Kerala

മേയര്‍ ആര്യാ രാജേന്ദ്രനുമായുണ്ടായ തര്‍ക്കത്തിനുശേഷം ബസിലെ ക്യാമറുയുടെ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെ ചോദ്യംചെയ്തു വിട്ടയച്ചു. വൈകീട്ടോടെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത യദുവിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലെത്തിച്ചാണ് ചോദ്യംചെയ്തത്. തമ്പാനൂര്‍ പോലീസ് അന്വേഷിക്കുന്ന കേസില്‍ വെള്ളിയാഴ്ച രാവിലെ സ്‌റ്റേഷന്‍ മാസ്റ്ററേയും ബസിലെ കണ്ടക്ടറേയും ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.

മൊഴിയില്‍ വൈരുധ്യമുണ്ടെന്നും വീണ്ടുംവിളിപ്പിക്കുമെന്നും പോലീസ് അറിയിച്ചു. മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് യദുവിനെ പോലീസിന് സംശയമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തത്.

തര്‍ക്കം നടന്നതിന്റെ പിറ്റേദിവസം എ.ടി.ഒയ്ക്ക് മൊഴി നല്‍കാന്‍ യദു കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. ഈ സമയത്ത് ബസ് അവിടെയുണ്ടായിരുന്നു. ഇവിടെ സി.സി.ടി.വി. ക്യാമറകളില്ല. എന്നാല്‍, ബസ് പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് യദു പോയതുസംബന്ധിച്ച് ചില തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ബസില്‍ കയറി യദു മെമ്മറി കാര്‍ഡ് മോഷ്ടിച്ചിട്ടുണ്ടോയെന്ന സംശയം പോലീസിനുണ്ട്. ഇത് ദൂരീകരിക്കാനാണ് ചോദ്യംചെയ്തത്.

കെ.എസ്.ആര്‍.ടി.സിയുടെ പരാതിയില്‍ തമ്പാനൂര്‍ പോലീസാണ് കേസെടുത്തത്. പോലീസിന്റെ ബസ് പരിശോധനയില്‍ ക്യാമറയുടെ ഡി.വി.ആര്‍. ലഭിച്ചു. എന്നാല്‍, ഡി.വി.ആറില്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല.

ബസില്‍ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ടായിരുന്നു. മേയറും ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ ബസിലെ ക്യാമറകള്‍ പരിശോധിക്കാത്തതില്‍ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. മേയര്‍ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉപരിപഠനത്തിനായി ഒട്ടേറെ മലയാളി വിദ്യാർത്ഥികളാണ് യുകെയിലെത്തുന്നത്. പഠനത്തോടൊപ്പം ജോലി ചെയ്യുക മാത്രമല്ല ഇവരുടെ ലക്ഷ്യം. പഠനശേഷം ലഭിക്കുന്ന പാർട്ട് സ്റ്റഡി വിസയുടെ ഭാഗമായി യുകെയിൽ തുടർന്ന് ജോലി ചെയ്യുകയും അതോടൊപ്പം പെർമനന്റ് വിസ ലഭിക്കുന്നതിന് ഉതകുന്ന ജോലി സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ലക്ഷ്യം . രണ്ടുവർഷം യുകെയിൽ പഠനത്തിനായി 35 മുതൽ 50 ലക്ഷം വരെയാണ് ഓരോ വിദ്യാർത്ഥിയും ചിലവഴിക്കേണ്ടതായി വരുന്നത്.


എന്നാൽ യുകെയിൽ പോകാൻ ലക്ഷങ്ങൾ ലോൺ എടുത്ത മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു തീരുമാനം ഈ മാസം 14-ാം തീയതി ഉണ്ടായേക്കാം എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന മൈഗ്രേഷൻ അഡ്വൈസിംഗ് കമ്മിറ്റി മീറ്റിങ്ങിൽ പാർട്ട് സ്റ്റഡി വർക്ക് വിസകൾ നിർത്തലാക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. പാർട്ട് സ്റ്റഡി വർക്ക് വിസ റദ്ദാക്കിയാൽ ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് യുകെയിൽ പഠിക്കാൻ എത്തിയവർക്ക് വൻ തിരിച്ചടിയാവും.

