പത്തനംതിട്ട∙ കുപ്പിവെള്ളം ലിറ്ററിന് 11 രൂപയ്ക്ക് ഇനി റേഷൻ കടകളിലും ലഭിക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. റേഷൻ കടകളുടെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായും റേഷൻ വ്യാപാരികൾക്കു വരുമാന വർധനയും ലക്ഷ്യമിട്ടാണ് റേഷൻ ഇതര സാധനങ്ങളും റേഷൻ കടകൾ വഴി വിതരണം െചയ്യുന്നത്. റേഷൻ കടകള്‍ വഴി മറ്റു സാധനങ്ങൾ വിൽക്കുന്നതിനുള്ള തടസം ഒഴിവാക്കിയാണു പുതിയ സർക്കാര്‍ ഉത്തരവ്. സപ്ലൈകോ ശബരി ബ്രാൻഡിന്റെ 23 സാധനങ്ങൾ ഉൾപ്പെടെ ഇനി ലഭിക്കും.
കുപ്പിവെള്ളത്തിന്റെ കാര്യത്തിൽ കൃത്യമായ നിബന്ധനയുണ്ട്. ബിഐഎസ് അംഗീകാരമുള്ള കുപ്പിവെള്ളം മാത്രമേ വിൽക്കാൻ പാടുള്ളു. 11 രൂപ എന്നതു വില വിവരപട്ടികയിൽ ഉൾപ്പെടുത്തണം. സപ്ലൈകോയുടെ ശബരി ഉൽപന്നങ്ങൾ അല്ലാതെ മറ്റൊന്നും വിൽക്കാനും പാടില്ല. വെളിച്ചെണ്ണ, തേയില, വാഷിങ് സോപ്പ്, പുട്ടുപൊടി, അപ്പം പൊടി, കായം, ഉപ്പ് പൊടി തുടങ്ങി 23 ശബരി ബ്രാൻഡുകളാണ് വിൽപനയ്ക്കു വരുന്നത്.
ഇതൊക്കെ എംആർപി വിലയെക്കാൾ താഴ്ന്ന വിലയ്ക്കു നൽകാനാകുമെന്നാണു സർക്കാർ വാദം. റേഷൻ കടകൾ ജിഎസ്ടിയുടെ പരിധിയിൽ വരാത്തതിനാലാണ് ഇത്തരത്തിൽ വില താഴ്ത്തി വിൽക്കാനാകുന്നതത്രെ. 14,336 റേഷൻ കടകളാണു കേരളത്തിലുള്ളത്. തൊട്ടടുത്ത മാവേലി സ്റ്റോറുകളിൽ നിന്ന് ശബരി സാധനങ്ങൾ വാങ്ങണമെന്നാണ് റേഷൻ കടകൾക്ക് നൽകിയ നിർദേശം.
എന്നാൽ തുവരപരിപ്പ്, കടല, പയർ, വൻപയർ, ചെറുപയർ, ഉഴുന്ന്, വറ്റൽ മുളക്, പഞ്ചസാര, മല്ലിപ്പൊടി തുടങ്ങി മാവേലി സ്റ്റോറുകൾ വഴി വിലകുറച്ച് നൽകുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ റേഷൻ കടകൾ വഴി ലഭ്യമാക്കിയാലെ ജനങ്ങൾക്ക് ഇൗ തീരുമാനംകൊണ്ടു ഗുണമുണ്ടാകുവെന്നാണു റേഷൻ കടക്കാരുടെ അഭിപ്രായം. റേഷൻകടകളെ വിലനിയന്ത്രണ വിൽപന കേന്ദ്രമാക്കുമെന്നായിരുന്നു ഇടതു മുന്നണിയുടെ പ്രകടന പത്രികയിലും വ്യക്തമാക്കിയിരുന്നത്. ഇൗ ലക്ഷ്യത്തിലെത്താൻ വില കുറച്ചു നിത്യോപയോഗ സാധനങ്ങൾ റേഷൻ കടകൾ വഴി ലഭ്യമാക്കണമെന്നതാണ് ഉയരുന്ന ആവശ്യം.
