ലോകം കണ്ട മഹാമാരിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തില്‍ 2020ല്‍ കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയമെന്ന് നിഗമനം. തമിഴ്‌നാട് വെതര്‍മാന്‍ ആണ് ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിഗമനം പങ്കുവെച്ചത്. പ്രവചനങ്ങളുടെ കൃത്യതകൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട് തമിഴ്നാട് വെതര്‍മാന്‍. 20ാം നൂറ്റാണ്ടില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷമുണ്ടായ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്തെ പ്രളയ വര്‍ഷങ്ങള്‍ ഈ നൂറ്റാണ്ടില്‍ ആവര്‍ത്തിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.
1920 കളില്‍ 2300 മില്ലിമീറ്ററിലധികം പെയ്ത തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ തുടര്‍ച്ചയായ മൂന്ന് വര്‍ഷം കേരളത്തില്‍ പ്രളയം സൃഷ്ടിച്ചിരുന്നു. 1922 മുതല്‍ 24വരെയാണ് 2300 മില്ലിമീറ്ററിലധികം മഴ ലഭിച്ചത്. 21ാം നൂറ്റാണ്ടില്‍ സമാനമായ മഴയാണ് 2018ല്‍ കേരളത്തിന് ലഭിച്ചതെന്നും 2019ല്‍ 2300 ലധികം ലഭിച്ച മഴ 2020 ലും ആവര്‍ത്തിക്കുമോ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
തമിഴ്നാട് വെതര്‍മാന്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;
1920കളിലാണ് കേരളത്തില്‍ അധികമഴ തുടര്‍ച്ചയായി മൂന്നു വര്‍ഷം ലഭിച്ചത്. ജൂണിനും സെപ്റ്റംബറിനുമിടയിലുള്ള തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണിലൂടെ 2049 മില്ലിമീറ്റര്‍ മഴ ചുരുങ്ങിയത് ലഭിക്കാറുണ്ട്. എന്നാല്‍ ഈ നൂറ്റാണ്ടില്‍ കേരളത്തിന് പൊതുവെ കുറഞ്ഞ അളവിലുള്ള മണ്‍സൂണ്‍ മഴയാണ് ലഭിച്ചിരുന്നത്.
2007ല്‍ 2786 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നത് മാത്രമാണ് ആശ്വാസം. എന്നാല്‍ 2018ല്‍ കേരളത്തിന് ലഭിച്ച മഴ പ്രളയത്തിന് വഴിവെച്ചു. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയമായിരുന്നു അത്. 2517മില്ലിമീറ്റര്‍ മഴയാണ് 2018ല്‍ ലഭിച്ചത്.2 007ലും 2013ലും ലഭിച്ച മഴയുടെ തോതുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെങ്കിലും കുറഞ്ഞസമയത്തിനുള്ളില്‍ ഏറ്റവും കൂടിയ അളവില്‍ മഴ ലഭിച്ചതാണ് 2018ല്‍ പ്രളയത്തിനിടയാക്കിയത്.
1924, 1961, 2018 വര്‍ഷങ്ങള്‍ കേരളത്തില്‍ ഏറ്റവും വലിയ പ്രളയത്തിന് വഴിവെച്ച മൂന്ന് വര്‍ഷങ്ങളാണ്. 1920കളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിലൂടെ രേഖപ്പെടുത്തിയ മഴയുടെ അളവ് ചുവടെ കൊടുക്കുന്നു.
1922- 2318മിമീ
1923- 2666മിമീ
1924-3115മിമീ
അടുത്ത നൂറ്റാണ്ടില്‍
2018- 2517മില്ലീമീറ്റര്‍
2019-2310മിമീ
2020-?
കംപ്യൂട്ടർ ഗെയിം കളിച്ച മലയാളി വിദ്യാർഥിയെ കുവൈറ്റിൽ താമസിക്കുന്ന കെട്ടിടത്തിൽനിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പടുത്തോട് പതിനെട്ടിൽ വീട്ടിൽ സന്തോഷ് എബ്രഹാം ഡോ സുജ ദമ്പതികളുടെ മകൻ നിഹാൽ മാത്യു ഐസക് (13) ആണു റിഗ്ഗായിലെ താമസിക്കുന്ന കെട്ടിടത്തിൽനിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. കുട്ടികൾക്കിടയിൽ ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള ഫോർട്ട് നൈറ്റ് കംപ്യൂട്ടർ ഗെയിമിൽ ഏറെ നേരം വ്യാപൃതനായിരുന്നു കുട്ടി. കഴിഞ്ഞദിവസം രാത്രി കളിയിൽ മുഴുകിയിരുന്ന കുട്ടിയെ രക്ഷിതാക്കൾ ശകാരിച്ചിരുന്നു. ഇതെത്തുടർന്ന് വീട്ടിൽനിന്നും ഇറങ്ങി പുറത്തേക്കുപോയ കുട്ടിയെ രക്ഷിതാക്കൾ ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതെത്തുടർന്ന് പോലിസിൽ വിവരമറിയിക്കുകയായിരുന്നു.
പോലിസ് നടത്തിയ തിരച്ചിലിലാണു കെട്ടിടത്തിന്റെ പിൻഭാഗത്ത് കുട്ടിയെ വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രണ്ടാംനിലയിൽ കയറി കുട്ടി താഴേക്ക് ചാടിയതാവുമെന്നാണു പ്രാഥമികനിഗമനം.
സബാഹ് ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിൽ ഡോക്ടറായ സുജയാണ് മാതാവ്. കുവൈത്ത് ഇംഗ്ലീഷ് സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥിയാണ് നിഹാൽ. നിഖിൽ മൂത്ത സഹോദരനാണ്. ബ്ലൂ വെയിൽ ഗെയിമിനു സമാനമായി ഏറെ അപകടകാരിയായ കംപ്യൂട്ടർ ഗെയിമാണ് ഫോർട്ട് നൈറ്റ്. 2017 ൽ പുറത്തിറങ്ങിയ ഈ ഗെയിം കുട്ടികൾക്കിടയിൽ ഏറെ പ്രചാരമുള്ളതാണ്. ഈ ഗെയിമിൽ ഏർപ്പെടുന്ന കുട്ടികൾ പെട്ടെന്നുതന്നെ ഇതിനു അടിമപ്പെടുകയും വിഷാദരോഗം അടക്കമുള്ള ഒട്ടേറെ മാനസികപ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നതായി നേരത്തെ തന്നെ പരാതികളുയർന്നിരുന്നു.
ഹരിപ്പാട് വൈദ്യുതാഘാതമേറ്റ് ഗര്‍ഭിണിയായ യുവതി മരിച്ചു. വീട്ടിലെ ഇരുമ്പ് അലമാര തുറക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. പള്ളിപ്പാട് വെട്ടുവേനി രാഹുല്‍ ഭവനില്‍ ഹരികുമാര്‍-മിനി ദമ്പതികളുടെ മകള്‍ ഹരിത(23) ആണ് മരിച്ചത്. അപകടം നടന്ന ഉടന്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം.
