വീട്ടിലെ സാമ്പത്തിക പ്രയാസങ്ങള്‍ മൂലം പത്ത് ലക്ഷം രൂപയ്ക്ക് വൃക്ക വിറ്റുവെന്ന് തുറന്ന് സമ്മതിക്കുകയാണ് തൃശൂര്‍ മുല്ലശ്ശേരി സ്വദേശിയായ വീട്ടമ്മ. കേരളത്തിലും അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടെയാണ് ഇരയായ വീട്ടമ്മയുടെ വെളിപ്പെടുത്തല്‍.
മുല്ലശ്ശേരിയില്‍ മാത്രം രണ്ട് കൊല്ലത്തിനിടെ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമടക്കം ഏഴ് പേര്‍ അവയവം വിറ്റതായാണ് വിവരം. ഇവരിലൊരാളാണ് ഈ വീട്ടമ്മയും.
അവയവക്കച്ചവടത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന ‘കിഡ്നി വിശ്വൻ’ എന്നറിയപ്പെടുന്ന വിശ്വനാഥൻ എന്നയാളുടെ പേരും വീട്ടമ്മ പറയുന്നുണ്ട്. തങ്ങള്‍ ചെയ്തിട്ടുള്ള കാര്യത്തിന്‍റെ ഗൗരവം മനസിലാക്കാതെയാണ് ഇവരുടെ പ്രതികരണം. ഇത്തരത്തില്‍ ആളുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചുമാണ് അവയവം വില്‍ക്കുന്നതിലേക്ക് ഇടനിലക്കാരും മറ്റും എത്തിക്കുന്നത്.
പ്രധാനമായും സാമ്പത്തികപ്രശ്നങ്ങള്‍ അനുഭവിക്കുന്നവരെയാണ് പ്രതികള്‍ സമീപിച്ചിട്ടുള്ളത്. തങ്ങളുടെ പ്രശ്നങ്ങള്‍ മൂലം ഇവര്‍ പെട്ടെന്ന് സമ്മതവും നല്‍കും. പാലക്കാട് അവയവക്കച്ചടത്തിന് ഇരയായ ഷമീറും മുല്ലശ്ശേരിയിലെ വീട്ടമ്മയും അടക്കം കേസില്‍ ഇരകളായവരുടെയെല്ലാം പശ്ചാത്തലം ഇതുതന്നെ.
വിശ്വനാഥനെ കൂടാതെ ബേബി മനോഹരന്‍ എന്നൊരു ഇടനിലക്കാരനെ കുറിച്ച് കൂടി പരാതിയുണ്ട്. എന്നാലിവര്‍ക്കെതിരെ മൊഴി ലഭിച്ചിട്ടും ഉപകാര പ്രദമായ വിവരങ്ങളല്ലെന്ന് പറഞ്ഞ് ഗുരുവായൂര്‍ എസിപി അന്വേഷണം അവസാനിപ്പിച്ചു എന്നാണ് മുല്ലശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു ആരോപിക്കുന്നത്. ദാരിദ്ര്യം മുതലെടുത്താണ് പ്രദേശത്ത് അവയവക്കച്ചവട മാഫിയ പിടിമുറുക്കിയതെന്നും ബാബു പറയുന്നു.
താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാല്‍ ഒഴിയും. പുതിയ നേതൃത്വത്തിലേക്ക് വരാൻ മെഗാ താരം മമ്മൂട്ടിക്കും താല്‍പ്പര്യമില്ല. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇടവേള ബാബുവും ഉണ്ടാകില്ല.
ഇതോടെ അമ്മയുടെ നേതൃത്വത്തില്‍ ഇനി പ്രധാനപ്പെട്ട രണ്ട് സൂപ്പർ താരങ്ങളും സജീവ സാന്നിധ്യമാകില്ല. വിവാദങ്ങളോട് പ്രതികരിക്കാനുള്ള താല്‍പ്പര്യക്കുറവാണ് അമ്മയില്‍ നിന്നും മോഹൻലാലിനേയും അകറ്റുന്നത്.