മൈഗ്രേഷൻ അഡ്വൈസിങ് കമ്മിറ്റിയുടെ റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതിയാണ് മെയ് 14. നിലവിലെ കണക്കുകൾ അനുസരിച്ച് വിദേശ വിദ്യാർഥികൾ 32 ശതമാനം പേർ മാത്രമാണ് വിസ ലഭിക്കാനുള്ള പരുധിക്ക് മുകളിൽ കഴിഞ്ഞ വർഷം ശമ്പളം നേടിയത് . 2023 മുതൽ 1.20 ലക്ഷം വിദ്യാർഥികളാണ് സ്റ്റുഡൻസ് വിസയിൽ യുകെയിൽ എത്തിയത്. യുകെയിലേയ്ക്ക് ഉള്ള കുടിയേറ്റം കുറയ്ക്കുന്നതിനായാണ് പാർട്ട് സ്റ്റഡി വിസ റദ്ദാക്കാനുള്ള നിർദ്ദേശം എടുക്കുന്നത്. നേരത്തെ വിദ്യാർത്ഥികളുടെയും കെയർ വർക്കർമാരുടെയും ആശ്രിത വിസ നിർത്തലാക്കിയിരുന്നു.

ജെസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി.ജെസ്നയുടെ പിതാവ്‍ ജെയിംസ് സമർപ്പിച്ച ഹർജിയിലാണ് തിരുവനന്തപുരം സി.ജെ.എം കോടതിയുടെ ഉത്തരവ്.

പിതാവ് നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്ന് കോടതി സിബിഐയ്ക്ക് നിർദേശം നൽകി. മുദ്രവെച്ച കവറിൽ നൽകിയ തെളിവുകൾ അന്വേഷണ ചുമതലയുള്ള എസ്.പിക്ക് കോടതി കൈമാറി.

തുടരന്വേഷണത്തിൽ തെളിവുകൾ ​ഗുണകരമാകുമെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ജസ്നയുടെ പിതാവ്‍ ജെയിംസ് പറ‍ഞ്ഞു. ജസ്ന തിരോധാനത്തിന് പിന്നാലെ നടത്തിയ സമാന്തര അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല. കേസുമായി ബന്ധപ്പെട്ട ചില ഫോട്ടോകളും സൂചനകളും നൽകിയിട്ടുണ്ടെന്നും പിതാവ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

ജസ്‌ന തിരോധാനക്കേസ് അവസാനിപ്പിച്ചുകൊണ്ട് സിബിഐ നൽകിയ റിപ്പോർട്ടിനെതിരെയായിരുന്നു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ജെയിംസ് ജോസഫ് ഹർജി സമർപ്പിച്ചത്. ജസ്‌ന അജ്ഞാതസുഹൃത്തിനാൽ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സി.ബി.ഐ. അന്വേഷണം എത്തിയില്ലെന്നും മകളുടെ തിരോധാനത്തിനു പിന്നിലെ അജ്ഞാതസുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.

കേസിൽ പുനരന്വേഷണത്തിന് തയ്യാറാണെന്ന് സി.ബി.ഐ. കോടതിയെ അറിയിക്കുകയും കേസിൽ വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. അബ്ദുൾ റോഷൻ എന്നയാളാണ് പിടിയിലായത്. കർണാടകയിലെ മടിക്കേരിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മലപ്പുറം എസ്‌പി എസ്.ശശിധരൻ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. മടിക്കേരിയിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ വിതരണക്കാരനാണ് പ്രതി.

ഇയാളുടെ പക്കൽ നിന്നും 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ, ബയോമെട്രിക് സ്കാനറുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് റോഷൻ തട്ടിയെടുത്തതെന്നാണ് വിവരം. സംഘത്തിലെ മറ്റു പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിക്ഷേപ തട്ടിപ്പ് നടത്തുന്ന സംഘത്തിന് സിം കാര്‍ഡ് നൽകുകയാണ് പ്രതി ചെയ്തതെന്ന് പൊലീസ് പറയുന്നു. മടിക്കേരി പൊലീസും ഇയാൾക്കെതിരെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പൊലീസ് പിടിച്ചെടുത്തതിൽ നിലവിൽ ആക്‌റ്റീവായ 1500 സിം കാർഡുകളുണ്ട്. ഇതിന് പുറമെ ആക്ടീവാക്കാനുള്ള 2000 സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. ഒരു സിമ്മിന് 50 രൂപ വീതം വാങ്ങിയാണ് റോഷൻ സിം കാര്‍ഡ് നിക്ഷേപ തട്ടിപ്പ് സംഘത്തിന് നൽകിയതെന്നാണ് വിവരം. ഈ സിം കാര്‍ഡുകൾ ഇട്ടാൽ ഐഎംഇ നമ്പർ മാറ്റാൻ കഴിയുന്ന ചൈനീസ് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