ഹരിതയും വിഷ്ണുവും വിവാഹിതരായിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു ഹരിത. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനായി ഫയല്‍ എടുക്കാന്‍ അലമാര തുറന്നപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. വീട്ടില്‍ പട്ടിക്കൂട് നിര്‍മ്മിക്കുന്ന ജോലിയിലായിരുന്നു ഭര്‍ത്താവ് വിഷ്ണു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് വെല്‍ഡിംങ് ജോലിക്ക് വീട്ടില്‍ നിന്നും വൈദ്യുതി എടുത്തിരുന്ന വയര്‍ ഇരുമ്പലമാരയില്‍ തട്ടിയിരുന്നു. ഇതില്‍ നിന്ന് വൈദ്യുതി ആഘാതമുണ്ടായതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍. ഞായറാഴ്ച വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടക്കും.
മലയാളിയുടെ ലൈംഗിക ആശങ്കൾ കൊറോണക്കാലത്തും തലപൊക്കി. കൊറോണക്കാലത്ത് ലൈംഗികത വേണമോ വേണ്ടയോ എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. പങ്കാളിയില്‍ നിന്ന് തനിക്ക് കൊറോണ പകരുമോ? മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ പിടുമുറുക്കുമോ തുടങ്ങി ഒരു കൂട്ടം സംശയങ്ങളാണ്. ആശങ്കള്‍ ട്രോളുകളായി രൂപാന്തരം പ്രാപിക്കുമ്പോള്‍ അതിനു പിന്നില്‍ അല്‍പം കാര്യമുണ്ടെന്ന് പറയുകയാണ് എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ മുരളി തുമ്മാരുകുടി.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വൈകിട്ടെന്താ പരിപാടി, അഥവാ കൊറോണക്കാലത്തെ ലൈംഗികത…
കൊറോണക്കാലം തുടങ്ങിയ ഉടനെതന്നെ എന്റെ ഒരു സുഹൃത്ത് എനിക്ക് ഒരു വാട്സ് ആപ്പ് ട്രോൾ ഫോർവേഡ് ചെയ്തുതന്നു.
ഒരു വനിത മാസികയുടെ ഓഫീസിലെ ചർച്ചയാണ് വിഷയം.
സബ് എഡിറ്റർ എഡിറ്ററോട് ചോദിക്കുന്നു,
“ബോസ്, വരുന്ന ലക്കത്തിലെ കവർ സ്റ്റോറി എന്താണ് ?
“സംശയമെന്ത്, കൊറോണക്കാലത്തെ ലൈംഗികത !”
സത്യം പറഞ്ഞാൽ ഈ ട്രോളിൽ അല്പം സത്യമുണ്ട്. വനിതയിൽ ഞങ്ങൾ ലൈംഗികതയെക്കുറിച്ച് സീരീസ് എഴുതുന്നതിനാൽ കൊറോണയുടെ തുടക്ക കാലത്ത് തന്നെ ഈ വിഷയത്തിൽ ഒരു ലേഖനം എഴുതുന്നത് ഞങ്ങൾ ചർച്ച ചെയ്തിരുന്നു.
സാധാരണ കാലത്ത് തന്നെ ലൈംഗികത പൊതുരംഗത്ത് പോയിട്ട് പങ്കാളിയോട് പോലും തുറന്നു സംസാരിക്കാൻ മടിയുള്ളവരാണ് മലയാളികൾ. ഇതിപ്പോൾ കൊറോണപ്പേടിയിൽ ഇരിക്കുന്ന മലയാളികളുടെ മുന്നിലേക്ക് ലൈംഗികതയുമായി ചെന്നാൽ അത് അനാവശ്യ വിവാദം ഉണ്ടാക്കിയേക്കാമെന്നും, ഉപയോഗപ്രദമായ മറ്റു ലേഖനങ്ങൾ എഴുതുന്നതിന്റെ മൂഡ് മാറ്റിയേക്കാമെന്നും തോന്നിയതിനാൽ എഴുതിയില്ല.
ഇപ്പോൾ കേരളത്തിലെങ്കിലും കൊറോണപ്പേടി തൽക്കാലം ഒന്ന് കുറഞ്ഞതിനാൽ ഇനി നമുക്ക് കൊറോണക്കാലത്തെ ലൈംഗികതയെ പറ്റി സംസാരിക്കാം.
ആറടി ദൂരത്തിൽ ചാടുന്ന വൈറസ്: വൈറസ് ബാധയുള്ളവരുടെ ആറടി അടുത്ത് എത്തുന്നവർക്കും, വൈറസ് ബാധിതർ സ്പർശിച്ച പ്രതലം സ്പർശിച്ചവർക്കും, വൈറസ് പകരാൻ സാധ്യതയുണ്ടെന്നിരിക്കെ ആറടിയും ചേർന്ന് കിടക്കുന്ന ലൈംഗിക വേഴ്ചയിലൂടെ രോഗം പകരാനുള്ള സാധ്യത വ്യക്തമാണല്ലോ. കോണ്ടം ഉപയോഗിച്ച് എയ്ഡ്സ് സാധ്യത കുറക്കുന്നത് പോലെ മാസ്ക് ഉപയോഗിച്ച് പൂർണ്ണമായും വൈറസിനെ തടഞ്ഞു നിർത്താനാവില്ല.
അതുകൊണ്ടുതന്നെ വൈറസ് പോസിറ്റീവ് ആണെന്ന് അറിയാവുന്നവരും, സംശയത്താൽ ക്വാറന്റൈനിലോ ഐസൊലേഷനിലോ ഉള്ളവരും പരസ്പരം ശരീരത്തിൽ സ്പർശിച്ചുള്ള ലൈംഗിക ബന്ധങ്ങൾക്ക് പോകാതിരിക്കുന്നതാണ് ബുദ്ധി.
