തിരുവനന്തപുരം: ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. ബാലരാമപുരം പരുത്തിച്ചകോണം എ.ആർ ഹൗസിൽ രാധാകൃഷ്ണൻ- അനിത ദമ്പതികളുടെ മകൾ അഞ്ജുവിന്റെ (24)മരണമാണ് വീട്ടുകാരിലും നാട്ടുകാർക്കിടയിലും സംശയങ്ങൾക്ക് കാരണമാകുന്നത്. ഭർത്താവ് സിവിൽ പൊലീസ് ഓഫീസറായ പുന്നക്കാട് കൊട്ടാരക്കോണത്ത് സുരേഷ് കുമാറിന്റെ വീട്ടിലാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ അഞ്ജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
2016ലാണ് ബി.ടെക് ബിരുദധാരിയായ അഞ്ജുവിനെ പാലക്കാട് കെ.എ.പി ബറ്റാലിയനിലെ പൊലീസുകാരനായ സുരേഷ് കുമാർ വിവാഹം ചെയ്തത്. സുരേഷ് കുമാർ ഇപ്പോൾ ഡെപ്യൂട്ടേഷനിൽ നിയമസഭയിൽ വാച്ച് ആന്റ് വാർഡായി ജോലി ചെയ്യുകയാണ്. അഞ്ജു ഭർതൃവീട്ടിൽ നിന്നും ദിവസവും മൊബൈൽ ഫോണിലൂടെ പരുത്തിച്ചകോണത്തെ വീടുമായി ബന്ധപ്പെടുകയും അച്ഛനമ്മമാരോട് കുശലാന്വേഷണം നടത്തുകയും എല്ലാകാര്യങ്ങളും പറയുകയും ചെയ്യുമായിരുന്നു. സംഭവത്തിന് തലേദിവസമാണ് അഞ്ജു ഏറ്റവുമൊടുവിൽ പരുത്തിച്ചകോണത്തെ വീട്ടിൽ വന്നത്. രണ്ടരവയസുകാരൻ മകനെ ഡേ കെയറിൽ അയയ്ക്കുന്നതിനും തനിക്ക് പി.എസ്.സി പരീക്ഷാ പരിശീലനത്തിന് പോകുന്നതിനെപ്പറ്റിയും ആലോചിക്കാനുമാണ് ഭർത്താവ് സുരേഷ് കുമാറിനൊപ്പമെത്തിയത്. അഞ്ജുവിനെ പരുത്തിച്ചകോണത്തെ വീട്ടിലാക്കിയശേഷം ജോലിക്ക് പോയ സുരേഷ്, ഉച്ചയോടെ ഫോണിൽ വിളിച്ച് താൻ തിരികെ വരാൻ താമസിക്കുമെന്നും വണ്ടിവിളിച്ച് വീട്ടിലേക്ക് പോകണമെന്നും നിർദ്ദേശിച്ചു.
തുടർന്ന് അഞ്ജുവിനെ സഹോദരൻ കാറിൽ അന്ന് വൈകുന്നേരം കൊട്ടാരക്കോണത്തെ വീട്ടിൽ തിരികെ കൊണ്ടാക്കി. അടുത്ത ദിവസം രാവിലെ പതിവുപോലെ അച്ഛനമ്മമാരെ വിളിച്ച് വിശേഷങ്ങൾ പങ്കുവച്ചെങ്കിലും വഴക്കോ മറ്റ് പ്രശ്നങ്ങളോ ഉള്ളതായി യാതൊരു സൂചനയും നൽകിയില്ല. എന്നാൽ, എന്നും ഉച്ചയ്ക്കുള്ള അഞ്ജുവിന്റെ പതിവ് വിളി അന്നുണ്ടായില്ല. രാത്രി മകളെ അങ്ങോട്ട് വിളിക്കാമെന്ന് കരുതിയിരുന്ന അമ്മയുടെ ഫോണിലേക്ക് വൈകുന്നേരമെത്തിയ സുരേഷ് കുമാറിന്റെ വിളി ആ കുടുംബത്തിന് താങ്ങാനായില്ല. ‘നിങ്ങളുടെ മകൾ തൂങ്ങിനിൽക്കുന്നു’ എന്നായിരുന്നു ആ സന്ദേശം. ഉടൻ അഞ്ജുവിന്റെ കുടുംബം കഷ്ടിച്ച് നാലുകിലോമീറ്റർ അകലെയുള്ള കൊട്ടാരക്കോണത്തെ വീട്ടിലേക്ക് പാഞ്ഞു. നിലത്ത് നിശ്ചലയായി മരവിച്ച് കിടക്കുന്ന മകളുടെ മൃതശരീരമാണ് അവർക്ക് അവിടെ കാണാനായത്.
സുരേഷിന്റെ വീട്ടിലെ ഡൈനിംഗ് ടേബിളിൽ ഒരു ഗ്ളാസ്ബൗൾ അഞ്ജു വച്ചതിനെ ചൊല്ലി വഴക്കുണ്ടായത്രേ. തുടർന്ന് സുരേഷ് അഞ്ജുവിനെ മർദ്ദിച്ചു എന്നാണ് പരാതി. സംഭവങ്ങൾക്ക് സാക്ഷിയായ രണ്ടര വയസുകാരൻ മകൻ ഇക്കാര്യങ്ങൾ അഞ്ജുവിന്റെ മാതാപിതാക്കളോട് പറയുകയും ചെയ്തിട്ടുണ്ട്. അഞ്ജു മുറിയ്ക്കുള്ളിൽ ജീവനൊടുക്കിയതാണെന്നാണ് സുരേഷിന്റെയും വീട്ടുകാരുടെയും മൊഴി. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് അഞ്ജുവിന്റെ വീട്ടുകാരുടെ പരാതി.
അഞ്ജു ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭർതൃവീട്ടിൽ തനിക്ക് നേരിടേണ്ടിവന്ന അവസ്ഥ ലാപ് ടോപ്പിൽ തെളിവായുണ്ടെന്നാണ് സൂചന. ആർത്തവ സമയത്ത് കുഞ്ഞിന് കുറുക്ക് തയാറാക്കാൻ പോലും അടുക്കളയിൽ പ്രവേശിക്കാൻ അഞ്ജുവിന് അനുവാദമില്ലായിരുന്നു. അതിനാൽ, ആർത്തവ സമയത്ത് അഞ്ജുവിനെ മാതാപിതാക്കൾ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു.