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സീറ്റിനെ ചൊല്ലി ബിഡിജെഎസിൽ ആശയക്കുഴപ്പം. അരൂരിന് പകരം കോന്നി സീറ്റ് ആവശ്യപ്പെടണമെന്ന നിലപാടിലാണ് ബിഡിജെഎസിലെ ഒരു വിഭാഗം നേതാക്കൾ. എന്നാൽ നേരത്തെ മത്സരിച്ച അരൂർ അല്ലാതെ മറ്റൊരു സീറ്റും ബിഡിജെഎസിന് നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബിജെപി.
ബിഡിജെഎസിന് ഭേദപ്പെട്ട സംഘടനാസംവിധാനമുള്ള മണ്ഡലമാണ് അരൂർ. എന്നാൽ മണ്ഡലത്തിലെ നിലവിലെ സാഹചര്യങ്ങൾ പാർട്ടിക്ക് പ്രതികൂലമാണെന്നാണ് ബിഡിജെഎസിന്‍റെ വിലയിരുത്തല്‍. എസ്എൻഡിപിയുടെ പിന്തുണയില്ലാത്തതുതന്നെയാണ് പ്രധാന കാരണം. അങ്ങനെയെങ്കിൽ അരൂരിന് പകരം കോന്നി സീറ്റ് ആവശ്യപ്പെടണമെന്നാണ് സംസ്ഥാന കൗൺസിലിൽ വന്ന നിർദ്ദേശം. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് കോന്നി മണ്ഡലത്തിൽ കാര്യമായി വോട്ട് വർധിച്ചിരുന്നു. സാമുദായിക ഘടകങ്ങൾ അരൂരിനെക്കാൾ അനുകൂലം കോന്നിയിലാണെന്നും ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
അടുത്ത ദിവസങ്ങളിൽ ബിജെപിയുമായുള്ള ഉഭയകക്ഷിചർച്ചകളിൽ സീറ്റ് സംബന്ധിച്ച അന്തിമധാരണയുണ്ടാകും. എന്നാൽ അരൂർ അല്ലാതെ മറ്റൊരു സീറ്റും ബിഡിജെഎസിന് നൽകാൻ ബിജെപി ഒരുക്കമല്ല. തുഷാർ തന്നെ മത്സരിക്കണമെന്ന ആവശ്യവും ബിജെപി നേതാക്കൾ മുന്നോട്ടുവച്ചിരുന്നു. വട്ടിയൂർക്കാവ് പോലെ മുതിർന്ന നേതാക്കളെ രംഗത്ത് ഇറക്കാൻ ബിജെപി ലക്ഷ്യമിടുന്ന മണ്ഡലം കൂടിയാണ് കോന്നി.
ചിറിപാഞ്ഞുവന്ന ബസില്‍ നിന്നും തലനാരിഴക്കാണ് കാര്‍ യാത്രികര്‍ രക്ഷപെട്ടത്. സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ ജീവന് എത്രത്തോളം ഭീഷണിയുണ്ടെന്ന് വ്യക്തമാക്കും വിധമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ ഈ വീഡിയോ.
മരണം മുന്നില്‍ കണ്ട നിമിഷത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കാര്‍ യാത്രികരായ ഈ കുടുംബം.മലപ്പുറം തിരൂര്‍-താനൂര്‍ റോഡില്‍ കാര്‍ യാത്രികരായ കുടുംബം എതിര്‍ ദിശയില്‍ പാഞ്ഞുവന്ന ബസില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
അമിത വേഗത്തില്‍ വരികയായിരുന്ന ബസ് മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റുകയും ഉടന്‍ ബ്രേക്ക് പിടിക്കുകയും ചെയ്ത ബസ് എതിരെ വന്ന കാറിന് തൊട്ടുമുന്നില്‍ റോഡിന് വിലങ്ങനെ നിന്നു. കാറില്‍ ഇടിക്കാതിരുന്നത് തലനാരിഴക്ക് മാത്രമാണ്.
പശുവിനെ കുറിച്ചുള്ള ചോദ്യത്തിന് നാലാം ക്ലാസ് വിരുതന്റെ ഉത്തരം; ചിരിപടർത്തിയെങ്കിലും ഒടുവിൽ ടീച്ചറും സമ്മതിച്ചു സർവ്വവിജ്ഞാനിയെന്ന്, സോഷ്യൽ മീഡിയയിൽ വൈറൽ അറിയാത്ത ചോദ്യങ്ങൾക്കു ഉത്തരമെഴുതി ചിരിപ്പിച്ച സംഭവം മുൻപും പല പ്രാവിശ്യം ഉണ്ടായിട്ടുണ്ട്. അത് വായിച്ചു നമ്മളിൽ പലരും ചിരിച്ചിട്ടും ഉണ്ട്. എന്നാൽ അറിയുന്ന കാര്യങ്ങളെ ബന്ധിപ്പിച്ച് ഉത്തരമെഴുതുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരത്തിലൊരു ഉത്തരക്കടലാസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നത്.
പശുവിനെക്കുറിച്ച് വിവരിക്കുക എന്നാണ് ചോദ്യം. നാലാം ക്ലാസിലെ വിദ്യാർഥിയുടെ പേര് ബുക്കിൽ കാണാം. പശു ഒരു വളർത്തുമൃഗമാണ് എന്ന വാചകത്തിൽ തുടങ്ങി അമേരിക്കയിലെത്തി നിൽക്കുന്ന ഉത്തരം. കേരളത്തിന്റെ മുഖ്യമന്ത്രിയെക്കുറിച്ചും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെക്കുറിച്ചും ഈ വിരുതൻ എഴുതിയിട്ടുണ്ട്.
ഉത്തരത്തിനൊടുവിൽ വലിയ ടിക്ക് മാർക്കിനൊപ്പം ചുവന്ന മഷി കൊണ്ട് സർവ്വവിജ്ഞാനി എന്ന് എഴുതിയിരിക്കുന്നത് കാണാം. ഭാവിയുടെ വാഗ്ദാനം എന്ന ക്യാപ്ഷനോടെ നിരവധി പേർ ഈ ഉത്തരക്കടലാസ് ഷെയർ ചെയ്യുന്നുണ്ട്.
ഉത്തരം ഇങ്ങനെ: പശു ഒരു വളർത്തുമൃഗമാണ്. പശു പാൽ തരുന്നു. പശുവിനെ കെട്ടിടുന്നത് തെങ്ങിലാണ്. തെങ്ങ് ഒരു കൽപ്പനവൃക്ഷമാണ്. ധാരാളം തെങ്ങുകൾ ഉള്ളതിനാലാണ് കേരളത്തിന് ആ പേര് വന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. തെരഞ്ഞെടുപ്പിലൂടെയാണ് മുഖ്യമന്ത്രിയായത്. പ്രധാനമന്ത്രിയും തെരഞ്ഞെടുക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്റുവാണ്. നെഹ്റുവും ഗാന്ധിജിയും ഒന്നിച്ചാണ് സ്വാതന്ത്ര്യസമരം ചെയ്തത്. ഗാന്ധിജി ആദ്യം ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്ക അമേരിക്കയുടെ കീഴിലായിരുന്നു. അമേരിക്കയാണ് ഏറ്റവും പൈസയുള്ള നാട്.
രണ്ടുദിവസം മുന്‍പ് കാണാതായ മലയാളിയെ സുഹൃത്തിന്റെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റ് ആയ എറണാകുളം ചോറ്റാനിക്കര കുരീക്കാട് വെണ്ട്രാപ്പിള്ളില്‍ ദീപു സോമന്‍ (39) ആണു മരിച്ചത്. പരേതനായ സോമന്റെയും ലിസമ്മയുടെയും മകനാണ്. രണ്ടു ദിവസം മുന്‍പ് ഓഫീസില്‍ പോകാനെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ ദീപുവിനെ പിന്നീട് കാണാതാവുകയായിരുന്നു.
ഫോണ്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്ന് ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ അബു ഷഹാരയിലെ ഒറ്റപ്പെട്ട സ്ഥലത്ത് തന്റെ കാര്‍ കിടക്കുന്നതു കണ്ട് സുഹൃത്ത് പരിശോധിച്ചപ്പോഴാണ് ദീപുവിനെ കാറിമുള്ളില്‍ മരിച്ചനിലയില്‍ കണ്ടതെന്നാണ് ലഭ്യമായ വിവരം. ഭാര്യ: റിങ്കു മക്കള്‍: ഇവാന്‍, എല്‍വിന, സഹോദരന്‍: ഫെബു സോമന്‍.
പ്രതിപക്ഷ നേതാക്കളെ ബിജെപി ചാക്കിട്ട് പിടിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായില്‍ നിന്നുണ്ടായ അനുഭവം വെളിപ്പെടുത്തി ത്രിപുരയിലെ സിപിഎം എം.പി. ബിജെപിയില്‍ ചേരാനുള്ള ക്ഷണത്തിന് അവര്‍ നല്‍കിയ മറുപടിയും കുറിക്കുകൊള്ളുന്നതായിരുന്നു.
