Kerala

തനിക്കെതിരെ കേസ് നടത്താന്‍ വിസിമാര്‍ ചെലവിട്ട 1.13 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ചാന്‍സലറായ ഗവര്‍ണര്‍ വിസിമാര്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കുന്നത്.

വിസി നിയമനം റദ്ദാക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെയാണ് വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ കേസിന് പോയത്. സര്‍ക്കാരിന്റെ ചെലവില്‍ കേസ് നടത്തേണ്ടതില്ലെന്നും സ്വന്തം ചെലവിലാണ് കേസ് നടത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിസിമാരുടെ നിയമനം ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിസിമാര്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചത്. സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പണം സര്‍വകലാശാലയുടെ ഫണ്ട് ആണ്.

അത് ഉപയോഗിച്ച് പൊതുചെലവില്‍ കേസ് നടത്തേണ്ടതില്ലെന്നും വ്യക്തികള്‍ തന്നെയാണ് കേസ് നടത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇങ്ങനെ കേസ് നടത്തുന്നത് ചട്ടമനുസരിച്ച് ശരിയല്ലെന്നും അതിനാല്‍ കേസിന് ചെലവഴിച്ച തുക തിരിച്ചടയ്ക്കാനുമാണ് ഗവര്‍ണറുടെ നിര്‍ദേശം.

കേസിനായി വിവിധ വിസിമാര്‍ 1.13 കോടി രൂപയാണ് ചെലവിട്ടതെന്നാണ് രാജ്ഭവന്റെ കണ്ടെത്തല്‍. ഇതിന്റെ കണക്കുകള്‍ നിയമസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേസിനായി ചെലവഴിച്ച വിസിമാരില്‍ നിന്ന് തുക തിരിച്ചു പിടിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.

ഇതുമായി ബന്ധപ്പെട്ട് എന്ത് നടപടി സ്വീകരിച്ചുവെന്നും ആ പണം എപ്പോള്‍ ലഭിക്കുമെന്നും എത്ര തുക ലഭിച്ചു എന്നുള്ളതടക്കം രേഖാമൂലം ഇപ്പോഴത്തെ വിസിമാര്‍ രാജ്ഭവനെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കേസിനായി ഏറ്റവും കൂടുതല്‍ തുക ചെലവിട്ടത് കണ്ണൂര്‍ വിസിയായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രനാണ്. കേസ് നടത്താനായി അദേഹം 67 ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടുണ്ട്. കുഫോസ് വിസിയായിരുന്ന ഡോ. റിജി ജോണ്‍ 36 ലക്ഷം ചെലവഴിച്ചു.

സാങ്കേതിക സര്‍വകലാശാലയുടെ വിസി ഡോ. എം.എസ് രാജശ്രി ഒന്നരലക്ഷം രൂപ, കാലിക്കറ്റ് വിസി ഡോ. എം.കെ ജയരാജ് 4,25,000 രൂപ, കുസാറ്റ് വിസി ഡോ. മദുസൂധനന്‍ 77,500 രൂപ, മലയാളം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. വി. അനില്‍കുമാര്‍ ഒരു ലക്ഷം രൂപ, ശ്രീനാരായണ ഗുരു ഓപ്പണ്‍ യുണിവേഴ്സിറ്റി വിസി മുബാറക് പാഷ 53,000 രൂപ എന്നിങ്ങനെ സര്‍വകലാശാല ഫണ്ടില്‍ നിന്ന് ചെലവഴിച്ചുവെന്നാണ് രാജ്ഭവന്റെ കണ്ടത്തല്‍.

സംസ്ഥാനത്ത് നാലുദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്.

വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരംവരെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

അതിനിടെ, കേരള തീരത്തും തമിഴ്നാട് തീരത്തും വ്യാഴാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുംതീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

