ഇരുളിൽ മുണ്ടക്കൈയെ കവർന്ന ഉരുൾ തൂത്തെറിഞ്ഞത് അഞ്ഞൂറോളം വീടുകൾ. ചുറ്റും മണ്ണും കല്ലുമല്ലാതെ ഒന്നുമില്ല. കാലു കുത്തിയാൽ കുഴിഞ്ഞു താഴേക്ക് പോകുന്ന സ്ഥിതി. വീടിന്റെ മുകളിലെ റൂഫിനൊപ്പം മണ്ണ് മൂടിയിരിക്കുന്നു. ഉള്ളിൽ എത്ര മനുഷ്യരെന്ന് അവ്യക്തം. മുണ്ടക്കൈയെ ഒന്നാകെ മൂടിയ മണ്ണിനടിയിൽ നിന്ന് ഇനിയും കണ്ടെത്താൻ നിരവധി മനുഷ്യർ ബാക്കിയാവുമ്പോൾ രക്ഷാപ്രവർത്തനവും പ്രതിസന്ധിയിലാണ്. 540 വീടുകളിൽ അവശേഷിക്കുന്നത് 30 ഓളം വീടുകൾ മാത്രമാണെന്ന് മുണ്ടക്കൈ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മെമ്പർ കെ ബാബു പറയുമ്പോൾ ദുരന്തത്തിന്റെ വ്യാപ്തി അതിഭീകരമെന്നാല്ലാതെ പറയാൻ കഴിയില്ല.
റൂഫ് നീക്കി കോൺക്രീറ്റ് പൊളിച്ചുവേണം ഓരോ വീട്ടിനുള്ളിലുമുള്ള മനുഷ്യരെ പുറത്തെടുക്കാൻ. ഉറ്റവരെ കാത്ത് രാവിലെ മുതലേ മുണ്ടക്കൈയിൽ ഉള്ളം നീറിയെത്തയവർ തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എങ്ങനെ എത്തും എന്നറിയാതെ സകലരോടും സഹായം അഭ്യർഥിക്കുന്ന നിസാഹായ സ്ഥിതി.
‘ആശുപത്രികളിലും ക്യാമ്പുകളിലും അന്വേഷിച്ചു. അവരെങ്ങുമില്ല. ഈ മണ്ണിനടിയിലുണ്ട്’
രക്ഷാപ്രവർത്തകരുടെ കണ്ണിൽപ്പെടാത്തവർക്കായി മുണ്ടക്കെെയിൽ സംയുക്ത സംഘം രാവിലെ മുതലെ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച പരിക്കേറ്റവരെ എയർലിഫ്റ്റിങ് വഴി ആദ്യം പുറത്തെത്തിക്കുന്നതിനായിരുന്നു പ്രഥമ പരിഗണന നൽകിയിരുന്നത്. ചൂരൽമലയേയും മുണ്ടക്കൈയേയും തമ്മിൽ ബന്ധിപ്പിക്കുന്ന താത്കാലിക പാലം നിർമാണം പൂർത്തിയായതോടെ ബാക്കിയുള്ളവരെയും പുറത്തെത്തിച്ചു. മണ്ണിനടിയിൽപ്പെട്ടവർക്കായി ബുധനാഴ്ച രാവിലെ മുതൽ തിരച്ചിൽ നടത്താനെത്തിയവർക്ക് മുന്നിൽ ഉപകരണങ്ങളുടെ അപര്യാപ്തത വെല്ലുവിളി നിറക്കുകയാണ്.
കോൺക്രീറ്റ് കട്ടറുപയോഗിച്ച് വീടിന്റെ കോൺക്രീറ്റും റൂഫും നീക്കം ചെയ്യാൻ സാധിച്ചാൽ മാത്രമേ മണ്ണിനടിയിൽ കുടുങ്ങിയവർക്കരികിലെത്താൻ സാധിക്കുകയുള്ളൂ. അത്യാധുനിക ഉപകരണങ്ങൾ എപ്പോൾ എത്തിക്കാനാവുമെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ലാത്തതിനാൽ ചുറ്റിക ഉൾപ്പെടെ ഉപയോഗിച്ച് തടസം നീക്കി വളരെ പ്രയാസപ്പെട്ടാണ് സംഘം തിരച്ചിൽ നടത്തുന്നത്. ഓരോ വീട്ടിലും സ്ലാബിന്റേയും കട്ടിളയുടേയും ഇടയിൽ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്.
