Kerala

ബാലഭാസ്കറിന്റെ അപ്രതീക്ഷിത മരണം മലയാള സംഗീത ലോകത്ത് ഉണ്ടാക്കിയത് വലിയ ആഘാതമാണ് . ഇന്നും ആ മരണത്തിൽ ഒട്ടേറെ അഭ്യൂഹങ്ങൾ ആണ് നടക്കുന്നത് . എന്നാൽ അതിനുമപ്പുറം നാടകീയ സംഭവങ്ങളാണ് നടന്നതെന്ന് വെളിപ്പെടുത്തുകയാണ് ബാലഭാസ്കറിന്റെ ‘അമ്മ ശാന്തകുമാരി. ബാലഭാസ്‌കര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ അച്ഛനെയും മറ്റ് ബന്ധുക്കളെയും ആശുപത്രിയില്‍ നിന്ന് ഇറക്കിവിടാന്‍ വരെ ശ്രമം നടന്നിരുന്നതായി അമ്മ ശാന്തകുമാരി.ബന്ധുക്കളുടെ സാന്നിധ്യം സുഹൃത്തുക്കളായ തമ്പിക്കും വിഷ്ണുവിനും പൂന്തോട്ടത്തെ കുടുംബത്തിനും മറ്റ് ചിലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ശാന്തകുമാരി പറയുന്നു. എല്ലാവരും നിന്നാല്‍ മുറിക്ക് നല്ല വാടക കൊടുക്കേണ്ടി വരുമെന്നും വേറെ എവിടെയെങ്കിലും പോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ബാലുവിന്റെ മാനേജര്‍മാരിലൊരാള്‍ അച്ഛനോട് വന്ന് പറയുകയായിരുന്നു. ഇതൊക്കെ എങ്ങിനെ പറയാന്‍ തോന്നിയെന്നും ശാന്തകുമാരി ചോദിക്കുന്നു. ബാലുവിന്റെ ജീവന് വേണ്ടി പ്രാര്‍ത്ഥനയോടെ കഴിയുമ്പോള്‍ ഞങ്ങളെ ഒഴിവാക്കി ആ പണം കൂടി തങ്ങളുടെ പോക്കറ്റിലാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഒരു പക്ഷേ അധിക സാമ്പത്തിക ബാധ്യതയാകുമോയെന്നും അവര്‍ ഭയന്നിട്ടുണ്ടാകണം. ആശുപത്രി ചെലവിനുള്ള തുക ഞങ്ങള്‍ കൊടുക്കാന്‍ തയ്യാറായിരുന്നു. ബന്ധുക്കള്‍ ഉപയോഗിക്കുന്ന മുറിയുടെ വാടകയും നല്‍കുമായിരുന്നുവെന്നും ശാന്തകുമാരി വിശദീകരിക്കുന്നു.

ഐസിയുവില്‍ ആര്‍ക്കും എപ്പോഴും കയറിയിറങ്ങാവുന്ന സ്ഥിതിയായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയായിട്ടും ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. ബന്ധുക്കള്‍ ബഹളം വെച്ചപ്പോള്‍ മാത്രമാണ് നിയന്ത്രണമുണ്ടായത്. എന്നാല്‍ ബാലുവിന്റെ ഭാര്യ ലക്ഷ്മിയെ കാണാന്‍ ബന്ധുക്കളെ അനുവദിക്കാതെ തമ്പിയും പൂന്തോട്ടത്തെ ഡോക്ടറുടെ ഭാര്യയും കാവല്‍ നില്‍ക്കുകയായിരുന്നു. അത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബാലുവിന്റ കുഞ്ഞ് തേജസ്വി ബാലയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിലും ചിലര്‍ തര്‍ക്കിച്ചു. ബാലുവിനെ കാണിക്കാന്‍ പറ്റിയ അവസ്ഥയായിരുന്നില്ല. അതിനാലാണ് ഡോക്ടര്‍മാരുടെ തീരുമാനം ഞങ്ങള്‍ എതിര്‍ക്കാതിരുന്നത്. അവനിലൂടെയുള്ള ആദായത്തിലായിരുന്നു എല്ലാവര്‍ക്കും താല്‍പ്പര്യം.

അച്ഛനും അമ്മയും പണക്കൊതിയന്‍മാരായിരുന്നുവെന്നാണ് ആശുപത്രിയില്‍ വെച്ച് പ്രചരിപ്പിച്ചത്. പൂന്തോട്ടത്തെ ഡോക്ടറും ഭാര്യയുമായുള്ള ബന്ധം വന്നതോടെ അവര്‍ക്കാണ് സാമ്പത്തിക ലാഭമുണ്ടായത്. ബാലു വീട്ടുകാരുമായി ഒരുമിച്ചാല്‍ സഹായങ്ങള്‍ നില്‍ക്കുമോയെന്ന് അവര്‍ ഭയപ്പെട്ടിരുന്നു.ബാലഭാസ്‌കറിന് അമ്മ ഇല്ലായിരുന്നുവെന്നും അവനെ ഉപേക്ഷിച്ചതാണെന്നുമൊക്കെയാണ് പറയുന്നത്. അത് കേള്‍ക്കുമ്പോള്‍ നെഞ്ച് പിടയുകയാണ്. അമ്മയെന്ന നിലയില്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. അവന്റെ മരണത്തോടെ എനിക്കാണ് തീരാനാഷ്ടമുണ്ടായത്.ബാലുവിന്റെ സമ്പാദ്യം തട്ടിയെടുക്കുകയായിരുന്നു പൂന്തോട്ടത്തുകാരുടെ ലക്ഷ്യം അതിനുവേണ്ടി തമ്പിയെയും വിഷ്ണുവിനെയും കൂട്ടുപിടിച്ചെന്നും ശാന്തകുമാരി പറയുന്നു.

ബാലുവിന്റെ കൈ പിടിച്ചുവന്ന് ലക്ഷ്മി അച്ഛനോട് വിവാഹക്കാര്യം പറയുകയായിരുന്നു. അവനെ പിന്‍തിരിപ്പിക്കാന്‍ പലരും പറഞ്ഞുനോക്കി. പക്ഷേ അവന്‍ ചെവിക്കൊണ്ടില്ല. തിടുക്കപ്പെട്ട് വിവാഹത്തിന് വേണ്ടതൊക്കെ സുഹൃത്തുക്കളാണ് ചെയ്തുകൊടുത്തത്. വിവാഹശേഷം മൂന്ന് മാസത്തെ സമാധാന ജീവിതമേ ബാലുവിനുണ്ടായിരുന്നുള്ളൂ. അത് കഴിഞ്ഞ് പ്രശ്‌നങ്ങള്‍ തുടങ്ങി. ബാലുവിനെ ഒരുഘട്ടത്തില്‍ മനോരാഗിയാക്കാനും ശ്രമം നടന്നു. ബാലു ഭ്രാന്ത് കാണിക്കുന്നുവെന്നാണ് ഒരിക്കല്‍ ലക്ഷ്മി ഫോണ്‍ വിളിച്ചുപറഞ്ഞത്. അച്ഛന്‍ ചെന്നുനോക്കിയപ്പോള്‍ ബാലു ദേഷ്യത്തിലായിരുന്നു. ദേഷ്യം വന്നാല്‍ ബാലു മൊബൈല്‍ വരെ എറിഞ്ഞ് പൊട്ടിക്കും. അവനെ ഡോക്ടറെ കാണിക്കണമെന്ന് ലക്ഷ്മി പറഞ്ഞു. അങ്ങനെ ന്യൂറോളജിസ്റ്റിനെ കാണിച്ചു. ബാലുവിന് മനോരോഗമില്ലെന്നാണ് അവരെല്ലാം പറഞ്ഞത്. എന്നാല്‍ ഡിമാന്‍ഡിംഗ് ആയൊരു ഭാര്യയാണ് തനിക്കുള്ളതെന്ന് ബാലു ഡോക്ടര്‍മാരോടൊക്കെ പറഞ്ഞിരുന്നു. അത് സഹിക്കാനാകുന്നില്ലെന്നും പറഞ്ഞിരുന്നുവെന്നും അമ്മ വെളിപ്പെടുത്തുന്നു.

