അങ്കമാലിയിൽ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വില്ലനായത് എസിയെന്ന് നിഗമനം. എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കാണ് തീപിടുത്തത്തിനുള്ള കാരണം എന്നാണ് കരുതുന്നത്. കൂടാതെ മുറിയിലെ വയറിങ്ങിലും ചി പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട് നൽകും.
എസിയിൽ നിന്നുള്ള വിഷപുക ശ്വസിച്ച് ബോധം പോയതിനാലാണ് രക്ഷപെടാൻ സാധിക്കാതിരുന്നതെന്നാണ് വിലയിരുത്തൽ. മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ശരീരത്തിൽ കെമിക്കലുകളുടെ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കാൻ സ്കിൻ സാമ്പിൾ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
വ്യവസായിയായ ബിനീഷ് കുര്യന്‍, ഭാര്യ അനു, മക്കളായ ജോവാന ബിനീഷ്, ജെസ്വിന്‍ ബിനീഷ് എന്നിവരാണ് മരിച്ചത്. ഇരുനില വീടിന്റെ മുകള്‍നിലയിലെ മുറിയിലായിരുന്നു ദമ്പതികളും രണ്ട് മക്കളും കിടന്നുറങ്ങിയിരുന്നത്. ഈ മുറിയില്‍ മാത്രമാണ് തീപിടിത്തം ഉണ്ടായത്. ആധുനിക സൗകര്യങ്ങളോട് കൂടിയ വീടായതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത കുറവാണ്. മുറിയില്‍ എസി പ്രവര്‍ത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനത്തിലെത്തിയത്.
ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ കുമരകം, ആർപ്പൂക്കര, അയ്മനം, വെച്ചൂർ ഗ്രാമപഞ്ചായത്തുകളിൽ താറാവ്, കോഴി, കാട, വളർത്തു പക്ഷികൾ എന്നിവയുടെ വിൽപനയ്ക്ക് വിലക്ക്.
പക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വിപണനവും നീക്കവും ജൂൺ 12 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിറക്കി. മുൻകരുതലുകൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. പോലീസ്, ആർ.ടി.ഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് പരിശോധനകളും നടത്തും.
കേരളത്തിൽ വീണ്ടും മഴ അതിശക്തമാവുകയാണ്.വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.
അതെസമയം നാളെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 09-06-2024ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിളും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. വേനൽ മഴയോടൊപ്പം ലഭിക്കുന്ന ഇടിമിന്നലുകൾ അപകടകാരികളാണെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റ ഇടതു പക്ഷത്തെ വിമര്‍ശിച്ച യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഹിതന്‍മാര്‍ക്കിടയിലും ചില വിവര ദോഷികള്‍ ഉണ്ടാകുമെന്നും ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നുമാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ മാധ്യമങ്ങളില്‍ പഴയ ഒരു പുരോഹിതന്റെ വാക്കുകള്‍ കാണാന്‍ കഴിഞ്ഞു. പ്രളയമാണ് ഈ സര്‍ക്കാരിന് അധികാരത്തിലേറ്റിയത്. ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ട എന്നാണ് ആ പുരേഹിതന്‍ പറഞ്ഞത്.
പുരോഹിതന്‍മാരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്. ആരും ഇവിടെ ഒരു പ്രളയമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനെ ശരിയായ രീതിയില്‍ അതിജീവിക്കാന്‍ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് കേരളം ലോകത്തിന് നല്‍കിയ പാഠമെന്നും പിണറായി പറഞ്ഞു.
പ്രളയകാലത്ത് സഹായിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രങ്ങള്‍ തീര്‍ത്തും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു. നമ്മുടെ നാടിന്റെ ഒരു പ്രത്യേകതയാണ് അതിനെയെല്ലാം അതിജീവിക്കാന്‍ സഹായകമായത്.