നെയ്യാറ്റിന്‍കരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കടുത്ത വയറിളക്കം പിടിപ്പെട്ടാല്‍ അടിയന്തരമായി വൈദ്യപരിശോധന നടത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. രോഗാണുക്കളാല്‍ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങള്‍ പകരുന്നത്. വയറിളക്ക രോഗങ്ങളില്‍ ഗരുതരമാകാവുന്ന ഒന്നാണ് കോളറയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കോളറ മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. കഞ്ഞി വെള്ളത്തിന്റെ രൂപത്തില്‍ വയറിളകി പോകുന്നതാണ് പ്രധാന ലക്ഷണം. കൂടുതല്‍ തവണ വയറിളകി പോകുന്നതിനാല്‍ വളരെ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയില്‍ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മലം പരിശോധനയ്ക്ക് അയക്കേണ്ടതും നിര്‍ജലീകരണം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ആന്റിബയോട്ടിക് ചികിത്സ എത്രയും വേഗം ആരംഭിക്കേണ്ടതാണ്. ഡോക്‌സിസൈക്ലിന്‍, അസിത്രോമൈസിന്‍ എന്നിവ ഫലപ്രദമാണ്.

വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

വയറിളക്ക രോഗമുള്ളപ്പോള്‍ ഒആര്‍എസിനൊപ്പം സിങ്ക് (Zinc) ഗളിക നല്‍കേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒആര്‍എസ്, സിങ്ക് ഗളിക എന്നിവ സൗജന്യമായി ലഭ്യമാണ്.

രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ഏറ്റവും അടുത്തുള്ള കിടത്തി ചികിത്സ സൗകര്യമുള്ള ആശുപത്രിയില്‍ എത്തേണ്ടതാണ്.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങള്‍ തടയാന്‍ കഴിയും.

നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവു.

മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത് മാത്രമേ ഭക്ഷിക്കാവൂ.

ഐസ്‌ക്രീമും മറ്റു പാനീയങ്ങളും പാകം ചെയ്യാത്ത മത്സ്യത്തോടൊപ്പം ഒരുമിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല.

പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കുട്ടിച്ചേര്‍ത്ത് ഉപയോഗിക്കരുത്.

ആഹാരം കഴിക്കുന്നതിനു മുന്‍പും, ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം.

ആഹാരസാധനങ്ങള്‍ ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം.

ഹോട്ടലുകളും, ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തേണ്ടതാണ്.

വയറിളക്ക രോഗങ്ങള്‍ പകരാതിരിക്കാന്‍ കുഞ്ഞുങ്ങളെ മലവിസര്‍ജ്ജനത്തിന് ശേഷം ശുചിമുറിയില്‍ മാത്രം കഴുകിക്കുക. മുറ്റത്തോ മറ്റ് ടാപ്പുകളുടെ ചുവട്ടിലോ കഴുകിക്കരുത്. കഴുകിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.

വയറിളക്ക രോഗമുള്ള കുട്ടികള്‍ ഉപയോഗിച്ച ഡയപ്പറുകള്‍ കഴുകി, ബ്ലീച്ച് ലായനിയില്‍ 10 മിനിറ്റ് മുക്കി വെച്ചതിനുശേഷം മാത്രം ആഴത്തില്‍ കുഴിച്ചിടുക.

നഗരത്തില്‍ വയോധികയായ യാത്രക്കാരിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍. യാത്രക്കാരിയെ ആക്രമിച്ച് മാല പൊട്ടിച്ച കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളാണെന്ന് പ്രതിയെന്ന് ആദ്യം കണ്ടെത്തിയെങ്കിലും ഉണ്ണികൃഷ്ണന്‍ കുറ്റം നിഷേധിക്കുകയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ കുറ്റം നിഷേധിച്ചതോടെ പോലീസും ഒന്നും സംശയത്തിലായി. എന്നാല്‍, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് വീണ്ടും ചോദ്യംചെയ്തതോടെയാണ് ഇയാള്‍ കുറ്റംസമ്മതിച്ചത്.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് ഉണ്ണികൃഷ്ണന്‍ തന്റെ ഓട്ടോയില്‍ കയറിയ വയനാട് സ്വദേശിനിയായ 69-കാരിയെ ആക്രമിച്ച് രണ്ടുപവന്റെ സ്വര്‍ണമാല കവര്‍ന്നത്. ഇതിനുശേഷം വയോധികയെ റോഡില്‍ തള്ളി ഇയാള്‍ കടന്നുകളയുകയുംചെയ്തു. ഓട്ടോയില്‍നിന്നുള്ള വീഴ്ചയില്‍ പരിക്കേറ്റ ഇവര്‍ ഒരുമണിക്കൂറോളമാണ് വഴിയരികില്‍ കിടന്നത്. ഇതിനിടെ ചിലരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ ബസില്‍ കയറി കൂടരഞ്ഞിയിലെ സഹോദരന്റെ വീട്ടിലെത്തിയശേഷമാണ് ആശുപത്രിയില്‍ ചികിത്സതേടിയത്.

