Kerala

സംസ്ഥാനത്ത് മഴ കനത്തു.നിലമ്പൂരിൽ 11 , കോഴിക്കോട് 9 , വടകര 8 സെന്റിമീറ്റർ വീതം മഴ ലഭിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട് ,മലപ്പുറം ,കോഴിക്കോട് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലാ ഭരണകൂടങ്ങളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി.

വെള്ളിയാഴ്ച വരെ മൺസൂൺ സജീവമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 50 കി.മി. വരെ വേഗതയുള്ള കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ശ്രദ്ധിക്കണം. സംസ്ഥാനത്ത് വരുന്ന 48 മണിക്കൂറിൽ പരക്കെ മഴ കിട്ടും. ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ട്.

മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും കേരള കോണ്‍ഗ്രസ് ബി നേതാവുമായ ആര്‍ ബാലകൃഷ്ണപ്പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് റിപ്പോര്‍ട്ട് .തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് കുഴഞ്ഞു വീണത്. ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ റിമാന്‍ഡിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വഞ്ചിയൂര്‍ മജിസ്ട്രേറ്റിന്‍റെ ഉത്തരവ് പ്രകാരമാണ് നടപടി. ആദ്യം ജില്ലാ ജയിലില്‍ എത്തിച്ച് ജയില്‍ ഡോക്ടര്‍ പരിശോധിച്ച ശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ശ്രീറാമിനെ ചികില്‍സിച്ചിരുന്ന കിംസ് ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടും ജയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചു. നട്ടെല്ലിന് പരുക്കും ഛര്‍ദിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയിലെന്ന പ്രതീതിയുണ്ടാക്കാന്‍ സ്ട്രെച്ചറില്‍ കിടത്തി മുഖത്ത് മാസ്ക് വച്ചാണ് ശ്രീറാമിനെ കിംസ് ആശുപത്രില്‍നിന്ന് പുറത്തേയ്ക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സിലാണ് മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ചത്. ആംബുലന്‍സിനുള്ളില്‍ എത്തിയാണ് മജിസ്ടേറ്റ് ശ്രീറാമിനെ കണ്ടത്.

കേസിൽ നിന്നും തടിയൂരാൻ ശ്രീറാം വെങ്കിട്ടരാമൻ പല വഴികളും പലരുടെയും സഹായത്തോടെ തേടുമ്പോൾ ഐഎഎസുകാരെനെ കുരുക്കിലാക്കുന്നതാണ് വഫാ ഫിറോസിന്റെ മൊഴി. അപകട സമയത്ത് കാറോടിച്ചിരുന്നത് ശ്രീറാമാണെന്നും നന്നായി മദ്യപിച്ചിരുന്നതായും വഫ മൊഴിയിൽ വ്യക്തമാക്കുന്നു. പതുക്കെ പോകാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഇയാൾ കേട്ടില്ലെന്നും താൻ വാഹനമോടിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലെന്നും യുവതി പറയുന്നു. മൊഴിയുടെ പൂർണരൂപം ഇങ്ങനെ:

‘എനിക്ക് 16 വയസുള്ള മകളുണ്ട്. ഞാന്‍ ബഹറൈനില്‍നിന്ന് ഒരു മാസത്തേക്ക് അവധിക്ക് വന്നതാണ്. ശ്രീറാം എന്റെ സുഹൃത്താണ്. അപകടം നടന്ന സമയത്ത് ശ്രീറാമാണ് കാര്‍ ഓടിച്ചിരുന്നത്. രാത്രി ഞാന്‍ ഗുഡ് നൈറ്റ് മെസേജ് എല്ലാ സുഹൃത്തുക്കള്‍ക്കും അയയ്ക്കും. കൂടെ ശ്രീറാമിനും അയച്ചു. സാധാരണ ശ്രീറാം പ്രതികരിക്കാറില്ല. എന്നാൽ ഇന്നലെ (അപകടം നടന്ന ദിവസം രാത്രി) ശ്രീറാം പ്രതികരിച്ചു.