ജീവനുതുല്യം സ്‌നേഹിച്ചിരുന്ന മ്യൂസിക് ബാന്‍ഡായ കണ്‍ഫ്യൂഷന്‍ പൊളിഞ്ഞത് അവനെ മാനസികമായി തളര്‍ത്തിയിരുന്നു. സുഹൃത്തുക്കള്‍ എന്തുകൊണ്ടോ പിണങ്ങിപ്പോവുകയായിരുന്നു. അതിന്റെ കാരണം ഇന്നുമറിയില്ല. ബാന്‍ഡ് പൊളിഞ്ഞത് തളര്‍ത്തുന്നുവെന്ന് അവന്‍ ഡോക്ടറോട് പറഞ്ഞിരുന്നു. ദേഷ്യം വരുമ്പോള്‍ കഴിക്കാന്‍ അവന് ചില മരുന്നുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പകരം അവര്‍ മനോരോഗത്തിനുള്ള മരുന്നാണോ നല്‍കിയതെന്ന് സംശയമുണ്ട്. ബാലുവിന്റെ തലച്ചോറിലെ മ്യൂസിക്കിന്റെ ഭാഗം വളരെ ആക്ടീവ് ആണെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ഈ പരിശോധനകള്‍ക്കെല്ലാം അവനെ കൊണ്ടുപോയത് അച്ഛനാണ്. പിന്നെങ്ങനെയാണ് ഞങ്ങള്‍ അവനെ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിക്കുന്നതെന്നും ശാന്തകുമാരി ചോദിക്കുന്നു. ഒരു ചാനലിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് .

കൊച്ചി നഗരസഭയുടെ പ്രവര്‍ത്തനത്തില്‍ വലിയ വീഴ്ചയുണ്ടായെന്ന ആക്ഷേപവുമാണ് മുന്‍ എം.എല്‍.എകൂടിയായ ഹൈബി ഈഡന്‍ എം.പി രംഗത്തെത്തിയത്. മഴയും വെള്ളക്കെട്ടുംമൂലം പോളിങ് ശതമാനത്തിലുണ്ടായിരുന്ന കുറവ് യു.ഡി.എഫിനെയാണ് ബാധിച്ചത്. നഗരത്തിലെ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ നിഷ്പക്ഷ വോട്ടുകള്‍ എതിരാക്കി. യു.ഡി.എഫിന്‍റെ കോട്ടയായ തേവരയടക്കം വലിയ വോട്ട് ചോര്‍ച്ചയുണ്ടായി.

ഒന്നര വര്‍ഷമായി ഒരു റോ‍ഡ് നന്നാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് കാഴ്ചപ്പാടില്ലാത്തതിന്‍റെ പ്രശ്നമാണ്. സര്‍ക്കാര്‍ പിന്തുണ കിട്ടാത്തതാണ് പ്രശ്നമെങ്കില്‍ അത് പൊതുജനത്തെ ബോധ്യപ്പെടുത്താനാകണം. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പാര്‍ട്ടി വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും മേയറെ മാറ്റണോയെന്ന് പാര്‍ട്ടി തീരുമാനിക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.

തകര്‍ന്നുകിടക്കുന്ന റോ‍ഡുകളുടെ കാര്യത്തിലടക്കം ഭരണവീഴ്ചയുണ്ടായിട്ടില്ലെന്നാണ് മേയറുടെ നിലപാട്. പാര്‍ട്ടി രാജി ആവശ്യപ്പെട്ടാല്‍ അത് മുന്‍ധാരണകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നും മേയര്‍ വിശദീകരിക്കുന്നു.ഡി.സി.സി അധ്യക്ഷന്‍തന്നെ മല്‍സരിച്ച തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറയാന്‍ കാരണം നഗരസഭയ്ക്കെതിരായ ജനവികാരമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

പത്തനംതിട്ട : ഇന്ത്യയിലെ തന്നെ ആദ്യ ഗ്രാമീണ സൗജന്യ വൈഫൈ സംരംഭമാണ് കേരളത്തിലെ ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലേത്. പഞ്ചായത്തിലെ പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ സൗജന്യ വൈ ഫൈ പ്രഖ്യാപിച്ചത് പഞ്ചായത്ത് പ്രസിഡന്റ് ആയ എൻ രാജീവ് ആണ്. കോഴിമല, വള്ളംകുളം, ഓതറ, നന്നൂർ, ഇരവിപേരൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് സേവനം ലഭ്യമാവുക. വള്ളംകുളത്തെ ഗ്രാമ വിജ്ഞാന കേന്ദ്രം, കോഴി മലയിലെ പഞ്ചായത്ത് ഓഫീസ്, ഓതറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം, ഇരവിപേരൂർ ചിൽഡ്രൻസ് പാർക്ക് എന്നിവിടങ്ങളിലാണ് ഹോട്ട്സ്പോട്ടുകൾ സ്ഥാപിച്ചത്.

ആക്ടീവ ഇൻഫോകോം ലിമിറ്റഡ്ന്റെ സഹായത്തോടെയാണ് നാലു ലക്ഷത്തി പതിനായിരം രൂപയുടെ പദ്ധതി എംപി ടി എൻ സീമ നടപ്പാക്കിയത്. പി എൻ പണിക്കർ ഫൗണ്ടേഷന്റെ സഹായത്തോടെ സമ്പൂർണ്ണ സാക്ഷരത കേന്ദ്രം ആവാനുള്ള ഒരുക്കത്തിലാണ് പ്രദേശം ഇപ്പോൾ.

