മലപ്പുറം തിരൂരില്‍ ചീറ്റിങ് കേസില്‍ സ്വാധീനം ചെലുത്താന്‍ ഒരു ഫോണ്‍ കോള്‍ കിട്ടി പൊലീസിന്. ‘‘ജമ്മു കശ്മീര്‍ േകഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കുപ്്വാര പൊലീസ് സൂപ്രണ്ട്. തനിക്കു വേണ്ടപ്പെട്ട ഒരാളാണ് ചീറ്റിങ് കേസിലെ പ്രതി. ഒഴിവാക്കണം’’… ഇതുകേട്ട പൊലീസ് ഉദ്യോഗസ്ഥന് സംശയം. വെറുമൊരു ചീറ്റിങ് കേസിലെ പ്രതിയ്ക്കു വേണ്ടി അങ്ങ്, ജമ്മു കശ്മീര്‍ കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വിളിക്കേണ്ടതുണ്ടോ. ഐ.പി.എസുകാരന്റെ വീട് ഗുരുവായൂര്‍ മമ്മിയൂരിലാണെന്നാണ് പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥന് സംശയം തീര്‍ക്കാന്‍ ഗുരുവായൂര്‍ ടെംപിള്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടറെ ബന്ധപ്പെട്ടു. ഇങ്ങനെയൊരു ഐ.പി.എസുകാര്‍ ഉണ്ടോയെന്ന് അറിയാന്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണം തുടങ്ങി.
മമ്മിയൂരിലെ വാടക ഫ്ളാറ്റിലായിരുന്നു ഐ.പി.എസുകാരന്‍റെ താമസം. കൂട്ടിന് അമ്മ മാത്രം. വിപിന്‍ കാര്‍ത്തിക് എന്നാണ് പേര്. അമ്മയാകട്ടെ പബ്ലിക് റിലേഷന്‍സ് ഓഫിസറായി ജോലി ചെയ്യുന്നു. ജമ്മു കശ്മീര്‍ കേഡറില്‍ ഇങ്ങനെയൊരു മലയാളി ഉദ്യോഗസ്ഥനുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു. വിപിന്‍ കാര്‍ത്തിക് എന്ന പേരില്‍ ഒരു ഉദ്യോഗസ്ഥനുമില്ല. കുപ്്വാരയില്‍ അങ്ങനെയൊരു എസ്.പിയുമില്ല. തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടു. കൂടുതല്‍ അന്വേഷിച്ചു. തലശേരിക്കാരനാണ് വിപിന്‍ കാര്‍ത്തിക്. അമ്മ ശ്യാമള വേണുഗോപാല്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍ പ്യൂണ്‍ ആയിരുന്നു. വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതിന്‍റെ പേരില്‍ ജോലി നഷ്ടപ്പെട്ടു. മകനാകട്ടെ ഐ.ടി. പഠനം പാതിവഴിയില്‍ നിര്‍ത്തി. പിന്നെ, ഹോട്ടല്‍ മാനേജ്മെന്‍റ് പഠിച്ചു. ഇതിനിടെയാണ്, പെട്ടെന്നു കാശുണ്ടാക്കാന്‍ ഐ.പി.എസുകാരന്‍റെ വേഷമണിഞ്ഞ് കേരളത്തില്‍ അങ്ങോളമിങ്ങോളം തട്ടിപ്പു നടത്തി.
ബാങ്കുകളില്‍ നിന്ന് വാഹന വായ്പയെടുക്കും. ഇതിനായി നല്‍കുന്നത് വന്‍തുക ബാലന്‍സുള്ള വ്യാജ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ്. ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് കാണുന്ന ഏതു ബാങ്ക് ഉദ്യോഗസ്ഥനും എത്ര തുക വേണമെങ്കിലും കാര്‍ വായ്പ നല്‍കും. വാടക ഫ്ളാറ്റിന്‍റെ വിലാസം നല്‍കും. കാര്‍ വാങ്ങി അധികം വൈകാതെ മറിച്ചുവില്‍ക്കും. വായ്പ തിരിച്ചടച്ചതായി വ്യാജ ബാങ്ക് രേഖ നിര്‍മിക്കും. ഇതാണ് ആര്‍.ടി. ഓഫിസില്‍ നല്‍കുന്നത്. ബാധ്യതരഹിത സര്‍ട്ടിഫിക്കറ്റ് ആര്‍.ടി. ഓഫിസില്‍ നിന്ന് വാങ്ങിയാണ് കാറുകള്‍ മറിച്ചുവില്‍ക്കുന്നത്. ഗുരുവായൂരില്‍ അഞ്ചു ബാങ്കുകളില്‍ നിന്നായി പതിനൊന്നു കാറുകള്‍ വാങ്ങി. അതും രണ്ടു വര്‍ഷത്തിനിടെ. തിരിച്ചടവ് മുടക്കിയില്ല. എന്നാല്‍, വടക്കന്‍ കേരളത്തിലെ നിരവധി ബാങ്കുകളില്‍ സമാനമായ തട്ടിപ്പു നടത്തിയതിന് കേസുകളുമുണ്ട്.
