Kerala

നടന്‍ നിവിന്‍ പോളിക്കെതിരെയുള്ള പീഡന പരാതി വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെ ഷൂട്ടിങില്‍ ആയിരുന്നുവെന്ന് വിനീത് പറഞ്ഞു.

‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിലുള്ള ചിത്രങ്ങളും തെളിവായി തന്റെ കൈയ്യില്‍ ഉണ്ട്. 2023 ഡിസംബര്‍ 14 ന് നിവിന്‍ ഉണ്ടായിരുന്നത് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിലാണ്.

15 ന് പുലര്‍ച്ചെ മൂന്ന് മണി വരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ചിത്രീകരണം. ഉച്ചയ്ക്ക് ശേഷം ക്രൗണ്‍ പ്ലാസയിലും ഷൂട്ടിങ് ഉണ്ടായിരുന്നു.

അത് പുലര്‍ച്ചെ വരെ തുടര്‍ന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നു. നിവിന്‍ പോയത് അതില്‍ അഭിനയിക്കാനാണ്. ഷൂട്ടിങ് കേരളത്തില്‍ ആയിരുന്നു എന്നാണ് വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കിയിരിക്കുന്നത്.

നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം ഊന്നുകല്‍ പൊലീസ് ആണ് കേസ് എടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് നിവിന്‍ പോളി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

പത്തനംതിട്ട മുന്‍ എസ്.പി. സുജിത് ദാസ് ഐ.പി.എസിന് സസ്‌പെന്‍ഷന്‍. പി.വി. അന്‍വര്‍ എം.എല്‍.എയുമായുള്ള വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് സുജിത് ദാസിനെതിരേ നടപടി ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് സസ്‌പെന്‍ഷന്‍ സംബന്ധിച്ച ഉത്തരവ് പുറത്തെത്തിയത്.

പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആദ്യ നടപടിയെന്നോണം പത്തനംതിട്ട എസ്.പി. സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ നീക്കുകയായിരുന്നു. പകരം ചുമതലകളൊന്നും നല്‍കിയിരുന്നില്ല. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടോടെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഷന്‍ ചെയ്തുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.

സുജിത് ദാസ് ഐ.പി.എസുമായി നടത്തിയ ഫോണ്‍ സംഭാഷണം പി.വി. അന്‍വര്‍ പുറത്തുവിട്ടിരുന്നു. ഗുരുതര ആരോപണങ്ങളായിരുന്നു പി.വി. അന്‍വര്‍ സുജിത് ദാസിനെതിരേ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഡി.ഐ.ജി. അജിതാ ബീഗം അന്വേഷണം നടത്തി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സുജിത് ദാസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായെന്നും സര്‍വീസ് ചട്ടലംഘനം നടത്തിയതിന്റെ ഭാഗമായി നടപടിയുണ്ടാകണമെന്നും ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് പത്തനംതിട്ട എസ്.പി. സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ നീക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

പീഡന പരാതിയില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വാദം കേട്ടത്. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിനൊടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പുറത്തുവന്നത്.

ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. വിശദവാദത്തിനൊടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനായി അഞ്ചാംതീയതിയിലേക്ക് മാറ്റിയത്. നടന്‍ ഇടവേള ബാബു, ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ചന്ദ്രശേഖര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റും കോടതി തടഞ്ഞിരുന്നു.

2009-ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. പരാതിക്കാരിയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. മുകേഷ് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ഉറച്ച നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.

അതേസമയം ചലച്ചിത്ര നയത്തിന്റെ കരട് തയ്യാറാക്കാനുള്ള സമിതിയില്‍നിന്ന് നടനും കൊല്ലം എം.എല്‍.എയുമായ എം. മുകേഷിനെ ഒഴിവാക്കി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. മുകേഷിനെ സമിതിയില്‍നിന്ന് ഒഴിവാക്കണമെന്ന് സി.പി.എം. നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മാറ്റം.

