India

ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ ഏർപ്പെടുത്തിയ എയർ ഇന്ത്യാ വിമാനത്തിന് ഞായറാഴ്ച ഖത്തർ അനുമതി നൽകാതിരുന്നത് കേന്ദ്രസർക്കാർ ഖത്തർ വ്യോമയാന മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചതിനാലെന്ന് സൂചന. സൗജന്യ വിമാന സർവീസ് ആണ് എന്നാണ് കേന്ദ്രസർക്കാർ ഖത്തർ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരുന്നത്.

ഇതിനെ തുടർന്ന് വിമാനത്താവളത്തിലെ പല തരം ഫീസുകളിലും എയർ ഇന്ത്യയ്ക്ക് ഖത്തർ ഇളവ് അനുവദിച്ചിരുന്നു. ഒഴിപ്പിക്കൽ വിധത്തിലുള്ള വിമാന സർവീസാണെന്നും അതുകൊണ്ട് സൗജന്യമായാണ് ആളുകളെ നാട്ടിലെത്തിക്കുന്നതെന്നുമാണ് കേന്ദ്രസർക്കാർ ഖത്തറിനെ അറിയിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.

ഇതിനെ തുടർന്നായിരുന്നു എയർ ഇന്ത്യയ്ക്ക് ഖത്തർ എയർപോർട്ട് പാർക്കിങ് ഫീസ്, ഹാൻഡ്ലിങ് ഫീസ് ഉൾപ്പെടെയുള്ളവയിൽ ഇളവ് നൽകിയത്. ദോഹയിൽ നിന്ന് കഴിഞ്ഞ ദിവസം എയർ ഇന്ത്യാ വിമാനം യാത്ര തിരിച്ചിരുന്നു. ഇതിന് ശേഷമാണ് ഇത് സൗജന്യയാത്രയല്ലെന്നും ഏകദേശം 700 റിയാലോളം യാത്രക്കാരിൽ നിന്നും എയർ ഇന്ത്യ ഈടാക്കുന്നുണ്ടെന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിഞ്ഞത്.

ഇത്തരത്തിൽ ആളുകളിൽ നിന്ന് പണമീടാക്കി നടത്തുന്ന യാത്രയ്ക്ക് എന്തിനാണ് തങ്ങൾ സൗജന്യമായി ഇളവുകൾ നൽകുന്നതെന്ന ചോദ്യമാണ് ദോഹ വിമാനത്താവളം ഉയർത്തിയത് എന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് ഖത്തർ ആഭ്യന്തരമന്ത്രാലയം എയർ ഇന്ത്യക്ക് യാത്രാനുമതി നിഷേധിച്ചതെന്നാണ് അറിയുന്നത്. എന്നാൽ അടുത്ത ചൊവ്വാഴ്ച മുതൽ വിമാനസർവീസ് ഖത്തർ അനുവദിക്കുമെന്നാണ് റിപ്പോർട്ട്.

കൊവിഡ് പശ്ചാത്തലത്തിൽ ഗൾഫിലെ നിരവധി രാജ്യങ്ങൾ പൗരന്മാരെ സൗജന്യമായി അവരവരുടെ നാടുകളിൽ എത്തിക്കാമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഗൾഫ് വിമാനക്കമ്പനികൾക്ക് ഇന്ത്യ അത്തരത്തിൽ ഒരു അനുമതി നൽകിയിരുന്നില്ല. ഒടുവിൽ യാത്രക്കാരിൽ നിന്നും 15000 രൂപയോളം ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് എയർ ഇന്ത്യ വിമാനത്തിൽ ഇവരെ ഇന്ത്യയിൽ എത്തിച്ചത്.

ഇത്തരത്തിൽ ടിക്കറ്റ് ഈടാക്കി ആളുകളെ കൊണ്ടുവരുന്ന നടപടിയിൽ പ്രതിഷേധിച്ച് ആദ്യവിമാനത്തിന് കുവൈറ്റും ഇന്ത്യയ്ക്ക് അനുമതി നൽകിയിരുന്നില്ല. പിന്നീട് ചർച്ചയ്ക്ക് ശേഷമാണ് സർവീസ് പുനരാരംഭിച്ചത്. ഗൾഫ് രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുന്നവരാണ് മിക്ക പ്രവാസികളും. അതുകൊണ്ട് തന്നെ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് ടിക്കറ്റ് നൽകണമെന്ന് പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രസർക്കാർ അത് പരിഗണിച്ചിരുന്നില്ല.

