അന്യസംസ്ഥാന തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. സംഭവം നടന്നത് കൊല്ലം കുണ്ടറ ശ്രീശിവൻ ജംഗ്ഷനിലാണ്. കവിതാ ഭവനിൽ കവിത (28) യെയാണ് ബംഗാൾ സ്വദേശിയായ ഭർത്താവ് വെട്ടികൊലപ്പെടിത്തിയത്. ഭർത്താവ് ദീപക് കൊലപാതകത്തിന് ശേഷം ചെറുമൂട് ലക്ഷ്മി സ്റ്റാർച് ഫാക്ടറിക്ക് സമീപത്തുള്ള കാട്ടിനുള്ളിൽ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് കുണ്ടറ സി ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. പന്ത്രണ്ടു വർഷം മുൻപാണ് ദീപക് കുണ്ടറയിൽ എത്തിയത്. ശേഷം കവിതയെ വിവാഹം കഴിക്കുകയായിരുന്നു. ഇവർക്ക് ലക്ഷ്മി (9) കാശിനാഥൻ (7) എന്നി രണ്ട് കുട്ടുകളുമുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിൽ കഴിഞ്ഞിരുന്ന ദീപക്കിന്റെ ശ്രദ്ധയിൽ കവിത നിരന്തരമായി ഫോൺ വിളിക്കുന്നതും ചാറ്റ് ചെയ്യുന്നതും ശ്രദ്ധയിൽ പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. തുടർന്ന് കവിതയുടെ മാതാവ് വാർഡ് മെമ്പറെ വിളിച്ചു ചര്ച്ച നടത്തി പ്രശ്നങ്ങൾ ഒത്തുതീർപ്പ് ആക്കിയിരുന്നു.
ഇനി ഇത്തരം സംഭവം ആവർത്തിക്കില്ലെന്ന് കവിത പറഞ്ഞിരുന്നു. എന്നാൽ ഇന്നലെയും ഇത് തുടർന്നതിനെ ചൊല്ലി വീണ്ടും ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും കോടാലി കൊണ്ട് കവിതയെ വെട്ടികൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കഴുത്തിലായി ആഴത്തിലുള്ള ആറോളം മുറിവുകൾ ഉണ്ടായിരുന്നു. കവിത തൽക്ഷണം മരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ കോവിഡ് ഹോട്ട് സ്പോട്ടായി മുംബൈ. ധാരാവിയിൽ 15 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 43 രോഗികളാണ് ചേരിയിലുള്ളത്. മുംബൈയിൽ മൂന്ന് മാധ്യമപ്രവർത്തകർക്കും രോഗമുണ്ട്. മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 1761 ആയി. ഇതിൽ 1146 ഉം മുംബൈയിലാണ്. 127 മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു.
രണ്ടായിരത്തിലേക്ക് അടുക്കുകയാണ് മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം. ഓരോ ദിവസവും കുറഞ്ഞത് 150 മുതൽ 200 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ രോഗം പടരുന്നതാണ് നെഞ്ചിടിപ്പ് കൂട്ടുന്നത്. നാല് പേരാണ് ഇതുവരെ ധാരാവിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ ചേരിയിൽ അണുനശീകരണ പ്രവർത്തികൾ നടത്തുകയാണ് കോർപ്പറേഷൻ. ചേരിയിൽ രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന പ്രദേശത്തെ താമസക്കാരെ താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റുന്നുണ്ട്.
കോവിഡ് ബാധിതരെ അതിവേഗം കണ്ടെത്താൻ പൂൾ ടെസ്റ്റ് നടത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. ഒരേ സമയം നിരവധി പേരുടെ സാമ്പിളുകൾ പരിശോധിക്കാൻ കഴിയുന്നതാണ് പുൾ ടെസ്റ്റ്. പൊതു സ്ഥലങ്ങളിലെ പാർക്കുകളിൽ വെച്ച് സാമ്പിളുകൾ ശേഖരിക്കും. മുംബൈയിൽ കോവിഡ് സ്ഥിരീകരിച്ച മൂന്ന് മാധ്യമപ്രവർത്തകരുടെ സഹപ്രവർത്തകരായ 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. രോഗവ്യാപനം നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ലോക്ഡൗൺ ഈമാസം 30 വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു.
കോവിഡ്-19 വൈറസ് രോഗബാധയ്ക്കെതിരെ കേരളസര്‍ക്കാര്‍ കൈക്കൊണ്ട ശക്തമായ നടപടികളെയും കരുത്തുറ്റ തീരുമാനങ്ങളെയും പ്രകീര്‍ത്തിച്ച് അമേരിക്കന്‍ മാധ്യമം വാഷിങ്ടണ്‍ പോസ്റ്റ്. രോഗബാധ തടയാന്‍ കൈക്കൊണ്ട നടപടികള്‍, രോഗബാധ സംശയിക്കുന്നവരെ ഉടനടി ക്വാറന്റൈനില്‍ പാര്‍പ്പിക്കല്‍, സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, മികച്ച ചികില്‍സാ സൗകര്യം ഒരുക്കല്‍ തുടങ്ങി കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ നടപടികളെ വാഷിങ്ടണ്‍ പോസ്റ്റ് വ്യക്തമായി വിശദീകരിക്കുന്നു.
രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യസംസ്ഥാനമായിട്ടും കേരളത്തില്‍ ഏപ്രില്‍ ആദ്യവാരമായപ്പോഴേക്കും പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും 34 ശതമാനം പേര്‍ക്ക് രോഗമുക്തി നേടിക്കൊടുക്കാനും സംസ്ഥാനത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചെന്ന് വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കായി താമസസൗകര്യം ഒരുക്കിയതും, ഭക്ഷണമില്ലാതെ വലഞ്ഞ പാവങ്ങള്‍ക്കായി സൗജന്യം ഉച്ചഭക്ഷണം നല്‍കിയതുമടക്കം സര്‍ക്കാരിന്റെ കരുതലും ജാഗ്രതയും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
മൂന്നാറിലെ കൊട്ടാക്കമ്പൂരില്‍ പൊലീസിനും ആരോഗ്യ പ്രവർത്തകർക്കുമായി സ്ഥാപിച്ച ജലസംഭരണിയിൽ സാമൂഹ്യവിരുദ്ധർ വിഷം കലർത്തിയ നടപടി അതീവ ഗൗരവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ, ശക്തമായ ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കൊട്ടക്കമ്പൂരില്‍ ലോക്ഡൗണ്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി സ്ഥാപിച്ച ജലസംഭരണിയിലാണ് സാമൂഹ്യവിരുദ്ധര്‍ വിഷം കലര്‍ത്തിയത്. ജലസംഭരണിയിലെ പൈപ്പില്‍ നിന്നും വന്ന വെള്ളം കുടിച്ച് നായ ചത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയില്‍ കുടിവെള്ളത്തില്‍ വിഷം കലര്‍ന്നതായി കണ്ടെത്തിയിരുന്നു.
കൊവിഡ് ബാധിച്ച മാഹി സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. വൈറസ് ബാധ കണ്ടെത്തുമ്പോൾ തന്നെ ശാരീരികമായി തീര്‍ത്തും അവശനായിരുന്നു അദ്ദേഹം. ഏപ്രിൽ 1 ആസ്റ്റർ മിംസ്ൽ വെച്ച് സാമ്പിൾ എടുത്തു പരിശോധിച്ചപ്പോഴാണ് രോഗം തെളിഞ്ഞത്.
കേരളത്തിൽ ചികിത്സ തേടി എന്നതിനപ്പുറം മാഹി സ്വദേശിയാണ് മെഹറൂഫ്. അതുകൊണ്ട് തന്നെ മരണം എങ്ങനെ രേഖപ്പെടുത്തണം എന്നത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഇനിയും എടുക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മഹറൂഫിന് എങ്ങനെയാണ് രോഗം പിടിപെട്ടത് എന്നതു സംബന്ധിച്ച് ഇതുവരെ കണ്ടുപിടിക്കപ്പെട്ടില്ല.പള്ളിയില്‍ പോയിരുന്ന ഇദ്ദേഹം മതചടങ്ങുകളിലും വിവാഹ നിശ്ചയചടങ്ങിലും സജീവമായി പങ്കെടുത്തിരുന്നതായാണ് സൂചന. ഇയാള്‍ ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ നിരന്തരം യാത്ര ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പന്ന്യന്നൂരില്‍ വിവാഹ ചടങ്ങിലും പങ്കെടുത്തിട്ടുണ്ട്.
കൊവിഡ് ചികിത്സയിലിരിക്കെ യുവതി പ്രസവിച്ചു. കാസര്‍കോട് സ്വദേശിയായ യുവതിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പരിയാരം മെഡിക്കല്‍ കോളേജിലാണ് ഈ ധന്യ മുഹൂര്‍ത്തം. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ച യുവതി കുഞ്ഞിന് ജന്മം നല്‍കുന്നത്. അമ്മയും കുഞ്ഞും നിരീക്ഷണത്തില്‍ തന്നെ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇവരുടെ പരിശോധന ഫലം ഇപ്പോള്‍ നെഗറ്റീവ് ആണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം. അങ്ങനെയെങ്കില്‍ കുടുതല്‍ പരിശോധനകള്‍ക്ക് ശേഷം ആശുപത്രി വിടാനും കഴിയുമെന്നും റിപ്പോര്‍ട്ടുണ്ട്.