മകളുടെ മരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ സംശയങ്ങൾ മുഖവിലയ്ക്കെടുക്കാനോ കാര്യമായി അന്വേഷണം നടത്താനോ പൊലീസ് തയാറാവുന്നില്ലെന്നാണ് അഞ്ജുവിന്റെ ബന്ധുക്കളുടെ പരാതി. ഇക്കാര്യങ്ങളടക്കം മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്ന് അഞ്ജുവിന്റെ ബന്ധുക്കൾ പറയുന്നു.
അഞ്ജുവിന്റെ വീട്ടുകാരുടെ സംശയങ്ങൾ
.വൈകിട്ട് മൂന്നരയ്ക്ക് തൂങ്ങിമരിച്ചെന്ന വിവരം അഞ്ജുവിന്റെ വീട്ടുകാരെ അറിയിക്കാൻ വൈകിയത്.
.ആത്മഹത്യ ചെയ്തതാണെങ്കിൽ മുറിയുടെ കതക് അടയ്ക്കാതിരുന്നത്.
.മേശപ്പുറത്ത് കയറി നിന്നാൽപോലും അഞ്ജുവിന് സീലിംഗിൽ എത്താൻ കഴിയില്ലെന്നുള്ളത്.
.എന്തും വീട്ടുകാരോട് തുറന്നുപറയാറുള്ള അഞ്ജു പ്രശ്നങ്ങളൊന്നും അറിയിക്കാതിരുന്നത്.
മലപ്പുറം കോട്ടയ്ക്കലില്‍ പ്രണയിച്ചതിന്റെ പേരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. മര്‍ദ്ദനത്തിന് ഇരയായതില്‍ മനംനൊന്ത് യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഷാഹിറാണ് ആത്മഹത് ചെയ്തത്. അതിനിടയില്‍ യുവാവുമായി അടുപ്പത്തിലായിരുന്ന പെണ്‍കുട്ടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച രാത്രിയാണ് ഷാഹിറിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ബൈക്കില്‍ പോവുകയായിരുന്നു ഷാഹിറിനെ യുവതിയുടെ ബന്ധുക്കള്‍ തടഞ്ഞു വെച്ച് ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയപ്പോള്‍ ഷാഹിറിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് കണ്ടതെന്ന് ഷാഹിറിന്റെ ഉമ്മയും അനിയനും പറഞ്ഞു.
ഷാഹിറിന്റെ സഹോദരനേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചു. പിന്നീട് ഉമ്മയ്ക്കും സഹോദരനുമൊപ്പം വീട്ടിലെത്തിയ ഷഹീര്‍ ഇവരുടെ മുന്നില്‍ വെച്ച് വിഷം കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഷാഹിറിനെ ഉടന്‍ത്തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
അപൂര്‍വ്വമായ സിഗ്നല്‍ മത്സ്യത്തെ കേരള തീരത്തു നിന്നും കണ്ടെത്തി. ഇതാദ്യമായാണ് ഇന്ത്യന്‍ തീരത്തു നിന്നും ഇവയെ കണ്ടെത്തുന്നത്. കേരള തീരത്തു നിന്ന് 70 മീറ്റര്‍ താഴ്ചയുള്ള മണല്‍ത്തട്ടില്‍ നിന്നാണ് ഇവയെ കണ്ടെത്തുന്നത്. ഇന്ത്യയില്‍ നിന്നും കണ്ടെത്തിയതിനാല്‍ ഇവയ്ക്ക് റ്റീറോപ്‌സാറോണ്‍ ഇന്‍ഡിക്കം (Pteropsaron indicum) എന്നാണ് ശാസ്ത്രീയനാമം നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ നിന്നും കണ്ടെത്തിയ ഈ ഇനം ലോകത്തെ സിഗ്നല്‍ മത്സ്യങ്ങളില്‍ ഏറ്റവും വലിപ്പമുള്ളതാണ്. ഇണയെ ആകര്‍ഷിക്കുന്നതിനായി ഇത്തരം മത്സ്യങ്ങള്‍ അവയുടെ നീളമുള്ള മുതുകുകള്‍ സവിശേഷമായി ചലിപ്പിക്കും. ഈ സ്വഭാവമാണ് ഇവയെ സിഗ്നല്‍ മത്സ്യങ്ങള്‍ എന്നു വിളിക്കാന്‍ കാരണം. ഇവയ്ക്ക് ശരീരപാര്‍ശ്വങ്ങളില്‍ നീളത്തില്‍ തിളങ്ങുന്ന കടുത്ത മഞ്ഞവരകളുണ്ട്. ഇത്തരത്തില്‍ ചെറിയ മഞ്ഞ അടയാളങ്ങള്‍ തലയുടെ പാര്‍ശ്വങ്ങളിലും കാണാം. മുതുകുചിറകില്‍ വളരെ നീളത്തിലുള്ള മുള്ളുകളും കാണാം.
കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി പ്രൊഫ. എ. ബിജുകുമാര്‍, അമേരിക്കയിലെ ഓഷ്യന്‍ സയന്‍സ് ഫൗണ്ടേഷനിലെ മത്സ്യഗവേഷകന്‍ ഡോ. ബെന്‍ വിക്ടര്‍ എന്നിവര്‍ചേര്‍ന്ന് നടത്തിയ ഗവേഷണവിവരങ്ങള്‍ പുതിയലക്കം ‘ഓഷ്യന്‍ സയന്‍സ് ഫൗണ്ടേഷന്‍ ജേണലി’ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി.ടി. സ്‌കാന്‍ ഉപയോഗിച്ചുനടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയ ഇത്തരം മത്സ്യങ്ങളുടെ സവിശേഷ അസ്ഥിവ്യവസ്ഥയെപ്പറ്റിയുള്ള വിവരങ്ങളും ഗവേഷണപ്രബന്ധത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സിഗ്നൽ ഫിഷ്
കണ്ടെത്തിയ ഇനം ലോകത്തിലെ ഏറ്റവും വലിയ സിഗ്നൽ മത്സ്യമാണ്. ശരീരത്തിന്റെ വശങ്ങളിൽ തിളങ്ങുന്ന കട്ടിയുള്ള മഞ്ഞ വരകളുണ്ട്. ചെറിയ മഞ്ഞ അടയാളങ്ങൾ തലയുടെ വശങ്ങളിൽ കാണാം. ഡോർസൽ ഫിനുകളിൽ നീളമുള്ള മുള്ളുകളും ഉണ്ട്. തങ്ങളുടെ പ്രദേശത്ത് ആധിപത്യം സ്ഥാപിക്കുന്നതിന്റെയും ഇണയെ ആകർഷിക്കുന്നതിന്റെയും അടയാളമായി അവർ നീളമുള്ള ചിറകുകൾ പരത്തുന്നു.