ഓൺലൈൻ വ്യാജ ഷെയർ മാർക്കറ്റ് സൈറ്റിൽ വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ച് നൽകുന്ന മുഖ്യസൂത്രധാരനായ പെരിയപ്പട്ടണ താലൂക്കിലെ ഹരാഹനഹള്ളി സ്വദേശി അബ്ദുൾ റോഷൻ (46)യാണ് അറസ്റ്റിലായത്. വേങ്ങര സ്വദേശിയായ യുവാവ് ഫേസ്ബുക്ക് പേജ് ബ്രൗസ് ചെയ്ത സമയത്ത് ഷെയർമാർക്കറ്റ് സൈറ്റിന്റെ ലിങ്ക് ക്ലിക്ക് ചെയ്ത സമയത്ത്, ഈ സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന വാട്സാപ്പിൽ ഒരു സ്ത്രീയുടെ പ്രൊഫൈൽ പിക്ചർ വെച്ച് ട്രേഡിംഗ് വിശദാംശങ്ങൾ നൽകിയിരുന്നു. അതിനായി വമ്പൻ ഓഫറുകൾ നൽകി പരാതിക്കാരനെ കൊണ്ട് നിർബന്ധിച്ച് ഒരു കോടി എട്ട് ലക്ഷം രൂപ വിവിധ ബാങ്ക് അക്കൌണ്ടുകളിൽ ഡെപ്പോസിറ്റ് ചെയ്യിപ്പിച്ചു.

ലാഭവിഹിതം നൽകാതെ പരാതിക്കാരാനെ കബളിപ്പച്ച് പണം തട്ടിയതാണ് കേസ്. നൂതന സൈബർ ടെക്നോളജി ഉപയോഗിച്ച് സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് സിംകാർഡുകൾ സംഘടിപ്പിച്ച് നൽകുന്ന പ്രതിയെ പറ്റി സംഘത്തിന് സൂചന ലഭിച്ചത്. സൂചനയുടെ അടിസ്ഥാനത്തിൽ സംഘം കർണ്ണാടക സംസ്ഥാനത്തിലെ വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തി. കൊടക് ജില്ലയിലെ മടിക്കേരിയിലെ ഒരു വാടക വീട്ടിൽ പ്രതി താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി കർണ്ണാടക പോലീസിന്റെ സഹായത്തോടെ പ്രതിയെ കസ്ററഡിയിലെടുക്കുകയായിരുന്നു. പരിശോധന നടത്തിയ സമയം വിവിധ മൊബൈൽ കമ്പനികളുടെ നാപ്പതിനായിരത്തോളം സിംകാർഡുകളും 180 തിൽപരം മൊബൈൽ ഫോണുകളും പ്രതിയിൽ നിന്നും കണ്ടെടുത്തു.

പ്രതി കൃത്യത്തിന് ഉപയോഗിച്ച സിം കാർഡ് കസ്റ്റമറായ യുവതിയുടേതാണ്. തന്റെ പേരിൽ ഇത്തരത്തിലുള്ള ഒരു മൊബൈൽ നമ്പർ ആക്ടീവായ കാര്യം യുവതിക്ക് അറിയില്ല.. യുവതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രതി ഈ സിം കാർഡ് കുറ്റകൃത്യത്തിന് ഉപയോഗിച്ചത്. ഇത്തരത്തിൽ കസ്റ്റമർ അറിയാതെ ആക്ടീവാക്കിയ 40000ത്തിൽ പരം സിംകാർഡുകൾ പ്രതി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരിക്കാം എന്നാണ് നിഗമനം. വൻ തോതിൽ സിം ആക്ടീവായ കാര്യത്തെ സംബന്ധിച്ച് പ്രതിയെ ചോദ്യം ചെയ്തു. ഏതെങ്കിലും കസ്റ്റമർ സിം കാർഡ് എടുക്കുന്നതിന് വേണ്ടി റീട്ടെയിൽ ഷോപ്പിൽ എത്തുന്ന സമയം കസ്റ്റമർ അറിയാതെ ഫിംഗർ പ്രിന്റ് രണ്ടോ മൂന്നോ പ്രാവശ്യം ബയോ മെട്രിക് പ്രസ്സ് ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

