India

വലയ സൂര്യഗ്രഹണ പ്രതിഭാസം രാജ്യമെങ്ങും കണ്ടു. രാജ്യത്ത് പല ഭാഗങ്ങളില്‍ നിന്നുള്ള സൂര്യഗ്രഹണ ഫോട്ടോകള്‍ സമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു. അതിനിടയിലാണ് വിചിത്രമായ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ എത്തിയത്. കര്‍ണാടകത്തില്‍ നിന്നുള്ള വീഡിയോയാണിത്.

ഗ്രഹണ സമയത്ത് കുട്ടികളെ കുഴികുത്തി മണ്ണിട്ട് മൂടിയിരിക്കുകയാണ് ഗ്രാമവാസികള്‍. കര്‍ണാടകത്തിലെ കര്‍ബുര്‍ഗിയിലെ ഗ്രാമത്തില്‍ നിന്നുമുള്ളതാണ് വീഡിയോ. മണ്ണില്‍ കുഴി കുത്തിയ ശേഷം കുട്ടികളെ അതില്‍ ഇറക്കി നിര്‍ത്തി, തലമാത്രം പുറത്താക്കി ഉടല്‍ മുഴുവന്‍ മണ്ണിട്ട് മൂടുകയാണ് ചെയ്തിരിക്കുന്നത്.

ഗ്രഹണ സമയത്ത് ഇങ്ങനെ ചെയ്താല്‍ കുട്ടികള്‍ക്ക് ചര്‍മ്മ രോഗങ്ങള്‍ പിടിപെടില്ല എന്നാണ് വിശ്വാസം.കുട്ടികള്‍ക്ക് അംഗവൈകല്യങ്ങള്‍ ഉണ്ടാകില്ല എന്ന ഒരു വിശ്വാസവുമുണ്ട്.

 

സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പ്രസ്താവന കുറച്ചു കൂടിപോയിരുന്നു. സോഷ്യല്‍മീഡിയയിലടക്കം സന്ദീപ് വാര്യക്കെതിരെയുള്ള പോസ്റ്റുകളും ട്രോളുകള്‍ നിരന്നു. ഇപ്പോള്‍ ബിജെപിയും സന്ദീപ് വാര്യരെ തള്ളി. കേന്ദ്രത്തെ വിമര്‍ശിക്കുന്നവരോട് പകപോക്കുന്ന സമീപനം ബിജെപിക്കില്ലെന്ന് എംടി രമേശ് വ്യക്തമാക്കുന്നു. സന്ദീപ് വാര്യരുടെ പ്രതികരണം വ്യക്തിപരമാണ്.

ഫേസ്ബുക്ക് പോസ്റ്റ് വ്യക്തിപരമാണെന്നും പാര്‍ട്ടി നിലപാടായി കണക്കാക്കേണ്ടതില്ലെന്നും എംടി രമേശ് പറയുന്നു. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ച് നടിമാര്‍ കണ്ണീരൊഴുക്കേണ്ടിവരുമെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്.

ഗായികയും അവതാരകയുമായ ജാഗി ജോണിന്‍റെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനം. തലയ്‍ക്കേറ്റ ഗുരുതരപരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. ഇന്നലെ വൈകിട്ട് കുറവൻകോണത്തെ വീട്ടിലെ അടുക്കളയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയ വീടും പരിസരവും പൊലീസും ഫൊറൻസിക് സംഘവും വീണ്ടും പരിശോധിച്ചു. പോസ്റ്റുമോർട്ടത്തിൽ തലക്ക് പിന്നിലേറ്റ പരിക്കാണ് മരണകാരണമെന്നാണ് നിഗമനം. പിടിച്ച് തള്ളി വീഴുമ്പോഴോ, തെന്നിവീണ് ശക്തമായി നിലത്തടിച്ചാലോ ഉണ്ടാകാവുന്ന പരിക്കെന്നാണ് ഫൊറൻസിക് വിദഗ്‍ദരുടെ നിഗമനം. ജാഗിയും മാനസിക അസ്വാസ്ഥ്യമുള്ള അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്‍റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. സുഹൃത്തുക്കളെയും ആരാധകരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു ജാഗി ജോണിന്‍റെ അപ്രതീക്ഷിത മരണം.

അമ്മ അറിയിച്ചതുനസരിച്ച് അയൽവാസികള്‍ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മകള്‍ അടുക്കളയിൽ ഉറങ്ങി കിടക്കുന്നുവെന്നും ഭക്ഷണം ലഭിച്ചില്ലെന്നും അമ്മ പറഞ്ഞുവെന്നാണ് അയൽവാസികളുടെ മൊഴി. മരണം ഇന്നലെ സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയങ്ങളുടെ പരിശോധനാഫലം അടക്കമുള്ള കൂടുതൽ ശാസ്ത്രീയവിവരങ്ങൾ കിട്ടാൻ കാത്തിരിക്കുകയാണ് പൊലീസ്.

കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മരിച്ച മലയാളി യുവാക്കളുടെ മൃതദേഹങ്ങൾ ഇന്നു നാട്ടിലേക്കു കൊണ്ടുപോകും. ക്രിസ്മസ് ദിനത്തിൽ പുലർച്ചെ നടന്ന ദുരന്തം മലയാളി സമൂഹം ഞെട്ടലോടെയാണ് കേട്ടത്. ദുബായ് ഗ്രീൻസ് ഗാർഡൻസ് വില്ല 336ൽ താമസിക്കുന്ന തിരുവനന്തപുരം കവടിയാർ കേശവസദനത്തിൽ ആനന്ദ് കുമാർ (നന്ദു), രാജേശ്വരി(രാജി) ദമ്പതികളുടെ മകൻ ശരത് കുമാർ (21), ഗ്രീൻസ് ഗാർഡൻസിൽ തന്നെ താമസിക്കുന്ന തൊടുപുഴ ആനക്കൂട് സ്വദേശി കൃഷ്ണകുമാറിന്റെ മകൻ രോഹിത് കൃഷ്ണകുമാർ (19) എന്നിവരാണ് ഇന്നലെ അപകടത്തിൽ മരിച്ചത്.

ഇന്നലെ പുലർച്ചെ ഇരുവരുടെയും വീടിന് ഒരു കിലോമീറ്റർ സമീപത്താണ് അപകടമുണ്ടായത്. റോഡിന്റെ തിട്ടയിൽ ഇടിച്ച് ഉയർന്ന കാർ പതിനഞ്ച് മീറ്ററോളം അകലെയുള്ള മരത്തിൽ ഇടിച്ച് തകരുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഇരുവരും മരിച്ചു. കാർ പൊളിച്ചാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. ശരത്താണ് കാർ ഓടിച്ചിരുന്നത്. ഇരുവരുടെയും കഴുത്തിന്റെ ഭാഗത്താണ് ആഴത്തിൽ ക്ഷതമുണ്ടായത്. കാർ അമിത വേഗത്തിലായിരുന്നെന്നാണു പൊലീസ് റിപ്പോർട്ട്.

ദുബായ് ഡിപിഎസ് സ്കൂളിലെ പഠന കാലം മുതൽ സുഹൃത്തുക്കളായ ഇരുവരും മരണത്തിലും ഒന്നിച്ചു. ശരത് അമേരിക്കയിലെ ബോസ്റ്റൺ യൂണിവഴ്സിറ്റിയിലും രോഹിത് യുകെയിലെ മാഞ്ചസ്റ്റർ യൂണിവഴ്സിറ്റിയിലും ഉന്നത വിദ്യാഭ്യാസം ചെയ്യുകയായിരുന്നു. ഇരുവരും അവധിക്ക് ദുബായിൽ എത്തിയതാണ്. സൃഹൃത്തുക്കളായ മറ്റ് രണ്ടുപേരെയും കണ്ട ശേഷം എല്ലാവരും ഡിസ്കവറി ഗാർഡൻസിൽ നിന്ന് ആഹാരവും കഴിച്ചു. ഒരു സൃഹൃത്ത് സ്വന്തം കാറിൽ വീട്ടിലേക്ക് പോയതിനെ തുടർന്ന് മറ്റ് മൂന്നുപേരും കാറിൽ ഗാർഡൻസിലേക്കു പുറപ്പെടുകയായിരുന്നു. ഒരാളെക്കൂടി വീട്ടിൽ എത്തിച്ച ശേഷം രോഹിതിനെ വീട്ടിലാക്കാൻ പോകുമ്പോഴായിരുന്നു അപകടം. പുലർച്ചെ മൂന്നോടെയാണ് അപകടം ഉണ്ടായതെങ്കിലും വീട്ടുകാർ വിവരം അറിഞ്ഞത് രാവിലെ എട്ടിനു ശേഷമാണ്. മക്കൾ കൂട്ടുകാരന്റെ വീട്ടിൽ ഉറങ്ങുകയാകുമെന്നാണ് ഇരുവീട്ടുകാരും കരുതി.

