കണ്ണുനീരും സന്തോഷവുമായി, പ്രതീക്ഷയും വിശ്വാസവുമായി; ഒരു കാത്തിരിപ്പ്. പതിനായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാത്തിരിപ്പാണിത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രി മുറിയിലും ലൈബീരിയയിലെ ഭവനത്തിലുമായി വിഭജിക്കപ്പെട്ട ഈ കുടുംബം ഹര്‍ഷമുണര്‍ത്തുന്ന കൂടിച്ചേരലിനായി മടുക്കാതെ കാത്തിരിക്കുകയാണ്.പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ നിന്ന് രണ്ടര വയസ്സുള്ള മകന്‍ ജിന്‍ പേയുമായി ജെന്നെ ഇന്ത്യയിലെത്തിയത് മാര്‍ച്ച് രണ്ടിനാണ്. ജിന്നിന്റെ കുഞ്ഞു ഹൃദയത്തിന് ചികിത്സ തേടിയായിരുന്നു അനേകായിരം കാതങ്ങള്‍ താണ്ടിയുള്ള യാത്ര.
പീറ്റര്‍, ജെന്നെ ദമ്പതികളുടെ രണ്ടാമത്തെ മകനായ ജിന്‍, ജനിച്ച് ഏതാനും നാളുകള്‍ക്കകം തന്നെ ഹൃദയത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശരീരഭാരം ആനുപാതികമായി വര്‍ദ്ധിക്കാത്തതും കൂടെകൂടെയുള്ള ശ്വാസകോശസംബന്ധമായ അസുഖങ്ങളുമാണ് വിശദമായ പരിശോധനകളിലേക്ക് നയിച്ചത്. വൈകാതെ തന്നെ കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണ്ടി വരുമെന്ന് പീറ്ററും ജെന്നെയും മനസ്സിലാക്കി. ആരോഗ്യമേഖലയില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ശസ്ത്രക്രിയ ഉള്‍പ്പടെ കുട്ടികളുടെ ഹൃദ്രോഗ ചികിത്സാസൗകര്യങ്ങളുള്ള കേന്ദ്രങ്ങള്‍ ലൈബീരിയയില്‍ ഇല്ല.
തലസ്ഥാനമായ മൺറോവിയയിലെ ജെ എഫ് കെ മെഡിക്കല്‍ സെന്ററിലെ സീനിയര്‍ പീഡിയാട്രിഷ്യനായ ഡോ. സിയ കമനോറാണ് ചികിത്സയ്ക്കായി ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗം നിര്‍ദേശിച്ചത്. ലൈബീരിയയിലെ പാവപ്പെട്ട കുട്ടികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുതില്‍ പ്രശംസനീയമായ ശ്രമങ്ങള്‍ നടത്തിയിട്ടുള്ള ഡോ. സിയ മുന്‍പും ധാരാളം കുട്ടികള്‍ക്ക് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തിന്റെ സഹകരണത്തോടെ ലഭ്യമാക്കിയിട്ടുണ്ട്.
പിന്നീട് പീറ്ററിനും ജെന്നെയ്‌ക്കും കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും നാളുകളായിരുന്നു. ഓവര്‍ടൈം ജോലിചെയ്തും കുടുംബവീട് പണയപ്പെടുത്തിയും മറ്റു വിനോദോപാധികള്‍ വേണ്ടെന്ന് വച്ചുമൊക്കെയാണ് യാത്രയ്ക്കും ചികിത്സയ്ക്കുമുള്ള പണം കണ്ടെത്തിയത്. ഒരു മാസം നീളുന്ന വിരഹത്തിന് ശേഷം എല്ലാം കൂടുതല്‍ ശുഭകരവും സന്തോഷകരവുമായി പര്യവസാനിക്കുമെന്ന പ്രതീക്ഷയിലാണ് പുറപ്പെട്ടത്.