വലിയ ദുരന്തമാണെങ്കിലും തലയില്‍ കൈവച്ച് കരഞ്ഞിരിക്കാനല്ല നാം തയ്യാറാത്. അതിനെ അതിജീവിക്കും എന്ന് കേരളം ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. ആ അതിജീവനം ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും വലിയതോതില്‍ പ്രശംസിക്കപ്പെട്ടതായും പിണറായി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് കാരണം ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് രണ്ടാം സര്‍ക്കാരിന്റെ നിലവാര തകര്‍ച്ചയാണെന്ന് കൂറിലോസ് അഭിപ്രായപ്പെട്ടിരുന്നു. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാര്‍ഷ്ട്യവും ധൂര്‍ത്തും ഇനിയും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടികള്‍ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക.
എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല.’കിറ്റ് രാഷ്ട്രീയത്തില്‍’ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല, പ്രത്യേകിച്ച് കേരളത്തില്‍. തിരുത്തുമെന്ന് നേതൃത്വം പറയുന്നത് സ്വാഗതാര്‍ഹമാണ്. അത് പക്ഷേ തൊലിപ്പുറത്തുള്ള തിരുത്തല്‍ ആവരുത്.
രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തില്‍ തന്നെ ഇറങ്ങണം. ഇടതുപക്ഷം ‘ഇടത്ത് ‘ തന്നെ നില്‍ക്കണം. ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാല്‍ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമില്ലെന്നായിരുന്നു മാര്‍ കൂറിലോസിന്റെ വിമര്‍ശനം.
കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാംഗമായ നടൻ സുരേഷ് ഗോപി ഇനി കേന്ദ്രമന്ത്രി. എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. സുരേഷ് ഗോപി മന്ത്രിയാവാൻ താത്പര്യം പ്രകടിപ്പിച്ചില്ലെന്ന് നേരത്തെ റിപ്പോർട്ടുകള്‍ വന്നിരുന്നു. എന്നാല്‍, പാർട്ടി നേതൃത്വം നിർദേശിച്ചതോടെ സുരേഷ് ഗോപി എതിർപ്പില്ലാതെ അംഗീകരിക്കുകയായിരുന്നു.
കേരളത്തില്‍ ശ്രദ്ധേയമായ വിജയം നേടിയ സുരേഷ് ഗോപി മന്ത്രിസഭയില്‍ ഉണ്ടാവണമെന്ന് കേന്ദ്ര നേതൃത്വം നിർബന്ധം ചെലുത്തുകയായിരുന്നു. ഞായറാഴ്ച നരേന്ദ്ര മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും.
നേരത്തെ, കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഇനിയും മറുപടി പറയുന്നത് നെഗറ്റീവ് ആവുമെന്നായിരുന്നു ഡല്‍ഹിയിലെത്തിയ സുരേഷ് ഗോപി പ്രതികരിച്ചത്. ഒരുപാട് പേര് വിളിച്ചു ഉപദേശിച്ചുവെന്നും എല്ലാം ദൈവ നിശ്ചയം പോലെ നടക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഇന്നത്തെ ദിവസം അതിരുകളില്ലാത്ത സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാ എംപി എന്ന ഭാരം തലയില്‍ എടുത്തു വയ്ക്കുന്നില്ല. താൻ എംപിമാരില്‍ ഒരാളാണെന്നും സുരേഷ് ഗോപി പറഞ്ഞു. വീറും വാശിയോടെയും മറ്റുള്ളവർക്ക് ചെയ്യാൻ പറ്റാത്തത് ചെയ്യണം. താൻ കേരളത്തിനെ പ്രതിനിധീകരിക്കുന്നയാളാണെന്നും ഒരു പ്രദേശത്തിന്റെ പ്രതിനിധി ആക്കേണ്ടതില്ലെന്നും സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു.