കഴിഞ്ഞ അഞ്ചുവർഷമായി വികസനത്തിന് പാതയിൽ മുന്നേറുന്ന പഞ്ചായത്ത് ഈ വർഷത്തെ ആദ്യ മികച്ച പബ്ലിക് അഡ്മിനിസ്ട്രേഷന് ഉള്ള നാഷണൽ അവാർഡ് കരസ്ഥമാക്കി. പരിസ്ഥിതി സംരക്ഷണത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ്, സംസ്ഥാനത്തെ ശൗചാലയ മിഷൻ അവാർഡ്, ജില്ലാ പഞ്ചായത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ അവാർഡ് എന്നിവയും ഈ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.

ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് ഇരവിപേരൂരിനെ മോഡൽ ഹൈടെക് ഗ്രാമമായി തെരഞ്ഞെടുത്തിരുന്നു. ഐഎസ്ഒ സർട്ടിഫിക്കേഷൻ ഉള്ള പഞ്ചായത്ത് അഡ്മിനിസ്ട്രേഷൻ സിസ്റ്റം ജനങ്ങൾക്ക് എസ്എംഎസ് അലർട്ട് ലൂടെ വിവരങ്ങൾ കൈമാറുന്നുണ്ട്. അതോടൊപ്പം തൊഴിലാളികളുടെ ശമ്പളം ഡിജിറ്റൽ പണമായി മാസത്തിലെ ആദ്യ പ്രവൃത്തിദിവസം തന്നെ ബാങ്കിൽ എത്തുന്നു.
സംസ്ഥാനത്തെ ആദ്യത്തെ ഐഎസ്ഒ9001 സർട്ടിഫൈഡ് പ്രാഥമിക ആരോഗ്യ കേന്ദ്രവും ഇവിടെയാണുള്ളത്.

 

നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെയായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ആ പ്രസ്താവന നടത്തിയത്. അരൂരില്‍ ഹിന്ദു സ്ഥാനാര്‍ത്ഥി വേണമെന്നായിരുന്നു സമുദായ നേതാവിന്റെ ആവശ്യം. പിന്നീട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തന്റെ സംഘടനയുടെ സമദൂരം എന്ന നിലപാട് മാറ്റി ശരിദൂരത്തിലേക്ക് മാറുകയാണെന്ന് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് പ്രചാരണ രംഗത്ത് കോണ്‍ഗ്രസിനെ പരസ്യമായി പിന്തുണച്ചു. ശബരിമല വിഷയം പല സമയത്തും ഉയര്‍ത്തികൊണ്ടുവന്നു. കോന്നി ശബരിമല വിഷയത്തിലായിരിക്കും വിധിയെഴുതുകയെന്ന് പ്രചരിപ്പിക്കപ്പെട്ടു. മഞ്ചേശ്വരത്ത് ഒരു മൃദു ഹിന്ദുത്വ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎമ്മും പരീക്ഷണത്തിനിറങ്ങി. സാമുദായിക വര്‍ഗീയ അജണ്ടയാവും തെരഞ്ഞെടുപ്പ് ഫലത്തെ നിശ്ചയിക്കുകയെന്ന തോന്നലാണ് ഇതൊക്കെ ഉണ്ടാക്കിയത്. ഫലം വന്നപ്പോള്‍ ഇവരെല്ലാം തോറ്റു. രാഷ്ട്രീയം വിജയിച്ചു. അരൂരും, വട്ടിയൂര്‍ക്കാവും ഇതിന് മാതൃകകളായി.

അരൂരില്‍ ഹിന്ദു സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ ശരിയാവില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. എന്‍ഡിഎയ്ക്ക് വേണ്ടി മല്‍സരിക്കേണ്ടിയിരുന്ന ബിഡിജെഎസ് മല്‍സര രംഗത്തുനിന്ന് പിന്‍വാങ്ങുകയും ചെയ്തു. വെളളാപ്പള്ളി നടേശന്‍ പല സമയത്തും ഇടതു അനുകൂല പ്രസ്താവനകളും നടത്തി. മുന്നണികള്‍ പക്ഷെ നടേശന്റെ ഹിന്ദു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അംഗീകരിച്ചില്ല. കോണ്‍ഗ്രസ് ഷാനിമോളെയും, സിപിഎം മനു സി പുളിക്കനെയും സ്ഥാനാര്‍ത്ഥികളാക്കി. വാശിയേറിയെ മല്‍സരത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ ഇടതു കോട്ട പിടിച്ചെടുക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ വിജയത്തിനപ്പുറം കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ചുകളയാമെന്ന വെള്ളാപ്പള്ളി നടേശന്റെ മോഹത്തിനാണ് തിരിച്ചടിയേറ്റത്. നേരത്തെയും വെള്ളപ്പള്ളി തോല്‍പ്പിക്കാന്‍ ശ്രമിച്ച സ്ഥാനാര്‍ത്ഥികള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നുവെങ്കിലും തന്റെ സാമുദായിക അജണ്ട വെള്ളാപ്പള്ളി ഒരോ തെരഞ്ഞെടുപ്പ് വേളയിലും പരസ്യപ്പെടുത്തിക്കൊണ്ടേയിരുന്നു. ഇത്തവണ പക്ഷെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുന്നണികള്‍ അദ്ദേഹത്തെ പരിഗണിച്ചില്ല. അദ്ദേഹത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായി ഒരു മുസ്ലീം സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തു. അങ്ങനെ ആ അജണ്ട നടന്നില്ല.

കോന്നിയില്‍ എന്‍എസ്എസ്സിന്റെ താല്‍പര്യ പ്രകാരമായിരുന്നു കോണ്‍ഗ്രസ് മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. കോന്നിയില്‍ കഴിഞ്ഞ കുറെക്കാലം എംഎല്‍എയും എംപിയുമായ അടൂര്‍പ്രകാശിന്റെ അഭിപ്രായം പരിഗണിക്കാതെയാണ് കോണ്‍ഗ്രസ് നീങ്ങിയത്. എന്‍എസ്എസ്സാവും തങ്ങളെ തുണയ്ക്കുകയെന്നായിരുന്നു ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വിശ്വാസം. ഫലമോ കോന്നിയില്‍ രണ്ട് ദശാബ്ദത്തിന് ശേഷം 9953 വോട്ടിന് സീറ്റ് നഷ്ടമായി. സുകുമാരന്‍ നായരും ശബരിമലയുമല്ല, രാഷ്ട്രീയ നിലപാടുകളെയാണ് വോട്ടര്‍മാരെ സ്വാധീനിച്ചതെന്ന് വ്യക്തം. ഇവിടെയും തോറ്റത് സാമുദായിക നേതൃത്വം തന്നെ.

വട്ടിയൂര്‍ക്കാവില്‍ ശരിദുരത്തിലെത്തി യുഡിഎഫിന് വേണ്ടി പരസ്യമായി എന്‍എസ്എസ്സ് കളത്തിലിറങ്ങുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ എന്‍എസ്എസ്സിന്റെ രാഷ്ട്രീയ പ്രഖ്യാപനങ്ങളെ ന്യായികരിച്ചു രംഗത്തെത്തി. ഫലമോ, കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ തുണച്ചിരുന്ന വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിന് നഷ്ടമായി. ഇവിടെയും കോണ്‍ഗ്രസിനൊപ്പം തോറ്റത് സമൂദായ നേതൃത്വത്തിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ തന്നെ.കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തിന് കാരണം ശബരിമലയാണെന്ന ‘അനൗദ്യോഗിക’ വിലയിരുത്തലിലെത്തിയ സിപിഎം മഞ്ചേശ്വരത്ത് നിര്‍ത്തിയത്, എല്ലാ അര്‍ത്ഥത്തിലും മൃദു ഹിന്ദു വാദിയെന്ന് പറയാവുന്ന നേതാവിനെ ആയിരുന്നു.

