വീടിന്റെ മുറ്റത്ത് മകളെ വെട്ടിക്കൊന്ന ശേഷം രണ്ടാനച്ഛൻ ജീവനൊടുക്കി. മടവൂർ പൈമ്പാലിശ്ശേരി നെടുവങ്ങാട് ടി.പി.ദേവദാസൻ (51) മകൾ സൂര്യ സുരേന്ദ്രനെ (29) കൊലപ്പെടുത്തിയ ശേഷം സമീപത്തെ ഷെഡിൽ തൂങ്ങി മരിക്കുകയായിരുന്നു. മകളുടെ കരച്ചിൽ കേട്ട് തടയാനെത്തിയ അമ്മ സതീദേവിക്കും പരുക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
സൂര്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബത്തിൽ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. പരേതനായ രാംപൊയിൽ പുനത്തുംകുഴിയിൽ സുരേന്ദ്രന്റെ മകളാണ് സൂര്യ. 25 വർഷം മുൻപാണ് സൂര്യയുടെ അമ്മയെ ദേവദാസൻ വിവാഹം കഴിച്ചത്. മുറ്റത്ത് ഉണങ്ങാനിട്ട തുണികൾ എടുത്ത് അടുക്കി വയ്ക്കുമ്പോഴാണ് ദേവദാസൻ സൂര്യയെ വെട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു. വെട്ടേറ്റ് കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു. രക്തംവാർന്ന് അവശയായ സൂര്യയെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ദേവദാസനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ആർടിസി ഡ്രൈവറാണ് ദേവദാസൻ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം. സൂര്യയുടെ സഹോദരങ്ങൾ: ദിൽസി, അമൽനാഥ്.
സ്നേഹത്തിന് മുന്പില് പ്രായം തോറ്റുപോകുന്നു എന്ന് തെളിയിച്ച ലക്ഷ്മിയമ്മളിന്റേയും കൊച്ചനിയന്റേയും വിവാഹം ഇന്ന് രാമവര്‍മപുരത്തെ വൃദ്ധസദനത്തില്‍ നടക്കും. 67 വയസ്സായ കൊച്ചനിയന് മേനോനും 66കാരിയായ പി വി ലക്ഷ്മിയമ്മാളും ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോള്‍ ഒരുമിക്കുന്നത്.
കല്യാണത്തിന്റെ ആവേശം ഇന്നലെതന്നെ തുടങ്ങിയിരുന്നു. മൈലാഞ്ചി കല്യാണം അന്തേവാസികള്‍ ഗംഭീരമായി നടത്തി. എല്ലാവരും ഒത്തുചേര്‍ന്ന് മൈലാഞ്ചി അണിയിച്ച് ലക്ഷ്മിയമ്മളിനെ വധുവാക്കി. കല്യാണച്ചെക്കനും അണിഞ്ഞൊരുങ്ങി മണവാളനായെത്തും.
ലക്ഷ്മി അമ്മാളിന്റെ ഭര്‍ത്താവ് ജി.കെ.കൃഷ്ണയ്യര്‍ എന്ന സ്വാമി 22 വര്‍ഷം മുന്‍പുമരിച്ചു. നഗരത്തില്‍ സദ്യ ഒരുക്കിയിരുന്ന ആളായിരുന്നു സ്വാമി. അദ്ദേഹത്തിന്റെ നിഴലായി നിന്നിരുന്ന ഇരിങ്ങാലക്കുടക്കാരന് കൊച്ചനിയനോടു മരണക്കിടക്കയില്‍വെച്ച് അമ്മാളിനെ നോക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഒപ്പം കൈ പിടിച്ചേല്‍പിക്കുകയും ചെയ്തു.
അമ്മാള്‍ തനിച്ചാകുകയും രാമവര്‍മപുരത്തെ കോര്പറേഷന് വൃദ്ധമന്ദിരത്തിലേക്കു താമസം മാറുകയും ചെയ്തു. കൊച്ചനിയന് പാചകവുമായി നാടു ചുറ്റി. മനസ്സിലെ സ്നേഹം എന്തുകൊണ്ടോ ഇരുവരും തുറന്നു പറഞ്ഞില്ല. ഗുരുവായൂരില്‍വച്ചു കൊച്ചനിയന് പക്ഷാഘാതം വന്നു തളര്‍ന്നുവീണു. പിന്നീടു വയനാട്ടിലെ ഒരു സന്നദ്ധ സംഘടന അങ്ങോട്ടു കൊണ്ടുപോയി. അവിടെവച്ചു കൊച്ചനിയന് അമ്മാളിനോടുള്ള പ്രണയം ഉദ്യോഗസ്ഥരോടു പറയുകയായിരുന്നു.