ഞായറാഴ്ച തന്നെയായിരിക്കും മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഞായറാഴ്ച വൈകിട്ട് ആറിനാണ് സത്യപ്രതിജ്ഞയെന്ന് മുതിർന്ന നേതാവ് പ്രഹ്ലാദ് ജോഷി പാർലമെന്ററി പാർട്ടി യോഗത്തില്‍ അറിയിച്ചു. എൻഡിഎയുടെ, നിയുക്ത എംപിമാരെ കൂടാതെ മുഖ്യമന്ത്രിമാരും മറ്റ് പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂൺ 4-ാം തീയതി ഫലപ്രഖ്യാപനം നടന്നപ്പോൾ എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തി നിർണ്ണായക മാറ്റങ്ങളാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ചത്. അതിരാവിലെ 4 മണി മുതൽ വാശിയേറിയ ചർച്ചകളും സംവാദങ്ങളും ആണ് കേരളത്തിലെയും ദേശീയതലത്തിലെയും തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് യുകെയിലുടനീളമുള്ള മലയാളികളുടെ ഇടയിൽ നടന്നത്. അതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് രാഹുൽഗാന്ധി രണ്ട് മണ്ഡലങ്ങളിലും ജയിച്ച സാഹചര്യത്തിൽ ആര് ഇനി വയനാട് മണ്ഡലത്തിൽ മത്സരിക്കും എന്നുള്ളതായിരുന്നു.
യുകെ മലയാളികൾ ആഗ്രഹിച്ചതു പോലെ പ്രിയങ്ക ഗാന്ധി ലോകമെങ്ങുമുള്ള മലയാളികളുടെ പ്രിയങ്കരിയായി കേരളത്തിൽ മത്സരിക്കുമെന്നുള്ളത് ഏകദേശം ഉറപ്പായതായാണ് സൂചനകൾ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ വയനാട്ടിൽ നാമനിർദ്ദേശം സമർപ്പിക്കും. അങ്ങനെ ഇന്ദിരയുടെ കൊച്ചുമകനും കൊച്ചുമകളും കേരളത്തിൽ നിന്നുള്ള എംപിമാരായി ചരിത്രം സൃഷ്ടിക്കാനാണ് ഒരുങ്ങുന്നത്.
യുകെയിലെ തിരഞ്ഞെടുപ്പ് അവലോകന മലയാളി കൂട്ടായ്മകളിൽ വയനാട്ടിലേയ്ക്ക് പ്രിയങ്ക ഗാന്ധി വരാനുള്ള ആഗ്രഹം ഒട്ടേറെ പേർ നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഗാന്ധി കുടുംബത്തോട് എപ്പോഴും വൈകാരികമായ അടുപ്പമുള്ളവരാണ് യുകെ മലയാളികൾ. കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിട്ട അവസരത്തിൽ രാഹുൽഗാന്ധിക്ക് താങ്ങും തണലുമായിരുന്നവരാണ് വയനാട്ടിലെ വോട്ടർമാർ. ഈ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രണ്ടിടത്തും വിജയിക്കുകയാണെങ്കിൽ വയനാട് ഉപേക്ഷിക്കാനുള്ള വിമുഖത രാഹുൽ ഗാന്ധി പ്രകടിപ്പിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയെ നിർത്തുന്നതിലൂടെ രാഹുൽ ഗാന്ധി മണ്ഡലം കൈയ്യൊഴിയുന്നുവെന്ന എതിരാളികളുടെ പ്രചാരണത്തെയും തടയിടാനാവുമെന്നാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. പ്രിയങ്ക ഗാന്ധി അമേഠിയിൽ മത്സരിക്കാതിരുന്നതിന്റെയും പിന്നിലും രാഹുൽ എം.പി സ്ഥാനമൊഴിയുമ്പോൾ വയനാട്ടിൽ മത്സരിക്കും എന്ന ലക്ഷ്യം വച്ചായിരുന്നു .