പക്ഷേ കൊവിഡ് എല്ലാ കണക്കുകൂട്ടലുകളും തകര്‍ത്തു. മാര്‍ച്ച് ആറിന് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തില്‍ പ്രവേശിപ്പിച്ച ജിന്നിന് 12 നാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തിയത്. അയോട്ടാ പൾമണറി വിന്‍ഡോയില്‍ ഉണ്ടായിരുന്ന സുഷിരം ശസ്ത്രക്രിയയിലൂടെ അടയ്ക്കുകയായിരുന്നു.ശസ്ത്രക്രിയയെ തുടർന്ന് വളരെ വേഗം ആരോഗ്യനിലയില്‍ പുരോഗതി കണ്ടതോടെ വലിയ ആഹ്‌ളാദത്തിലായിരുന്നു ജെന്നെയും ലൈബീരിയയിലുള്ള കുടുംബവും. തുടര്‍പരിശോധനകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ രണ്ടിന് മടങ്ങാനിരിക്കെയാണ് മഹാമാരിമൂലം കാര്യങ്ങളൊക്കെ കീഴ്‌മേല്‍ മറിഞ്ഞത്.
ചികിത്സയ്ക്കും ഒരു മാസത്തെ ചെലവുകള്‍ക്കുമായി ജെന്നെ കരുതിയതൊക്കെ ഇതിനോടകം തീർന്നു കഴിഞ്ഞു. ലിസി ആശുപത്രി അധികൃതരുടെ കരുതലിൽ, ആശുപത്രിയിൽ തന്നെയാണ് ഇപ്പോള്‍ അമ്മയുടെയും കുഞ്ഞിന്റെയും താമസവും ഭക്ഷണവും. ഇടയ്ക്ക് ലൈബീരിയൻ എംബസിയും മറ്റും ചെറിയ സഹായങ്ങൾ നൽകിയിരുന്നു. യാതനകളുടെയും കണ്ണീരിന്റെയും കഥകള്‍ വിരചിക്കുന്ന മഹാമാരിയുടെ കാലം കാരുണ്യത്തിന്റെയും കരുതലിന്റെയും അനേകം കഥകള്‍ പിറക്കുതിനും സാക്ഷിയായല്ലോ. ആ പ്രതീക്ഷയിലാണ് നിരാശരാകാതെ ജെന്നെയും കുഞ്ഞും കൊച്ചിയിലും പീറ്ററും മൂത്ത മകനും ലൈബീരിയയിലും കാത്തിരിക്കുന്നത്.
ഇന്ത്യയെ വെല്ലുവിളിച്ച് േനപ്പാള്‍, ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബില്‍ പാസായത്. ഇന്ത്യന്‍ ഭൂപടത്തില്‍ ഉള്‍പ്പെട്ട 370 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ലിംപിയാധുര, കാലാപാനി, ലിപുലേഖ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് നേപ്പാളിന്‍റെ പുതിയ ഭൂപടം.
പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ നേപ്പാളി കോണ്‍ഗ്രസിന്‍റെ പിന്തുണയും ബില്ലിന് ലഭിച്ചു. നേപ്പാളിന്‍റെ ഏകപക്ഷീയമായ പ്രവര്‍ത്തനത്തെ അപലപിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. പ്രാദേശിക അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ അംഗീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയം മണവും രുചിയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയെ കോവിഡ്-19 രോഗ ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ലോകമെമ്പാടും പ്രധാനപ്പെട്ട ആരോഗ്യ സ്ഥാപനങ്ങള്‍ ഇവയെ കഴിഞ്ഞ രണ്ട് മാസങ്ങളായി രോഗ ലക്ഷണമായി അംഗീകരിച്ചു വരികയായിരുന്നു. പനി, ചുമ, തളര്‍ച്ച, ശ്വാസ തടസ്സം, പേശി വേദന, കഫം, കടുത്ത ജലദോഷം, തൊണ്ട വേദന, ഡയേറിയ എന്നിവയുടെ കൂടെയാണ് പുതുക്കിയ ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍ പ്രകാരം മണവും രുചിയും നഷ്ടപ്പെടുന്നതിനെ കൂടെ ഉള്‍പ്പെടുത്തിയത്.
കേന്ദ്ര സംയോജിത രോഗ നിരീക്ഷണ പദ്ധതിയുടെ പോര്‍ട്ടലിലെ കേസുകള്‍ അനുസരിച്ച് 27 ശതമാനം പേര്‍ക്ക് പനിയും 21 ശതമാനത്തിന് ചുമയും 10 പേര്‍ക്ക് തൊണ്ട വേദനയും എട്ട് ശതമാനം പേര്‍ക്ക് ശ്വാസംമുട്ടലും ഏഴ് ശതമാനം പേര്‍ക്ക് തളര്‍ച്ചയും മൂന്ന് ശതമാനം പേര്‍ക്ക് ജലദോഷവും മറ്റുള്ളവ 24 ശതമാനവുമാണ്.
