സംഗീതഞ്ജന്‍ രമേഷ് നാരായണന്‍ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ പരിഭവമില്ലെന്ന് നടന്‍ ആസിഫ് അലി. രമേഷ് നാരായണന്‍ ആസിഫ് അലിയെ അപമാനിച്ച സംഭവം വലിയ വിവാദമായതോടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. തനിക്കുള്ള പിന്തുണ വിദ്വേഷപ്രചാരണത്തിനുള്ള അവസരമാക്കി മാറ്റരുതെന്നും രമേഷ് നാരായണന്റെ ഭാഗത്തുനിന്നും പെട്ടെന്ന് ഉണ്ടായ പ്രതികരണമായി മാത്രം അത് കണ്ടാല്‍ മതിയെന്നും താരം പറഞ്ഞു.
അദ്ദേഹത്തിനെതിരായ ഒരു വിദ്വേഷ കാമ്പയിന്‍ നടക്കുന്നത് ശ്രദ്ധയിപ്പെട്ടു.അത് തുടര്‍ന്നുകൂടാ എന്ന് ബോധ്യമുള്ളതു കൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. ആ മൊമന്റില്‍ അദ്ദേഹത്തിനുണ്ടായ പ്രശ്നമാവാം അത്. അദ്ദേഹവുമായി ഇന്ന് രാവിലെ ഫോണില്‍ സംസാരിച്ചെന്നും ആസിഫ് പറഞ്ഞു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അംഗൺവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കെല്ലാം അവധിയായിരിക്കും.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും (എംആർഎസ്), നവോദയ സ്കൂളുകൾക്കും അവധി ഉണ്ടായിരിക്കില്ല. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും അവധിയായിരുന്നു.
വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്നും പുഴയിലോ വെള്ളക്കെട്ടിലോ ഇറങ്ങാൻ പാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കാട്ടാക്കടയില്‍ കാര്‍ നിര്‍ത്തിയിട്ടതിനെച്ചൊല്ലി തര്‍ക്കം. ഒരുകൂട്ടം യുവാക്കള്‍ എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയും സഹോദരനുമടക്കം ഒപ്പമുണ്ടായിരുന്നവരേയും മര്‍ദിച്ചതായി യുവാവിന്റെ പരാതി. കാറിന്റെ പിന്‍വശത്തെ ചില്ല് തകര്‍ത്തുവെന്നും തന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല പൊട്ടിച്ചെന്നും അമ്പലത്തിന്‍കാല സ്വദേശി ബിനീഷ് പരാതിപ്പെട്ടു. കാട്ടാക്കട പോലീസില്‍ പരാതി നല്‍കി.
ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബിനീഷും കുടുംബവും. വിവാഹമണ്ഡപത്തിനോട് ചേര്‍ന്ന ഗ്രൗണ്ടില്‍വെച്ചാണ് സംഭവം. വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞ് തിരിച്ചുപോകാനൊരുങ്ങുമ്പോഴായിരുന്നു അക്രമം. കാര്‍ നിര്‍ത്തിയിട്ടതിനെത്തുടര്‍ന്ന പിന്നിലുള്ള കാറിന് പോകാന്‍ കഴിഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു അക്രമമെന്നാണ് പരാതി.
ഭാര്യയേയും സഹോദരനേയും കാറില്‍ കയറ്റി. വാഹനം സ്റ്റാര്‍ട്ട് ആവാന്‍ സമയമെടുത്തു. പിന്നാലെ ഒരു കൂട്ടം യുവാക്കള്‍ വന്ന് രൂക്ഷമായി നോക്കുകയും മറ്റുംചെയ്തു. പിന്നില്‍ അരുവിക്കര എം.എല്‍.എ. ജി. സ്റ്റീഫന്റെ കാറായിരുന്നു ഉണ്ടായിരുന്നത്. വീണ്ടുമെത്തിയ യുവാക്കളുടെ സംഘം കാറിന്റെ പിന്‍വശത്തെ ചില്ല് തകര്‍ക്കുകയും തന്നേയും കൂടെയുണ്ടായിരുന്നവരേയും അക്രമിക്കുകയായിരുന്നുവെന്നാണ് ബിനീഷിന്റെ പരാതി.