അവര്‍ കൊച്ചനിയനെ തൃശൂര്‍ സാമുഹിക നീതി വകുപ്പ് വൃദ്ധ സദനത്തിലേക്കു മാറ്റി . അപ്പോഴേക്കും അമ്മാളും കോര്പറേഷന് വൃദ്ധസദനത്തില്‍നിന്നു അവിടെയെത്തിയിരുന്നു. ശരീരം തളര്‍ന്നു ഒരു കാലും കയ്യും അനക്കാന്‍ പ്രയാസപ്പെടുന്ന സമയമായതിനാല്‍ അമ്മാള്‍ കൊച്ചനിയനു താങ്ങാകാന്‍ തീരുമാനിച്ചു. ചികിത്സയിലൂടെ കൊച്ചനിയന് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞതിനുശേഷം കൂടല്‍മാണിക്യത്തില്‍ ഭഗവാന് താമരമാലയുമായി പോകുമെന്ന് ലക്ഷ്മിയമ്മാള്‍ പറയുന്നു.
തിരുവനന്തപുരം; മോഡലും അവതാരകയുമായ ജാഗി ജോണിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആണ്‍സുഹൃത്തിലേക്ക്. ജാഗിയുമായി ബന്ധമുണ്ടായിരുന്ന കൊച്ചിയിലെ ബോഡി ബില്‍ഡറെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇരുവരും ഏറെ നാളായി ഒരുമിച്ചായിരുന്നു താമസം.
തിരുവനന്തപുരത്തെ വീട്ടിലെ അടുക്കളയിലാണ് ജാഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ പരിശോധന ഫലവും ലഭിച്ചിട്ടില്ല. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മണിക്കൂറുകള്‍ മൃതദേഹം കിടന്നിട്ടും പോസ്റ്റുമോര്‍ട്ടത്തിന് പോകുന്നതിന് തൊട്ടുമുന്‍പാണ് വിരലടയാളം ശേഖരിച്ചത്. ഫോറന്‍സിക് സംഘമില്ലാതെ പൊലീസ് യുവതിയുടെ മുറി പരിശോധിച്ചതും വീഴചയാണ്.
ജാഗിയും പുരുഷ സുഹൃത്തും തമ്മിലുള്ള ഫോണ്‍കോള്‍ വിവരങ്ങളും സന്ദേശങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ജാഗിയ്ക്കൊപ്പം താമസിച്ചിരുന്ന ഇയാള്‍ രണ്ട് മാസം മുന്‍പാണ് എറണാകുളത്തേക്ക് മടങ്ങിയത്. ദിവസവും ഇയാള്‍ ജാഗിയെ ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. സംഭവ ദിവസം രാവിലെ 11 മണിക്കു ഇയാള്‍ ജാഗിയെ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് രാത്രിയിലും വിളിച്ചു. ഫോണ്‍ എടുക്കാതായപ്പോള്‍ ഡോക്ടറും സുഹൃത്തുമായ യുവതിയെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടറാണ് വിവരം പൊലീസിനെ അറിയിച്ചത്.
ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്ന് കണ്ടെത്തി. വീണതിനെ തുടര്‍ന്ന് തലയിലേറ്റ ക്ഷതമാണ് മരണത്തിന് കാരണമായത്.
ചെമ്പന്‍ വിനോദ് എന്ന നടന്‍രെ വളര്‍ച്ച പെട്ടെന്നായിരുന്നു. ചെറിയ വേഷം പോലും മികവുറ്റതാക്കി ചെമ്പന്‍ വിനോദ് നായക കഥാപാത്രത്തോളം ഉയര്‍ന്നു. വ്യക്തിജീവിതത്തില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ നേരിട്ട ആളാണ് വിനോദ്. നന്നായി ഭക്ഷണം കഴിക്കും, മദ്യപിക്കും. ഇതേക്കുറിച്ച് ചാനല്‍ അവതാരകന് ചോദിച്ചപ്പോള്‍ ചെമ്പന്‍ വിനോദ് കിടിലം മറുപടി നല്കി.