പ്രത്യേക ഗ്രൂപ്പില്‍പ്പെട്ട രോഗികള്‍ക്ക് റെംഡിസിവറും ടോസിലിസുമാബും കോണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പിയും നല്‍കാനും പുതുക്കിയ പ്രോട്ടോക്കോള്‍ പറയുന്നു.
എബോളയ്ക്കുവേണ്ടിയാണ് റെംഡിസിവര്‍ വികസിപ്പിച്ചതെങ്കിലും കോവിഡ്-19-നുവേണ്ടി ഉപയോഗിക്കുന്നുണ്ട്. രോഗം ഭേദമായ ഒരാളുടെ രക്തത്തിലെ പ്ലാസ്മ രോഗിക്ക് നല്‍കുന്നതാണ് കോണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പി. മറ്റു പല രോഗങ്ങള്‍ക്കും ഇവ ഉപയോഗിക്കുന്നുണ്ടെങ്കിലും കോവിഡ്-19-ന് എത്ര മാത്രം ഫലപ്രദമാണെന്നുള്ള പഠനം നടക്കുന്നതേയുള്ളൂ.
കൊല്ലം ജില്ലയിൽ ആറാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയിൽ. പ്രാക്കുളം സ്വദേശിനിയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ പ്രദേശത്തുള്ള കഞ്ചാവ് മാഫിയയ്ക്ക് ബന്ധമുണ്ടെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
വീടിന് പുറത്ത് അമ്മയെ സഹായിക്കുകയായിരുന്ന പെൺകുട്ടി പ്രാർത്ഥനയ്ക്കായി മുറയിൽ കയറുകയായിരുന്നു. വീടിന് പുറത്ത് ജോലി ചെയ്യുകയായിരുന്ന അമ്മ മകളെ കാണാതായതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കള്‍ ലഹരിയുപയോഗിക്കുന്നവരാണെന്നാണ് ആരോപണം. ഇവരിൽ ചിലർ വീട്ടിൽ വന്ന് പോയിരുന്നതായും മുത്തച്ഛൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുട്ടിയുടെ പിതാവ് ഈ സംഘത്തിൽപ്പെട്ട ഒരാൾക്കൊപ്പം പിതാവ് വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
വൈദ്യുതി മന്ത്രി എം.എം.മണിയെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി. തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടർന്നാണ് ശസ്‌ത്രക്രിയ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ആയിരുന്നു ശസ്‌ത്രക്രിയ. ന്യൂറോ സർജറി ഐസിയുവിലാണ് മന്ത്രി ഇപ്പോഴുള്ളത്. ഇന്നു രാവിലെയായിരുന്നു ശസ്‌ത്രക്രിയ. മന്ത്രിയുടെ ആരോഗ്യനിലയിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ശസ്‌ത്രക്രിയ വിജയകരമാണെന്നുമാണ് റിപ്പോർട്ട്. മന്ത്രിക്ക് കുറച്ചുനാൾ വിശ്രമം വേണ്ടിവരും.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് മന്ത്രിയെ ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും തുടർ പരിശോധനയ്ക്കുവേണ്ടിയാണ് അദ്ദേഹം ആശുപത്രിയിൽ കഴിയുന്നതെന്നും മെഡിക്കൽ കോളേജ് അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. ഇടുക്കിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് മന്ത്രി എം.എം.മണിയാണ്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. നിലവില്‍ കോവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും.
കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി അയ്യായിരത്തി തൊള്ളായിരത്തി അന്‍പതായി. 8712 പേരാണ് ഇതുവരെ മരിച്ചത്. രാജ്യത്ത് നിലവില്‍ 1,44,817 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം ഒന്നര ലക്ഷവും കടന്നു. മേയ് 24ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ പത്താം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ വെറും 18 ദിവസം കൊണ്ട് നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ മാത്രം രോഗികളുടെ എണ്ണം 1 ലക്ഷം കടന്നു.
കഴിഞ്ഞദിവസം മാത്രം 3493 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ കോവിഡ് കേസുകള്‍ 1.01,141 ആയി ഉയര്‍ന്നു. 127 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 3717 ആയി ഉയര്‍ന്നു.
അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാത്രി കര്‍ഫ്യൂ കര്‍ശനമാക്കണമെന്ന് കാണിച്ച് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ചര്‍ച്ചക്ക് വിളിച്ചത്. ജൂണ്‍ 16, 17 തിയ്യതികളിലാണ് ചര്‍ച്ച നടക്കുക.
മൂന്ന് മാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം പൊഴിയൂരിലെ പരുത്തിയൂര്‍ സ്വദേശി ജോണിന്റെ മൃതദേഹമാണ് ഇന്ന് സെമിത്തേരിയില്‍ നിന്നെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.
ജോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരി ലീന്‍മേരിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്നാണ് മൃതദേഹം വീണ്ടുമെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിക്കുന്നത്. ജോണിന്റെ മരണം ഇയാളുടെ മരണകാരണം ഹൃദയസ്തംഭനമാണെന്നായിരുന്നു ആദ്യം ഭാര്യയും മക്കളും ജോണിന്റെ മറ്റ് ബന്ധുക്കളോട് പറഞ്ഞത്.
തൊട്ടടുത്ത ദിവസം സംസ്‌ക്കരിക്കുകയും ചെയ്തു. എന്നാല്‍ മരണ ദിവസം മൃതദേഹത്തിന് അടുത്ത് നില്‍ക്കാന്‍ പോലും അനുവദിക്കാത്തതില്‍ ദുരൂഹത തോന്നിയെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഭാര്യയും മക്കളും പറഞ്ഞതെന്നും ജോണിന്റെ സഹോദരി ലീന്‍മേരി പറയുന്നു.
ജോണിന്റെ ഭാര്യയുടേയും മക്കളുടേയും പെരുമാറ്റത്തിലെ അസ്വഭാവികതയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം തോന്നാന്‍ കാരണമെന്ന് ലീന്‍ മേരി വ്യക്തമാക്കി. ലീന്‍മേരിയും അച്ഛനുമാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
എന്നാല്‍ കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞ് ജോണിന്റെ ഭാര്യയും മക്കളും തങ്ങളെ വല്ലാതെ നിര്‍ബന്ധിച്ചുവെന്ന് സഹോദരി പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് ചേട്ടന്റെ മരണകാരണം അറിയണമെന്ന് ലീന്‍മേരി പറഞ്ഞു. എന്നാല്‍ സംസ്‌കരിച്ച് ഒരാഴ്ചക്ക് ശേഷമാണ് പരാതി കിട്ടിയതെന്ന് പൊഴിയൂര്‍ പൊലീസ് വ്യക്തമാക്കി.
ആത്മഹത്യയാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിതിന് ശേഷം മാത്രമേ സംസ്‌കരിക്കുമായിരുന്നുവൊള്ളൂ എന്നും പോലീസ് പറഞ്ഞു.അതേസമയം കടബാധ്യത മൂലം ജോണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഭാര്യയും മക്കളും പൊലീസിന് നല്‍കിയ മൊഴി.
ആത്മഹത്യയാണെന്ന് പറഞ്ഞാല്‍ പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കാനാകില്ലെന്നതിനാലാണ് ഹൃദയസ്തംഭനമെന്ന് പറഞ്ഞതെന്ന് ഇവര്‍ പൊലീസിനോട് പറയുന്നു. ജോണിന്റേത് സ്വാഭാവികമരണമെന്ന് ബന്ധുക്കള്‍ അറിയിച്ചതിനാലാണ് പള്ളിയില്‍ അടക്കിയതെന്ന് പള്ളി വികാരി പൊലീസിനോട് പറഞ്ഞു.
അയര്‍ലന്‍ഡില്‍ നഴ്‌സ് ആയി ജോലി ചെയ്യവേ കോവിഡ് രോഗബാധിതയായ പ്രിയ വിജയ് മോഹന് കൂടുതലും പറയാനുള്ളത് രോഗത്തെ കുറിച്ചല്ല, രോഗം ബാധിച്ച സമയത്ത് തന്റെ മകന്‍ ചോദിച്ച ചോദ്യങ്ങളെക്കുറിച്ചായിരുന്നു. ”കോവിഡ് വന്നാല്‍ അമ്മ മരിക്കുമോ” എന്നായിരുന്നു എട്ടുവയസ്സുകാരന്‍ മകന്റെ ചോദ്യം.