രണ്ടു കാറുകള്‍ക്ക് വായ്പ നല്‍കിയ ശേഷം ബാങ്ക് മാനേജരായ സ്ത്രീയും വിപിനും അമ്മയുമായി നല്ല അടുപ്പത്തിലായി. വിപിന്‍ അര്‍ബുദ രോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ചു. ചികില്‍സയ്ക്കു പണമില്ലെന്ന് വിശ്വസിപ്പിച്ചു. 97 പവനും 25 ലക്ഷം രൂപയും പലപ്പോഴായി ഇവരെ പറ്റിച്ചു കൈക്കലാക്കി. ഇതിനും പരാതിയുണ്ട്. അമ്മയും മകനും ഒന്നിച്ചായിരുന്നു തട്ടിപ്പിനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നാല്‍ കൂടുതല്‍ തട്ടിപ്പുക്കഥകള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
അടൂർ: മദ്യലഹരിയില്‍ ഡ്രൈവർ ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരായ ദമ്പതികള്‍ മരിച്ചു. അടൂർ നെടുമൺകാവ് സ്വദേശി ശ്യാം കൃഷ്ണയും ഭാര്യ ഏഴംകുളം നെടുമൺ സ്വദേശി ശില്പയുമാണ് ഇന്ന് റവന്യൂ ടവറിനു സമീപം അപകടത്തിൽ പെട്ടത്.
അമിതവേഗതയിലായിരുന്ന ബസ് റോഡരികിലെ കടയും തകർത്ത് ദമ്പതികളുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരുവരും ടയറിനുള്ളില്‍ കുരുങ്ങി തല്‍ക്ഷണം മരിച്ചു. ഫയർഫോഴ്സ് എത്തി വാഹനം മറിച്ചിട്ട ശേഷമാണ് ശ്യാംകൃഷ്ണയെയും ശില്‍പയെയും പുറത്തെടുത്തത്. ശ്യാംകൃഷ്ണ ഈ മാസം പതിമൂന്നിനാണ് വിദേശത്ത് നിന്നും നാട്ടില്‍ എത്തിയത്.
ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വൈകിട്ട് മൂന്നര മണിയോടെ അടൂർ റവന്യൂ ടവറിന് സമീപത്താണ് അപകടം ഉണ്ടായത്. ബസ് വടം കെട്ടി മറിച്ചിട്ടാണ് ദമ്പതികളെ പുറത്തെടുത്തത്. ഭാര്യ ശില്‍പയെ ആശുപത്രിയില്‍ കൊണ്ട് പോയതിന് ശേഷം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നും വാങ്ങി പുറത്തേക്ക് ഇറങ്ങിയ സമയത്താണ് നിയന്ത്രണം വിട്ട ബസ് ഇടിച്ച് കയറിയത്.
മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഉല്ലാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മനപൂർവ്വമല്ലാത്ത കുറ്റകരമായ നരഹത്യക്ക് പൊലീസ് കേസെടുത്തു. സംഭവസ്ഥലം ജില്ലാകളക്ടറും എസ് പിയും സന്ദർശിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാൻ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നല്‍കി. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്
തിരുവനന്തപുരം കരമന കുളത്തറയിലെ ഒരു കുടുംബത്തിലെ ആരോഗ്യത്തോടെ ജീവിച്ച ഏഴുപേരാണ് പല ഘട്ടങ്ങളായി മരിച്ചുകിടന്നത്. 15 വര്‍ഷത്തിനിടെയാണ് ഓരോ മരണങ്ങള്‍ നടന്നത്. കൂടത്തില്‍ വീട്ടില്‍ ഗോപിനാഥന്‍ പിള്ളയും കുടുംബാംഗങ്ങളും മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതിനെതുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
കരമന കുളത്തറയിലെ വീട്ടിലെ ഏഴു പേര്‍ മരിച്ച സംഭവത്തില്‍ പരാതിക്കാരി പറയുന്നതിങ്ങനെ..രണ്ട് മരണത്തിലാണ് സംശയമെന്ന് പരാതിക്കാരി പ്രസന്നകുമാരി പറയുന്നു. ജയപ്രകാശിന്റെയും ജയമാധവന്റെയും മരണങ്ങളിലാണ് സംശയം. ഇവര്‍ മാനസിക രോഗികളാമെന്ന് തെളിയിക്കുന്ന രേഖകള്‍ കത്തിച്ചു.
വില്‍പത്രത്തിന് നിയമസാധുത കിട്ടാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് സംശയം. കൂടത്തില്‍ വീട്ടിലെ കാര്യസ്ഥന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും പ്രസന്നകുമാരി വ്യക്തമാക്കി.