ഇരു കൂട്ടുകാരും ഇന്ന് കേരളത്തിലേക്കു പോകാൻ ടിക്കറ്റും ബുക്കു ചെയ്തിരുന്നതാണ്. എന്നാൽ വീടുകൾക്ക് വെറും ഒരുകിലോ മീറ്റർ അകലെ വച്ച് ഇരുവരെയും മരണം കവർന്നു. പഠനത്തില്‍ സമർഥരായിരുന്ന ഇരുവരെയും കുറിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പറയാൻ നല്ലതു മാത്രം. വ്യവസായിയായ ആനന്ദ് കുമാറിന്റെ ഏക മകനാണ് ശരത്. കൃഷ്ണകുമാറിന്റെ രണ്ടു മക്കളിൽ ഇളയ ആളാണ് രോഹിത്. ഇന്ന് നാട്ടിലെത്തി നാളെ തന്റെ മകനൊപ്പം ശബരിമലയിൽ പോകാനിരിക്കുകയായിരുന്നെന്നും മരണവാർത്ത വിശ്വസിക്കാനായില്ലെന്നും തിരുവനന്തപുരം കെബിപിൽ ഉദ്യോഗസ്ഥനും ആനന്ദ്കുമാറിന്റെ ബന്ധുവുമായ സൂരജ് പറഞ്ഞു.

ഇന്നലെ രാത്രി തന്നെ ആനന്ദ് തിരുവനന്തപുരത്ത് നിന്ന് ദുബായിലെത്തി. ഇന്ന് വൈകിട്ട് നാലിന് എംബാമിങിന് ശേഷം ശരത്തിന്റെ മൃതദേഹം രാത്രി ഒൻപതിന് എമിറേറ്റ്സ് വിമാനത്തിൽ തിരുവനന്തപുരത്തേക്കു കൊണ്ടുപോകും. രോഹിതിന്റെ മൃതദേഹം കൊച്ചിയിലേക്കും കൊണ്ടുപോകും. ശരത്തിന്റെ സംസ്കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ എംബാമിങ് പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

ഗ്രീൻസിലെ വില്ലയിൽ രാജിക്കൊപ്പം താമസിക്കുന്ന രാജിയുടെ മാതാവിനെ ചെറുമകന്റെ മരണ വിവരം ഇന്നലെ അറിയിച്ചിരുന്നില്ല. ഇന്നു രാവിലെ അറിയിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് ബന്ധുക്കൾ. മുത്തശ്ശിയും ചെറുമകനും തമ്മിൽ നല്ല ആത്മബന്ധമായിരുന്നു.

തിരുവനന്തപുരം ∙ മോട്ടർ വാഹന ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടാതെയും ഹെൽമറ്റ് ധരിക്കാതെയും വാഹനം ഓടിച്ച ശേഷം വീട്ടിലെത്തുമ്പോൾ പരിശോധനയിൽ നിന്നു രക്ഷപ്പെട്ടു എന്ന് ആശ്വസിക്കാൻ വരട്ടെ. നിയമലംഘനം കണ്ടെത്തിയ മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ് വീട്ടിലെത്തിയേക്കും. ദേശീയ, സംസ്ഥാന പാതകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളാണു വകുപ്പിന്റെ മൂന്നാം കണ്ണായി പ്രവർത്തിക്കുന്നത്.

ഇവയിൽ പതിയുന്ന ചിത്രങ്ങളിൽ നിന്നു ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തി, വാഹന റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഉടമയ്ക്കു നോട്ടിസ് അയയ്ക്കുകയാണു വകുപ്പ്. ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന ചിത്രം അടക്കമുള്ള നോട്ടിസുകളാണ് ഉടമകൾക്ക് അയച്ചു നൽകുന്നത്. നോട്ടിസ് ലഭിച്ച് 15 ദിവസത്തിന് അകം 500 രൂപ പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരും.

പിഴ അടയ്ക്കാത്തവരുടെ വാഹനങ്ങളെ സംബന്ധിച്ച സേവനങ്ങൾ വാഹൻ സോഫ്റ്റ്‌വെയർ വഴി തടയും. ക്യാമറകളിൽ പതിയുന്ന ചിത്രങ്ങൾ വകുപ്പിന്റെ എറണാകുളത്തെ കൺട്രോൾ റൂം വഴി ശേഖരിച്ചാണു നോട്ടിസുകൾ അയയ്ക്കുന്നത്. ഇതിനു പുറമെ ഉദ്യോഗസ്ഥർ സ്വന്തം ക്യാമറകളിൽ പകർത്തുന്നതും ഇമെയിൽ, വാട്സാപ് മുഖേന പൊതുജനങ്ങൾ അയയ്ക്കുന്നതുമായ മോട്ടർവാഹന ലംഘനങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും അതത് ആർടിഒമാർ ശേഖരിച്ചു നോട്ടിസ് അയയ്ക്കുന്നുണ്ട്. വകുപ്പിന്റെ ഓഫിസുകളിൽ നേരിട്ടോ ഓൺലൈൻ ആയോ പിഴ അടയ്ക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും അടയ്ക്കാൻ സൗകര്യമുണ്ട്.

ചെറുകിട ഇടത്തരം വ്യവസായ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയേക്കുന്ന മികച്ച വനിതാ സംരംഭകക്കുള്ള ജില്ലാതല അവാർഡ് കമേലിയ ഗാർമെൻറ്സ് ഉടമ ശ്രീമതി ബിന്ദു സജിക്ക് ലഭിച്ചിരിക്കുന്നു… 2019 ഡിസംബർ 11നു വൈകിട്ട് 4.30നു തിരുവനന്തപുരം മസ്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ബഹു. വ്യവസായ, വാണിജ്യ മന്ത്രി ശ്രീ. ഇ. പി. ജയരാജൻ അവാർഡ് വിതരണം നിർവഹിച്ചു.

അഡ്വ .പി . എസ്. ശ്രീധരൻപിള്ള , മിസോറാം ഗവർണർ

ക്രിസ്തുമസിനോട് അനുബന്ധമായുള്ള ഓർമ്മകൾ തുടങ്ങുന്നത് എന്റെ ഗ്രാമമായ വെണ്മണിയിൽ നിന്നാണ്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും ഇടകലർന്നു ജീവിക്കുന്ന എൻെറ നാട്ടിൽ സ്വാഭാവികമായും ക്രിസ്തുമസിനോട് ബന്ധപ്പെട്ടിട്ടുള്ള ആഘോഷങ്ങളിൽ എല്ലാവരും വളരെ സജീവമായിരുന്നു.വെണ്മണിയിൽ വൈ എം സി എ തുടങ്ങിയ കാലം തൊട്ടുള്ള ക്രിസ്തുമസ് പരിപാടികളിൽ ഞാൻ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ബന്ധങ്ങളിലൂടെയാണ് ക്രിസ്തുവിനെ കുറിച്ചും ക്രിസ്തുമസ്സിനെക്കുറിച്ചുമുള്ള ആശയങ്ങൾ ചെറിയ പ്രായത്തിൽ തന്നെ എന്നിലേയ്ക്ക് സന്നിവേശിക്കപ്പെട്ടത്. പിന്നീട് കൂടുതൽ പ്രായമായപ്പോൾ ക്രിസ്തുമസിന്റെ സന്ദേശങ്ങൾ സാമൂഹിക തലത്തിലൂള്ള ചിന്തകൾ എന്നിലേയ്ക്ക് കടന്നു വരുവാൻ കാരണമായി.

ജീസസ് ക്രൈസ്റ്റ് ദൈവപുത്രനാണ് എന്ന വിശ്വാസത്തിലാണ് ക്രിസ്തീയ വിശ്വാസം തന്നെ ഉണ്ടായിട്ടുള്ളത്. രമ്യഹർമ്മങ്ങളിലോ രാജകൊട്ടാരത്തിലോ അല്ല മറിച്ച് എളിമയുടെ പ്രതീകമായ കാലിത്തൊഴുത്തിലെ പുൽക്കൂട്ടിലാണ് ക്രിസ്തു ജനിച്ചത്. അതുകൊണ്ടുതന്നെ ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്നാമതായി സ്നേഹം. സ്നേഹമാണ് ദൈവം എന്ന മഹത്തായ സന്ദേശം. രണ്ടാമതായി ദയയാണ്. മനുഷ്യരോടും സഹജീവികളോടും ഉള്ള ദയ. മൂന്നാമതായി സമാധാനം. ഈ മൂന്നു മഹത്തായ സന്ദേശങ്ങളാണ് ക്രിസ്തുവിന്റെ തിരുപ്പിറവിയോടു കൂടി ലോകത്തിന് ലഭിച്ചത്.