ഈ സവിശേഷതകൾ മൂലമാണ് അവയെ സിഗ്നൽ ഫിഷ് എന്ന് വിളിക്കുന്നത്. സിടി സ്കാൻ നടത്തി അവരുടെ അസ്ഥികൂട വ്യവസ്ഥയുടെ വിശദാംശങ്ങൾ പഠനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സിഗ്നൽ മത്സ്യങ്ങൾ പവിഴപ്പുറ്റുകളിൽ കാണപ്പെടുന്നു. അതിനാൽ കേരള തീരത്ത് പവിഴത്തിന്റെ സാന്നിധ്യം ഇത് സൂചിപ്പിക്കുന്നുവെന്ന് പ്രൊഫ. ബിജുകുമാർ പറയുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥി പ്രണവ്. അച്ഛനും അമ്മയ്ക്കുമൊപ്പം എത്തിയ പ്രണവ് ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ ലഭിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. ഹൃദയ സ്പര്‍ശിയായ അനുഭവം എന്നു പറഞ്ഞ് മുഖ്യമന്ത്രിയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഒരു ഹൃദയ സ്പര്‍ശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ കൊച്ചുമിടുക്കന്‍ പ്രണവ് തന്റെ ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വന്നതായിരുന്നു അത്. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകള്‍ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛന്‍ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വര്‍ണകുമാരിയെയും സാക്ഷിനിര്‍ത്തി പ്രണവ് പറഞ്ഞു. കെ.ഡി. പ്രസേനന്‍ എം.എല്‍.എയും കൂടെയുണ്ടായി.
സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് പറഞ്ഞു. ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി കോച്ചിംഗിന് പോവുകയാണിപ്പോള്‍. കാല്‍ ഉപയോഗിച്ച് സെല്‍ഫിയും എടുത്ത് ഏറെ നേരം സംസാരിച്ചാണ് പ്രണവിനെ സന്തോഷപൂര്‍വം യാത്രയാക്കിയത്.
അപ്രതീക്ഷിതമായെത്തിയ വാഹനാപകടത്തിൽ പൊലിഞ്ഞ യുവദമ്പതികളുടെ മരണത്തിൽ കണ്ണീരൊഴുക്കുകയാണ് ഒരു നാട്. തിരുവനന്തപുരം നെയ്യാറ്റിൻകര ഊരുട്ടുകാല തിരുവോണത്തിൽ ജനാർദനൻ നായരുടെ മകനും പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷൻ ഓവർസീയറുമായ ജെ രാഹുൽ (28), ഭാര്യയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓവർസീയറുമായ സൗമ്യ(24) എന്നിവരാണ് മരിച്ചത്.
വിവാഹത്തിൽ പങ്കെടുക്കാനാണ് രാവിലെ കാറിൽ ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്. ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. രാത്രി എട്ടരയോടെ രാഹുലിന്റെയും സൗമ്യയുടെയും മൃതദേഹങ്ങൾ ഊരൂട്ടുകാലായിലെ വീട്ടിലെത്തുമ്പോൾ തകർന്നുപോയി ബന്ധുക്കൾ. നൊമ്പരക്കാഴ്‌ചയായി ഇരുവരുടെയും മകൾ രണ്ടുവയസ്സുള്ള ഇഷാനി. കുഞ്ഞിനെ രാഹുലിന്റെ അമ്മയെ ഏൽപിച്ചാണ് ഇരുവരും ഇന്നലെ രാവിലെ പുറപ്പെട്ടത് .
‘ഈ പൊന്നുകുഞ്ഞിന് ഇനി ആരു പാലുകൊടുക്കുമെന്ന് ആരെങ്കിലും പറയു’ എന്ന മുത്തശ്ശിയുടെ ചോദ്യം കേട്ടുനിന്നവരുടെ നെഞ്ചിലാണു തറച്ചത്. സങ്കടം സഹിക്കാനാകാതെ എല്ലാവരും കണ്ണീരൊഴുക്കുമ്പോൾ മുത്തശ്ശിയുടെ കയ്യിൽതന്നെയായിരുന്നു ഇഷാനി.
ദേശീയപാതയിൽ കടമ്പാട്ടുകോണത്തിനു സമീപം ഇന്നലെ 11ന് ആയിരുന്നു അപകടം നടന്നത്. ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ നെയ്യാറ്റിൻകരയിൽ നിന്ന് മയ്യനാട്ടേക്ക് കാറിൽ പോകുന്നതിനിടെയാണ് ഈ ദാരുണാപകടം.
മുൻഭാഗം പൂർണമായും തകർന്ന കാറിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും രാഹുലും സൗമ്യയും മരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
പാരിപ്പള്ളി (കൊല്ലം)/ നെയ്യാറ്റിൻകര∙ കാറും കെഎസ്ആർടിസി വോൾവോ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവദമ്പതികൾ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര ഊരുട്ടുകാല തിരുവോണത്തിൽ ജനാർദനൻ നായരുടെ മകനും പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷൻ ഓവർസീയറുമായ ജെ.രാഹുൽ (28), ഭാര്യയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓവർസീയറുമായ സൗമ്യ (24) എന്നിവരാണു മരിച്ചത്.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നെയ്യാറ്റിൻകരയിൽ നിന്നു മയ്യനാട്ടേക്കു കാറിൽ പോകുന്നതിനിടെ ദേശീയപാതയിൽ കടമ്പാട്ടുകോണത്തിനു സമീപം ഇന്നലെ 11ന് ആയിരുന്നു അപകടം. രണ്ടു വയസ്സുള്ള മകൾ ഇഷാനിയെ രാഹുലിന്റെ അമ്മയെ ഏൽപിച്ച ശേഷമായിരുന്നു ദമ്പതികളുടെ യാത്ര.