ഗോപിനാഥന്റെ മകളാണ് ആദ്യം മരിച്ചത്. പിന്നാലെ ഗോപിനാഥന്‍, ഭാര്യ, രണ്ട് ആണ്‍മക്കള്‍ എന്നിങ്ങനെ മരിച്ചു. പിന്നീട് അവകാശിയായിരുന്ന ഗോപിനാഥന്റെ സഹോദരി പുത്രന്‍ ജെ. മാധവന്‍ 2017ല്‍ ഭക്ഷണം കഴിച്ചതിനു പിന്നാലെ മരണപ്പെട്ടു. ജെ. മാധവന്റെ മൃതദേഹം മാത്രമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു മരിച്ചവര്‍ക്ക്. ഇവരുടെ മരണശേഷം കുടുംബവുമായി ബന്ധമില്ലാത്ത രണ്ടു പേരിലേക്ക് സ്വത്ത് എത്തിയെന്നാണ് പ്രധാന ആരോപണം. കുടുംബത്തിലെ കാര്യസ്ഥന്‍ വ്യാജ ഒസ്യത്ത് തയാറാക്കി സ്വത്തു തട്ടിയെടുത്തെന്നും പറയുന്നു. സ്വത്ത് കിട്ടിയവരിലൊരാള്‍ അവിടുത്തെ വീട്ടുജോലിക്കാരിയുടെ മകനാണ്.
കരമനയിലും നഗരത്തിന്റെ പലഭാഗങ്ങളിലുമായി കൂടത്തില്‍ കുടുംബത്തിന് സ്വത്തുക്കളുണ്ട്. കാലടിയില്‍ 6.17 ഏക്കര്‍ സ്ഥലം അടക്കം ഏകദേശം 200 കോടി രൂപയുടെ സ്വത്ത് ഉണ്ടെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. 2003നുശേഷമാണ് മരണങ്ങള്‍ നടന്നത്. കോടതി ജീവനക്കാരനായിരുന്ന കാര്യസ്ഥന്‍ ബന്ധുക്കളെപ്പോലും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.
2019 ആഗസ്റ്റ് 15. ആ സ്വാതന്ത്ര്യദിനം വെങ്കിടേഷിന് മറക്കാനാവില്ല. ലോകം മുഴുവന്‍ 12കാരനായ ഒരു ബാലന് നന്മ ചൊരിഞ്ഞ ദിവസം. പ്രളയം പൊട്ടിവീണ് നാട്ടുകാരായ നൂറുകണക്കിന് പേരെ കവര്‍ന്നെടുത്തിട്ടും കുത്തിയൊഴുകുന്ന പുഴയ്ക്ക് കുറുകേ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആംബുലന്‍സിന് വഴികാണിക്കാന്‍ ജീവന്‍ പണയംവെച്ച് ഓടാന്‍ തോന്നിയ ദിവസം. ആറ് കുട്ടികളുടെ ജീവനും ഒരു മൃതദേഹവും വഹിച്ചുവരുന്നതായിരുന്നു ആംബുലന്‍സ്. ആ ആറുപേരേയും ജീവിതത്തിലേക്ക് നടത്താന്‍ കഴിഞ്ഞു അവന്റെ ഓട്ടത്തിന്. എന്തെങ്കിലും പ്രതിഫലം ആഗ്രഹിച്ച് ചെയ്തതല്ല അന്നവന്‍. പക്ഷെ മണിക്കൂറുുകള്‍ക്കകം ലോകം മുഴുവന്‍ വെങ്കിടേഷിന് മുകളിലേക്ക് നന്മ ചൊരിഞ്ഞു. ഇപ്പഴിതാ ഇങ്ങ് ദൂരെയുള്ളൊരു മലയാള ഗ്രാമം അവന്റെ വീടെന്ന സ്വപ്‌നവും സാക്ഷാത്കരിക്കുന്നു. സ്വപ്‌നത്തില്‍പോലും ആഗ്രഹിക്കാതിരുന്ന വീടിന് സ്ഥലം എസ്‌ഐ തറക്കല്ലിടുമ്പോള്‍, കൂടെനിന്ന് ഭാഷയറിയാത്ത കുറേ സഹോദരങ്ങള്‍ കൈയ്യടിക്കുമ്പോള്‍ ആരോട് നന്ദി ചൊല്ലണമെന്നറിയാത്ത അവസ്ഥയിലായിരുന്നു അവന്‍. വീടിന് തറക്കല്ലിട്ട എസ്‌ഐ മുതല്‍ കേരളത്തില്‍ നിന്ന് വീടുപണിയിച്ച് നല്‍കാനെത്തിയ മലയാളി സംഘത്തോടും ആ ബാലന്‍ കൈകൂപ്പി നിന്ന് കണ്ണീരോടെ നന്ദി തൂകി. കോഴിക്കോട് കുറ്റ്യാടി എംഐയുപി സ്‌കൂള്‍ പിടിഎ കമ്മിറ്റി, കോഴിക്കോട് ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ചാരിറ്റബ്ള്‍ ട്രസ്റ്റ്, ഫോക്കസ് ഇന്ത്യ എന്നിവര്‍ ചേര്‍ന്നാണ് വെങ്കിടേഷനായി വീടു നിര്‍മിക്കുന്നത്. രണ്ടുമാസം കൊണ്ട് വീടുപണി തീരും.
