കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പൂര്‍ണമായ നിരോധനങ്ങളിലേക്ക് കടക്കുന്നു. അന്തര്‍ദ്ദേശീയ വിമാനങ്ങളുടെ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു. ഞായറാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്. ഇന്ന് എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഈ പ്രഖ്യാപനം.
10 വയസ്സിന് താഴെയുള്ള കുട്ടികളും 65 വയസ്സിനു മുകളില്‍ പ്രായമുള്ള വൃദ്ധരും വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 18 കേസുകളാണ്. സ്ഥിതി ഗൗരവപ്പെട്ടതാണെന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നടപടിയിലൂടെ നല്‌കിയിരിക്കുന്നത്.
ജനപ്രതിനിധികളോ, ഡോക്ടര്‍മാരോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ അല്ലാത്തവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. റെയില്‍വേയിലെ എല്ലാ കണ്‍സെഷന്‍ യാത്രകളും മരവിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗികള്‍, വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഇതില്‍ ഇളവുണ്ട്.
സ്വകാര്യമേഖലയില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തിര, അവശ്യ സേവനങ്ങള്‍ക്കു മാത്രമേ ഇക്കാര്യത്തില്‍ ഇളവ് പാടുള്ളൂ. നിലവില്‍ ഇന്ത്യ രോഗപ്പകര്‍ച്ചയുടെ രണ്ടാംഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ പടരുന്നത് തിരിച്ചറിയാനും നടപടികളെടുക്കാനും സാധിക്കും. അടുത്ത ഘട്ടത്തില്‍ സമൂഹപ്പകര്‍ച്ചയുടെ ഘട്ടമാണ്. ഇതില്‍ പകര്‍ച്ച തിരിച്ചറിയാന്‍ പ്രയാസമായിരിക്കും. കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ (സമൂഹപ്പകര്‍ച്ച) നടന്നിട്ടുണ്ടോയെന്നതിന് തെളിവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
നിര്‍ഭയ കേസ് പ്രതികളെ നാളെ രാവിലെ അഞ്ചരയ്ക്കുതന്നെ തൂക്കിലേറ്റും. മരണവാറന്റ് സ്റ്റേ ചെയ്യാതെ ഡല്‍ഹി കോടതി. വധശിക്ഷയ്ക്ക് തടയിടാന്‍ പ്രതികളിലൊരാളായ മുകേഷ് സിങ് നല്‍കിയ പുതിയ റിട്ട് ഹര്‍ജിയും സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ഉത്തരവ്.
വിചാരണ അസാധുവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. വിചാരണക്കോടതിയിലും ഹൈക്കോടതിയും ഇക്കാര്യം വിശദമായി പരിശോധിച്ചതാണെന്നും ഒരു പുനഃപരിശോധനയുടെ ആവ്യമില്ലെന്നും കോടതി വിലയിരുത്തി. പുനഃപരിശോധനാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും സ്വമേധയാ നല്‍കിയതല്ലെന്ന മുകേഷ് സിങ്ങിന്റെ വാദവും കോടതി നിരസിച്ചു. സംഭവം നടന്ന ദിവസം ഡൽഹിയിൽ ഇല്ലായിരുന്നു എന്നാണ് മുകേഷ് സിങ് ഹർജിയിൽ പറഞ്ഞിരുന്നത്.
വധശിക്ഷ നാളെത്തന്നെ നടപ്പാക്കാമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. പ്രതികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ ഒന്നും ബാക്കിയില്ലെന്നും വാദിച്ചു. അക്ഷയ്സിങ്ങിന്റെയും പവന്‍ ഗുപ്തയുടെയും രണ്ടാം ദയാഹര്‍ജിയും രാഷ്ട്രപതി തള്ളി.