മകന്റെ മുന്നില്‍ ശരിക്കും പകച്ചുപോയ നിമിഷങ്ങളായിരുന്നു അതെന്ന് പ്രിയ പറയുന്നു. ഐസൊലേറ്റ് ചെയ്തിരുന്ന ആദ്യ ദിവസങ്ങളില്‍ മകന്‍ തന്നെ കെട്ടിപ്പിടിക്കാനായി വാശിപിടിക്കുമായിരുന്നു. മുറിക്ക് പുറത്തുനിന്ന് മകനെ കാണുകയെന്നല്ലാതെ അവനെ ഒന്നുതൊടാന്‍ പോലും കഴിയാത്ത ആ അവസ്ഥ തന്നെ ശരിക്കും കരയിപ്പിച്ചുവെന്ന് പ്രിയ കൂട്ടിച്ചേര്‍ത്തു.
അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ ഹെര്‍മിറ്റേജ് മെഡിക്കല്‍ ക്ലിനിക്കില്‍ ജോലിചെയ്യുകയാണ് പ്രിയ. ശസ്ത്രക്രിയയ്‌ക്കെത്തുന്നവരുടെ സ്രവം ശേഖരിച്ച് പരിശോധിച്ച് അയക്കുന്ന ജോലിയായിരുന്നു പ്രിയയ്ക്ക്. അവിടെനിന്നാണ് വൈറസ് ബാധയുണ്ടായത്.
അയര്‍ലണ്ടില്‍ കോവിഡ് സ്ഥിരീകരിച്ചാലും വീട്ടില്‍ ഐസൊലേറ്റ് ചെയ്യുകയാണ് പതിവ്. ഗുരുതരാവസ്ഥയുണ്ടാകുമ്പോള്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. രോഗം സ്ഥിരീകരിച്ച വ്യക്തിയെ ഐസൊലേറ്റ് ചെയ്യുകയും സമ്പര്‍ക്കം പുലര്‍ത്തിയവരെ ഇടവേളകളിലായി രണ്ടുവട്ടം പരിശോധിക്കുകയും ചെയ്യുകയാണ് രീതി.
താന്‍ കഴിഞ്ഞിരുന്ന മുറിക്ക് തൊട്ടപ്പുറത്തായിരുന്നു മകന്‍ ഇഷാനും ഭര്‍ത്താവ് വിജയാനന്ദുമുണ്ടായിരുന്നത്. അവര്‍ക്ക് രണ്ടുപേര്‍ക്കും രോഗം ബാധിക്കുമോയെന്ന് പേടിയുണ്ടായിരുന്നു. എന്നാല്‍ രണ്ടുപ്രാവശ്യം പരിശോധന നടത്തിയപ്പോഴും ഭര്‍ത്താവിനും മകനും കോവിഡ് നെഗറ്റീവായിരുന്നു. ഇത് ഏറെ സന്തോഷം തോന്നിയെന്ന് പ്രയ പറയുന്നു.
”രോഗംബാധിച്ച് ആദ്യ ആഴ്ചയില്‍ ചെറിയ തലവേദന മാത്രമാണുണ്ടായത്. രണ്ടാം ആഴ്ചയോടെ ശ്വാസതടസ്സം രൂക്ഷമായി. എമര്‍ജന്‍സിയില്‍ വിളിച്ച് പത്തുമിനിറ്റിനകം ആശുപത്രി അധികൃതര്‍ വീട്ടിലെത്തി. മൂന്നാഴ്ചയായി ഞാന്‍ പോസിറ്റീവാണ്. നിലവില്‍ വരണ്ട ചുമ മാത്രമാണ് ബുദ്ധിമുട്ടിക്കുന്നത്.
