രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 223 ആയി. ഇന്ന് മാത്രം 50 ഓളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആഴ്ചകള്‍ക്ക് മുന്‍പ് കോവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസില്‍ 32 വിദേശ പൌരന്മാരും ഉള്‍പ്പെടുന്നു. ഇതുവരെ 5 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രോഗ പടര്‍ച്ച തടയുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യു കര്‍ശനമായി പാലിക്കാന്‍ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഞായറാഴ്ച രാവിലെ 7 മുതല്‍ രാത്രി 9 മണിവരെ കര്‍ഫ്യൂ ആചരിക്കാനാണ് രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് ഇന്നു മാത്രം 12 പേര്‍ക്ക് കൊറണ ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. കൊച്ചിയിലെ അഞ്ച് വിദേശികളുള്‍പ്പെടെയാണിത്. കാസറഗോഡ് ആറുപേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് കൊറോണവൈറസ് ബാധിച്ചിരിക്കുന്നത്. 444396 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇന്നുമാത്രം 55 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.ഇതോടെ കേരളത്തില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 40 ആയി.
കാസറഗോഡ് കൊറോണ സ്ഥിരീകരിച്ചവരിലൊരാള്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയതാണ്. ഇദ്ദേഹം പിന്നീട് അവിടെത്തന്നെ ഒരുനാള്‍ തങ്ങുകയും പിന്നീട് കോഴിക്കോട് പോകുകയും ചെയ്തു. അവിടെ നിന്ന് കാസറഗോഡേക്ക് പോയി. കാസറഗോഡ് പൊതുപരിപാടികളിലടക്കം നിരവധി പരിപാടികളില്‍ ഇയാള്‍ പങ്കെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു. ഫൂട്ബോള്‍ കളിയിലും ക്ലബ്ബ് പരിപാടികളിലുമെല്ലാം പങ്കെടുത്തു. ഒട്ടേറെ ആളുകളുമായി ഇയാള്‍ ബന്ധപ്പെട്ടു. ഈ നില വന്നപ്പോള്‍ കാസറഗോഡ് പ്രത്യേക ശ്രദ്ധ വേണ്ട അവസ്ഥ വന്നു.
രണ്ട് എംഎല്‍മാര്‍ നിരീക്ഷണത്തിലായിട്ടുണ്ട്. ഇതേ കക്ഷി കൈ കൊടുക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തതാണ് ഇതിനു കാരണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആളുകള്‍ പൊതുവില്‍ സഹകരിക്കുന്നുണ്ടെങ്കിലും ഇത്തരമാളുകള്‍ പ്രശ്നമുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാസറഗോഡ് കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസ്സുകള്‍ ഞായറാഴ്ച നിശ്ചലമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെട്രോയും ഓടില്ല. എല്ലാവരും വീടുകളില്‍ കഴിയുമ്പോള്‍ പരിസരം പൂര്‍ണമായും ശുചീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊണ്ട പ്രധാന നടപടികള്‍
1. വലിയ മതാഘോഷങ്ങള്‍ മാറ്റി വെയ്ക്കാനും അതില്‍ നിന്നു അകന്നു നില്‍ക്കാനും ആരോഗ്യ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.
2. ജനത കര്‍ഫ്യു ദിവസം ക്രമ സമാധാന പരിപാലനത്തിനായി 39 ഡ്യൂട്ടി മജിസ്ട്രേറ്റ് മാരെ നോയിഡയില്‍ നിയമിച്ചു.
3. യു പി എസ് സി എല്ലാ സിവില്‍ സര്‍വ്വീസ് അഭിമുഖങ്ങളും പരീക്ഷകളും മാറ്റിവെച്ചു
4. കേരള ഗവണ്‍മെന്‍റ് എസ് എസ് എല്‍ സി, പ്ലസ് ടു, സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു.
5. കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ അവധി. ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ അവധി.
6. കര്‍ണ്ണാടകയും, തമിഴ്നാടും കേരളത്തിലേക്കുള്ള അതിര്‍ത്തി റോഡുകളില്‍ ശക്തമായ സ്ക്രീനിംഗ് ഏര്‍പ്പെടുത്തി.
7. ഉത്തരാഖണ്ഡ് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നത് നിരോധിച്ചു.
8. ലഖ്നോവിലെ എല്ലാ ഭക്ഷണ ശാലകളും മാര്‍ച്ച് 31 വരെ അടച്ചു.
9. ജനതാ കര്‍ഫ്യു ദിവസം ഡല്‍ഹി മെട്രോ നിര്‍ത്തിവെച്ചു, ഡല്‍ഹിയില്‍ മാര്‍ക്കറ്റുകള്‍ 3 ദിവസത്തേക്ക് അടച്ചു.