ശങ്കര്‍ റെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ പരസ്യമായി എതിര്‍ത്തു. ആ നിലപാട് വോട്ടു നേടിത്തരുമെന്ന് കരുതിയ സിപിഎം നേതൃത്വം ഒന്നും പറഞ്ഞില്ല. ശബരിമലയിലെ സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായ നിലപാട് തെറ്റിപോയെന്ന് പറയുന്ന നേതാക്കള്‍ ഏറെയായിരുന്നു സിപിഎമ്മിലും ഇടതുപക്ഷത്തും. പക്ഷെ ഹിന്ദുത്വ ശക്തികള്‍ക്ക് സ്വാധീനമുണ്ടെന്ന് കരുതുന്ന മഞ്ചേശ്വരത്തും നിലപാടില്‍ വെള്ളം ചേര്‍ത്തത് സിപിഎമ്മിന്റെ രക്ഷയ്‌ക്കെത്തിയില്ല. 2016 ല്‍ 42565 വോട്ടു നേടിയ സ്ഥാനത്ത് ഇത്തവണ കിട്ടിയത് 38233 വോട്ടുകള്‍ മാത്രം. ശബരിമലയല്ല ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് സിപിഎമ്മിനെ ബോധ്യപ്പെടുത്തേണ്ട ഫലങ്ങളാണ് ഇന്ന് പുറത്ത് വന്നത്. കാരണം ഈ തെരഞ്ഞെടുപ്പില്‍ തോറ്റത് മത വര്‍ഗീയ സാമുദായിക നിലപാടുകളാണ്. രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഈ വസ്തുതകള്‍ എത്രത്തോളം ബോധ്യമായി എന്നത് വരു ദിവസങ്ങളില്‍ കേരളത്തിന് മനസ്സിലാകും.

തോറ്റ ചരിത്രം മാത്രമായിരുന്നു അരൂരില്‍ മല്‍സരത്തിനിറങ്ങുമ്പോള്‍ ഷാനിമോള്‍ ഉസ്മാന്റെ കൈമുതല്‍ . ആ തലവര മാറ്റിയെഴുതിയതാകട്ടെ കമ്യൂണിസ്റ്റ് കോട്ടയായ അരൂരിലെ വോട്ടര്‍മാരും. . 2006ല്‍ പെരുമ്പാവുരൂലായിരുന്നു ആദ്യ അങ്കം. ഇടതു തരംഗം ആഞ്ഞ് വീശീയ ആ തിരഞ്ഞെടുപ്പില്‍ 12,461 വോട്ടിന് സാജു പോളിനോട് തോറ്റു. 2009ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കാസര്‍കോട് സീറ്റ് നല്‍കിയെങ്കിലും തോല്‍ക്കുന്ന സീറ്റില്‍ മല്‍സരിക്കാനില്ലെന്ന് പറഞ്ഞ് സീറ്റ് നിരസിച്ചു. നേതൃത്വത്തിന്‍റെ അപ്രീതിക്ക് പാത്രമായതോടെ 2011ല്‍ നിയമസഭയിലേക്ക് സീറ്റും കിട്ടിയില്ല.

2016ലായിരുന്നു അടുത്ത മല്‍സരം. അതും ഇടതു കോട്ടയായ ഒറ്റപ്പാലത്ത്. പക്ഷേ സിപിഎമ്മിന്‍റെ പി.ഉണ്ണിയോട് 16,088 വോട്ടിന് തോറ്റു. ലോക്സഭയിലേക്ക് ജയം പ്രതീക്ഷിച്ച് വയാനാട്ടില്‍ നോട്ടമിട്ട ഷാനിമോളോട് ആലപ്പുഴയിലിറങ്ങാനായിരുന്നു പാര്‍ട്ടി നിര്‍ദേശം. കേരളത്തിലെ 20ല്‍ 19 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചപ്പോള്‍, സ്വന്തം തട്ടകമായ ആലപ്പുഴയില്‍ ഷാനിമോള്‍ തോറ്റു. 10,474 വോട്ടിന്. ആറു മാസത്തിനിപ്പുറം വീണ്ടും തിരഞ്ഞെടുപ്പ് ദൗത്യം ഷാനിമോളെ തേടിയെത്തി. അതും തന്‍റെ തോല്‍വിയെ തുടര്‍ന്ന് ഒഴിവു വന്ന അരൂരിലെ ഉപതിരഞ്ഞെടുപ്പില്‍.

പക്ഷേ ഇത്തവണ വിജയവും അരൂരിലെ ജനങ്ങളും ഷാനിമോള്‍ക്കൊപ്പം നിന്നു. ഷാനിമോള്‍ ഈ വിജയം എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്ന്, വിജയമുറപ്പായ ശേഷം നിറഞ്ഞ ആ കണ്ണുകള്‍ പറയും. എല്ലാം ദൈവനിയോഗമെന്ന് പറഞ്ഞ് സ്വീകരിക്കുകയാണ് അരൂരിന്‍റെ നിയുക്ത എംഎല്‍എ.

ഷാനിമോളുടെ ഈ വിജയത്തിന് പ്രത്യേകതകള്‍ ഏറെയാണ്. തന്നെ തോല്‍പിച്ച് എംപിയായ എഎം ആരിഫിന്‍റെ നിയമസഭാ സീറ്റിലെ ഈ വിജയത്തിന് രാഷ്ട്രീയ മറുപടിയുടെ മൂര്‍ച്ചയുണ്ട്. ഇടതു പക്ഷത്തിന്‍റെ ശക്തികേന്ദ്രമായ അരൂരില്‍ കൈപ്പത്തി ചിഹ്നത്തില്‍ വിജയിക്കുന്ന ആദ്യ സ്ഥാനാര്‍ഥി കൂടിയാണ് ഷാനിമോള്‍ ഉസ്മാന്‍.

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യം മാറി, എല്‍ഡിഎഫിന്റെ രാഷ്ട്രീയ കാലാവസ്ഥ തെളിഞ്ഞു. യുഡിഎഫിന്റേത് മങ്ങി. ബിജെപിക്ക് പ്രതികൂലമായി. അഞ്ചു മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റ് യുഡിഎഫിന്. എല്‍ഡിഎഫിന് രണ്ട്. സിറ്റിങ് സീറ്റായ അരൂര്‍ ചെറിയ ഭൂരിപക്ഷത്തില്‍ കൈവിട്ടെങ്കിലും വട്ടിയൂര്‍ക്കാവും കോന്നിയും യുഡിഎഫില്‍നിന്ന് പിടിച്ചെടുത്ത് എല്‍ഡിഎഫ് എതിരാളികളെ ഞെട്ടിച്ചു. പാലായിലെ േനട്ടം കൂടിയാകുമ്പോള്‍ വിജയത്തിന് മധുരമേറുന്നു.