ഞാന്‍ വഴി തെറ്റിപ്പോയി തിരിച്ചുവന്നയാളാണ്. പിന്നെ ഭക്ഷണവും മദ്യവും. ഭക്ഷണം മതിയാവുവോളം കഴിക്കും. അമ്മ ഉണ്ടാക്കിവെച്ച പന്നിയും ബീപുമൊക്കെ കഴിക്കുന്നതാണ് എനിക്കിഷ്ടം. ഞാന്‍ സമ്പാദിക്കുന്ന കാശുകൊണ്ട് മദ്യപിക്കുന്നു. സര്‍ക്കാരിന് നികുതിയും കൊടുക്കുന്നു. സര്‍ക്കാര്‍ തന്നെ വില്‍ക്കുന്ന മദ്യം വാങ്ങി ഞാന്‍ വീട്ടില്‍വെച്ചു കഴിക്കുന്നു. അതില്‍ ആര്‍ക്കാണ് പരാതിയെന്ന് താരം ചോദിക്കുന്നു.
പൊതുജനത്തിന് ശല്യമാകാന്‍ പോകുന്നില്ല. ഞാന്‍ തരക്കേടില്ലാത്ത ഒരു തല്ലിപ്പൊളിയാണ്. എന്നോട് ചോദിച്ചാല്‍ പറഞ്ഞുതരുമെന്നും ചെമ്പന്‍ ചെറുപുഞ്ചിരിയോടെ പറയുന്നു. ജീവിതത്തിന്റെ കാര്യം എടുക്കുമ്പോള്‍ ചെമ്പന്‍ വിനോദിന് വേദനയുണ്ട്. തന്റെ മകനെയോര്‍ത്താണ് ആ വേദന.
മകന് അമ്മയ്ക്കൊപ്പം അമേരിക്കയിലാണ്. അവന് ഇപ്പോള്‍ 10 വയസ്സുണ്ട്. മകന് എന്നും കാണാന്‍ പറ്റാത്തതിന്റെ വിഷമമുണ്ട്. സമ്മര്‍ അവധിക്ക് ഞാന്‍ അങ്ങോട്ടുപോകാറുണ്ട്. എന്റെ തിരക്കുകള്‍ മാറ്റിവെച്ച് ഇടയ്ക്കിടെ പോകാന്‍ പറ്റില്ല. അമേരിക്ക പോലുള്ള സ്ഥലത്ത് അമ്മയുടെ കൂടെ മാത്രം മകന് ജീവിക്കുക അല്ലെങ്കില്‍ വേര്‍പിരിഞ്ഞ് ജീവിക്കുക എന്നത് സാധാരണകാര്യമാണ്. മകനായാല്‍ തന്നെയും അവിടെ അവന്റെ സ്പേസ് കൊടുത്തേപറ്റൂ. അവന് ഇതൊക്കെ മനസിലാക്കാന്‍ പറ്റും എന്നുതന്നെയാണ് എന്റെ വിശ്വാസം എന്നും ചെമ്പന്‍ വിനോദ് പറയുന്നു.
തിരുവനന്തപുരം: ആരാധനാലയങ്ങളുടെ കൈവശമുള്ള രേഖയില്ലാത്ത ഒരു ഏക്കർ വരെ ഭൂമി പതിച്ചു നൽകുന്നതു കർശന വ്യവസ്ഥകളോടെ. പതിച്ചു നൽകുന്ന സ്ഥലത്തു വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങൾ നിർമിക്കരുതെന്നും വാണിജ്യാവശ്യത്തിനായി ഉപയോഗിക്കരുതെന്നുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി.
ആരാധനാലയങ്ങളുടെ സ്ഥലത്ത് ഇപ്പോൾ ഷോപ്പിംഗ് കോംപ്ലക്സ് അടക്കമുള്ള വാണിജ്യാവശ്യത്തിനായുള്ള കെട്ടിടങ്ങളുണ്ടെങ്കിൽ ആ സ്ഥലം പതിച്ചു നൽകാൻ കമ്പോളവില ഈടാക്കും.
എന്നാൽ, പതിച്ചു നൽകുന്ന സ്ഥലത്ത് ആരാധനാലയങ്ങൾക്ക് ആവശ്യമായ കെട്ടിടങ്ങൾ നിർമിക്കുന്നതിനു തടസമില്ല. പതിച്ചു നൽകുന്ന ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ സർക്കാർ തിരിച്ചെടുക്കും. കുത്തക പാട്ടമായോ പാട്ടമായോ കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചു നൽകുന്നതല്ല. എന്നാൽ, പാട്ടം പുതുക്കി നൽകും.