10 മുംബൈ, പൂനെ, നാഗ്പൂര്‍ നഗരങ്ങളില്‍ മാര്‍ച്ച് 31 വരെ ഷട്ട് ഡൌണ്‍ പ്രഖ്യാപിച്ചു
കൊച്ചിയിൽ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ യുകെയിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക്. മൂന്നാറിൽ നിന്നെത്തിയ സംഘത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. 17 അംഗ സംഘമാണ് മൂന്നാറിൽ നിന്നെത്തിയത്. കളമശേരിയിലെ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് ഇവരെ മാറ്റി. സ്വാകാര്യ ആശുപത്രിയിൽ അടക്കം സജീകരണങ്ങൾ. ഏത് സാഹചര്യത്തെയും നേരിടാൻ സംസ്ഥാനം സുസജം. അഞ്ചുപേരുടേയും നില തൃപ്തികരമെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘത്തിൽ ഒരാൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 30 ആയി.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വേഗത്തില്‍ വിവരങ്ങള്‍ കൈമാറുന്നതിനായി കോമ്പാറ്റ് (COM-BAT) എന്ന പുതിയ ആന്‍േഡ്രായിഡ് ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തുകയാണ് തിരുവല്ല മാക്ഫാസ്റ്റ് കോളജിലെ ജീവനക്കാരും ഡിപ്പാർട്മെന്റ് ഓഫ് കംപ്യൂട്ടർ അപ്ലിക്കേഷൻ വിദ്യാര്‍ഥി ജെയ്‌മോൻ ജയിംസും . ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നിര്‍ദേശപ്രകാരം കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവല്ല മാക്ഫാസ്റ്റ് കോളജിന്റെയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെയും ഐ.ടി മിഷന്റെയും സഹായത്തോടെയാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നത്. നാലു ദിവസംകൊണ്ടാണ് ആപ്ലിക്കേഷന്‍ യഥാര്‍ഥ്യമായത്.
ഉദ്യോഗസ്ഥരുടെ ഇ-മെയില്‍ ഐഡിയിലൂടെ ലിങ്ക് ഉപയോഗിച്ച് കോമ്പാറ്റിന്റെ സഹായത്തോടെ ആരോഗ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടര്‍മാരുടെയും ഫെയ്സ്ബുക്ക് പേജിലും നേരിട്ട് എത്താന്‍സാധിക്കും. ജില്ലയില്‍ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 16 ടീമുകളിലെ അംഗങ്ങള്‍ക്കും നേരിട്ട് വിവരങ്ങള്‍ കൈമാറാനും ഈ ആപ്പിലൂടെ സാധിക്കും. അഡ്മിന്‍ ആയിരിക്കും കോമ്പാറ്റ് ആപ്പ് നിയന്ത്രിക്കുന്നത്. 16 അംഗ സംഘത്തിലുമുള്ളവരുടെ മൊബൈല്‍ നമ്പരുകളും ഇതിലുണ്ട്. ആപ്പില്‍ നിന്ന് ഇവരെ വിളിക്കാനും മെസേജ് ചെയ്യാനുമുള്ള സൗകര്യവുമുണ്ട്. ആരുടെയും നമ്പര്‍ ഫോണില്‍ സേവ് ചെയ്യാതെ കൃത്യസമയത്തുതന്നെ വിവരങ്ങള്‍ കൈമാറാം. സംസ്ഥാനത്ത് മുഴുവനും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ആപ്പ് നിര്‍മിച്ചിരിക്കുന്നത്.
തിരുവല്ല മാക്ഫാസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ.ചെറിയാന്‍ ജെ.കോട്ടയില്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.സുധീപ് ബി. ചന്ദ്രമന,പ്രോജക്ട് ലീഡര്‍ പവിന്‍രാജ് തടത്തില്‍, എന്‍.ഐ.സി ഓഫീസര്‍ ജിജി ജോര്‍ജ്, ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ഷൈന്‍ ജോസ്, സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ ഡിപ്പാർട്മെന്റ് ഓഫ് കമ്പ്യൂട്ടർ ആപ്പ്ലിക്കേഷൻസ് അവസാന വർഷ വിദ്യാർത്ഥി ജെയ്മോന്‍ ജെയിംസ്, ഡെവലപ്മെന്റ് ഓഫീസര്‍ സി.സജി , പ്രൊജക്ട് ഡെവലപ്പിംഗ് മാനേജര്‍ അജയ് കുര്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോമ്പാറ്റ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഒരുക്കിയിരിക്കുന്നത്.
മണ്ഡല മകരവിളക്ക് കാലത്ത് പോലീസ് ഡിപാർട്മെന്റിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ മാക്ഫാസ്റ്റിലെ എംസിഎ വിദ്യാർത്ഥിയായ ജെയ്മോന്‍ ജെയിംസ് ഡെവലപ്പ് ചെയ്‌ത അപ്ലിക്കേഷൻ വളരെയധികം പ്രശംസ പിടിച്ചുപറ്റിയിരുന്നു .
കൊവിഡ് 19 സംസ്ഥാനത്ത് പടര്‍ന്ന് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങാന്‍ പോലും ജനം ഭയക്കുന്ന സമയമാണ്. ഒഴിഞ്ഞ ബിവറേജ് ക്യൂ പോലും അതിന് ഉദാഹരണമായി കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ ഉയര്‍ത്തിക്കാണിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടില്‍ ലഭ്യമാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച യുവാവിന് കിട്ടിയതാകട്ടെ എട്ടിന്റെ പണിയും. ആലുവ സ്വദേശി ജി. ജ്യോതിഷാണ് കൊവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തുനിന്നും മദ്യം വാങ്ങാന്‍ കഴിയില്ലെന്നും മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേടതിയെ സമീപിച്ചത്.
ഇത് അടിയന്തര പ്രാധാന്യമുള്ള വിഷയം ആണെന്നും ഹര്‍ജിക്കാരന്‍ പറയുന്നുണ്ട്. ദിവസം 3 മുതല്‍ 4 ലക്ഷം വരെ ഇടപാടുകാര്‍ മദ്യം വാങ്ങാന്‍ ബിവറേജ് ഔട്ട്‌ലെറ്റില്‍ എത്തുന്നുണ്ടെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണം എന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കാന്‍ ബെവ്‌കോയ്ക്ക് നിര്‍ദ്ദേശം നല്‍കണം എന്നും ഇയാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ സംഭവത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ഹര്‍ജിക്കാരന്‍ കോടതിയെയും നടപടി ‘ക്രമങ്ങളേയും പരിഹസിക്കുകയാണെന്നും ഹര്‍ജി കോടതി നടപടികളുടെ ദുരുപയോഗമാണെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരക്കാര്‍ പൗരധര്‍മ്മത്തിന്റെ അടിസ്ഥാനം പോലും എന്താണെന്ന് മനസ്സിലാക്കുന്നില്ല എന്ന വസ്തുത വളരെ വേദനാജനകമാണെന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ തുറന്നടിച്ചു. ഹര്‍ജി തള്ളിയ കോടതി ജ്യോതിഷിനോട് അമ്പതിനായിരം രൂപ പിഴ അടക്കാനും ഉത്തരവിട്ടു. വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് തോളത്തു വച്ച അവസ്ഥയിൽ ആയി ഹർജിക്കാരൻ.
ബിജോ തോമസ് അടവിച്ചിറ
കുട്ടനാട് പുളിങ്കുന്ന് വലിയപള്ളിക്കു സമീപം പുരയ്‌ക്കൽ പടക്ക നിർമ്മാണ ശാല വൻ സ്പോടനത്തോടെ കത്തിനശിച്ചു. പള്ളിക്കും പുളിങ്കുന്ന് എൽപി സ്കൂളിനും സമീപം സ്ഥിതിചെയ്യുന്ന പടക്ക നിർമ്മാണ യൂണിറ്റ് ആണ് പൂർണ്ണമായും കത്തി നശിച്ചത്. നിർമ്മാണ തൊഴിലാളികൾ ഉൾപ്പെട ഒമ്പതോളം പേർ സംഭവ സമയത്തു ശാലയ്ക്ക് ഉള്ളിൽ കുടുങ്ങി പോയി. തീ ഭാഗികമായി അണച്ചു ഫയർ ഫോഴ്സ് നാട്ടുകാരും ചേർന്ന് കുടുങ്ങിയവരെ പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില അതീവ ഗുരുതരം എന്ന് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലാഭമല്ല. ഈ വൻ മനുഷ്യദുരന്ത വാർത്ത പുറം ലോകത്തിലേക്ക് ആദ്യം അറിയിച്ചത് മലയാളം യുകെ ന്യൂസ് ആണ്
മധ്യപ്രദേശില്‍ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം വിശ്വാസ വോട്ട് തേടുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചു. കോണ്‍ഗ്രസിലെ 22 എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. എംഎല്‍എ മാരുടെ രാജി സ്വീകരിച്ചതോടെ, സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ് ഉണ്ടായത്. ഇതെതുടര്‍ന്നാണ് കമല്‍ നാഥ് രാജിവെച്ചത്.
ഇന്നലെയാണ് സുപ്രീം കോടതി കമല്‍നാഥിനോട് വിശ്വാസ വോട്ട് തേടാന്‍ നിര്‍ദ്ദേശിച്ചത്. ബിജെപി എംഎല്‍എമാരുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് അദ്ദേഹത്തിന് പിന്തുണയുമായി എംഎല്‍എമാര്‍ രാജിവെച്ചത്. ഇതോടെ സര്‍ക്കാര്‍ ഫലത്തില്‍ ന്യുനപക്ഷമായി. ജ്യോതിരാദിത്യ സിന്ധ്യയെ പിന്നീട് ബിജെപി അടുത്തമാസം നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമാക്കി.