ഇതിന് പിന്നാലെയാണ് സൗജന്യസേവനമെന്ന് ഗൾഫ് രാജ്യങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇന്ത്യ വലിയ ടിക്കറ്റ് നിരക്ക് ഈടാക്കി യാത്രക്കാരെ ഇന്ത്യയിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.

സോഷ്യൽമീഡിയയിൽ കൊവിഡ് ഉൾപ്പടെയുള്ള ദുരന്തങ്ങളും ഗൗരവം നിറഞ്ഞ വിഷയങ്ങളുമെല്ലാം ട്രോളാകാറുണ്ട്. ഇത്തരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോൺ വിളിച്ചതിന്റെ പേരിൽ സോഷ്യൽമീഡിയ ഏതാനും നാളുകളായി ആഘോഷിക്കുന്ന പേരാണ് ഉസ്മാന്റേത്. പ്രത്യേക വിമാനത്തിൽ പ്രവാസികളെ എത്തിക്കാൻ തുടങ്ങിയതു മുതൽ ഓരോ ട്രോളന്മാരും അന്വേഷിക്കുന്നത് ഉസ്മാൻ എത്തിയോ എന്നായിരുന്നു. എങ്കിലിതാ നിങ്ങൾക്ക് നിരാശരാകാം. ഇനി പുതിയ വിഷയം തേടി പോകാം. കാരണം ഉസ്മാൻ നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നു.

ചെന്നിത്തല പ്രവാസി കോൺഗ്രസ് നേതാക്കളുമായി നടത്തിയ ഫോൺ കോളുകളുടെ വീഡിയോയിൽനിന്നാണ് ഈ ട്രോളുകളെല്ലാം ആരംഭിച്ചത്. ഒടുവിൽ ട്രോളന്മാർ അന്വേഷിച്ചു നടന്ന കെകെ ഉസ്മാൻ ഞായറാഴ്ച പുലർച്ചെ ദോഹയിൽനിന്ന് നെടുമ്പാശേരിയിലെത്തിയ വിമാനത്തിൽ വന്നിറങ്ങിയിരിക്കുകയാണ്. ഒഐസിസി ഗ്ലോബൽ വൈസ് പ്രസിഡന്റാണ് കെകെ ഉസ്മാൻ.

പ്രതിപക്ഷ നേതാവ് സദുദ്ദേശ്യത്തോടെ ചെയ്ത കാര്യങ്ങൾ മോശപ്പെടുത്തി ചിത്രീകരിക്കുന്നതിൽ ശരിക്കും വിഷമമുണ്ടെന്നായിരുന്നു ഉസ്മാന്റെ ആദ്യപ്രതികരണം. തന്നെ മാത്രമല്ല, ഒഐസിസിയുടെ മറ്റ് നേതാക്കളായ വർഗീസ് പുതുക്കുളങ്ങര, രാജു കല്ലമ്പുറം തുടങ്ങിയവരെയും അദ്ദേഹം വിളിച്ചിരുന്നെന്നും ഏപ്രിൽ മാസം തുടക്കത്തിൽ ഒരു വ്യാഴാഴ്ചയാണ് പ്രതിപക്ഷ നേതാവ് ഫോണിൽ വിളിച്ചതെന്നും ഉസ്മാൻ പറയുന്നു. ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ട എല്ലാസഹായവും ചെയ്തുനൽകണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. പിറ്റേദിവസം വെള്ളിയാഴ്ചയും അദ്ദേഹം വിളിച്ചിരുന്നു.

ദോഹയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്ന ഒരു മലപ്പുറം സ്വദേശിയുടെ നമ്പർ അദ്ദേഹം നൽകുകയും എല്ലാ സഹായവും എത്തിച്ചുനൽകാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നും ഉസ്മാൻ പറയുന്നു. ലോക്ക്ഡൗൺ കാരണം അവിടെ 16 ഓളം പേരാണ് കുടുങ്ങികിടന്നിരുന്നത്. ചെന്നിത്തല വിളിച്ചുപറഞ്ഞതനുസരിച്ചാണ് അവിടെ എത്തിയത്. എല്ലാവർക്കും ഒരുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ നൽകിയെന്നും ഉസ്മാൻ വിശദീകരിച്ചു.

രാഷ്ട്രീയഭേദമന്യേ എല്ലാവർക്കും സഹായം എത്തിക്കാനാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. പക്ഷേ, അതെല്ലാം മോശപ്പെടുത്തുന്നരീതിയിൽ ചിത്രീകരിക്കുന്നതിൽ വിഷമമുണ്ട്. എന്തെല്ലാമായാലും ട്രോളന്മാരോട് തനിക്ക് കടപ്പാടുണ്ടെന്നും ഖത്തർ ഇൻകാസ് സ്ഥാപക പ്രസിഡന്റ് കൂടിയായ ഉസ്മാൻ പറയുന്നു. ഒന്നുമില്ലെങ്കിലും തന്റെ പേര് ഇത്രയും വൈറലാക്കിയതിൽ അവരോട് കടപ്പാടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഖത്തറിലും ഗൾഫ് രാജ്യങ്ങളിലും സജീവമായ സാമൂഹികപ്രവർത്തകനായ ഉസ്മാൻ ഗർഭിണിയായ മകൾക്കൊപ്പമാണ് ഞായറാഴ്ചയിലെ വിമാനത്തിൽ നാട്ടിലെത്തിയത്. ഞായറാഴ്ച പുലർച്ചെ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ അദ്ദേഹം ഉച്ചയോടെ സ്വദേശമായ കോഴിക്കോട് നാദാപുരത്തെ പാറക്കടവിലെത്തി. ഇനിയുള്ള ദിവസം സർക്കാർ നിർദേശിച്ച ക്വാറന്റൈനിലാണ്. വിമാനസർവീസുകളെല്ലാം പഴയപടിയായാൽ ഖത്തറിലേക്ക് മടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. 45 വർഷമായി ദോഹയിൽ ബിസിനസ് നടത്തുകയാണ് ഉസ്മാൻ.

ലോക്ക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തിനുള്ളില്‍ ഭാഗവത പാരായണം നടത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് തൃശൂര്‍ ബ്യൂറോ ചീഫ് ആയ പ്രിയ ഇളവള്ളിമഠത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. തൃശൂര്‍ കുട്ടഞ്ചേരി സ്വദേശിയായ അജിത് ശിവരാമനാണ് അറസ്റ്റിലായത്. പ്രിയ ഇളവള്ളി മഠത്തെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിച്ചു എന്നുമാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന അജിത്ത് ശിവരാമൻ നാട്ടിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രിയ ഇളവള്ളി മഠം എരുമപ്പെട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

തന്റെയും ഭര്‍ത്താവിന്റെയും ഫോട്ടോ വെച്ച് സോഷ്യൽ മീഡിയയിൽ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയും വര്‍ഗീയ പ്രചാരണം നടത്തുകയും ചെയ്യുന്നു എന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. ഭര്‍ത്താവ് മുസ്ലിം ആയതിനാല്‍ ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയിലുള്ള ആരോപണമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങൾക്കെതിരെ നടത്തുന്നതെന്നും പ്രിയ ഇളവള്ളി മഠം പറയുന്നു. അറസ്റ്റിലായ അജിത് ശിവരാമന്‍ ഫോണില്‍ വിളിച്ച് മോശമായി സംസാരിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സോഷ്യല്ർമീഡിയയിൽ പോസ്റ്റ് ഇടുകയും ചെയ്തതായി പരാതിയില്‍ പറഞ്ഞിരുന്നു.

ഏപ്രില്‍ എട്ടിനാണ് തൃശൂർ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ലോക്ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടന്നത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ഇ. ചന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. സംഭവസ്ഥലത്തെത്തിയ പൊലീസിനെ കണ്ട് പകുതിയിലേറെ ആളുകള്‍ ഓടി രക്ഷപ്പെട്ടിരുന്നു. രാവിലെ 7.30 ന് നടന്ന ഭാഗവത പാരായണത്തില്‍ അമ്പതിനടുത്ത് ആളുകള്‍ പങ്കെടുത്തതായാണ് വിവരം.

കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് അവസാനം രാജ്യത്ത് നിർത്തിവച്ച യാത്രാ ട്രെയിൻ സർവീസുകൾ മേയ് 12ന് മുതൽ പുനരാരംഭിക്കുന്നു. ഇന്ന് മുതൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. ഘട്ടംഘട്ടമായാണ് ട്രെയിൻ സർവീസുകൾ വീണ്ടും തുടങ്ങുന്നത്.

30 ട്രെയിനുകളാണ് (മടക്ക ട്രെയിനുകളടക്കം) സര്‍വീസ് നടത്തുക. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ദിബ്രുഗഡ്, അഗര്‍ത്തല, ഹൗറ, പാറ്റ്‌ന, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്ദരാബാദ്, ബംഗൂരു, ചെന്നൈസ തിരുവനന്തപുരം, മഡ്ഗാവ്, മുംബയ് സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മു താവി എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകളാണ് ഓടിത്തുടങ്ങുക. 20,000 കോച്ചുകൾ കോവിഡ് കെയർ സെൻ്ററുകൾക്കായി മാറ്റിവച്ചിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി നാല് ദിവസത്തേയ്ക്ക് 300 ശ്രമിക് ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തയ്യാറാണെന്ന് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു.

നാളെ വൈകീട്ട് നാല് മണി മുതല്‍ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ (irctc.co.in) ടിക്കറ്റുകള്‍ ലഭ്യമാകും. പ്ലാറ്റ്‌ഫോം ടിക്കറ്റുകളും ലഭിക്കും. ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ല. ഓണ്‍ലൈന്‍ ടിക്കറ്റ് കണ്‍ഫോം ആണെങ്കില്‍ മാത്രമേ യാത്ര ചെയ്യാനാകൂ എന്നും റെയില്‍വേ വ്യക്തമാക്കി. യാത്രക്കാരെ സ്‌കാന്‍ ചെയ്യും. കോവിഡ് രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ട്രെയിനില്‍ കയറാന്‍ അനുവദിക്കൂ. മാസ്‌ക് നിര്‍ബന്ധമാണ് എന്നും റെയില്‍വേയെ ഉദ്ധരിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) പറയുന്നു.

 

നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഡിയോളജി വിഭാഗത്തില്‍ അദ്ദേഹം നിരീക്ഷണത്തിലാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി (എയിംസ്)ലെ കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ. നിതീഷ് നായിക്കിന്റെ മേല്‍നോട്ടത്തിലാണ് 87-കാരനായ മുന്‍ പ്രധാനമന്ത്രി.

ഇന്നു വൈകിട്ടോടെയാണ് വീട്ടില്‍ വച്ച് ഡോ. മന്‍മോഹന്‍ സിംഗിന് നെഞ്ചു വേദനയുണ്ടായത്. 8.45-ഓടു കൂടി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഡോ. മന്‍മോഹന്‍ സിംഗിന് മുമ്പും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2009-ല്‍ അദ്ദേഹം എയിംസില്‍ തന്നെ ബൈപ്പാസ് സര്‍ജറിക്ക് വിധേയനായിട്ടുണ്ട്.

2003-ല്‍ അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നിരുന്നു. 1990-ല്‍ ലണ്ടനില്‍ വച്ചും അദ്ദേഹത്തിന് ബൈപ്പാസ് സര്‍ജറി നടത്തിയിട്ടുണ്ട്.2004 മുതല്‍ 2014 വരെയുള്ള 10 വര്‍ഷക്കാലം പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് ആഗോള തലത്തില്‍ ബഹുമാനിക്കപ്പെടുന്ന സാമ്പത്തിക വിദഗ്ധന്‍ കൂടിയാണ്.

1990-കളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തുറന്നു കൊടുത്ത ഉദാരവത്കരണ-ആഗോളവത്ക്കരണ നയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ധനമന്ത്രി കൂടിയാണ് അദ്ദേഹം.ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.

നടനും മിമിക്രി കലാകരനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു. 40 വയസായിരുന്നു. ഞായറാഴ്ച വൈകുന്നേരം കൊടകര ശാന്തി ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച നടക്കും.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി മിമിക്രി രംഗത്ത് നിറഞ്ഞു നിന്നിരുന്ന ജയേഷ് പതിനൊന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലാല്‍ജോസ് സംവിധാനം ചെയ്ത മുല്ല എന്ന സിനിമയിലൂടെയാണ് ജയേഷ് സിനിമയിലെത്തിയത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയില്‍ ജയേഷ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രേതം ടു, സു സു സുധി വാല്‍മീകം, പാസഞ്ചര്‍, ക്രേസി ഗോപാലന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, കരയിലേക്കൊരു കടല്‍ ദൂരം തുടങ്ങിയ സിനിമകളില്‍ ജയേഷിന്റെ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. വിവിധ ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലും ജയേഷ് നിറ സാന്നിധ്യമായിരുന്നു.

കൊടകര മറ്റത്തൂര്‍ വാസുപുരം ഇല്ലിമറ്റത്തില്‍ ഗോപിമോനോന്‍ – അരിക്കാട്ട് ഗൗരി ദമ്പതികളുടെ മകനാണ്. സുനജയാണ് ഭാര്യ. ശിവാനി മകളാണ്. ജയേഷിന്റെ അഞ്ചുവയസുകാരന്‍ മകന്‍ സിദ്ധാര്‍ഥ് രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത്.

മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്റെ മേക്കോവർ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മസിലും പെരുപ്പിച്ച് ടി ഷർട്ടിൽ ഒരു ‘ഹോളിവുഡ്’ സ്റ്റൈൽ ലുക്കിലാണ് ജയചന്ദ്രനെ കാണാനാകുക. ആരാധകർ വലിയ ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ ഈ മാറ്റത്തെ പ്രശംസിക്കുന്നത്. താടിയാണ് പ്രധാന ആകർഷണമെന്നാണ് ആരാധകരുടെ പക്ഷം.

ബെംഗളൂരുവിൽ മലയാളി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കോവിഡ് പ്രശ്നം പറഞ്ഞു പല ആശുപത്രികളും യുവതിയെ അഡ്മിറ്റ്‌ ചെയ്യാൻ തയ്യാറായില്ല. കണ്ണൂർ സ്വദേശിനിക്കാണ് ദുരനുഭവം. കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ 27കാരിക്കാണ് ദുരിതമുണ്ടായത്.

ബെംഗളൂരു ഗോരേപാളയയിൽ താമസിക്കുന്ന ഇവർ പ്രസവവേദനയെത്തുടർന്നു ഇന്നലെ രാത്രിയിലാണ് അമ്മയ്ക്കും സഹോദരനുമൊപ്പം ആശുപത്രിയിലേയ്ക്ക് തിരിച്ചത്. എന്നാൽ കോവിഡിന്റെ പേരിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തില്ല. കോവിഡ് മൂലം പുതിയ രോഗികളെ എടുക്കുന്നില്ലെന്നായിരുന്നു മറുപടി.

തുടർന്ന് മറ്റൊരാശുപത്രിയിൽ എത്തിയെങ്കിലും ഇതേ മറുപടി തന്നെ ലഭിച്ചു. 5 ആശുപത്രികളിൽ പോയെങ്കിലും എല്ലായിടത്തു നിന്നും തിരിച്ചയച്ചു. ഒടുവിൽ വഴിമധ്യേ സിദ്ധാപുരയിൽ വച്ച് ഓട്ടോ റിക്ഷയ്ക്കുള്ളിൽ പ്രസവിക്കുകയായിരുന്നു.