വാഹനം ഉണ്ടോയെന്ന് എന്നോട് ചോദിച്ചു. ഞാന്‍ ഉണ്ടെന്നു പറഞ്ഞു. കാറുമായി കവടിയാറില്‍ വരാന്‍ പറഞ്ഞു. ഞാന്‍ മകളോട് ശ്രീറാമിനെ ഡ്രോപ്പ് ചെയ്തിട്ടു വരാമെന്നു പറഞ്ഞു വീട്ടില്‍നിന്ന് ഇറങ്ങി. കവടിയാര്‍ പാര്‍ക്കിന്റെ ഭാഗത്തെത്തിയപ്പോള്‍ ശ്രീറാം ഫോണിലായിരുന്നു. ഫോണ്‍ ചെയ്തശേഷം ശ്രീറാം കാറില്‍ കയറി. ഞാനാണ് വണ്ടി ഓടിച്ചത്. കഫേ കോഫീഡേയ്ക്ക് സമീപമെത്തിയപ്പോള്‍ ഞാൻ വാഹനം ഓടിക്കണോ എന്ന് ശ്രീറാം ചോദിച്ചു. നിങ്ങള്‍ക്ക് വാഹനം ഓടിക്കണമെങ്കില്‍ ആകാമെന്നു ഞാനും പറഞ്ഞു.

ശ്രീറാം വാഹനത്തിന്റെ പുറകിലൂടെ ഡ്രൈവിങ് സീറ്റിലേക്ക് കയറി. ഞാന്‍ അകത്തുകൂടി കാലിട്ടാണ് അപ്പുറത്തെ സീറ്റിലേക്ക് മാറിയത്. സിഗ്നല്‍ ലൈറ്റില്ലാത്തതിനാല്‍ വാഹനം അമിത വേഗതയിലായിരുന്നു. പതുക്കെ പോകാന്‍ ഞാന്‍ പല പ്രാവശ്യം പറഞ്ഞു. എന്നാല്‍ വളരെ വേഗത്തിലാണ് ശ്രീറാം വണ്ടി ഓടിച്ചത്. മ്യൂസിയം പൊലീസ് സ്റ്റേഷന്‍ കഴിഞ്ഞുള്ള വഴിയില്‍ ഒരു ബൈക്ക് പതുക്കെ പോകുന്നുണ്ടായിരുന്നു.

ഞങ്ങളുടെ വാഹനം അമിത വേഗതയിലായിരുന്നതിനാല്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. ബ്രേക്ക് ചവിട്ടിയിട്ടും കിട്ടിയില്ല. ശ്രീറാമും ഞാനും ചാടി പുറത്തിറങ്ങി. എയര്‍ ബാഗ് ഓപ്പണ്‍ ആയിരുന്നു. ശ്രീറാം അപകടം നടന്ന ആളെ പൊക്കിയെടുത്തു റോഡില്‍ കൊണ്ടുവന്നു. പൊലീസ് വന്നു. എന്നോട് വീട്ടില്‍ പോകാന്‍ എല്ലാവരും ആവശ്യപ്പെട്ടു. ശ്രീറാം മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നു. വീട്ടില്‍പോയി 2 മണി ആയപ്പോള്‍ ഞാന്‍ സ്റ്റേഷനില്‍ തിരിച്ചുവന്നു. കാര്‍ ഞാന്‍ ഓടിച്ചിരുന്നെങ്കില്‍ അപകടം ഉണ്ടാകില്ലായിരുന്നു.

ഇന്ത്യൻ നേവിയുടെ വിശാഖപട്ടണത്തെ ഈസ്‌റ്റേൺ നേവൽ കമാൻഡിൽ സിവിലിയൻ മോട്ടോർ ഡ്രൈവർ ഒാർഡിനറി ഗ്രേഡ് തസ്തികയിലയി 104 ഒഴിവുകളുണ്ട്. ഉടൻ വിജ്ഞാപനമാകും.