അരൂര്‍ പിടിച്ചെടുത്ത യുഡിഎഫിന് രണ്ടു സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. എറണാകുളം, മഞ്ചേശ്വരം സീറ്റുകള്‍ നിലനിര്‍ത്തി. പ്രതീക്ഷ പുലര്‍ത്തിയിരുന്ന മഞ്ചേശ്വരത്തും കോന്നിയിലും ബിജെപിക്കു നേട്ടമുണ്ടാക്കാനായില്ല. വട്ടിയൂര്‍ക്കാവില്‍ വലിയ രീതിയില്‍ വോട്ടു ചോര്‍ന്ന് അവര്‍ രണ്ടാം സ്ഥാനത്തുനിന്ന് മൂന്നാമതായി. സമുദായ സംഘടനകളുടെ ആഹ്വാനവും ശബരിമല വിഷയവും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ല. മഴയില്‍ പോളിങ് ശതമാനം കുറഞ്ഞതു ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചിലുണ്ടാക്കി.

സിറ്റിങ് എംഎല്‍എമാര്‍ ലോക്സഭയിലേക്ക് മത്സരിച്ചതിനെത്തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, അരൂര്‍ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മഞ്ചേശ്വരത്ത് പി.ബി.അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അരൂര്‍ ഒഴികെയുള്ളവ യുഡിഎഫിന്റെ സിറ്റിങ് സീറ്റുകള്‍. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കേ സര്‍ക്കാരിനും എല്‍ഡിഎഫിനും വലിയ ഊര്‍ജമാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. സമുദായ സംഘടനകള്‍ക്കെതിരെ ജനാധിപത്യ രീതിയില്‍ വിജയം നേടാനായത് സന്തോഷം പകരുന്നു. നയങ്ങളുമായി മുന്നോട്ടു പോകാനുള്ള കരുത്തു നല്‍കുന്നു. ഒപ്പം, അരൂരിലെ പരാജയത്തെക്കുറിച്ച് ആഴത്തിലുള്ള വിശകലനത്തിനും തയാറെടുക്കുന്നു.

സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടത് യുഡിഎഫിനു തിരിച്ചടിയാണ്. പ്രത്യേകിച്ചും, തിരഞ്ഞെടുപ്പുകള്‍ ആസന്നമായ സാഹചര്യത്തില്‍. കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും തോല്‍വി ആഴത്തില്‍ വിശകലനം ചെയ്യാനൊരുങ്ങുകയാണ് പാര്‍ട്ടി. കോന്നിയിലെ തോല്‍വിയുടെ ആരോപണം ഉയരുന്നത് സിറ്റിങ് എംഎല്‍എ ആയിരുന്ന അടൂര്‍ പ്രകാശിനെതിരെ. എറണാകുളവും മഞ്ചേശ്വരവും യുഡിഎഫിന്റെ ഉറച്ച സീറ്റുകളായതിനാല്‍ അരൂര്‍ മാത്രമാണ് ആശ്വാസം.

അരൂര്‍ നിലനിര്‍ത്തിയാല്‍ ആശ്വാസം എന്ന നിലയില്‍നിന്നാണ് വട്ടിയൂര്‍ക്കാവും കോന്നിയും പിടിച്ചെടുത്ത് എല്‍ഡിഎഫ് മിന്നുന്ന വിജയം നേടിയത്. എറണാകുളത്തു മികച്ച പോരാട്ടം കാഴ്ചവച്ചെന്ന് അവകാശപ്പെടുന്നു. തിരിച്ചടിയില്‍ അപരന്‍ ഒരു കാരണമായി എന്നു ന്യായീകരിക്കാം. 2544 വോട്ടുകളാണ് അപരന്‍ കൊണ്ടുപോയത്. ഹൈബി ഈഡന്‍ എറണാകുളത്തു നേടിയ 21,949 വോട്ടുകളുടെ ഭൂരിപക്ഷം 3,673 ആയി കുറയ്ക്കാനായത് നേട്ടമാണെന്നു പാര്‍ട്ടി വിലയിരുത്തുന്നു.

വട്ടിയൂര്‍ക്കാവിലെ 14,438 വോട്ടെന്ന ഭൂരിപക്ഷത്തില്‍ അവേശം കൊള്ളുന്നു. അരൂരില്‍ പാര്‍ട്ടി കേന്ദ്രങ്ങളിലെ വോട്ടുകള്‍പോലും ചോര്‍ന്നത് നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. മഞ്ചേശ്വരത്തു സംഘടനാ സംവിധാനം തകര്‍ന്ന് വോട്ടു കുത്തനെ കുറഞ്ഞു. സമുദായ സംഘടനകളുടെ എതിര്‍പ്പിനിടയിലും രണ്ടു സീറ്റുകള്‍ നേടാനായത് ആത്മവിശ്വാസം ഉയര്‍ത്തുന്നു. പാലാ കൂടി കണക്കിലെടുത്താല്‍ മൂന്നു സീറ്റുകള്‍ എല്‍ഡിഎഫിന്റെ അക്കൗണ്ടിലായി. ആഞ്ഞു പിടിച്ചാല്‍ തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അധിപത്യം നേടാമെന്ന പ്രതീക്ഷ വര്‍ധിച്ചു.

യുഡിഎഫിനു നിരാശ നല്‍കുന്നതാണ് ഫലം. നേതൃനിരയിലെ അഭിപ്രായ ഭിന്നത പരാജയത്തിന്റെ ആക്കംകൂട്ടി. കോന്നിയിലും പാര്‍ട്ടിയിലെ തര്‍ക്കം തിരിച്ചടിയായി. വലിയ വോട്ടു ചോര്‍ച്ചയുടെ കാരണം കണ്ടുപിടിക്കാന്‍ അന്വേഷണമുണ്ടാവും. അകമ്പടിയായി തര്‍ക്കങ്ങള്‍ക്കും സാധ്യതയുണ്ട്. എറണാകുളത്ത് വിജയിച്ചെങ്കിലും വോട്ടു കുറഞ്ഞത് ക്ഷീണമായി. ലീഗിന്റെ സീറ്റായ മഞ്ചേശ്വരം നിലനിര്‍ത്താനായതില്‍ ആശ്വാസമുണ്ട്. വരുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തനരീതി മാറ്റണമെന്ന മുന്നറിയിപ്പാണ് ഫലമെന്നു നേതൃത്വം കരുതുന്നു. അരൂരിലെ വിജയം സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണെന്നു ന്യായീകരിക്കുന്നു.

