ് യുവാവ് മരിച്ചു. വളഞ്ഞവട്ടം കിഴക്കേവീട്ടില്‍ മോഹനന്‍ പിള്ളയുടെ മകന്‍ രതീഷ് കുമാര്‍ (രമേശ് – 26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3.45-നായിരുന്നു അപകടം.

സുഹൃത്തുക്കളായ സന്ദീപ്, റോഷന്‍, അജിത്ത് എന്നിവരും മറിഞ്ഞ ചങ്ങാടത്തില്‍ ഉണ്ടായിരുന്നു. മൂവരും നീന്തി രക്ഷപ്പെട്ടു. പത്രവിതരണം നടത്തുന്ന ജോലിയായിരുന്നു രമേശിന്. തിരുവല്ലയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ നടത്തിയ തിരച്ചിലില്‍ രാത്രി എട്ടു മണിയോടെ പരുമല ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉഷയാണ് മാതാവ്. സഹോദരി രേഷ്മ. സംസ്‌കാരം പിന്നീട്.

യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ മുസ്ലിം ലീഗില്‍നിന്ന് മുഖ്യമന്ത്രിയുണ്ടാവണമെന്ന ആവശ്യം ഇതുവരെ മുന്നോട്ടുവെച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. അങ്ങനെ അവകാശവാദം ഉന്നയിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. എന്നാല്‍, യു.ഡി.എഫ്. ഘടകകക്ഷികള്‍ ചേര്‍ന്ന് ലീഗിനോട് മുഖ്യമന്ത്രിപദം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടാല്‍, പറ്റില്ലെന്ന് വാശിപിടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘യു.ഡി.എഫില്‍ തീരുമാനം എടുക്കുന്നത് എല്ലാവരും കൂടിയാലോചിച്ചാണ്. സന്തോഷത്തോടെ എല്ലാവരും കൂടെ തീരുമാനിച്ചാല്‍ അത് ഏറ്റെടുക്കുന്നതില്‍ മുസ്ലിം ലീഗിന് എന്താണ് വിരോധമുള്ളത്. യു.ഡി.എഫിലെ എല്ലാഘടകകക്ഷികളും കൂടെ മുസ്ലിം ലീഗില്‍നിന്ന് മുഖ്യമന്ത്രി വേണമെന്ന് പറഞ്ഞാല്‍, പറ്റില്ലെന്ന് വാശിപിടിക്കാന്‍ മുസ്ലിം ലീഗിന് സാധിക്കില്ല. മുസ്ലിം ലീഗ് ഇതുവരെ അങ്ങനെയൊരു ആവശ്യം മുന്നോട്ടുവെച്ചിട്ടില്ല. വെക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ജനങ്ങള്‍ യു.ഡി.എഫിന്റെ കൂടെയാണെന്ന തികഞ്ഞ ആത്മവിശ്വാസമുള്ളതുകൊണ്ടാണ് ലീഡറെക്കുറിച്ചുള്ള ചര്‍ച്ച മുന്നണിയില്‍ നടക്കുന്നത്. അതിനപ്പുറത്തേക്കൊന്നുമില്ല’, പി.എം.എ. സലാം പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാകമ്മിറ്റി നടത്തിയ ‘മ’ സാഹിത്യോത്സവത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ നടത്തിയ പ്രസ്താവനയാണ് മുസ്ലിം ലീഗില്‍നിന്ന് മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിനെ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്ന് തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദങ്ങള്‍ മുസ്ലിംലീഗ് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് സമ്മതമാണെങ്കില്‍ ലീഗിന് സന്തോഷമെന്നായിരുന്നു സാദിഖലി തങ്ങളുടെ പുഞ്ചിരിയോടെയുള്ള മറുപടി. യു.ഡി.എഫ്. അധികാരത്തില്‍വന്നാല്‍ പ്രധാനപദവി കുഞ്ഞാലിക്കുട്ടിക്കാവുമെന്നും തങ്ങള്‍ പറഞ്ഞു. ‘കോണ്‍ഗ്രസ് വിചാരിച്ചാല്‍ അത് നടക്കും. മുഖ്യമന്ത്രി ഇവിടെത്തന്നെയുണ്ട്’, എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയെ ചൂണ്ടി, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങളുടെ മറുപടി. ഇതിനെക്കുറിച്ച് പ്രതികരണം തേടിയപ്പോള്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ മറുപടി പറയാന്‍ തയ്യാറായിരുന്നില്ല.

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രസാദഗിരി ഇടവക പള്ളിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനിടയിലെ ഉണ്ടായ അക്രമ പ്രവര്‍ത്തനങ്ങളില്‍ സഭാ നേതൃത്വം നടപടികളാരംഭിച്ചു.