സീരിയൽ പ്രൊഡ്യൂസർക്കും പ്രൊഡക്ഷൻ കൺട്രോളർക്കുമെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പോലീസ്.

തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിലാണ് സീരിയൽ പ്രൊഡ്യൂസർ സുധീഷ് ശേഖറിനും പ്രൊഡക്ഷൻ കൺട്രോളർ ഷാനുവിനുമെതിരെ കേസെടുത്തത്.

കനക നഗറിൽ ഒരു ഫ്ലാറ്റിൽ വെച്ച് സീരിയലിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2018 ൽ നടന്ന സംഭവത്തിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്.

ഫോൺ ചോർത്തിയെന്ന കുറ്റം ചെയ്തുവെന്ന് വെളിപ്പെടുത്തിയ പി.വി. അൻവർ എം.എൽ.എ.യ്ക്കെതിരേ കേസെടുക്കാതെ പോലീസ്. എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ ഉൾപ്പെടെയുള്ളവർക്കെതിരേ ആരോപണം ഉന്നയിച്ച പത്രസമ്മേളനത്തിലാണ് താനും ഫോൺ ചോർത്തിയിട്ടുണ്ടെന്ന് അൻവർ പറഞ്ഞത്. കുറ്റമേറ്റുപറഞ്ഞ എം.എൽ.എ. അതിന്റെ നിയമനടപടി നേരിടാൻ തയ്യാറാണെന്നും പ്രഖ്യാപിച്ചിരുന്നു.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യക്തികളുടെ ഫോൺ നിരീക്ഷിക്കാൻ സേനയ്ക്ക് നിയമപരമായ അനുമതിനൽകാറുണ്ട്. ആഭ്യന്തര സെക്രട്ടറിയാണ് നിബന്ധനകൾക്ക് വിധേയമായി അനുമതിനൽകുന്നത്. എന്നാൽ, ഒരു വ്യക്തിക്ക് മറ്റൊരാളുടെ ഫോൺ ചോർത്താൻ നിയമപരമായ അനുമതിയില്ല.

ഒന്നുകിൽ പോലീസ് സംവിധാനം ദുരുപയോഗം ചെയ്തോ, അല്ലെങ്കിൽ ഹാക്കിങ് രീതിയിലൂടെയോ ആകാം എം.എൽ.എ. ഫോൺ ചോർത്തിയിട്ടുള്ളത്. രണ്ടായാലും ഗുരുതരമായ കുറ്റമാണ്.

നിലവിൽ ഡി.ജി.പി.യുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ കേസ് രജിസ്റ്റർചെയ്തിട്ടില്ല. ആരോപണങ്ങളിലെ വസ്തുതമാത്രമാണ് അന്വേഷിക്കുന്നത്. സാധാരണ ഇത്തരം അന്വേഷണരീതി പോലീസ് അവലംബിക്കാറില്ല. ഫോൺ ചോർത്തൽ, കൊലപാതകം, സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് പരസ്യവെളിപ്പെടുത്തൽ ഉണ്ടായിട്ടുള്ളതിനാൽ കേസെടുക്കാവുന്നതാണ്.

രണ്ട് പത്രസമ്മേളനങ്ങളിലും ചോർത്തിയ ഫോൺ സന്ദേശങ്ങളൊന്നും അൻവർ പുറത്തുവിട്ടിരുന്നില്ല. പകരം തന്റെ ഫോണിലേക്കെത്തിയ സന്ദേശങ്ങളാണ് നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി അൻവറിൽനിന്നും മൊഴിയെടുക്കും. ആരോപണങ്ങൾക്ക് തെളിവുകളും ശേഖരിക്കും. ഫോൺ ചോർത്തൽ രേഖകളുണ്ടെങ്കിൽ കേസെടുക്കാൻ ശുപാർശചെയ്തേക്കും. അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാണെന്നുകണ്ടാൽ അതിലും കേസെടുക്കേണ്ടിവരും.

മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സെപ്റ്റംബര്‍ ഒന്‍പതിന് മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറും.

റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപത്തിന് പുറമെ മൊഴിപ്പകര്‍പ്പുകള്‍, റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍, ഇതിലെ കേസുകള്‍ എന്നിവയും സര്‍ക്കാര്‍ കോടതി മുമ്പാകെ സമര്‍പ്പിക്കും.

ഓഗസ്റ്റ് 22 നായിരുന്നു റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കൈമറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശിച്ചിരുന്നത്. നടപടിയെടുത്തില്ലെങ്കില്‍ കമ്മറ്റി രൂപവല്‍കരിച്ചത് പാഴ് വേലയാവുമെന്നും കോടതി നിരീക്ഷിരുന്നു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചറ നവാസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. കോടതി നിര്‍ദേശത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുന്നതാണ് ഉചിതമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതില്‍ പരിമിതി ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ രൂപവല്‍കരിച്ച കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

രഹസ്യ സ്വഭാവം ഉറപ്പാകുമെന്ന ധാരണയിലാണ് പലരും മൊഴി നല്‍കിയതെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വാദം പൂര്‍ണമായും തള്ളിക്കളയാതെയാണ് റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം മുദ്രവെച്ച കവറില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചില ഖണ്ഡികകളും പേജുകളും ഒഴിവാക്കിയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒഴിവാക്കിയ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തിയ പൂര്‍ണ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സമര്‍പ്പിക്കുക. സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ട് എങ്ങനെയായിരുന്നോ അതേപോലെ കോടതിക്ക് നല്‍കും.

പൂര്‍ണ റിപ്പോര്‍ട്ട് കോടതി മുമ്പാകെ വരുന്നതോടെ ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന ഉന്നത വ്യക്തികളേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേസില്‍ വനിതാ കമ്മീഷനെയും കോടതി കക്ഷി ചേര്‍ത്തിരുന്നു.

തിരുവനന്തപുരം : കേരളാ ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ആദ്യ മത്സരത്തിൽ നേടേണ്ട ആധികാരിക വിജയം അമ്പയർമാരുടെ തെറ്റായ തീരുമാനങ്ങളിലൂടെ ഒരു റൺസിന്റെ പരാജയത്തിൽ കൊണ്ടെത്തിച്ചു. മത്സരത്തിൽ ഉടനീളം മികച്ച കളി നിലനിർത്തിയ ടീമിന്റെ വിജയമാണ് അമ്പയർമാരുടെ പിഴവിലൂടെ വിവാദമായിരിക്കുന്നത്. ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിലെ വിവാദ അമ്പയറിങ് തീരുമാനങ്ങൾക്കെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ബി.സി.സി.ഐ.യ്ക്കും കേരളാ ക്രിക്കറ്റ് അസോസിയേഷനും പരാതി നൽകി കഴിഞ്ഞു.

മഴയെ തുടർന്ന് വി.ജെ.ഡി. നിയമപ്രകാരം വിജയിയെ നിശ്ചയിച്ച മത്സരത്തിൽ വെറും ഒരു റണ്ണിനായിരുന്നു കൊച്ചിയുടെ തോൽവി. എന്നാൽ, മത്സരത്തിലുണ്ടായ രണ്ട് പ്രധാനപ്പെട്ട അമ്പയറിങ് പിഴവുകൾ തങ്ങൾക്ക് തിരിച്ചടിയായെന്നാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആരോപിക്കുന്നത്.

മത്സരത്തിനിടെ ഫീൽഡിലെ അമ്പയർക്ക് ഒരു നോബോൾ വിളിക്കാനായില്ല. ഇത് മൂന്നാം അമ്പയർക്ക് നിയമപ്രകാരം തിരുത്താനുമായില്ല. ടെലിവിഷൻ സംപ്രേഷണത്തിനിടെ കമന്‍റേറ്റർമാരും ഇത് പരാമർശിച്ചിരുന്നു.