പിന്നാലെ മലയാളി സംഘടനകളുടെ സഹായത്തോടെ ബെംഗളൂരു കിംസ് ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും, ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഇവരെ സന്ദർശിച്ച എം എൽ എ സമീർ അഹമ്മദ് ഖാൻ ധനസഹായവും നൽകി.

സംസ്ഥാനത്ത് ഏഴുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വയനാട്ടില്‍ മൂന്നും തൃശൂരില്‍ രണ്ടും രോഗികളുണ്ട്. എറണാകുളത്തും മലപ്പുറത്തും ഓരോ രോഗികള്‍ വീതവും. കണ്ണൂരില്‍ രണ്ടും പാലക്കാട് കാസര്‍കോട് ജില്ലകളില്‍ ഒരാള്‍ക്കുവീതവും രോഗമുക്തിയായി. സംസ്ഥാനത്ത് ഇപ്പോള്‍ കോവിഡ് ചികില്‍സയിലുള്ളത് 20 പേരാണ്.

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിച്ചു. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരടക്കം 26,712 പേര്‍ നിരീക്ഷണത്തിലുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 20 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

വിവിധ ജില്ലകളിലായി 26,712 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 26,350 പേര്‍ വീടുകളിലും 362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 37,464 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 36,630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3815 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3525 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

നെടുങ്കണ്ടത്ത് 40 ഏക്കറില്‍ അസ്ഥികൂടം കണ്ടെത്തി. അസ്ഥിക്കൂടം ഒന്‍പത് മാസം മുൻപ്കാണാതായ മാവടി സ്വദേശിയുടേതെന്ന് സംശയം. നാല്‍പ്പതേക്കറില്‍ കൃഷിയിറക്കാത്ത കുറ്റിച്ചെടികളും പാറക്കെട്ടുകളുമുള്ള സ്ഥലത്ത് ഔഷധച്ചെടികള്‍ ശേഖരിക്കാനെത്തിയവരാണ് അസ്ഥിക്കൂടം കണ്ടെത്തിയത്.. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച്‌ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പൊലീസും ഫോറന്‍സിക് അധികൃതരും വ്യാഴാഴ്ച സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കാലിന്റെ അസ്ഥികള്‍ സമീപത്തെ ചെടികളില്‍ കമ്പി ഉപയോഗിച്ച്‌ കെട്ടിയ നിലയിലായിരുന്നു. ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ ഷര്‍ട്ടും കൈലിമുണ്ടും മൊബൈല്‍ ഫോണും കിട്ടിയിട്ടുണ്ട്. കേടുപാട് സംഭവിക്കാത്ത നിലയില്‍ ഒരു കുടയും ഇവിടെയുണ്ടായിരുന്നു.

സംഭവം കൊലപാതകമാണെന്നും ഒന്‍പത് മാസം മുൻപ് കാണാതായ മാവടി സ്വദേശിയുടേതാണ് അസ്ഥിക്കൂടമെന്നുമാണ് പൊലീസിന്റെ സംശയം. പരിസരത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളും കാണാതായ വ്യക്തി ഉപയോഗിച്ചിരുന്നതിന് സമാനമാണ്. അതേസമയം, ഇയാളുടെ ബന്ധുക്കളെ സ്ഥലത്തെത്തിച്ച്‌ തിരിച്ചറിയാന്‍ ശ്രമിച്ചെങ്കിലും സ്ഥിരീകരിക്കാനായില്ല.

ഡോഗ് സ്‌ക്വാഡില്‍ നിന്നെത്തിയ പൊലീസ് നായ സ്റ്റെഫി സംഭവ സ്ഥലത്ത് നിന്ന് മണം പിടിച്ച്‌ അടുത്തുള്ള കുറ്റിക്കാട്ടിലേക്കാണ് ഓടിക്കയറിയത്. കോട്ടയത്ത് നിന്നെത്തിയ ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു. കേസില്‍ അന്വേഷണം തുടരുകയാണെന്നും ഡിഎന്‍എ പരിശോധന അടക്കം നടത്തി മരിച്ചയാളെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved