ബിഹാറിലെ നവാഡയില്‍ നിന്നു കേരളത്തിലേക്കു മടങ്ങവെ അപടത്തില്‍പ്പെട്ടു മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുവരുന്നു.

തെലങ്കാനയിലെ നിസാമാബാദില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ അപകടത്തില്‍ കോഴിക്കോട് കോടഞ്ചേരി ചെമ്ബുകാവ് മഞ്ചേരിയില്‍ അനീഷ് (33), മകള്‍ അനാലിയ (ഒന്നര വയസ്), ഉഡുപ്പി സ്വദേശി സ്റ്റെനി (23) എന്നിവരാണ് മരിച്ചത്.

കാര്‍ ലോറിയുടെ പിന്നിലിടിച്ചാണ് അപകടം. കാറില്‍ ഒപ്പമുണ്ടായിരുന്ന അനീഷിന്റെ ഭാര്യ ദിവ്യ (28) മകള്‍ അസാലിയ (നാല്) എന്നിവരെ പരുക്കുകളോടെ ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ദിവ്യയുടെ തലയ്ക്കു പരുക്കേറ്റിരുന്നു. ഭര്‍ത്താവും കുഞ്ഞും മരിച്ച വിവരം ദിവ്യയെയും മകളെയും അറിയിച്ചിട്ടില്ല. പരുക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ ഇവരെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത് നാട്ടിലേക്കു കൊണ്ടുവരുന്നുണ്ട്. നവാഡ വാസ്‌ലിഗഞ്ച് സെന്‍റ് തെരേസാസ് ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകരാണ് മരിച്ച അനീഷും സ്റ്റെനിയും.

വാസ്ലിഗഞ്ചിലാണ് ഇവര്‍ താമസിച്ചിരുന്നത്. നവാഡയില്‍ നിന്നു രണ്ടു കാറുകളിലായാണ് മലയാളി സംഘം 14നു വൈകിട്ട് കേരളത്തിലേക്ക് യാത്ര തിരിച്ചത്. മരിച്ച അനീഷിന്റെ സഹോദരന്‍ അനൂപും ഭാര്യയും മറ്റൊരു കാറില്‍ പിറകിലുണ്ടായിരുന്നു.

അനൂപിന്‍റെ ഗര്‍ഭിണിയായ ഭാര്യയുടെ പ്രസവം നാട്ടിലാകണമെന്നതിനാലാണ് സഹോദരന്റെ കുടുംബത്തോടൊപ്പം കാറില്‍ നാട്ടിലേക്ക് യാത്ര തിരിച്ചത്. രാത്രിയില്‍ റോഡിനു നടുക്കു നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്.

കേടായ ലോറി ലൈറ്റൊന്നുമിടാതെ റോഡിനു കുറുകെ നിര്‍ത്തിയിട്ടിയിരിക്കുകയായിരുന്നു. ലോറിക്കു മുന്നിലായി കുറച്ചു കല്ലുകളിട്ടിരുന്നുവെന്നു മാത്രം. കേരളത്തിലേക്കു പട്നയില്‍‍ നിന്നു ട്രെയിന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ നോര്‍ക്കയില്‍ ഇവര്‍ പേരു റജിസ്റ്റര്‍ ചെയ്തിരുന്നു. ദിവസങ്ങള്‍ കാത്തിരുന്നിട്ടും ട്രെയിന്‍ സര്‍വീസുണ്ടാകുമെന്ന സൂചനകളൊന്നുമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കാറില്‍ യാത്ര തിരിച്ചത്.

റോഡു മാര്‍ഗം കേരളത്തിലെത്താനാണ് നോര്‍ക്കയില്‍ നിന്നു നിര്‍ദേശമുണ്ടായതും. ഞായറാഴ്ച പട്നയില്‍ നിന്നു കോഴിക്കോട്ടേക്കു മറ്റൊരു സംഘം ബസില്‍ യാത്ര തിരിക്കുന്നുണ്ട്.