മഞ്ചേശ്വരത്തു മാത്രമാണ് ബിജെപി നല്ല പ്രകടനം കാഴ്ചവച്ചത്. കോന്നിയില്‍ പ്രകടനം മെച്ചപ്പെടുത്തി. മറ്റുള്ള സ്ഥലങ്ങളിലെല്ലാം തകര്‍ന്നടിഞ്ഞു. വട്ടിയൂര്‍ക്കാവില്‍ വോട്ടുകള്‍ വലിയ രീതിയില്‍ ചോര്‍ന്നു. ഫലം വരുന്നതിനു മുന്‍പുതന്നെ സംഘടനയിലെ പ്രശ്നങ്ങള്‍ പുറത്തു വന്നതിനാല്‍ വരുംദിവസങ്ങളില്‍ അതു കൂടുതല്‍ രൂക്ഷമാകാം. സമുദായ സംഘടനകളുടെ നിലപാട് പാടേ തള്ളിയ ജനങ്ങള്‍ സ്ഥാനാര്‍ഥിയെ നോക്കി വോട്ടു ചെയ്ത തിരഞ്ഞെടുപ്പാണ് കടന്നു പോയത്.

വട്ടിയൂർക്കാവ്

വി.കെ. പ്രശാന്ത് – 54,830 (എല്‍ഡിഎഫ്)

കെ. മോഹൻകുമാർ – 40,365 (യുഡിഎഫ്)

എസ്. സുരേഷ് – 27,453 (എന്‍ഡിഎ)

കോന്നി

കെ.യു. ജനീഷ് കുമാര്‍ – 54,099 (എല്‍ഡിഎഫ്)

പി. മോഹന്‍രാജ് – 44,146 (യുഡിഎഫ്)

കെ. സുരേന്ദ്രന്‍ – 39,786 (എന്‍ഡിഎ)

അരൂര്‍

ഷാനിമോള്‍ ഉസ്മാന്‍ – 69,356 (യുഡിഎഫ്)

മനു സി പുളിയ്ക്കല്‍ – 67,277(എല്‍ഡിഎഫ്)

പ്രകാശ് ബാബു – 16,289 (എന്‍ഡിഎ)

എറണാകുളം

ടി.ജെ. വിനോദ് – 37,516 (യുഡിഎഫ്)

മനു റോയി – 33,843 (എല്‍ഡിഎഫ്)

സി.ജി. രാജഗോപാൽ – 13,259 എന്‍ഡിഎ

മഞ്ചേശ്വരം

എം.സി. ഖമറുദ്ദീന്‍ – 65,407 (യുഡിഎഫ്)

രവീശതന്ത്രി കുണ്ടാര്‍ – 57,484 എന്‍ഡിഎ

ശങ്കര്‍ റൈ – 38,233 (എല്‍ഡിഎഫ്)

കൊല്ലം കളക്ടറേറ്റില്‍ തിങ്കളാഴ്ച പരാതിക്കാരിയായും വയോധികയും കളക്ടറും തമ്മിലുണ്ടായ യാദൃച്ഛിക കൂടിക്കാഴ്ചയുടെ ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. സംഭവത്തിന് സാക്ഷിയായ ചാനല്‍ അവതാരകന്‍ ഷൈന്‍കുമാറാണ് ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്തത്.

കളക്ടറെ കാണാന്‍ എത്തിയ വയോധികയായ സ്ത്രീ പടിക്കെട്ടുകള്‍ കയറി കളക്ടറുടെ ഓഫീസിലേക്ക് നീങ്ങുന്നു. പടി ഇറങ്ങിവന്ന ഒരാള്‍ നിങ്ങളെപ്പോലുള്ള അമ്മമാര്‍ക്ക് കയറാനല്ലേ ഞാന്‍ ലിഫ്റ്റ് വച്ചിരിക്കുന്നതെന്ന് പറഞ്ഞ് വയോധികയുടെ കൈപിടിച്ച് കൂടെക്കൂട്ടി കളക്ടര്‍ ലിഫ്റ്റിലേക്ക് പോകുന്നതാണ് സംഭവം. കളക്ടറെ കാണാന്‍ പോകുന്നു.എന്നിട്ട് കണ്ടോ? ഇല്ല. എന്ന് അമ്മ . എങ്കില്‍ ഞാനാണ് കളക്ടര്‍ . നല്ലവണ്ണം കണ്ടോ എന്ന് പറഞ്ഞാണ് അദ്ദേഹം അവരെ കൈപിടിച്ച് ലിഫ്റ്റിലേക്ക് നീങ്ങിയത്. ഈ ചിത്രം പകര്‍ത്തിയപ്പോള്‍ കളക്ടര്‍ വിലക്കി. അദ്ദേഹത്തിന്റെ വിലക്ക് മറികടന്നാണ് പോസ്റ്റ് ചെയ്യുന്നതെന്നും ഷൈന്‍കുമാര്‍ പറയുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ

സങ്കടങ്ങള്‍ കാണാന്‍ കണ്ണുകളുണ്ടാവണം. ചേര്‍ത്തുപിടിക്കാന്‍ കൈകളും ..അല്പം മുമ്പ് കൊല്ലം കളക്ടറേറ്റില്‍ രണ്ടാം നിലയിലേയ്ക്ക് പടി കയറുമ്പോള്‍ ഒരു ശബ്ദം . നിങ്ങളെപ്പോലുള്ള അമ്മമാര്‍ക്ക് കയറാനല്ലേ ഞാന്‍ ലിഫ്റ്റ് വച്ചിരിക്കുന്നതു്. നോക്കുമ്പോള്‍ കളക്ടര്‍ അബ്ദുള്‍ നാസറാണ്. മുകളിലേക്ക് കയറാന്‍ പാടുപെടുന്ന ഒരമ്മയോട് സംസാരിക്കുകയാണ്. ഞാന്‍ ശ്രദ്ധിച്ചു കളക്ടര്‍ അടുത്ത് ചെന്ന് ആ അമ്മയെ കൈപിടിച്ച് ഇറക്കിക്കൊണ്ടുവരുന്നു താഴെ ലിഫ്റ്റിലേയ്ക്ക്..