നിയമപരമായി പ്രതികള്‍ക്ക് ഉണ്ടായിരുന്ന എല്ലാ സാധ്യതകളും അവസാനിച്ചു കഴിഞ്ഞു. ആ സാധ്യതകളുപയോഗിച്ച് ശിക്ഷ നടപ്പാക്കുന്നത് പരമാവധി വൈകിപ്പിക്കാനും കഴിഞ്ഞു. വധശിക്ഷ നാളെ രാവിലെ 5.30ന് തന്നെ നടപ്പാക്കുമെന്ന് ഉറപ്പായപ്പോള്‍ പുതിയ കുറക്കുവഴികള്‍ തേടുകയാണ് പ്രതികള്‍. അതിന്‍റെ ഭാഗമായാണ് വിവിധ കോടതികളിലായി പലതരം ഹര്‍ജികള്‍ നല്‍കിയതും, പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് രണ്ടാം ദയാഹര്‍ജി സമര്‍പ്പിച്ചതും. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് പ്രതി അക്ഷയ് സിങിന്‍റെ ഭാര്യ ബിഹാറിലെ ഔറംഗാബാദ് കോടതിയില്‍ നല്‍കിയ വിഹമോചന ഹര്‍ജിയാണ്. ഇതില്‍ നോട്ടീസയച്ചാല്‍ അക്കാര്യം വിചാരണക്കോടതിയില്‍ ഉയര്‍ത്തി വധശിക്ഷയ്ക്ക് സ്റ്റേ വാങ്ങാനായിരിക്കും ശ്രമം.
വഴിമുട്ടാതെ അന്വേഷണം………!
സംഭവം നടന്ന് 72 മണിക്കൂറിനകം കേസ് തെളിയിക്കാൻ ഡൽഹി പൊലീസിനായി. തുടക്കത്തിൽ കേസിൽ ദൃക്സാക്ഷികളാരുമുണ്ടായിരുന്നില്ല; തെളിവുകളും. നിർഭയയും ആൺ സുഹൃത്തും ആക്രമണത്തിനിരയായ വാഹനം ഏതെന്നുപോലും ആദ്യം വ്യക്തമായിരുന്നില്ല. പിന്നീടുള്ള അന്വേഷണത്തിൽ, ഓടുന്ന ബസിലാണ് ആക്രമണം നടന്നതെന്നു കണ്ടെത്തി. തെക്കൻ ഡൽഹിയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു ബസ് കണ്ടെത്താനായത് അന്വേഷണത്തിൽ വഴിത്തിരിവായി. 24 മണിക്കൂറിനകം ബസ് കസ്റ്റഡിയിലെടുത്തു.
പിന്നാലെ കേസിൽ മുഖ്യപ്രതികളിലൊരാളായ റാം സിങ് പിടിയിലായി. സംഭവ സമയം ബസ് ഓടിച്ചിരുന്നതു താനാണെന്ന് ഇയാൾ വെളിപ്പെടുത്തി. ഇതിനു പിന്നാലെ തെളിവുകൾ ഓരോന്നായി പുറത്തുവന്നു. പ്രതികളിലൊരാളായ അക്ഷയ് ഠാക്കുർ ബിഹാറിലെ ഒൗറംഗാബാദിൽ ഒളിവിലുണ്ടെന്നു വിവരം ലഭിച്ചു. ഇയാളെ പിടികൂടാൻ അവിടുത്തെ പൊലീസിന്റെ സഹായം ലഭിച്ചില്ല. അന്വേഷണസംഘം അവിടെയെത്തി പിടികൂടുകയായിരുന്നു. രാജസ്ഥാനിലേക്കു കടന്ന മറ്റൊരു പ്രതിയെ അവിടെവച്ച് അറസ്റ്റ് ചെയ്തു.
കേസിലുൾപ്പെട്ട പ്രായപൂർത്തിയാകാത്തയാളെ ആനന്ദ് വിഹാർ ബസ് ടെർമിനലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പത്തു ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ ഒരുകാരണവശാലും രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ പഴുതുകളടച്ചാണു കുറ്റപത്രം തയാറാക്കിയത്. നിർഭയയെ അവസാനം ചികിൽസിച്ച സിംഗപ്പൂർ ആശുപത്രിയിലെ ഡോക്ടർമാരിൽനിന്നു തെളിവുകൾ ശേഖരിച്ചു കേസ് ശക്തമാക്കി.
2013 ജനുവരി 17
ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവർ ഡിസംബർ 17–നും മറ്റുള്ളവർ നാലു ദിവസത്തിനകവും അറസ്റ്റിലായിരുന്നു. അതിവേഗ കോടതി നടപടികൾ ജനുവരി 17ന് തുടങ്ങി. പ്രായപൂർത്തിയാകാത്ത പ്രതിയുടെ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റി.
2013 മാർച്ച് 11
മുഖ്യപ്രതി ഡ്രൈവർ രാം സിങ് 2013 മാർച്ച് 11ന് തിഹാർ ജയിലിൽ ജീവനൊടുക്കി. നാലു പ്രതികളെ തൂക്കിക്കൊല്ലാൻ അതിവേഗ കോടതി 2013 സെപ്റ്റംബർ 13ന് വിധിച്ചു. വധശിക്ഷ 2014 മാർച്ച് 13ന് ഹൈക്കോടതി ശരിവച്ചു.
നിര്‍ഭയ പ്രതികളെ തൂക്കിലേറ്റാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഡൽഹി പട്യാല ഹൗസ് കോടതിയുടെ മുന്നിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. പ്രതികളിലൊരാളായ അക്ഷയ് സിങ്ങിന്റെ ഭാര്യ പുനിത േദവി കോടതിക്ക് മുന്നിൽ ആത്മഹത്യാഭീഷണി മുഴക്കിയതാണ് ആശങ്കയ്ക്കിടയാക്കിയത്.
വധശിക്ഷയ്ക്ക് തടയിടാന്‍ പ്രതികളിലൊരാളായ മുകേഷ് സിങ് നല്‍കിയ പുതിയ റിട്ട് ഹര്‍ജിയും സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് വധശിക്ഷയ്ക്ക് ഉത്തരവായത്. രാവിലെ മുതൽ കോടതിക്ക് പുറത്ത് കരഞ്ഞും നിലവിളിച്ചും ഇരിക്കുകയായിരുന്നു പുനിത േദവി. തനിക്കിനി ജീവിക്കേണ്ട എന്നും ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും അവർ പറയുന്നുണ്ടായിരുന്നു. ഇവരുടെ കുട്ടിയും ഒപ്പമുണ്ടായിരുന്നു.
ബിഹാറിലെ പ്രാദേശിക കോടതിയിൽ ഇവർ വിവാഹമോചനത്തിന് ഹർജി നൽകിയിരിക്കുകയാണ്. തൂക്കിലേറ്റിയ ആളുടെ വിധവയായി കഴിയാൻ ആഗ്രഹമില്ലാത്തതിനാലാണ് വിവാഹമോചനം ആവശ്യപ്പെട്ടത് എന്ന് അവർ പറഞ്ഞു. വിവാഹ മോചന അപേക്ഷയിൽ തന്റെ ഭർത്താവ് നിരപരാധിയാണെന്നും ഇവർ പറയുന്നുണ്ട്. എന്റെ ഭർത്താവ് തെറ്റുകാരനല്ല. അദ്ദേഹം തൂക്കിലേറ്റുന്നതിന് മുമ്പ് എനിക്ക് വിവാഹമോചനം വേണം. പെറ്റീഷനിൽ പറയുന്നു.
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. 10 വയസിന് താഴെയുള്ള കുട്ടികളെ വീടിനുപുറത്തുവിടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. 65 വയസിനുമുകളിലുള്ള പൗരന്മാര്‍ വീടുകളില്‍ത്തന്നെ കഴിയണം. മുതിര്‍ന്ന പൗരന്മാരില്‍ ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കി. വിദ്യാര്‍ഥികള്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ യാത്രാ ഇളവ് മരവിപ്പിച്ചു. വീട്ടിലിരുന്ന ജോലി ചെയ്യല്‍ സ്വകാര്യമേഖലയിലും നിര്‍ബന്ധമാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
രാജ്യാന്തരവിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. രാജ്യാന്തരയാത്രാവിമാനങ്ങള്‍ക്ക് 22 മുതല്‍ ഇന്ത്യയില്‍ ഇറങ്ങാന്‍ അനുമതിയില്ല. ഒരാഴ്ചത്തേക്കാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.കോവിഡ് മുൻകരിതലിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയത്തില്‍ മാറ്റം. ഗ്രൂപ്പ് ബി, സി ജീവനക്കാരില്‍ 50 ശതമാനം പേര്‍ ഒരാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യണം. ഓഫിസിലെത്തുന്നവര്‍ക്ക് മൂന്ന് ഷിഫ്റ്റുകള്‍: 9 AM–5.30 PM, 9.30 AM-6 PM, 10 AM-6.30 PM. ധനകാര്യസ്ഥാപനങ്ങള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കം ബാധകം. കേന്ദ്രസര്‍ക്കാര്‍ ഓഫിസിലുകളിലും സ്ഥാപനങ്ങളിലും സന്ദര്‍ശകപാസുകള്‍ നല്‍കില്ല.
സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷകള്‍ മാറ്റില്ല. 31 വരെ പരീക്ഷയും മൂല്യനിര്‍ണയവും പാടില്ലെന്ന് യു.ജി.സി ഉത്തരവിറക്കിയെങ്കിലും ഇത് സംസ്ഥാനത്ത് ബാധകമാകില്ല. ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ പാലിച്ച് പരീക്ഷകള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളും മാറ്റാന്‍ സാധ്യതയില്ല.
എല്ലാ പരീക്ഷകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാനാണ് യു.ജി.സി നിര്‍ദേശം നല്‍കിയത്. 31 വരെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയവും നിര്‍ത്തിവയ്ക്കണം. കേന്ദ്രമാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് യുജിസി ഇന്ന് ഉത്തരവിറക്കിയത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആകാംക്ഷ ഉണ്ടാകാതിരിക്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അവരുമായി സ്ഥിരമായി ആശയവിനിമയം നടത്തണമെന്നും യുജിസി നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ക്ക് സംശയനിവാരണത്തിന് ഹെല്‍പ് ലൈന്‍ നമ്പരോ ഇമെയില്‍ വിലാസമോ നല്‍കുകയും വേണം. ഐ.എസ്.സി, ഐ.സി.എസ്.ഇ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഇവയും മാര്‍ച്ച് 31ന് ശേഷം നടത്താനാണ് തീരുമാനം.
കേരളത്തില്‍ 21ന് നടത്താനിരുന്ന ഐ.ഇ.എല്‍.ടി.എസ് പരീക്ഷകളും മാറ്റി. പകരം തീയതികള്‍ അപേക്ഷകര്‍ക്ക് തിരഞ്ഞെടുക്കാം. എന്നാല്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കാനുള്ള യുജിസി നിര്‍ദേശം പാലിക്കേണ്ട എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതനുസരിച്ച് മുന്‍നിശ്ചയിച്ച പ്രകാരം സര്‍വകലാശാല പരീക്ഷകള്‍ നടക്കും. ആരോഗ്യവകുപ്പ് നല്‍കിയ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാകും പരീക്ഷകള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി കൈക്കൊണ്ട നടപടികള്‍ യുജിസിയെ വൈസ് ചാന്‍സലര്‍മാര്‍ അറിയിക്കും. ഇതേസമയം സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് എന്‍.എസ്.എസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ്- 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബിഗ് ബോസ് റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു എന്ന വാർത്തകളാണ് രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, ബിഗ് ബോസ് താരങ്ങളുടെ എയർപോർട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഷോ അവസാനിച്ചതിനു പിന്നാലെ താരങ്ങൾ വീട്ടിലേക്ക് മടങ്ങി എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ചാനൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിതീകരണം നൽകിയിട്ടില്ല.
ആര്യ, ഫുക്രു, എലീന എന്നിവരുടെ എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ഇക്കാര്യത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അന്തിമ തീരുമാനത്തിൽ എത്തി രണ്ട് ദിവസത്തിനകം ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നും ബിഗ് ബോസ് അണിയറപ്രവർത്തകർ ഇന്നലെ പറഞ്ഞിരുന്നു. “ബിഗ് ബോസ് സീസൺ 2 അവസാനിപ്പിക്കുന്നു എന്ന തരത്തിലുള്ള വാർത്ത ഏറെക്കുറെ ശരിയാണ്. അതേക്കുറിച്ച് ആലോചനകൾ നടക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം അന്തിമ തീരുമാനമെടുക്കും. കോവിഡ്-19 ന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ആലോചന നടക്കുന്നത്. ഷോയുടെ ഭാഗമായി ചെന്നെെയിലെ സെറ്റിൽ മൂന്നൂറോളം പേർ ജോലി ചെയ്യുന്നുണ്ട്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഇത്രയേറെ പേർ ഒന്നിച്ചു ജോലി ചെയ്യുന്നതിനു നിയന്ത്രണമുണ്ട്.”
നേരത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെക്കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. എന്തായാലും ഇന്നത്തെ എപ്പിസോഡ് കൊണ്ടു ഇക്കാര്യത്തിൽ ഒരു സ്ഥിതീകരണം ഉണ്ടാവുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ഭരണഘടനയുടെ 21-ാം വകുപ്പനുസരിച്ചുള്ള മൗലികാവകാശങ്ങള്‍ ഇന്ത്യന്‍ പൗരന് മാത്രമല്ല, രാജ്യത്തുള്ള വിദേശിക്കും ബാധകമാണെന്ന് കല്‍ക്കത്തജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ആര്‍ക്കും നിയന്ത്രണമില്ലാത്ത അധികാരമില്ല. ഇന്ത്യന്‍ ഭരണഘടനയിലുള്ള മൗലികാവകാശങ്ങള്‍ ഇന്ത്യക്കാരനുമാത്രമല്ല, ഇവിടെ കഴിയുന്ന കാലത്തോളം വിദേശിക്കും ഉളളതാണ്.’ വിധിന്യായത്തില്‍ പറഞ്ഞു. സ്വാഭാവിക നീതിയുടെ അടിസ്ഥാനം തന്നെ ഈ കേസില്‍ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും കോടതി പറഞ്ഞു
ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന പൊളീഷ് വിദ്യാര്‍ത്ഥിയായ കമില്‍ സൈഡ്‌സെന്കിയെയാണ് പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെുത്തതിന് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടത്. മാര്‍ച്ച 9 ന്കം രാജ്യം വിട്ടുപോകാന്‍ ഫോറിനേഴ്‌സ് റീജിയണല്‍ റജിസ്‌ട്രേഷന്‍ ഓഫിസാണ് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി എന്നു പറഞ്ഞായിരുന്നു നോട്ടീസ്. മാര്‍ച്ച് ആറിന് കോടതി നോട്ടിസ് സ്‌റ്റേ ചെയ്യുകയായിരുന്നു
സ്റ്റുഡന്റ് വിസയില്‍ വന്ന വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള മൗലികാവകാശങ്ങള്‍ ഇല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.എന്നാല്‍ വിവിധ വിഷയങ്ങളിലുള്ള വിദ്യാര്‍ത്ഥിയുടെ ധാരണ കാണിക്കുന്നത് അദ്ദേഹത്തിന് ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം ഉണ്ടാകാമെന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദക്ഷിണേഷ്യയെ കുറിച്ചും ഇന്ത്യയിലെ വിവിധ ഭാഷകളെക്കുറിച്ചും അദ്ദേഹത്തിന് അറിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് മൗലികാവകാശം ഉറപ്പുനല്‍കുന്ന 21–ാം വകുപ്പില്‍നിന്നുണ്ടാകുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തോടൊപ്പം വരുന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യവും. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായാല്‍ മാത്രമെ അത് തടയാന്‍ കഴിയു. ഏത് വിഭാഗത്തില്‍പ്പെട്ട ആളുകളുമായും ഇടപഴകി സ്വന്തം അഭിപ്രായം പറയാന്‍ കഴിയുന്നത് ഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പ് നല്‍കുന്ന അവകാശങ്ങളുടെ ഭാഗമായി ഉള്ളതാണെന്നും കോടതി വ്യക്തമാക്കി.
ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടനയുടെ മാത്രം ഭാഗമല്ലെന്നും സംസ്‌കൃത സമൂഹം അംഗീകരിച്ച വിശാല മനുഷ്യാവകാശത്തിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു
ഒഴുക്കില്‍പെട്ട മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മ മുങ്ങിമരിച്ചു. 40കാരിയായ സുജയാണ് മരിച്ചത്. ജലക്ഷാമം ഉള്ളതിനാല്‍ വസ്ത്രങ്ങള്‍ കഴുകാനും കുളിക്കാനുമായാണു മകള്‍ ശ്രീതുമോളെയും (14) കൂട്ടി സുജ ഇവിടെ എത്തിയത്. തുണി കഴുകിക്കൊണ്ടിരിക്കെയാണ് മകള്‍ ഒഴുക്കില്‍പെട്ടതു സുജ കണ്ടത്. രക്ഷിക്കാനായി ഇറങ്ങിയതോടെ ശക്തമായ അടിയൊഴുക്കില്‍പെടുകയായിരുന്നു.
രക്ഷപ്പെട്ടു കരയ്ക്കു കയറിയ ശ്രീതുമോളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സുജയെ കരയ്ക്ക് കയറ്റി മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂത്താട്ടുകുളം മാറിക സ്വദേശി പരേതനായ മാധവന്റെ ഭാര്യയാണ് സുജ. സംസ്കാരം ഇന്നു 11മണിക്ക് നടക്കും. ചെത്തുതൊഴിലാളിയായിരുന്ന സുജയുടെ ഭര്‍ത്താവ് മാധവന്‍ ഏഴ് വര്‍ഷം മുന്‍പാണ് മരിച്ചത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീതുമോള്‍. സഹോദരന്‍ ശ്രീരാഗ് ആറാം ക്ലാസില്‍ പഠിക്കുന്നു.
വിദേശത്ത് ജോലിയുണ്ടായിരുന്ന യുവതി ബാങ്കിലെത്തിയതിനെ തുടര്‍ന്ന് ബാങ്ക് അടച്ചു. വിവരം അറിഞ്ഞ ബാങ്ക് ജീവനക്കാര്‍ ‘കൊറോണഭീതി’യിലായി. തുടര്‍ന്ന് ബാങ്ക് അടച്ചിട്ടു. പട്ടണക്കാട് സ്വദേശിനി എത്തിയപ്പോള്‍ മാനേജര്‍ ഉള്‍പ്പെടെ ആറുജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്.
ആലപ്പുഴ ജില്ലയിലെ എരമല്ലൂരിലാണ് സംഭവം. എരമല്ലൂരിലെ കോര്‍പ്പറേഷന്‍ ബാങ്ക് ശാഖയിലാണ് ബ്രിട്ടനില്‍ ജോലിയുണ്ടായിരുന്ന യുവതി എത്തിയത്. യുവതി എത്തിയ വിവരം അറിഞ്ഞതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകരും ബാങ്കിലെത്തി. ജീവനക്കാര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ബാങ്കിനുള്ളില്‍ അണുനശീകരണം നടത്തും.
കേരളത്തിലും കോവിഡ് 19ന് എച്ച്‌ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് മരുന്ന് പരീക്ഷിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരനാണ് എച്ച്‌ഐവി മരുന്ന് നല്‍കിയത്. കളമശ്ശേരിയില്‍ ചികിത്സയിലുള്ള രോഗിക്ക് രണ്ടിനം മരുന്നാണ് നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായാണ് റിറ്റോനോവിര്‍, ലോപിനാവിന്‍ എന്നീ മരുന്നുകള്‍ ഉപയോഗിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചൈനയിലെ വുഹാനിലും രാജസ്ഥാനിലെ ജയ്പൂരിലും ഇത് നേരത്തെ പരീക്ഷിച്ചിരുന്നു.
എച്ച്‌ഐവി രോഗത്തിന് ഉപയോഗിക്കുന്ന മരുന്ന് കോവിഡ് 19 ബാധിതര്‍ക്ക് നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കൊറോണ വൈറസ് ബാധിച്ച രോഗിയുടെ രോഗസ്ഥിതി കണക്കാക്കി മരുന്ന് നല്‍കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. പ്രമേഹം അടക്കം വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന അറുപത് വയസ്സ് കഴിഞ്ഞ ഹൈ റിസ്‌ക് രോഗികള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായാല്‍ എച്ചഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് മിശ്രിതം നല്‍കാനാണ് കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നത്.
യൂറോപ്പിനും ചൈനക്കും ശേഷം കൊറോണവൈറസ് വ്യാപിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഇന്ത്യയിലെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഏപ്രില്‍ 15ഓടു കൂടി കൊവിഡ് 19 ബാധിതരുടെ എണ്ണം പത്തിരട്ടി വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ വൈറോളജിയുടെ മുന്‍ തലവന്‍ ഡോ. ടി ജേക്കബ് പറഞ്ഞു. ഇപ്പോള്‍ കൊറോണവൈറസ് ബാധിക്കുന്നവരുടെ എണ്ണം ചെറുതാണ്. ഇതൊരു വലിയ ദുരന്തമാണെന്ന് പലര്‍ക്കും മനസ്സിലായിട്ടില്ല. ഓരോ ആഴ്ച പിന്നീടുമ്പോഴും രോഗ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനസാന്ദ്രതയാണ് ഏറ്റവും വലിയ വെല്ലുവിളി. ചതുരശ്ര കിലോമീറ്ററില്‍ 420 പേരാണ് രാജ്യത്തെ ശരാശരി ജനസാന്ദ്രത. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ 148 ആയിരുന്നു ശരാശരി ജനസാന്ദ്രത. ജനസാന്ദ്രത കുറഞ്ഞ യൂറോപ്പില്‍ പോലും രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനായില്ല. ചേരികളിലേക്ക് രോഗമെത്തിയാല്‍ അതിവേഗം പടരാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ പോലും പരിശോധിക്കാന്‍ ദക്ഷിണകൊറിയക്ക് കഴിഞ്ഞു.
ഇന്ത്യയില്‍ പരിശോധന എന്നത് അതീവ ദുഷ്‌കരമാകുമെന്ന് പകര്‍ച്ച വ്യാധി വിദഗ്ധനും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. കെ ശ്രീനാഥ് റെഡ്ഡി പറഞ്ഞു. രോഗബാധിതരുടെ എണ്ണമെടുക്കുമ്പോള്‍ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ അത്ര ഭീതി നിലവില്‍ ഇന്ത്യയിലില്ല. അതേസമയം, ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില്‍ വൈറസ് വ്യാപനമുണ്ടായാല്‍ എങ്ങനെ നിയന്ത്രിക്കുമെന്നത് ചോദ്യചിഹ്നമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 ബാധിച്ച മഹാരാഷ്ട്ര രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറയുന്നു. വൈറസ് വ്യാപനം തടഞ്ഞില്ലെങ്കില്‍ മൂന്നാം ഘട്ടത്തിലേക്ക് പോകുമെന്നും വൈറസ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് തന്നെ ആരോഗ്യരംഗത്ത് ഏറ്റവും കുറഞ്ഞ പണം ചെലവാക്കുന്ന രാജ്യം ഇന്ത്യയാണ്. ജിഡിപിയുടെ 3.7 ശതമാനമാണ് ആരോഗ്യ രംഗത്ത് ഇന്ത്യ ചെലവഴിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്രയും വലിയ മഹാമാരി നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എന്നെ ആശങ്കപ്പെടുത്തുന്നു. അകലം പാലിക്കുക എന്നത് ഉപരിവര്‍ഗ, മധ്യവര്‍ഗ സമൂഹത്തിനിടയില്‍ സാധിക്കും. എന്നാല്‍ നഗര ദരിദ്രരിലും ഗ്രാമീണരിലും എത്രത്തോളം ഫലപ്രദമാകുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.