ജൂണ്‍ 30-ന് കൊച്ചി ഗോകുലം കണ്‍വെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. 506 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. കഴിഞ്ഞ തവണ അമ്മയില്‍ മത്സരങ്ങള്‍ നടന്നു. ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ച മണിയൻ പിള്ള രാജു അടക്കം ജയിച്ചു. ഇത്തവണ കൂടുതല്‍ പേർ മത്സരിക്കാനെത്തും. ഇത് മനസ്സിലാക്കിയാണ് ഇടവേള ബാബു മാറുന്നത്. മോഹൻലാല്‍ മത്സരിച്ചാല്‍ എതിരുണ്ടാകില്ല. എന്നാല്‍ ഇനി വരാൻ പോകുന്ന വിവാദങ്ങള്‍ കൂടി കണക്കിലെടുത്താണ് മോഹൻലാല്‍ മാറുന്നത്.
മമ്മൂട്ടിയായിരുന്നു അമ്മയുടെ ലാലിന് മുമ്പത്തെ അധ്യക്ഷൻ. നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങളെ തുടർന്നാണ് മമ്മൂട്ടി മാറിയത്. ഇതോടെ മോഹൻലാലിനെ തേടി ദൗത്യമെത്തി. വീണ്ടും നടിയെ ആക്രമിച്ച കേസ് ചർച്ചകളില്‍ എത്തുകയാണ്. താമസിയാതെ കേസില്‍ വിധി വരും. ഈ വിധിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ അമ്മയ്ക്ക് പ്രതികരിക്കേണ്ടി വരും. ഇതെല്ലാം മനസ്സിലാക്കിയാണ് ലാല്‍ മാറുന്നതെന്നാണ് സൂചനകള്‍.
നടിയെ ആക്രമിച്ച കേസില്‍ മുമ്പ് മോഹൻലാല്‍ നടത്തിയ പ്രതികരണം ഏറെ ചർച്ചയായിരുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്നും എന്നാല്‍ ദിലീപിന് വേണ്ടി പ്രാർത്ഥിക്കുമെന്നും മോഹൻലാല്‍ പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. ഈ കേസില്‍ വിധി വരുമ്ബോഴും ഇതെല്ലാം വീണ്ടും ചർച്ചകളിലെത്തും. അമ്മയുടെ ഭാരവാഹിയായി തുടർന്നാല്‍ പ്രതികരിക്കാതിരിക്കാനും കഴിയില്ല. ഇത്തരം വിവാദങ്ങളില്‍ നിന്നും അകലം പാലിക്കാനാണ് മോഹൻലാല്‍ ആഗ്രഹിക്കുന്നത്. ഇതുകൊണ്ടെല്ലാം കൂടിയാണ് അമ്മയില്‍ നിന്നും ലാല്‍ വിട്ടു നില്‍ക്കുന്നത് എന്നാണ് സൂചന.
അമ്മയിലെ തിരഞ്ഞെടുപ്പിന് ജൂണ്‍ മൂന്നുമുതല്‍ പത്രികകള്‍ സ്വീകരിക്കും. ഇടവേള ബാബുവും ലാലും പത്രിക നല്‍കില്ല. കഴിഞ്ഞതവണ തന്നെ ബാബു സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ വികാരഭരിതമായ വാക്കുകള്‍ക്കുമുന്നില്‍ തീരുമാനം മാറ്റുകയായിരുന്നു. ഇത്തവണ എത്ര സമ്മർദമുണ്ടായാലും നിലപാട് മാറ്റില്ലെന്ന് ഇടവേള ബാബു പറയുന്നു. തിരക്കുകള്‍ കാരണം സംഘടനയെ ശ്രദ്ധിക്കാൻ സമയമില്ലെന്നാണ് ലാലിന്റേയും നിലപാട്. ഇടവേള ബാബു ഉള്ളതു കൊണ്ടാണ് ലാലും പ്രസിഡന്റായി തുടർന്നത്.
ഇതെല്ലാം കണക്കിലെടുത്താണ് ലാലിന്റേയും പിൻവാങ്ങല്‍. മലയാള സിനിമയില്‍ പുതു തലമുറ വൻ വിജയങ്ങള്‍ നേടുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ പുതു തലമുറയിലെ പ്രമുഖർ മത്സരിക്കുമെന്നാണ് സൂചന.
വിവാഹച്ചടങ്ങിനിടെ നവദമ്പതിമാരുടെ ചുംബനത്തെ ചൊല്ലി വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടി. ഉത്തർപ്രദേശിലെ ഹപുരിലുള്ള അശോക് നഗറിലാണ് സംഭവം. വരൻ വധുവിന് വേദിയിൽവെച്ച് പരസ്യമായി ചുംബനം കൊടുത്തതാണ് വധുവിന്റെ വീട്ടുകാരെ ചൊടിപ്പിച്ചത്.
വരന്റെ ചുംബനം വധുവിന്റെ വീട്ടുകാർ ചോദ്യംചെയ്തോടെ ഇരുകൂട്ടരും തമ്മിൽ ആദ്യം വാക്കുതർക്കമുണ്ടായി. തുടർന്ന് വധുവിന്റെ ബന്ധുക്കൾ വടികളുമായെത്തി വേദിയിൽ കയറി വരന്റെ വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. ഇതോടെ ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടി.
സംഘർഷത്തിൽ വധുവിന്റെ പിതാവ് ഉൾപ്പടെ ആറുപേർക്ക് പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിൽ നിന്നും അഞ്ചുപേരെ അറസ്റ്റുചെയ്തെന്നും ഇതുവരെ രേഖാമൂലമുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
അനിഷ്ടസംഭവങ്ങളെ തുടർന്ന് വിവാഹത്തിൽനിന്ന് പിന്മാറാൻ വധുവും വരനും തീരുമാനിച്ചെങ്കിലും പിന്നീട് മധ്യസ്ഥചർച്ച നടത്തി മറ്റൊരു ദിവസം വിവാഹച്ചടങ്ങ് നടത്താൻ തീരുമാനിക്കുകയായിരുന്നു. വധുവിന്‍റെയും സഹോദരിയുടെയും വിവാഹം ഒരേ ദിവസമാണ് നടത്താൻ നിശ്ചയിച്ചിരുന്നത്. ആദ്യത്തെ വിവാഹം പ്രശ്നങ്ങളൊന്നും കൂടാതെ കഴിഞ്ഞു. രണ്ടാമത്തെ വിവാഹമാണ് സംഘർഷത്തിൽ കലാശിച്ചത്.
കൊച്ചി പനമ്പിള്ളി നഗറിലെ കുഞ്ഞിനെ കൊലപ്പെടുത്തിയ പെണ്‍കുട്ടി ഗര്‍ഭിണിയായത് തൃശൂര്‍ സ്വദേശിയായ സിനിമതാരത്തില്‍ നിന്നും. വിവാഹവാഗ്ദാനം നല്‍കി കഴിഞ്ഞ വര്‍ഷം യുവതിയെ ഗര്‍ഭിണിയാക്കിയത് തൃശൂര്‍ സ്വദേശി മുഹമ്മദ് റഫീക്കാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡാന്‍സറായ ഇയാള്‍ വിവിധ സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്.
സിനിമക്കാരുമായി ഇദേഹത്തിന് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്നാണ് യുവതി പറയുന്നത്. താന്‍ ഗര്‍ഭിണിയാെണന്ന കാര്യം യുവാവിന് അറിയാമായിരുന്നു എന്ന് യുവതി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരുടെയും സൗഹൃദം അവസാനിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
വിവാഹ വാഗ്ദാനം നല്‍കിയിരുന്നു എന്നും ഗര്‍ഭിണിയായതോടെ യുവാവ് പിന്മാറി എന്നുമാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. ഇതോടെയാണ് യുവാവിനെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. നൃത്തത്തിലുള്ള താല്‍പര്യമാണ് ഇരുവരെയും അടുപ്പിച്ചത് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
ബെംഗളുരുവില്‍ വിദ്യാഭ്യാസം ഇടയ്ക്കു വച്ച് നിര്‍ത്തി നാട്ടില്‍ വന്ന് യുവതി പഠനം തുടങ്ങിയിരുന്നു. ഇതിനിടെയാണ് യുവാവുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് തൃപ്പൂണിത്തറ ഹില്‍പ്പാലസിന് സമീപമുള്ള ഫ്‌ളാറ്റില്‍ കൊണ്ടുപോയി ഇയാള്‍ നിരന്തരമായി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. എട്ടു മാസം മുന്‍പാണ് യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. അപ്പോഴേ കുഞ്ഞിനെ നശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഗര്‍ഭം അലസിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. തുടര്‍ന്ന് മുഹമ്മദ് റഫീക്കിനോട് ഇക്കാര്യം സൂചിപ്പിച്ചെങ്കിലും അയാള്‍ കൈയൊഴിയുകയായിരുന്നു.
തുടര്‍ന്ന് കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ എന്തെല്ലാം ചെയ്യണമെന്ന് യുവതി നേരത്തേ തീരുമാനിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. നര്‍ത്തകനായ റഫീഖ് തന്നെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയാണ് ലൈംഗികമായി ചൂഷണം ചെയ്തതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. എന്നാല്‍, അവള്‍ ഗര്‍ഭിണിയായപ്പോള്‍ അയാള്‍ ആ ബന്ധത്തില്‍ നിന്ന് പിന്മാറി.
അതേസമയം, നിലവില്‍ കേസ് അന്വേഷിക്കുന്ന സിറ്റി പൊലീസ് കേസ് ഫയല്‍ ഹില്‍പ്പാലസ് പൊലീസിന് കൈമാറിയിട്ടുണ്ട്. ഹില്‍പാലസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന തൃപ്പൂണിത്തുറയ്ക്ക് സമീപമുള്ള സ്ഥലത്ത് വെച്ച് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന യുവതിയുടെ മൊഴിയെ തുടര്‍ന്നാണ് തീരുമാനം. ഹില്‍പാലസ് പോലീസ് കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തും.
അതേസമയം, നര്‍ത്തകനായ സിനിമ താരത്തിനെതിരെ ചെറിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. യുവതി ഫ്‌ലാറ്റില്‍ നിന്നെറിഞ്ഞ കുഞ്ഞിനെ കൊന്നത് ശ്വാസംമുട്ടിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍നിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. കുഞ്ഞിന്റെ തലയോട്ടിക്കും കീഴ്താടിക്കും പരിക്കുണ്ടായിരുന്നു.
ഈ മാസം മൂന്നിനാണ് പനമ്ബിള്ളി നഗറിലുള്ള അപ്പാര്‍ട്ട്‌മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു.
പുലര്‍ച്ചെ 5 മണിയോടെ വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ച യുവതി കുഞ്ഞ് കരയാതിരിക്കാന്‍ വായില്‍ തുണി തിരുകി വച്ചു. യുവതി ഗര്‍ഭിണിയാണെന്നതോ പ്രസവിച്ചതോ വീട്ടുകര്‍ അറിഞ്ഞിരുന്നില്ല. അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തയായ യുവതി കയ്യില്‍ കിട്ടിയ കവറിലിട്ട് കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തലയ്ക്കും പൊട്ടലുണ്ടായിരുന്നു.
സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, ജില്ലാ കളക്ടർമാർ, ജില്ലാപോലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പോലീസ് മേധാവി, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.
ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തിൽ ഉറപ്പു നൽകി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ നീണ്ടകര ഹാർബർ ട്രോളിങ് നിരോധന കാലഘട്ടത്തിൽ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. അത് ഈ വർഷവും തുടരാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്.
മഞ്ഞ അലർട്ട് ബുധനാഴ്ച: കണ്ണൂർ, കാസറഗോഡ് വ്യാഴം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ശനി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
തെക്കൻ കേരളത്തിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി, മിന്നൽ , കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും ശനിയാഴ്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തമിഴ്‌നാട് ആന്ധ്രാ തീരത്തിനു അകലെയായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുമുണ്ട്. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം വെള്ളിയാഴ്ച രാവിലെയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കുകിഴക്ക് ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ച് വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നും മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾ കർശനമായി പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ വ്യാഴാഴ്ച രാത്രി 11.30 വരെ 0.4 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. സെക്കൻഡിൽ 18 cm നും 82 cm നും ഇടയിൽ വേഗത്തിൽ ഇത് മാറിവരുവാൻ സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട് തീരത്ത് കുളച്ചൽ മുതൽ കിലക്കരെ വരെ വ്യാഴാഴ്ച രാത്രി 11.30 വരെ 0.6 മുതൽ 3.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. സെക്കൻഡിൽ 22 സെന്റീമീറ്ററിനും നും 83 സെന്റിമീറ്ററിനും ഇടയിൽ ഇത് മാറിവരാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. താഴെപ്പറയുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം-
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. ശസ്ത്രക്രിയയ്ക്കിടെ നൽകിയ അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ഭർത്താവ് ആരോപിച്ചു. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ ഭാര്യ അഖില (28) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്.
ശസ്ത്രക്രിയയ്ക്കിടെ അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതിനെ തുടർന്ന് ഒരു വർഷവും മൂന്ന് മാസവും അബോധാവസ്ഥയിലായിരുന്ന യുവതിയാണ് മരിച്ചത്. ഹെർണിയ ശസ്ത്രക്രിയയ്ക്കായി കൽപറ്റ ലിയോ ആശുപത്രിയിൽ 2023 മാർച്ച് 18നാണ് അഖിലയെ പ്രവേശിപ്പിച്ചത്. സർജറി നടക്കുന്നതിനിടെ രോഗിക്ക് ബോധം വന്നതോടെ വീണ്ടും അനസ്തേഷ്യ നൽകുകയും ഓപ്പറേഷൻ പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ യുവതി അബോധാവസ്ഥയിൽ തുടരുകയായിരുന്നു.
നിരന്തരം വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് തുടർചികിത്സക്കായി കൊണ്ടുപോയെങ്കിലും മാറ്റമുണ്ടായില്ല. തുടർന്ന് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർചികിത്സയ്ക്ക് വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 20 ലക്ഷത്തിലധികം രൂപ ചെലവായി. ചികിത്സപ്പിഴവ് വരുത്തിയ സ്വകാര്യ ആശുപത്രിയിൽ അഡ്മിഷൻ ഫീസായ 250 രൂപ മാത്രമേ വാങ്ങിയുള്ളു. മറ്റ് യാതൊരു ഫീസും വാങ്ങിയില്ല.
ചികിത്സപ്പിഴവ് സംബന്ധിച്ച് വയനാട് ഡിഎംഒ, ജില്ലാ ലീഗൽ അതോറിറ്റി, മനുഷ്യാവകാശ കമ്മിഷൻ, കേണിച്ചിറ പൊലിസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയിരുന്നെങ്കിലും യാതൊരു അന്വേഷണവും നടന്നില്ലെന്നും ജെറിൽ പറഞ്ഞു. കദളിക്കാട്ടിൽ ബീന -വിൻസന്റ് ദമ്പതികളുടെ മകളായ അഖില സ്വകാര്യ സ്കൂൾ ടീച്ചറായിരുന്നു. ജെറിൽ ജോസ് സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് മാനാണ്. മക്കൾ: ജെറോം (5), ജെറോൺ (3).
വിഷജലമൊഴുക്കിയതിനെ തുടർന്ന് പെരിയാറും പരിസര ജലാശയങ്ങളും മത്സ്യങ്ങളുടെ ശവപ്പറമ്പായി. ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. പെരിയാറിന്റെ കൈവഴികളിലേക്കും വിഷജലം ഒഴുകിയെത്തിയതോടെ സമീപ പ്രദേശങ്ങളിലെല്ലാം വ്യാപക മത്സ്യനാശം സംഭവിച്ചു. പുഴകളിൽ സ്ഥാപിച്ചിട്ടുള്ള മത്സ്യക്കൂടുകളിലേക്ക് വിഷജലം കയറിയതോടെ ഇതിലെ മത്സ്യങ്ങളും ചത്തു. ഇരുനൂറിലധികം മത്സ്യക്കൂടുകളാണ് പെരിയാറിലും സമീപത്തുള്ള കൈവഴികളിലുമുള്ളത്. മീൻ വളർത്തുന്ന ഫാമുകളിലേക്കും പാടങ്ങളിലേക്കും വിഷജലമെത്തി. ഇവിടെയും ലക്ഷക്കണക്കിനു രൂപയുടെ മത്സ്യസമ്പത്ത് നശിച്ചു.
അഞ്ചുലക്ഷം രൂപ മുതൽ ഇരുപതു ലക്ഷം രൂപ വരെ മുതൽമുടക്കിയാണ് കർഷകർ മത്സ്യക്കൂടുകൾ ഒരുക്കിയിരിക്കുന്നത്. കരിമീൻ, കാളാഞ്ചി, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളാണ് കൂടുകളിൽ ചത്തുപൊങ്ങിയത്. വിളവെടുപ്പിനു തയ്യാറെടുക്കുന്ന സമയത്തുണ്ടായ മത്സ്യനാശം കർഷകരെ വൻ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടത്.
മത്സ്യക്കുരുതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി. ഇതോടൊപ്പം വിശദമായ അന്വേഷണം നടത്താൻ സബ് കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ഉദ്യോഗസ്ഥതല സമിതിയെയും ചുമതലപ്പെടുത്തി. മത്സ്യസമ്പത്തിന്റെ നഷ്ടം കണക്കാക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ നിയോഗിച്ചു.
പെരിയാറിൽ തിങ്കളാഴ്ച വൈകീട്ട് ഏലൂർ ഭാഗത്താണ് വെള്ളത്തിന് നിറവ്യത്യാസം ആദ്യം കണ്ടത്. ചേരാനല്ലൂർ, കടമക്കുടി, വരാപ്പുഴ, മുളവുകാട് പ്രദേശങ്ങളിലേക്ക് ഇതു വ്യാപിച്ചു. പുഴയിൽനിന്നുമുള്ള രൂക്ഷമായ ഗന്ധം സഹിക്കാനാവാതെ സമീപവാസികൾ നോക്കിയപ്പോഴാണ് പുഴയുടെ അടിത്തട്ടിൽനിന്ന് നൂറുകണക്കിനു മത്സ്യങ്ങൾ ശ്വാസം കിട്ടാതെ മേൽത്തട്ടിലേക്ക് പൊങ്ങിവരുന്നത് കണ്ടത്.
പരിസരവാസികളും മത്സ്യതൊഴിലാളികളും വലയുമായിട്ടെത്തി മത്സ്യം കോരിയെടുത്തെങ്കിലും വൈകാതെ അവയെല്ലാം ചത്തു. ഈ മത്സ്യങ്ങൾ വിൽക്കുന്നത് നാട്ടുകാരും ജനപ്രതിനിധികളും തടഞ്ഞിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചു.
പ്രകോപിതരായ മത്സ്യകർഷകർ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഓഫീസിലും വരാപ്പുഴ പഞ്ചായത്ത് ഓഫീസിലും ചത്ത മത്സ്യവുമായിട്ടെത്തി പ്രതിഷേധിച്ചു. പെരിയാറിന്റെ സമീപത്തെ വ്യവസായശാലകളിൽനിന്ന് രാസമാലിന്യം ഒഴുക്കിവിടുന്നതാണ് വൻതോതിൽ മത്സ്യം ചത്തുപൊങ്ങാൻ കാരണം. മലിനജലം ഒഴുക്കിവിടുന്നതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
വെള്ളത്തിൽ സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ്, കാർബൺ ഡയോക്സൈഡ് എന്നിവയുടെ സാന്നിധ്യം കൂടുന്നതോടെ പി.എച്ച്. മൂല്യത്തിൽ പെട്ടെന്നുണ്ടാകുന്ന കുറവ് മീനുകളുടെ നിലനില്പിന് ഭീഷണിയാണെന്ന് കുഫോസ് രജിസ്ട്രാറും ഡീനുമായ ഡോ. ദിനേശ് കൈപ്പിള്ളി ചൂണ്ടിക്കാട്ടി. വെള്ളത്തിന്റെ അമ്ലത്വം പെട്ടെന്ന് കുറയുന്നതോടെയാണ് പി.എച്ച്. മൂല്യം കുറയുന്നത്. ഇതോടെ ഓക്സിജൻ ലഭ്യത കുറയും.
ഇതോടൊപ്പം പെട്ടെന്നുള്ള മഴയിൽ അന്തരീക്ഷ താപനിലയ്ക്കൊപ്പം വെള്ളത്തിലെ താപനിലയിലും മൂന്നു ഡിഗ്രി വരെ കുറവുണ്ടാകും. പി.എച്ച്. മൂല്യത്തിലും താപനിലയിലും പെട്ടെന്നുണ്ടാകുന്ന വ്യതിയാനം മീനുകളുടെ ആവാസവ്യവസ്ഥയെ ബാധിക്കും. ഈ മാറ്റം സാവധാനമാണെങ്കിൽ മീനുകളെ അത്ര ബാധിക്കില്ല. കൂട്ടത്തോടെ മത്സ്യം ചത്തുപൊങ്ങിയ സംഭവത്തെക്കുറിച്ച് പഠിക്കാൻ കുഫോസ് പ്രത്യേക സംഘത്തെ നിയോഗിക്കും.
പാലക്കാട് തോലന്നൂരില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. രണ്ടാം പ്രതിയും കൊല്ലപ്പെട്ട ദമ്പതികളുടെ മകന്റെ ഭാര്യയുമായ ഷീജയ്ക്ക് ജീവപര്യന്തം ശിക്ഷയുമാണ് വിധിച്ചത്.
പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 സെപ്റ്റംബറിലാണ് വിമുക്തഭടനായ പുളിക്കപ്പറമ്പ് അംബ്ദേകര്‍ കോളനിയിലെ താമസക്കാരായ സ്വാമിനാഥനും ഭാര്യ പ്രേമകുമാരിയും കൊല്ലപ്പെടുന്നത്. പ്രതികള്‍ തമ്മിലുള്ള ബന്ധം സ്വാമിനാഥന്‍ അറിഞ്ഞതോടെയാണ് ദമ്പതികളെ കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട ദമ്പതികളുടെ മരുമകള്‍ ഷീജയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സുഹൃത്തായ സദാനന്ദനെ ഉപയോഗിച്ച് ദമ്പതികളെ വകവരുത്തുകയായിരുന്നു. സദാനന്ദനും ഷീജയും തമ്മിലുള്ള ബന്ധം സൈനികനായ മകനെ അറിയിക്കുമെന്ന് സ്വാമിനാഥന്‍ മുന്നറിയിപ്പ് നല്‍കിയതാണ് കൊലപാതകത്തിന് ഇവരെ പ്രേരിപ്പിച്ചത്.
ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു. കുടക് മടിച്ചേരി സ്വദേശിയായ പി.എ സലീമിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം തൊട്ടടുത്ത ദിവസം ഇയാൾ കർണാടകയിലേക്ക് കടന്നുവെന്നാണ് വിവരം. കർണാടക- കേരള അതിർത്തി പ്രദേശങ്ങളിൽ കേരള പോലീസിന്റെ ശക്തമായ അന്വേഷണമാണ് നടക്കുന്നത്. സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതിയെ തിരിച്ചറിയാൻപോലും കഴിയാഞ്ഞത് പോലീസിനെ ഏറെ കുഴക്കിയിരുന്നു
വിവാഹം കഴിച്ചശേഷം ഭാര്യയും മക്കളോടുമൊപ്പം പെൺകുട്ടിയുടെ വീടിന് അടുത്ത് വർഷങ്ങളായി ഇയാൾ താമസിച്ചുവരികയായിരുന്നു. കുറച്ചു നാളുകൾക്ക് മുൻപ് കാസർകോട് മേൽപ്പറമ്പ് പോലീസ് റജിസ്റ്റർ ചെയ്ത സമാനരീതിയിലുള്ള മറ്റൊരു പോക്സോ കേസിലും സലീം പ്രതിയാണ് എന്ന നിർണായക വിവരവും പുറത്തുവന്നിട്ടുണ്ട്.
കാസർകോട് പോലീസ് മേധാവി പി. ബിജോയിയുടെ നേതൃത്വത്തിൽ മൂന്ന് ഡിവൈ.എസ്.പി.മാരാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം കുടക് ഉൾപ്പടെയുള്ള അതിർത്തി പ്രദേശങ്ങളിലേക്ക് പോയിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടാനാകുമെന്നാണ് കരുതുന്നത്.
കേസില്‍ ദ്രുതഗതിയിലുള്ള അന്വേഷണമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ, സംഭവം നടന്ന പ്രദേശത്തേക്ക് ഉത്തരമേഖല ഡി.ഐ.ജി. നേരിട്ടെത്തുകയും എസ്.പിയുമായി കൂടിച്ചേര്‍ന്ന് യോഗം നടത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. വി. രതീഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.
ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ എടുത്ത് അരക്കിലോമീറ്റർ അകലെയുള്ള വയലിലെത്തിച്ച് പീഡിപ്പിച്ചത്. കുട്ടിയുടെ സ്വർണക്കമ്മൽ ഊരിയെടുത്തശേഷമാണ് പ്രതി കടന്നുകളഞ്ഞത്.