കൊവിഡ് ചികിത്സയിലായിരുന്ന യുവതിയുടെ പ്രസവം അഭിമാന നിമിഷമെന്ന് പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് ആശുപത്രി അധികൃതര് അറിയിക്കുന്നത്. കുഞ്ഞിന്റെ സ്രവം പരിശോധനക്കയക്കും. ശേഷം മാത്രമെ ഇവര്‍ക്ക് ആശുപത്രി വിടാനാവൂ
ഇന്ത്യ യുകെയ്ക്ക് വാഗ്ദാനം ചെയ്ത 30 ലക്ഷം പാരസെറ്റമോൾ പായ്ക്കറ്റുകളുടെ ആദ്യ ബാച്ച് ഞായറാഴ്ച ലണ്ടനിലെത്തും. കോവിഡ്-19 വ്യാപകമാവുന്ന പശ്ചാത്തലത്തിൽ പാരസെറ്റമോളിന് കയറ്റുമതി നിരോധനമേർപ്പെടുത്തിയിരുന്നു. എങ്കിലും ഇതിന് ശേഷവും ഈ സുപ്രധാന കയറ്റുമതിക്ക് അനുമതി നൽകിയതിന് യുകെ ഇന്ത്യയോട് നന്ദി പറഞ്ഞു.
ലോകം മുഴുവൻ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ഇരുരാജ്യങ്ങളും സഹകരിച്ച് മുന്നോട്ടുപോകന്നുവെന്നതിന്റെ പ്രതീകമാണ് ഈ കയറ്റുമതിയെന്ന് കോമൺവെൽത്ത്, ദക്ഷിണേഷ്യ സഹമന്ത്രി താരിഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. ‘കോവിഡ് 19 എന്ന ഭീഷണിക്കെതിരായി ഇന്ത്യയും യുകെയും ഒന്നിച്ചുപോരാടും. കയറ്റുമതിക്ക് അനുവാദം നൽകിയതിന് യുകെ സർക്കാരിന് വേണ്ടി ഞാൻ ഇന്ത്യയോട് നന്ദി അറിയിക്കുന്നു.’ താരിഖ് അഹമ്മദ് പറഞ്ഞു.
യുകെയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്കാവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി ലണ്ടനിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായും, വിദേശകാര്യ മന്ത്രാലയവുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും അഹമ്മദ് പറഞ്ഞു.
ലോക്ക്ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ ആയിരക്കണക്കിന് ബ്രിട്ടീഷ് പൗരന്മാരെ തിരികെ നാട്ടിലെത്തിക്കുന്നതിന് യുകെ സർക്കാർ ചാർട്ടർ ഫ്‌ളൈറ്റുകൾ ഏർപ്പെടുത്തിയിട്ടുമുണ്ട്.
കൊറോണ ഭീതിക്കിടെ രാജ്യത്താകെ സമ്പൂര്‍ണ്ണ അടച്ചിടല്‍ തുടരുന്നതിനിടെ മധ്യപ്രദേശിലെ സിംഗ്രോളില്‍ റിലയന്‍സ് സാസന്‍ പവറിന്റെ ആഷ് ഡാം പൊട്ടിയത് ഗ്രാമത്തില്‍ പരിഭ്രാന്തി പരത്തി. ആഷ് ഡാം തകരാറിലാണെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ പൊട്ടിത്തെറി നടന്നത് കമ്പനിയുടെ അശ്രദ്ധമൂലമാണെന്ന് പരാതി ഉയര്‍ന്നിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയോടെ ഡാം പൊട്ടിത്തെറിച്ച് നൂറുകണക്കിന് ഏക്കര്‍ വിള വിളകള്‍ നശിച്ചത്.
നേരത്തെ എസ്സാര്‍ പവറും എന്‍ടിപിസിയുടെ ആഷ് ഡാമും പൊട്ടിത്തെറിച്ച ശേഷം റിലയന്‍സിന്റെ ആഷ് ഡാം കൂടി പൊട്ടിത്തെറിച്ച തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അണക്കെട്ടിന്റെ ചാരം അടങ്ങിയ വെള്ളം നൂറുകണക്കിന് ഏക്കര്‍ കൃഷിഭൂമിയിലേക്ക് പടര്‍ന്നിരിക്കുകയാണ്. പ്രദേശം മുഴുവന്‍ ചളിയില്‍അമര്‍ന്നതിനാല്‍ ആളുകളും കന്നുകാലികള്‍ ഒറ്റപ്പെട്ട അവസ്ഥയാണ്. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിന് ശേഷം കളക്ടര്‍, എസ്പി എന്നിവരുള്‍പ്പെടെയുള്ള റിലയന്‍സ് സാസന്‍ പവര്‍ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി.