മത- ധർമ സ്ഥാപനങ്ങൾക്കു പരമാവധി 50 സെന്റ് ഭൂമി വരെ പതിച്ചു നൽകും. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ചേർന്ന മന്ത്രിസഭ ഇക്കാര്യം പരിഗണിച്ചപ്പോൾ മന്ത്രിമാരിൽ പലരും ഇതുമായി ബന്ധപ്പെട്ട ആശങ്കയും സംശയങ്ങളും അറിയിച്ചു. എന്നാൽ, സംസ്ഥാനത്തു രേഖകളില്ലാത്ത ഭൂമി ഉണ്ടാകാൻ പാടില്ലെന്നും രണ്ടു വർഷമായി ഈ വിഷയം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കർശന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഭൂമി പതിച്ചു നൽകാമെന്നു നിയമ- ധന വകുപ്പുകൾ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭൂമി പതിച്ചു കൊടുക്കേണ്ട ഓരോ കേസും പ്രത്യേകമായി പരിഗണിച്ചാകും തീരുമാനിക്കുക. ഇതിനായി ചട്ട ഭേദഗതി കൊണ്ടുവരില്ല.1964 ലെ ഭൂപരിഷ്കരണ ചട്ടത്തിലെ റൂൾ 24 പ്രകാരം സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണു നിശ്ചിത വില ഈടാക്കി ഭൂമി പതിച്ചു നൽകുന്നത്. 1995ലെ മുനിസിപ്പൽ- കോർപറേഷൻ പ്രദേശം ഉൾക്കൊള്ളുന്ന ഭൂ പതിവു ചട്ടം പ്രകാരം റൂൾ 21 പ്രകാരമുള്ള വിശേഷാൽ അധികാരം ഉപയോഗിച്ചും ഭൂമി പതിച്ചു നൽകാമെന്നും തീരുമാനിച്ചിട്ടുണ്ട്.
മന്ത്രിസഭയുടെ നിർദേശങ്ങൾ പരിഗണിച്ചും നിയമപരവും പ്രായോഗികവുമായ പ്രശ്നങ്ങൾ പഠിച്ചും തീരുമാനം എടുക്കാനാണ് ചീഫ് സെക്രട്ടറിയെയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെയും ചുമതലപ്പെടുത്തിയത്. മന്ത്രിസഭ തീരുമാനിച്ച കാര്യങ്ങളിൽ മാറ്റം വരുത്താനാകില്ല. നയപരമായ മാറ്റം ഉണ്ടാവുകയാണെങ്കിൽ വീണ്ടും മന്ത്രിസഭയിൽ കൊണ്ടു വന്നു മാത്രമേ ഉത്തരവിന് അന്തിമ രൂപം നൽകാനാകൂ.
ആരാധനാലയങ്ങളുടെ കൈവശമുള്ള രേഖയില്ലാത്ത ഒരേക്കർ വരെയുള്ള അധിക ഭൂമി നിശ്ചിത തുക ഈടാക്കി പതിച്ചു നൽകുന്പോൾ ശേഷിക്കുന്ന സ്ഥലം തിരികെ ഏറ്റെടുക്കുന്നത് എത്രത്തോളം പ്രായോഗികമാണെന്ന പ്രശ്നമുണ്ട്.
ആരാധനാലയങ്ങൾക്കു കൈവശാവകാശം നൽകിക്കൊണ്ട് പാട്ടത്തിനോ മറ്റെന്തെങ്കിലും മാർഗത്തിലൂടെയോ ഈ സ്ഥലം നൽകുന്നതിനെ കുറിച്ചാകും ആലോചിക്കുക. ശ്മശാനങ്ങൾക്ക് 75 സെന്റ് വരെയുമാണു ഭൂമി പതിച്ചു നൽകുക.
കലാ-കായിക-സാംസ്കാരിക സംഘടനകൾക്ക് 15 സെന്റ് വരെ ഇത്തരത്തിൽ തുക ഈടാക്കി പതിച്ചു നൽകാനുള്ള തീരുമാനം ഗ്രാമീണ ക്ലബുകൾക്കാണു പ്രയോജനപ്പെടുക. ഓരോ ക്ലബിന്റെയും ആവശ്യം പരിശോധിച്ച് അതിന് അനുസരിച്ചുള്ള ഭൂമിയേ അനുവദിക്കുകയുള്ളൂ.