എന്നാൽ, കൂടുതൽ ഗൗരവതരമായ പിഴവ് നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായ റൺ ഔട്ട് തീരുമാനവുമായി ബന്ധപ്പെട്ടതായിരുന്നു. ബാറ്ററുടെ ഷോട്ട്, ബോളറുടെ കൈയിൽ സ്പർശിക്കാതെയാണ് ബൗളിങ് എൻഡിലെ വിക്കറ്റിൽ തട്ടിയത്. പല കോണുകളിൽ നിന്നുള്ള വീഡിയോകൾ ഇതു തെളിയിക്കുമ്പോഴും മൂന്നാം അമ്പയർ ഇത് വ്യക്തമായി പരിശോധിക്കാതെ ബാറ്റ്സ്മാനെ ഔട്ട് ആയി പ്രഖ്യാപിക്കുകയായിരുന്നു.

ഈ തീരുമാനങ്ങൾ മത്സരഫലത്തെ നേരിട്ട് ബാധിച്ചെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആരോപിക്കുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് ബി.സി.സി.ഐയോടും കെ.സി.എയോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം മത്സരങ്ങളിലെ അമ്പയറിങ് നിലവാരം ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കൊച്ചിൻ ബ്ലൂ ടൈഗേഴ്സ് ആവശ്യപ്പെട്ടു.

സൈബര്‍ തട്ടിപ്പില്‍ കോഴിക്കോട് സ്ഥിര താമസമാക്കിയ രാജസ്ഥാന്‍ സ്വദേശിയായ ഡോക്ടര്‍ക്ക് നാല് കോടി രൂപ എട്ട് ലക്ഷം രൂപ നഷ്ടമായി. ഒരേ സമുദായത്തില്‍പ്പെട്ടവരാണെന്നും കോവിഡിന് ശേഷം ജോലി നഷ്ടമായെന്നും സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പണം തട്ടിയത്.

രാജ്‌സഥാനിലെ ദുര്‍ഗാപുര്‍ സ്വദേശി അമിത്ത് എന്ന പേരിലാണ് സംഘത്തിലുള്ളയാള്‍ ഡോക്ടറെ ഫോണില്‍ പരിചയപ്പെടുന്നത്. പിന്നീട് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതി. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്.

ഒരേ സമുദായത്തില്‍പ്പെട്ട ആളാണ് കോവിഡിന് ശേഷം ജോലി നഷ്ടമായി സാമ്പത്തിക ബുദ്ധിമുട്ടിലാണ്, ഭാര്യ ആശുപത്രിയിലാണ് എന്നെല്ലാം പറഞ്ഞാണ് തുക കൈക്കലാക്കിയത്. ഇക്കാര്യം പറഞ്ഞ് പല പ്രാവശ്യങ്ങളിലായി തുക വാങ്ങുകയായിരുന്നു.

ക്യൂആര്‍ കോഡ് അയച്ച് നല്‍കിയാണ് സംഘം തുക കൈക്കലാക്കിയിരുന്നത്. ഏകദേശം 200ളം ട്രാന്‍സാക്ഷനുകളാണ് ഇരുവരും തമ്മില്‍ നടന്നത്. ഒടുവില്‍ ഡോക്ടറുടെ മകന്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘമാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് മലയാള സിനിമാലോകം കടന്നു പോകുന്നത്. ദിനംപ്രതി മുൻനിര നടന്മാർ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങൾ പുറത്തുവരുന്നു. ഇന്നലെ നടൻ നിവിൻപോളിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ നിഷേധിച്ചിരുന്നു. എന്നാൽ താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായി വെളിപ്പെടുത്തി പരാതിക്കാരി മാധ്യമങ്ങളെ കണ്ടു.

മൂന്ന് ദിവസം ദുബായില്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ലഹരി ഉപയോഗിച്ച ശേഷമാണ് നിവിന്‍ പോളി മര്‍ദിച്ചതെന്നും യുവതി വ്യക്തമാക്കി.

