Kerala

മലപ്പുറം ∙ മുൻ എംഎൽഎ പി.വി. അൻവറിന്റെയും ബന്ധുക്കളുടെയും വീടുകളിൽ ഇഡി നടത്തിയ പരിശോധനയിൽ സാമ്പത്തിക ക്രമക്കേടുകൾ സൂചിപ്പിക്കുന്ന നിരവധി രേഖകൾ കണ്ടെത്തിയതായി ഏജൻസി അറിയിച്ചു. 2016-ൽ 14.38 കോടിയായിരുന്ന അൻവറിന്റെ സ്ഥാപനങ്ങളുടെ ആസ്തി 2021-ൽ 64.14 കോടിയായി ഉയർന്നതിനെ കുറിച്ച് വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നതാണ് ഇഡിയുടെ കണ്ടെത്തൽ. ബിനാമി ഇടപാടുകൾ നടത്തിയിട്ടുണ്ടാവാമെന്ന സംശയവുമായി ബന്ധപ്പെട്ട് 15 ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള രേഖകളും ഇഡി പിടിച്ചെടുത്തു.

2015-ൽ കെഎഫ്സിയിൽനിന്ന് അൻവറും അനുബന്ധ സ്ഥാപനങ്ങളും എടുത്ത വായ്പകളിലുണ്ടായ തിരിച്ചടവ് മുടക്കമാണ് അന്വേഷണത്തിന് അടിസ്ഥാനം. മാലാംകുളം കൺസ്ട്രക്ഷൻസ് 7.5 കോടി രൂപയും പീവിആർ ഡെവലപ്പേഴ്സ് 3.05 കോടിയും 1.56 കോടിയും എടുത്തുവെങ്കിലും തിരിച്ചടവ് നടന്നില്ലെന്ന് ഇഡി കണ്ടെത്തി. മൊത്തത്തിൽ 22.3 കോടി രൂപ ‘നിഷ്ക്രിയ ആസ്തി’യായി മാറിയതോടൊപ്പം, ഒരേ സ്വത്ത് ഉയർത്തി പല വായ്പകളും അനുവദിച്ചതടക്കം വായ്പാ അനുവദനത്തിൽ ക്രമക്കേടുകളുണ്ടായതായും കെഎഫ്സി ഉദ്യോഗസ്ഥരുടെ മൊഴി ലഭിച്ചതായും ഇഡി വ്യക്തമാക്കി.

റെയ്ഡിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശമാണെന്ന് അൻവർ ആരോപിച്ചു. 2015-ൽ എടുത്ത വായ്പ തിരിച്ചടയ്‌ക്കാനാകാതെ പോയതിന്റെ പേരിൽ അന്വേഷണം ആരംഭിച്ചതും, അതിൽ നിന്ന് കള്ളപ്പണ ഇടപാട് ആരോപിക്കുന്നത് യുക്തിയില്ലാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റത്തവണ തീർപ്പാക്കലിന് നൽകിയ അപേക്ഷ കെഎഫ്സി നിരസിച്ചതായും, കൂടുതൽ തുകയുമായി നൽകിയ രണ്ടാമത്തെ അപേക്ഷക്ക് മറുപടി ലഭിക്കാതെ ജപ്തി നടപടിയിലേക്ക് നീങ്ങിയതും സർക്കാരിന്റെ പ്രതികാര നടപടിയെന്നാണ് അൻവറിന്റെ നിലപാട്.

കൊച്ചി കോന്തുരുത്തിയിൽ വീട്ടുവളപ്പിൽ ലൈംഗികതൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ കെ.കെ. ജോർജ് പൊലീസിനോട് കുറ്റസമ്മതം നടത്തി. അർധരാത്രിയോടെ സ്ത്രീ കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തർക്കമുണ്ടായതും കൊലപാതകത്തിൽ കലാശിച്ചതും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മദ്യലഹരിയിൽ ആയിരുന്ന ജോർജ് കൈയിൽ കിട്ടിയ ഇരുമ്പുവടി ഉപയോഗിച്ച് സ്ത്രീയുടെ തലയിൽ അടിച്ചതായി ആണ് മൊഴി നൽകിയിരിക്കുന്നത് . പിന്നീട് മൃതദേഹം എങ്ങനെ ഒളിപ്പിക്കാനായി പുലർച്ചെ ഒരു കടയിൽ നിന്ന് രണ്ട് ചാക്ക് വാങ്ങുകയും ചെയ്തു.