കൊല്ലം ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുൻഭാഗം പൂർണമായും തകർന്ന കാറിൽ നിന്നു പുറത്തെടുത്തപ്പോഴേക്കും ഇരുവരും മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ആയൂർ ഇളമാട് തേവന്നൂർ സൗമ്യ നിവാസിൽ സരസ്വതി അമ്മയുടെയും പരേതനായ സുന്ദരൻ പിള്ളയുടെയും മകളാണ് സൗമ്യ. പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓവർസീയർ ആയിരുന്ന സൗമ്യയ്ക്കു മൂന്നു മാസം മുൻപാണ് അഞ്ചലിലേക്കു സ്ഥലം മാറ്റം കിട്ടിയത്. ഇരുവരുടെയും സംസ്കാരം ഇന്ന് 10ന് സൗമ്യയുടെ ആയൂരിലെ വീട്ടിൽ നടക്കും.
|
2016 നവംബർ ഒന്നിന് മെഡിക്കൽ കോളജിന്റെ പേ വാർഡ് ബ്ലോക്കിൽ ചെറിയ ഒപിയായി തുടങ്ങിയ കൊച്ചിൻ കാൻസർ റിസർച് സെന്റർ (സിസിആർസി) 3 വർഷം കൊണ്ടു നൂറുകണക്കിനു രോഗികളുടെ പ്രതീക്ഷാ കേന്ദ്രമായി വളർന്നു. രോഗം നിർണയിക്കുന്നതിനുള്ള സൗകര്യം, കീമോ തെറപ്പി, ലാബ്, ഓപ്പറേഷൻ തിയറ്റർ, കിടത്തി ചികിത്സാ സൗകര്യങ്ങൾ എന്നിവയിൽ അസൂയാവഹമായ മുന്നേറ്റമാണു സിസിആർസി കൈവരിച്ചത്. ആദ്യ വർഷം 1277 രോഗികൾ സിസിആർസിയിൽ റജിസ്റ്റർ ചെയ്തു. രണ്ടാം വർഷം 1403 പേർ റജിസ്റ്റർ ചെയ്തു. ഈ വർഷം സെപ്റ്റംബർ 30 വരെ 1277 പേർ റജിസ്റ്റർ ചെയ്തു. തുടർചികിത്സയ്ക്കായി മൂന്നു വർഷത്തിൽ 19606 പേർ എത്തി.
രോഗ നിർണയം
കാൻസർ രോഗം കണ്ടുപിടിക്കാനാവശ്യമായ എഫ്എൻഎസി, ബയോപ്സി, എൻഡോസ്കോപി, രക്ത പരിശോധന തുടങ്ങിയ സൗകര്യങ്ങൾ ഇപ്പോൾ സിസിആർസിയിൽ ലഭ്യമാണ്. ഗർഭാശയ കാൻസർ നേരത്തേ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി എംഎൽഎ ഫണ്ട് മുഖേന കോൾപോസ്കോപ് വാങ്ങി പ്രവർത്തനം തുടങ്ങി.
ലാബ് സൗകര്യങ്ങൾ
അടിസ്ഥാന രക്തപരിശോധനാ സൗകര്യങ്ങൾ കൂടാതെ രക്തത്തിൽ കാൻസർ കോശങ്ങൾ ഉണ്ടോ എന്ന് അറിയുന്നതിനുള്ള ഇമ്യൂണോ അനലൈസർ, ശസ്ത്രക്രിയക്കു ശേഷമുള്ള ഹിസ്റ്റോപതോളജി സൗകര്യങ്ങളും സിസിആർസിയിൽ ഉണ്ട്. ഗ്രോസിങ്, എംബെഡിങ്,മൈക്രോടോം മെഷിനുകളും ഇതിനായി സ്ഥാപിച്ചിട്ടുണ്ട്.
കീമോ തെറപ്പി
സിസിആർസിയിൽ കീമോ തെറപ്പി തുടക്കത്തിൽ തന്നെ ആരംഭിച്ചു. 2019 സെപ്റ്റംബർ 30 വരെ 3631കീമോ തെറപ്പി സൈക്കിളുകൾ നൽകി ചികിത്സ നൽകി. 350 രോഗികൾക്കു സൗജന്യ കീമോ തെറപ്പി നൽകി. 952 രോഗികൾക്കു കീമോ ചികിത്സ നൽകി. നിലവിൽ 132 രോഗികൾ ഇവിടെ കീമോതെറപ്പി എടുക്കുന്നുണ്ട്.
ശസ്ത്രക്രിയ
മെഡിക്കൽ കോളജുമായി സഹകരിച്ചു തുടക്കം മുതലേ ശസ്ത്രക്രിയ തുടങ്ങിയിരുന്നു. സെപ്റ്റംബർ 26നു സിസിആർസിയിൽ ഓപ്പറേഷൻ തിയറ്റർ സൗകര്യങ്ങളും കിടത്തി ചികിത്സ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ 20 കാൻസർ സർജറികൾ സിസിആർസിയിൽ നടന്നു. നാലാം വർഷത്തിലേക്ക് അഭിമാനത്തോടെ കാൽവയ്ക്കുന്നതിനുള്ള സിസിആർസിയുടെ ഊർജവും ഇതു തന്നെയാണ്. ഈ വർഷം അവസാനത്തോടെ 20 ബെഡ് ഉള്ള കാൻസർ ചികിത്സാ കേന്ദ്രമായി സിസിആർസി മാറും.
ഇമേജിങ് സൗകര്യങ്ങൾ
സിയാലിന്റെ സിഎസ്ആർ വഴി അൾട്രാ സൗണ്ട് സ്കാനിങ് യന്ത്രവും എംപി ഫണ്ട് ഉപയോഗപ്പെടുത്തി വാങ്ങിയ മാമോഗ്രാമും സിസിആർസിയിൽ സജ്ജമാണ്. 100ലേറെ രോഗികൾ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
സമഗ്ര കാൻസർ നിയന്ത്രണ പരിപാടി
ജില്ലാ പഞ്ചായത്ത്, നാഷനൽ ഹെൽത്ത് മിഷൻ, ജില്ലാ മെഡിക്കൽ ഓഫിസ് എന്നിവരുമായി ചേർന്നു സിസിആർസി നടപ്പിലാക്കുന്ന പദ്ധതിയാണു സമഗ്ര കാൻസർ നിയന്ത്രണ പരിപാടി. കാൻസർ രോഗം തുടക്കത്തിലേ കണ്ടുപിടിക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരെ പ്രാപ്തരാക്കുക, ആശാ വർക്കർമാർക്കും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കും പരിശീലനം നൽകുക, താലൂക്ക് ആശുപത്രികളിൽ രോഗ നിർണയ സംവിധാനങ്ങൾ ഒരുക്കുക, സിസിആർസിയുടെ നേതൃത്വത്തിൽ സെൻട്രൽ പതോളജി ലാബ് രൂപീകരിക്കുക, ജനസംഖ്യാടിസ്ഥാനത്തിൽ കാൻസർ റജിസ്ട്രി രൂപീകരിക്കുക എന്നിവയാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. ഇതുവഴി കാൻസർ രോഗം നേരത്തെ കണ്ടെത്തി സാധാരണ ജനങ്ങൾക്ക് ഉപയോഗിക്കാനാകും വിധം ആരോഗ്യ ഇൻഷുറൻസ് ഉപയോഗിച്ചു സൗജന്യ ചികിത്സ ഉറപ്പാക്കാൻ കഴിയും. ജില്ലയിൽ ഈ പദ്ധതി വിജയിച്ചാൽ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണു തീരുമാനിച്ചിട്ടുള്ളത്.