കര്‍ണാടകയിലെ റായ്ചൂര്‍ ജില്ലയിലെ ഹിരാറായികുംപെയിലാണ് ആറാം ക്ലാസ് വിദ്യാര്‍ഥിയായ വെങ്കിടേഷ് പിതാവ് ദേവേന്ദ്രപ്പയ്ക്കും അമ്മ ദേവമ്മാളിനും മൂന്ന് സഹോദരങ്ങള്‍ക്കുമൊപ്പം ജീവിക്കുന്നത്. പേരിനൊരു വീടുണ്ട്. പൊട്ടിപ്പൊളിഞ്ഞ് വീഴാറായ പാകത്തില്‍. അതും വെങ്കിടേഷിന്റെ മുത്തശ്ശന്‍റേത്. അതിന് അവകാശികള്‍ നാല്. എപ്പഴും ഇറങ്ങിക്കൊടുക്കേണ്ട അവസ്ഥ. അതിനിടെയാണ് കഴിഞ്ഞ ആഗസ്റ്റില്‍ ഗ്രാമത്തെ പ്രളയം വന്നുമൂടിയത്. കൃഷ്ണ നദിയുടെ കൈവഴിയൊഴുകുന്നത് വെങ്കിടേഷിന്റെ വീടിനടുത്തുകൂടെ. ചുറ്റുമുള്ള പാടമെല്ലാം പ്രളയം കയറി മുങ്ങി. കുറുകേയുള്ള പാലം കാണാനില്ല. അവിടേക്കാണ് രക്ഷാ ദൗത്യവുമായുള്ള ആംബുലന്‍സ് കുതിച്ചവന്നത്. പകുതിയോളം വെള്ളത്തില്‍ മുങ്ങിയ ആംബുലന്‍സില്‍ നിന്നും ഡ്രൈവർ വിളിച്ച് കൂവുന്നുണ്ടായിരുന്നു. കേട്ടപാടെ സമീപത്ത് കളിക്കുകയായിരുന്ന വെങ്കിടേഷ് മുന്നുംപിന്നും നോക്കാതെ പാലത്തിലൂടെ ആംബുലന്‍സിനടുത്തേക്ക് കുതിച്ചു. അവിടുന്ന് തിരിച്ച് ആംബുലന്‍സിനുള്ള വഴികാട്ടിയായി പാലത്തിന് നടുവിലൂടെ തിരിച്ചോടി. പിറകെ ആംബുലന്‍സ്. ആ വീഡിയോ കണ്ട ആര്‍ക്കും മനസിലാകും അരയോളം വെള്ളത്തിലാണ് വെങ്കിടേഷ് എന്ന്. ഓട്ടത്തിനിടെ പലവുരും അവന്‍ വീഴുന്നതും കാണം. എന്നിട്ടും ആറ് ജീവനുകളും കൊണ്ട് കുതിച്ച ആംബുലന്‍സിനെ അവന്‍ കൃത്യമായി പുഴകടത്തിയെടുത്തു. ഇതിലും വലിയൊരു രക്ഷാപ്രവര്‍ത്തനം വേറെ എന്തുണ്ട്. സോഷ്യല്‍ മീഡിയയാണ് വെങ്കിടേഷിന്റെ അതി സാഹസികത ആദ്യം വാര്‍ത്തയാക്കിയത്. പിന്നീട് വിദേശ മാധ്യമങ്ങളടക്കം ആ ബാലന്റെ ധീരകൃത്യം വാഴ്ത്തി. അങ്ങിനെ രണ്ടാഴ്ച മുമ്പ് കോഴിക്കോട് അവന് സ്വീകരണമൊരുങ്ങി. ജില്ലാ കലക്റ്റര്‍ അവന് ഉപഹാരം നല്‍കി. കോഴിക്കോട് അവനെ സ്‌നേഹം കൊണ്ടു മൂടി. അവിടുന്നാണ് അവനുള്ള വീടിനുള്ള പ്രഖ്യാപനം ഉണ്ടായത്. ഒക്ടാബര്‍ 20ാം തീയതിയാണ് കോഴിക്കോട് നിന്നുള്ള എട്ടംഗസംഘം അവന് വീടുവെക്കാനുള്ള ദൗത്യവുമായി ആ കൊച്ചുഗ്രാമത്തിലെത്തിയത്.
അവര്‍ നേരിട്ടകടമ്പകള്‍ ഏറെയായിരുന്നു. സംഘത്തിലുള്ള മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി.ശക്കീറിന്റെ വാക്കുകളിലേക്ക്.’ആ വലിയ ദൗത്യത്തിന് ഞങ്ങള്‍ കുറ്റിയടിച്ചു. പ്രളയത്തില്‍ ആംബുലന്‍സിന് വഴികാട്ടിയായി ഓടിയ വെങ്കിടേഷിന് വീടുവെക്കാനുള്ള കര്‍മത്തിന്. 1200ഓളം കിലോമീറ്ററുകള്‍ താണ്ടി ഇങ്ങ് റായ്ചൂരിലെ ഹിരാറായികുംബെ ഗ്രാമത്തില്‍ സ്ഥലം എസ്‌ഐ സാദിഖ് പാഷ കല്ലിട്ടപ്പോള്‍ വെങ്കിടേഷിനും പിതാവ് ദേവേന്ദ്രപ്പയ്ക്കും അമ്മ ദേവമ്മാളിനുമൊപ്പം ഒരു ഗ്രാമമൊന്നാകെ ആഹ്ളാദത്താല്‍ ഹര്‍ഷാരവം മുഴക്കി.