അഞ്ച് വർഷത്തെക്ക് വിധി എഴുതിയ ജനങ്ങളെ ബിജെപി വഞ്ചിക്കുകയായിരുന്നുവെന്ന് കമൽനാഥ് പറഞ്ഞു. ജനാധിപത്യത്തെ ബിജെപി കൊലപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.” ഞാൻ രാജിവെയ്ക്കുകയാണ്. ഗവർണർ ലാൽജി ഠണ്ടനെ കണ്ട് രാജി സമർപ്പിക്കും. എന്നാൽ ജനങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനം തുടരും” രാജി സമർപ്പിക്കുന്നതിന് മുമ്പ് കമൽ നാഥ് പറഞ്ഞു. ഇന്നലെ വൈകി സ്പീക്കർ എൻ പി പ്രജാപതി എംഎൽഎമാരുടെ രാജി സ്വീകരിക്കുകയായിരുന്നു. ഇതോടെയാണ് കമൽനാഥിന് മുന്നിൽ വഴികൾ അടഞ്ഞത്. ആറ് പേരുടെ രാജി നേരത്തെ സ്വീകരിച്ചിരുന്നു. ഇവർ മന്ത്രിസഭയിലും അംഗങ്ങളായിരുന്നു.
230 അംഗ സഭയില്‍നിന്നാണ് 22 പേര്‍ രാജിവെച്ചത്. രണ്ട് സീറ്റുകള്‍ അംഗങ്ങള്‍ മരിച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുകയാണ്. ഇതോടെ ഫലത്തില്‍ സഭയുടെ ആകെ അംഗ സംഖ്യ 206 ആയി. ഇപ്പോഴത്തെ നിലയില്‍ ബിജെപിയ്ക്ക് 107 അംഗങ്ങളുടെ പിന്തുണയുണ്ട്.് കോണ്‍ഗ്രസിന് 92 എംഎല്‍എമാരുടെ പിന്തുണ മാത്രമാണുള്ളത്.
2018 ഡിസംബറിലാണ് മധ്യപ്രദേശിൽ 15 വർഷത്തിനുശേഷം കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിയമകിക്കുമെന്ന കാര്യത്തിൽ അന്നു തന്നെ സംശയങ്ങളും തർക്കങ്ങളുമുണ്ടായിരുന്നു. ഒടുവിൽ ആഴ്ചകൾ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് കോൺഗ്രസ് പാർട്ടി കമൽനാഥിനെ മുഖ്യമന്ത്രിയായി നിയമിച്ചത്. പിസിസി അധ്യക്ഷ സ്ഥാനത്തും അദ്ദേഹം തന്നെ തുടർന്നു. ജ്യോതിരാദിത്യ സിന്ധ്യയെ പൂർണമായും അവഗണിച്ചുകൊണ്ടാണ് സർക്കാരിൻ്റെ പ്രവർത്തനങ്ങളെന്ന ആക്ഷേപം ഉണ്ടായിരുന്നു. ദിഗ് വിജയ് സിംങ്ങിനെ വിശ്വാസത്തിലെടുത്ത കമൽനാഥ് സിന്ധ്യയെ പൂർണമായും തഴഞ്ഞു. ഇതാണ് പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ അഭയം തേടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് സിന്ധ്യയെ അനുകൂലിക്കുന്നവർ പറയുന്നത്.
മധ്യപ്രദേശിൽ 15 വർഷം മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംങ് ചൌഹാൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ആറുമാസത്തിനകം 24 നിയമസഭ സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സർക്കാറിനെ സംബന്ധിച്ച് നിർണായകമാകും.
എട്ട് വര്‍ഷത്തിന് ശേഷം നിര്‍ഭയ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ നാല് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയിരിക്കുന്നു. തന്റെ മകളോട് കൊടും ക്രൂരത ചെയ്തവരെ വധശിക്ഷയ്ക്ക് വിധേയമാക്കിയതോടെ നീതി ലഭിച്ചുവെന്ന് ആ കുട്ടിയുടെ മാതാപിതാക്കളും പറയുന്നു. അതേസമയം പ്രതികാര നീതിയെന്നൊന്നില്ലെന്നും വധശിക്ഷ മനുഷ്യത്വവിരുദ്ധമായ ശിക്ഷാരീതിയാണെന്നും മറ്റ് ചിലരും വാദിക്കുന്നു. കേസിലെ ആറ് പ്രതികളില്‍ നാല് പേരെയാണ് ഇന്ന് പുലര്‍ച്ചെ 5.30 ന് ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ബാക്കി രണ്ട് പേര്‍ക്ക് എന്തുപറ്റി?
പ്രതിയായിരുന്ന രാം സിംങ് വിചാരണ വേളയില്‍ ജയിലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയല്ല, അയാൾ കൊല്ലപ്പെടുകയായിരുന്നുവെന്നും അന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു
കേസിലെ പ്രതികളിലെ പ്രായപൂര്‍ത്തിയാക്കാത്ത ‘കുട്ടി’ യെക്കുറിച്ചായിരുന്നു സംഭവം നടന്ന് കുറച്ചുദിവസങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. പ്രത്യേകിച്ച് ഒരു അടിസ്ഥാനവുമില്ലെങ്കിലും ആ കുട്ടിയാണ് പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി ആക്രമിച്ചതെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. പ്രായപൂര്‍ത്തിയാകാത്തത് കാരണം ജുവനൈല്‍ ബോര്‍ഡായിരുന്നു കൗമാരക്കാരനായ പ്രതിയെ കുറ്റവിചാരണ ചെയ്തത്. കുറ്റാക്കാരനെന്ന് കണ്ടെത്തി. മൂന്ന് വര്‍ഷത്തെ തിരുത്തല്‍ ശിക്ഷയ്ക്ക് വിധിച്ചു. അന്നുതന്നെ ഈ ‘ക്രൂരനായ കുട്ടിയെയും വധശിക്ഷയ്ക്ക് വിധേയമാക്കാണമെന്ന് വാദം ശക്തമായിരുന്നു. എന്നാല്‍ നിലവിലുള്ള ശിക്ഷാ നിയമപ്രകാരമുള്ള ശിക്ഷയാണ് കോടതി തീരുമാനിച്ചത്.