തന്റെ സ്വര്‍ണമാല പൊട്ടിച്ചു, കൈപിടിച്ച് തിരിച്ചു. മൂക്കിനിടിച്ചു. ഒപ്പമുണ്ടായിരുന്നവരേയും അക്രമിച്ചു. ഭാര്യയുടേയും തന്റേയും മാല കാണാനില്ല. കൈകക്ക് പരിക്കുണ്ടെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും ബിനീഷ് പറഞ്ഞു.
ഈ കാലവര്‍ഷക്കാലത്തെ ഏറ്റവും കനത്ത മഴയില്‍ കേരളം. ചൊവ്വാഴ്ച രാവിലെ വരെ 8.45 സെന്റീമീറ്ററാണ് ശരാശരി പെയ്തത്. വടക്കന്‍ കേരളത്തില്‍ ദിവസങ്ങളായി തോരാമഴയാണ്. തൃശ്ശൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ പെയ്തത്. വടക്കന്‍ കേരളത്തില്‍ തീവ്രമഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ച ഓറഞ്ച് മുന്നറിയിപ്പാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ 19-ന് രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഓഗസ്റ്റ് മൂന്നു വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കിയിലും മധ്യകേരളത്തിലുമാണ് കൂടുതല്‍ മഴ പ്രവചിക്കുന്നത്.
മഴക്കെടുതിയില്‍ ആറുപേര്‍ മരിച്ചു. പേരൂര്‍ക്കട-നെടുമങ്ങാട് റോഡില്‍ വഴയില ആറാംകല്ലില്‍ ശക്തമായ കാറ്റില്‍ ആല്‍മരം കടപുഴകിവീണ് കാര്‍യാത്രക്കാരി മരിച്ചു. തൊളിക്കോട്, പരപ്പാറ മങ്കാട് തടത്തരികത്ത് മുകില്‍ ഭവനില്‍ സതീശന്റെ ഭാര്യ ഒ. മോളി(42)യാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സുഹൃത്ത് പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി 7.30-ഒാെടയായിരുന്നു സംഭവം. വഴയിലയില്‍നിന്ന് നെടുമങ്ങാട്ടേക്കു വരികയായിരുന്ന ആള്‍ട്ടോ കാറിനു മുകളിലാണ് മരം വീണത്. പൂര്‍ണമായും തകര്‍ന്ന കാറില്‍ മോളി ഏറെനേരം കുടുങ്ങിക്കിടന്നു. ഒപ്പമുണ്ടായിരുന്നയാള്‍ കാര്‍ നിര്‍ത്തി സമീപത്തെ കടയില്‍ കയറിയതിനാല്‍ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട്ടുനിന്നും അഗ്‌നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റി കാര്‍ പൊളിച്ചാണ് മോളിയെ പുറത്തെടുത്തത്. ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോളിയുടെ മക്കള്‍: അഭിരാം, അദ്വൈത്.
വടക്കഞ്ചേരി കണ്ണമ്പ്രയില്‍ ഉറങ്ങിക്കിടന്ന അമ്മയും മകനും വീടിന്റെ ചുമരിടിഞ്ഞുവീണു മരിച്ചു. കൊടക്കുന്ന് വീട്ടില്‍ സുലോചനയും (54) മകന്‍ രഞ്ജിത്തുമാണ് (31) മരിച്ചത്. പത്തനംതിട്ട മേപ്രാല്‍ തോണ്ടുപള്ളം വീട്ടില്‍ ടി.സി. റെജി(49)യെ വീടിനുസമീപത്തെ പള്ളിയുടെ മുറ്റത്തെ വെള്ളക്കെട്ടില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വയനാട്ടില്‍ പൊട്ടിവീണ വൈദ്യുതലൈനില്‍നിന്ന് ഷോക്കേറ്റ് ചീയമ്പം 73 കോളനിയിലെ സുധന്‍ (32), റോഡിനോടുചേര്‍ന്ന് വെള്ളംനിറഞ്ഞ തോട്ടില്‍ വീണ് മാഹി ഒളവിലം മേക്കരവീട്ടില്‍താഴെ കുനിയില്‍ ചന്ദ്രശേഖരന്‍(62) എന്നിവരും മരിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്,പാലക്കാട്,ഇടുക്കി,ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് അവധി. ജില്ലാ കളക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയില്‍ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ നിലവില്‍ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. കണ്ണൂരില്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല
കോഴിക്കോട്
അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലായ് 17) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല-ജില്ലാ കളക്ടര്‍ അറിയിച്ചു.