ഞായറാഴ്ച തന്നെ ഞങ്ങള്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും പ്രതിബന്ധങ്ങള്‍ ഏറെ ഉണ്ടായിരുന്നു. ഒരു ബാഗ് നിറയെ പണവുമായി കുറെ ആള്‍ക്കാര്‍ വന്നിരിക്കുന്നു എന്നാണ് കുറച്ചു പേരെങ്കിലും കരുതിയത്. അതുകൊണ്ട് ഒരു 500 സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ എസ്റ്റിമേറ്റ് ചോദിച്ചപ്പോള്‍ നാട്ടുകാരായ മേസ്തിരിമാരില്‍ ചിലര്‍ ഞങ്ങള്‍ക്ക് തന്നത് 17 ലക്ഷം രൂപയുടെ കണക്കാണ്. അതോടെ അവരെ വിട്ട് അടുത്ത ടീമിനെ തപ്പി. അവര്‍ക്കും വര്‍ക്കുകളെപ്പറ്റി വലിയ ധാരണയുണ്ടായിരുന്നില്ല. അതുകൊണ്ട് അവരെയും വിട്ടു. അവരുടെ ഭാഷ നമുക്കറിയാത്തതും നമുക്കറിയാവുന്ന ഭാഷകള്‍ അവര്‍ക്കറിയാത്തത്തും പലപ്പോഴും പ്രതിബന്ധങ്ങളായി. ഒന്നു ടോയ്‌ലറ്റില്‍ പോകണമെങ്കില്‍ പോലും ചെളിയും മുള്ളും നിറഞ്ഞ പുഴയും തോടുമൊക്കെ ആശ്രയിക്കേണ്ടി വന്നത് പ്രയാസമുണ്ടാക്കി. കാര്യമായൊന്നും മുന്നോട്ടു നീങ്ങാതെ ഒന്നാമത്തെ ദിവസത്തെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഗുഭ്ഭര്‍ എന്ന സമീപത്തെ ചെറിയ അങ്ങാടിയിലെ ലോഡ്ജിലേക്കു ഞങ്ങള്‍ മടങ്ങി. കാര്യങ്ങളില്‍ വലിയ പുരോഗതി ഉണ്ടാവാത്തതും യാത്രാക്ഷീണവും പലരിലും ചെറിയ തോതിലെങ്കിലും നിരാശയുളവാക്കി. പക്ഷെ, രാത്രി ഒരുമിച്ചിരുന്ന് ഞങ്ങള്‍ അടുത്ത ദിവസത്തേക്കുള്ള പ്ലാന്‍ തയ്യാറാക്കി.
പിറ്റേദിവസം പുലര്‍ച്ചെ സുബഹ് നമസ്‌കാരത്തിന് സമീപത്തെ പള്ളിയിലെത്തി. അവിടെവെച്ച് കുറച്ച് നാട്ടുകാരെ കിട്ടി. വിഷയം പറഞ്ഞപ്പോള്‍ അവര്‍ക്കെല്ലാം ആവേശമായി. അവരില്‍ ഒരാള്‍ നാട്ടിലെ പ്രധാന കച്ചവടക്കാരനായിരുന്നു. അയാള്‍ രാവിലെ ഷോപ്പില്‍ ചെല്ലാന്‍ പറഞ്ഞു. ചെന്നപ്പോള്‍ വണ്ടി വിട്ടുതന്നു. അതുമായി ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോയി. അവരോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ക്കും സന്തോഷം. വെങ്കിടേഷിന്റെ നാട്ടിലെ പ്രധാനിയായ മക്തൂം നായിക്കിനെ വിളിച്ചു. ഞങ്ങള്‍ നേരെ മക്തൂമിന്റെ വീട്ടിലേക്ക്. ഒരുപാട് പാടവും തൊഴിലാളികളും ട്രാക്റ്ററുമൊക്കെയുള്ള പക്വമതിയായ ഒരു മനുഷ്യനായിരുന്നു മക്തൂം.