ജുവൈനല്‍ ബോര്‍ഡിന്റെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടപ്പോഴും ഈ കുട്ടി വാര്‍ത്തയില്‍ നിറഞ്ഞു നിന്നു. എന്നാല്‍ അവന്‍ ആരാണെന്നും എവിടെ ജീവിക്കുന്നുവെന്നുമുള്ള കാര്യങ്ങള്‍ അധികൃതര്‍ മറച്ചുവെച്ചു. ആള്‍ക്കൂട്ട ആക്രമണത്തിന് അവന്‍ വിധേയനാക്കപ്പെടുമെന്ന ആശങ്കയായിരുന്നു അതിന് കാരണം.2015 ലാണ് ശിക്ഷാ കാലവധി കഴിഞ്ഞ് അവന്‍ പുറത്തുവന്നത്. പിന്നെ കുറച്ചുകാലം ഒരു സന്നദ്ധ സംഘടനയുടെ നിയന്ത്രണത്തിലായിരുന്നു. പിന്നീട് ഒരു റസ്റ്റോറന്റില്‍ പാചകക്കാരാനായി ജോലി ചെയ്യുകയാണെന്നാണ് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വന്നത്. അവനെ തെക്കെ ഇന്ത്യയിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന റിപ്പോർട്ട് പ്രകാരം 11 വയസ്സുളളപ്പോള്‍ വീട് വിട്ടവനാണ് ഈ പ്രതി. ദാരിദ്രമാണ് ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലെ വീടു വിട്ട് ഡല്‍ഹിയിലെത്താന്‍ അവനെ പ്രേരിപ്പിച്ചതെന്നും ഡല്‍ഹിയിലെ സന്നദ്ധ സംഘടനയുടെ നടത്തിപ്പുകാരനെ ഉദ്ധരിച്ച് അന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസിലെ പ്രതിയായ രാം സിംങ്ങുമായി ബന്ധപ്പെടുന്നത് ഡല്‍ഹിയിലെത്തിയപ്പോഴാണ്. സംഭവം നടന്ന ബസിലെ ക്ലീനറായും അവന്‍ ജോലി ചെയ്തിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
തിരുത്തല്‍ കേന്ദ്രത്തില്‍ ഏറ്റവും അച്ചടക്കത്തോടെയായിരുന്നു അവന്റെ പെരുമാറ്റം എന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യാ ടുഡെയുടെ റിപ്പോര്‍ട്ട് പ്രകാരം രാം സിംങ് അവന് നല്‍കാനുണ്ടായിരുന്ന പണം തിരികെ വാങ്ങുന്നതിനാണ് അന്നേ ദിവസം അവന്‍ ആക്രമി സംഘത്തിനോപ്പം എത്തിയതെന്നും പറയുന്നു. അങ്ങനെ കുറ്റകൃത്യത്തിന്റെ ഭാഗമായെന്നും. പുറത്തിറങ്ങിയ ശേഷം കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അവന്‍ അറിഞ്ഞിട്ടില്ലെന്നാണ് സൂചന.