സംഭവദിവസം പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് 69-കാരി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയത്. തുടര്‍ന്ന് നാല് സ്ത്രീകള്‍ക്കൊപ്പം ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോകാന്‍ തീരുമാനിച്ചു. മഴ പെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്ന സ്ത്ര്ീകള്‍ മേലപാളയത്തെ ഹോട്ടലില്‍ കയറി. ഇതിനിടെയാണ് അതുവഴിയെത്തിയ ഉണ്ണികൃഷ്ണന്റെ ഓട്ടോയില്‍ 69-കാരി കയറിയത്. കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലേക്ക് പോകാനാണ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴിമാറി സഞ്ചരിച്ചു. വഴിമാറിയെന്ന് മനസിലായതോടെ ഓട്ടോ നിര്‍ത്താന്‍ പറഞ്ഞെങ്കിലും ഡ്രൈവര്‍ കൂട്ടാക്കിയില്ല. ഇതിനുപിന്നാലെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഡ്രൈവര്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചെടുക്കുകയും ഇവരെ ഓട്ടോയില്‍നിന്ന് തള്ളിയിട്ട് കടന്നുകളയുകയായിരുന്നു.

നഗരത്തിലെ ഓട്ടോഡ്രൈവര്‍മാരുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുകയും സ്ത്രീസുരക്ഷയില്‍ വെല്ലുവിളി ഉയര്‍ത്തിയതുമായ സംഭവത്തില്‍ അതീവഗൗരവത്തോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. വയോധികയുടെ പരാതി ലഭിച്ചതിന് പിന്നാലെ കേസില്‍ അന്വേഷണം നടത്താനായി ജില്ലാ പോലീസ് മേധാവി പ്രത്യേകസംഘത്തെ നിയോഗിച്ചു. തുടര്‍ന്ന് നഗരത്തിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പോലീസ് അരിച്ചുപെറുക്കി. നഗരത്തില്‍ രാത്രി ഓടുന്ന ഓട്ടോകളുടെ പട്ടികയും പരിശോധിച്ചു. ഒടുവില്‍ ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉണ്ണികൃഷ്ണനാണെന്ന് വ്യക്തമായത്.

അതേസമയം, സ്ഥിരം മദ്യപിക്കുമെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തകനാണ് പ്രതിയെന്നത് പോലീസിനെ ഞെട്ടിച്ചു. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ ഇടപെട്ടിരുന്നതായാണ് പോലീസ് പറയുന്നത്. അതിനാല്‍തന്നെ പ്രതി ആദ്യം കുറ്റം നിഷേധിച്ചപ്പോള്‍ പോലീസിനും സംശയമായി. എന്നാല്‍, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യംചെയ്തപ്പോള്‍ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.

എം.സി.സി.ക്ക് സമീപത്തുനിന്നും കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലേക്ക് ഓട്ടോയില്‍ കയറിയ യാത്രക്കാരിയെ വഴിതെറ്റിച്ച് ചിന്താവളപ്പ്, പാവമണി റോഡ് വഴി മുതലക്കുളം ഭാഗത്തേക്കാണ് പ്രതി സഞ്ചരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവിടെവെച്ചാണ് കഴുത്തിലണിഞ്ഞിരുന്ന രണ്ടുപവന്റെ മാല പൊട്ടിച്ചത്. ഇത് തടയാന്‍ ശ്രമിച്ചതോടെ വയോധികയെ ആക്രമിച്ച് ഓട്ടോയില്‍നിന്ന് തള്ളിയിടുകയായിരുന്നു. സംഭവത്തില്‍ വയോധികയ്ക്ക് രണ്ടുപല്ലുകള്‍ നഷ്ടമായി. താടിയെല്ലിനും പരിക്കേറ്റു.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഡി.ഐ.ജി. രാജ്പാല്‍ മീണയുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണര്‍ അനൂജ് പലിവാളിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ടൗണ്‍ അസി. കമ്മീഷണര്‍ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘവും ചേര്‍ന്നാണ് കേസില്‍ പ്രതിയെ പിടികൂടിയത്.

ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശ്, സബ് ഇന്‍സ്‌പെക്ടര്‍ പി.കെ.ഇബ്രാഹിം, സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍,ശ്രീജിത്ത് പടിയാത്ത്,ഷഹീര്‍ പെരുമ്മണ്ണ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, ടൗണ്‍ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ മുരളീധരന്‍,എ.മുഹമ്മദ് സിയാദ്, ബൈജു നാഥ്.എം, സീനിയര്‍ സിപി ഒ ശ്രീജിത്ത് കുമാര്‍ പി,രജിത്ത്,സിപിഒ ജിതേന്ദ്രന്‍ എന്‍, രഞ്ജിത്ത്.സി, പ്രജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

ജില്ലയില്‍ വ്യക്തമായ രേഖകളില്ലാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളെ സംബന്ധിച്ച് പോലീസിന് തെളിവുകള്‍ ലഭിച്ചതായും ഇവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി.ഐ.ജി. രാജ്പാല്‍ മീണ അറിയിച്ചു. ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് ഓട്ടോ ഓടിക്കുന്നവരെക്കുറിച്ചും സ്റ്റാന്‍ഡില്‍ കയറാതെ കറങ്ങിനടന്ന് യാത്രക്കാരില്‍നിന്ന് കൂടുതല്‍ പണം ആവശ്യപ്പെടുന്നതായുള്ള പരാതികളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരേയും നടപടി കര്‍ശനമാക്കുമെന്നും പോലീസ് അറിയിച്ചു.

അങ്കമാലിയില്‍ വീടിന് തീപ്പിടിച്ച് ഒരുകുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചത് ആത്മഹത്യയെന്ന് സൂചന. മരിച്ച ബിനീഷ് സംഭവം നടന്ന ദിവസം ആലുവയിലെ പമ്പില്‍നിന്ന് കാനില്‍ പെട്രോള്‍ വാങ്ങുന്നതിന്റെയും കാനുമായി തിരികെ വീട്ടിലേക്ക് കയറുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അപകടമുണ്ടായ കിടപ്പുമുറിയില്‍നിന്ന് പെട്രോള്‍ കാനും ലഭിച്ചിട്ടുണ്ട്.

മലഞ്ചരക്ക് വ്യാപാരിയായിരുന്നു ബിനീഷ്. ഇദ്ദേഹത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്രയും സൂചനകളില്‍ നിന്നാണ് ആത്മഹത്യയാണ് എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. രാസപരിശോധനാഫലം വന്നാലേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ.

ജൂണ്‍ എട്ടിനാണ് എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ വീടിന് തീപ്പിടിച്ച് നാലുപേര്‍ വെന്തുമരിച്ചത്. പറക്കുളം അയ്യമ്പിള്ളി വീട്ടില്‍ ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ (40) മക്കളായ ജൊവാന (8), ജെസ്‌വിന്‍ (5) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ വീടിന്റെ രണ്ടാം നിലയിലായിരുന്നു തീപ്പിടിത്തം.

മരിച്ച നാലുപേരും ഒരു മുറിയിലാണ് കിടന്നിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.

രാവിലെ നാലരയോടെ ബിനീഷിന്റെ അമ്മ ചിന്നമ്മ പ്രാര്‍ഥിക്കാനായി എഴുന്നേറ്റപ്പോഴാണ് മുകള്‍നിലയില്‍നിന്ന് ശബ്ദം കേട്ടത്. ചിന്നമ്മ ഉടന്‍ ജോലിക്കാരനായ നിരഞ്ജന്‍ കുണ്ഡലയെ വിളിച്ചുണര്‍ത്തി. ഇരുവരുംചേര്‍ന്ന് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ആളിപ്പടര്‍ന്നു. പത്രക്കെട്ട് എടുക്കാനായി ഇതുവഴിപോയ ഏജന്റ് ഏലിയാസ് തീ കണ്ട് അയല്‍വാസികളെയും അഗ്‌നിരക്ഷാസേനയെയും അറിയിച്ചു. നാട്ടുകാരെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശക്തമായി തീപിടിച്ചതോടെ മുറിയുടെ സമീപത്തേക്ക് പോകാനാവാത്ത സ്ഥിതിയായി. അഗ്‌നിരക്ഷാസേനയെത്തി തീ അണച്ചപ്പോഴേക്കും നാലുപേരും കത്തിക്കരിഞ്ഞിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കനത്ത തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.