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നാട്ടുകാരുടെ ആശങ്കകൾ പരിഹരിക്കാൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ല. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായുള്ള കുടിയൊഴിപ്പിക്കൽ ചർച്ചകളിൽ നിന്ന് വിട്ട് നിൽക്കാനാണ് നാട്ടുകാരുടെ തീരുമാനം.
മരടിലെ ആൽഫ സെറീൻ ഫ്ലാറ്റിന് സമീപമുള്ള പ്രദേശവാസികൾ ഇൻഷുറൻസ് തുകയിലുൾപ്പെടെ വ്യക്തത ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടും അധികൃതരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് കളക്ടർ വിളിച്ചിരിക്കുന്ന യോഗത്തിൽ നിന്ന് വിട്ട് നിൽക്കാനാണ് നാട്ടുകാരുടെ തീരുമാനം.പൊടിയും ശബ്ദവും ഏറിയതോടെ പത്തിലേറെ കുടുംബങ്ങൾ വാടകവീടുകളിലേക്ക് മാറിക്കഴിഞ്ഞു.
സ്ഫോടനം സംബന്ധിച്ചുള്ള ആശങ്കകൾ ഇപ്പോഴുമുണ്ടെന്നും സബ് കളക്ടറെ ഉടൻ കണ്ട് വിഷയം ഉന്നിയിക്കുമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി രാജു അറിയിച്ചു. ജില്ലാ എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രിയെ വിഷയത്തിന്റെ ഗൗരവം അറിയിക്കുമെന്നും പി രാജു പറഞ്ഞു. അടുത്ത ദിവസം ആരംഭിക്കുന്ന നിയമസഭ യോഗത്തിൽ സ്ഥലം എംഎൽഎ വിഷയം ഉന്നയിക്കുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. ഈ മാസം മുപ്പതാം തീയതിക്കുള്ളിൽ കാര്യങ്ങൾക്ക് വ്യക്തത വരുത്തിയില്ലെങ്കിൽ ജനുവരി ഒന്നുമുതൽ സമരം ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങള്‍. സംവിധായകനും മുന്‍ സൈനികനുമായ മേജര്‍ രവിക്കെതിരെ ആഞ്ഞടിച്ച് സംവിധായകന് കമല്‍ രംഗത്ത്. മതത്തിന്റെ പേരിലുള്ള വേര്‍തിരിവിനെതിരെയാണ് സമരം എന്നും ബ്രിട്ടീഷുകാരന്റെ ഷൂ നക്കിയ പാരമ്പര്യമുള്ളവര്‍ കലാകാരന്മാരെ ദേശസ്നേഹം പഠിപ്പിക്കേണ്ടെന്നും കമല്‍ വിമര്‍ശിക്കുന്നു.
ഞങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് മേജര്‍രവി അടക്കം പറയുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ക്കാണ് തെറ്റിദ്ധാരണ. ഞങ്ങള്‍ക്ക് രാഷ്ട്രീയമുണ്ട് എന്നാണ് മേജര്‍രവി പറഞ്ഞത്. അദ്ദേഹത്തിന് രാഷ്ട്രീയം ഉള്ളതുകൊണ്ടാണല്ലോ അങ്ങനെ പറഞ്ഞതെന്നും കമല്‍ പറയുന്നു. ഞങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ട്. കലാകാരന്മാര്ക്ക് രാഷ്ട്രീയം പാടില്ലാ എന്ന് ആരാണ് പറഞ്ഞിട്ടുള്ളത്. പക്ഷെ അത് ബിജെപിയോടുള്ള വിരോധമല്ല. അങ്ങനെയായിരുന്നെങ്കില്‍ ഒരു പാര്‍ട്ടി കൊടിക്ക് കീഴില്‍ ഞങ്ങള്‍ അണിനിരക്കുമായിരുന്നു. അതാണോ ഉണ്ടായതെന്നും കമല്‍ ചോദിക്കുന്നു.
സമരത്തില്‍ പങ്കെടുത്തവര്‍ രാജ്യത്തോട് കൂറില്ലാത്തവരാണെന്ന് കുമ്മനം പറഞ്ഞത് കേട്ടപ്പോള്‍ യഥാര്‍ത്ഥത്തില്‍ ചിരിയാണ് വന്നത്. കലാകാരന്മാരുടെ രാജ്യസ്നേഹം അളക്കാനുള്ള മീറ്റര്‍ ബിജെപിയുടെ കയ്യിലാണോ ഉള്ളത്. ബ്രിട്ടീഷ്കാരന്റെ ചെരിപ്പ് നക്കിയ പാരമ്പര്യമുള്ളവര്‍ക്ക് അങ്ങനെയേ പറയാനാകൂ എന്നും കമല്‍ പ്രതികരിച്ചു. ഞങ്ങളെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ചാലേ ഗോഡ്സെ രാജ്യ സ്നേഹിയെന്ന് പറയുന്നവര്‍ക്ക് രാജ്യത്ത് നിലനില്‍പ്പുള്ളൂവെന്നും കമല്‍ പറഞ്ഞു.
തിരുവനന്തപുരം ∙ നിയമവിരുദ്ധമായ അറസ്റ്റിനും പീഡനത്തിനും ഇരയായ മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് എസ്.നമ്പിനാരായണന് തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 1.3 കോടി രൂപ നല്‍കണമെന്ന ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരം നല്കിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷന് ശുപാര്‍ശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേ ആയിരിക്കും ഇത്.
നിയമവിദഗ്ധരുമായി ആലോചിച്ചു തയാറാക്കുന്ന ഒത്തുതീര്‍പ്പു കരാര്‍ തിരുവനന്തപുരം സബ്കോടതിയില്‍ സമര്‍പ്പിക്കാനും കോടതിയുടെ തീരുമാനപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. നമ്പി നാരായണന് ഉന്നയിച്ച പ്രശ്നങ്ങള്‍ പരിശോധിക്കാനും കേസ് രമ്യമായി തീര്‍പ്പാക്കുന്നതിനുമുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനു മുന്‍ ചീഫ്സെക്രട്ടറി കെ.ജയകുമാറിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ജയകുമാറിന്റെ ശുപാര്‍ശ പരിഗണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം.
മുംബൈ: മഹാരാഷ്ട്രയില്‍ സി.ടി സ്കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ നഗ്നചിത്രം പകര്‍ത്തിയ മലയാളി യുവാവ് അറസ്റ്റില്‍. സി.ടി സ്കാന്‍ എടുക്കുന്നതിനായി തിങ്കളാഴ്ചയാണ് യുവതി ആശുപത്രിയിലെത്തിയത്. സ്കാന്‍ ചെയ്യുന്നതിനിടെ ഇയാള്‍ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും യുവതിയുടെ നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു.
തുടര്‍ന്ന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് യുവതി ആശുപത്രി അധികൃതരെ വിവരമറിക്കുകയും ചെയ്തു. ഉല്ലാസ് നഗര്‍ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഉല്ലാസ്നഗറിലെ സര്‍വാനന്ദ് ആശുപത്രി ടെക്നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് തോമസ്. ഇയാളുടെ ഫോണ്‍ പരിശോധിച്ചുവരികയാണെന്നും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മനോഹരമായ ഗാനങ്ങളിലൂടെ മലയാളിയുടെ ഹൃദയം കവര്‍ന്ന സംഗീത സംവിധായകനും ഗായകനുമാണ് എം.ജയചന്ദ്രന്. ആസ്വാദകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മലയാളിയുടെ ചുണ്ടുകള്‍ എല്ലായിപ്പോഴും ഈണമിട്ട് പാടിയ ഒരുപിടി ഗാനങ്ങള്‍ക്കാണ് അദ്ദേഹം ഈണം നല്‍കിയത്.
ഇപ്പോഴിതാ, 17 വയസ്സുള്ളപ്പോള്‍ വേദിയില്‍ പാടുന്ന വീഡിയോ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ് എം ജയചന്ദ്രന്. 31 വര്‍ഷം മുന്പുള്ളതാണ് വീഡിയോ. ‘ചെമ്പക പുഷ്പ…’ എന്ന ഗാനം ആലപിക്കുന്നതിന്റെ വീഡിയോയാണിത്. 1988 ഡിസംബര്‍ 3ന് തിരുവനന്തപുരത്തുവെച്ച് നടന്ന കസിന്റെ വിവാഹവിരുന്നിനിടെ ജയചന്ദ്രന് പാടുന്നതിന്റെ വീഡിയോയാണിത്.