പ്രസ്താവനയുടെ പൂര്‍ണ രൂപം:

കാക്കനാട്: ഏകീകൃതരീതിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കണമെന്ന തീരുമാനത്തിന്റെ പേരില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങള്‍ അതീവ വേദനാജനകവും അപലപനീയവുമാണ്.

പ്രസാദഗിരി പള്ളിയില്‍ വയോധികനായ ഫാ. ജോണ്‍ തോട്ടുപുറത്തെ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനിടെ അള്‍ത്താരയില്‍നിന്ന് ബലപ്രയോഗത്തിലൂടെ ഇറക്കി വിടുകയും അക്രമാസക്തരായ ഏതാനുംപേര്‍ ചേര്‍ന്നു തള്ളിമറിച്ചിടുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ള ദൈവ വിശ്വാസികള്‍ക്ക് ഉതപ്പും വേദനയും ഉളവാക്കുന്നു.

സാമാന്യ ബോധമുള്ളവര്‍ക്കു ചിന്തിക്കാന്‍ പോലും പറ്റാത്ത ക്രൂരതയാണ് അരങ്ങേറിയത്. പരിശുദ്ധ കുര്‍ബാന ചൊല്ലിക്കൊണ്ടിരുന്ന കാര്‍മികനെ ബലപ്രയോഗത്തിലൂടെ തള്ളി വീഴ്ത്തുകയും, അതിവിശുദ്ധ സ്ഥലമായ മദ്ബഹായുടെ പരിശുദ്ധി കളങ്കപ്പെടുത്തുകയും ചെയ്തതുവഴി എന്തു നേട്ടമാണ് അക്രമകാരികള്‍ സ്വന്തമാക്കിയത്?

സഭയെ അനുസരിക്കാന്‍ തയ്യാറാകുന്നവരെ അക്രമങ്ങളിലൂടെ ഒറ്റപ്പെടുത്താനും നിര്‍വീര്യമാക്കാനും ശ്രമിക്കുമ്പോള്‍ ഒരു കാര്യം പകല്‍പോലെ വ്യക്തമാണ്: ഹീനമായ ഒറ്റപ്പെടുത്തലിലൂടെയും ഭയാനകമായ ഭീഷണികളിലൂടെയും ക്രൂരമായ ശാരീരിക ഉപദ്രവങ്ങളിലൂടേയുമാണ് അനേകം വൈദികരെ ഇവര്‍ സ്വാധീനിക്കുന്നത്.

അക്രമങ്ങളും ഭീഷണികളും ഒറ്റപ്പെടുത്തലുകളും നിലച്ചാല്‍ കുറേയേറെ വൈദികര്‍ സഭയെ അനുസരിക്കാന്‍ തയ്യാറാകുമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയ സംഭവം കൂടിയാണ് പ്രസാദഗിരി ഇടവക പള്ളിയില്‍ നടന്നത്.

സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പള്ളിയുടെ സമ്പത്ത് ദുരുപയോഗിക്കുകയും ക്രമസമാധാന പാലകരായ പോലീസിനെ ഭീഷണികളിലൂടെ നിര്‍വീര്യമാക്കുകയും ചെയ്ത് അതിരൂപതയില്‍ അരാജകത്വം വിതയ്ക്കുന്ന വൈദികരും അല്മായരും മിശിഹായുടെ ശരീരമാകുന്ന സഭയെയാണ് മുറിപ്പെടുത്തുന്നതെന്നോര്‍ക്കണം.

സമാധാനപൂര്‍വ്വം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന വിശ്വാസികളുടെ പേരില്‍ അക്രമകാരികളായ സഭാവിരുദ്ധരുടെ നുണക്കഥകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കലാപകാരികളുടെമേല്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് സഭാപരമായ ശിക്ഷണനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

മുക്കത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്. മൂന്നു പേര്‍ ചേര്‍ന്ന് യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ബന്ധു പറഞ്ഞു. യുവതി പ്രാണരക്ഷാര്‍ത്ഥം ആണ് കെട്ടിടത്തിൽ നിന്ന് ചാടിയത്.

മൂന്നുമാസമായി യുവതി ഹോട്ടലിൽ ജോലിക്ക് കയറിയിട്ടെന്നും ആദ്യം ഹോട്ടലുടമയായ ദേവദാസ് യുവതിയുടെ വിശ്വാസ്യത നേടിയെടുക്കാൻ ശ്രമിച്ചുവെന്നും പിന്നാലെ പ്രലോഭനത്തിന് ശ്രമിച്ചുവെന്നും ബന്ധു പറഞ്ഞു. വളരെ മോശമായ രീതിയിൽ യുവതിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു.