സംഘടനാ വീഴ്ചക്കൊപ്പം വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി. മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയതും തിരിച്ചടിയായി. ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണിയാണെന്നും എം.എ ബേബി പച്ചക്കുതിര മാസികയില്‍ എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെട്ടു.

പാര്‍ട്ടിക്കകത്തെ ദുഷ്പ്രവണതകള്‍ മതിയാക്കണം. മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് പിന്നീട് പിണറായി ശൈലിയായി മാറി. യോഗം തുടങ്ങും മുമ്പ് പുറത്തു പോകാന്‍ സന്നദ്ധരല്ലാതിരുന്ന കാമറാമാന്മാരോട് പുറത്തു പോകാന്‍ പറഞ്ഞതില്‍ തെറ്റായോ അസ്വാഭാവികമായോ ഒന്നുമില്ല.

സമൂഹ മാധ്യമങ്ങളിലെ മാധ്യമ വിമര്‍ശനങ്ങള്‍ ഗുണത്തേക്കാളേറെ ദോഷകരമായി. മാധ്യമങ്ങളെ വിലക്കിയതും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയും തിരിച്ചടിയായി. ബംഗാളിലെ സിപിഎം 15 വര്‍ഷം കൊണ്ട് ഇന്നത്തെ അവസ്ഥയിലേക്ക് എത്തപ്പെട്ടത് ഓര്‍ക്കണം. എത്രയും പെട്ടെന്ന് തിരുത്തലുകള്‍ വേണമെന്നും ബേബി ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പിലെ തിരിച്ചടി അതീവ ഗുരുതരമാണെന്ന് സമ്മതിക്കാതെ വയ്യ. തിരഞ്ഞെടുപ്പിലെ പിന്നോട്ടടികള്‍ മാത്രമല്ല പരിശോധനാ വിധേയമാക്കേണ്ടത്. വ്യത്യസ്ത തോതില്‍ ഇടതുപക്ഷ സ്വാധീന മേഖലയില്‍ ബഹുജന സ്വാധീനത്തിലും പ്രതികരണ ശേഷിയിലും ആഘാത ശക്തിയിലും ഇടിവും ചോര്‍ച്ചയും സംഭവിക്കുന്നുണ്ട്.

ഇതിന് ഭരണപരമായ പ്രശ്നങ്ങളും ബഹുജനങ്ങളുമായി ഇടപെടുമ്പോള്‍ സംഭവിക്കുന്ന വാക്കും പ്രവൃത്തിയും ജീവിത ശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടാകാം. ഇന്നത്തേക്കാള്‍ പല മടങ്ങ് സ്വാധീനവും ബഹുജന വിശ്വാസവും ആര്‍ജ്ജിക്കുവാനുള്ള നിലയ്ക്കാത്ത പോരാട്ടങ്ങളും പരിശ്രമങ്ങളും ഇടതുപക്ഷം തുടരേണ്ടതുണ്ടെന്നും എം.എ ബേബി ലേഖനത്തില്‍ പറയുന്നു.

ജനങ്ങള്‍ക്ക് ബോധ്യമാകും വിധം സത്യസന്ധവും നിര്‍ഭയവും ഉള്ളു തുറന്നതുമായ സ്വയം വിമര്‍ശനലൂടെയും മാത്രമേ, വാക്കിലും പ്രവൃത്തിയിലും അനുഭവവേദ്യമാവുന്ന തിരുത്തലുകളിലൂടെ മാത്രമേ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട ബഹുജന സ്വാധീനം വീണ്ടെടുക്കാനാവൂ. ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണിയാണെന്നും ‘തെറ്റുകളും തിരുത്തുകളും ഇടതുപക്ഷവും’ എന്ന ലേഖനത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് വ്യക്തമാക്കുന്നു.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റേഷന്‍ കടകള്‍ അടിച്ചിട്ട് വ്യാപാരികൾ സമരം ചെയ്യും. ഭരണ – പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച സമരത്തില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം രണ്ടു ദിവസം പൂര്‍ണമായും മുടങ്ങാനാണ് സാധ്യത.