വയനാട്
ജില്ലയില്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജുലായ് 17) അവധി പ്രഖ്യാപിച്ചു. എം.ആര്‍.എസ് സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല-ജില്ലാ കളക്ടര്‍ അറിയിച്ചു.
പാലക്കാട്
കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അംഗണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 17.07.2024 ന് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങൾ, മദ്രസകൾ, കിൻഡർ ഗാർട്ടനുകൾ എന്നിവ ഉൾപ്പെടെ ക്ലാസുകൾ ഒഴിവാക്കേണ്ടതാണ്. കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. മേഖല, ജില്ലാതലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണ്- ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇടുക്കി
ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും, ശക്തമായ കാറ്റ്, മണ്ണിടിയുന്നത് മൂലം ഗതാഗത തടസ്സം എന്നിവ കണക്കിലെടുത്ത് ബുധനാഴ്ച (17.7.2024) ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസ, കിൻഡർ ഗാർഡൻ, എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല എന്ന് കളക്ടർ അറിയിച്ചു. പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല- ജില്ലാ കളക്ടർ ഷിബ ജോർജ് അറിയിച്ചു.
ശക്തമായ മഴയും വെള്ളക്കെട്ടും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ബുധനാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്ക് അവധി ബാധകമല്ല.
തൃശ്ശൂര്‍
മഴയും പല സ്ഥലങ്ങളിൽ വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിലും മണ്ണിടിച്ചിലിനുള്ള സാധ്യതയും കണക്കിലെടുത്ത് ബുധനാഴ്ച തൃശ്ശൂര്‍ ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. പൂർണമായും റസിഡൻഷ്യലായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
കണ്ണൂർ
ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ നാളെ അതി തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലെർട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു.
അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. കോളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
കോട്ടയം
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ( 2024 ജൂലൈ 17) അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ സംസ്കാരചടങ്ങുകൾ പൂർത്തിയായി. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് മൂന്നുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.മൃതദേഹം മാരായമുട്ടത്തെ വീട്ടിൽ സംസ്കരിച്ചു.അതെസമയം ജോയിയുടെ സഹോദരന്റെ മകന് ജോലി നൽകണമെന്നും അമ്മക്ക് താമസിക്കാൻ വീടും നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ 11മണിയോടെയാണ് ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിറങ്ങി? ജോയിയെ കാണാതായത്. 46 മണിക്കൂറിനു ശേഷം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശുചീകരണത്തൊഴിലാളികളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നും ജീർണിച്ച അവസ്ഥയിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുള്ള നേവി സംഘവും സ്ഥലത്ത് തിരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങൾക്കിടയിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി. ഒടുവിൽ മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ബേക്കലില്‍ 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വൈദ്യപരിശോധനയില്‍ പീഡനം നടന്നുവെന്ന് സ്ഥിരീകരിച്ചു. ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മതപാഠശാലയിലെ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഉദുമയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഒരുമാസം മുമ്പാണ് സംഭവം.
കറുത്ത് തടിച്ച ശരീരമുള്ള ഒരാളാണ് അതിക്രമം നടത്തിയതെന്ന് കുട്ടി പോലീസിന് മൊഴി നല്‍കി. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയാണ് വിവിധ ജില്ലകളില്‍ ഉണ്ടായത്. മഴ ശക്തമായതിനെത്തുടര്‍ന്ന് വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് അവധിയാണ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, എറണാകുളം, കാസര്‍കോട് ജില്ലകള്‍ക്കും മാഹിയിലും അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിലും മഴ ശക്തമായതിനാല്‍ അവധി നല്‍കിയത്.
ഇതിനിടെ വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടയുണ്ടെന്ന് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്. ഉയര്‍ന്ന തിരമാലകളും കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി.പഴവങ്ങാടി തകരപ്പറമ്പ് ചിത്രാ ഹോമിൻറെ പിറകിലെ കനാലിൽ മൃതദേഹം പൊങ്ങുകയായിരുന്നു.മാലിന്യ കൂമ്പാരത്തിൽ പൊങ്ങി കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.
കാണാതായി 46 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.ജീർണ്ണിച്ച അവസ്ഥയിലാണ് മൃതദേഹം.ജോയിയെ കാണാതായി മൂന്നാം ദിവസമായ ഇന്ന് രാവിലെ ആറരയോടെയാണ് നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ പുനഃരാരഭിച്ചത്.സ്കൂബ സംഘവും നാവികസേന സംഘത്തിനൊപ്പം തിരച്ചിലിനായുണ്ടായിരുന്നു.
ഇതിനിടെ തകരപ്പറമ്പിലെ കനാലിൽ ഒരു മൃതദേഹം കണ്ടെത്തിയതായി സബ് കലക്ടർക്ക് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് അധികൃതരും ജോയിക്കൊപ്പമുണ്ടായിരുന്നവരും ഇവിടെ എത്തി. റെയിൽവേയിൽനിന്ന് വെള്ളം ഒഴുകിയെത്തുന്നത് ഇവിടെയാണ്.കഴിഞ്ഞ രണ്ടു ദിവസങ്ങളിലും എൻഡിആർഎഫും, ഫയർഫോഴ്സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്നലെ രാത്രി ഒൻപതു മണി കഴിഞ്ഞാണ് താൽക്കാലികമായി അവസാനിപ്പിച്ചത്.
അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല.ഏഴു പേരാണ് നേവി സംഘത്തിലുള്ളത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്.
ശുചീകരണ തൊഴിലാളിയെ കാണാതായ തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യനീക്കത്തില്‍ പരസ്പരം പോരടിച്ച് കോര്‍പ്പറേഷനും റെയില്‍വേയും. മാലിന്യ കൂമ്പാരം തൊഴിലാളിയെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്ന സാഹചര്യത്തിലാണിത്. മാലിന്യ നീക്കത്തില്‍ റെയില്‍വേയെ മേയര്‍ ആര്യ രാജേന്ദ്രന്‍ കുറ്റപ്പെടുത്തിയപ്പോള്‍, റെയില്‍വേയുടെ ഭാഗത്ത്‌നിന്ന് വേണ്ടതെല്ലാം ചെയ്തുകൊടുത്തിട്ടുണ്ടെന്നാണ് ദക്ഷിണ റെയില്‍വേ എഡിആര്‍എം വിജി എം.ആര്‍. ഇതിനോട് പ്രതികരിച്ചത്.
റെയില്‍വേയുടെ ഭാഗത്ത്‌നിന്നുള്ള മാലിന്യമൊന്നും ഇതിനകത്തില്ല. റെയില്‍വേയുടെ മാലിന്യമെല്ലാം മറ്റുസംവിധാനം വഴിയാണ് നീക്കം ചെയ്യുന്നത്. എന്നിട്ടും കഴിഞ്ഞ വര്‍ഷം റെയില്‍വേ മുന്‍കൈ എടുത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ഉറവിടത്തില്‍നിന്നുള്ള മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കില്ല. അത് കോര്‍പ്പറേഷന്റെ പരിധിയിലാണ് വരുന്നതെന്നും വിജി പറഞ്ഞു.
നഗരസഭയുടെ ഭാഗത്തു നിന്നാണ് മാലിന്യം മുഴുവന്‍ ഒഴുകിയെത്തുന്നത്. മാലിന്യനീക്കത്തിന് അനുവാദം ചോദിച്ചിട്ട് കൊടുത്തില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പറയുന്നത് തെറ്റാണ്. അവര്‍ അനുവാദം ചോദിക്കുമ്പോഴെല്ലാം അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോഴും തയ്യാറാണ്. 2015ലും 2018-ലും കോര്‍പ്പറേഷന് മാലിന്യ നീക്കത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ വ്യക്തമാക്കി. അതേ സമയം റെയില്‍വേ ക്ലീന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ കത്ത് കിട്ടിയിട്ടുണ്ടെന്നും വിജി പറഞ്ഞു.