ലോക്ക്ഡൗണും കോവിഡും അയര്‍ലന്‍ഡിലെ ജനങ്ങളെ ബാധിച്ചിട്ടില്ല. കാരണം ഇറ്റലിയിലും മറ്റും രോഗംപടരുന്നത് കണ്ടതോടെ അയര്‍ലന്‍ഡ് സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ജോലി നഷ്ടപ്പെട്ടവര്‍ക്കും താത്കാലികമായി ജോലിയില്ലാത്തവര്‍ക്കും എല്ലാ ആഴ്ചയിലും 350 യൂറോ സര്‍ക്കാര്‍ നല്‍കും. ക്വാറന്റീനില്‍ ഇരിക്കുന്നവര്‍ക്കും രോഗികള്‍ക്കും 12 ആഴ്ചയോളം ശമ്പളത്തോട് കൂടിയ അവധിയുമുണ്ട്.” -പ്രിയ കൂട്ടിച്ചേര്‍ത്തു.
സുഹൃത്തുക്കളോടൊപ്പം ചേർന്ന് യുവാവ് തടാകത്തിൽ മീൻപിടിക്കാനെത്തി. പിടിച്ച മീനിനെ വിഴുങ്ങി ടിക് ടോക് വീഡിയോ ചിത്രികരിക്കവേ യുവാവ് ശ്വാസം കിട്ടാതെ ഗുരുതരാവസ്ഥയിലായി, ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
22കാരനായ എസ് വെട്രിവേൽ എന്ന യുവാവാണ് മരിച്ചത്. ഹൊസൂർ സ്വദേശിയായ ഇയാൾ തേർപേട്ടയ്ക്കടുത്തുള്ള തടാകക്കരയിൽ എത്തിയാണ് വിഡിയോ ചിത്രീകരിച്ചത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാനായാണ് വെട്രിവേൽ തടാകത്തിലെത്തിയത്. പിടികൂടിയ മത്സ്യത്തെ വിഴുങ്ങി അതിന്റെ വീഡിയോ ടിക്ടോക്കിലിടാമെന്ന് സുഹൃത്തുക്കൾ ചേർന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ വെട്രിവേൽ മീൻ വിഴുങ്ങി.
സുഹൃത്തുക്കൾ ഇതിന്റെ വീഡിയോ ചിത്രീകരിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ യുവാവ് ശ്വാസംകിട്ടാതെ ഗുരുതരാവസ്ഥയിലായി. സുഹൃത്തുക്കൾ യുവാവിനെ ഹൊസൂരിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിടനിർമാണ തൊഴിലാളിയാണ് വെട്രിവേൽ.
രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 10,956 പേര്‍ക്ക്. ഇതാദ്യമായാണ് ഒരു ദിവസം 10,000 മുകളില്‍ ആളുകള്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,97, 535 ആയി. 24 മണിക്കൂറിനിടെ 396 പേര് മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 8,498 ആയി. ലോകത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
വ്യാഴാഴ്ചത്തെ രാജ്യത്തെ കോവിഡ് കണക്കുകൾ കൂടി പരിഗണിക്കുന്പോഴാണ് ഇന്ത്യ നാലാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത്. ബ്രിട്ടൻ, സ്പെയിൻ എന്നീ രാജ്യങ്ങളെ ഇന്ത്യ ഒറ്റദിവസം കൊണ്ടാണ് മറികടന്നത്.
രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വെന്റിലേറ്ററുകളും ഐസിയുകളും നിറയുമെന്നും ഗുരുതര സാഹചര്യത്തിലേക്ക് രാജ്യം കടക്കുമെന്നുമാണ് മുന്നറിയിപ്പ്.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഇവിടങ്ങളിലെ നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത മൂന്ന് മാസത്തേക്ക് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
ഡല്‍ഹിയില്‍ ജൂണ്‍ മൂന്നിന് തന്നെ ഐസിയു കിടക്കകള്‍ ഒഴിവില്ലാതായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍ വെന്റിലേറ്ററുകളും നിറഞ്ഞു. ഓക്‌സിജന്‍ സജ്ജീകരണമുള്ള ഐസൊലേഷന്‍ ബെഡുകള്‍ ജൂണ്‍ 25 ഓടെ നിറയുമെന്നും വിലയിരുത്തുന്നു.
അതേസമയം . ഗുരുഗ്രാം, മുംബൈ, പാല്‍ഘര്‍, ചെന്നൈ, താനെ തുടങ്ങിയ 17 ജില്ലകളില്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ തന്നെ ആശുപത്രികള്‍ നിറഞ്ഞ് കവിയുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.