ലോകത്തിലെ അറിയപ്പെടുന്ന എല്ലാ മതങ്ങളെയും സ്വീകരിക്കുകയും അവയ്ക്ക് വളരാനും വികസിക്കാനും അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്ത പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. നമ്മുടെ അടിസ്ഥാനപരമായ സങ്കല്പം തന്നെ സർവ്വ ധർമ്മ സമഭാവമാണ്. മതേതരത്വം എന്ന സങ്കല്പം ഭരണഘടനയിൽ വരുന്നതിന് വളരെ മുൻപ് തന്നെ യുഗയുഗാന്തരങ്ങളായി ഈ സമഭാവനയിൽ രൂപപ്പെട്ട നാടാണ് നമ്മുടേത്. എല്ലാ മതങ്ങളുടെയും നല്ല വശങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ നമ്മൾക്ക് കഴിയണം.

ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന് പറയുമ്പോൾ വിശ്വത്തിന് മുഴുവൻ സമാധാനം എന്ന വിശ്വമാനവികതയുടെ മഹത്തായ സന്ദേശമാണ് ക്രിസ്തുമസ് നൽകുന്നത്. വളരെ മുൻപുതന്നെ ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള പല പരിപാടികളിലും ക്രിസ്മസ് സന്ദേശങ്ങൾ ഞാൻ നൽകിയിട്ടുണ്ട്. ഞാൻ പഠിച്ച എം. റ്റി .എച്ച് .എസ്. മാർത്തോമാ ഹൈസ്കൂളിൽ തന്നെ ക്രിസ്മസ് പരിപാടികളിൽ പ്രസംഗിച്ചിട്ടുണ്ട്.അപ്പോഴെല്ലാം പരസ്പര സൗഹാർദ്ദത്തിന്റെയും സ്നേഹത്തിൻെറയും അനുരണനങ്ങളാണ് എന്റെ മനസ്സിൽ നിറയുന്നത് .

ആത്യന്തികമായി സത്യം ഒന്നാണ്. ആ സത്യത്തിലേക്ക് വ്യത്യസ്ത വഴികളിലൂടെ നമ്മൾ യാത്ര ചെയ്യുന്നു. ഈ ഒരു കാഴ്ചപ്പാടിലാണ് ഭാരതീയ ആത്മീയ ജീവിതം തന്നെ ഉള്ളത്. അതു കൊണ്ടു തന്നെ ക്രിസ്തു ജീവിതത്തിന്റെ നന്മ സ്വാംശീകരിക്കാനുള്ള അവസരമാണ് ക്രിസ്തുമസ്.

നമ്മുടെ രാജ്യം വലിയ പുരോഗതിയിലേയ്ക്ക് എത്തിച്ചേരാൻ ഒരു മനസ്സോടെ ഏകോദര സോദരരായി പ്രവർത്തിക്കാം. അതിൽ പരസ്പര വിശ്വാസവും സ്നേഹവും ഉണ്ടാകണം. കൂടുതൽ കരുത്തോടെ 2020 ൽ ഭാരതത്തിന് മുന്നോട്ടുപോകാൻ ക്രിസ്തുമസും പുതുവത്സരവും സഹായകമാകട്ടെ എന്ന പ്രാർത്ഥനയും ആശംസയും ആണ് എനിക്കുള്ളത്.

വളരെ സന്തോഷത്തോടും പ്രാധാന്യത്തോടും ക്രിസ്തുമസ്സ് ആഘോഷിക്കുന്ന സമൂഹമാണ് മിസോറാമിൽ ഉള്ളത്.ക്രിസ്തുമസ്സിനോടനുബന്ധിച്ച് അഞ്ചു പൊതുഅവധികൾ തന്നെ മിസോറമിലുണ്ട് . ഏതാണ്ട് രണ്ടാഴ്ചക്കാലത്തോളം എല്ലാവരും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും തിരക്കിലായിരിയ്ക്കും . മിസോറാം രാജ്യഭവനിൽ തൊണ്ണൂറ് സ്റ്റാഫ് അംഗങ്ങളാണ് ഉള്ളത് .രാജ്യ ഭവനിലെ എല്ലാവർക്കും സമ്മാനങ്ങളും മധുരവും നൽകി ക്രിസ്തുമസ് ആഘോഷം ഞാൻ നടത്തിയിരുന്നു . എല്ലാവർക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ.

മിസോറാം ഗവർണറായി അഡ്വ .പി . എസ്. ശ്രീധരൻപിള്ള സത്യപ്രതിജ്ഞ ചെയുന്നു .