യോഗ്യത: പത്താം ക്ലാസ്, ഫസ്‌റ്റ്‌ ലൈൻ മെയിന്റനൻസ് പരിജ്‌ഞാനം. ഹെവി വെഹിക്കിൾ, മോട്ടോർ സൈക്കിൾ ഡ്രൈവിങ് ലൈസൻസ്. ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ്ങിൽ ഒരു വർഷം പ്രവൃത്തിപരിചയം.

പ്രായം: 18-25 വയസ്. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവനുവദിക്കും. വിമുക്തഭടൻമാർക്കും കേന്ദ്ര സർക്കാർ ജീവനക്കാർക്കും ചട്ടപ്രകാരം ഇളവ്.

ശമ്പളം: 19900-63200 രൂപ.

അപേക്ഷിക്കേണ്ടവിധം: വിശദവിവരങ്ങളും അപേക്ഷാഫോം മാതൃകയും www.indiannavy.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഒൗദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.

ഇടുക്കി : ടാര്‍പ്പോളിന്‍ ഷീറ്റും ഫ്ളെക്സ് ബോര്‍ഡുമൊക്കെ വലിച്ചുകെട്ടി അതിനടിയില്‍ കഴിഞ്ഞുകൂടുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ?. ഉത്തരേന്ത്യയിലല്ല, നമ്മുടെ സ്വന്തം കേരളത്തില്‍! വാസയോഗ്യമായ വീടുകളില്ലാതെ ദുരിത ജീവിതം നയിക്കുന്നവര്‍ പതിനായിരക്കണക്കിനുണ്ട് ഇപ്പോഴും നമ്മുടെ നാട്ടില്‍. കൂടുതലും മലയോര പ്രദേശങ്ങളിലും ആദിവാസി ഊരുകളിലുമാണ്. പ്രളയത്തിനുശേഷം സ്ഥിതി വീണ്ടും വഷളായി. പലര്‍ക്കും ആ കൂരകള്‍ പോലും നഷ്ടപ്പെട്ടു. അതേസമയം ഏറ്റവുമധികം ആഡംബരവീടുകള്‍ പുതിയതായി ഉയരുന്നതും കേരളത്തിലാണ്. ഈ വൈരുധ്യങ്ങള്‍ക്കിടയിലും വീടില്ലാതെ വിഷമിക്കുന്ന പാവപ്പെട്ടവര്‍ക്ക് സഹായഹസ്തമേകുകയാണ് നാടുകാണി കപ്പൂച്ചിന്‍ ആശ്രമത്തിലെ വൈദികനായ ഫാദര്‍. ജിജോ കുര്യന്‍.

വെറും 12 ദിവസം കൊണ്ട് രണ്ടോ മൂന്നോ അംഗങ്ങളുള്ള കുടുംബത്തിനു താമസിക്കാവുന്ന ഒരു കൊച്ചുവീട്. ആകെ വേണ്ടത് രണ്ടു സെന്റ് സ്ഥലം. ചെലവ് ഒന്നര മുതല്‍ രണ്ടു ലക്ഷം രൂപ വരെ മാത്രം. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 15 വീടുകള്‍ നിര്‍മിച്ചു കൈമാറിക്കഴിഞ്ഞു. ഫെയ്‌സ്ബുക് കൂട്ടായ്മകളും പ്രവാസിമലയാളികളുമാണ് ഓരോ വീടുകളും സ്‌പോണ്‍സര്‍ ചെയ്യുന്നത്. നേരിട്ട് പണം കൈപ്പറ്റാതെ ഗുണഭോക്താക്കളെയും സ്‌പോണ്‍സറെയും ബന്ധിപ്പിക്കുകയാണ് ഫാ. ജിജോ കുര്യന്‍ ചെയ്യുന്നത്. ഒരു ബെഡ്റൂം, ബാത്റൂം, ഹാള്‍, കിച്ചന്‍ എന്നിവയാണ് 220 ചതുരശ്രയടിയില്‍ ഉള്‍ക്കൊള്ളിച്ചത്. രണ്ടു കിടപ്പുമുറിയുള്ള വീട് 300 ചതുരശ്രയടിയും.