‘എന്റെ മോനും പേരക്കുട്ടികളും എല്ലാവരും പോയി..ഒക്കെ പോയി.. അനാഥയായിട്ട് നിൽക്കുകയാണ്.. എനിക്കിനി ജീവിതമില്ല’
‘ഈ വീട്ടിലെന്റെ അച്ഛനും അമ്മയും ഭാര്യയുമുണ്ട്’. കണ്ണീരോടെ മണ്ണ് മൂടിയ വീടിന് മുന്നിൽ കാത്തുനിൽക്കുന്നവർ അനവധിയാണ്. ആശുപത്രിയിലോ ക്യാമ്പിലോ പ്രയപ്പെട്ടവരുണ്ടാകുമെന്ന് കരുതി ഓടിയോടി ഒടുവിൽ അവർക്കായി നെഞ്ച് കലങ്ങി മുണ്ടക്കൈയിലെത്തിയവരാണ് ഏറെയും.
വീടുകളുടെ മേൽക്കൂരയടക്കം ചെളിയില്‍ അമർന്നു. ചിലയിടത്ത് വീടുണ്ടായിരുന്നെന്നുപോലും അറിയാൻപറ്റാത്തവിധം എല്ലാം തുടച്ചുമാറ്റപ്പെട്ടു. വീടുകളിൽ ചെളിയടിഞ്ഞതിനാൽ അകത്ത് ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നുപോലും അറിയാനാകാത്ത സ്ഥിതി. ഈ ചെളിയിൽനിന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അത്യാധുനിക ഉപകരണങ്ങൾ നിലവിലെ താത്കാലിക പാലത്തിലൂടെ എത്തിക്കുക പ്രയാസകരമാണ്. എല്ലാവിധ ശ്രമങ്ങളും നടത്തിവരികയാണ് അധികൃതർ.
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരണസംഖ്യ 166 ആയി ഉയർന്നു. ഇതിൽ 75 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായാണ് വിവരം.123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിച്ച ശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.
പരിക്കേറ്റ 195 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതിൽ 190 പേർ വയനാട്ടിലും 5 പേർ മലപ്പുറത്തുമായിരുന്നു. വയനാട്ടിലെത്തിയ 190 പേരിൽ 133 പേർ വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിലും 28 പേർ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 24 പേർ കൽപറ്റ ജനറൽ ആശുപത്രിയിലും 5 പേർ വൈത്തിരി താലൂക് ആശുപത്രിയിലും എത്തി. നിലവിൽ 97 പേർ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതിൽ 92 പേരും വയനാട്ടിലാണ്.
അതേസമയം, ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ ഏഴുമണിയോടെ പുനരാരംഭിച്ചു. സൈന്യത്തിനൊപ്പം ടൊറിറ്റോറിയൽ ആർമിയും എൻ.ഡി.ആർ.എഫും അഗ്നിശമന സേനയും ആരോഗ്യപ്രവർത്തകരും പൊലീസും നാട്ടുകാരും തിരച്ചിൽ പങ്കാളികളാണ്.നാല് സംഘങ്ങളായി 150 രക്ഷാപ്രവർത്തകരാണ് മുണ്ടക്കൈയിൽ തിരച്ചിൽ നടത്തുക. തകർന്ന വീടുകൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുക. മണ്ണിനാൽ മൂടപ്പെട്ട വീടിൻറെ മേൽക്കൂര പൊളിച്ച് ഉള്ളിൽ കയറിയാണ് ആളുകൾക്കായി തിരച്ചിൽ നടത്തുന്നത്.