ബോധവൽക്കരണം
കാൻസർ അവബോധം പൊതുജനങ്ങൾക്കിടയിൽ സൃഷ്ടിക്കാൻ സിസിആർസി 2 പുസ്തകം പ്രസിദ്ധീകരിച്ചു. സ്കൂൾ കുട്ടികളിൽ പുകയിലയ്ക്കെതിരെ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനു മെഡിക്കൽ സൂപ്രണ്ട് ഡോ.പി.ജി.ബാലഗോപാലിന്റെ നേതൃത്വത്തിൽ ‘അരുത് ’ എന്ന ഗ്രന്ഥം പുറത്തിറക്കി. ‘ജാഗ്രത’ എന്ന പുസ്തകവും സിസിആർസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ കാൻസർ ആശുപത്രികളിലും ഒരുപോലെ കാൻസർ ചികിത്സ ലഭ്യമാക്കുന്നതിനു ‘കേരള കാൻസർ ഗ്രിഡ് ’ രൂപീകരിക്കാനും സിസിആർസി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. സിസിആർസിയിൽ 1000 രോഗികൾക്കു സാന്ത്വനചികിത്സ നൽകിവരുന്നു. രോഗികൾക്കുള്ള കൗൺസലിങ് സൗകര്യവുമുണ്ട്. സ്പീച്ച് ആൻഡ് സ്വാലോവിങ്, ലിംഫെഡിമ എന്നീ പുനരധിവാസ ക്ലിനിക്കുകൾ രോഗികൾക്ക് ഏറെ സഹായകമാണ്. ജില്ലയിൽ കഴിഞ്ഞ വർഷം 50 കാൻസർ നിർണയ ക്യാംപുകൾ സിസിആർസി നടത്തി. 20 പുതിയ കാൻസറുകൾ കണ്ടെത്താൻ ഇതുവഴി കഴിഞ്ഞു.
ഓപ്പറേഷൻ തിയറ്റർ സൗകര്യവും കിടത്തി ചികിത്സയും ഓഗസ്റ്റിൽ തുടങ്ങി. റേഡിയോളജിസ്റ്റിനെ നിയമിച്ചു. അനസ്‌തെറ്റിസ്‌റ്റ് പതോളജിസ്റ്റ് എന്നിവർ ചുമതലയേറ്റു.
കാൻസർ റിസർച് സെന്ററിൽ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനായി സർക്കാർ 14.28 കോടി രൂപ അനുവദിച്ചു.
വിഗ് ഡൊണേഷൻ പ്രോഗ്രാം
സിസിആർസി മിറക്കിൾ ചാരിറ്റബിൾ ഓർഗനൈസേഷനുമായി ചേർന്നു കാൻസർ സെന്ററിലെ രോഗികൾക്കു സൗജന്യമായി വിഗ് വിതരണം ചെയ്യുന്നുണ്ട്. 200 രോഗികൾക്കു വിഗ് വിതരണം ചെയ്തു. 10,000 രൂപ വിലവരുന്ന വിഗ് സിസിആർസിയിൽ കീമോതെറപ്പി എടുക്കുന്ന നിർധനരായ രോഗികൾക്കു സൗജന്യമായി നൽകി.
കാരുണ്യവർഷം ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്നു സഹായി എന്ന പേരിൽ ഹോം കെയർ ചികിത്സാ സംവിധാനവും സിസിആർസി ആരംഭിച്ചിട്ടുണ്ട്. രോഗീപരിചരണം വീടുകളിൽ ലഭ്യമാക്കാൻ ഇതുവഴി കഴിയുന്നു. 250 കാൻസർ രോഗികൾക്ക് ഈ സേവനം ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്.
ബ്രിക് റിസർച് ലാബ്
കേരള സ്റ്റാർട്ടപ് മിഷനുമായി ചേർന്നു സിസിആർസി നടപ്പിലാക്കുന്ന പദ്ധതിയാണു ലോകോത്തര നിലവാരത്തിലുള്ള റിസർച് ലാബ് ടെക്നോളജി ഇന്നവേഷൻ സോൺ..
കൊച്ചിൻ കാൻസർ റിസർച് സെന്ററിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ ടെക്നോളജി ഇൻക്യുബേഷൻ സെന്റർ സ്ഥാപിക്കും. ചികിത്സാ രംഗത്തെ ചെലവു കാര്യമായി കുറയ്ക്കാൻ ഇൻക്യുബേഷൻ സെന്റർ സഹായിക്കും. കൂടാതെ 8,9,10 തീയതികളിൽ ഡോക്ടർമാർക്കും സാങ്കേതിക വിദഗ്ധർക്കുമായി ‘കാൻസർ പരിചരണത്തിലെ വൈജാത്യങ്ങൾ ഇല്ലായ്മ ചെയ്യൽ’ എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിക്കും. കളമശേരി സ്റ്റാർട്ടപ് മിഷനിൽ തുടങ്ങാൻ ലക്ഷ്യമിട്ട ബയോമെഡിക്കൽ റിസർച് ഇന്നവേഷൻ ആൻഡ് കൊമേഴ്സ്യലൈസേഷൻ ഇൻ കാൻസർ (ബ്രിക്) സംരംഭത്തിന്റെ മുന്നോടിയായിട്ടാണു സിംപോസിയം സംഘടിപ്പിക്കുന്നത്.
