പ്രവാസി ഇന്ത്യക്കാരെ രാജ്യത്തേക്ക് മടക്കി കൊണ്ടു വരാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ വന്ദേഭാരതിന്റെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ലോകത്തിലെ 31 രാജ്യങ്ങളിൽ നിന്നായി 145 ഫ്‌ളൈറ്റുകളിൽ ആളുകളെ കൊണ്ടുവരാനുള്ള പദ്ധതിയാണ് വിദേശകാര്യമന്ത്രാലയവും എയർഇന്ത്യയും ചേർന്ന് തയ്യാറാക്കിയിട്ടുള്ളതെന്ന് വി മുരളീധരൻ അറിയിച്ചു.

ഗൾഫിലെ ഓരോ രാജ്യത്തുനിന്നും കേരളത്തിലെ ഓരോ വിമാനത്താവളത്തിലേക്കും ചുരുങ്ങിയത് ഒരു വിമാനമെങ്കിലും ഒരു ദിവസം വരിക എന്നാണ് ഞാൻ മുന്നോട്ട് വെച്ചിട്ടുള്ള നിർദേശം. അങ്ങനെ നോക്കുമ്പോൾ ഓരോ വിമാനത്താവളത്തിലും ചുരുങ്ങിയത് ആറ് വിമാനമെങ്കിലും ദിവസവും വരും. അങ്ങനെ ദിവസം തോറും വിമാനം വരികയാണെങ്കിൽ തിരക്ക് കുറയും.

കേരളത്തിലേക്ക് 36 സർവീസുകളാണ് രണ്ടാം ഘട്ടത്തിൽ ചാർട്ട് ചെയ്തിട്ടുളളത്. എന്നാൽ കേരളത്തിലേക്കുള്ള വിമാനസർവീസ് വർധിപ്പിക്കണം എന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും മുരളീധരൻ വ്യക്തമാക്കി.

വിമാനങ്ങളുടെ ലഭ്യതയിൽ കുറവില്ല, സംസ്ഥാന സർക്കാർ ക്വാറന്റൈൻ സൗകര്യങ്ങളും ആളുകളെ സ്വീകരിക്കുന്നതിനുളള തയ്യാറെടുപ്പും സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഇടയിൽ നടന്നിട്ടുള്ള ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ 45 വിമാനങ്ങൾ വരെ കൊണ്ടുവരാമെന്ന് ധാരണയായിട്ടുള്ളത്. സംസ്ഥാന സർക്കാർ അതിൽക്കൂടുതൽ ആളുകളെ കൊണ്ടുവരാൻ അനുവദിക്കുകയാണെങ്കിൽ അതിൽ കൂടുതൽ ആളുകളെ കൊണ്ടുവരാൻ കേന്ദ്രം തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

നാട്ടിലേക്ക് വിമാനം കുറവായതുകൊണ്ടാണ് ആദ്യത്തെ വിമാനത്തിൽ കയറാൻ വേണ്ടിയുള്ള തിരക്ക് ഉണ്ടാകുന്നത്. ഇന്ന് കിട്ടിയില്ലെങ്കിൽ നാളെ വരാം എന്ന് ഒരു വിശ്വാസം അവരിൽ ഉണ്ടാക്കാൻ സാധിച്ചാൽ അത്യാവശ്യക്കാർക്ക് ആദ്യം കയറി വരാൻ കഴിയുന്ന സ്ഥിതിയുണ്ടാകും. അനർഹരായ ആളുകൾ വലിയതോതിൽ വരുന്നു എന്ന പരാതിയിൽ തെളിവുകൾ കിട്ടായാൽ പരിശോധിക്കാമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി എല്ലാവരും നാട്ടിലേക്ക് വരാൻ അർഹതയുള്ളവരാണെന്നും അഭിപ്രായപ്പെട്ടു.

എയർഇന്ത്യയേക്കാൾ കുറഞ്ഞ തുകയ്ക്ക് പ്രവാസികളെ മടക്കിക്കൊണ്ടുവരാമെന്ന് പറഞ്ഞ് ആരും സിവിൽ ഏവിയേഷനെ സമീപിച്ചതായി അറിവില്ലെന്നും സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് ഒരു വിമാനകമ്പനിയും അറിയിച്ചിട്ടില്ലെന്നും മുരളീധൻ പറഞ്ഞു.