ചുമ്മാ ടെൻഷൻ അടിപ്പിക്കാതെ ! – തൊഴിലോ ബിസിനസോ ചെയ്യുന്നവർക്ക് അതിന്റെ ഭാവി, ലോക്ക് ഡൌണിൽ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ കിട്ടുമോ എന്ന ടെൻഷൻ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി കൊറോണക്കാലം മാനസിക സമ്മർദ്ദങ്ങളുടെയും കാലമാണ്. രോഗം വരുമോ എന്ന ടെൻഷൻ എല്ലാവർക്കും ഉണ്ടാകും. സാധാരണ നിലയിൽ എല്ലാവർക്കും കുറച്ചു സമയമെങ്കിലും വീട്ടിൽ നിന്നും മാറിനിൽക്കാനുള്ള അവസരമോ, മറ്റുള്ളവർ വീട്ടിൽ നിന്നും മാറി നിൽക്കുന്ന അവസരമോ കിട്ടും. ആ അവസരം പക്ഷെ ലോക്ക് ഡൗണിൽ കിട്ടുന്നില്ല. അതുണ്ടാക്കുന്ന ടെൻഷനും കൂടി ചേരുന്പോൾ ലൈംഗികത ആയിരിക്കില്ല പലരുടേയും മുൻഗണനയിലുള്ളത്. അത്തരം പങ്കാളികളെ ലൈംഗികതയും പറഞ്ഞു ചെന്ന് കൂടുതൽ വിഷമിപ്പിക്കരുത്.
ചുമ്മാ ടെൻഷൻ അടിക്കേണ്ട ഒരു കാര്യവുമില്ല. ഏറ്റവും വലിയ സ്‌ട്രെസ് ബസ്റ്റർ ആണ് സെക്സ് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇവിടെ അനവധി സാദ്ധ്യതകൾ ഉണ്ട്. സ്വയംഭോഗത്തിൽ നിന്നു തുടങ്ങാം. സ്വയംഭോഗത്തിന്റെ ഏറ്റവും വലിയ ഗുണം അത് രോഗം പരത്തുന്നുമില്ല, മറ്റാരുടെയും മൂഡിനെ ആശ്രയിച്ചിരിക്കുന്നുമില്ല എന്നതാണ്. നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കൈയിൽ തന്നെയുണ്ട്. കൈ സോപ്പിട്ട് ഇരുപത് സെക്കൻഡ് കഴുകാൻ മറക്കേണ്ട. നമ്മുടെ കാര്യം നമ്മൾ തന്നെ നോക്കിയാലേ പറ്റൂ.
‘എന്തിന്നധീരത ഇപ്പോൾ തുടങ്ങുക എല്ലാം നമ്മൾ പഠിക്കേണം’ – ക്വാറന്റൈണോ ഐസൊലേഷനോ മൂലം പങ്കാളി തൊട്ടടുത്തുണ്ടെങ്കിലും നേരിട്ട് ബന്ധപ്പെടാൻ പറ്റാതിരിക്കുന്നവർക്കും, ലോക്ക് ഡൌൺ മൂലം പങ്കാളികൾ അടുത്തില്ലാത്തവർക്കും ഫോൺ സെക്സ് പ്രാക്ടീസ് ചെയ്യാൻ പറ്റിയ കാലമാണ്. നിങ്ങൾ ഇതിന് മുൻപ് ചെയ്തിട്ടുണ്ടെങ്കിൽ അതൊന്ന് കൊഴുപ്പിച്ചെടുക്കാനും ചെയ്തിട്ടില്ലെങ്കിൽ പഠിച്ചെടുക്കാനും പറ്റിയ സമയമാണ്. ഈ വിഷയം പരിചയമില്ലാത്തവർക്ക് പരിചയസന്പന്നരിൽ നിന്നും നിർദ്ദേശങ്ങൾ പല ബ്രിട്ടീഷ് പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. നമ്മുടെ പത്രങ്ങൾക്ക് ഇതൊക്കെ എഴുതാൻ നാണമാണ്, അതുകൊണ്ട് ഇന്റർനെറ്റിൽ പോയി പരതിയാൽ മതി.
വീഡിയോ ചാറ്റ് വേണ്ട: ഫോൺ സെക്സിൽ ഹരം മൂത്തു വരുന്നവരും കൊഴുപ്പിക്കാൻ ശ്രമിക്കുന്നവരും ചെയ്യുന്ന അടുത്ത പടിയാണ് വീഡിയോയിൽ പരസ്പരം കണ്ടുകൊണ്ടും കാണിച്ചു കൊണ്ടുമുള്ള സെക്സ്. ലോകം മുഴുവൻ നാളെ നിങ്ങളുടെ വീഡിയോ ചാറ്റ് കാണണം എന്ന് നിങ്ങൾക്ക് ആഗ്രഹമില്ലെങ്കിൽ ആ വഴിക്കു പോകാതിരിക്കുന്നതാണ് നല്ലത്. നഗ്ന വീഡിയോകൾ പകർത്തി അയക്കുന്നതും എല്ലാക്കാലത്തും റിസ്കി പരിപാടിയാണ്. ഡോണ്ട് ഡു… ഡോണ്ട് ഡു.
സെക്സ് ടോയ്‌സ് – യൂറോപ്പിൽ ഈ ലോക്ക് ഡൌൺ കാലത്ത് സെക്സ് ടോയ്സിന്റെ വിൽപ്പനയിൽ നാല്പത് ശതമാനത്തിലേറെ വർദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് ബി ബി സി റിപ്പോർട്ട് ചെയ്തത്. ലോക്ക് ഡൌണിൽ കൂടുതൽ സമയമുണ്ട്, കുറച്ച് മാനസിക സംഘർഷവും. അതുകൊണ്ട് അല്പം സന്തോഷത്തിലേക്ക് തിരിഞ്ഞേക്കാം എന്ന് ചിന്തിക്കുന്നതിൽ ഒരു തെറ്റുമില്ല. ഇന്ത്യയിൽ പക്ഷെ ഈ വസ്തുക്കളുടെ ലഭ്യത പ്രായോഗികമായും നിയമപരമായും പ്രശ്നമായതിനാൽ ഈ ഉപദേശം കേട്ട് വിഷമിക്കാം എന്നല്ലാതെ പ്രയോജനമില്ല. പക്ഷെ ‘സാധനം കൈയിലുണ്ടെങ്കിൽ’ എപ്പോഴും കഴുകി വൃത്തിയാക്കി (20 സെക്കൻഡ് റൂൾ മറക്കേണ്ട) വേണം ഉപയോഗിക്കാൻ, കൊറോണക്കാലത്ത് പ്രത്യേകിച്ചും.