ഒരു മതവിഭാഗത്തെ മറ്റൊരു വിഭാഗത്തിന് എതിരാക്കിയും ചില ഇന്ത്യക്കാരെ രണ്ടാംകിട പൗരന്മാരാക്കിയും ഇന്ത്യക്ക് അതിന്റെ വികസന വെല്ലുവിളികളെ മറികടക്കാന്‍ കഴിയില്ലെന്ന് ഐക്യരാഷ്ട്ര സഭ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന പൗരത്വ ഭേദഗതി നിയമ (സിഎഎ) ത്തിന്റെയും അനുബന്ധ നിയമങ്ങളുടേയും ബാക്കിപത്രം ഇതാണെന്ന് താന്‍ ഭയപ്പെടുന്നുവെന്നും ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ മൂണ്‍ വ്യക്തമാക്കുന്നു. ഒരു മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് പൗരത്വം നിഷേധിക്കുകയും മറ്റുള്ളവര്‍ക്ക് അത് യാതൊരു ബുദ്ധിമുട്ടുംകൂടാതെ ലഭിക്കുകയും ചെയ്യുന്ന സ്ഥിതി മാനവരാശിയുടെ സമീപകാല ചരിത്രത്തിലെ ചില കറുത്ത അധ്യായങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് എന്നും അദ്ദേഹം പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് 21-ാം നൂറ്റാണ്ടിലെ വന്‍ശക്തികളിലൊന്നായി മാറാനുള്ള ശേഷിയുണ്ട്. ജനാധിപത്യത്തിലൂടെയും അഹിംസയിലൂടെയും ഇന്ത്യ വളരെയധികം കാര്യങ്ങള്‍ ലോകത്തെ പഠിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ അതിനെയൊക്കെ തകിടം മറിക്കുന്നതും നിരാശയുളവാക്കുന്നതുമായ കാര്യമാണ് ഡല്‍ഹിയില്‍ അടുത്തിടെ നടന്ന കലാപമെന്ന് മൂണ്‍ പറയുന്നു. പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും കൂടുതലായും മുസ്ലീങ്ങള്‍ക്കു നേരെയുണ്ടായ അക്രമം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ പൗരത്വവുമായി ബന്ധപ്പെട്ട് കൊണ്ടുവരുന്ന പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
“ഈ കൊണ്ടുവരുന്ന നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ 14-ാം അനുച്‌ഛേദവുമായി ചേര്‍ന്നു നില്‍ക്കേണ്ടതുണ്ട്. അത് വ്യക്തമാക്കുന്നത് എല്ലാ പൗരന്മാരും നിയമത്തിനു മുന്നില്‍ തുല്യരാണ് എന്നാണ്. അതുകൊണ്ടു തന്നെ ഇപ്പോഴുണ്ടായിട്ടുള്ള കാര്യങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയും അതോടൊപ്പം, ആഗോള രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനവും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഒരു സ്വതന്ത്ര രാജ്യമായി ഇന്ത്യ പിറന്നുവീഴുമ്പോഴുണ്ടായ അക്രമങ്ങള്‍ക്ക് കാരണം സാമ്രാജ്യത്വമായിരുന്നു എങ്കില്‍ ഇന്ന് ഇന്ത്യ എങ്ങോട്ടാണ് ചലിക്കുന്നത് എന്നതിന്റെ ഏക ഉത്തരവാദി ഇന്ത്യക്കാര്‍ മാത്രമാണ്” എന്നും മൂണ്‍ പറയുന്നു.
ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാ ഗാന്ധിയില്‍ നിന്ന് ലോകത്തിലെ കോടിക്കണക്കിന് മനുഷ്യര്‍ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്. അവരില്‍ ഒരാളാണ് നെല്‍സല്‍ മണ്ടേല. 2008-ലെ ഗാന്ധി പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് ഉയര്‍ന്നു വരുന്ന ശക്തികളായ ഇന്ത്യക്കും ദഷിണാഫ്രിക്കയ്ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അതുവഴി ലോകക്രമത്തില്‍ ജനാധിപത്യവും തുല്യതയും കൊണ്ടുവരാന്‍ കഴിയുമെന്നുമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ എത്ര ശരിയാണെന്ന് ഇന്ന് തെളിയുന്നു. ഗാന്ധിയുടെ ഈ ആശയങ്ങള്‍ ഇന്ന് വര്‍ഗീയ അക്രമങ്ങളാലും ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ നടപടികളാലും ഭീഷണി നേരിടുന്നതില്‍ താന്‍ ആശങ്കാകുലനാണ് എന്നും ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ പറയുന്നു.
“ഗോവധവും ബീഫ് കഴിക്കുന്നതും വ്യക്തികള്‍ തമ്മില്‍ ഇടപെടുന്ന സാമുദായിക ബന്ധങ്ങളുടേയുമൊക്കെ പേരില്‍ ഉണ്ടാകുന്ന അഭ്യൂഹങ്ങളുടെ പുറത്ത് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് നേര്‍ക്കുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ച് ഞാനുള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിരീക്ഷകര്‍ പലതവണ ആശങ്കയയുര്‍ത്തിയിട്ടുള്ളതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ സംഘടിത അക്രമി സംഘങ്ങളുടെ അക്രമത്തിനും സാമുദായിക ബന്ധങ്ങള്‍ തകരാറിലാകുന്നതിനും രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുത്തുന്നതിനും കാരണമായിത്തീരും. ഇന്ത്യ ഈ വിധത്തില്‍ ദേശീയതയുടേയും മതത്തിന്റെയും പേരിലുള്ള വിവേചനങ്ങളുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ തലമുറകള്‍ നീളുന്ന വിധത്തില്‍ രാജ്യത്തിന്റെ വികസനത്തെ ബാധിക്കുന്ന സാമൂഹിക, രാഷ്ട്രീയ ദുരന്തങ്ങള്‍ക്ക് ഇടയാക്കും”- മൂണ്‍ മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യം മുഴുവന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിന് മുന്നോടിയായി അസമില്‍ ഇത് നടപ്പാക്കിക്കഴിഞ്ഞപ്പോള്‍ രാജ്യവ്യാപകമായി ആശങ്കകള്‍ ഉയര്‍ന്നപ്പോഴെങ്കിലും ഈ നടപടികള്‍ നിര്‍ത്തിവച്ച് സ്വന്തം പൗരന്മാരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകേണ്ടതായിരുന്നു എന്ന് അദ്ദേഹം പറയുന്നു. “പൗരത്വവുമായി ബന്ധപ്പെട്ട് കൊണ്ടുവരുന്ന ഈ നിയമങ്ങള്‍ക്കെതിരെ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങള്‍ മുസ്ലീങ്ങളെയും ഹിന്ദുക്കളെയും ഇന്ത്യയിലെ മറ്റ് മതവിഭാഗങ്ങളിലുള്ളവരെയും ഒരുമിപ്പിക്കുകയാണ് ചെയ്തത്. തങ്ങളുടെ മതേതര ജനാധിപത്യത്തിന് ഉണ്ടാകുന്ന ഭീഷണിയെക്കുറിച്ചുള്ള ആശങ്കയാണ് അവരെ അതിന് പ്രേരിപ്പിച്ചത്. പൗര സമൂഹത്തില്‍ നിന്നടക്കം ഉണ്ടായിട്ടുള്ള ഈ ഒത്തൊരുമ ഡല്‍ഹി കലാപത്തിലെ ഇരകള്‍ക്ക് സഹായം എത്തിക്കുന്നതിലും പ്രതിഫലിച്ചു എന്നു കാണാം”, അദ്ദേഹം പറയുന്നു.
താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനൊപ്പം ഡല്‍ഹിയിലെ മൊഹല്ല ക്ലിനിക്കുകള്‍ സന്ദര്‍ശിച്ചിരുന്നു എന്നു വ്യക്തമാക്കുന്ന മൂണ്‍, മതത്തിന്റെയോ ജാതിയുടേയോ സമ്പത്തിന്റെയോ അടിസ്ഥാനത്തിലല്ലാതെ സൗജന്യവും സാര്‍വത്രികവുമായി നല്‍കുന്ന ആരോഗ്യമാതൃകയാണ് ഇതെന്ന് പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.
“സ്വതന്ത്രവും ഒത്തൊരുമയുള്ളതുമായ ഒരു ഇന്ത്യക്ക് മാത്രമേ സമാധാനവും നീതിയും ഉന്നതിയും എത്തിപ്പിടിക്കാന്‍ കഴിയൂ. ഇന്ത്യയുടെ സ്ഥാപക നേതാക്കള്‍ക്ക് അക്കാര്യത്തിന്റെ പ്രാധാന്യം വളരെ നന്നായി അറിയാമായിരുന്നു. അവര്‍ മുന്നോട്ടു വച്ച ആശയങ്ങളാണ് ഇന്ത്യയുടെ ഭാവി”യെന്നും മൂണ്‍ പറയുന്നു.
തിഹാർ ജയിലിൽ ഒരു രാത്രി മുഴുവൻ ഉറക്കമില്ലാതെ കഴിയുകയായിരുന്നു ആ നാലുപേരും. അവസാന മണിക്കൂറുകളിൽ മൂന്നാം ജയിലിലെ വ്യത്യസ്ത സെല്ലുകളിൽ ഒറ്റയ്ക്കായിരുന്നു അവർ. ചെയ്ത തെറ്റുകൾ അവർ ഓർത്തിരുന്നോ എന്നു വ്യക്തമല്ല, പക്ഷേ, പുലർച്ചെയോടെ ഒരു കയറിൽ ജീവിതം അവസാനിക്കുമെന്ന തോന്നൽ അവരുടെ ഉറക്കം കളഞ്ഞിരിക്കണം. പ്രതികളിൽ മുകേഷ് സിങ് മാത്രം കഴുമരത്തിലേക്കു കയറുന്നതിനു മുൻപ് ജയിൽ ഉദ്യോഗസ്ഥരോട് മാപ്പു ചോദിച്ചിരുന്നു.
2012 ഡിസംബറിൽ ഡൽഹിയിൽ ഓടുന്ന ബസില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തവരിൽ നാലുപേർ ഇന്നു രാവിലെ 5.30ന് തൂക്കുകയറിൽ ഒടുങ്ങി. ഒരാൾ നേരത്തേ തന്നെ ആത്മഹത്യയിൽ അഭയം പ്രാപിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതി ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തു.
അവസാന ആഗ്രഹം എന്താണെന്നോ വിൽപത്രം എഴുതുകയോ പ്രതികൾ ചെയ്തിട്ടില്ലെന്ന് തിഹാർ ജയിലിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പുലർച്ചെ 3.30ന് പ്രതികളെ വിളിച്ചു. പ്രഭാതഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു. കഴുമരത്തിലേക്കു കയറുന്നതിനു മുൻപുള്ള അവസാനത്തെ ഭക്ഷണമായിരുന്നു അത്. ഒരു രാത്രി മുഴുവൻ ഉണർന്നിരുന്ന അവരോട് കുളിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും കുളിച്ചില്ല.
നാലുപേരെയും ജയിൽ ഡോക്ടർമാർ പരിശോധിച്ചു. ആരോഗ്യസ്ഥിതി വിലയിരുത്തി. തൂക്കിക്കൊല്ലുന്നതിന് സാക്ഷിയാകാൻ അഞ്ച് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജയിൽ സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട്, റെസിഡന്റ് മെഡിക്കൽ ഓഫിസർ, ജില്ലാ മജിസ്ട്രേറ്റ്, ഒരു ജയിൽ ജീവനക്കാരൻ എന്നിവരായിരുന്നു അത്.
പ്രതികളായ പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവർ തിഹാർ ജയിലിൽ തടവുകാർക്കുള്ള ജോലി ചെയ്തിരുന്നു. ഇതിന്റെ പ്രതിഫലം കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുക്കും. എന്നാൽ അക്ഷയ് താക്കൂർ ജോലി ചെയ്യാഞ്ഞതിനാൽ പ്രതിഫലം ഒന്നും ലഭിച്ചിട്ടില്ല. പ്രതികളുടെ വസ്തുക്കളും കുടുംബത്തിന് അയച്ചുകൊടുക്കും.
പ്രോട്ടോക്കോൾ പ്രകാരം 30 മിനിറ്റുനേരം മൃതദേഹം കഴുമരത്തിൽ തൂങ്ങിക്കിടന്നു. തുടർന്ന് ഡോക്ടർ പരിശോധിച്ച് മരണം ഉറപ്പുവരുത്തി. പോസ്റ്റ്മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിലേക്കു മാറ്റി. അഞ്ചംഗ സംഘം പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് ബന്ധുക്കൾക്ക് മൃതദേഹം കൈമാറും.
ബ്രിട്ടനില്‍ മലയാളി നഴ്സിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ന്യൂകാസിലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സിനാണ് രോഗം. രാജ്യത്ത് ഇതുവരെ 144 പേരാണ് കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചത്. മഹാമാരിയെ നേരിടാന്‍ രാജ്യത്തെ ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് എലിസബത്ത് രാജ്ഞി ആവശ്യപ്പെട്ടു.
ഒമാനിൽ പ്രവാസി മലയാളിക്കു കോവിഡ് 19 സ്ഥിരീകരിച്ചു. സലാലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ അൻപത്തിമൂന്നുകാരനാണ് വൈറസ് ബാധിതനായത്. പനിയും ചുമയും കാരണം പതിനാറാം തീയതി ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസിമലയാളിയാണ് രോഗബാധിതനായത്. ഇന്നലെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് അധികൃതർ താമസസ്ഥലത്തു നിന്നും ഇദ്ദേഹത്തെ ആശുപത്രയിലേക്കു മാറ്റി.
മലയാളിയുൾപ്പെടെ ഒൻപതുപേർക്കാണ് ഒമാനിൽ പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 48 പേരാണ് ആകെ രോഗബാധിതർ. 13 പേർ രോഗമുക്തി നേടി. അതേസമയം, ഇന്ത്യയടക്കം 10 രാജ്യങ്ങളിൽ നിന്നെത്തിയ 17 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി സൌദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 274 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യസുരക്ഷാ സംവിധാനങ്ങൾ, ഭക്ഷണം ഉൾപ്പെടെയുള്ള അത്യാവശ്യസാധനങ്ങൾഎന്നിവയെല്ലാം ഒരുക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൗദി ഭരണാധികാരി സൽമാൻ രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.
ഖത്തറിൽ വൈറസ് ബാധയുടെ സാമൂഹ്യവ്യാപനം നടന്നത് പ്രവാസി തൊഴിലാളികളിലൂടെയാണെന്നു ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. 460 പേരാണ് ഖത്തറിൽ രോഗബാധിതരായത്. കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി ഓഗസ്റ്റ് മൂന്ന് വരെ നീട്ടി. അതേസമയം, മക്കയും മദീനയും ഒഴികെ ഗൾഫിലെ ഭൂരിപക്ഷം പള്ളികളിലും ഇന്നു വെള്ളിയാഴ്ച നമസ്കാരം ഉണ്ടായിരിക്കില്ല.
ലോകത്താകെ കോവിഡ് മരണം പതിനായിരം കടന്നു. ഇതുവരെ 10,033 പേരാണ് മരിച്ചത്. രണ്ടുലക്ഷത്തി നാല്‍പ്പത്തി അയ്യായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണനിരക്കില്‍ ഇറ്റലി ചൈനയെ മറികടന്നു. 3,405 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം മരിച്ചത് 427പേര്‍. ചൈനയില്‍ മരണം 3,245 ആയി. ഇറാനില്‍ 1,284ഉം സ്പെയിനില്‍ 831ഉം ആണ് മരണസംഖ്യ.
കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ കാനഡയിലും സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. ജനങ്ങള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അമേരിക്കയുമായുള്ള അതിര്‍ത്തി അടയ്ക്കുന്നതില്‍ അന്തിമ തീരുമാനം ഉടനുണ്ടാകും. വരുന്ന രണ്ടാഴ്ച കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതിരോധ നടപടികള്‍ ശക്തമാകുമ്പോഴും പോര്‍ച്ചുഗലില്‍ കോവിഡ് പടരുകയാണ്. രാജ്യത്ത് രണ്ടാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യന്തര അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്.