അദ്ദേഹം കാര്യങ്ങള്‍ പെട്ടെന്ന് നീക്കി. കോണ്‍ട്രാക്റ്ററെ എത്തിച്ചു. സാധനങ്ങളുടെ വില അന്വേഷിച്ചു. സഹായികളെ ഏര്‍പ്പാടാക്കി. ഭക്ഷണമൊരുക്കി. ഉച്ചകഴിഞ്ഞപ്പോഴേക്കും കാര്യങ്ങള്‍ ഏതാണ്ട് പൂര്‍ണമായി തെളിഞ്ഞുവന്നു. വൈകിട്ടാവുമ്പോഴേക്ക് കുറ്റിയടിക്കാനുള്ള തയ്യാറെടുപ്പുകളായി. എസ് ഐ മുഹമ്മദ് പാഷയും മക്തൂമും വെങ്കിടേഷിന്റെ അധ്യാപകരും നാട്ടുകാരുമെല്ലാം സ്ഥലത്തേക്കെത്തി. ആഘോഷപൂര്‍വം കുറ്റിയടിച്ചു. നാളെ രാവിലെത്തന്നെ പണി തുടങ്ങും. രണ്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ആഗ്രഹം. വെങ്കിടേഷിനുള്ള സ്‌നേഹവീട്. നിര്‍മാണ പ്രവൃത്തികള്‍ കോഴിക്കോട് നിന്ന് പരിശോധിക്കും അവശ്യത്തിനുള്ള പണം അപ്പപ്പോള്‍ മക്തൂമിന്റെ ഏക്കൗണ്ടിലേക്ക് നല്‍കും…അങ്ങനെയാണ് പ്രവൃത്തികള്‍ ക്രോഡീകരിച്ചിരിക്കുന്നത്..’
കേരളം പ്രളയത്തില്‍ രണ്ടുതവണ മുങ്ങിയപ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നാണ് സ്‌നേഹസഹായങ്ങളെത്തിയത്. പ്രളയകാല രക്ഷാപ്രവര്‍ത്തനങ്ങളില്‍ ലോകം വാഴ്ത്തിയ നന്മയുടെ ചിലമരങ്ങള്‍ നമുക്കുമുണ്ടായിരുന്നു. എല്ലാ നഷ്ടപ്പെട്ട് ജീവനുംകൊണ്ട് ഓടുന്നവരെ സുരക്ഷിതമായി വള്ളത്തിലേക്ക് കയറ്റാന്‍ സ്വന്തം മുതുക് കാണിച്ചുകൊടുത്ത ജെയ്‌സല്‍, ക്യാമ്പുകള്‍ക്ക് ആസ്വാസം പകരാനെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് തന്റെ കടയിലുള്ളതെല്ലാം വാരിനല്‍കിയ നൗഷാദ്…ആ കൂട്ടത്തിലേക്ക് ഇപ്പോ നമ്മുടെ കൊച്ചനിയന്‍ വെങ്കിടേഷും.
ചാലക്കുടി കൊന്നക്കുഴി സ്വദേശി ബാബു കൂലിപ്പണിക്കാരനായിരുന്നു. നാല്‍പത്തിയെട്ടു വയസ്. 2018 ജൂണില്‍ മരിച്ചു. മരത്തില്‍ നിന്നു വീണ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് മൂന്നു മാസം അബോധാവസ്ഥയില്‍ കിടന്ന ശേഷമായിരുന്നു മരണം. ചാലക്കുടിയിലെ ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിച്ചു. വീട്ടുകാര്‍ക്കു മരണത്തില്‍ സംശയമില്ല. നാട്ടുകാര്‍ക്കു തീരെയില്ല. ബന്ധുക്കള്‍ക്കും സംശയമില്ല. മരത്തില്‍ കയറിയ ബാബു വീണു മരിച്ചതാണെന്ന് എല്ലാവരും വിശ്വസിച്ചു. പക്ഷേ, സത്യം അതല്ലായിരുന്നു.
ചാലക്കുടി, കൊടകര മേഖലകളില്‍ ബൈക്കു മോഷണം പതിവായിരുന്നു. ചാലക്കുടി ഡിവൈ.എസ്.പി: സി.ആര്‍.സന്തോഷും സംഘവും ബൈക്ക് മോഷ്ടാക്കളെ തിരിച്ചറിയാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അങ്ങനെയാണ്, കൊന്നക്കുഴിയിലെ ചില യുവാക്കളുടെ ജീവിതം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. ദിവസവും ബൈക്ക് മാറിമാറി ഉപയോഗിക്കുന്നു. കൈനിറയെ കാശ്. കഞ്ചാവും. കൊന്നക്കുഴി സ്വദേശി ബാലുവിനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. ബൈക്ക് മോഷണത്തിന്‍റെ വിശദാംശങ്ങള്‍ ചോദിക്കുന്നതിനിടെ ബാലു ആ സത്യം തുറന്നുപറഞ്ഞു. ‘അച്ഛനെ ഞാന്‍ കൊന്നതാണ്, മരത്തില്‍ നിന്നു വീണ് മരിച്ചതാണെന്ന് വിശ്വസിപ്പിച്ചു’’. ഒന്നരവര്‍ഷം മുമ്പു നടന്ന കൊലപാതകത്തിന്‍റെ ചുരുള്‍ അവിടെ അഴിയുകയായിരുന്നു.
ഈ കുറ്റകൃത്യം അറിഞ്ഞിട്ടും മൂടിവച്ച ഒരാള്‍ ബാബുവിന്‍റെ ഭാര്യയായിരുന്നു. അതായത്, ബാലുവിന്‍റെ അമ്മ. ബാലു അച്ഛനെ ഉപദ്രവിക്കുന്നത് അയല്‍വാസികളില്‍ ഒരാള്‍ കണ്ടിരുന്നു. പക്ഷേ, ഇക്കാര്യം തുറന്നുപറയാന്‍ ധൈര്യമുണ്ടായില്ല. ബൈക്ക് മോഷണക്കേസില്‍ പിടിക്കപ്പെട്ട ശേഷം മകന്‍ ബാലുതന്നെ അച്ഛനെ കൊന്ന വിവരം പൊലീസിനോട് പറഞ്ഞുവെന്ന് അറിഞ്ഞപ്പോഴാണ് അയല്‍വാസി സാക്ഷിമൊഴിനല്‍കിയത്.
ബാബുവിന്‍റെ മൃതദേഹം ദഹിപ്പിച്ച നിലയ്ക്കു ഇനി റീ പോസ്റ്റ്മോര്‍ട്ടം നടക്കില്ല. മരത്തില്‍ നിന്നു വീണുണ്ടാകുന്ന തരം മുറിവുകളല്ല തലയില്‍ കണ്ടതെന്ന് രേഖകള്‍ സഹിതം ഡോക്ടര്‍മാരുടെ മൊഴിയെടുക്കാനാണ് പൊലീസിന്‍റെ പദ്ധതി. ഒപ്പം, അയല്‍വാസിയുടെ മൊഴി കൂടിയാകുമ്പോള്‍ കുറ്റകൃത്യം തെളിയിക്കാമെന്ന് പൊലീസ് കരുതുന്നു. വീടു പണിയ്ക്കു ഉപയോഗിക്കുന്ന മരപ്പലക ഉപയോഗിച്ചാണ് അച്ഛന്‍റെ തലയില്‍ ഒന്നിലേറെ തവണ അടിച്ചത്. മദ്യപിച്ച് വരുന്ന അച്ഛന്‍ നിരന്തരം വീട്ടില്‍ വഴക്കുണ്ടാക്കുമായിരുന്നു. ഇതിന്റെ പകയാണ് കൊലയ്ക്കു കാരണം. ചാലക്കുടി പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
തൃശ്ശൂര്‍: ‘മഹാരാഷ്ട്രയിലും ഹരിയാനയിലും കാവി വസന്തം. കേരളത്തില്‍ അണ്ടനും അടകോടനും തുടരും..’ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ പരാജയം നേരിട്ടതോടെ
പരിഹാസവുമായി മഹിളാ മോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്റ് ലസിത പാലയ്ക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്. ലസിതയുടെ പോസ്റ്റിനെ ട്രോളി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ജോമോള്‍ ജോസഫിന് നേരെ ഗുണ്ടകളുടെ ആക്രമണം. ഗര്‍ഭിണി ആയ ജോമോളെ വയറിനു ചവിട്ടുകയും തലക്ക് കമ്ബിവടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ട്രാന്‍സ്‌മെന്‍ കിരണ്‍ വൈലശ്ശേരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഗര്‍ഭിണിയായ ജോമോളെ കിരണിന്റെ സഹോദരന്‍ ജയരാജ് ഭാര്യ ശോഭ എന്നിവരും ഗുണ്ടകളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജോമോളെ ഫാറൂഖ് ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും നില മോശമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇപ്പോള്‍ മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയെ മിസോറം ഗവർണറായി നിയമിച്ചു. രാഷ്ട്രപതിഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
കുമ്മനം രാജശേഖരനെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനായി മിസോറം ഗവർണർ സ്ഥാനത്തു നിന്നും തിരിച്ചുവിളിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കാര്യമായ നേട്ടമൊന്നുമുണ്ടാക്കാനാകാതെ പോകുകയും പിന്നീടുണ്ടായ അസംബ്ലി ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടി തന്ത്രങ്ങൾ പാളുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ നിയമനം.
എബിവിപി നേതാവായാണ് ശ്രീധരൻ പിള്ളയുടെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കം. ഹൈക്കോടതിയിൽ അഭിഭാഷകനായി ഏറെക്കാലം പ്രവർത്തിച്ചു.സത്യപാൽ മാലിക്കിെനെ ജമ്മു കാശ്മീരിന്റെ ഗവർണർ സ്ഥാനത്തു നിന്നും മാറ്റി ഗോവ ഗവർണറായി നിയമിച്ചിട്ടുണ്ട്. ഗിരീഷ് ചന്ദ്ര മുർമുവാണ് ജമ്മു കാശ്മീർ ഗവർണർ. രാധാകൃഷ്ണ മാത്തൂരിനെ ലഡാക്ക് ഗവർണറായും നിയമിച്ചു.
കുമ്മനം രാജശേഖരന്‍ ബിജെപി പ്രസിഡന്റായിരിക്കുമ്പോഴായിരുന്നു മിസ്സോറാം ഗവര്‍ണറായി നിയമിക്കപ്പെട്ടത്. ഇപ്പോള്‍ ശ്രീധരന്‍ പിളളയും അതേ രീതിയില്‍ തന്നെ മിസോറാമിലേക്ക് നിയമിക്കപ്പെടുകയാണ്.
ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോഴായിരുന്നു കുമ്മനം രാജശേഖരനെ മാറ്റിയത്. പിന്നീട് കുറെ ആഴ്ചകള്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് പലരെയും അത്ഭുതപ്പെടുത്തി ശ്രീധരന്‍ പിള്ള വീണ്ടും പ്രസിഡന്റായത്. കേരളത്തിലെ ബിജെപിയിലെ ഗ്രൂപ്പ് പോരാണ് ശ്രീധരന്‍ പിള്ളയ്ക്ക് അന്ന് തുണയായത്. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മാറ്റുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കെ സുരേന്ദ്രനെ പ്രസിഡന്റാക്കണമെന്നായിരുന്നു വി മുരളീധരന്‍ പക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെ പാര്‍ട്ടിയിലെ മറുവിഭാഗമായ പികെ കൃഷ്ണദാസ് പക്ഷം എതിര്‍ക്കുകയായിരുന്നു.
പിന്നീടാണ് ആര്‍എസ്എസ്സിന് താല്‍പര്യമില്ലാതിരുന്നിട്ട് കൂടി ശ്രിധരന്‍ പിള്ള പ്രസിഡന്റായത്. എന്നാല്‍ ഭിന്നിച്ചുനില്‍ക്കുന്ന വിഭാഗത്തെ കൂടെ ചേര്‍ത്ത് നിര്‍ത്താനോ, പാര്‍ട്ടിക്ക് മുന്നോട്ട് പോകാവുന്ന രീതിയില്‍ സഖ്യങ്ങളുണ്ടാക്കാനോ ശ്രീധരന്‍പിള്ളയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പുറമെ പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുകയും ചെയ്തു. വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം അത് പ്രതിഫലിക്കുകയും ചെയ്തു.അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ നേരിട്ട കനത്ത തിരിച്ചടിയുമായാണ് ശ്രീധരന്‍ പിള്ള പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറുന്നത്.
എൻഡിഎ യോഗങ്ങളിൽ ഇനിമുതൽ പങ്കെടുക്കില്ലെന്നു ജനപക്ഷം സെക്യുലർ രക്ഷാധികാരി പി.സി. ജോർജ് എംഎൽഎ. മുന്നണി സംവിധാനങ്ങളുടെ ഒരു മര്യാദയും ബിജെപി കാണിക്കുന്നില്ല. എൻഡിഎ ഒരു തട്ടിക്കൂട്ട് സംവിധാനമാണ്. പാലായിലും കോന്നിയിലും തോൽക്കാൻ വേണ്ടിയാണ് ബിജെപി മത്സരിച്ചതെന്ന് പി.സി.ജോർജ് കുറ്റപ്പെടുത്തി.
വട്ടിയൂർക്കാവിൽ മൂന്നു ദിവസം കുമ്മനത്തിനുവേണ്ടി പാർട്ടി പ്രചാരണം നടത്തി. പിന്നെ സ്ഥാനാർഥിയെ മാറ്റി. ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണ് പാർട്ടിയിൽ. ബിജെപി നേരിടുന്ന അപചയം വലുതാണ്. ഇത് ഒരു മുന്നണിയാണോയെന്നും പി.സി.ജോർജ് ചോദിച്ചു. ഇനി ഇങ്ങനെ എത്രനാൾ ബിജെപിയിൽ ഉണ്ടാകുമെന്നു പറയാനാകില്ലെന്നും ജോർജ് തുറന്നടിച്ചു.
സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടായ വീഴ്ചയാണ് കോന്നിയിലെയും വട്ടിയൂർക്കാവിലെയും യുഡിഎഫിന്റെ തോൽവിക്കു കാരണം. ഇത് കണ്ടറിഞ്ഞ പിണറായി വിജയൻ നല്ല സ്ഥാനാർഥികളെ നിർത്തി വിജയിപ്പിച്ചു. അദ്ദേഹത്തിന്റെ ബുദ്ധിയെ അഭിനന്ദിക്കണം. – പി.സി.ജോർജ് പറഞ്ഞു.
‘‘ഉപതിരഞ്ഞെടുപ്പിന്റെ കനത്ത തോൽവിയിൽ നിൽക്കുമ്പോൾ ഒളിച്ചോടുന്നത് ശരിയല്ല. മരണം നടന്നാൽ ചടങ്ങുകൾ കഴിഞ്ഞതിനു ശേഷമല്ലേ മറ്റു കാര്യങ്ങൾ സംസാരിക്കാറുള്ളു. അതുകൊണ്ട് അൽപം സാവകാശം വേണം. പിന്നീട് കൂടുതൽ കാര്യങ്ങൾ പറയും. കോന്നിയിൽ സുരേന്ദ്രനെ നിർത്തിയത് തോൽപിക്കാനാണ്. പാലായിലും ഇതു തന്നെയായിരുന്നു ലക്ഷ്യം. ഇതിന്റെ പിന്നിലെ ഉദ്ദേശം പിന്നെ പറയാം.’’
റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് നിവേദനം നൽകുമെന്നും പി.സി. ജോർജ് അറിയിച്ചു. ഭൂപരിഷ്കരണ നിയമത്തിലെ 87 എ കരിനിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് നവംബർ ഒന്നിനു തിരുനക്കരയിൽ സമരപ്രഖ്യാപന കൺവൻഷൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.