ഇതിനിടെ കെ . മുരളീധരൻ വയനാട്ടിൽ മത്സരിക്കും എന്ന രീതിയിലുള്ള പ്രചാരണങ്ങൾ അസ്ഥാനത്താണെന്നാണ് അറിയാൻ സാധിച്ചത്. ദേശീയ രാഷ്ട്രീയത്തിനു പകരം കേരളത്തിൽ സജീവമാകാനാണ് അദ്ദേഹം താത്‌പര്യപ്പെടുന്നത്. നേരത്തെ കെപിസിസി പ്രസിഡൻ്റായിരുന്ന കെ മുരളീധരൻ സംഘടനാതലത്തിലും മറ്റും കേരളത്തിൽ സജീവമാകുന്നത് ചിലർക്ക് ഭീഷണിയാകുമെന്ന കണക്കുകൂട്ടലുകളാണ് അദ്ദേഹത്തെ ലോക്സഭയിലേയ്ക്ക് വീണ്ടും മത്സരിപ്പിക്കാനുള്ള ചർച്ചകൾക്ക് പിന്നിലെന്ന സംസാരവും നിലവിലുണ്ട്. നിലവിലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും കെ മുരളീധരനും ഒത്തുചേർന്ന ഒരു അച്ചുതണ്ട് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ രൂപപ്പെട്ടാലും അത്ഭുതപ്പെടാനില്ല. കഴിഞ്ഞ ദിവസം കെ മുരളീധരന്റെ വീട്ടിലെത്തി കെപിസിസി പ്രസിഡൻറ് നടത്തിയ ചർച്ചകൾ രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.
പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിയുടെ പരാജയത്തില്‍ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി. നേതാവ് പി.സി. ജോര്‍ജ്. നാടുമായി ഒരു ബന്ധവുമില്ലാത്തയാളാണ് അനിലെന്നും ബി.ജെ.പിയുടെ വോട്ട് പോലും അദ്ദേഹത്തിന് കിട്ടിയില്ലെന്നും ജോര്‍ജ് പറഞ്ഞു.
അയാള്‍ക്ക് ഉണ്ടാക്കാവുന്നതില്‍ ഏറ്റവും വലിയ ഓളമാണ് ഇപ്പൊ ഉണ്ടാക്കിയത്. ഇതില്‍ കൂടുതല്‍ പറ്റില്ല. കാരണം നാടുമായി ഒരുബന്ധവുമില്ല. പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചിട്ട് വന്നതാണെന്നേ ഉള്ളൂ. ബി.ജെ.പിയുടെ വോട്ട് പോലും വീണില്ല.
തൃശൂരെങ്ങനെയാ സുരേഷ് ഗോപി വോട്ട് നേടിയത്? അയാളവിടെ പോയങ്ങ് കിടക്കുകയാ. നാടുമായിട്ടുള്ള ബന്ധം. എല്ലാ പ്രശ്‌നങ്ങളിലും ഇടപെട്ട്, എല്ലാവരുമായും ബന്ധം സ്ഥാപിച്ചു.’ -ജോര്‍ജ് പറഞ്ഞു.
അനില്‍ ആന്റണിയെ ഞാന്‍ ആദ്യമായി അറിയുന്നത് ഇവിടെ വന്നിട്ടാണ്. അതിന് മുമ്പ് അറിയില്ല. സ്ഥാനാര്‍ഥി നിര്‍ണയം പാളിപ്പോയി. കെ. സുരേന്ദ്രനോ രമേശോ കുമ്മനം രാജശേഖരനോ ശ്രീധരന്‍പിള്ളയോ നിന്നിരുന്നെങ്കില്‍ ഇവിടെ ബി.ജെ.പി. വിജയിച്ചേനെ. ഇയാളെ ആളുകള്‍ക്ക് അറിയില്ല. മലയാളത്തില്‍ പ്രസംഗിക്കാനും അറിയില്ല.’