പ്ലാനും രൂപകല്‍പനയും അച്ചന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. നിര്‍മാണത്തില്‍ സഹായിക്കുന്നത് പ്രദേശത്തുള്ള മേസ്തിരിമാരും. ചെലവ് കുറയ്ക്കാന്‍ കോണ്‍ക്രീറ്റിനു പകരം ഫൈബര്‍ സിമന്റ് ബോര്‍ഡുകള്‍ ഉപയോഗിച്ചാണ് ഭിത്തി കെട്ടുന്നത്. പല സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന പഴയ ഓടുകള്‍ കഴുകി പുനരുപയോഗിച്ചാണ് മേല്‍ക്കൂര മേയുന്നത്.


വീടുകളുടെ ഗുണഭോക്താക്കളില്‍ എല്ലാവരും പാവപ്പെട്ടവരാണ്. മക്കള്‍ ഉപേക്ഷിച്ച പ്രായമായ മാതാപിതാക്കള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച കൈകുഞ്ഞുങ്ങളുള്ള സ്ത്രീകള്‍ തുടങ്ങിയവരാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് കുടുംബങ്ങള്‍ അപേക്ഷയുമായി വന്നപ്പോള്‍ രണ്ടു മുറികളുള്ള വീടാക്കി പദ്ധതി വികസിപ്പിച്ചു. അതിന്  രണ്ടു ലക്ഷം രൂപ വരെ ചെലവ് വരുന്നുണ്ട്. ഇവരില്‍ പലരും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവരോ ഉദ്യോഗസ്ഥ അനാസ്ഥയുടെ ചുവപ്പുനാടയില്‍ കുരുങ്ങിയവരോ ഒക്കെയാണ്. അവരെ സംബന്ധിച്ചിടത്തോളം ചെറുതെങ്കിലും അടച്ചുറപ്പുള്ള വീടെന്നത് വലിയ കാര്യമാണ്. ഫാദര്‍ ചൂണ്ടിക്കാട്ടുന്നു.


മിക്കപ്പോഴും ഒരു കൈലിയും ഷര്‍ട്ടുമൊക്കെയാണ് അച്ചന്റെ വേഷം. അതുകൊണ്ട് വൈദികനാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാവുകയില്ല. ഒഴിവുവേളകളില്‍ ആശ്രമത്തില്‍ കൃഷിയും വളര്‍ത്തു മൃഗങ്ങളുടെ പരിപാലനവുമായി അച്ചന്‍ സജീവമാകുന്നു. പുതിയകാലത്ത് ആധ്യാത്മികത പ്രസംഗത്തില്‍ മാത്രമൊതുക്കുന്ന പട്ടക്കാരില്‍ നിന്നും പ്രവൃത്തി കൊണ്ട് വേറിട്ട് നില്‍ക്കുകയാണ് ഈ വൈദികന്‍.

ഷൂട്ടിങ് സെറ്റിലെ അസൗകര്യങ്ങളെക്കുറിച്ച തുറന്ന് പറഞ്ഞ് നടി മാലാ പാര്‍വതി. കാളിദാസ് ജയറാം നായകനാകുന്ന ഹാപ്പി സര്‍ദാര്‍ എന്ന സിനിമയുടെ സെറ്റിലുണ്ടായ പ്രശ്‌നമായിരുന്നു പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിലേക്കും പിന്നീട് വലിയ ചര്‍ച്ചയിലേക്കും എത്തിയത്. പിന്നീട് ആ പ്രശ്‌നം പരിഹരിച്ചുവെന്നും കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അവര്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഇതിനു പിന്നാലെ ‘നായകനും നായികയ്ക്കും ഇല്ലാത്ത കാരവന്‍, നായികയുടെ അമ്മ വേഷം ചെയ്യുന്നയാള്‍ക്ക്’ വേണമെന്നും നിര്‍മാതാവിനുണ്ടാകുന്ന ബുദ്ധിമുട്ട് മനസിലാകാത്ത നടിമാരാണ് മലയാള സിനിമയുടെ ശാപമെന്നും നിര്‍മാതാവിന്‍റെ ക്യാഷറായ സഞ്ജയ് പാല്‍ ആരോപണമുന്നയിച്ചിരുന്നു. ഇതോടെയാണ് സെറ്റില്‍ നടന്ന സംഭവത്തിന്റെ അനുഭവം വിവരിച്ചുകൊണ്ട് മാലാ പാര്‍വതി രംഗത്തെത്തിയത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;

Happy sardar.. എന്ന സിനിമയിൽ അമ്മ നടി കാരവൻ ചോദിച്ചു എന്നൊരാരോപണം Sanjay Pal ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസർടെ കാഷ്യർ ആണ് ആള്. . ചായ, ഭക്ഷണം, ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവൻ ചോദിക്കാൻ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതൽ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തന്നിരുന്നിടത്ത് ബ്ലോക്ക്‌ ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാൻ കാരവൻ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെൺകുട്ടികൾക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങൾ? Sanjay Pal എന്ന ആൾക്കുള്ള മറുപടിയാണിത്.
ബില്ല് ചുവടെ ചേർക്കുന്നു.
ഈ സെറ്റിലെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. തല്ക്കാലം നിർത്തുന്നു.

തിരുവനന്തപുരം: കുറ്റങ്ങളെല്ലാം നിഷേധിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്. തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ശ്രീറാം കുറ്റങ്ങള്‍ നിഷേധിച്ചിരിക്കുന്നത്. എല്ലാം മാധ്യമ സൃഷ്ടിയാണെന്നും മാധ്യമങ്ങള്‍ പറയുന്നതു പോലെ തനിക്കെതിരെ നടപടി സ്വീകരിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ ആരോപിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. താന്‍ മദ്യപിച്ചിട്ടില്ല എന്നും അപകടത്തില്‍ തനിക്കും ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നും ശ്രീറാം പറയുന്നു. അപകടത്തില്‍ ഇടതു കൈയ്ക്ക് പരുക്കേറ്റിട്ടുള്ളതായി ശ്രീറാം ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.

സ്വകാര്യ ആശുപത്രിയിൽ നിന്ന്‌ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റാനായി ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ കോടതി (അഞ്ച്‌)മജിസ്‌ട്രേറ്റ് എസ്‌.ആർ.അമലിന്റെ വീട്ടിലെത്തിച്ചപ്പോഴാണ്‌ ജാമ്യാപേക്ഷ നൽകിയത്‌. അപേക്ഷ മജിസ്‌ട്രേറ്റ് സ്വീകരിച്ചില്ല. തിങ്കളാഴ്‌ച കോടതിയിൽ നൽകാൻ നിർദേശിക്കുകയായിരുന്നു. അഭിഭാഷകരായ വി.എസ്‌.ഭാസുരേന്ദ്രൻ നായർ, ആർ.പ്രവീൺ കുമാർ എന്നിവരാണ്‌ പ്രതിക്കുവേണ്ടി ഹാജരായത്‌.

ശ്രീറാം വെങ്കിട്ടരാമൻ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ജയിലിലേക്ക് കൊണ്ടുപോകും എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, ജയിൽ സൂപ്രണ്ട് നടത്തിയ പരിശോധനയ്ക്ക് ശേഷം ശ്രീറാമിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെല്‍ വാര്‍ഡിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയിരിക്കുന്നത്. പൂജപ്പുര സബ് ജയിലിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍, ജയിലിന് മുന്നിലെ വൈദ്യപരിശോധനയ്ക്ക് ശേഷം ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

കിംസ് ആശുപത്രിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ പ്രതിഷേധം ശക്തമായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ പൊലീസ് നിര്‍ബന്ധിതരാകുകയായിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിലേക്കാണ് ആദ്യം കൊണ്ടുപോയത്. സ്ട്രച്ചറിലായിരുന്നു കിംസില്‍ നിന്ന് ശ്രീറാമിനെ പുറത്തേക്ക് എത്തിച്ചത്. മാസ്‌ക് വച്ച് മുഖം മറച്ചിരുന്നു. കിംസ് ആശുപത്രിയുടെ തന്നെ ആംബുലന്‍സില്‍ കയറ്റി മജിസ്‌ട്രേറ്റിന് മുന്നിലേക്ക് കൊണ്ടുപോയി. കൈയില്‍ ബാന്‍ഡേജ് ചുറ്റിയിരുന്നു.

മജിസ്‌ട്രേറ്റ് ആംബുലന്‍സിനുള്ളിലേക്ക് എത്തിയാണ് ശ്രീറാമിനെ കണ്ടത്. കിംസ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പരിശോധിച്ച മജിസ്‌ട്രേറ്റ് ശ്രീറാമിനെ ജില്ലാ ജയിലിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. ചികിത്സ ലഭിക്കേണ്ട ആരോഗ്യപ്രശ്‌നങ്ങളൊന്നും ശ്രീറാം വെങ്കിട്ടരാമന് ഇല്ല എന്ന് മജിസ്‌ട്രേറ്റ് പറയുകയായിരുന്നു. എന്നാല്‍, ആവശ്യമെങ്കില്‍ ജയില്‍ സൂപ്രണ്ടിനെ കൊണ്ട് പരിശോധന നടത്താമെന്നും മജിസ്‌ട്രേറ്റ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മജിസ്‌ട്രേറ്റ് ഇടപെട്ടതോടെ ശ്രീറാം വെങ്കിട്ടരാമന്‍ ജയിലിലാകും എന്ന അവസ്ഥയിലേക്ക് എത്തി. ഒടുവില്‍ പൂജപ്പുര ജില്ലാ ജയിലിലേക്ക് ശ്രീറാമിനെ എത്തിച്ചു. എന്നാല്‍, പിന്നീട് അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. രണ്ട് മണിക്കൂറോളം ജയിലിന് മുന്നില്‍ ആംബുലന്‍സ് നിര്‍ത്തിയിട്ടു. അത്രയും നേരം ആംബുലന്‍സിനുള്ളില്‍ കിടക്കുകയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍. പിന്നീട് ജയില്‍ സൂപ്രണ്ട് വന്ന് പരിശോധനകള്‍ നടത്തി. ഇവിടെ ശ്രീറാം വെങ്കിട്ടരാമന് തുണയായത് സ്വകാര്യ ആശുപത്രിയിലെ റിപ്പോര്‍ട്ട് ആണെന്നാണ് സൂചന. ശ്രീറാമിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കാണിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് സ്വകാര്യ ആശുപത്രി നല്‍കിയതെന്ന് സൂചനയുണ്ട്.

സൂപ്രണ്ട് വന്ന് പരിശോധിച്ച ശേഷവും ആംബുലന്‍സ് ജയിലിന് മുന്നില്‍ തന്നെ കിടന്നു. സൂപ്രണ്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെ ജയിലിനുള്ളിലേക്ക് പോയി. പിന്നെയും ചര്‍ച്ചകള്‍ നീണ്ടു. ഒടുവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ശ്രീറാമിനെ മെഡിക്കല്‍ കോളേജിലെ സെല്‍ വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു. 54 വയസ്സായിരുന്നു. എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി സെന്‍റ് ജോൺസ് പള്ളിയിൽ നടക്കും.

കൊച്ചിയിലെ സിനിമാ – ടി വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എംഡിയായിരുന്നു അനിത തച്ചങ്കരി. സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു അവർ. ലണ്ടൻ സ്കൂൾ ഓഫ് മ്യൂസികിൽ നിന്ന് 8th ഗ്രേഡിൽ പിയാനോ കോഴ്‍സ് പാസ്സായ മികച്ച പിയാനോ വിദഗ്‍ധയുമായിരുന്നു.മക്കൾ: മേഘ, കാവ്യ. മരുമക്കൾ: ഗൗതം, ക്രിസ്റ്റഫർ.

മദ്യപിച്ച് വണ്ടിയോടിച്ച് മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ റിമാൻഡ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയായ കിംസിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആഢംബര സൗകര്യങ്ങളോടെയുളള സ്വകാര്യ ആശുപത്രിയിലെ വാസം വിവാദമായ സാഹചര്യത്തിലാണ് നടപടി. റിമാൻഡിലായിരുന്നിട്ടും അച്ഛന്‍റെയും ബന്ധുക്കളുടെയും ഒപ്പമാണ് ശ്രീറാം വെങ്കിട്ടരാമൻ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. ശ്രീറാമിന്‍റെ വാട്‍സാപ്പ് നമ്പർ പലപ്പോഴും ഓൺലൈനിലുമായിരുന്നു. എന്താണ് ശ്രീറാമിന്‍റെ ആരോഗ്യപ്രശ്നമെന്ന് പൊലീസോ ആശുപത്രി അധികൃതരോ വ്യക്തമാക്കിയിരുന്നില്ല.

സ്ട്രച്ചറില്‍ കിടത്തിയാണ് ശ്രീറാമിനെ പുറത്തേക്ക് കൊണ്ടുവന്നത്. മുഖത്ത് മാസ്ക് ഇട്ടിരുന്നു. ശ്രീറാം കണ്ണടച്ച് കിടക്കുകയായിരുന്നു. കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ശ്രീറാമിന്‍റെ കൈയ്ക്കും കാലിനും ഒടിവ് ഇല്ലെന്നാണ് ഇതുവരെ ഡോക്ടർമാർ നൽകിയ വിവരം. ഇടിച്ചതിന്‍റെ പരിക്കുകളാണുള്ളത്. വലിയ പരിക്കുകളില്ലെന്നാണ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും വിശദീകരിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോ വിഭാഗത്തിന്‍റെ പരിശോധനയ്ക്ക് ശേഷമാകും എങ്ങോട്ടാണ് മാറ്റുക എന്ന കാര്യം തീരുമാനിക്കുക.

അപകടമുണ്ടായ ശേഷം, തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ ശ്രീറാമിനെ മെഡിക്കൽ കോളേജിലേക്കാണ് റഫർ ചെയ്തത്. എന്നാൽ ശ്രീറാം ഇത് കേൾക്കാതെ സ്വകാര്യ ആശുപത്രിയായ കിംസിലേക്കാണ് പോയത്. സുഹൃത്തുക്കളായ ഡോക്ടർമാരുടെ സംഘം ശ്രീറാമിനൊപ്പമുണ്ടായിരുന്നു കിംസിൽ എന്നാണ് വിവരം.

അതേസമയം ഐഎസുകാരൻ ശ്രീറാം വെങ്കിട്ടരാമനെതിരെ പൊലീസ്‌ ചുമത്തിയത്‌ 10 വർഷംവരെ തടവ്‌ ലഭിക്കാവുന്ന 304 വകുപ്പുക‍ളാണ്. ബോധപൂർവമായ നരഹത്യ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കൽ, അലക്ഷ്യമായി വാഹനമോടിക്കൽ തുടങ്ങി 10വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 28 ദിവസമെങ്കിലും റിമാൻഡിൽ കഴിയാതെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് ചുമത്തിയത്.