അതിനിടെ, ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയിലെത്തി. ലെഫ്റ്റനൻറ് കമാൻഡൻറ് ആഷിർവാദിൻറെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികർ, അഞ്ച് ഓഫീസർമാർ, 6 ഫയർ ഗാർഡ്സ്, ഒരു ഡോക്ടർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെടുത്ത ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ മൂന്നു മൃതദേഹങ്ങൾ കൂടി എൻ.ഡി.ആർ.എഫും സന്നദ്ധ പ്രവർത്തകരും ചേർന്ന് കണ്ടെത്തി. ചാലിയാറിൻറെ പനങ്കയം കടവിൽ നിന്നാണ് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസും സന്നദ്ധപ്രവർത്തകരും ചേർന്ന് മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതിന് പിന്നാലെ ചാലിയാർ പുഴയിലേക്ക് ഒഴുകിയെത്തിയ മൃതദേഹങ്ങളിൽ 32 എണ്ണമാണ് കണ്ടെത്തിയത്. ഇതിനുപുറമെ 25 ശരീരഭാഗങ്ങളും ലഭിച്ചു. മൃതദേഹങ്ങളിൽ 19 എണ്ണം പുരുഷന്മാരുടേതും 11 എണ്ണം സ്ത്രീകളുടേതും രണ്ടെണ്ണം കുട്ടികളുടേതുമാണ്. ഇതിൽ ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.
നിലമ്പൂർ, മുണ്ടേരി, പനങ്കയം പാലം, വെള്ളിലമാട്, ശാന്തിഗ്രാമം, കമ്പിപ്പാലം, ഇരുട്ടുകുത്തി എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിച്ചത്.വയനാട് മുണ്ടക്കൈയിൽ നിന്ന് 12 കിലോമീറ്ററോളം ചെങ്കുത്തായ മലയിടുക്കിലൂടെ ഒഴുകുന്ന അരണപ്പുഴയിലൂടെയാണ് മൃതദേഹങ്ങൾ ചാലിയാറിലെത്തിയത്.
സംസ്ഥാനത്ത് കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ കോട്ടയം ഉൾപ്പെടെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, വയനാട്, പാലക്കാട്, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അതാത് ജില്ലകളിലെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ഇന്ന് റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലാണ് നാളെ അവധി.
അംഗനവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി ബാധകമാണ്. കാസര്‍കോടും കണ്ണൂരും നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
സംസ്ഥാനത്ത് അടുത്ത 48 മണിക്കൂര്‍ നേരം മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ജൂലൈ 31) അവധി
കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ബുധനാഴ്ച (ജൂലൈ 31) കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അവധി പ്രഖ്യാപിച്ചു. മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻ്ററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല . പൂർണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി സ്കൂൾ അധികാരികൾ ക്രമീകരിക്കേണ്ടതാണ്. പൊതു പരീക്ഷകൾക്കും മുൻ നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല
വയനാട് ജില്ലയിലെ അവധി അറിയിപ്പ്
വയനാട് ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. പി.എസ്.സി പരീക്ഷയ്ക്കും മാറ്റം ഉണ്ടായിരിക്കില്ല.
ആലപ്പുഴയിലെ അവധി അറിയിപ്പ്
ആലപ്പുഴ ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വിവിധ താലൂക്കുകളിലെ നിരവധി സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും നാളെ (31/07/2024 ബുധനാഴ്ച) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അംഗനവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും അവധി നൽകി ജില്ല കളക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
ഇടുക്കിയിലെ അവധി അറിയിപ്പ്
മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ബുധനാഴ്ച (31.7.2024) ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി വിഘ്നേശ്വരി അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല . പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി സ്കൂൾ അധികാരികൾ ക്രമീകരിക്കേണ്ടതാണെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
കോഴിക്കോട് ജില്ലയിലെ അവധി അറിയിപ്പ്
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 31) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
എറണാകുളത്തെ അവധി അറിയിപ്പ്
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്വകാര്യ ട്യൂഷ൯ സെന്ററുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധ൯ (ജൂലൈ 31) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
പാലക്കാട് ജില്ലയിലെ അവധി അറിയിപ്പ്
കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗണവാടികൾ, കിൻറർഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ( 31.07.2024) ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. ടർഫുകളിലും മറ്റു കളിക്കളങ്ങളിലും കളികളിൽ ഏർപ്പെടുന്നതിൽ നിന്നും പാലത്തിനും ജലാശയങ്ങൾക്കും സമീപം സെൽഫി എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്നും സുരക്ഷാ കാരണങ്ങളാൽ ഏതാനും ദിവസം വിട്ടുനിൽക്കേണ്ടതാണ്.കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. നഷ്ടമാവുന്ന അധ്യയന ദിനങ്ങൾക്ക് പകരം പ്രവർത്തിദിനങ്ങൾ വിദ്യഭ്യാസ വകുപ്പ് ക്രമീകരിക്കേണ്ടതാണ്.