എവിടെ പോകുന്നു.? അമ്മയോട് കളക്ടര്‍. കളക്ടറെ കാണാന്‍ പോകുന്നു.എന്നിട്ട് കണ്ടോ? ഇല്ല. എന്ന് അമ്മ . എങ്കില്‍ ഞാനാണ് കളക്ടര്‍ . നല്ലവണ്ണം കണ്ടോ . ആ അമ്മ വിതുമ്പുന്നുണ്ടായിരുന്നു. കരുതി വെച്ചിരുന്ന സങ്കടക്കണ്ണീരത്രയും ആ പടികള്‍ ഏറ്റുവാങ്ങി… പൊതിരെ വിമര്‍ശിക്കുമ്പോഴും ബ്യൂറോക്രസിയിലെ ഈ നന്മകള്‍ കാണാതിരുന്നുകൂടാ. കളക്ടര്‍ ബി.അബ്ദുള്‍ നാസര്‍ ജനാധിപത്യത്തിന്റെ കരുത്താണ്( ഈ ചിത്രം ഞാനെടുത്തപ്പോള്‍ കളക്ടര്‍ വിലക്കി. അതു് മറികടന്ന് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു )

മഞ്ജു-ശ്രീകുമാര്‍ പ്രശ്‌നത്തില്‍ നൈസായി ഒഴിഞ്ഞ് അമ്മ ഭാരവാഹികള്‍. ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. മഞ്ജുവിനെ തൊഴില്‍പരമായി പിന്തുണയ്ക്കുമെന്ന് അമ്മ സംഘടന പറഞ്ഞു.നടി പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇടപെടാനാകില്ല. ക്രിമിനല്‍ കേസില്‍ ഇടപെടാന്‍ സംഘടനയ്ക്ക് പരിമിതിയുണ്ട്. മഞ്ജു അയച്ച കത്ത് കിട്ടിയെന്നും ഇടവേള ബാബു പറഞ്ഞു. ഇതേ അഭിപ്രായമാണ് ഫെഫ്കയും അറിയിച്ചത്. ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ഫെഫ്ക അഭിപ്രായപ്പെട്ടു. മഞ്ജുവിന്റെ കത്ത് ലഭിച്ചെങ്കിലും ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ല.

ശ്രീകുമാര്‍ മേനോന്‍ ഫെഫ്ക അംഗമല്ലെന്നും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഇന്നാണ് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു ഫെഫ്കയ്ക്ക് കത്ത് നല്‍കിയത്. മൂന്നുവരിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു കത്ത്.അതേസമയം, സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ മഞ്ജു വാരിയരുടെ പരാതി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്തെ പ്രത്യേക സംഘം പരാതി പരിശോധിക്കുമെന്നും തുടര്‍ നടപടി പ്രാഥമിക അന്വേഷണത്തിന് ശേഷമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

ജാമ്യം കിട്ടിയ ഡി കെ ശിവകുമാര്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിഎന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക ക്രമക്കേട് കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് ജയിലിലായ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ ഡല്‍ഹി തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. കര്‍ണാടക മുന്‍ മന്ത്രിയായ ഡി കെ ശിവകുമാറിന് ഇന്നലെ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം നല്‍കിയത്. രാജ്യം വിട്ടുപോകരുതെന്ന് ശിവകുമാറിനോട് കോടതി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണച്ചവര്‍ക്ക് നന്ദി, ഞാന്‍ തിരിച്ചുവന്നിരിക്കു – ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയ്ക്കും ശിവകുമാര്‍ നന്ദി പറഞ്ഞു. എനിക്ക്് കരുത്ത് പകരനായി അവര്‍ ജയിലില്‍ വന്ന് എന്നെ കണ്ടു – ശിവകുമാര്‍ പറഞ്ഞു.

ശിവകുമാറിന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെയോ കേസിനേയോ ബാധിക്കില്ല എന്ന് ജഡ്ജി വിലയിരുത്തിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ തെളിവുകള്‍ അന്വേഷണ ഏജന്‍സിയുടെ പക്കലായതിനാല്‍ ശിവകുമാറിന് തെളിവ് നശിപ്പിക്കാന്‍ സാധ്യമല്ല. സാക്ഷികളെ സ്വാധീനിക്കാന്‍ ശിവകുമാര്‍ ശ്രമിച്ചതിന് തെളിവില്ല എന്നും കോടതി പറഞ്ഞു.

സെപ്റ്റംബറിലാണ് എന്‍ഫോഴ്‌സ്‌മെന്റ്, ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. നികുതി വെട്ടിയ്ക്കുകയും കോടിക്കണക്കിന് രൂപ അനധികൃതമായി ട്രാന്‍സാക്ഷന്‍ നടത്തുകയും ചെയ്ത് പണത്തട്ടിപ്പ് നടത്തി എന്നാണ് ശിവകുമാറിനെതിരായ കേസ്. ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. 2013ല്‍ ഐശ്വര്യയുടെ പേരിലുണ്ടായിരുന്ന ഒരു കോടി രൂപയുടെ സ്വത്ത് 2018ല്‍ എങ്ങനെ 100 കോടിയായി എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദിച്ചത്. മകളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ടുള്ള ശിവകുമാറിന്റെ പണമിടപാടുകളില്‍ കള്ളപ്പണമുണ്ടോ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നു.

2017ല്‍ രാജ്യസഭ തിരഞ്ഞെടുപ്പിനിടെ ഗുജറാത്തിലെ 44 കോണ്‍ഗ്രസ് എംഎല്‍എമാരെ, കൂറ് മാറാതിരിക്കാനായി ബംഗളൂരുവിലെ തന്റെ റിസോര്‍ട്ടില്‍ കൊണ്ടുവന്ന താമസിപ്പിച്ചതോടെയാണ് ശിവകുമാര്‍ വാര്‍ത്താതാരമായത്്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍ ആയും ക്രൈസിസ് മാനേജര്‍ ആയും ശിവകുമാര്‍ അറിയപ്പെട്ടു. ബിജെപിയുടെ കണ്ണിലെ കരടായി. 2017 ഓഗസ്റ്റില്‍ ശിവകുമാറിന്റെ കേന്ദ്രങ്ങളില്‍ ആദായ നികുതി അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു.

രാജി വച്ച്, കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാക്കിയ വിമത പാര്‍ട്ടി എംഎല്‍എമാരെ തിരിച്ചുകൊണ്ടുവരാനായി അവര്‍ താമസിച്ചിരുന്ന മുംബയ് ഹോട്ടലിന് മുന്നിലെത്തിയ ശിവകുമാര്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിശ്വാസവോട്ടി്ല്‍ പരാജയപ്പെട്ട കുമാരസ്വാമി സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള ശ്രമങ്ങള്‍ അവസാനം വരെ ശിവകുമാര്‍ നടത്തിയിരുന്നു.

ഉപതിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ അന്തരീക്ഷത്തെ മേഘാവൃതമാക്കുമോ തെളിക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി. വ്യാഴാഴ്ച രാവിലെ എട്ടരയോടെ അഞ്ചു മണ്ഡലങ്ങളിലെ ആദ്യ ഫലസൂചനകള്‍ പുറത്തു വരും. പത്തു മണിയോടെ രാഷ്ട്രീയ ചിത്രം വ്യക്തമാകും.