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

കള്ളപ്പണം തടയുന്നതിന് ലക്ഷ്യമിട്ട നോട്ടുനിരോധനം കൊണ്ട് അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അമ്മ മക്കൾ മുന്നേട്ര കഴകം ജനറൽ സെക്രട്ടറിയുമായ വി.കെ.ശശികല കോടികൾ സമ്പാദിച്ചതായി ആദായ നികുതി വകുപ്പ്. വിശദമായ അന്വേഷണത്തിനു ശേഷം മദ്രാസ് ഹൈക്കോടതിയിൽ ആദായ നികുതി വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിലാണ് റദ്ദാക്കിയ നോട്ടുകൾ ശശികല എന്തിനുവേണ്ടി ഉപയോഗിച്ചു എന്ന് വ്യക്തമാക്കുന്നത്. ഈ പണം ഉപയോഗിച്ച് വിവിധ മേഖലകളിലാണ് നിരവധി സ്ഥാപനങ്ങൾ സ്വന്തമാക്കുകയാണ് ശശികല ചെയ്തത്. രണ്ട് ഷോപ്പിങ് മാളുകൾ, ഒരു സോഫ്റ്റ്‌വെയർ കമ്പനി, ഷുഗർ മിൽ, റിസോർട്ട്, പേപ്പർ മിൽ, 20 കാറ്റാടിപാടങ്ങൾ തുടങ്ങിയവ ഇത്തരത്തിൽ ശശികല സ്വന്തമാക്കിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

രണ്ട് വർഷങ്ങൾക്കു മുൻപ് ശശികലയുടെ അടുത്ത ബന്ധുവിന്റെയും അഭിഭാഷകന്റെയും വീടുകളിൽ നടന്ന റെയിഡിലാണ് ശശികല അനധികൃതമായി നടത്തിയ ഇടപാടുകളുടെ വിവരങ്ങൾ ആദായ നികുതി വകുപ്പിന് ലഭിക്കുന്നത്. അന്വേഷണം ശശികലയ്ക്കു നേരെ തിരിയുമെന്ന് ഉറപ്പായതോടെ രേഖകൾ ഇവർ നശിപ്പിച്ചിരുന്നു. എന്നാൽ കത്തിക്കുന്നതിന് മുൻപായി രേഖകളുടെ ഫോട്ടോകൾ ഫോണുപയോഗിച്ച് എടുത്തതാണ് തെളിവായത്. ബന്ധുവിന്റെ ഫോണിൽ നിന്നും ഉദ്യോഗസ്ഥർ ഇത് വീണ്ടെടുക്കുകയായിരുന്നു. വ്യവസായികളുടെ പേരും തുകയും അടങ്ങിയ ലിസ്റ്റും കണ്ടെടുത്തു. ബിനാമി പേരിലുള്ള ശശികലയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്.

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച കലാ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ രാജ്യസ്‌നേഹമില്ലാത്തവരാണെന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ പ്രസ്താവനക്കെതിരെ രൂക്ഷപ്രതികരണവുമായി സംവിധായകന്‍ കമല്‍.

ഞങ്ങളുടെയൊക്കെ രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബി.ജെ.പിക്കാരുടെ കയ്യിലാണോയെന്നും രാജ്യസ്‌നേഹം അളക്കാനുള്ള മീറ്ററുമായിട്ടാണോ കുമ്മനം രാജശേഖരന്‍ നടക്കുന്നത് എന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു കമല്‍ പ്രതികരിച്ചത്.

സിനിമാക്കാരുടെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരുടേയും ദേശസ്‌നേഹം കാപട്യമാണെന്നും അവര്‍ക്ക് ഈ നാടിനോടുള്ള കൂറ് എന്ന് പറയുന്നത് വെറും അഭിനയം മാത്രമാണെന്നുമായിരുന്നു കുമ്മനം പറഞ്ഞത്.

”നിങ്ങള്‍ സിനിമയിലൊക്കെ അഭിനയിക്കും. ഇപ്പോള്‍ കുറേ ആളുകള്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ഇന്നലെ എറണാകുളത്ത് പ്രകടനം നടത്തിയ വലിയ വലിയ സാംസ്‌ക്കാരിക നായകന്‍മാരും കലാകാരന്‍മാരും ഒക്കെയുണ്ട്. നിങ്ങള്‍ക്ക് ആരോടാണ് പ്രതിബദ്ധത? നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത്. നിങ്ങള്‍ ഈ നാട്ടില്‍ അഴിച്ചുവിടുന്ന പച്ചക്കള്ളം മൂലം നാട്ടിലുണ്ടാക്കുന്ന ദുരിതവും ദുരന്തവും മനസിലാക്കുന്നില്ലേ? അതുകൊണ്ട് വസ്തുനിഷ്ഠാപരമായ സമീപനമാണ് ആവശ്യം. ”- എന്നായിരുന്നു കുമ്മനം പറഞ്ഞത്.