ജര്‍ണാദാസ് ബൈദ്യ. സിപിഎമ്മിന്‍റെ ത്രിപുരയില്‍ നിന്നുള്ള രാജ്യസഭാംഗം. ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെയുള്ള അക്രമങ്ങളെക്കുറിച്ച് പരാതിപ്പെടാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പാര്‍ലമെന്‍റിലെ ഒാഫീസില്‍വച്ച് കണ്ടത്. എന്നാല്‍ അമിത് ഷായുടെ പ്രതികരണം എന്തായിരുന്നുവെന്ന് ജര്‍ണാദാസ് പറയുന്നതിങ്ങിനെ.
‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീര്‍ന്നു. താങ്കള്‍ക്ക് ബിജെപിയില്‍ ചേര്‍ന്നുകൂടെ’യെന്ന് അമിത് ഷാ ചോദിച്ചു. കനലൊരുതരി മതി ബിജെപിയെ നേരിടാനെന്ന ലൈനില്‍ ബൈദ്യയുടെ മറുപടി. താന്‍ നിലപാട് കടുപ്പിച്ചതോടെ അമിത് ഷാ വിഷയം മാറ്റിയെന്ന് ബൈദ്യ. സംഘര്‍ഷസാഹചര്യം നേരിട്ട് കണ്ട് മനസിലാക്കാന്‍ ത്രിപുരയില്‍ എത്തണമെന്ന് ആഭ്യന്തരമന്ത്രിയോട് അഭ്യര്‍ഥിച്ചാണ് ബൈദ്യ കൂടിക്കാഴ്ച്ച അവസാനിപ്പിച്ചത്.
അമിത് ഷാക്ക് രൂക്ഷമറുപടിയുമായി എംബി രാജേഷ്. രാജ്യസഭയിൽ ത്രിപുരയിൽ നിന്നുള്ള ഏക എംപിയാണ് ഝര്‍ണാദാസ്. തീവ്രവാദികൾ കൺമുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവൻ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവർ അന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചത്. അവരെയാണ് ഒരു നിവേദനം നൽകാൻ ചെന്നപ്പോൾ അമിത് ഷാ ബി.ജെ.പി.യിൽ ചേരാൻ ക്ഷണിച്ചത്. ഝർണാദാസ് അസാമാന്യമായ ധീരതയുള്ള വനിതയാണെന്നും എംബി രാജേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം:
”അമിത് ഷാ നിങ്ങൾക്ക് ആളു തെറ്റിപ്പോയി. ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങൾ സംസാരിച്ചത്. ഝർണാദാസ് അസാമാന്യമായ ധീരതയുള്ള വനിതയാണ്. എനിക്കവരെ 10 വർഷമായിട്ടറിയാം. അന്നും അവർ രാജ്യസഭയിൽ ത്രിപുരയിൽ നിന്നുള്ള ഏക എം പിയാണ്. ത്രിപുരയിൽ തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളിൽ അവരുടെ വീടാക്രമിച്ച തീവ്രവാദികൾ കൺമുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവൻ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവർ അന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചത്. അവരെയാണ് ഒരു നിവേദനം നൽകാൻ ചെന്നപ്പോൾ അമിത് ഷാ ബി.ജെ.പി.യിൽ ചേരാൻ ക്ഷണിച്ചത്. “ഞാൻ കാണാൻ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയേയാണ് ബി.ജെ.പി. അദ്ധ്യക്ഷനെയല്ല” എന്ന് മുഖമടച്ച മറുപടി കൊടുത്ത ഝർണ ഇത്രയും കൂടി കൂറുമാറാൻ പറഞ്ഞ അമിത് ഷാ യോട് പറഞ്ഞിട്ടാണ് വന്നത്.” ഒരു മാർക്സിസ്റ്റ് ഒറ്റക്കാണെങ്കിലും നിങ്ങളുടെ വർഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതും”. ഇതിനാണ് പ്രത്യയശാസ്ത്ര പ്രതിബദ്ധത എന്നു പറയുക. നിലപാട് എന്നും. അതില്ലാത്തതുകൊണ്ടാണ് കർണാടകയിലേയും ഗോവയിലേയുമൊക്കെ കോൺഗ്രസ് ജനപ്രതിനിധികൾ അമിത് ഷാ ഒരു വിരൽ ഞൊടിച്ചപ്പോൾ പിന്നാലെ പോയത്. അത് തിരിച്ചറിയുന്നതിനാലാണ് രാഹുൽ രാജിവെച്ച് പോയതും.
പ്രത്യയശാസത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിന് അടിയറ വെക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാർഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ഝർണക്ക് അഭിവാദ്യങ്ങൾ.
ലാൽസലാം ഝർണാദാസ്”.
ഇടുക്കിയില്‍ കനത്ത മഴ പെയ്‌തേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഉടുമ്പന്‍ ചോലയില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. അഞ്ച് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം തുറന്നെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.
വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാല് പേരെ കടലിൽ കാണാതായതായി. പുതിയതുറ സ്വദേശികളായ ലൂയീസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസൻ, ആന്റണി എന്നിവരെയാണ് കാണാതായത്. തീരസംരക്ഷണ സേനയും മറൈൻ എൻഫോഴ്സ്മെന്റും കടലിൽ തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും മത്സ്യബന്ധന തൊഴിലാളികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ബുധനാഴ്ച വൈകിട്ട് 3.30 ഓടെ വിഴിഞ്ഞം സ്വദേശി പുഷ്പരാജന്റെ ഉടമസ്ഥതയിലുള്ള ഔട്ട് ബോർഡ് എഞ്ചിൻ ഘടിപ്പിച്ച വള്ളത്തിൽ വിഴിഞ്ഞത്തു നിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ ഇന്നലെ രാവിലെ 10 മണിയോടെ മടങ്ങിയെത്തേണ്ടതായിരുന്നു. ഇന്നലെ വൈകിട്ട് മൂന്ന് മണിയായിട്ടും ഇവർ മടങ്ങിവരാത്തതിനെ തുടർന്ന് വള്ളത്തിന്റെ ഉടമ തീരദേശ പൊലീസ് , മറൈൺ എൻഫോഴ്സ് മെന്റ് എന്നിവരെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് തീരസംരക്ഷണ സേനയുടെ ചാർളി 441 എന്ന പട്രോൾ ബോട്ടും കടലിൽ തെരച്ചിൽ നടത്തിയെങ്കിലും മത്സ്യബന്ധന തൊഴിലാളികളെ കണ്ടെത്താനായില്ല. കടൽ പ്രക്ഷുബ്ധമായതിനെതുടർന്ന് മറൈൻ എൻഫോഴ്സ്മെന്റ് തെരച്ചിൽ നിര്‍ത്തി മടങ്ങിയെങ്കിലും തീരസംരക്ഷണ സേന തെരച്ചൽ തുടരുകയാണ്.
കൊച്ചി: ഉള്‍പ്പോരില്‍ ആടിയുലഞ്ഞ് എറണാകുളം-അങ്കമാലി അതിരൂപത. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. വിമത വൈദികര്‍ അതിരൂപത ആസ്ഥാനത്ത് പ്രാര്‍ഥനാ ഉപവാസ സമരം ആരംഭിച്ചു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള പുതിയ അധ്യക്ഷനെ വേണമെന്നുമാണ് ഉപവാസ സമരം നടത്തുന്ന വൈദികരുടെ ആവശ്യം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും വൈദികര്‍ പറയുന്നു. പള്ളികളിലെ ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നും പ്രതിഷേധം നടത്തുന്ന വൈദികര്‍ പറഞ്ഞിട്ടുണ്ട്.
ഇന്ന് ഫൊറോന വികാരിമാരുടെ യോഗം കര്‍ദിനാള്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിന് പിന്നാലെയാണ് വിമത വൈദികര്‍ കര്‍ദിനാളിനെതിരായ പ്രതിഷേധം കടുപ്പിച്ചത്. തങ്ങളുടെ പല ചോദ്യങ്ങള്‍ക്കും കര്‍ദിനാള്‍ നല്‍കിയ ഉത്തരങ്ങളില്‍ വ്യക്തതയില്ലെന്നാണ് വൈദികര്‍ പറയുന്നത്. കര്‍ദിനാള്‍ 14 കേസുകളില്‍ പ്രതിയാണെന്നും എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പായി അദ്ദേഹം തുടരേണ്ടതില്ലെന്നും വൈദികര്‍ പറയുന്നു. സിനഡ് അധ്യക്ഷ സ്ഥാനത്തുനിന്ന് ആലഞ്ചേരിയെ മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഫാ.ജോസ് വയലിക്കോടത്താണ് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. നേരത്തെയും കര്‍ദിനാളിനെതിരെ പ്രതിഷേധവുമായി വൈദികര്‍ രംഗത്തെത്തിയിരുന്നു. സഹായ മെത്രാന്‍മാരെ അറിയിപ്പൊന്നും കൂടാതെ പെട്ടെന്ന് മാറ്റിയ നടപടിയെ വൈദികര്‍ ചോദ്യം ചെയ്യുകയായിരുന്നു. കര്‍ദിനാളിനെതിരെ രൂക്ഷ വിമര്‍ശനമാണ് അന്ന് വിമത വൈദികര്‍ നടത്തിയത്.
മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെയാണ് ചുമതലയില്‍ നിന്ന് മാറ്റിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉത്തരവിനെ തുടര്‍ന്നാണിത്. പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഭൂമി ഇടപാട് വിവാദത്തെ തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച മാര്‍ ജേക്കബ് മനത്തോടത്തിനെയും ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. മാര്‍ ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപത ബിഷപ്പായി തുടരും.
എറണാകുളം-അങ്കമാലി അതിരൂപതയുടെ പൂര്‍ണ ഭരണചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മാത്രമായിരിക്കും എന്നും വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. സഹായ മെത്രാന്‍ സ്ഥാനത്തു നിന്ന് മാറ്റിയ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുടെ പുതിയ ചുമതലയെ കുറിച്ച് അടുത്ത സിനഡ് തീരുമാനിക്കും. എറണാകുളം-അങ്കമാലി അതിരൂപതയിലെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിമാസ ബജറ്റും സ്ഥാവരജംഗമ വസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള പ്രധാന രേഖകളും മേജര്‍ ആര്‍ച്ച് ബിഷപ് സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന് നല്‍കേണ്ടതാണെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.
സിറോ മലബാര്‍ സഭയുടെ അടുത്ത സിനഡ് ചേരുന്ന 2019 ഓഗസ്റ്റ് വരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണത്തില്‍ കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിനോടാണ് ആലോചന നടത്തേണ്ടത്. രാജ്യത്ത് നിലവിലുള്ള സിവില്‍ നിയമങ്ങളെ മാനിച്ചുകൊണ്ട് അതിരൂപതയുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ ഇക്കാലയളവില്‍ സ്വീകരിക്കാവുന്നതാണെന്നും വത്തിക്കാൻ പറയുന്നു.
ഓട്ടോറിക്ഷയിൽ നിന്നു ചാടിയിറങ്ങി പാലത്തിൽനിന്ന് ആറ്റിൽ ചാടിയ യുവാവ് ഭാര്യയുടെ കൺമുൻപിൽ മരിച്ചു. ഇരവിപേരൂർ പൂവപ്പുഴ ഇളവുംകണ്ടത്തിൽ സുനിൽകുമാർ (46) ആണ് ടികെ റോഡിൽ വള്ളംകുളം പാലത്തിൽനിന്നു മണിമലയാറ്റിലേക്ക് ചാടിയത്. ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. ഗൾഫിലായിരുന്ന സുനിൽകുമാർ ഒന്നരയാഴ്ച മുൻപാണ് നാട്ടിലെത്തിയത്.
അസുഖം ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 4 ദിവസം ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ഡോക്ടറെ കാണാൻ ആശുപത്രിയിലേക്ക് ഭാര്യ ജ്യോതിയോടൊപ്പം പോകുന്ന വഴിയാണ് സംഭവം. വള്ളംകുളം പാലത്തിൽ എത്തിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു. ഡ്രൈവർ വേഗം കുറച്ചപ്പോൾ ചാടിയിറങ്ങി ആറ്റിലേക്കു ചാടുകയായിരുന്നു. തിരുവല്ല അഗ്നിരക്ഷാസേനന നടത്തിയ തിരച്ചിലിൽ ഒരു മണിക്കൂറിനു ശേഷമാണ് മൃതദേഹം ലഭിച്ചത്. സംസ്കാരം പിന്നീട്. മക്കൾ: പ്രണവ്, ഗോകുൽ.