മഴയെത്തുടര്‍ന്നു പോളിങ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍. നഗര സ്വഭാവമുള്ള വട്ടിയൂര്‍ക്കാവ്, എറണാകുളം മണ്ഡലങ്ങളിലെ പോളിങ് കുറഞ്ഞതിന്റെ കാരണങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ചയാണ്. പോളിങ് കുറഞ്ഞത് ഇവിടങ്ങളിലെ ഫലത്തെ സ്വാധീനിക്കുമോയെന്ന് ആശങ്കയുണ്ട്. രാഷ്ട്രീയത്തെക്കാള്‍ സമുദായ സമവാക്യങ്ങള്‍ ചര്‍ച്ചയായ തിരഞ്ഞെടുപ്പിലെ അടിയൊഴുക്കുകളെക്കുറിച്ച് പ്രവചിക്കാനാകാത്ത അവസ്ഥയിലാണ് മുന്നണികള്‍.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ റിഹേഴ്സലായതിനാല്‍ മൂന്നു മുന്നണികളും ആകാംക്ഷയോടെയാണ് തിരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്നത്. വിധി സൃഷ്ടിക്കുന്ന രാഷ്ട്രീയ ചലനങ്ങള്‍ക്ക് കേരളവും കാതോര്‍ക്കുന്നു. യുഡിഎഫിന് അനുകൂലമായി നിലപാടെടുത്ത എന്‍എസ്എസിന്റെ വാക്കുകള്‍ സമുദായ അംഗങ്ങള്‍ എങ്ങനെ സ്വീകരിച്ചു എന്നതും നാളെയറിയാം.

ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു സീറ്റുകളില്‍ നാലും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. അരൂര്‍ ഒഴികെയുള്ള നാല് സീറ്റുകള്‍ എന്തുവില കൊടുത്തും അവര്‍ക്ക് നിലനിര്‍ത്തിയേ തീരൂ. മഞ്ചേശ്വരത്തും എറണാകുളത്തും വിജയിക്കാനാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും വിജയം ഉറപ്പെന്ന് അവകാശപ്പെടുമ്പോഴും ആശങ്കകള്‍ ബാക്കിയാണ്. എക്സിറ്റ് പോളുകളുടെ പ്രവചനം അതു വര്‍ധിപ്പിക്കുന്നു.

വട്ടിയൂര്‍ക്കാവില്‍ 5000ത്തിലധികം വോട്ടിന്റെയും കോന്നിയില്‍ 2000 വോട്ടിന്റെയും ഭൂരിപക്ഷം ലഭിക്കുമെന്ന റിപ്പോര്‍ട്ടാണ് പ്രാദേശിക നേതൃത്വം കെപിസിസിക്കു കൈമാറിയതെങ്കിലും ഈ കണക്കുകള്‍ നേതൃത്വം അതേപടി ഉള്‍കൊണ്ടിട്ടില്ല. കോന്നിയില്‍ മുന്‍ എംഎല്‍എ അടൂര്‍ പ്രകാശിന്റെ പിന്തുണ സംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമുണ്ട്. ഫലം എതിരാണെങ്കില്‍ അടൂര്‍ പ്രകാശിനു മറുപടി പറയേണ്ടി വരും. കൈവശമുള്ള ഏതെങ്കിലും സീറ്റ് എല്‍ഡിഎഫ് പിടിച്ചാല്‍ അതിന്റെ സമ്മര്‍ദത്തോടെ വരുന്ന തിരഞ്ഞെടുപ്പുകളെ നേരിടേണ്ടി വരും. പാലായില്‍ ജയിച്ച എല്‍ഡിഎഫിന്റെ വിജയത്തിന് മധുരം കൂടും.

അരൂരിനു പുറമേ വട്ടിയൂര്‍ക്കാവും കോന്നിയും വിജയിക്കുമെന്നാണ് എല്‍ഡിഎഫ് നേതൃത്വം പറയുന്നത്. എറണാകുളത്തും മഞ്ചേശ്വത്തും പ്രതീക്ഷ പുലര്‍ത്തുന്നു. യുഡിഎഫിന്റെ കൈവശമുള്ള ഒരു സീറ്റെങ്കിലും പിടിച്ചെടുത്താല്‍ ആത്മവിശ്വാസത്തോടെ തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാം. അരൂര്‍ നിലനിര്‍ത്തുകയും വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്താവുകയും ചെയ്താലും ആശ്വസിക്കാം. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ശക്തികൂടും.

എറ്റവും സമ്മര്‍ദത്തില്‍ ബിജെപിയാണ്. സംഘടനാപരമായ പോരായ്മയും വോട്ടു ബാങ്കിലെ ചോര്‍ച്ചയും വലിയ തിരിച്ചടിയാകുമെന്നു ഫലം വരുന്നതിനു മുന്‍പു തന്നെ നേതൃത്വത്തിലെ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. മഞ്ചേശ്വരത്തും കോന്നിയിലും വട്ടിയൂര്‍ക്കാവിലുമായിരുന്നു പ്രതീക്ഷ. എന്നാല്‍ ഫലം വരാനൊരുങ്ങുന്ന ഈ ഘട്ടത്തില്‍ പ്രതീക്ഷ മഞ്ചേശ്വരം മാത്രമായി ചുരുങ്ങുന്നു. നേതാക്കളുടെ ശരീര ഭാഷയിലും തിരിച്ചടിയുടെ സൂചനകള്‍ വ്യക്തം. ഒ. രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ സംഘടനാ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ ഉപതിരഞ്ഞെടുപ്പു ഫലം എതിരായാല്‍ അതു പാര്‍ട്ടിയില്‍ പൊട്ടിത്തെറികള്‍ക്ക് കാരണമായേക്കാം. നേതൃമാറ്റമെന്ന പതിവ് ആവശ്യം ഉയരാം.

സമുദായ സംഘടനകള്‍ അടുത്തെങ്ങും കാണാത്ത തരത്തിലുള്ള ഇടപെടല്‍ നടത്തിയ തിരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത്. സമദൂര നിലപാട് സ്വീകരിച്ചിരുന്ന എന്‍എസ്എസ് ശരിദൂരമെന്ന നിലപാടിലേക്കു മാറിയത് തിരഞ്ഞെടുപ്പിനെ വലിയ രീതിയില്‍ സ്വാധീനിച്ചു. പിന്തുണ യുഡിഎഫിനാണെന്ന് അവര്‍ പറയാതെ പറഞ്ഞു. യുഡിഎഫിന്റെ വിജയം എന്‍എസ്എസിന്റെ അഭിമാന പ്രശ്നമാണ്. യുഡിഎഫിനു തിരിച്ചടി നേരിട്ടാല്‍ അതു എന്‍എസ്എസ് നിലപാടുകള്‍ക്കുള്ള തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെടാം. എസ്എന്‍ഡിപി ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും അവരുടെ പിന്തുണ ലഭിക്കുമെന്നു എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. എല്‍ഡിഎഫിന് പ്രതീക്ഷിക്കുന്ന വിജയം ലഭിച്ചാല്‍ എസ്എന്‍ഡിപിയുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടും.

സഭാ നേതൃത്വങ്ങളുടെ പിന്തുണ ഏതു മുന്നണിക്കൊപ്പമാണെന്നതും ഉപതിരഞ്ഞെടുപ്പോടെ വ്യക്തമാകും. സമുദായ സംഘടനകളുടെ നിലപാടുകൾ സമുദായാംഗങ്ങൾ സ്വീകരിച്ചോ ഇല്ലയോ എന്നത്, വരുന്ന തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ സമവാക്യങ്ങളെയും മാറ്റാം.

RECENT POSTS
Copyright © . All rights reserved