എന്നാല്‍ കുമ്മനത്തിന്റെ പ്രസ്താവനക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് കമല്‍ നടത്തിയത്. ബി.ജെ.പി നേതാവാണെന്ന് പറഞ്ഞ് ഇത്തരം വിടുവായത്തം പറയുന്നത് ശരിയല്ലെന്നാണ് കുമ്മനത്തോട് പറയാനുള്ളതെന്ന് കമല്‍ വിശദീകരിച്ചു.

”ഞങ്ങള്‍ ഈ നാട്ടിലെ പൗരന്മാരാണെന്റെ സാറേ. സിനിമാക്കാര്‍ വേറെ ഏതെങ്കിലും നാട്ടില്‍ നിന്ന് വന്നവരാണോ? കുമ്മനം രാജശേഖരന്‍ അത് മനസിലാക്കണം. ഇന്ത്യ മുഴുവന്‍ പ്രതിഷേധിക്കുകയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്ലാവരും തെരുവിലിറങ്ങുകയും ചെയ്യുമ്പോള്‍ സിനിമാക്കാര്‍ എന്ന രീതിയില്‍ ഞങ്ങളെ വേറൊരു രാജ്യത്തെ ആള്‍ക്കാരായി കണക്കാക്കുന്നത് ശരിയല്ല.

കുറേനാളായി പാക്കിസ്ഥാനിലേക്ക് പോ ചന്ദ്രനിലേക്ക് പോ എന്നൊക്കെ പറഞ്ഞ് ഇവര്‍ തുടങ്ങിയിട്ട്. ഇതൊക്കെ കുമ്മനം രാജശേഖരന്‍ അയാളുടെ വേറെ ഏതെങ്കിലും വേദിയില്‍ പറഞ്ഞാല്‍ മതി. ഞങ്ങളുടെ അടുത്ത് പറയണ്ട. കലാകാരന്‍മാരുടെ അടുത്ത് കളിക്കണ്ട. അതാണ് പറയാനുള്ളത്.

ഇന്‍കം ടാക്‌സ് റെയ്ഡ് നടന്നാല്‍ അത് രാഷ്ട്രീയപകപോക്കലായി കണീരൊഴുക്കുക്കരുതെന്ന് ഭീഷണിമുഴക്കിയ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരുടെ ഭീഷണിക്കെതിരെയും കമല്‍ രംഗത്തെത്തി.

സന്ദീപ് വാര്യര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോ ഇന്ത്യയിലെ ഇന്‍കം ടാക്‌സ് കമ്മീഷണറോ അല്ലല്ലോയെന്നും ഞങ്ങള്‍ ഇന്‍കം ടാക്‌സ് അടക്കുന്നുണ്ടോ ഇല്ലയോ എന്ന് അദ്ദേഹമല്ല തീരുമാനിക്കുന്നതെന്നുമായിരുന്നു കമലിന്റെ മറുപടി. ഇത്തരം രീതിയിലുള്ള ഭീഷണികളാണല്ലോ കുറേകാലമായി അവര്‍ നടത്തുന്നത്. ഞങ്ങള്‍ രാജ്യസ്‌നേഹമില്ലാത്തവരാണ് നികുതി വെട്ടിപ്പിക്കുന്നതാണ് എന്നെല്ലാമാണ് പറയുന്നത്.

ഇന്ത്യ മുഴുവന്‍ പ്രതിഷേധം നടക്കുന്നു. വിദ്യാര്‍ത്ഥികളും രാഷ്ട്രീയം ഉള്ളവരും ഇല്ലാത്തവരുംഎല്ലാം പ്രതിഷേധിക്കുന്നു. പിന്നെ കലാകാരന്‍മാരും സിനിമാക്കാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും പ്രതിഷേധിക്കുമ്പോള്‍ മാത്രം ഇവര്‍ക്കെന്താണ് ഇത്രയും കലിപ്പ്.

ഇവര്‍ ഭയപ്പെടുന്നത് ഞങ്ങളെപ്പോലുള്ള കലാകാരന്‍മാരേയും എഴുത്തുകാരേയും ബുദ്ധിജീവികളേയും ഒക്കെത്തന്നെയാണ്. അതാണ് സത്യം. അതുകൊണ്ടാണ് അടൂര്‍ ഗോപാലകൃഷ്ണനോട് ചന്ദ്രനില്‍ പോകാന്‍ പറഞ്ഞത്. അതുകൊണ്ടാണ് രാമചന്ദ്ര ഗുഹയെപ്പോലുള്ളവരെ പിടിച്ച് അകത്തിടുന്നത്.

അര്‍ബന്‍ നക്‌സലൈറ്റ് എന്ന് പറഞ്ഞ് മുദ്രകുത്താന്‍ ഇവര്‍ക്ക് എളുപ്പമാണല്ലോ. ഇതൊന്നും നടക്കാന്‍ പോകുന്നില്ല. ഞങ്ങളും ഇന്ത്യയിലെ പൗരന്മാരാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുമുണ്ടെന്ന് മനസിലാക്കിയാല്‍ മതി- കമല്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാന്‍ ഉത്തര്‍പ്രദേശിലെ മീററ്റിലേക്കു പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് തടഞ്ഞു. മീററ്റില്‍ പ്രവേശിക്കുന്നതിനു തൊട്ടുമുന്‍പാണ് ഇരുവരും സഞ്ചരിച്ച കാര്‍ പൊലീസ് തടഞ്ഞത്.

മൂന്നുപേരുടെ സംഘമായി തങ്ങള്‍ പൊയ്‌ക്കൊള്ളാമെന്ന് ഇരുവരും പറഞ്ഞെങ്കിലും പൊലീസ് അനുവദിച്ചില്ല. പ്രിയങ്കയും രാഹുലും പ്രമോദ് തിവാരിയും മാത്രമേ പോകൂവെന്നും ഇത് നിരോധനാജ്ഞയുടെ ലംഘനമല്ലെന്നും അവര്‍ പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഇതുസംബന്ധിച്ച വീഡിയോ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുറത്തുവിട്ടു.

നിങ്ങളുടെ കൈയില്‍ എന്തെങ്കിലും ഉത്തരവുണ്ടോ എന്നു ചോദിച്ചെങ്കിലും അങ്ങനൊന്ന് പൊലീസ് കാണിച്ചില്ലെന്നും തങ്ങളോടു തിരികെപ്പോകാന്‍ മാത്രമാണു പറഞ്ഞതെന്നും രാഹുല്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ട്വീറ്റ് ചെയ്ത വീഡിയോയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.ഉത്തര്‍പ്രദേശ് പൊലീസ് നടത്തിയ വെടിവെപ്പില്‍ പതിനഞ്ചോളം ആളുകളാണ് കൊല്ലപ്പെട്ടത്. അതിനിടെ തങ്ങള്‍ ഒരു വെടിയുണ്ട പോലും ഉതിര്‍ത്തിട്ടില്ലെന്ന ഉത്തര്‍പ്രദേശ് ഡി.ജി.പിയുടെ വാദം പൊളിച്ച് ബിജ്നോര്‍ പൊലീസ് മേധാവി നേരത്തേ രംഗത്തെത്തിയിരുന്നു

വെള്ളിയാഴ്ച ഉത്തര്‍പ്രദേശില്‍ ഏറ്റവുമധികം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട സ്ഥലം ബിജ്‌നോറായിരുന്നു. തങ്ങള്‍ സ്വയരക്ഷാര്‍ഥം ഇരുപതുകാരനായ സുലേമാനു നേര്‍ക്കു വെടിയുതിര്‍ത്തെന്നും ബിജ്‌നോര്‍ പൊലീസ് മേധാവി പറഞ്ഞു. സുലേമാന്‍ പിന്നീട് മരിച്ചിരുന്നു.അനീസ് എന്നയാളും തങ്ങള്‍ നടത്തിയ വെടിവെപ്പിലാണു കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ശനിയാഴ്ച കാണ്‍പുരില്‍ രണ്ടുപേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തില്ലെന്ന അവകാശവാദവുമായി ഡി.ജി.പി ഒ.പി സിങ് രംഗത്തെത്തിയത്.

അതിനിടെ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ പ്രതിഷേധക്കാര്‍ക്കു നേരെ വ്യാപക അക്രമമാണ് ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.ഇവിടെ ഇരുന്നൂറോളം വാഹനങ്ങളും രണ്ട് മുസ്ലിം പള്ളികളും നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.പൊലീസിനൊപ്പം ആര്‍.എസ്.എസ് പ്രവര്‍ത്തകരും ബി.ജെ.പി എം.പിയും അക്രമത്തിനു നേതൃത്വം കൊടുക്കുന്നതായി ആരോപണമുണ്ട്. കഴിഞ്ഞദിവസമുണ്ടായ പൊലീസ് വെടിവെപ്പില്‍ ഇവിടെ കൊല്ലപ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളാണ്. ഇവരുടെ തലയ്ക്കു വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

RECENT POSTS
Copyright © . All rights reserved