2023 നവംബര്‍-ഡിസംബര്‍ മാസത്തില്‍ ദുബായില്‍വെച്ചാണ് സംഭവം നടന്നത്. അവിടെവെച്ച് പരിചയക്കാരിയായ സ്ത്രീ എ.കെ. സുനില്‍ എന്ന നിര്‍മാതാവിനെ പരിചയപ്പെടുത്തിത്തന്നു. അഭിമുഖത്തിനിടെ നിര്‍മാതാവ് ശാരീരികമായി ഉപദ്രവിച്ചു. തുടര്‍ന്ന് നിര്‍മാതാവിന്റെ ഗുണ്ടകളെപ്പോലെ നിവിന്‍ പോളി, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവര്‍ ഇടപെട്ടു. ഇവര്‍ മൂന്നുദിവസത്തോളം അവിടെ പൂട്ടിയിട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. ലൈംഗികമായും പീഡിപ്പിച്ചു. മയക്കുമരുന്ന് കലക്കിയ വെള്ളമാണ് ഈ മൂന്ന് ദിവസവും തന്നതെന്നും യുവതി പറഞ്ഞു.

വിഷയത്തില്‍ ജൂണില്‍ പരാതി നല്‍കിയിരുന്നു. ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് നല്ലതായ സമീപനം ഉണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വീണ്ടും പരാതി നല്‍കിയത്. കുറ്റം തെളിയിക്കാന്‍ പോലീസ് നടത്തുന്ന എന്ത് തെളിവെടുപ്പിനും തയ്യാറാണ്. നീതി കിട്ടണം. തന്റെയും ഭര്‍ത്താവിന്റെയും ചിത്രം ചേര്‍ത്ത് ഹണി ട്രാപ്പ് ദമ്പതികള്‍ എന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചു. തങ്ങള്‍ അങ്ങനെയുള്ളവരല്ലെന്നും യുവതി വ്യക്തമാക്കി.

ദുബായില്‍ നഴ്‌സായി ജോലിചെയ്യുന്ന പരാതിക്കാരിയെ ശ്രേയ എന്ന യുവതിയാണ് സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി കുറ്റാരോപിതരുടെ സമീപത്തെത്തിക്കുന്നത്. തുടര്‍ന്ന് രണ്ടിടത്തുവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. എ.കെ. സുനില്‍ എന്ന നിര്‍മാതാവിന് കേരളത്തിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ യുവതിയെയും ഭര്‍ത്താവിനെയും മോശക്കാരാക്കി ചിത്രീകരിച്ചെന്നും പരാതിക്കാരി പറഞ്ഞു.

യുവതിയുടെ നാട്ടിലെ വീട്ടിലെ ബെഡ്‌റൂമില്‍ ക്യാമറ സ്ഥാപിക്കുകയും വൈഫൈ ഉപയോഗിച്ച് യുവതിയുടെ ഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്യുകയും ചെയ്യുന്ന വിധത്തില്‍ ഈ സംഘം ക്രൂരത കാണിച്ചെന്നും ആരോപിക്കുന്നു. നിവിന്‍ പോളിയുടെ ആരാധകരെ ഉപയോഗിച്ച് വീട് ആക്രമിക്കുമെന്നും കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

നടന്‍ നിവിന്‍ പോളിക്കെതിരേ പീഡനക്കേസ്. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഊന്നുകല്‍ പോലീസ് കേസെടുത്തു. ഈ കേസില്‍ ആറോളം പ്രതികളുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

2023-ൽ വിദേശത്തുവെച്ചാണ് പീഡനം നടന്നത്. വിദേശത്ത് മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് യുവതി പോയത്. അതിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഒരു വനിതാ സുഹൃത്താണ് തന്നെ നടന്റെ മുന്നിലേക്കെത്തിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. നിവിൻ പോളി, പരാതിക്കാരിയുടെ വനിതാ സുഹൃത്ത്, മറ്റ് നാലുപേർ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തെ(എസ്‌ഐടി) യുവതി സമീപിക്കുകയും എസ്‌ഐടി ഈ വിവരം ഊന്നുകല്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Copyright © . All rights reserved