ഡാമില്‍ നിന്ന് വേഗത്തില്‍ ചാരം ഒഴുകുന്നതിനാല്‍ സമീപത്തെ താഴ്ന്നസ്ഥലങ്ങളിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചാരത്തിന്റെ അവശിഷ്ടങ്ങള്‍ താഴ്ന്ന പ്രദേശങ്ങളില്‍ എത്തി കനത്ത നാശനഷ്ടമുണ്ടാക്കുമെന്ന നിലയാണ്. പ്രദേശത്തെ ഗോതമ്പു പാടങ്ങള്‍ ശക്തമായ ചാരൊഴുക്കിനാല്‍ നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, നേരത്തെ തകരാറിലായ ആഷ് ഡാമിനെതിരെ തകര്‍ച്ചാ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവിടെ പരിശോധന തുടങ്ങുകയും ഡാം ശരിയാക്കാന്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനുശേഷവും ഡാം പൊട്ടിത്തെറിക്കുന്നത് കമ്പനി ഉദ്യോഗസ്ഥരുടെ അശ്രദ്ധകൊണ്ടാണെന്നാണ് ആരോപണം.
Worrying news from Singrauli in MP, India’s thermal power hub that shares border with UP.This sludge has leaked from an artificial pond that stores toxic residue in a privately run coal power plant. Reports are grim , suggest many villages over run in the area @Anurag_Dwary pic.twitter.com/pmUfTI1DEB
— Alok Pandey (@alok_pandey) April 10, 2020
ഐസൊലേഷന്‍ വാര്‍ഡിലും ഹെല്‍പ് ഡെസ്‌കിലും ജോലി ചെയ്ത് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ താത്‌കാലിക നഴ്സായിരുന്ന ആഷിഫ് (23) അപകടത്തില്‍ മരിച്ചു. ആഷിഫ് സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അവണൂര്‍- മെഡിക്കല്‍ കോളേജ് റോഡില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ ഐസൊലേഷന്‍ വാര്‍ഡിലും ഹെല്‍പ് ഡെസ്‌കിലും ജോലി ചെയ്തതിന് ലഭിച്ച ആദ്യ പ്രതിഫലം വാങ്ങി മടങ്ങവെയാണ് അപകടമുണ്ടായത്. രണ്ടുദിവസമായി അവധിയിലായിരുന്ന ആഷിഫ് 15 ദിവസത്തെ ശമ്പളം എത്തിയിട്ടുണ്ടെന്നറിഞ്ഞ് ചെക്ക് വാങ്ങാനാണ് കുന്നംകുളത്തേയ്ക്ക് പോയത്. ചാവക്കാട് തൊട്ടാപ്പ് ആനാംകടവില്‍ അബ്ദുവിന്റെയും ഷമീറയുടെയും മകനാണ്. ഷെമീറ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിലെ ജീവനക്കാരിയാണ്. ഏകസഹോദരി അജു നഴ്സിങ് വിദ്യാര്‍ഥിനിയാണ്.
സ്ഥിരം ജീവനക്കാരേക്കാള്‍ മിടുക്കോടെയായിരുന്നു കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആഷിഫിന്റെ സേവനമെന്നാണ് കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ വി മണികണ്ഠന്റെ വാക്കുകള്‍. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചപ്പോള്‍ രോഗിയെ മെഡിക്കല്‍ കോളജിലേക്കെത്തിക്കാന്‍ ആഷിഫാണ് മുന്നില്‍ നിന്നത്. ആംബുലന്‍സ് അണുവിമുക്തമാക്കാന്‍ പലരും മടിച്ചപ്പോള്‍ അതിനും തയ്യാറാവുകയും ചെയ്തു. മറ്റുള്ളവര്‍ പേടിച്ചുനിന്നപ്പോള്‍ സധൈര്യം മുന്നോട്ടുവന്ന് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതായിരുന്നു ഈ ഇരുപത്തിമൂന്നുകാരന്റെ രീതി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് അധികം നഴ്‌സുമാരെ നിയമിച്ചപ്പോള്‍ ദേശീയ ആരോഗ്യദൗത്യത്തിലൂടെ മാര്‍ച്ച് 16-നാണ് ആഷിഫ് താലൂക്ക് ആശുപത്രിയില്‍ നഴ്‌സായെത്തിയത്.
രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടി. രണ്ടാഴ്ചത്തേക്കാണ് നീട്ടിയത്.മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു.സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
ഡൽഹിയാണ് ലോക്ക്ഡൗൺ നീട്ടണമെന്ന നിർദേശം ആദ്യം മുന്നോട്ടുവയ്ക്കുന്നത്. മറ്റ് സംസ്ഥാന കർശനമായ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ഡൽഹി നിർദേശിച്ചു.തുടർന്ന് മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യം മുന്നോട്ടുവച്ചു. ലോക്ക്ഡൗൺ പിൻവലിക്കാൻ കേരളവും ആവശ്യപ്പെട്ടില്ല.