മലപ്പുറത്തെ അവധി അറിയിപ്പ്
മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദ് നാളെയും (31.07.24 ബുധൻ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.
കണ്ണൂരിലെ അവധി അറിയിപ്പ്
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (31.07.2024) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.
തൃശൂര്‍ ജില്ലയിലെ അവധി അറിയിപ്പ്
തൃശൂര്‍ ജില്ലയില്‍ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂലൈ 31) ജില്ലയിലെ അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടു. മുഴുവന്‍ വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്/ കോഴ്‌സുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
കാസർകോട് ജില്ലയിലെ അവധി അറിയിപ്പ്
ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31 2024 ബുധനാഴ്ച) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
പത്തനംതിട്ടയിലെ അവധി അറിയിപ്പ്
ശക്തമായ മഴയെത്തുടര്‍ന്ന് ജില്ലയില്‍ നാളെ (31-07-2024) പ്രൊഫഷണൽ കോളേജുകൾ, ട്യൂഷന്‍ സെന്‍ററുകള്‍ ഉള്‍പ്പെടെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 104 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒട്ടനവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദുരന്തസ്ഥലത്ത് ഇനിയും ഒട്ടേറെപേരെ കണ്ടെത്താനുണ്ട്. കണ്ടെത്തിയ മൃതദേഹങ്ങൾ പലതും തിരിച്ചറിയാനായിട്ടില്ല. ഇതുവരെ 34 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിയാനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ചൂരല്‍മലയും മുണ്ടക്കൈയും കേന്ദ്രീകരിച്ച് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സൈന്യം ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. മുണ്ടക്കൈ മേഖലയില്‍ നിരവധിപേര്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി.
അതിനിടെ, മുണ്ടക്കൈയില്‍ കുടുങ്ങിയ നൂറോളം പേരെ സൈന്യം കണ്ടെത്തി. രക്ഷാപ്രവര്‍ത്തനം സുഗമമാക്കാനായി സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് താത്കാലിക പാലം നിര്‍മിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. താത്കാലിക പാലം നിര്‍മിക്കാനുള്ള ഉപകരണങ്ങള്‍ ഡല്‍ഹിയില്‍നിന്നും ചെന്നൈയില്‍നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
കണ്ണൂരില്‍നിന്നും കോഴിക്കോടുനിന്നുമുള്ള സൈനികരാണ് ദുരന്തമേഖലയിലുള്ളത്. മുണ്ടക്കൈയിലടക്കം കുടുങ്ങികിടക്കുന്നവരെ റോപ്പ് വഴിയാണ് നിലവില്‍ പുറത്തെത്തിക്കുന്നത്. അതേസമയം, വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുമെന്നു ആശങ്കയും നിലനില്‍ക്കുന്നു. വൈകീട്ട് നാലരയോടെ ചൂരല്‍മല ഉള്‍പ്പെടെയുള്ള ദുരന്തബാധിത മേഖലകളില്‍ കനത്ത മൂടല്‍മഞ്ഞ് നിറഞ്ഞിരിക്കുകയാണ്. സമയം വൈകുതോറം വെളിച്ചം കുറയും. ഇതിനുള്ള പരിഹാരമാര്‍ഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ തേടുന്നുണ്ട്.
വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരം 41 പേരാണ് മരിച്ചത്. ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്ന് ഒരു ആശ്വാസ വാർത്തയും എത്തിയിരുന്നു. ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്.
മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും ഉൾപ്പെടുന്നുണ്ട്. കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും കണ്ണൂർ നിന്നും ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തുന്നു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് സൈന്യം വ്യക്തമാക്കി. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് സമാന്തര പാലം നിർമിക്കാൻ ശ്രമിക്കുന്നതായി മന്ത്രി കെ രാജൻ അറിയിച്ചു. രക്ഷാദൗത്യത്തിന് തടസ്സമായി കനത്ത മഴ പെയ്യുകയാണ്. വയനാട്ടിലേക്ക് പോകാനാകാതെ ഹെലികോപ്റ്റർ കോഴിക്കോട്ടിറക്കി. മുണ്ടക്കൈയിലേക്ക് എത്താനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം.
കൊല്ലം ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ പദ്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബെംഗളുരുവിൽ എൽ.എൽ.ബി കോഴ്സിന് ചേരാനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ ആവശ്യം.
കർശന ഉപാധികളോടെയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ മാസവും മൂന്നാം ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം, മറ്റാവശ്യങ്ങൾക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയവയാണ് വ്യവസ്ഥകൾ.
കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെതുടർന്നാണ് അനുപമ ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് ഇവർ.
2023 നവംബർ 27-നാണ് ഓയൂരിൽ ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനുപമയുടെ പിതാവ് മാമ്പള്ളിക്കുന്നം കവിതാരാജിൽ പദ്മകുമാർ, അമ്മ അനിത എന്നിവരാണ് ഒന്നുംരണ്ടും പ്രതികൾ. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികൾ പിന്നീട് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു.
ഡിസംബർ ഒന്നിന് തമിഴ്നാട്ടിലെ പുളിയറയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പദ്മകുമാറും അനിതയും ജയിലിൽ തുടരുകയാണ്.
രജിസ്റ്റര്‍ വിവാഹം ചെയ്ത യുവതി ഭര്‍ത്താവിന്റെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രേരണയ്ക്കും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു. പുതുക്കാട് വടക്കേ തൊറവ് പട്ടത്ത്വീട്ടില്‍ അശോകന്റെ മകള്‍ അനഘ (25) കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഒന്നരമാസംമുന്‍പ് ആത്മഹത്യക്ക് ശ്രമിച്ച അനഘ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അനഘയെ രഹസ്യമായി രജിസ്റ്റര്‍ വിവാഹം ചെയ്ത സമീപവാസിയായ പുളിക്കല്‍ ആനന്ദ് കൃഷ്ണ, അമ്മ ബിന്ദു എന്നിവരുടെ പേരില്‍ പുതുക്കാട് പോലീസ് കേസെടുത്തിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്തശേഷം വീട്ടുകാര്‍ വിവാഹനിശ്ചയവും നടത്തിയിരുന്നു. ഇതിനുശേഷം യുവാവ് ബന്ധമൊഴിയാന്‍ നിരന്തരം നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് യുവതിയുടെ വീട്ടുകാര്‍ പുതുക്കാട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അനഘയും ആനന്ദും ആറുമാസംമുമ്പാണ് നെല്ലായി സബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് വിവാഹം ചെയ്തത്. ഇതറിയാതെ വീട്ടുകാര്‍ ഇവര്‍ തമ്മിലുള്ള വിവാഹനിശ്ചയം നടത്തി. എന്നാല്‍, വിവാഹനിശ്ചയത്തെത്തുടര്‍ന്ന് അനഘയോടുള്ള ആനന്ദിന്റെ പെരുമാറ്റം മോശമായിത്തുടങ്ങിയെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ആനന്ദും അമ്മയും സ്ത്രീധനം ആവശ്യപ്പെട്ട് അനഘയെ നിരന്തരം ഭീഷണിപ്പെടുത്തിയതായാണ് കുടുംബത്തിന്റെ ആരോപണം. അനഘയുടെ ആത്മഹത്യശ്രമത്തിനു പിന്നാലെ കുടുംബം ആനന്ദിന്റെ പേരില്‍ പരാതി നല്‍കി. ഇതിനുശേഷമാണ് രജിസ്റ്റര്‍ വിവാഹം നടന്ന വിവരം അനഘയുടെ വീട്ടുകാര്‍ അറിയുന്നത്.