പരീക്ഷണത്തിന്റെ കാലം: ‘ഹം തും ഏക് കമരെ മി ബന്ദ് ഹോ’ എന്ന സാഹചര്യമാണ് ഇപ്പോൾ മിക്ക പങ്കാളികൾക്കും. ടെൻഷനടിച്ചതു കൊണ്ട് കൊറോണ പോവുകയോ സാധാരണ ജീവിതം തിരിച്ചു വരികയോ ഇല്ല. പിന്നെ ചെയ്യാവുന്നത് ഈ സമയം പരമാവധി ആസ്വദിക്കാൻ ശ്രമിക്കുക എന്നതു മാത്രമാണ്. ആരോഗ്യകരമായ ലൈംഗിക ബന്ധം ഇതിന് ഉത്തമമാണ്. വളരെ പരിമിതമായ വിഭവങ്ങൾ കൊണ്ട് ഭക്ഷണം കഴിക്കുകയും മറ്റുള്ള എല്ലാ കാര്യങ്ങളിലും നിയന്ത്രണങ്ങൾ വരുകയും ചെയ്യുന്ന ഈ കാലം ലൈംഗികതയുടെ എല്ലാ സാധ്യതകളും പരീക്ഷിക്കാൻ പറ്റിയ കാലമാണ്. തന്ത്ര സെക്സ് മുതൽ കാമസൂത്ര വരെ ഉഭയ സമ്മതപ്രകാരം ചെയ്തു നോക്കാവുന്നതെന്തും ഇക്കാലത്ത് പരീക്ഷിക്കണം. “ഓ, ആ കൊറോണക്കാലമായിരുന്നു ബെസ്റ്റ്!” എന്ന് നമുക്ക് പിൽക്കാലത്ത് പറയാൻ പറ്റണം.
‘സ്വപ്നങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു’: ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ചുറ്റിക്കളികൾ (വിവാഹേതര ബന്ധങ്ങൾ) കൂടുകയാണെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാം. ലോക്ക് ഡൌൺ കാലത്ത് ഓഫ് ലൈൻ ലൈനടികളും വിവാഹേതരബന്ധങ്ങളും ഒന്നും സാധിക്കില്ലല്ലോ (ഈ വിഷയത്തിൽ സർക്കാർ ഇളവനുവദിച്ചിട്ടില്ല). അതുകൊണ്ടു തന്നെ തൽക്കാലം ഈ സ്വപ്നങ്ങൾക്കൊക്കെ അവധി കൊടുത്ത് വീട്ടിലെ സ്വർഗ്ഗത്തിൽ ഒരു മുറി എടുക്കുന്നതാണ് ബുദ്ധി. അതേസമയം മനുഷ്യന് സഹജമായ സ്വഭാവമായതിനാൽ ഓൺലൈനിൽ മതിലുചാടിയുള്ള ഫ്ലർട്ടിംഗും ലൈംഗികച്ചുവയുള്ള ചാറ്റും കൂടുമെന്നതിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ പങ്കാളിയുടെ ഫോണും മെസ്സഞ്ചർ ചാറ്റ് ഹിസ്റ്ററിയും ഒന്നും എടുത്ത് പരിശോധിക്കാൻ പോകാതിരിക്കുന്നതാണ് ബുദ്ധി. കാരണം, എന്തെങ്കിലും കണ്ണിൽ പെട്ടാൽ പ്രശ്നം വഷളാകും, കലഹമാകും, ചിലപ്പോൾ അടിപിടിയാകും. ഗാർഹിക അക്രമങ്ങളിൽ അൻപത് ശതമാനം വർദ്ധനയാണ് മറ്റു രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതൊക്കെ ഇപ്പോൾ ഒഴിവാക്കുന്നതാണ് ബുദ്ധി (ഇനി ഇപ്പൊ ഈ ലോക്ക് ഡൌൺ കഴിഞ്ഞാലും ചുറ്റിക്കളികളും പങ്കാളിയുടെ ഫോൺ പരിശോധനയും ഒഴിവാക്കുന്നത് തന്നെയാണ് ശരിയായ കാര്യം എന്ന് കൂടി പറയട്ടെ).
ഓൺ ലൈൻ ഷോ കൂടി വരുന്നു !: വീടിനു പുറത്തിറങ്ങിയാൽ ഏതെങ്കിലും തരത്തിൽ ലൈംഗികമായ കടന്നുകയറ്റം സംഭവിക്കുന്നത് കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദൈനംദിന യാഥാർഥ്യമാണ്. അടുത്ത് വന്ന് മറ്റാരും കേൾക്കാതെ അശ്ലീലം പറഞ്ഞു പോവുക, പറ്റിയാൽ ശരീരത്തിൽ സ്പർശിക്കുക, കൊച്ചു കുട്ടികളും സ്ത്രീകളും പോകുന്പോൾ നഗ്നത പ്രദർശിപ്പിക്കുക, ഇതൊക്കെ പതിവാണ്. ലോക് ഡൌൺ ആയത് കൊണ്ട് ഇത്തരക്കാർക്ക് അധികം പണിയൊന്നും ഉണ്ടാവില്ല. അവരും വർക്ക് ഫ്രം ഹോം മോഡിലാണ്. ഫേസ്ബുക്കിൽ വന്ന് അശ്ലീലം പറയുക, ലൈംഗിക ചിത്രങ്ങൾ അയക്കുക, മെസ്സഞ്ചർ വീഡിയോ കോളിൽ സ്വന്തം ലൈംഗികത പ്രദർശിപ്പിക്കുക തുടങ്ങിയ പരിപാടികൾക്ക് അവർക്ക് കൂടുതൽ സമയം കിട്ടുന്നു. പോരാത്തതിന് കൊറോണക്കാലത്ത് ആളുകളെ സഹായിക്കാനായി സമൂഹത്തിലെ സ്ത്രീകൾ – ഡോക്ടർമാർ മുതൽ സന്നദ്ധ സേവകർ വരെ – പങ്കുവെക്കുന്ന ടെലഫോൺ നന്പറുകൾ എടുത്ത് ‘ഷോമാൻഷിപ്പ്’ ശക്തിപ്പെടുത്തുന്നതും കൊറോണക്കാലത്തെ ഒരു ദുര്യോഗമാണ്. ശ്രദ്ധിക്കുക.
കുട്ടികളെ ശ്രദ്ധിക്കുക- കുട്ടികളുടെ (ആൺ – പെൺ) നേർക്കുള്ള ലൈംഗിക കടന്നുകയറ്റം കേരളത്തിൽ നമ്മൾ ചിന്തിക്കുന്നതിനേക്കാൾ, അറിയുന്നതിനേക്കാൾ വളരെ കൂടുതലാണ്. ഈ കൊറോണക്കാലത്ത് നമ്മുടെ കുട്ടികളുടെ സുരക്ഷ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുക. സ്വന്തം വീട്ടിലും, അടുത്ത വീട്ടിലും, ഫോണിലും, സൈബർ ഇടങ്ങളിലും അവർക്ക് നേരെ കടന്നുകയറ്റം ഉണ്ടാകാം. ഇത് കൂടാതെ കുട്ടികളുമായി ബന്ധം സ്ഥാപിച്ചെടുത്ത് പിൽക്കാലത്ത് അവരെ ലൈംഗികമായി ഉപയോഗിക്കാൻ തയ്യാറാക്കുന്ന ഗ്രൂമിങ് എന്ന പരിപാടിയിൽ അകപ്പെടാനും സാധ്യതയുണ്ട്. കാരണം കുട്ടികൾ മിക്ക സമയവും ഓണലൈൻ ആണ്, അല്പം വിഷാദത്തിലും ആയിരിക്കുന്ന അവരെ വലയിട്ടു പിടിക്കാൻ എളുപ്പമാണ്. ഇത് സ്വന്തം ബന്ധുക്കളോ അപരിചിതരോ ആകാം. എപ്പോഴും കുട്ടികളുടെ മേൽ ഒരു കണ്ണ് വേണം.