ആക്ടീവ് ആകുന്ന സിം കാർഡുകൾ പ്രതിയുടെ സുഹൃത്തുക്കളായ ഷോപ്പിലെ സ്റ്റാഫ് വഴി ഒരു സിംകാർഡിന് 50 രൂപ കൊടുത്തു വിൽക്കും. ഇതിനായി പ്രതി കള്ളപ്പേരിൽ വിവിധ മൊബൈൽ കമ്പനികളുടെ പി ഒ എസ് ആപ്ളിക്കേഷനുകൾ വിവിധ ആളുകളുടെ പേരിൽ കരസ്ഥമാക്കി. കൂടാതെ വിവിധ റീട്ടെയിൽ ഷോപ്പുകളിൽ നിന്നും കൊറിയർ മുഖാന്തിരവും പ്രതി സിംകാർഡ് കരസ്ഥമാക്കുന്നുണ്ട്, സിം കാർഡുകൾ ആക്ടൂിവായതിന് ശേഷം പ്രതി തട്ടിപ്പുകാർക് ആവശ്യാനുസരണം സിം കാർഡ് ഒന്നിന് 50 രൂപ നിരക്കിൽ സിം കാർഡ് കൈമാറ്റം ചെയ്യുന്നു. കൂടാതെ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്കും ഫ്ലിപ്കാർട്ട്, ഐ ആർ സി ടി സി, ആമസോൺ എന്നീ വാണ്യജ്യ പ്ലാറ്റ് ഫോമുകളിലും വ്യാജ അക്കൌണ്ടുകൾ തുറക്കുന്നതിന് ഒ ടി പികൾ തട്ടിപ്പുകാർക്ക് ഷെയർ ചെയ്ത് കൊടുക്കുന്നതാണ് പ്രതി അവലംബിക്കുന്ന രീതി.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം സൈബർ നോഡൽ ഓഫിസറായ ഡിസിആർബി ഡിവൈഎസ് പി ഷാജു. വി എസ്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ചിത്തരഞ്ജൻ.ഐ.സി, പ്രത്യേക ജില്ലാ സൈബർ സ്ക്വാഡ് അംഗങ്ങളായ സബ്ബ് ഇൻസ്പെകടർ നജുമുദ്ദീൻ മണ്ണിശ്ശേരി പോലീസുകാരായ പി.എം ഷൈജൽ പടിപ്പുര, ഇ.ജി. പ്രദീപ്, കെ.എം ഷാഫി പന്ത്രാല, രാജരത്നം മടിക്കേരി പോലീസിലെ മുനീർ പി.യു എന്നിവരും സൈബർ പോലീസ് സ്റ്റേഷനിലെ സൈബർ വിദഗ്ദരും ചേർന്നാണ് പ്രതിയെ പിടികൂടി തുടരന്വേഷണം നടത്തുന്നത്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു, പ്രതി മറ്റേതെങ്കിലും കുറ്റകൃത്യങ്ങൾക്ക് ഇത്തരം സിംകാർഡുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും മറ്റും അറിയുന്നതിനായി കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങിക്കുമെന്ന് സൈബർ ഇൻസ്പെക്ടർ അറിയിച്ചു.

കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം കടുവാ പാറയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം നാവായിക്കുളം വെട്ടുചിറവിളയില്‍ ഭദ്ര (18), സിന്ധു (45) എന്നിവരാണ് മരിച്ചത്.

ആറു പേരാണ് കാറിലുണ്ടായിരുന്നത്. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഭാഗ്യ (12), ആദിദേവ് (21), മഞ്ജു (43), ഷിബു (51) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുട്ടിക്കാനത്ത് നിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇറക്കമിറങ്ങി വരവെ നിയന്ത്രണം വിട്ട് റോഡിന്റെ വശത്തെ ബാരിക്കേഡ് തകര്‍ത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു.

ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വളരെ പണിപ്പെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. കാറിലുണ്ടായിരുന്ന ആറുപേരും അതീവഗുരുതരാവസ്ഥയിലായിരുന്നു. മുകളിലെത്തിക്കുമ്പോഴേക്കും രണ്ടുപേര്‍ മരിച്ചു. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പാലാ മാര്‍ സ്ലീവാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഒരു കുടുംബത്തിലെ അംഗങ്ങളായ ഇവര്‍ വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു. തുടര്‍ച്ചയായി അപകടം നടക്കുന്ന സ്ഥലമാണിതെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ആദ്യമായാണ് ഇത്രയും താഴ്ചയിലേക്ക് വാഹനം മറിഞ്ഞുള്ള അപകടം ഉണ്ടാകുന്നതെന്നും അവര്‍ പറയുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമെന്ന് കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. മേഖലകള്‍ കേന്ദ്രീകരിച്ചുള്ള നിയന്ത്രണം ഫലംകണ്ടുതുടങ്ങി എന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് വേണ്ടിവരില്ലെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

ഇനി പ്രതിസന്ധിയുള്ള മേഖലകള്‍ മാത്രം കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണം തുടരുക. കഴിഞ്ഞദിവസം സംസ്ഥാനത്ത് മിക്ക ജില്ലകളിലും വേനല്‍മഴ ലഭിച്ചതോടെ വൈദ്യുതിയുടെ ആവശ്യകത കുറഞ്ഞു. ബുധനാഴ്ച ആകെ ഉപയോഗിച്ചത് 5251 മെഗാവാട്ട് വൈദ്യുതി ആണ്.

ഇത് ചൊവ്വാഴ്ച ഉപയോഗിച്ചതിനേക്കാള്‍ 493 മെഗാവാട്ട് കുറവാണ്. ഇതാണ് വൈദ്യുതി വിതരണ സംവിധാനത്തില്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദം കുറച്ചത്. വേനല്‍ മഴ തുടര്‍ന്നാല്‍ ഇനിയും വൈദ്യുതിയുടെ ആവശ്യകത കുറയുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍.

വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലാണ് വൈദ്യുതി പ്രതിസന്ധി കുറഞ്ഞതായി വിലയിരുത്തിയത്. തുടര്‍ദിവസങ്ങളിലും വൈദ്യുതി ഉപഭോഗം നിരീക്ഷിക്കുമെന്നും അതിനനുസരിച്ചായിരിക്കും നിയന്ത്രണം കൊണ്ടുവരികയെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കി.

മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവും തമ്മിൽ റോഡിൽ തർക്കമുണ്ടായ സംഭവത്തിൽ താൻ കണ്ടകാര്യങ്ങൾ പോലീസിനോടും കെ.എസ്.ആർ.ടി.സി. അധികൃതരോടും വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടക്ടർ എ. സുബിൻ. ആരെയും വെള്ളപൂശാനും സഹായിക്കാനും ശ്രമിച്ചിട്ടില്ല. സംഭവം നടന്ന് രണ്ടുമണിക്കൂറിനുള്ളിൽ കെ.എസ്.ആർ.ടി.സി. വിജിലൻസ് ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. അതേമൊഴിയാണ് പോലീസിനും നൽകിയിട്ടുള്ളത്. -സുബിൻ പറഞ്ഞു.

കേസിൽ സാക്ഷിയാണ്. ഒളിവിൽ പോയിട്ടില്ല. ഡ്യൂട്ടി ചെയ്യുന്നുണ്ട്. വകുപ്പുതല അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കുന്നതിന് പരിമിതിയുണ്ട്. മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പങ്കില്ല. ക്ലൗഡിൽ ദൃശ്യങ്ങൾ സൂക്ഷിക്കുന്നുവെന്നാണ് കരുതിയിരുന്നത്. ചീഫ് ഓഫീസിലെ കൺട്രോൾ റൂമിൽ ദൃശ്യങ്ങൾ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. കാർഡ് കാണാതായതിൽ ഫൊറൻസിക് അന്വേഷണഫലത്തിന് താനും കാത്തിരിക്കുകയാണ്.

സംഭവത്തിന് പിന്നാലെ എ.എ. റഹീം എം.പി.യെ വിളിച്ചത് രാഷ്ട്രീയ വിവാദമാക്കേണ്ടകാര്യമില്ല. അറിയാവുന്ന ജനപ്രതിനിധിയെന്നനിലയിൽ ബന്ധപ്പെട്ടതാണ്. അന്വേഷണത്തോട് സഹകരിക്കും. അർഹിക്കുന്നവർക്ക് നീതി കിട്ടട്ടെയെന്നും സുബിൻ വ്യക്തമാക്കി.