റോട്ടറി കാൻക്യൂർ മിനിമാരത്തൺ 10ന്
ജനങ്ങളിൽ കാൻസറിനെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനു റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ പെരിയാറും കൊച്ചിൻ കാൻസർ റിസർച് സെന്ററും കേരള സ്റ്റാർട്ടപ് മിഷനും സംയുക്തമായി 10നു കാൻക്യൂർ മിനി മാരത്തൺ നടത്തും. റോട്ടറി കാൻക്യൂർ 10 കിലോമീറ്റർ മിനി മാരത്തൺ 10നു രാവിലെ 5ന് എറണാകുളം ഗവ.മെഡിക്കൽ കോളജിൽ തുടങ്ങി എച്ച്എംടി റോഡ് വഴി സീപോർട്ട്–എയർപോർട്ട് റോഡിലൂടെ ഭാരതമാത കോളജുവരെയും തിരികെ മെഡിക്കൽ കോളജുവരെയുമാണ്. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കുവാൻ സാധിക്കുന്ന 3 കിലോമീറ്റർ ഫൺ റണ്ണും ഉണ്ടായിരിക്കും. മാരത്തണിന്റെ റജിസ്ട്രേഷൻ നവംബർ 3 വരെയാണ്. കാൻസർ റിസർച് സെന്ററിൽ റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ പെരിയാർ 6 ബെഡുകളോടെ സജ്ജീകരിച്ച വാർഡിന്റെ ഉദ്ഘാടനം 9നു നടത്തും. 25 ലക്ഷം രൂപ ചെലവഴിച്ചാണു റോട്ടറി ക്ലബ് വാർഡ് തയാറാക്കിയിട്ടുള്ളത്.
സിസിആർസിക്ക് സ്ഥിരം കെട്ടിടം
സർക്കാർ മെഡിക്കൽ കോളജ് ക്യാംപസിൽ അനുവദിച്ച 12 ഏക്കർ സ്ഥലത്തു സിസിആർസിക്കു വേണ്ടി 8 നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ 25 ശതമാനം ജോലികൾ പൂർത്തിയായി. 2020 ജൂലൈയിൽ നിർമാണം പൂർത്തിയാക്കണമെന്നാണു സർക്കാർ നൽകിയിട്ടുള്ള നിർദേശം. തുടക്കത്തിൽ മന്ദഗതിയിലായിരുന്ന നിർമാണം ഇപ്പോൾ വേഗം കൈവരിച്ചിട്ടുണ്ട്. 252 കിടക്കകൾ, 80 ഐസിയു, 10 ഓപ്പറേഷൻ തിയറ്റർ എന്നിവയ്ക്കുള്ള കെട്ടിടമാണ് ഉയരുന്നത്.
ഒരു ശരാശരി മലയാളി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത് മൂന്നു കാര്യങ്ങൾക്കാണ്. വീട്, വിദ്യാഭ്യാസം, വിവാഹം. ഇതിൽ ഏറ്റവും വലിയ നിക്ഷേപം നടത്തുന്നത് വീടിനായിരിക്കും. വീടുപണി അനുഭവങ്ങളുടെ ഒരു ഘോഷയാത്രയാണ്. അനുഭവക്കുറവിൽ നിന്നും പല തെറ്റുകളുമുണ്ടാകാം. അതുകൊണ്ടാണ് രണ്ടാമതൊരു വീട് പണിയുകയാണെങ്കിൽ തകർത്തേനെ എന്ന് പലരും പറയുന്നത്. മലയാളികൾ കാലാകാലങ്ങളായി തുടർന്നുവരുന്ന വീടുപണിയിലെ തെറ്റുകളിൽ നിന്നും 10 എണ്ണം വായിക്കാം…
1. സ്ക്വയർഫീറ്റ് റേറ്റിൽ കരാർ നൽകുക
കേൾക്കുമ്പോൾ ലാഭകരമെന്നു തോന്നുമെങ്കിലും വാസ്തവത്തിൽ അങ്ങനെയല്ല എന്നതാണ് സ്ക്വയർഫീറ്റിന് നിരക്കിലുള്ള കരാറിന്റെ പ്രത്യേകത. വീടുപണിയുമ്പോൾ വരാന്ത, നടുമുറ്റം എന്നിവയ്ക്കൊക്കെ നിർമാണചെലവ് കുറവായിരിക്കും. അതേസമയം അടുക്കള, ബാത്റൂം എന്നിവയ്ക്കൊക്കെ ചെലവ് കൂടുകയും ചെയ്യും. അടുക്കളയും ബാത്റൂമുമൊക്കെ പണിയാൻ വേണ്ടിവരുന്ന സ്ക്വയർഫീറ്റ് നിരക്കായിരിക്കും കോൺട്രാക്ടർമാർ വീടിനു മുഴുവൻ ചുമത്തുക. പ്ലാസ്റ്ററിങ്, ഫ്ളോറിങ്, പെയിന്റിങ് തുടങ്ങി ഓരോന്നായി ഇനം തിരിച്ച് കരാർ ഉറപ്പിക്കുകയാണ് ലാഭകരം.
2. മണ്ണു പരിശോധന നടത്താതിരിക്കുക
വീടുപണിയുന്നതിനു മുമ്പ് മണ്ണു പരിശോധന നടത്താതിരിക്കുക എന്നത് പലർക്കും പറ്റുന്ന അബദ്ധമാണ്. ഓരോതരം സ്ഥലത്തിനും ഓരോതരം ഫൗണ്ടേഷൻ ആണ് ചെയ്യേണ്ടത്. അതുകൊണ്ടാണ് മണ്ണു പരിശോധന അത്യാവശ്യമായി വരുന്നത്. പാടങ്ങൾ, ചതുപ്പുനിലങ്ങൾ തുടങ്ങിയവ മണ്ണിട്ട് നികത്തിയെടുത്താൽ അറിയാൻ സാധിക്കണമെന്നില്ല. പലയിടത്തും രണ്ടുനില വീടുകൾ ‘ഇരുന്ന പോലത്തെ അവസ്ഥ വരുന്നത് ഇതുകൊണ്ടാണ്. ഭൂപ്രകൃതി അനുസരിച്ച് ഏതു ‘സോണിലാണ് വാങ്ങുന്ന പ്ലോട്ട് എന്നു മനസ്സിലാക്കുകയും വേണം. ‘ഗ്രീൻ സോൺ വാങ്ങിയാൽ പിന്നീട് കെട്ടിടം പണിയുന്നത് സാധ്യമല്ലാതാകും.
3.ബജറ്റിൽ പെടാത്ത കണക്കുകൾ
ആളുകൾ പലപ്പോഴും ആർക്കിടെക്ടിനെ സമീപിക്കുന്നത് സ്ക്വയർഫീറ്റ് റേറ്റ് എത്രയാണെന്ന് അന്വേഷിച്ചുകൊണ്ടായിരിക്കും. സ്ക്വയർഫീറ്റ് റേറ്റ് കേൾക്കുമ്പോൾ ഉടനെ അതും വീടിന്റെ സ്ക്വയർഫീറ്റും തമ്മിൽ ഗുണിച്ച് മൊത്തം ചെലവിനെപ്പറ്റി കണക്കുകൂട്ടും. എന്നാൽ ഇത് വീടിന്റെ പണിക്കു മാത്രമുള്ള റേറ്റ് ആണ്. ചുറ്റുമതിൽ, ഗെയ്റ്റ്, സ്ഥലമൊരുക്കൽ, കിണർ കുത്തൽ, ലാൻഡ്സ്കേപ്പിങ്, ഇന്റീരിയർ അലങ്കാരങ്ങൾ, വാട്ടർ/ ഇലക്ട്രിസിറ്റി കണക്ഷനുകൾ, ആർക്കിടെക്ടിന്റെ ഫീസ് തുടങ്ങിയ കാര്യങ്ങൾ ഇതിലുൾപ്പെടുന്നില്ല. അങ്ങനെ വരുമ്പോഴാണ് വീടുപണി ബജറ്റിന് അപ്പുറത്തേക്ക് പോകുന്നത്. ഇതെല്ലാം കണക്കിലെടുത്താൽ തന്നെ 50% വീടുപണി കൂടുതൽ മെച്ചപ്പെടുമെന്നുറപ്പ്.
4. അടിത്തറ പൊട്ടുമെന്ന് പറഞ്ഞ് മരം മുറിക്കുക
വേര് കയറി അടിത്തറ പൊട്ടുമെന്ന ന്യായം പറഞ്ഞ് വീടിനു ചുറ്റുമുള്ള മരമെല്ലാം മുറിക്കുന്നവരുണ്ട്. അടിത്തറയ്ക്കു ചുറ്റുമായി ഓരോ എച്ച്ഡിപിഇ (ഹൈ ഡെൻസിറ്റി പോളി എഥിലീൻ) ഷീറ്റ് കുഴിച്ചിട്ടാൽ വേര് അടിത്തറയിലേക്ക് കടക്കുന്നത് തടയാം. 400 മൈക്രോൺ കനമുള്ള എച്ച്ഡിപിഇ ഷീറ്റ് സ്ക്വയർഫീറ്റിന്10-15 രൂപ നിരക്കിൽ ലഭിക്കും.
5. സെറ്റ്ബാക്ക് ഒഴിച്ചിടാതെ അടിത്തറ
ചെറിയ സ്ഥലത്ത് വീട് പണിയുമ്പോൾ വശങ്ങളിൽ നിയമപ്രകാരമുള്ള സ്ഥലം ഒഴിച്ചിട്ടു വേണം അടിത്തറ കെട്ടാൻ. അടിത്തറയുടെ പണി തീർന്ന ശേഷം ഭിത്തി കെട്ടിത്തുടങ്ങുമ്പോഴാണ് പലയിടത്തും ആർക്കിടെക്ടോ എൻജിനീയറോ മേൽനോട്ടത്തിന് എത്തുക. അപ്പോഴേക്കും ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയിൽ എത്തിയിരിക്കും. നിയമം പാലിക്കാതെ വീടുനിർമാണം നടത്തിയാൽ അത് പൊളിച്ചു കളയുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് അധികാരമുണ്ടെന്ന കാര്യം മറക്കരുത്.
6. അശ്രദ്ധയോടെ മേൽക്കൂര വാർക്കൽ
കേരളത്തിലെ വീടുകൾക്ക് ചരിഞ്ഞ വാർക്കയാണ് നല്ലതെന്ന് നമുക്കറിയാം. എന്നാൽ, കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് നല്ലപോലെ വൈബ്രേറ്റ് ചെയ്യിച്ച് കുത്തിയിറക്കി ‘ജാം പാക്ക്ഡ് ആക്കിയില്ലെങ്കിൽ ചരിഞ്ഞ മേൽക്കൂരയിൽ ചോർച്ച ഉണ്ടാകാൻ സാധ്യതയുണ്ട്. കോൺക്രീറ്റിങ്ങിന്റെ തിരക്കിനിടയിൽ പലരും ഇക്കാര്യം ഓർക്കണമെന്നില്ല. നല്ല ശ്രദ്ധ കൊടുത്തുവേണം കോൺക്രീറ്റിങ് ചെയ്യാൻ.
7. വീട് റോഡിൽ നിന്ന് താഴെ
മുറ്റത്തിന് റോഡിനേക്കാൾ പൊക്കം കൊടുത്തുവേണം വീടു നിർമിക്കാൻ. അല്ലെങ്കിൽ റോഡ് ടാർ ചെയ്യുമ്പോൾ മുറ്റം താണിരിക്കും. മണ്ണിട്ട റോഡ് ആണെങ്കിൽ 45 സെന്റിമീറ്ററും ടാർ വഴിയാണെങ്കിൽ 30 സെന്റീമീറ്ററും എങ്കിലും പൊക്കത്തിലായിരിക്കണം മുറ്റം നിർമിക്കേണ്ടത്. അല്ലെങ്കിൽ റോഡിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങാനും സാധ്യതയുണ്ട്.
8. നടുമുറ്റം പണിത് ഗ്ലാസ് കൊണ്ട് മൂടുക
വെറുതെ ഫാഷന്റെ പേരിൽ നടുമുറ്റവും സ്കൈലൈറ്റ് ഓപ്പണിങ്ങുകളും നൽകുന്നത് മണ്ടത്തരമല്ലാതെ മറ്റൊന്നുമല്ല. വീടിനുള്ളിൽ ആവശ്യത്തിനു വെളിച്ചം എത്തിക്കുകയും വായുപ്രവാഹം സുഗമമാക്കി തണുപ്പ് പകരുകയുമാണ് നടുമുറ്റത്തിന്റെ ഉദ്ദേശ്യം. എന്നാൽ, നടുമുറ്റം പണിത് അതിനു മുകൾഭാഗം ഗ്ലാസും പോളികാർബണേറ്റ് ഷീറ്റുമൊക്കെയിട്ട് അടയ്ക്കുമ്പോൾ അത് വീട്ടിനുള്ളിലെ ചൂട് കൂട്ടുകയേ ഉള്ളൂ. ഇതിനെല്ലാം വേണ്ടി വരുന്ന ചെലവ് വേറെയും.