ഉത്തരവാദികള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്നും പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. വി. സജീഷ്‌കുമാര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് പട്ടാപ്പകലിൽ വീട്ടിൽ കയറി ഗൃഹനാഥയെ വെടിവെയ്ച്ചു. കൈയ്ക്കു പരുക്കേറ്റ പടിഞ്ഞാറേക്കോട്ട പോസ്റ്റ് ഓഫിസ് ലെയിനിലെ താമസക്കാരിയും എൻ.എച്ച്.എം ഉദ്യോഗസ്ഥയുമായ ഷിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സത്രീയാണെന്നും മൂന്നു തവണ ഇവര്‍ വെടിവെച്ചെന്നും ഷിനിയുടെ ഭർതൃ പിതാവ് പറഞ്ഞു.
പിസ്റ്റളാണോ എയർ ഗണ്ണാണോയെന്നു തിരിച്ചറിഞ്ഞിട്ടില്ലെന്നു സിറ്റി പോലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ വ്യക്തമാക്കി. രാവിലെ എട്ടരയോടെയാണ് തലസ്ഥാന നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരുവുകളിലൊന്നായ പോസ്റ്റ്ഓഫിസ് ലെയിനിൽ അക്രമി എത്തിയത്. കൊറിയർ നൽകാനുണ്ടെന്ന വ്യാജേന പങ്കജ് എന്നു പേരുള്ള വീട്ടിലെത്തി ബൽ അമർത്തി. ഷിനിയുടെ ഭർതൃപിതാവ് പുറത്തേക്ക് വന്നെങ്കിലും ഷിനിയെ തന്നെ വേണമെന്നു പറഞ്ഞു. ഷിനി വന്നതിനു പിന്നാലെ വെടിയുതിർക്കുകയായിരുന്നു.
അക്രമണ സമയത്ത് ഷിനിയും, മകനും, ഭർതൃപിതാവും, മാതാവുമാണ് വീട്ടിലുണ്ടായിരുന്നത്. ഷിനിയുടെ ഭർത്താവ് മാലിയിൽ ഉദ്യോഗസ്ഥനാണ്. സി.സി.ടി.വി കേന്ദ്രീകരിച്ചാണ് അന്വേഷണം. അക്രമി വന്ന വാഹനത്തിന്റെ നമ്പർ വ്യാജമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമായി ചെറുക്കുമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍. സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യുനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരെ സമീപ കാലങ്ങളില്‍ ആസൂത്രിതമായ മത-വര്‍ഗീയ അധിനിവേശ ശ്രമങ്ങള്‍ നടക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ മുവാറ്റുപുഴ നിര്‍മല കോളജില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന സ്വയംഭരണ സ്ഥാപനമായ മുവാറ്റുപുഴ നിര്‍മലാ കോളജില്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ അക്കാദമിക അന്തരീക്ഷം തകിടം മറിക്കുന്ന തരത്തിലുള്ളതാണ്.
ഒരു പ്രത്യേക മത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കോളജ് ക്യാമ്പസില്‍ നിസ്‌കാരം നടത്തുന്നതിന് മുറി വിട്ടു നല്‍കണം എന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയും മുദ്രാവാക്യം മുഴക്കി സമരം ചെയ്യുകയുമാണ് ഉണ്ടായത്.
നിയമപരമായോ ധാര്‍മികമയോ യാതൊരു സാധുതയുമില്ലാത്ത ഇത്തരം ഒരാവശ്യം ഉയര്‍ത്തി കോളജ് അന്തരീക്ഷം കലുഷിതമാക്കുന്നതിന് കേരളത്തിലെ പ്രബലമായ രണ്ട് വിദ്യാര്‍ഥി സംഘടനകളുടെ യൂണിറ്റുകള്‍ നേതൃത്വം നല്‍കി എന്ന സാഹചര്യം ആശങ്കയുളവാക്കുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പുറകിലുള്ള ഗൂഢാലോചനയും ലക്ഷ്യങ്ങളും അന്വേഷണ വിധേയമാക്കണം. കൂടുതല്‍ അനിഷ്ട സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി നിര്‍മലാ കോളജിനും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്കും ആവശ്യമായ സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
യുവാവിനെ കാറിൽ കൈയും കഴുത്തും ബന്ധിച്ച് കഴുത്തറത്ത് കൊല്ലാൻ ശ്രമം. പെൺസുഹൃത്ത് ഏർപ്പെടുത്തിയ ക്വട്ടേഷൻസംഘമാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് യുവാവിന്റെ പരാതി. കുഞ്ചിത്തണ്ണി ഉപ്പാർ മേപ്പുതുശേരി സുമേഷ് സോമനാണ് (38) പരിക്കേറ്റ് അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുംവഴി വ്യാഴാഴ്ച രാത്രി 11-ഓടെ കല്ലാർകുട്ടിക്കുസമീപം പനംകൂട്ടിയിലായിരുന്നു ആക്രമണം. അഞ്ചുപേർ കാർ തടഞ്ഞുനിർത്തിയശേഷം കൈകൾ സ്റ്റിയറിങ്ങിനോടും കഴുത്ത് സീറ്റിനോടും ചേർത്ത് ബന്ധിച്ചെന്നും കൈയിലും കഴുത്തിലും മുറിവേൽപ്പിച്ചെന്നും മൊബൈൽ തട്ടിയെടുത്തെന്നുമാണ് സുമേഷ് പോലീസിന് നൽകിയ മൊഴി.
വെള്ളിയാഴ്ച രാവിലെ ഇതുവഴിയെത്തിയ വാഹനത്തിലെ ഡ്രൈവറാണ് കാറിൽ ബന്ധിച്ചനിലയിൽ സുമേഷിനെ കണ്ടെത്തിയത്. ഇയാൾ അടിമാലി പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി സുമേഷിനെ ആശുപത്രിയിലേക്ക് മാറ്റി.
എറണാകുളത്ത് ഡ്രൈവറായി ജോലിനോക്കിവരുന്ന സുമേഷ് വിവാഹമോചിതനാണ്. ഇൻഫോപാർക്കിലെ ജീവനക്കാരിയുമായി ഏതാനും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. ഇരുവരും കുഞ്ചിത്തണ്ണി സ്വദേശികളാണ്. മൂന്നുവർഷം ഇവർ ഒന്നിച്ച് താമസിച്ചു. പിന്നീട് അകന്നു. ഇതോടെ ഒരുമിച്ചുള്ള താമസവും മതിയാക്കി. ഇതിനിടെ അനുമതിയില്ലാതെ സുമേഷ് യുവതിയുടെ ഏതാനും ചിത്രങ്ങളും സ്വകാര്യസംഭാഷണങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായി ആരോപണമുണ്ട്. യുവതി ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകി.
താൻ താമസിക്കുന്നത് രാജാക്കാട് പോലീസ്‌സ്റ്റേഷൻ പരിധിയിൽ ആണെന്നും അതിനാൽ കേസ് അങ്ങോട്ട് മാറ്റണമെന്നും ആവശ്യപ്പെട്ട് സുമേഷ് പോലീസിൽ അപേക്ഷ നൽകി.
അക്രമികൾ തന്റെ മൊബൈൽ ഫോൺ കവർന്നതായും സുമേഷിന്റെ പരാതിയിൽ പറയുന്നു. യുവതി തന്നെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതായും ഈ സംഘമാണ് തന്നെ ആക്രമിച്ചതെന്നും സുമേഷ് മൊഴി നൽകിയതായി പോലീസ് പറഞ്ഞു. സുമേഷിന്റെ കഴുത്തിലും കൈകളിലും ദേഹത്തും മുറിവേറ്റ പാടുകളുണ്ട്. മുറിവുകൾ സാരമുള്ളതല്ല. മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നു അക്രമിസംഘത്തിന്റെ ലക്ഷ്യം എന്ന് കരുതുന്നു. സുമേഷ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.