സമരത്തിന്‍റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ റേഷന്‍ വ്യാപാരികള്‍ രാപ്പകല്‍ പ്രതിഷേധം സംഘടിപ്പിക്കും. നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണു തങ്ങളെന്നും, രണ്ട് ദിവസത്തെ രാപകല്‍ സമരം സൂചന മാത്രമാണെന്നും റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി അറിയിച്ചു.

സംസ്ഥാന സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനിലുമായി റേഷന്‍ ഡീലര്‍മാരുടെ സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞതോടെയാണ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങിയത്. സംഘടനകള്‍ മുന്നോട്ടു വച്ച ആവശ്യങ്ങള്‍ പെട്ടെന്ന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.

റേഷന്‍ കടകള്‍ നടത്തുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതിന് നിലവിലുള്ള നിബന്ധനകളില്‍ മാറ്റം വരുത്തുക, റേഷന്‍ കടകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുക, ക്ഷേമനിധി ബോര്‍ഡ് പുനഃസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ സമരം നടത്തുന്നത്.

പീഡനക്കേസിന് ‌ പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ പരിശീലകൻ മനുവിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൂടാതെ സംഭവത്തില്‍ വിശദീകരണം തേടി കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ചിട്ടുണ്ട്.

ഇത്തരമൊരു സംഭവം ഉണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ച്‌ വിശദീകരിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. മനു കഴിഞ്ഞ പത്ത് വർഷമായി കേരള ക്രിക്കറ്റ് അസോസിയേഷനിലെ കോച്ചാണ്. പെണ്‍കുട്ടികളെ തെങ്കാശിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ഇയാള്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ പിതാവാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മനു പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പകർത്തിയെന്നും ശുചിമുറിയില്‍ വച്ച്‌ പീഡിപ്പിച്ചുവെന്നും പിതാവ് ആരോപിച്ചു.

മനു ഇപ്പോള്‍ റിമാൻഡിലാണ്. ക്രിക്കറ്റ് ടൂർണമെന്റിന് പോകുമ്ബോള്‍ മാത്രമല്ല പീഡനം നടന്നതെന്നും കെ സി എ ആസ്ഥാനത്തുവച്ചും പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. ജിംനേഷ്യത്തിലെ പരിശീലനത്തിന് ശേഷം ഒരു പെണ്‍കുട്ടി ശുചിമുറിയില്‍ പോയപ്പോഴും പ്രതി അതിക്രമം നടത്തിയിരുന്നു.

കുട്ടി നിലവിളിച്ചപ്പോള്‍ ബലമായി പിടിച്ചുനിർത്തി സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പെടെ ഉപദ്രവിച്ചു. പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുന്നതും ഇയാളുടെ രീതിയായിരുന്നു എന്നും പിതാവ് പറഞ്ഞിരുന്നു. തെങ്കാശിയില്‍ കൊണ്ടുപോയാണ് ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിച്ചത്. ഒരു കുട്ടി രാവിലെ എഴുന്നേറ്റപ്പോഴാണ് മനുവിന്റെ മുറിയിലാണെന്ന് തിരിച്ചറിഞ്ഞത്. തലേദിവസം രാത്രി മയക്കുമരുന്ന് നല്‍കി കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

നിലവില്‍ ആറ് പെണ്‍കുട്ടികളാണ് മനുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പോക്‌സോ നിയമപ്രകാരമുള്ള ആറ് കേസുകളിലും പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തെങ്കാശിയില്‍ ക്രിക്കറ്റ് ടൂർണമെന്റിന് കൊണ്ടുപോയി അവിടെയുള്ള ഹോട്ടലില്‍ വച്ച്‌ പീഡിപ്പിച്ചതായും നഗ്നചിത്രങ്ങള്‍ പകർത്തിയതായും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഒന്നര വർഷം മുമ്ബ് ഇയാള്‍ക്കെതിരെ ഒരു പെണ്‍കുട്ടി പീഡന പരാതി നല്‍കിയിരുന്നു. തുടർന്ന് പ്രതി അറസ്റ്റിലാവുകയും കേസില്‍ കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തിരുന്നു.പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും അർദ്ധ നഗ്നചിത്രങ്ങളും മനു സ്വന്തം ഫോണില്‍ പകർത്തുന്നത് പതിവായിരുന്നു. ബോഡി ഷെയ്‌പ്പ് അറിയാനായി ബിസിസിഐക്കും കെസിഎയ്‌ക്കും അയച്ചുകൊടുക്കാനാണ് എന്ന് പറഞ്ഞാണ് ഇയാള്‍ നഗ്നചിത്രങ്ങള്‍ എടുത്തിരുന്നത്. എന്നാല്‍, ബിസിസിഐയോ കെസിഎയോ ഇത്തരം ചിത്രങ്ങള്‍ ആവശ്യപ്പെടാറില്ല.