അമേരിക്കയിലെ ഡാലസിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ അത്തനാസിയോസ് യോഹാന്‍ മെത്രാപ്പൊലീത്ത (കെ.പി. യോഹന്നാന്‍) അന്തരിച്ചു. ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.

ചര്‍ച്ചിന്റെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിനുസമീപത്തെ പൊതുനിരത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് 5.30-ന് ആയിരുന്നു അപകടം. തലയ്ക്കും വാരിയെല്ലിനും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു.

ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ ഡാലസിലെ മെത്തഡിസ്റ്റ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. അഞ്ചു ദിവസംമുന്‍പാണ് മെത്രാപ്പോലീത്ത അമേരിക്കയില്‍ എത്തിയത്. 300 ഏക്കര്‍ വിസ്തൃതിയിലുള്ള ഭദ്രാസനത്തിനകത്തായിരുന്നു സാധാരണ രാവിലെ നടക്കാറുണ്ടായിരുന്നത്.

തിരുവല്ല താലൂക്കിലെ നിരണം കടിപ്പിയാരിൽ കുടുംബാംഗമായ മാർ അത്തനേഷ്യസ് യോഹാൻ, ഗോസ്പൽ ഫോർ ഏഷ്യ എന്ന സംഘടനയുടെ സ്ഥാപക മേധാവിയായി തിരുവല്ലയിലാണ് പ്രവർത്തനമാരംഭിക്കുന്നത്. മാർത്തോമ്മാ സഭയിലായിരുന്ന മാർ അത്തനേഷ്യസ് യോഹാൻ, സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുവിശേഷവേലയിലേക്കു തിരിഞ്ഞു. 1966 മുതൽ ഓപ്പറേഷൻ മൊബൈലൈസേഷൻ എന്ന സംഘടനയിൽ ചേർന്നു വിവിധ വടക്കേ ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ സുവിശേഷ പ്രവർത്തകനായി. 1974ൽ അമേരിക്കയിൽ ദൈവശാസ്‌ത്രപഠനത്തിനായി പോയി. മുൻപേ പരിചയമുണ്ടായിരുന്ന ജർമൻ സുവിശേഷകയായ ഗിസിലയെ ഇതിനിടെ ജീവിതപങ്കാളിയായി സ്വീകരിച്ചു.

1979ൽ അമേരിക്കയിലായിരിക്കേ തന്നെ ഗോസ്‌പൽ ഫോർ ഏഷ്യ എന്ന സുവിശേഷ പ്രചാരണ സംഘടനയ്‌ക്കു രൂപം നൽകി. അധികം വൈകാതെ കേരളത്തിൽ തിരിച്ചെത്തി. ആത്മീയയാത്ര റേഡിയോ പ്രഭാഷണ പരമ്പരയിലൂടെ ശ്രദ്ധേയനായി. 1990ൽ സ്വന്തം സഭയായ ബിലീവേഴ്‌സ് ചർച്ചിനു രൂപം നൽകി. 2003ൽ സ്ഥാപക ബിഷപ്പായി. മോറാൻ മോർ അത്തനേഷ്യസ് യോഹാൻ എന്ന പേര് സ്വീകരിച്ച അദ്ദേഹം, ക്രൈസ്തവ സഭാ നേതൃത്വത്തിലേക്ക് ഉയർന്നത് അടുത്ത കാലത്താണ്.

തിരുവല്ല കുറ്റപ്പുഴ ആസ്ഥാനമായ ബിലീവേഴ്സ് സഭയോടു ചേർന്ന് ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രി സ്ഥാപിച്ചു. 52 ബൈബിൾ കോളജുകൾ ഉൾപ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചു. തിരുവല്ലയിൽ 200 ഏക്കർ സ്ഥലത്ത് ജൈവോദ്യാനം സ്ഥാപിച്ചു. മുന്നൂറോളം പുസ്തകങ്ങൾ രചിച്ചു. അടുത്ത കാലത്തായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എന്ന പുനർനാമകരണം ചെയ്തിനു പിന്നിൽ പൗരസ്ത്യ ക്രൈസ്തവ ആരാധനാക്രമത്തോടുള്ള അദ്ദേഹത്തിന്റെ മതിപ്പും ആദരവുമാണ് പ്രതിഫലിക്കുന്നത്.

ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരെ അനുസ്മരിപ്പിക്കുന്ന വിധം മെത്രാപ്പൊലീത്ത ഉൾപ്പെടെ 12 ബിഷപ്പുമാരാണ് ബിലീവേഴ്സ് സഭയുടെ കേരളത്തിലെ വിവിധ ഭാഗങ്ങളിലെ ഭദ്രാസനങ്ങൾക്കു നേതൃത്വം നൽകുന്നത്. യുഎസിലും കാനഡയിലും യുകെയിലും ഓസ്ട്രേലിയയിലുമായി ഏകദേശം 900 റേഡിയോ സ്റ്റേഷനുകളിലൂടെ പ്രക്ഷേപണം നടത്തുന്ന യാഥാർഥ്യത്തിലേക്കുള്ള വഴി എന്ന റോഡ് ടു റിയാലിറ്റി ശ്രദ്ധേയമായ പ്രവർത്തനമാണ്.

മലയാളി യുവാക്കളെ റഷ്യന്‍ യുദ്ധമുഖത്തേക്ക് റിക്രൂട്ട് ചെയ്തവര്‍പിടിയില്‍. ഇടനിലക്കാരായ രണ്ടുപേരെയാണ് സിബിഐ ദില്ലി യൂണിറ്റ് പിടികൂടിയത്. ഇടനിലക്കാരായ അരുണ്‍, പ്രിയന്‍ എന്നിവരാണ് അറസ്റ്റിലായത്.

റഷ്യന്‍ യുദ്ധമുഖത്തേക്ക് മലയാളികളെ എത്തിക്കുന്ന റഷ്യന്‍ മലയാളി അലക്‌സിന്റെ മുഖ്യ ഇടനിലക്കാരാണ് അറസ്റ്റിലായത്. തുമ്പ സ്വദേശിയായ പ്രിയന്‍ അലക്‌സിന്റെ ബന്ധുവാണ്. റഷ്യയിലേക്ക് പോകുന്നതിന് മുമ്പ് ആറു ലക്ഷത്തോളം രൂപ പ്രിയനാണ് കൈപ്പറ്റിയത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന റിക്രൂട്ട്‌മെന്റിന് നേതൃത്വം നല്‍കിയതും പ്രിയന്‍ ആണ്. പ്രിയനെതിരെ റഷ്യയില്‍നിന്ന് നാട്ടിലെത്തിയവര്‍ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

തട്ടിപ്പിനിരയായ മലയാളികളായ ഡേവിഡ് മുത്തപ്പനും പ്രിന്‍സ് സെബാസ്റ്റ്യനും കഴിഞ്ഞ മാസം തിരിച്ചെത്തിയിരുന്നു. പ്രിന്‍സിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

തിരുവന്തപുരം അഞ്ചുതെങ്ങ്- പൊഴിയൂര്‍ സ്വദേശികളായ പ്രിന്‍സ് സെബാസ്റ്റ്യന്‍, ഡേവിഡ് മുത്തപ്പന്‍ എന്നിവരെ സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇടനിലക്കാര്‍ കൊണ്ടുപോയത്.

വാട്‌സാപ്പില്‍ ഷെയര്‍ ചെയ്ത് കിട്ടിയ സെക്യൂരിറ്റി ജോലിയുടെ പരസ്യംകണ്ടാണ് ഏജന്‍സിയെ സമീപിച്ചത്. ഏജന്റിന്റെ സഹായത്തോടെ ഡല്‍ഹിയില്‍ എത്തി. പിന്നിട് അവിടെനിന്ന് റഷ്യയിലേക്ക് കൊണ്ടുപോയി. പരിശീലനത്തിന് ശേഷം കൂലിപ്പട്ടാളത്തോടൊപ്പം ചേരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷൻ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയ്ക്ക് (കെ.പി. യോഹന്നാന്‍) വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. യു.എസ്സിലെ ടെക്‌സാസില്‍ വെച്ച് ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് 05:25-ഓടെയായിരുന്നു അപകടം.

പ്രഭാതസവാരിക്കിടെ അജ്ഞാതവാഹനം ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കെ.പി. യോഹന്നാനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് സഭാവക്താവ് അറിയിച്ചു.

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്‌സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയില്‍ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാല്‍ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിന് പുറത്തേക്കാണ് പോയത്. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചത്.

RECENT POSTS
Copyright © . All rights reserved