യുഎഇയില്‍ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ നേരിടുന്ന ഇന്ത്യന്‍ വ്യവസായി ബിആര്‍ ഷെട്ടിയുടെ ഉടമസ്എഥതയിലുള്ള എന്‍എംസി ഹെല്‍ത്തിന്റെ ഉന്നതോദ്യോഗസ്ഥന്‍ അവിഹിത മാര്‍ഗത്തിലൂടെ ഇന്ത്യയിലേക്ക് കടന്നതായി ആരോപണം. കൊറോണ പ്രതിസന്ധി മൂലം വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാനുള്ള വിമാനത്തിലാണ് സുരേഷ് കൃഷ്ണമൂര്‍ത്തി എന്ന എന്‍എംസി ഹെല്‍ത്തിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറും കുടുംബവും അബുദാബി വിട്ടതെന്ന് ദുബായ് കേന്ദ്രമായ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി.ആര്‍ ഷെട്ടിയുടെ കമ്പനിയുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം ഇതിനകം തന്നെ യുഎഇ വിട്ടുകഴിഞ്ഞെന്നും അതുകൊണ്ടു തന്നെ അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്ത് ഉണ്ടാകേണ്ടിയിരുന്ന ആളാണ് സുരേഷ് എന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. കൊറോണ പ്രതിസന്ധി മൂലം അടിയന്തരമായി ഒഴിപ്പിക്കേണ്ട ഇന്ത്യക്കാരെ കൊണ്ടുപോകേണ്ട വിമാനത്തില്‍ ഇയാളും കുടുംബവും എങ്ങനെ കയറിപ്പറ്റി എന്നത് സംബന്ധിച്ച് ഇന്ത്യന്‍ അധികൃതരുടെ പങ്കും സംശയനിഴലിലായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യക്കാരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മെയ് ഏഴിന് അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ ആദ്യ വിമാനത്തില്‍ തന്നെ സുരേഷ് കൃഷ്ണമൂര്‍ത്തിയും അയാളുടെ കുടുംബത്തിലെ ആറു പേരും യാത്ര ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. കുടുംബത്തില്‍ ഒരു മരണമുണ്ടായി എന്നതാണ് യാത്രയ്ക്കുള്ള കാരണമായി പറഞ്ഞിരിക്കുന്നത്. എന്നാല്‍ അസുഖങ്ങളുളളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, വിസ കാലാവധി കഴിഞ്ഞവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് തുടക്കത്തില്‍ ഇന്ത്യയിലേക്ക് തിരികെ വരാനുള്ള അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ സുരേഷ് കൃഷ്ണമൂര്‍ത്തിയും കുടുംബവും എങ്ങനെയാണ് ഈ മാര്‍ഗം ദുരുപയോഗപ്പെടുത്തിയത് എന്നതാണ് ഇപ്പോള്‍ സംശയമുര്‍ന്നിരിക്കുന്നത്.

“എന്‍എംസിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കെങ്ങശനയാണ് ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുക”, എന്ന് എന്‍എംസി ഹെല്‍ത്തിലെ ജോലിക്കാരിലൊരാള്‍ ഗള്‍ഫ് ന്യൂസിനോട് പ്രതികരിച്ചു. “അയാള്‍ മാത്രമല്ല, കുടുംബത്തിലെ മുഴുവന്‍ ആളുകളും യുഎഇ വിട്ടു. എല്ലാ വിധത്തിലും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ഇവിടെ കുടുങ്ങിക്കിടക്കുമ്പോഴാണ് ഇതുണ്ടായിരിക്കന്നത്. കുടുംബത്തില്‍ ഒരു മരണമുണ്ടായി എന്നാണ് അവര്‍ പറഞ്ഞിരിക്കുന്ന കാരണം”, ഇയാളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ അടിയന്തര സാഹചര്യമാണെങ്കില്‍ പോലും എങ്ങനെയാണ് കുടുംബത്തിലെ മുഴുവന്‍ ആള്‍ക്കാരേയും ഇന്ത്യയിലേക്കുള്ള ആദ്യ വിമാനത്തില്‍ തന്നെ അയയ്ക്കാന്‍ സാധിച്ചത് എന്നതു സംബന്ധിച്ചും റിപ്പോര്‍ട്ട് സംശയമുയര്‍ത്തുന്നുണ്ട്. സുരേഷ് കൃഷ്ണമൂര്‍ത്തിയുടെ യാത്ര സംബന്ധിച്ചോ തിരിച്ചു വരുന്നതു സംബന്ധിച്ചോ എന്‍എംസി ഹെല്‍ത്ത് അധികൃതര്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയാറായിട്ടുമില്ല.

ഇന്ത്യന്‍ എംബസിയുമായും തങ്ങള്‍ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ അവിടെ നിന്ന് പ്രതികരണമൊന്നും ലഭ്യമായിട്ടില്ലെന്നും ഗള്‍ഫ് ന്യൂസ് പറയുന്നു. അതേ സമയം, ഇത്തരമൊരു സംഭവം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൈയിലാണ് വിമാനങ്ങള്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് യാത്രക്കാരെ കൊണ്ടുവരുന്നത്. ആ പട്ടികയില്‍ എങ്ങനെയാണ് സുരേഷ് കൃഷ്ണമൂര്‍ത്തിയെപ്പോലൊരാള്‍ക്ക് അനധികൃതമായി കയറിക്കൂടാന്‍ കഴിഞ്ഞതെന്ന ചോദ്യമാണ് ഉയര്‍ന്നിട്ടുള്ളത്.

ഇതിനകം തന്നെ നിയമനടപടികള്‍ നേരിടുകയും സ്വത്തുക്കള്‍ മരവിപ്പിക്കുന്നതും അഡ്മിനിസ്‌ട്രേഷന്‍ ഏറ്റെടുക്കുന്നതുമായ നടപടികളിലുടെ നീങ്ങുന്ന എന്‍എംസി ഹെല്‍ത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ രാജ്യം വിട്ടത് ഇവിടുത്തെ ബാങ്ക് മേഖലയേയും അമ്പരിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. എങ്ങനെയാണ് ബി.ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനി വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തതെന്നും ഇതില്‍ ക്രമക്കേടുകള്‍ നടന്നത് എങ്ങനെയാണ് എന്നതു സംബന്ധിച്ചും അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകേണ്ടിയിരുന്ന ആളായിരുന്നു സുരേഷ് കൃഷ്ണമൂര്‍ത്തി. “എന്‍എംസി ഹെല്‍ത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം രാജ്യത്ത് നിന്ന് അപ്രത്യക്ഷരായിരിക്കുന്നു. അതുകൊണ്ടു തന്നെ സുരേഷ് ഇവിടെ ഉണ്ടാകേണ്ടത് ആവശ്യമായിരുന്നു. ഇതിപ്പോള്‍ മൊത്തത്തില്‍ തമാശയായി മാറിയിട്ടുണ്ട്”, ഒരു ബാങ്കര്‍ ഗള്‍ഫ് ന്യൂസിനോട് പ്രതികരിച്ചു.

2000-ത്തില്‍ എന്‍എംസി ഹെല്‍ത്തില്‍ ചേര്‍ന്ന സുരേഷ് കൃഷ്ണമൂര്‍ത്തി പടിപടിയായി ഉയര്‍ന്ന് സ്ഥാപനത്തിന്റെ സി.എഫ്.ഒ ആയി നിയമിതനാവുകയായിരുന്നു. കമ്പനിയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കിയ ആളാണ്‌ കൃഷ്ണമൂര്‍ത്തി എന്നാണ് എന്‍എംസി വെബ്സൈറ്റ് തന്നെ പറയുന്നത്. ഷെട്ടിയുടെ വളര്‍ച്ചയ്ക്ക് പിന്നിലുള്ള മറ്റു രണ്ടു പേര്‍ പാലക്കാടുകാരായ സഹോദരങ്ങള്‍ പ്രശാന്ത്‌ മാങ്ങാട്ടും പ്രമോദ് മാങ്ങാട്ടുമാണ്

ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള യുഎഇ എക്‌സ്‌ചേഞ്ചും വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നുണ്ട്. യുഎഇ എക്‌സ്‌ചേഞ്ചിന്റെ മാതൃകമ്പനിയായ ഫിനാബ്ലറാണ് കോടികള്‍ വായ്പ എടുത്ത കാര്യത്തില്‍ അന്വേഷണം നേരിടുന്നത്. തന്റെ സ്ഥാപനങ്ങള്‍ നടത്തിയ വായ്പാ തട്ടിപ്പുകള്‍ പുറത്തു വരുന്നതിനു മുമ്പു തന്നെ ഷെട്ടി യുഎഇ വിട്ട് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. കാര്യങ്ങള്‍ പഠിക്കണമെന്നും അതിനുശേഷം താന്‍ തിരികെ പോകുമെന്നുമാണ് അബുദാബിയില്‍ നിന്ന് മുങ്ങിയതിനെ കുറിച്ച് ഷെട്ടി പിന്നീട് പ്രതികരിച്ചത്. 2018-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പത്മശ്രീ നല്‍കി ഷെട്ടിയെ ആദരിച്ചിരുന്നു.