ഏകീകൃത കുര്‍ബാന അര്‍പ്പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംഘര്‍ഷം. ഏകീകൃത കുര്‍ബാന അനുകൂലികളും ജനാഭിമുഖ കുര്‍ബാന അനുകൂലികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

ഞായറാഴ്ച പള്ളിയിലെ സിയോന്‍ ഓഡിറ്റോറിയത്തില്‍ ജനാഭിമുഖ കുര്‍ബാന അനുകൂലികള്‍ ഫൊറോന വിശ്വാസ സംഗമം സംഘടിപ്പിച്ചിരുന്നു. സിയോന്‍ ഓഡിറ്റോറിയത്തില്‍ സഭയ്‌ക്കെതിരെയുള്ള സമ്മേളനം നടത്തുവാന്‍ പാടില്ലെന്നാവശ്യപ്പെട്ട് ഫൊറോനയിലെ ഏകീകൃത കുര്‍ബാന അനുകൂലികളുടെ സംഘടനയായ ദൈവജന മുന്നേറ്റം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

പള്ളിവളപ്പില്‍ സഭയ്‌ക്കെതിരെയുള്ള യോഗം നടത്തിയാല്‍ പ്രതിരോധിക്കുമെന്ന് കാണിച്ച് ഫൊറോന വികാരിക്കും അതിരൂപതാ അധികാരികള്‍ക്കും പോലീസിനും ഏകീകൃത കുര്‍ബാന അനുകൂലികള്‍ കത്തും നല്‍കിയിരുന്നു. സമ്മേളനം പള്ളി വളപ്പില്‍ നിന്നും മാറ്റിവയ്ക്കണമെന്ന് പോലീസുള്‍പ്പെടെ ഫൊറോന വികാരിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സമ്മേളനവുമായി വിമതപക്ഷം മുന്നോട്ടു പോകുകയായിരുന്നു.

ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ഓടെ ഫൊറോനയിലെ ഏകീകൃത കുര്‍ബാന അനുകൂലികള്‍ പള്ളിമുറ്റത്ത് പ്രതിഷേധ സംഗമം നടത്തുന്നതിനിടെ സിയോന്‍ ഓഡിറ്റോറിയത്തിലെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പ്രകോപനവുമായെത്തി.

ഇതോടെയാണ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. ഏതാനും പേരെ വാഹനത്തില്‍ കയറ്റി പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റിയതോടെ വാക്കേറ്റം മൂര്‍ച്ഛിച്ചെങ്കിലും പിന്നീട് പ്രതിഷേധ യോഗം നടത്തി ഏകീകൃത കുര്‍ബാന അനുകൂലികള്‍ പിരിഞ്ഞു.

പമ്പാനദിയില്‍ ചാടിയ നഴ്സിന്റെ മൃതദേഹം കണ്ടെത്തി.

കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകള്‍ ചിത്രാ കൃഷ്ണൻ (34)ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച്ച പരുമല പന്നായി പാലത്തില്‍ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം വീയപുരം തടി ഡിപ്പോയുടെ സമീപത്ത് നിന്നാണ് ഇന്നലെ വൈകിട്ടോടെ കണ്ടെടുത്തത്.

പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു യുവതി.
കുടുംബ പ്രശ്നമാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

ചെരിപ്പും മൊബൈല്‍ഫോണും പാലത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച്‌ മാന്നാർ പൊലീസും, പുളിക്കീഴ് പൊലീസും പത്തനംതിട്ടയില്‍ നിന്നുള്ള എൻ.ഡി.ആർ.എഫ് ടീമും, സ്കൂബ ടീമും രണ്ട് ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

പമ്പാ നദിയിലെ ഉയർന്ന ജലനിരപ്പും ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് : രഞ്ജിത്ത് ആർ.നായർ. മകള്‍ : ഋതിക രഞ്ജിത്ത്.

RECENT POSTS
Copyright © . All rights reserved