9. പ്ലഗിനു പകരം എക്സ്റ്റൻഷൻ കോഡ്
താമസമാക്കിയതിനു ശേഷമായിരിക്കും പുതിയ ഗൃഹോപകരണങ്ങൾക്കും സൗകര്യങ്ങൾക്കും മറ്റും കൂടുതൽ പ്ലഗുകൾ ആവശ്യമാണെന്ന് തിരിച്ചറിയുന്നത്. അതോടെ എക്സ്റ്റൻഷൻ കോഡുകളെയും മൾട്ടി പിന്നുകളെയും ആശ്രയിച്ചു തുടങ്ങും. അത് വീടിനകം വൃത്തികേടാക്കും. ലൈറ്റിങ് പൊതുവായി ചെയ്യുന്നതാണ് പ്രശ്നം. വിദേശ രാജ്യങ്ങളിലെല്ലാം ആറ് അടി കൂടുമ്പോൾ ഇലക്ട്രിക്കൽ പോയിന്റുകൾ വേണമെന്നാണ് നിയമം. ആവശ്യത്തിനുള്ള പോയിന്റുകൾ ആദ്യമേ നൽകിയിടണം.
10. ബാത്റൂമിന് പൊക്കക്കുറവ്
മുകൾനില പിന്നീട് പണിയാം എന്ന ഉദ്ദേശ്യത്തോടെ ഒറ്റനിലവീട് പണിയുകയാണെങ്കിൽ മേൽക്കൂര വാർക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഒരേ നിരപ്പിൽ മേൽക്കൂര വാർക്കാതെ പകരം മുകളിൽ ബാത്റൂം പണിയാൻ ഉദ്ദേശിക്കുന്ന സ്ഥാനത്ത് 25 സെമീ എങ്കിലും താഴ്ത്തിവേണം വാർക്കാൻ. ബാത്റൂമിൽനിന്ന് വെള്ളം തടസ്സമില്ലാതെ ഒലിച്ചുപോകാനായി ഫ്ളോർ ട്രാപ് നൽകണമെങ്കിൽ തറയ്ക്ക് 20-25 സെമി പൊക്കം വേണം എന്നതാണ് കാരണം. ടെറസിൽ നിന്ന് ഇത്രയും പൊക്കി കെട്ടിയ ശേഷം ബാത്റൂം നിർമിച്ചാൽ പ്രായമായവർക്കും കുട്ടികൾക്കും ഇവിടേക്ക് കയറാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. വീൽചെയറോ മറ്റോ കയറ്റാനും പ്രയാസമായിരിക്കും. മാത്രമല്ല, ബാത്റൂമിന് റെഡിമെയ്ഡ് വാതിൽ ഉപയോഗിക്കാൻ പറ്റാതെ വരികയും ചെയ്യും. ബാത്റൂമിന്റെ സ്ഥാനത്ത് താഴ്ത്തി വാർത്ത ശേഷം അതിനു മുകളിൽ മണ്ണിട്ട് മേൽക്കൂരയുടെ നിരപ്പിൽ പ്ലാസ്റ്റർ ചെയ്ത് വാട്ടർപ്രൂഫ് ചെയ്താൽ പിന്നീട് ആവശ്യം വരുമ്പോൾ ഈ ഭാഗത്തെ മാത്രം പ്ലാസ്റ്ററിങ് പൊട്ടിച്ച് മണ്ണും നീക്കം ചെയ്ത ശേഷം ബാത്റൂം പണിയാനാകും.
തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റുകൾ ജനുവരി 11, 12 തീയ്യതികളിൽ പൊളിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള തീയതി നിശ്ചയിക്കുന്നതിന് ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീയ്യതികൾ തീരുമാനമായത്. ആൽഫ സെറിൻ, ഹോളി ഫെയ്ത്ത് ഫ്ലാറ്റുകളാണ് 11 ന് ആദ്യം പൊളിക്കുക. 12 ന് ഗോൾഡൻ കായലോരവും, ജെയിൻ ഫ്ലാറ്റും പൊളിക്കാനാണ് തീരുമാനം.
ഫ്ലാറ്റ് പൊളിച്ച് നീക്കാൻ ചുമതലയേറ്റെടുത്ത കമ്പനികൾ പൊളിക്കൽ പദ്ധതി സംബന്ധിച്ച റിപ്പോർട്ട് സാങ്കേതിക സമിതിക്ക് കൈമാറിയിരുന്നു. ഇത് പ്രകാരമുള്ള തുടർനടപടികൾ ആലോചിക്കുന്നതിനാണ് ചീഫ് സെക്രട്ടറി ഇന്ന് ഉന്നതതല യോഗം വിളിച്ചത്.
അതിനിടെ, പരിസരവാസികളുടെ ആശങ്ക പരിഹരിക്കാൻ യോഗം വിളിക്കാനും ധാരണയായിട്ടുണ്ട്. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ഇരുനൂറ് മീറ്റർ ചുറ്റളവിൽ നിന്നും ആളുകളെ ഒഴിപ്പിക്കും. കൂടാതെ ഗതാഗത നിയന്ത്രണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ചീഫ് സെക്രട്ടറി ടോം ജോസ് പ്രതികരിച്ചു. റവന്യു ടവറിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ, കമ്മീഷണർ, പൊളിക്കൽ ചുമതലയേറ്റെടുത്ത കമ്പനി പ്രതിനിധികൾ, സാങ്കേതിക സമിതി അംഗങ്ങൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
അതിനിടെ. മരിടിൽ അനധികൃതമായി ഫ്‌ളാറ്റ് നിർമിച്ച കേസിൽ നടപടിയുമായി വിജിലൻസ് മുന്നോട്ട് പോവുകയാണ്. ഗോൾഡൺ കായലോരം ഫ്‌ളാറ്റ് നിർമ്മിച്ച കേസിൽ മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫിനെ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തി. മറ്റു മൂന്നു ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത അഷ്‌റഫിനെ മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കേസിൽ ഗോൾഡൺ കായലോരം നിർമാണ കമ്പനി ഉടമകൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് നോട്ടീസ് അയച്ചു.