വാട്സ്ആപ്പിൽ അയച്ച മെസേജുകള്‍ ഉള്‍പ്പെടെ തങ്ങളുടെ പക്കലുണ്ട്. പ്രതികളെ പിടികൂടാൻ വൈകുന്നതിൽ സംശയം ഉണ്ട്. പെണ്‍കുട്ടിയുടെ നട്ടെല്ലിനും ഇടുപ്പിനും പരിക്കുണ്ട്. പരിക്കേറ്റ യുവതി ഐസിയുവിൽ ചികിത്സ തുടരുകയാണ്. അസഹ്യമായ വേദനയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നും കുറ്റവാളികളെ പിടികൂടണമെന്നും ബന്ധു പറഞ്ഞു.

രാത്രിയോടെ നടന്ന സംഭവം പുലര്‍ച്ചെയാണ് തങ്ങള്‍ അറിയുന്നതെന്നും ഉടനെ തന്നെ മുക്കത്തേക്ക് വരികയായിരുന്നുവെന്നും ബന്ധു പറഞ്ഞു. ഹോട്ടലുടമ അയച്ച വോയ്സ് മെസേജുകള്‍ ഉള്‍പ്പെടെ കൈവശമുണ്ടെന്നും അന്വേഷണം നടക്കുന്നതിന് അനുസരിച്ച് ഈ തെളിവുകളെല്ലാം കൈമാറുമെന്നും ബന്ധു പറഞ്ഞു. മുക്കത്തെ സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയായ യുവതിക്കാണ് പരിക്കേറ്റത്.

നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. പ്രതികൾ മൂന്ന് പേരും ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാൻ ശ്രിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

29 കാരിയായ യുവതിയാണ് അക്രമത്തിന് ഇരയായത്. മൂന്ന് മാസമായി ഈ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു യുവതി. കഴിഞ്ഞ രാത്രി ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരിക്കെ മൂന്ന് പേരെത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഈ സമയത്ത് പ്രാണരക്ഷാർത്ഥം ഓടി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.

ഏറ്റുമാനൂരിൽ ബാറിന് മുന്നിലെ തട്ടുകടയിൽ ഇന്ന് പുലർച്ചെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പൊലീസുദ്യോഗസ്ഥൻ മരിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. കോട്ടയം നീണ്ടൂർ സ്വദേശിയാണ്.തട്ടുകടയിലുണ്ടായ സംഘർഷത്തിൽ ശ്യാമിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് രണ്ട് മണിയോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ച് മണിയോടെ മരിച്ചു.

തട്ടുകടയിൽ നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കോട് സ്വദേശി ജിബിൻ ജോർജ് (27)​ എത്തി ആക്രമണം നടത്തുകയായിരുന്നു. ഈ സമയം കടയിലുണ്ടായിരുന്ന ശ്യാം പ്രസാദ് ഇത് ചോദ്യം ചെയ്‌തു. ഇതിനിടെ ജിബിൻ പൊലീസുദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് കുഴഞ്ഞുവീണ ശ്യാമിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തെ തുടർന്ന് ജിബിനൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ജിബിൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലത്ത് ദിവസങ്ങൾക്ക് മുൻപാണ് എസ് ഐയെ വണ്ടിയിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച മറ്റൊരു അക്രമസംഭവം ഉണ്ടായത്. തങ്കശേരി ബസ് ബേ ഭാഗത്ത് കാർ പാർക്ക് ചെയ്ത് പരസ്യ മദ്യപാനം നടക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയ സമയം പ്രതികൾ വാഹനം സ്റ്റാർട്ട് ചെയ്ത് എസ്.ഐയ്ക്ക് നേരെ ഓടിച്ച് ഇടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സാൾട്രസിനെയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. വാഹനം തട്ടി എ‌സ് ഐയ്‌ക്ക് കാൽമുട്ടിന് പരിക്കേറ്റു. സംഭവത്തിൽ പ്രതികളായ പള്ളിത്തോട്ടം പനമൂട് പുരയിടത്തിൽ അലിൻ വിജയൻ (32), തങ്കശേരി പുന്നത്തല ഹിമൽ നിവാസിൽ അഖിൽ ദാസ് (32) എന്നിവരെ പള്ളിത്തോട്ടം പൊലീസ് പിടികൂടി.

പ്രതിഷേധം ശക്തമായതോടെ വിവാദ പ്രസ്താവന പിന്‍വലിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആദിവാസി വകുപ്പ് ഉന്നത കുലജാതര്‍ കൈകാര്യം ചെയ്‌തെങ്കിലേ പുരോഗതിയുണ്ടാകൂവെന്ന തന്റെ പ്രസ്താവനയും വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. വേര്‍തിരിവ് അകറ്റണമെന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും അദേഹം വ്യക്തമാക്കി.

ഡല്‍ഹി മയൂര്‍ വിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം. ഉന്നത കുലജാതര്‍ ആദിവാസി വകുപ്പിന്റെ മന്ത്രിയാകണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അങ്ങനെയെങ്കിലേ പുരോഗതിയുണ്ടാകൂ.

ബ്രാഹ്മണനോ നായിഡുവോ ഗോത്ര വര്‍ഗത്തിന്റെ കാര്യങ്ങള്‍ നോക്കട്ടെയെന്നും അത് വലിയ വ്യത്യാസമുണ്ടാക്കുമെന്നും ട്രൈബല്‍ മന്ത്രിയാകാന്‍ ആളുണ്ടെങ്കില്‍ അദേഹത്തെ മുന്നോക്ക ജാതികളുടെ ഉന്നമനത്തിനുള്ള മന്ത്രിയാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

അതിനിടെ കേരളത്തില്‍ എയിംസ് വരുമെന്ന് സുരേഷ് ഗോപി വീണ്ടും ആവര്‍ത്തിച്ചു. എയിംസിന് പരിഗണന ലഭിക്കുകയാണെങ്കില്‍ അത് ആലപ്പുഴയിലായിരിക്കും. ഇക്കാര്യം കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുമായി സംസാരിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

‘കേരളത്തില്‍ എയിംസ് വരും. ഏറ്റവും പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ ഇടപെടല്‍ മൂലം നാശത്തിലേക്ക് കൂപ്പുകുത്തിയ പ്രദേശമാണ് ആലപ്പുഴ ജില്ല. എയിംസ് വരണമെങ്കില്‍ ഞാന്‍ ആഗ്രഹിക്കുന്നത് ആലപ്പുഴയിലാണ്. തൃശൂരില്‍ വരണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എയിംസ് എന്ന പരിഗണന കേരളത്തിന് ലഭിക്കുകയാണെങ്കില്‍ ആലപ്പുഴയില്‍ വരണം.

കേരളത്തിന് എയിംസ് കിട്ടുകയാണെങ്കില്‍ അത് ആലപ്പുഴയ്ക്ക് നല്‍കണമെന്ന് 2015 ല്‍ ജെ.പി നഡ്ഡയെ കണ്ട് അപേക്ഷിച്ച ആളാണ് ഞാന്‍. 2016 ല്‍ രാജ്യസഭയിലെത്തിയതിന് ശേഷവും ആലപ്പുഴയ്ക്ക് വേണ്ടി വാദിക്കുന്നയാളാണ്. അന്നു മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആലപ്പുഴയുടെ പേരും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇന്നുവരെ ലിസ്റ്റില്‍ വന്നിട്ടില്ല’-സുരേഷ് ഗോപി പറഞ്ഞു.

പണിമുടക്കൊഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയം. തിങ്കളാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) അറിയിച്ചു.

ശമ്പള വിതരണത്തില്‍ പോലും മാനേജ്മെന്റ് ഉറപ്പ് നല്‍കാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ടിഡിഎഫ് വൈസ് പ്രസിഡന്റുമാരായ ഡി അജയകുമാറും, ടി സോണിയും വ്യക്തമാക്കി. എട്ടരവര്‍ഷത്തിനിടെ ഒരിക്കല്‍പോലും കൃത്യസമയത്ത് ശമ്പളവും പെന്‍ഷനും നല്‍കിയിട്ടില്ല. 31 ശതമാനമാണ് ഡിഎ കുടിശിക. മറ്റൊരു പൊതുമേഖല സ്ഥാപനത്തിലും ഇത്രയും കുടിശികയില്ല.

ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

നടനും എംഎൽഎയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു.

എംഎൽഎക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ട്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. മുകേഷിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളിൽ വാട്ട്സ്ആപ്പ് ചാറ്റുകളുണ്ടെന്നും ഇ-മെയിൽ സന്ദേശങ്ങളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.

കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട്. താരസംഘടന ആയിരുന്ന അമ്മയുടെ അംഗത്വം വാഗ്ദാനം ചെയ്താണ് നടന്‍ മുകേഷ് പല സ്ഥലങ്ങളിൽ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് കേസ്.

ലൈംഗികാതിക്രമ വകുപ്പ് കൂടി ചേര്‍ത്താണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു..

2026 ലെ നിയമസഭ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗിനെ പി.കെ കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറത്ത് ‘മ’ ലിറ്റററി ഫെസ്റ്റിലില്‍ പി.കെ. കുഞ്ഞാലിക്കുട്ടികൂടി പങ്കെടുത്ത സംവാദത്തിലായിരുന്നു പ്രതികരണം.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദങ്ങള്‍ മുസ്ലീംലീഗ് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് സമ്മതമാണെങ്കില്‍ ലീഗിന് സന്തോഷമെന്നായിരുന്നു മറുപടി.

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പ്രധാനപദവി പി.കെ കുഞ്ഞാലിക്കുട്ടിക്കാകുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved