Kerala

കമ്പളക്കാട്ടെ നിർമാണം നടക്കുന്ന മൂന്നുനിലക്കെട്ടിടത്തിനു മുകളിൽ പോക്‌സോ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ തിരുവനന്തപുരം കരമന സ്വദേശിയായ സുനിൽ കുമാർ (അൽ അമീൻ-50)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ കമ്പളക്കാട് പള്ളിക്കുന്ന് റോഡിലെ കെട്ടിടത്തിന് മുകളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കാണുന്നത്. കെട്ടിടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് കമ്പളക്കാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇരുകാലുകളും വയറുകൾ ഉപയോഗിച്ച് കെട്ടിയിട്ട നിലയിലാണ്.

മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും ആധാർ കാർഡും പോലീസ് കണ്ടെടുത്തു. ഇയാൾ വ്യത്യസ്തമായ പേരുകളിൽ മൂന്നുവിവാഹം കഴിച്ചിട്ടുണ്ട്. 2024 നവംബറിൽ വെള്ളമുണ്ടയിൽ രജിസ്റ്റർചെയ്ത പോക്‌സോ കേസിൽ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു. ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ പലയിടങ്ങളിൽ പണിയെടുത്താണ് ഇയാൾ ജീവിച്ചിരുന്നത്. മൃതദേഹം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തൃശൂര്‍: വാരാപ്പുഴയിലെ കൂനമ്മാവ് അഗതി മന്ദിരത്തിൽ വെച്ച് കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേര്‍ പൊലീസ് പിടിയിലായി. അഗതി മന്ദിരം നടത്തിപ്പുകാരൻ പാസ്റ്റർ ഫ്രാൻസിസ് (65), ആരോമൽ, നിതിൻ എന്നിവരെയാണ് തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. എറണാകുളം അരൂര്‍ സ്വദേശിയും 11 കേസുകളിലെ പ്രതിയുമായ സുദര്‍ശന്‍ (44) ഗുരുതരാവസ്ഥയിലാണ്.

വഴിയാത്രക്കാരെ ശല്യപ്പെടുത്തിയെന്നാരോപിച്ച് കൊച്ചി സെന്‍ട്രൽ പൊലീസ് സുദര്‍ശനെ പിടികൂടി അഗതിമന്ദിരത്തിലെത്തിച്ചതിനുശേഷമാണ് സംഭവം നടന്നത്. മന്ദിരത്തിൽ എത്തിയ ശേഷം സുദര്‍ശൻ അക്രമം കാട്ടിയതിനെ തുടര്‍ന്നാണ് ഇയാളെ മര്‍ദിച്ചതെന്ന് പൊലീസ് പറയുന്നു. കത്തികൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിച്ചതായും പ്രതിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ സുദര്‍ശനെ അഗതിമന്ദിരത്തിലെ വാഹനത്തിൽ കൊടുങ്ങല്ലൂരില്‍ എത്തിച്ച് വഴിയരികില്‍ ഉപേക്ഷിച്ചതായാണ് വിവരം. സുദര്‍ശനെ തൃശൂര്‍ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കൊലപാതകശ്രമത്തിന് കേസെടുത്ത് കൂനമ്മാവ് ഇവാഞ്ചലോ കേന്ദ്രത്തിന്റെ ഉടമസ്ഥരേയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഏഴു ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മോൻതാ ചുഴലിക്കാറ്റ് നീങ്ങിയാൽ കേരളത്തിൽ മഴയുടെ ശക്തി കുറയും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. മോൻതാ ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്നത് അനുസരിച്ച് കേരളത്തിൽ മഴയുടെ ശക്തിയിൽ

കുറവുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശ്ശൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇന്ന് (ഒക്ടോബര്‍ 28) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചത്. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ, റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല.

ചെങ്ങന്നൂർ . വെൺമണി സ്വദേശിനിയായ 14കാരിയോട് പ്രണയമെന്ന നാടകമാടി ലൈംഗിക അതിക്രമം നടത്തിയ 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെൺമണി ഏറംമുറി കല്ലിടാംകുഴി സ്വദേശി അച്ചു എന്ന യുവാവാണ് (19) അറസ്റ്റിലായത്. പെൺകുട്ടിയോട് പ്രായപൂർത്തിയായാൽ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്താണ് ഇയാൾ വിശ്വാസം നേടിയെടുത്തത്.

ഇതിനു ശേഷം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡനം നടത്തുകയായിരുന്നു. മകളെ പീഡിപ്പിക്കുന്നത് തടയാൻ ശ്രമിച്ച മാതാപിതാക്കളെ ഇയാൾ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായി പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തിരുവല്ല ഭാഗത്ത് വച്ച് പൊലീസ് പിടികൂടി. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസ് വെൺമണി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആലപ്പുഴ ∙പിഎംശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ സിപിഐയുടെ നിലപാട് കടുപ്പം. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അനുനയശ്രമങ്ങൾ പരാജയപ്പെട്ടതോടെ സിപിഐ മന്ത്രിമാർ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന സൂചന പുറത്തുവന്നു . പാർട്ടിയെ അറിയിക്കാതെയും മുന്നണിമര്യാദ പാലിക്കാതെയും ധാരണാപത്രം ഒപ്പിട്ടതിൽ സിപിഐ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.

ശനിയാഴ്ച മന്ത്രി വി. ശിവൻകുട്ടി തുടങ്ങി വെച്ച സമവായ ശ്രമങ്ങൾ ഗൾഫ് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഏറ്റെടുത്തെങ്കിലും സിപിഐ നിലപാട് മാറ്റിയില്ല. ആലപ്പുഴയിൽ ചേർന്ന സിപിഐ നേതൃയോഗത്തിൽ “പിഎംശ്രീയിൽ വിട്ടുവീഴ്ചയില്ല, ആവശ്യമായാൽ മന്ത്രിമാരുടെ രാജിയും നൽകണം” എന്ന നിലപാടാണ് കൈക്കൊണ്ടത്. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മുക്കാൽ മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ച നടത്തി, എങ്കിലും ധാരണയിലെത്താൻ കഴിഞ്ഞില്ല.

മുഖ്യമന്ത്രി ധാരണാപത്രത്തിൽ നിന്ന് പിന്മാറാനാകില്ലെന്ന നിലപാട് വ്യക്തമാക്കിയപ്പോൾ, “പാർട്ടിയെ അവഗണിച്ച് എടുത്ത ഏകപക്ഷീയ തീരുമാനം അംഗീകരിക്കാനാവില്ല”എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെങ്കിലും സ്കൂളുകളുടെ പട്ടിക കൈമാറൽ തുടങ്ങിയ തുടർനടപടികൾ തത്കാലം നിർത്തിവെയ്ക്കാമെന്ന സമവായനിർദേശം സിപിഐ തള്ളി. കൂടിക്കാഴ്ചയ്ക്കു പിന്നാലെ സിപിഐ മന്ത്രിമാർ ബുധനാഴ്ചയുടെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. വിഷയത്തിൽ എൽഡിഎഫ് യോഗം വിളിക്കണമെന്ന സിപിഐയുടെ ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചു.

കൊച്ചി ∙ അങ്കമാലി എംഎൽഎ റോജി എം. ജോൺ വിവാഹിതനാകുന്നു. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയും ആയ ലിപ്സിയാണ് വധു. ഇന്റീരിയർ ഡിസൈനറായ ലിപ്സിയുമായി റോജിയുടെ വിവാഹ നിശ്ചയം ഇന്നലെ നടന്നു . കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റോജിയും ലിപ്സിയും ചേർന്ന് എടുത്ത ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു.

വിവാഹ ചടങ്ങ് ഈ മാസം 29ന് അങ്കമാലി ബസിലിക്ക പള്ളിയിൽ ലളിതമായി നടക്കും. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമേ ചടങ്ങിൽ പങ്കെടുക്കുകയുള്ളൂ എന്നാണ് വിവരം. മനസമ്മതം ഇന്ന് തിങ്കളാഴ്ച കാലടി മാണിക്യമംഗലം പള്ളിയിൽ നടക്കും.

കുറവിലങ്ങാട് (കോട്ടയം): എം.സി. റോഡിൽ ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം തിങ്കളാഴ്ച രാവിലെ 2 മണിയോടെ ടൂറിസ്റ്റ് ബസ് മറിഞ്ഞു. അപകടത്തിൽ കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധ്യ (45) മരിച്ചു. സംഭവത്തിൽ 49 പേർക്ക് പരിക്കേറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 18 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.

ബസ് മറിയുന്ന ശബ്ദം കേട്ട നാട്ടുകാർ ആദ്യമായി രക്ഷാപ്രവർത്തനത്തിന് എത്തുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ളവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, മറ്റു പരിക്കേറ്റവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഒരു വിദ്യാര്‍ഥി പോലും പ്രവേശനം നേടാത്ത 8000 ത്തോളം സ്‌കൂളുകൾ രാജ്യത്തുണ്ടെന്ന് സര്‍ക്കാര്‍ കണക്ക്. ഈ അധ്യയന വര്‍ഷം ഇത്രയും സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ഥി പോലും ചേര്‍ന്നിട്ടില്ലെങ്കിലും ഇവിടങ്ങളിലായി 20,817 അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ടിൽ പറയുന്നു.

2024-25-ലെ സാമ്പത്തിക സർവേ പ്രകാരം ഇന്ത്യയിലുടനീളം 14.72 ലക്ഷം സ്കൂളുകളാണുളളത്. ഇവിടങ്ങളിലായി 24.8 കോടി വിദ്യാർഥികളും 98 ലക്ഷം അധ്യാപകരുമുണ്ടെന്നും ജനുവരിയിൽ ധനകാര്യമന്ത്രാലയം പുറത്തുവിട്ട കണക്കിൽ സൂചിപ്പിച്ചിരുന്നു.

സീറോ എൻറോൾമെൻ്റുള്ള സ്കൂളുകളുടെ (ഒരു കുട്ടി പോലും പുതുതായി ചേർന്നിട്ടില്ലാത്ത സ്കൂളുകൾ) എണ്ണത്തിൽ പശ്ചിമ ബംഗാളാണ് മുന്നിൽ. ഒരു കുട്ടി പോലും പുതുതായി പഠിക്കാനെത്താത്ത 3,812 സ്കൂളുകളിൽ 17,965 അദ്ധ്യാപകരാണുള്ളത്.

2,245 സ്കൂളുകളിൽ 1,016 അധ്യാപകരുമായി തെലങ്കാനയാണ് രണ്ടാമത്‌. മധ്യപ്രദേശിൽ ഒരു കുട്ടി പോലും പുതുതായി ചേരാത്ത 463 സ്കൂളുകളും 223 അധ്യാപകരുമുണ്ട്. ഉത്തർപ്രദേശിൽ 81 സ്കൂളുകളാണ് ഇത്തരത്തിലുള്ളതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സീറോ എൻറോൾമെൻ്റുള്ള സ്കൂളുകളുടെ എണ്ണം കുത്തനെ കുറഞ്ഞതായും പിടിഐ റിപ്പോർട്ടിൽ പറയുന്നു. 2023-24-ൽ 12,954 ആയിരുന്നത് 2024-25-ൽ 7,993 ആയി കുറഞ്ഞു. വിദ്യാര്‍ഥികളില്ലാത്ത സ്‌കൂളുകളുടെ എണ്ണത്തില്‍ 38 ശതമാനത്തോളം കുറവുണ്ടായി.

ഹരിയാന, മഹാരാഷ്ട്ര, ഗോവ, അസം, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഡ്, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ സീറോ എൻറോൾമെൻ്റുള്ള സ്കൂളുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാതെ, ഡൽഹി, പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്ര & നഗർ ഹവേലി, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ദാമൻ & ദിയു തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത്തരത്തിലുള്ള സ്കൂളുകൾ ഇല്ല.

വിദ്യാഭ്യാസം സംസ്ഥാന വിഷയമായതിനാൽ സീറോ എൻറോൾമെൻ്റുള്ള സ്കൂളുകളുടെ പ്രശ്നം പരിഹരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും ഉപയോഗം മെച്ചപ്പെടുത്തുന്നതിനായി ചില സംസ്ഥാനങ്ങൾ സ്കൂളുകൾ ലയിപ്പിക്കുകയുണ്ടായി.

ഉത്തർപ്രദേശിൽ, തുടർച്ചയായ മൂന്ന് അധ്യയന വർഷങ്ങളിൽ വിദ്യാര്‍ഥികളില്ലാത്ത സ്‌കൂളുകളുടെ അഫിലിയേഷന്‍ അംഗീകാരം റദ്ദാക്കാൻ മാധ്യമിക് ശിക്ഷാ പരിഷത്ത് പദ്ധതിയിടുന്നുണ്ട്.

ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം ഏകാധ്യാപക സ്കൂളുകളുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സ്കൂളുകളിൽ 33 ലക്ഷത്തിലധികം വിദ്യാർഥികൾ ചേർന്നിട്ടുണ്ട്. 2022–23-ൽ 1,18,190 ആയിരുന്ന ഏകാധ്യാപക സ്കൂളുകളുടെ എണ്ണം 2023–24-ൽ 1,10,971 ആയി കുറഞ്ഞിട്ടുണ്ട് (ഏകദേശം 6% കുറവ്).

ഏകാധ്യാപക സ്കൂളുകളിലെ എൻറോൾമെൻ്റിൽ ഉത്തർപ്രദേശാണ് ഒന്നാം സ്ഥാനത്ത്, തൊട്ടുപിന്നാലെ ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണുള്ളത്.

മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന് നീതി ലഭിക്കാൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടാണ് അഭിമന്യുവിന്റെ കുടുംബം ഈ ആവശ്യം ഉന്നയിച്ചത്. മകന്റെ കൊലപാതകം നടന്ന് ഏഴുവർഷം കഴിഞ്ഞിട്ടും ഇപ്പോഴും പ്രധാന പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് അഭിമന്യുവിന്റെ മാതാപിതാക്കള്‍ അറിയിച്ചു.

വട്ടവട കോവിലൂരില്‍ സംഘടിപ്പിച്ച കലുങ്ക് സൗഹൃദ സദസ്സിനെത്തിയ സുരേഷ് ഗോപി അഭിമന്യുവിന്റെ കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിക്കുകയായിരുന്നു. അഭിമന്യു വധക്കേസിലെ പ്രധാന പ്രതിയെ പിടികൂടാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ലാത്തതിനാല്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യം ഉന്നയിച്ചു.

അഭിമന്യു വധക്കേസില്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനായി സുരേഷ് ഗോപി ഇടപെടണമെന്ന് അഭിമന്യുവിന്റെ മാതാവ് ഭൂപതി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റ് പി.പി.സാനു,

ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ ഉപാധ്യക്ഷൻ നോബിള്‍ മാത്യു, ജില്ലാ ജനറല്‍ സെക്രട്ടറി അളകർരാജ്, നിയോജക മണ്ഡലം പ്രസിഡന്റ് പി.പി മുരുകൻ, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് എം.രാമർ, ജില്ലാ സെക്രട്ടറി മനോജ് കുമാർ, ജില്ല വൈസ് പ്രസിഡന്റ് ഇ.കെമോഹനൻ, വട്ടവട പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.കുപ്പുസ്വാമി എന്നിവരും സുരേഷ് ഗോപിയോടൊപ്പം ഉണ്ടായിരുന്നു.

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം വേഗം കൂട്ടി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളും സാമ്പത്തിക ഉറവിടങ്ങളും സംബന്ധിച്ച് തെളിവെടുപ്പ് ശക്തമാക്കി. ചെന്നൈ, ബെംഗളൂരു, ബെല്ലാരി തുടങ്ങിയ സ്ഥലങ്ങളിലായി പരിശോധനകൾ നടന്നു.

ബെംഗളൂരുവിലെ പോറ്റിയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട പ്രധാന രേഖകളും ഏകദേശം 22 പവനോളം സ്വർണാഭരണങ്ങളും പോലീസ് സംഘം പിടിച്ചെടുത്തു. കണ്ടെത്തിയ ആഭരണങ്ങൾ ശബരിമലയിൽ നിന്നുള്ള കവർച്ചയുമായി ബന്ധമുള്ളതാണോയെന്ന് പരിശോധന തുടരുന്നു.

പോറ്റിയുടെ വൻഭൂമി ഇടപാടുകൾക്ക് പിന്നിലെ ധനസ്രോതസുകൾ എവിടെയെന്ന കാര്യത്തിൽ എസ്‌ഐടി വിശദമായ അന്വേഷണം ആരംഭിച്ചു. ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിലും പരിശോധന നടന്നു. ചെമ്പുപാളിയിൽ സ്വർണം പൊതിയാൻ വേണ്ടിയായിരുന്നു പോറ്റി 109 ഗ്രാം സ്വർണം അവിടെ നൽകിയതെന്നാണ് അന്വേഷണ വിവരങ്ങൾ. ദേവസ്വം ബോർഡ് അപ്രൈസർമാരെയും ഉൾപ്പെടുത്തി പോലീസ് സംഘം രാത്രിയോടെ തെളിവെടുപ്പ് നടത്തി.

പ്രത്യേക അന്വേഷണ സംഘത്തലവൻ എസ്.പി. ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. കൂടുതൽ തെളിവുകൾ ലഭിക്കാമെന്ന പ്രതീക്ഷയിൽ അന്വേഷണം ഇന്ന് തുടരുമെന്നാണ് വിവരം.

RECENT POSTS
Copyright © . All rights reserved