ജോർജിന്റെ ശക്തമായ മദ്യപാന ശീലം അയൽവാസികൾക്ക് മുമ്പും ശ്രദ്ധയിൽപ്പെട്ടിരുന്നു . മദ്യം കുടിച്ചാൽ സ്വഭാവം മാറും എന്നും സ്ത്രീകളുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. 25 വർഷം മുമ്പ് വയനാടിൽ നിന്നാണ് ജോർജ് കുടുംബത്തോടൊപ്പം കൊച്ചിയിലേക്ക് വന്നത്. പ്രായമായ ആളുകളെ പരിചരിക്കുന്ന ജോലിയാണ് ജോർജിന്റെ തൊഴിൽ. ജോലി കഴിഞ്ഞ് പണം കിട്ടുമ്പോൾ തുടർച്ചയായി മദ്യപിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവസമയത്ത് ജോർജിന്റെ ഭാര്യ മകളുടെ വീട്ടിലായിരുന്നു. ഏക മകൻ ജോലി ചെയ്യുന്നത് യുകെയിൽ ആണ് .

വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വൻ ക്രമക്കേടുകൾ പുറത്തുവന്നു . അധ്യാപകര്‍ക്ക് സേവന ആനുകൂല്യം നല്‍കുന്നതിനായി ചില ജീവനക്കാര്‍ ഗൂഗിള്‍ പേ വഴി വരെ പണം വാങ്ങിയതായി കണ്ടെത്തി. കുട്ടനാട്, ആലപ്പുഴ, മലപ്പുറം എന്നിവിടങ്ങളിലെ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ എത്തിയ വലിയ തുകകളുടെ രേഖകളും ലഭിച്ചു. ഇല്ലാത്ത കുട്ടികളെ ഹാജര്‍ പട്ടികയില്‍ ചേര്‍ത്ത് അധ്യാപക തസ്തിക നിലനിര്‍ത്തിയ സംഭവങ്ങളും പിടികൂടി.

വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പേര് വരുന്ന എല്ലാവർക്കെതിരെയും കര്‍ശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. സംഭവത്തെ വകുപ്പ് അതീവ ഗൗരവത്തിലാണ് കാണുന്നതെന്നും ഉടന്‍ തന്നെ ആഭ്യന്തര അന്വേഷണ സമിതി പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിശോധന കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും, ആരായാലും നിയമലംഘനം ചെയ്താല്‍ ക്ഷമിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെയും അധ്യാപക സമൂഹത്തിന്റെയും വിശ്വാസം വീണ്ടെടുക്കുന്നതിനായി നടപടി വേഗത്തിലാക്കുമെന്നും ഉറപ്പുനല്‍കി.

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തതോടെ സിപിഎമ്മിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്തനംതിട്ടയിൽ നിന്നുള്ള മുതിർന്ന നേതാവിന്റെ അറസ്റ്റ് ഇടതുമുന്നണിക്ക് പ്രതിസന്ധി സൃഷ്ടിച്ചു.

കേസിന്റെ മുഖ്യ ആസൂത്രകൻ പത്മകുമാറാണെന്നാണ് എസ്‌ഐടിയുടെ നിലപാട്. 2019ൽ ദ്വാരപാലക കവചങ്ങൾ സ്വർണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പിന്നീട് അത് ചെമ്പാണെന്ന് രേഖപ്പെടുത്തിയതാണ് അന്വേഷണത്തിന്റെ പ്രധാന കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയടക്കമുള്ള പ്രതികളുടെ മൊഴികളും പത്മകുമാറിനെതിരെയാണ്.

കേസിൽ ആദ്യം അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു. തുടർന്ന് മുരാരി ബാബു, ഡി. സുധീഷ് കുമാർ, മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു എന്നിവർ പിടിയിലായി. ഇവരുടെ മൊഴികൾക്കു ശേഷമായിരുന്നു പത്മകുമാറിന്റെ അറസ്റ്റ് കൂടുതൽ ഉറപ്പായത്.

തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും മേൽനോട്ടത്തിൽ ഉറപ്പാക്കും.

പ്രചരണത്തിന് പ്ലാസ്റ്റിക്, പി.വി.സി, ഫ്ലക്സ് തുടങ്ങിയവ പൂർണ്ണമായും നിരോധിച്ചു. ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയ നിർമിക്കുന്നതിന് പേപ്പർ, മലിനീകരണ നിയന്ത്രണ സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടൺ, പുനചംക്രമണം ചെയ്യാവുന്ന പോളിഎഥിലീൻ പോലുള്ളവ ഉപയോഗിക്കാം. ഓരോ ബോർഡിലും പി.സി.ബി വെബ് സൈറ്റിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കും വിധമുള്ള ക്യു.ആർ.കോഡ്, പ്രിന്റിംഗ് യൂണിറ്റിന്റെ പേര്, ഫോൺ നമ്പർ എന്നിവ നിർബന്ധമായും പതിച്ചിരിക്കണം.

പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പരിശീലന ക്യാമ്പുകൾ എന്നിവിടങ്ങളിൽ സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ മാത്രമേ ഭക്ഷണ പാനീയ വിതരണത്തിന് ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് ബോട്ടിലുകൾ തെർമ്മോകോൾ കപ്പുകൾ, പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കണം.

പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷൻ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കും. പ്രചാരണ സാമഗ്രികൾ ശേഖരിച്ച് യൂസർഫീ നൽകി ഹരിതകർമസേനയ്ക്ക് കൈമാറണം. അല്ലാത്തപക്ഷം തദ്ദേശ സ്ഥാപനങ്ങൾ അത് നീക്കം ചെയ്ത് ചെലവ് സ്ഥാനാർഥികളിൽ നിന്ന് ഈടാക്കും.ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മുഖേന നിരീക്ഷണം ശക്തമാക്കും.

തിരുവനന്തപുരം: ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അലൻ എന്ന 18-കാരൻ കുത്തേറ്റ് മരിച്ച കേസിൽ നിർണായക പുരോഗതി. ജഗതി സ്വദേശിയായ ജോബി (20)യാണ് കുത്തിയതെന്നാണ് പോലീസ് സ്ഥിരീകരിച്ചത്. മ്യൂസിയം പോലീസിൽ രണ്ട് ക്രിമിനൽ കേസുകളുള്ള ഇയാൾ ഒളിവിൽ കഴിയുകയാണ്. അരിസ്റ്റോ ജങ്ഷൻ തോപ്പിൽ ഡി–47-ൽ മഞ്ജുവിന്റെ മകൻ അലൻ തിങ്കളാഴ്ച നെഞ്ചിൽ കുത്തേറ്റ് മരിച്ചു.

തർക്കത്തിനിടയിൽ അലന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയെ തുടർന്നാണ് അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞത്. ഇവർ നഗരത്തിൽ തന്നെ ഒളിവിൽ കഴിയുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ ഷാഡോ പോലീസ് ഉൾപ്പെടെയുള്ള പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്. തർക്കം വളർന്നു കൊലപാതകത്തിലേക്ക് നീങ്ങാൻ ഇടയാക്കി. പുറത്തുനിന്ന് ഗുണ്ടകളെ വിളിച്ചു വരുത്തിയതാണെന്ന് പോലീസ് അറിയിച്ചു. ഇതിന് പിന്നിൽ 16-കാരനായ വിദ്യാർത്ഥിയുടെ ഇടപെടലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സന്ദീപ് (27), അഖിലേഷ് (20) എന്നിവരാണ് റിമാൻഡിലുള്ളത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. അലനെ ആക്രമിച്ചത് ഹെൽമെറ്റ് കൊണ്ട് അടിച്ചുവീഴ്ത്തിയതിനു ശേഷമായിരുന്നുവെന്നും, വാരിയെല്ലുകൾക്കിടയിലൂടെ ഹൃദയത്തിലേക്കാണ് ആയുധം തറച്ചതെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന്റെ പേര് വോട്ടർപട്ടികയിൽ ഇല്ലാത്തതിനാൽ, പേര് ചേർക്കണമെന്നാവശ്യപ്പെട്ട ഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞു. സെലിബ്രിറ്റി ആയതുകൊണ്ട് പ്രത്യേക പരിഗണന നൽകാനാവില്ലെന്നും, സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവർ ആദ്യം വോട്ടർപട്ടിക പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.

വൈഷ്ണയുടെ കേസുമായി ഇത് താരതമ്യം ചെയ്യാനാവില്ലെന്നും, അവളുടെ പേര് ആദ്യം പട്ടികയിൽ ഉണ്ടായിരുന്നെന്നും അവസാന നിമിഷമാണ് വെട്ടി പുറത്താക്കിയതെന്നും കോടതി കൂട്ടിച്ചേർത്തു. കോടതി വിധി മാനിക്കുന്നുവെന്ന് വിനു പ്രതികരിച്ചു; വർഷങ്ങളായി വോട്ട് ചെയ്യാറുണ്ടെന്നും പട്ടികയിൽ പേര് ഉണ്ടാകുമെന്ന് കരുതിയിരുന്നുവെന്നും, യുഡിഎഫിനൊപ്പം തുടരുമെന്നും പ്രചാരണത്തിൽ പങ്കെടുക്കണമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശവോട്ടെടുപ്പ് ദിവസങ്ങളായ ഡിസംബർ 9നും 11നും പൊതുഅവധി നൽകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്കും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കും അവധി പ്രഖ്യാപിക്കണമെന്നാണ് നിർദേശം.