അപ്പോൾ എല്ലാം പറഞ്ഞതുപോലെ. ലോക്ക് ഡൌൺ ആയത് കൊണ്ട്, വൈകിട്ടാവാൻ നോക്കി നിൽക്കേണ്ടതില്ല എന്ന് ഓർമിപ്പിക്കുന്നു.
മുരളി തുമ്മാരുകുടി,
ന്യൂസ് ബ്യൂറോ. തിരുവനംന്തപുരം
സ്പ്രിംഗ്ലര്‍ അഴിമതിയുടെ വിശദാംശങ്ങള്‍ പങ്കുവെച്ച് മുന്‍ മന്ത്രി എന്‍. കെ പ്രേമചന്ദ്രന്റെ പത്രക്കുറിപ്പ്.
ബോധപൂര്‍വ്വമായി സര്‍ക്കാര്‍ ഫയലുകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നുവെന്നാണാക്ഷേപം. വന്‍തോതിലുള്ള കൃത്രിമം സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച്‌കൊണ്ട് ഇതിനോടകം നടന്നിരിക്കുകയാണ്. IT സെക്രട്ടറിയുടെ വിശദീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയം എന്താണ്? മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ചോദിക്കുന്നു?
അഴിമതിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത് ഭരണ രാഷ്ട്രീയ നേതൃത്വത്തെ കൊടിയ അഴിമതിയില്‍ നിന്ന് ഒഴിവാക്കുക എന്ന തന്ത്രപരമായ സമീപനമാണ് സെക്രട്ടറിയുടെ ചാനല്‍ ഇന്റര്‍വ്യൂവില്‍ കാണുവാന്‍ സാധിച്ചത്. IT സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളായി മാറ്റി അതിനെ പരിഹരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ് എന്ന ഗവണ്‍മെന്റിന്റെ ഉറപ്പും. സെക്രട്ടറിയെ ബലിയാടാക്കി രക്ഷപെടാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണിത് എന്ന് മനസ്സിലാക്കാന്‍ കഴിയാത്തവര്‍ കേരളത്തിലില്ലെന്ന് അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.
സ്പ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ സ്വകാര്യ കമ്പനിയുടെ രേഖകളും അതില്‍ അവര്‍ ഒപ്പുവെച്ച രേഖകളുമല്ലാതെ സര്‍ക്കാരിന്റെ മുദ്രവെച്ച ഒരു രേഖയും നാളിതുവരെ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലന്ന് മുന്‍ മന്ത്രി പറയുന്നു. അഞ്ചു വര്‍ഷം ഒരു മന്ത്രിയും അതിലുപരി ഒരു ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച വ്യക്തിയാണ് ഞാന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു മൊട്ടുസൂചി ആവശ്യമെങ്കില്‍ ഓഫീസില്‍ നിന്ന് പ്രൈവറ്റ് സെക്രട്ടറിയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ സ്റ്റേഷനറി ഡിപ്പാര്‍ട്ട്‌മെന്റിനു കിട്ടണം. ഡെലിവറി കഴിഞ്ഞാല്‍ ഡെലിവറി നോട്ടും ഇന്‍വോയ്‌സും മുഖ്യമന്ത്രിയുടെ ഓഫീസില്‍ തിരിച്ചെത്തണം. ഇതാണ് പ്രോട്ടോകോള്‍. ഇത്രയും ജനാതിപത്യ മര്യാദകള്‍ നിലനില്ക്കുന്ന ഈ രാജ്യത്ത് നാല് വകുപ്പുകള്‍ ഉള്‍പ്പെടുന്ന സുപ്രധാനമായ വിഷയവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ വിദേശ കമ്പനിയുമായി ഒരു വലിയ കരാര്‍ ഒപ്പ് വെയ്ക്കുമ്പോള്‍ ആ നാല് വകുപ്പ് സെക്രട്ടറിമാരോ വകുപ്പ് തലവന്മാരായ മന്ത്രിമാരോ ഈ കരാര്‍ അറിഞ്ഞില്ല എന്നു പറഞ്ഞാല്‍, രാഷ്ട്രീയ സമ്മര്‍ദ്ദനത്തോടെ കേരളത്തിനെ ഒറ്റിക്കൊടുക്കാന്‍ IT സെക്രട്ടറി ശ്രമിക്കുന്നു എന്ന് തന്നെ പറയേണ്ടി വരും.
ഈ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു വ്യക്തതയും ഇതുവരെയും വന്നിട്ടില്ല എന്ന് ഞങ്ങളുടെ തിരുവനംന്തപുരം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്റെ പോസ്റ്റിലേയ്ക്ക്.
https://www.facebook.com/nkpremachandran/videos/688962075174055/
കേരളത്തിൽ കോവിഡ് രോഗബാധ നിയന്ത്രണ വിധേയമാണെന്ന വിലയിരുത്തലിന് പിന്നാലെ രണ്ടാംഘട്ട ലോക്ക് ഡൗണിൽ കേന്ദ്രാനുമതിയോടെ ചില ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കേരളം. സംസ്ഥാനത്തെ ഏഴ് ജില്ലകൾ കോവിഡ് ഹോട്ട്സ്പോട്ടുകളാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുമ്പോൾ, ഈ ജില്ലകളുൾപ്പെടെ സോണുകളാക്കി തിരിച്ചാണ് ഏപ്രിൽ 20 മുതൽ ജനജീവിതം സാധാരണ നിലയിയിലേക്ക് മടക്കിക്കൊണ്ട് വരാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ച് വരുന്നത്. രോഗവ്യാപനത്തിന്‍റെ തീവ്രതയനുസരിച്ച് സംസ്ഥാനത്തെ 4 സോണുകളായാണ് തിരിച്ചിരിക്കുന്നത്. രാജ്യത്തെ ലോക്ക്ഡൗൺ തീരുന്ന വരെ ട്രെയിൻ സർവീസുകൾ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ റെയിൽവേ അറിയിച്ചിരുന്നു. വിമാന ഗതാഗതവും അതുപോലെ തന്നെ. അന്തർ ജില്ലാ ബസ് സർവീസുകളടക്കം വിവിധ സേവനങ്ങൾ ലോക്ക്ഡൗൺ കാലം മുഴുവൻ എല്ലാ സോണുകളിലും ഉണ്ടാകില്ലെന്നാണ് സർക്കാർ നിലപാട്. പുതിയ ഉത്തരവിലും ഇക്കാര്യം സർക്കാർ വ്യക്തമാക്കുന്നു.
സോണുകൾ- റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍
റെഡ് : മേയ് 3 വരെ പൂര്‍ണ ലോക്ഡൗണ്‍ – കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്ക് ബാധകം
ഓറഞ്ച് എ : ഏപ്രിൽ 24 നു ശേഷം ഭാഗിക ഇളവുകള്‍- പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകള്‍ക്ക്
ഓറഞ്ച് ബി : 20-നു ശേഷം ഭാഗിക ഇളവ്- ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളില്‍
ഗ്രീന്‍ : 20-നു ശേഷം സാധാരണ നിലയിലേക്ക് – കോട്ടയം, ഇടുക്കി എന്നീ രണ്ടു ജില്ലകള്‍.
റെഡ് സോണ്‍-
ഏറ്റവും കൂടുൽ രോഗികളുള്ള കാസർകോടിന് പുറമെ, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളെ ഉൾപ്പെടുത്തിയിട്ടുള്ള റെഡ് സോണിൽ മെയ് 3 വരെ സമ്പൂർണമായി തന്നെ ലോക്ക് ഡൗൺ തുടരും. ഒരു തരത്തിലുമുള്ള ഇളവുകളും ഈ പ്രദേശങ്ങളിൽ ഉണ്ടാവില്ല. രണ്ട് കവാടങ്ങളിലൂടെ മാത്രമേ റെഡ് സോണിലെ ഓരോ ജില്ലയിലേക്കും പ്രവേശിക്കാൻ സാധ്യമാവുകയുള്ളൂ.
ഗ്രീന്‍ സോണ്‍-
ഗ്രീൻ സോണിൽ വലിയ തോതിൽ ഇളവ് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഒരുപാട് മേഖലകളിൽ നിയന്ത്രണം തുടരും. ഒരുതരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ലെന്ന് തന്നെയാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത്. ആരാധനാലയങ്ങള്‍ തുറക്കരുത്. സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, മത, സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
രാജ്യാന്തര, സംസ്ഥാനാന്തര, അന്തര്‍ ജില്ലാ യാത്രകള്‍, ട്രെയിന്‍, മെട്രോ സര്‍വീസുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പരിശീലനകേന്ദ്രങ്ങള്‍, തിയറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, സ്പോര്‍ട്സ് കോംപ്ലക്‌സ്, പാര്‍ക്ക്, ബാര്‍, ഓഡിറ്റോറിയം എന്നിവയ്ക്കും പ്രവർത്താനുനുമതിയില്ല. വിവാഹങ്ങളിലും മൃതദേഹ സംസ്കാര ചടങ്ങുകളിലും 20 പേരില്‍ കൂടുതല്‍ പാടില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
പൊതു ഗതാഗതത്തിനുള്ള ഇളവുകൾ
ഓറഞ്ച് എ, ബി, ഗ്രീന്‍ സോണ്‍ പട്ടണങ്ങളില്‍ ഹ്രസ്വദൂര ബസ് സര്‍വീസിന് അനുമതി നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളോടെ 60 കിലോമീറ്ററില്‍ കൂടാത്ത ട്രിപ്പുകൾക്കാണ് അനുമതി, ജില്ലാ അതിര്‍ത്തി കടക്കരുത്, ബസില്‍ നിന്നുകൊണ്ടുള്ള യാത്ര പാടില്ല, യാത്രക്കാര്‍ മാസ്ക് ധരിക്കണം, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം എന്നിവയാണ് മറ്റ് നിർദേശങ്ങൾ.
മൂന്ന് സീറ്റുകളുള്ളതിൽ ഇടയിലെ സീറ്റ് ഒഴിച്ചിട്ട് രണ്ട് പേർക്ക് ഇരിക്കാം. രണ്ട് സീറ്റുകൾ ഉള്ളതിൽ ഒരാളേ ഇരിക്കാവൂ.
സ്വകാര്യ വാഹനങ്ങൾക്കുള്ള യാത്രാ നിർദേശങ്ങൾ
ഒറ്റ, ഇരട്ടയക്ക നമ്പർ നിയന്ത്രണ പ്രകാരം ഒന്നിടവിട്ട ദിവസങ്ങളിൽ ആയിരിക്കും യാത്രാനുമതി നൽകുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്ക നമ്പറുകൾ ഉള്ള വാഹനങ്ങൾക്കും വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ടയക്ക നമ്പറുള്ള വാഹനങ്ങൾക്കും അനുമതി ലഭിക്കും.
അടിയന്തര സർവീസുകൾക്കും അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവർക്കും മാത്രം ഈ നിബന്ധനയിൽ ഇളവ്. ഡ്രൈവർ അടക്കം മൂന്നു പേർ മാത്രമേ നാല് ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യാവൂ എന്നും നിർദേശമുണ്ട്.
ഇരു ചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം. കുടുംബാംഗമാണെങ്കിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം. സ്ത്രീകൾക്ക് ഈ നിയന്ത്രണങ്ങളില്ല. എല്ലാ യാത്രക്കാർക്കും മാസ്ക് നിർബന്ധമാണ്.
ഹോട്ടലുകൾ / ബാർബർ ഷോപ്പുകൾ – ബാർബർ ഷാപ്പുകൾ (എസിയില്ലാതെ ശനിയാഴ്ചയും ഞായറാഴ്ചയും മാത്രം പ്രവർത്തിക്കാം. രണ്ട് പേർ മാത്രമേ അകത്ത് പാടുള്ളൂ. ഹോട്ടലുകൾ – ഇരുന്ന് ഭക്ഷണം കഴിക്കാവുന്നത് 7 മണി വരെ. പാഴ്സൽ നൽകാവുന്നത് എട്ട് മണി വരെ. ഹോട്ടലുകൾ, ഹോംസ്റ്റേകൾ, മോട്ടലുകള്‍ എന്നിവയ്ക്ക് പ്രവത്തിക്കാം. ടൂറിസ്റ്റുകൾ, ലോക്ക്ഡൗണിൽ കുടുങ്ങിയവർ, മെഡിക്കൽ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവർ. ഇലക്ട്രീഷ്യൻ, ഐടി റിപ്പയേഴ്സ്, പ്ലംബേഴ്സ്, മോട്ടോർ മെക്കാനിക്കുകൾ, കാർപ്പെന്റർമാര്‍ തുടങ്ങിയവർക്കും ഇക്കാലയളവിൽ സേവനങ്ങൾ നൽകാനാവും. സിമന്‍റുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങൾക്ക് ഇതര സംസ്ഥാന തൊഴിലാളികളെ ഉൾപ്പെടെ ഉപയോഗിക്കാം.
ഇളവുകൾ ഉൾപ്പെടുന്ന മറ്റ് മേഖലകൾ (കേന്ദ്ര നിർദേശം ഉൾപ്പെടെ)
ആരോഗ്യമേഖല- ആയുഷ് വകുപ്പുകൾ ഉൾപ്പെടെ രാജ്യത്തെ ആരോഗ്യ മേഖലയിലെ എല്ലാ സേവനങ്ങളും തുടർന്നും ലഭ്യമാവും. ആശുപത്രികൾ, നഴ്സിങ്ങ് ഹോമുകൾ, ക്ലിനിക്കുകൾ, ടെലി മെഡിസിൻ സംവിധാനം. ഡിസ്പെൻസറികൾ, കെമിസ്റ്റുകൾ, ഫാർമസികൾ എല്ലാത്തരം മെഡിക്കൽ സ്റ്റോറുകൾ എന്നിവയ്ക്കും പ്രവർത്തിക്കാം. മെഡിക്കൽ ലബോറട്ടറികൾ, കളക്ഷൻ സെന്റ്ർ, ഫാർമസ്യൂട്ടിക്കൽ ആന്റ് മെഡിക്കൽ റിസർച്ച് ലാബ്, കോവിഡ് 19 സംബന്ധിച്ച് ഗവേഷണം നടക്കുന്ന സ്ഥാപനങ്ങൾ, മൃഗാശുപത്രി, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതി.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ചേർന്ന് നിൽക്കുന്നതും അവശ്യ സർവീസിനെ സഹായിക്കുന്നതുമായ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ, ഹോംകെയർ സേവന ദാതാക്കൾ, ആശുപത്രികൾക്ക് സേവനം നൽകുന്ന മേഖലകള്‍, മരുന്ന് നിർമാണശാലകൾ, മെഡിക്കൽ ഓക്സിജൻ,പാക്കിങ്ങ് മെറ്റീറിയൽസ്, ഫാർമസ്യൂട്ടിക്കൽസ്, ബന്ധപ്പെട്ട അസംസ്കൃത വസ്തുക്കൾ, ഇടനിലക്കാർ, ആംബുലൻസ് നിർമാണം ഉൾപ്പെടെ മെഡിക്കൽ/ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവർത്തനങ്ങൾ.
മെഡിക്കൽ സേവനങ്ങളുടെ അന്തർസംസ്ഥാന ഗതാഗതം ( വിമാന സർവീസ് ഉൾപ്പെടെ). ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ, ശാത്രജ്ഞർ, നഴ്സുമാർ, പാരമെഡിക്കൽ ഉദ്യോഗസ്ഥർ, ലാബ് ടെക്നീഷ്യൻമാർ, ശിശു സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്നവർ, ആംബുലൻസ്, മെഡിക്കൽ അനുബന്ധ സേവനങ്ങൾ.
കാർഷിക മേഖല- എല്ലാതരം കാർഷിക പ്രവർത്തനങ്ങളും പുർണതോതിൽ പ്രവർത്തിക്കാം. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സേവനങ്ങൾ, സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവ നടത്തുന്ന മാർക്കറ്റുകൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
കാർഷിക ഉപകരണങ്ങൾ, സ്പെയർ പാർട്സ് തുടങ്ങി മേഖലയുടെ സപ്ലൈ ചെയിനിലുള്ള സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. വിത്ത്, വളം തുടങ്ങിയവയുടെ നിർമാണം, വിതരണം എന്നിവയും അനുവദിക്കും. കാർഷികോത്പന്നങ്ങളുടെ അന്തർസംസ്ഥാന നീക്കം.
ഫിഷറീസ്- മത്സ്യബന്ധനത്തിന് അനുമതി. മത്സ്യകൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്കും പ്രവർത്തിക്കാം. ഹാച്ചറീസ്, ഫീഡ്പ്ലാന്റുകൾ, വ്യാവസായിക അക്വേറിയങ്ങൾ. മത്സ്യം, അനുബന്ധ ഭക്ഷ്യവസ്തുക്കളുടെ ചരക്ക് നീക്കം. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾ എന്നിവർക്ക് യാത്ര ചെയ്യാം.
തോട്ടം മേഖല- തേയില, കാപ്പി, റബ്ബർ തോട്ടങ്ങൾക്ക് പ്രവർത്തനാനുമതി. തേയില, കാപ്പി, റബ്ബർ, കശുവണ്ടി എന്നിവയുടെ സംസ്കരണം, പാക്കിങ്, വിൽപന എന്നിവ നടത്താം.
മൃഗക്ഷേമം- പാൽ ഉത്പാദനം, ശേഖരണം, വിതരണം അനുബന്ധ സേവനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. കോഴി ഫാമുകൾ, ഹാച്ചറികൾ, ലൈവ്സ്റ്റോക്ക് പ്രവർത്തനങ്ങൾ, കാലിത്തീറ്റ ഉൽപാദനം, പ്ലാന്റുകൾ അനുബന്ധ സേവനങ്ങൾ, മൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ഗോശാലകൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
സേവന മേഖല- കുട്ടികള്‍ / ഭിന്നശേഷിക്കാർ / മാനസിക വെല്ലുവിളി നേരിടുന്നവർ / മുതിർന്ന പൗരൻമാർ / ആശ്രയമില്ലാത്തർ /സ്ത്രീകൾ / വിധവകൾ എന്നിവർക്കുള്ള കെയർഹോമുകൾ. ക്ഷേമ പെന്‍ഷൻ ഉൾപ്പെടെയുള്ളവരുടെ വിതരണം. അംഗണവാടികളുടെ പ്രവർത്തനം- കുട്ടികൾക്കുള്ള ഭക്ഷണ വിതരണം, 15 ദിവസത്തിൽ ഒരിക്കൽ വീട്ടിലെത്തിച്ച് നൽകണം.
വ്യവസായ- സ്വകാര്യ സ്ഥാപനങ്ങൾ- മാധ്യമങ്ങൾ, ഡിടിച്ച് ആൻഡ് കേബിൾ സർവീസ്, ഐ.ടി, അനുബന്ധമേഖലകൾ (50 ശതമാനം ജീവനക്കാർ മാത്രം). ഡാറ്റ കാൾസെന്റെറുകൾ (സര്‍ക്കാർ സേവനം മാത്രം). സർക്കാർ അംഗീകൃത സേവന കേന്ദ്രങ്ങൾ പഞ്ചായത്ത് തലം. ഇ-കോമേഴ്സ് കമ്പനികൾ. (വാഹന ഉപയോഗം അനുമതിയോടെ മാത്രം) കൊറിയർ സർവീസുകൾ. കോൾഡ് സ്റ്റോറേജ്, സംഭരണ കേന്ദ്രങ്ങൾ. സ്വകാര്യ സുരക്ഷാ സേവനങ്ങൾ.
മഹാമാരിയായ കോവിഡ് 19 പ്രതിരോധത്തിൽ കേരളത്തിന്റെ മാതൃക രാജ്യമൊട്ടാകെ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടച്ചിടൽ, സമ്പർക്ക പരിശോധന, രോഗപരിശോധന, ചികിത്സ തുടങ്ങിയ കാര്യങ്ങളിൽ കേരളം മികവ് കാട്ടിയത് താഴെത്തട്ടിൽ രോഗവ്യാപനം തടയുന്നതിൽ വലിയ വിജയമായെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
രോഗികൾ ഇരട്ടിയാകുന്ന നിരക്ക് കേരളമടക്കം 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാൾ കുറവാണ്. കേരളത്തിൽ ഇരട്ടിയാകൽ നിരക്ക് ശരാശരി 20 ദിവസമാണ്. ഒരാഴ്ചയായി ദേശീയതലത്തിൽ ഇരട്ടിയാകൽ നിരക്ക് 6.2 ദിവസമാണ്.
അടച്ചിടലിനുമുമ്പ് ഇത് മൂന്ന് ദിവസമായിരുന്നു. കേരളത്തിനു പുറമെ ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചൽ, ചണ്ഡീഗഢ്, പുതുച്ചേരി, അസം, ത്രിപുര, ബിഹാർ, ഒഡിഷ എന്നിവിടങ്ങളിലും രോഗം ഇരട്ടിക്കുന്ന നിരക്കിൽ കുറവുണ്ടായി. ഡൽഹി, യുപി, തെലങ്കാന, ആന്ധ്ര, തമിഴ്നാട്, കർണാടകം, പഞ്ചാബ് എന്നിവിടങ്ങളിൽ ദേശീയ ശരാശരിയേക്കാൾ കുറവാണ്.
ഒമാനില്‍ കൊറോണ വൈറസ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ഡോ.രാജേന്ദ്രന്‍ നായരാണ് (76) ഇന്ന് മരിച്ചത്. മസ്‌കറ്റിലെ റോയല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. മൂന്നാഴ്ച മുമ്പാണ് ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 40 വര്‍ഷത്തിലധികമായി ഒമാനില്‍ ഡോക്ടറാണ് രാജേന്ദ്രന്‍ നായര്‍. റൂവിയിലെ ഹാനി ക്ലിനിക്കിന്റെ ഉടമയാണ്. ഒമാനില്‍ കൊവിഡ് മൂലം മരിച്ച ആറാമത്തെയാളാണ് ഡോ.രാജേന്ദ്രന്‍ നായര്‍.
കൊല്ലം സ്വദേശിയായ ദിലീപ് കുമാര്‍ അരുണ്‍തോത്തി (54) ദുബായിലും മരിച്ചു. ദുബായില്‍ സ്വന്തമായി ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനി നടത്തുകയായിരുന്നു ദിലീപ് കുമാര്‍. കടുത്ത ന്യുമോണിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിലീപിന് മൂന്ന് ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം ദുബായില്‍ നടക്കും.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സ്വന്തം നാട്ടിലേക്ക് തിരിച്ച് വരാനാകാതെ നിരവധി പ്രവാസികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍കുടുങ്ങി കിടക്കുന്നത്.ഇവര്‍ക്ക് എപ്പോള്‍ നാട്ടിലേക്ക് തിരികെ എത്താനാകും എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. അതിനിടെ തീരാ വേദനയായി മാറുകയാണ് മറ്റ് രാജ്യങ്ങളില്‍ നടക്കുന്ന മരണങ്ങള്‍.
കൊവിഡ് കാലത്ത് ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുമ്പോള്‍ ബന്ധുക്കള്‍ക്ക് കൂടെ പോകാന്‍ അനുമതിയില്ല. ദുബായില്‍ പത്താം ക്ലാസുകാരന്‍ ജുവല്‍ അര്‍ബുദം ബാധിച്ച് മരിച്ചത് തീരാ വേദനയായിമാറുകയാണ്.
ജുവലിന്റെ മൃതശരീരം ചരക്ക് വിമാനത്തില്‍ നാട്ടിലേക്ക് കയറ്റി അയക്കുകയായിരുന്നു. അവന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ അനുഗമിക്കാനോ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനോ പ്രവാസികളായ ആ മാതാപിതാക്കള്‍ക്ക് സാധിച്ചില്ല. ഒടുവില്‍ പ്രിയപ്പെട്ട മകന്റെ സംസ്‌കാര ചടങ്ങുകള്‍ അവര്‍ കണ്ടത് ഫേസ്ബുക്കിലൂടെ.
ദുബായിലെ മുഹൈസിനയില്‍ താമസിക്കുന്ന പത്തനംതിട്ട മല്ലശ്ശേരി ചാമക്കാല വിളയില്‍ ജോമയുടെയും ജെന്‍സിന്റെയും മകനായ ജ്യുവല്‍(16) വെള്ളിയാഴ്ചയാണ് അര്‍ബുദം ബാധിച്ച് മരിച്ചത്.
കാലുകളെ അര്‍ബുദം കാര്‍ന്നു തിന്നുമ്പോഴും ഏറെക്കാലമായി വീല്‍ചെയറിലാണ് ജ്യുവല്‍ സ്‌കൂളില്‍ പോയിരുന്നത്. ഷാര്‍ജ ജെംസ് മില്ലെനിയം സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളിലൊരാളായിരുന്നു ജ്യുവല്‍. ഏഴുവര്‍ഷം മുമ്പാണ് ജ്യുവലിന് അര്‍ബുദം ബാധിച്ചത്. ദുഖ:വെള്ളി ദിനത്തില്‍ ദുബായ് അമേരിക്കന്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.
ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടംകൂടുന്നത് നിരീക്ഷിക്കുന്നതിനായി കേരള പോലീസ് ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്. ഇത്തരത്തില്‍ പകര്‍ത്തിയ നിരവധി വീഡിയോകള്‍ ട്രോളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ബോര്‍ അടിച്ചിരിക്കുന്ന ആളുകള്‍ക്ക് പൊട്ടിച്ചിരിക്കാനുള്ള വകയും ഇതിലുണ്ടായിരുന്നു.
അത്തരത്തില്‍ പുതിയ ഒരു ട്രോള്‍ വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള പോലീസ്. ഡ്രോണ്‍ ചരിതം മൂന്നാം ഭാഗം എന്ന കുറിപ്പോടെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ പൊട്ടി ചിരി ഉണര്‍ത്തുന്നതാണ്. വിഡി രാജപ്പന്റെ കഥാപ്രസംഗത്തിലെ ‘ഇവിടെ ആരെങ്കിലും വന്നാലോ ഇവിടെ ആരിപ്പം വരാനാ’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്: