Kerala

കോട്ടയം, പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ ഈ മാസം 22 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കന്‍ തീരദേശ തമിഴ്നാടിനു മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്കന്‍ തീരദേശ തമിഴ്നാടിനു മുകളില്‍ നിന്ന് വടക്കന്‍ കര്‍ണാടക വരെ ന്യുനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്.

വടക്കന്‍ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി/മിന്നല്‍/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യത.

ഒറ്റപെട്ട സ്ഥലങ്ങളില്‍ 22 വരെ അതിതീവ്രമായ മഴക്കും, 24 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ/അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ ബലാത്സാഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിചാരണ കോടതി വിധിച്ച വധശിക്ഷ ശരിവെച്ചത്. ശിക്ഷയില്‍ ഇളവ് തേടി പ്രതി സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി.

പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹര്‍ജിയിലും വധശിക്ഷ റദ്ദാക്കാനായി പ്രതി സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിച്ചാണ് ജസ്റ്റിസ് വി ബി സുരേഷ്‌കുമാര്‍, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച വിധി പ്രസ്താവിച്ചത്.

കൊച്ചിയിലെ വിചാരണക്കോടതിയാണ് നേരത്തെ അമിറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. അപൂര്‍വങ്ങളില്‍ അത്യപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

2016 ഏപ്രില്‍ 28-നായിരുന്നു നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ജൂണ്‍ 16-നാണ് അസം സ്വദേശിയായ അമീറുല്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സാക്ഷികളില്ലാത്ത കേസില്‍ ഡി എന്‍ എ പരിശോധനയടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കനാല്‍ പുറമ്പോക്കിലെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് അമീറുള്‍ ഇസ്ലാമിന് കൊച്ചിയിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചു ഈ വിധിക്കെതിരെയാണ് അമീറുല്‍ ഇസ്ലാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. താന്‍ നിരപരാധിയാണെന്നും തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും യുവതിയെ മുന്‍പരിചയമില്ലെന്നുമായിരുന്നു അമീറിന്റെ വാദം.

നിലവിലെ നിയമം അനുസരിച്ച് വിചാരണക്കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ വധശിക്ഷയ്ക്ക് അനുമതി തേടി ഹൈക്കോടതിയില്‍ അപേക്ഷനല്‍കിയത്.

സംസ്ഥാനത്ത് പനി മരണങ്ങൾ വർധിക്കുന്നു. അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ. ഡെങ്കിപ്പനി പിടിപെട്ട് 48 പേർക്ക് ജീവൻ നഷ്ടമായി. ഈമാസം ഇതുവരെ എലിപ്പനി ബാധിച്ച് എട്ടുപേരും ഡെങ്കിപ്പനി ബാധിച്ച് അഞ്ചുപേരും മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണങ്ങളിലും വർധനയെന്ന് കണക്കുകൾ.

വേനൽമഴ സജീവമായതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണതിലും വലിയ വർദ്ധനയാണ്. എലിപ്പനിയും ഡെങ്കിപ്പനിയുമാണ് ജീവനെടുക്കുന്നത്. അഞ്ചു മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 പേർ മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 48 പേർ. ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചതും രോഗം സംശയിക്കപ്പെടുന്നവരുടെയും കണക്കുകൾ ആണിത്. മേയ് മാസത്തിൽ മാത്രം എലിപ്പനി ബാധിച്ച് 8 പേരും ഡെങ്കി ബാധിച്ച് 5 പേരും മരിച്ചു. മഞ്ഞപ്പിത്ത മരണങ്ങളിലും വർദ്ധനയുണ്ട്. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഈ വർഷം മരിച്ചത് 15 പേരാണ്. മൂന്നുപേർ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചും മരിച്ചു. പകർച്ചപ്പനിക്കെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. പ്രായമായവരിലും കുട്ടികളിലും രോഗം തീവ്രമാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം.

നഴ്സിങില്‍ ബിരുദമാണ് യോഗ്യത. ജർമ്മൻ ഭാഷ ബി1 അല്ലെങ്കില്‍ ബി2 പാസായിരിക്കണം. ഓസ്ട്രിയയില്‍ എത്തിയതിന് ശേഷമാണ് ബി2 പാസാകേണ്ടത്. ഇതിനായി ഓസ്ട്രിയയില്‍ പരിശീലനം നല്‍കും. ഓസ്ട്രിയയില്‍ നഴ്സിംഗ് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാനും സഹായവും ലഭിക്കും.

ആദ്യം നിയമനം ലഭിക്കുന്ന 10 മുതല്‍ 15 ഉദ്യോഗാർത്ഥികള്‍ക്ക് സല്‍സ്ബെർഗിലായിരിക്കും നിയമനം. 1850 -2200 യൂറോയാണ് ശമ്പളം. 38.5 മണിക്കൂർ വരെ ആഴ്ചകളില്‍ ദോലി ചെയ്യേണ്ടി വരും. മെഡിക്കല്‍ ഇൻഷുറൻസ്, പെൻഷൻ ഇൻഷുറൻസ്, കുട്ടികളുടെ ആനുകൂല്യങ്ങള്‍, ആവശ്യമെങ്കില്‍ സർവീസ് അപ്പാർട്ട്മെൻ്റ്,വർഷം മുഴുവനും പൊതുഗതാഗത ടിക്കറ്റ്, പണമടച്ചുള്ള അവധികള്‍, സൗജന്യ വിസ, പരമാവധി 800 യൂറോയുടെ സൗജന്യ എയർടിക്കറ്റുകള്‍ എന്നിവ ലഭിക്കും. 40 വയസാണ് ഉയർന്ന പ്രായപരിധി. [email protected] എന്ന വിലാസത്തിലാണ് അപേക്ഷ നല്‍കേണ്ടത്.

കാലാവസ്ഥാ വകുപ്പ് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദസഞ്ചാരികള്‍ക്കായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നല്‍കി. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ടൂറിസം വകുപ്പ്, ഡി.ടി.പി.സി എന്നിവ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

മഴമുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരും. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോരമേഖലകളില്‍ മഴ അവസാനിക്കുന്നതുവരെ നിയന്ത്രണങ്ങള്‍ ഉണ്ടാകും.

ഇതര സംസ്ഥാനങ്ങളില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും ജില്ലയില്‍ എത്തിയിട്ടുള്ള സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുകള്‍ കൃത്യമായി നല്‍കാന്‍ ടൂറിസം വകുപ്പിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ മാറി ചെയ്തതായി പരാതി. കോതിപ്പാലം സ്വദേശി അജിത്തിനാണ് ശസ്ത്രക്രിയ മാറി ചെയ്തെന്ന് പരാതി ഉയർന്നിരിക്കുന്നത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിന്റെ്‌ കൈയ്ക്ക് പൊട്ടലുണ്ടായിരുന്നു. എല്ല് പൊട്ടിയതിനെ തുടർന്ന് ഇട്ട കമ്പിയാണ് മാറിപ്പോയത്.

24 വയസുകാരനായ അജിത്തിനെ വാഹനാപകടത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കു വേണ്ടി ഒരാഴ്ചയോളമാണ് ആശുപത്രിയില്‍ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ച നീട്ടുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയായ അജിത്തിന് വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്. രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടതായും അജിത്ത് പറയുന്നു.

മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര്‍ തന്റെ കയ്യിലിട്ടതെന്നും തങ്ങള്‍ വാങ്ങി കൊടുത്ത കമ്പിയല്ല ഇട്ടതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു. കൈ വേദന അസഹനീയമായപ്പോള്‍ അജിത്തിന് അനസ്‌തേഷ്യ നല്‍കി. 3000 രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ തങ്ങള്‍ വാങ്ങി നല്‍കിയെങ്കിലും അതൊന്നും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ ആരോപിച്ചു.

നഗരസഭാ കൗൺസിൽ ഹാളിൽനിന്ന് കേരള കോൺഗ്രസ്‌ (എം) അംഗം ജോസ് ചീരാംകുഴിയുടെ എയർപോഡ് കാണാതായ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. കഴിഞ്ഞ ദിവസം ഒരാൾ പാലാ പോലീസ് സ്റ്റേഷനിൽ എയർപോഡ് എത്തിച്ചു നൽകിയിരുന്നു. കാണാതായ എയർപോഡ് ഇത് തന്നെയാണോയെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശാസ്ത്രീയപരിശോധന പോലീസ് ആരംഭിച്ചു.

എയർപോഡ് സ്റ്റേഷനിൽ എത്തിച്ചുനൽകിയ ആളുടെ വിശദമൊഴി രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഇപ്പോൾ ലഭിച്ച എയർപോഡ് ജോസ് ചീരാംകുഴിയുടേതാണെന്ന് തെളിഞ്ഞാൽ കേസിൽ തുടർനടപടികളെടുക്കുമെന്ന് പാലാ എസ്.എച്ച്.ഒ. ജോബിൻ ആന്റണി പറഞ്ഞു. എയർപോഡ് കോടതിയിൽ ഹാജരാക്കിയതായും പോലീസ് പറഞ്ഞു. പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് എയർപോഡ് കാണാതായെന്ന്‌ ജോസ് ചീരാംകുഴി കൗൺസിൽ ഹാളിൽ ആരോപണമുന്നയിച്ചത്.

സി.പി.എം.പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടമാണ് എയർപോഡ് കൊണ്ടുപോയതെന്നും ആരോപണമുന്നയിച്ചിരുന്നു. ഇതിനെതിരേ ബിനു പുളിക്കക്കണ്ടം രംഗത്തെത്തിതോടെ രാഷ്ട്രീയ വിവാദമായി. ഭരണകക്ഷിയായ ഇടതുമുന്നണിയിൽ കേരള കോൺഗ്രസ്‌ എമ്മും സി.പി.എമ്മും തമ്മിലുള്ള തർക്കമായി ഇതുമാറി. കേരള കോൺഗ്രസ്‌(എം) ചെയർമാൻ ജോസ് കെ.മാണിക്കെതിരേയും ആരോപണങ്ങളുമായി ബിനു പുളിക്കക്കണ്ടം രംഗത്തെത്തി.

പൊതുവിവാദങ്ങൾ അവസാനിപ്പിക്കാൻ സി.പി.എമ്മും കേരള കോൺഗ്രസ്‌ എമ്മും കൗൺസിലർമാർക്ക് കർശന നിർദേശം നൽകിയിരുന്നു. ജോസ് ചീരാംകുഴിയുടെ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

എന്നാൽ, കേസന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. എയർപോഡിൽനിന്നുള്ള സന്ദേശങ്ങൾ ഇടയ്ക്ക് ഫോണിന്റെ ഉടമയ്ക്ക് ലഭിച്ചിരുന്നു.

കുറച്ചുകാലം എയർപോഡ് ലണ്ടനിലുണ്ടെന്ന് സന്ദേശങ്ങളിലൂടെ വ്യക്തമായിരുന്നതായി ജോസ് ചീരാംകുഴി പോലീസിനോട് പറഞ്ഞിരുന്നു. ഇതിനിടയാണ് പുതിയ ഒരാൾ എയർപോഡുമായി പ്രത്യക്ഷപ്പെട്ടത്.

ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് പിടിയില്‍. കഞ്ഞിക്കുഴിയിലെ ബാറില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പള്ളിപ്പുറം പതിനാറാം വാര്‍ഡില്‍ വല്യവെളിയില്‍ അമ്പിളിയെയാണ് ഭര്‍ത്താവായ രാജേഷ് ഇന്നലെ കൊലപ്പെടുത്തിയത്.

പള്ളിച്ചന്തയില്‍ വെച്ചാണ് ഭര്‍ത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. അമ്പിളി സ്‌കൂട്ടറില്‍ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. കുത്തിയശേഷം ഭര്‍ത്താവ് രാജേഷ് സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.

പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിൻറെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. വധശിക്ഷ റദ്ദാക്കണമെന്ന അമീറുൽ ഇസ്ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരിഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45-നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയുക.

കൊച്ചിയിലെ വിചാരണക്കോടതിയാണ് നേരത്തെ അമിറുൾ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. അപൂർവങ്ങളിൽ അത്യപൂർവവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

2016 ഏപ്രിൽ 28-നാണ് പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശിനിയും നിയമവിദ്യാർഥിനിയുമായ ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്. വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഏതാണ്ട് രണ്ടാഴ്ചയ്ക്ക് ശേഷം ജൂൺ 16-നാണ് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കനാൽ പുറമ്പോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്.

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത മാര്‍ അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ. 19 ന് ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭൗതിക ശരീരം എത്തും.

തുടർന്ന് വിലാപയാത്രയായി തിരുവല്ലയിലേക്ക് പുറപ്പെടും. ആലപ്പുഴ വഴിയാണ് വിലാപയാത്ര കടന്നുപോകുക. വൈകിട്ട് 5.45 ന് തിരുവല്ല പൗരാവലിയുടെ അന്ത്യാഞ്ജലിക്ക് ശേഷം 7.30 ന് സഭാ ആസ്ഥാനത്ത് എത്തും. എട്ടുമണി മുതൽ വിവിധ ഘട്ടങ്ങളായി ശുശ്രൂഷകൾ നടത്തും.

മെയ് 20 നാണ് പൊതുദർശനം. 20 ന് രാവിലെ 9 മണി മുതൽ 21 രാവിലെ 9 മണി വരെ ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ പൊതുദർശനം നടത്തും. 11 മണിക്ക് സംസ്കാര ചടങ്ങുകൾ ആരംഭിച്ച് ഒരു മണിയോടെ മൃതദേഹം കബറടക്കും.

കാലം ചെയ്ത അഭിവന്ദ്യ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്തക്കു ഓർത്തഡോക്സ്‌ പാരമ്പര്യ പ്രകാരം എട്ടു ഘട്ടങ്ങളായി നടത്തേണ്ട കബറടക്ക ശ്രുശ്രുഷയുടെ ആദ്യഘട്ടം ഡാളസ്, വിൽസ് പോയിന്റിലെ സെന്റ് പീറ്റേഴ്സ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച് കത്തീഡ്രലിൽ വച്ച് നടന്നു.

കൊളംബോ-കിഗാലി ഭദ്രാസന അധിപൻ ഗീവര്ഗീസ് മാർ മക്കാറിയോസ് മുഖ്യ കാർമ്മീകനായ ശ്രുശ്രുഷയിൽ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡാനിയേൽ മാർ തിമോത്തിയോസ് എപ്പിസ്കോപ്പ സഹ കാർമ്മീകനായി! സഭാ സെക്രട്ടറി ഫാ. ഡോ. ഡാനിയേൽ ജോൺസൺ അടക്കം നിരവധി വൈദീകർ ശ്രുശ്രുഷയുടെ ഭാഗമായി. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം.

ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003 ൽ ബീലീവേഴ്സ് ചർച്ച എന്ന സഭയ്ക്ക് രൂപം നൽകി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചിലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ മെഡിക്കൽ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ദുരന്തമുഖങ്ങളിൽ കാരുണ്യ സ്പർശമായി. 2017 ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച എന്ന് പേര് മാറുമ്പോൾ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനം കെ പി യോഹന്നാനെ വിശ്വാസികൾ ഏൽപ്പിക്കുകയായിരുന്നു.

Copyright © . All rights reserved