കേന്ദ്രത്തില്‍ മോദിസര്‍ക്കാരിന്റെ പ്രഭാവം കുറഞ്ഞിട്ടുണ്ട്. അത് നന്നായി എന്നാണ് എന്റെ അഭിപ്രായം. കാരണം, ജനം ഇങ്ങനെയും ചെയ്യുമെന്ന് നമ്മുടെ പല നേതാക്കളും മനസിലാക്കട്ടെ. അതിന്റെ ഗുണം എന്താന്നുവെച്ചാല്‍ വരുന്നകാലത്ത് കുറവുകള്‍ എന്താണെന്ന് പരിശോധിച്ച് തിരുത്തി ശക്തമായി പോകാന്‍ കഴിയും.
അങ്ങനെ പോയാല്‍ ഇന്ത്യ മഹാരാജ്യം ബി.ജെ.പിയുടെ കയ്യില്‍ 15 കൊല്ലത്തേക്ക് കൂടി സുരക്ഷിതമായിരിക്കുമെന്നതില്‍ സംശയം വേണ്ട.’ -ജോര്‍ജ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരിടത്തും കണ്ടില്ലെന്നും അതുകൊണ്ടാണ് അവിടെ ബി.ജെ.പിയ്ക്ക് തിരിച്ചടി നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാഴിക്കാടന്‍ ശുദ്ധനാ, അതിന്റെ നേതാവാ കുഴപ്പക്കാരന്‍. ജോസ് കെ. മാണി ഉള്ളിടത്ത് രക്ഷപ്പെടുകയില്ല. ചാഴിക്കാടന്‍ മാറി ജോസഫിന്റെ കൂട്ടത്തിലെങ്ങാന്‍ കൂടിയാല്‍ നല്ലതാണെന്നാണ് എന്റെ അഭിപ്രായം. അവനൊരു നല്ല ചെറുക്കനാ. മാണി ഗ്രൂപ്പ് പിരിച്ചുവിടുന്നതാണ് നല്ലത്. ജോസ് കെ. മാണിക്ക് ശ്രീലങ്കയിലൊക്കെ ബിസിനസുണ്ടല്ലോ. നമ്മുടെ പിണറായിയുടെയൊക്കെ ഷെയറായിട്ടാണെന്നാണ് പറയുന്നത്. അതൊക്കെ നോക്കിനടത്തട്ടെ.’ -പി.സി. ജോര്‍ജ് പറഞ്ഞു.
നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ മുങ്ങി ഗുരുതരാവസ്ഥയിലായ നാലു വയസ്സുകാരൻ മരിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശി ധ്യാൻ നാരായണ നാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വീടിനടുത്തുള്ള കുളത്തിൽ വെച്ചാണ് അപകടമുണ്ടായത്.
രക്ഷിതാക്കൾ നീന്തൽ പഠിപ്പിക്കുന്നതിനിടെ കുട്ടി മുങ്ങി പോവുകയായിരുന്നു. ബോധരഹിതനായ കുട്ടിയെ ഉടൻ പുറത്തെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.
ഇടുക്കി പൈനാവിൽ രണ്ടുവയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി. രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പരിക്കേറ്റിട്ടുണ്ട്. പൈനാവ് സ്വദേശികളായ അന്നക്കുട്ടി (57) കൊച്ചുമകളായ ദിയ എന്നിവർക്കാണ് പൊള്ളലേറ്റത്. കഞ്ഞിക്കുഴി സ്വദേശിയായ സന്തോഷാണ് ആക്രമണത്തിന് പിന്നിൽ.
വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. സന്തോഷിന്റെ ഭാര്യാമാതാവ്, ഭാര്യയുടെ സഹോദരന്റെ മകൾ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. പെട്രോൾ ഒഴിച്ച് തീകൊളുത്താനായിരുന്നു ശ്രമം.
ബഹളം വെച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞിന് 30 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഭാര്യാമാതാവ് അന്നക്കുട്ടിയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. രണ്ടുപേരേയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ കോട്ടയത്തെ താരമണ്ഡലമാക്കിയ ഘടകം കേരളാ കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ആയിരുന്നു. ആദ്യം ചിഹ്നത്തിന് വേണ്ടിയായിരുന്നു പോരാട്ടം. അന്ന് വിജയം ജോസ് കെ മാണിയ്ക്ക് ഒപ്പം നിന്നു. ലേക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും ചിഹ്നത്തിനായി അവസാനം വരെ കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ അംഗീകാരം കിട്ടിയ ഓട്ടോ ചിഹ്നത്തില്‍ ഡല്‍ഹിയ്ക്ക് ഫ്രാന്‍സിസ് ജോര്‍ജ് ടിക്കറ്റ് എടുക്കുമ്പോള്‍ ആ വിജയം പി.ജെ ജോസഫിന് അവകാശപ്പെട്ടതാണ്.
2020 ല്‍ ആണ് ജോസ് പക്ഷം യുഡിഎഫിനെ വിട്ട് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നത്. പിന്നീട് 2021 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മാണി സി കാപ്പനോട് ജോസ് കെ മാണി പരാജയപ്പെട്ടു. എല്‍ഡിഎഫ് തരംഗത്തിലും സ്വന്തം തട്ടകത്തില്‍ ജോസ് കെ മാണി രുചിച്ച പരാജയം ജോസഫ് ജോസ് പോരാട്ടത്തിലെ നാഴികകല്ലാണ്. പിന്നീട് ജോസ് കെ മാണി ഇടതുമുന്നണിയുടെ രാജ്യസഭാംഗമായി.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എ ആയ തോമസ് ചാഴികാടനെയാണ് ജോസ് പക്ഷം ഇടതുമുന്നണിയ്ക്കായി രംഗത്തിറക്കിയത്. വോട്ട് ചോദിച്ചത് അത്രയും രണ്ടിലയുടെ പാരമ്പര്യം പറഞ്ഞും, തുടര്‍ച്ചയായി ഒരേ ചിഹ്നത്തില്‍ മത്സരിക്കുന്ന പാര്‍ട്ടിയെന്ന പേരിലുമാണ്. ഈ തിരഞ്ഞെടുപ്പ് യഥാര്‍ത്ഥ കേരളാകോണ്‍ഗ്രസിനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പാണെന്ന ഒറ്റ പ്രസ്താവന കൊണ്ടാണ് ഫ്രാന്‍സിസ് ജോര്‍ജും പാര്‍ട്ടിയും ഈ പ്രചാരണത്തെ പ്രതിരോധിച്ചത്.
ജോസ് പക്ഷത്തിന് ഒരു എം.പിയെ ആത്യാവശമായിരുന്നു. ഒരു പാര്‍ട്ടിയായി അംഗീകരിക്കപ്പെടാനും ഒപ്പം സ്വന്തമായി ഒരു ചിഹ്നം ലഭിക്കാനും. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ജോസഫ് ഗ്രൂപ്പിന് ജീവന്‍മരണ പോരാട്ടമായിരുന്നു. ആ പോരാട്ടത്തില്‍ പി.ജെ ജോസഫ് വിജയിച്ചിരിക്കുന്നു.
ഈ വിജയം ജോസഫ് ഗ്രൂപ്പിന്റെ ഭാവി ശോഭനമാക്കിയെങ്കിലും ജോസ് പക്ഷത്തിന്റെ ഭാവി ചോദ്യചിഹ്നമാണ്. രാജ്യസഭാ അംഗത്വം നീട്ടിത്തരണമെന്ന് ജോസ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് എല്‍ഡിഎഫ് അംഗീകരിച്ചില്ലെങ്കില്‍ ജോസ് പക്ഷത്തേക്ക് ഒരു ലയനമോ യുഡിഎഫിലേക്ക് ഒരു തിരിച്ചുവരവോ മാത്രമായിരിക്കും ഏക പോംവഴി.