കാറിൽ ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതുകൂടാതെ മദ്യപിച്ച്‌ വാഹനം ഓടിച്ചതിന്‌ മോട്ടോർ വാഹന ആക്ടിലെ 186, 188 തുടങ്ങിയവ വകുപ്പുകളും ചേർത്തിട്ടുണ്ട്‌. ശ്രീറാം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്‌ച രാത്രി ജുഡീഷ്യൽ കോടതി അഞ്ചിലെ മജിസ്‌ട്രേട്ട്‌ എ ആർ അമൽ എത്തിയാണ്‌ 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തത്‌. പൊലീസ്‌ കാവൽ ഏർപ്പെടുത്തി. ഡിസ്‌ചാർജ്‌ ചെയ്‌താൽ സബ്‌ജയിലിലേക്ക്‌ മാറ്റും.ഒരു പഴുതും ശേഷിപ്പിക്കാതെ അന്വേഷണംവേണമെന്നും വീഴ്‌ച ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ പൊലീസ്‌ മേധാവിയോട്‌ നിർദേശിച്ചിട്ടുണ്ട്‌.

ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് വര്‍ഷങ്ങളായി അബുദാബിയില്‍ മോഡലിങ് രംഗത്തു സജീവമെന്ന് പൊലീസും. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ശ്രീറാമുമായി സൗഹൃദമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉന്നതരുമായി വഫയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു. പട്ടം മരപ്പാലം സ്വദേശിയായ വഫ കുറച്ചുനാള്‍ മുന്‍പു വിവാഹബന്ധം വേര്‍പെടുത്തി.വഫ അബുദാബിയില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമായിരുന്നു താമസം. ബന്ധത്തില്‍ വിള്ളലുണ്ടായതോടെ ഈയിടെയാണ് നാട്ടിലെത്തിയത്.

തിരുവനന്തപുരം-കൊല്ലം ജില്ലാ അതിര്‍ത്തിയായ നാവായിക്കുളത്താണ് കുടുംബവീട്. ഇവിടത്തെ വിലാസത്തിലാണ് അപകടത്തില്‍പ്പട്ട കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. അതിവേഗത്തിന് മോട്ടോര്‍വാഹന വകുപ്പ് നേരത്തേയും ഈ കാറിന് പിഴചുമത്തിയിട്ടുണ്ട്.ഒട്ടേറെ ഐ.എ.എസ്.-ഐ.പി.എസ്. ഉദ്യോഗസ്ഥരുമായി പരിചയമുണ്ട്.

അപകടത്തില്‍ വഫ ഫിറോസിനെതിരെയും കേസെടുത്തു. മദ്യപിച്ച്‌ വാഹനമോടിച്ചത് പ്രോത്സാഹിപ്പിച്ചതിനാണ് കേസെടുത്തത്. ഐ.പി.സി 184, 188 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.

 

തൃശ്ശൂർ: ചാലക്കുടിയിൽ ശക്തമായ കാറ്റ്. നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. വെട്ടുകടവ് ഭാ​ഗത്ത് രാവിലെ ഒമ്പത് മണിയോടെയാണ് കാറ്റ് ആഞ്ഞുവീശിയത്. ആളപായമില്ല.

ചാലക്കുടി പുഴയുടെ ഭാഗത്ത് നിന്ന് വീശിയ കാറ്റ് വെട്ടുകടവ് ഭാഗത്താകെ ആഞ്ഞടിക്കുകയായിരുന്നു. പത്ത് മിനിറ്റോളം നീണ്ടുനിന്ന ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

വീടുകളുടെ മുകളിൽ പാകിയിരുന്ന ഷീറ്റുകൾ പറന്നുപോയി. പല ഭാഗത്തും മരങ്ങൾ വീണു. വൈദ്യുതി ലൈനുകൾക്ക് കേട് പറ്റിയതോടെ പല ഭാഗത്തും വൈദ്യുതി ലഭ്യത താറുമാറായി. വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കടകൾക്ക് മുന്നിൽ വിൽപനക്ക് വച്ചിരുന്ന വസ്തുക്കൾ പറന്നു പോയി.

പഞ്ചായത്ത് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി. റോഡിൽ വീണ മരങ്ങൾ നീക്കം ചെയ്യാനും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ പ്രദേശത്ത് തുടരുകയാണ്

RECENT POSTS
Copyright © . All rights reserved