വോട്ടെടുപ്പ് ദിവസങ്ങളെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം അവധിദിനങ്ങളായി കണക്കാക്കണമെന്നും കമ്മീഷൻ പറഞ്ഞു. ഫാക്ടറികളിൽ, പ്ലാന്റേഷനുകളിൽ, മറ്റ് സ്ഥാപനങ്ങളിലുളള തൊഴിലാളികൾക്കും വോട്ട് ചെയ്യാൻ സൗകര്യം ഉറപ്പാക്കാൻ തൊഴിലുടമകൾ നടപടി എടുക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.

കൂടാതെ, കേന്ദ്ര സർക്കാർ വകുപ്പുകളിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി നൽകാൻ നടപടിയെടുക്കണമെന്ന് കമ്മീഷൻ കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പിനെയും അറിയിച്ചിട്ടുണ്ട്. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം.

ശബരിമലയിൽ തിരക്ക് കുറയ്ക്കാൻ സ്പോട്ട് ബുക്കിങ് 20,000 പേർക്കായി മാത്രമായി ചുരുക്കും. ഇപ്പോള്‍ ദിവസവും 30,000-ത്തിലധികം പേർ സ്പോട്ട് ബുക്കിങ് വഴി എത്തുന്നതുകൊണ്ട് തിരക്ക് നിയന്ത്രിക്കാനാകാത്ത നിലയായിരുന്നു. അധികമായി വരുന്ന ഭക്തർക്ക് അടുത്ത ദിവസം ദർശനം നടത്താൻ സൗകര്യം ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു.

നിലയ്ക്കലിൽ ഏഴ് പുതിയ ബുക്കിങ് കേന്ദ്രങ്ങൾ ഉടൻ പ്രവർത്തനം ആരംഭിക്കും. സന്നിധാനത്ത് ഭക്തസാന്നിധ്യം കുറയുന്ന നേരം മുതൽ നടപ്പന്തലിലേക്ക് ആളുകളെ കടത്തിവിടും. കുടിവെള്ളം, ലഘുഭക്ഷണം, ചുക്കുകാപ്പി എന്നിവ ലഭ്യമാക്കുന്നതിനായി ക്യൂ കോംപ്ലക്സിൽ 200 ജീവനക്കാരെ കൂടി നിയോഗിച്ചിരിക്കുന്നു എന്നും ശൗചാലയ ശുചീകരണത്തിനും 200 പേരെ കൂടി ചേർത്തതായി തൃശൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

മണ്ഡല–മകരവിളക്ക് ഉത്സവത്തിനായി ഇതുവരെ 1,96,594 പേർ ദർശനം നടത്തി. ഞായറാഴ്ച വൈകിട്ട് അഞ്ചിന് നടതുറന്നതിന് ശേഷം 53,278 പേർ എത്തി, തിങ്കളാഴ്ച 98,915 പേരും ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 വരെ 44,401 പേരും ദർശനം നടത്തി. ഇപ്പോൾ 70,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 20,000 പേർക്ക് സ്പോട്ട് ബുക്കിങ് വഴിയും ദർശനം അനുവദിക്കപ്പെടുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ വധശ്രമത്തിന് ആഹ്വാനം ചെയ്ത കന്യാസ്ത്രീയെ തള്ളി സിഎംസി സന്യാസിനി സമൂഹം.

ടീന ജോസെന്ന സന്യാസിനി സഭയുടെ ഭാഗമല്ലെന്ന് സന്യാസിനി സമൂഹം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. “സിഎംസി സന്യാസിനി സഭയിലെ ടീന ജോസിന്റെ പ്രാഥമിക അംഗത്വം സഭയുടെ നടപടിക്രമങ്ങള്‍ക്ക് വിധേയപ്പെട്ട് 04/04/2009 തീയതിയില്‍ നഷ്ടപ്പെട്ടതാണ്.

എന്നാല്‍ മാനുഷിക പരിഗണനയില്‍ ഞങ്ങള്‍ നല്‍കിയ അനുമതിയില്‍ അവര്‍ ഞങ്ങളുടെ ഒരു ഭവനത്തില്‍ സൗജന്യമായി താമസിച്ച്‌ അഭിഭാഷകവൃത്തി ചെയ്ത് ജീവിച്ച്‌ വരുന്നു .

മേല്‍പ്പറഞ്ഞ തീയതി മുതല്‍ സന്യാസ വസ്ത്രം ധരിക്കുവാന്‍ നിയമപരമായി അനുവാദമോ അവകാശമോ ഇല്ലാത്തതാണ്). ടീന ജോസ് ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണമായും അവരുടെ മാത്രം തീരുമാനത്തിലും ഉത്തരവാദിത്വത്തിലും ആണ്. ഇപ്പോള്‍ അവര്‍ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെ ഞങ്ങള്‍ അപലപിക്കുന്നു,” എന്നാണ് സന്യാസിനി സമൂഹത്തിന്റെ പ്രസ് റിലീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved